Thursday, July 26, 2018

ഫ്രാന്‍സിസ് ഇട്ടിക്കോര.................. ടി ഡി രാമകൃഷ്ണന്‍


ഫ്രാന്‍സിസ് ഇട്ടിക്കോര(നോവല്‍)
ടി ഡി രാമകൃഷ്ണന്‍
ഡി സി ബുക്സ്
 വില:340 രൂപ 

   ചരിത്രത്തെ സമകാലിക സംഭവങ്ങളില്‍ കൂട്ടിച്ചേര്‍ത്ത് രചിക്കുന്ന രചനകള്‍ പലപ്പോഴും ഫിക്ഷന്‍ എന്ന ലേബലില്‍ ചാര്‍ത്തി തരുന്ന ഒന്നാന്തരം അസഭ്യങ്ങള്‍ ആകുന്നതു വായനക്കാരുടെ രസനാമുകുളങ്ങളെ ബാധിക്കാറുണ്ട് . കേവലം വായനയില്‍ നിന്നും മാറി നിന്നുകൊണ്ട് മിത്തിലോ സത്യത്തിലോ വിശ്വസിക്കണോ വേണ്ടയോ എന്നൊക്കെ ഒരു പരവേശം വായനക്കാരനെ വീര്‍പ്പുമുട്ടിക്കും . ചിലപ്പോള്‍ ഭ്രാന്തിന്റെ അതിപ്രസരത്താല്‍ അവനു സ്ഥലകാലബോധം നഷ്ടമായേക്കാം . എഴുത്തുകാരന്റെ ഭാവനകള്‍ കാടുകയറുമ്പോള്‍ അവനിലെ ആവിഷ്കാര സ്വാതന്ത്ര്യം ചിറകു വിടര്‍ത്തുമ്പോള്‍ എന്തും എഴുതാം എന്നൊരു കരുത്ത് അവനില്‍ എത്തിച്ചേരും . പലപ്പോഴും അത് ജീവിതത്തില്‍ ഓരോ വായനക്കാരനും കാണുക സ്വന്തം അനുഭവങ്ങളോ ചിന്തകളോ വികാരങ്ങളോ കൂട്ടുപിണഞ്ഞ ഒരു കാഴ്ചയായി ആകും . അതില്‍ നിന്നുകൊണ്ട് അവന്‍ ചിന്തിക്കുമ്പോള്‍ എഴുത്തുകാരന്റെ മനസ്സിനെ, അവന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിന്നും വേറിട്ട്‌ കാണുകയും വായന എഴുത്തുകാരനില്‍ കേന്ദ്രീകരിച്ചു അവനില്‍ നിലയര്‍പ്പിച്ചു വായിക്കുകയും ചെയ്യുന്ന ഒന്നാകും . എഴുത്തില്‍ എഴുത്തുകാരനെ കാണുന്ന ഈ അവസ്ഥയാണ് ഇന്നത്തെ കാലത്ത് ഫാസിസം എന്നൊരു മേലങ്കി അണിഞ്ഞു വായനക്കാരും കാള പെറ്റെന്നു കേട്ടു കയറെടുക്കാന്‍ ഓടുന്നവരും അനുവര്‍ത്തിക്കുന്നത് . ഫലത്തില്‍ ദുര്‍ബ്ബലനായ എഴുത്തുകാരന്‍ തന്റെ പേന വലിച്ചെറിഞ്ഞു ഇനിയില്ല എന്നാര്‍ത്ത് തന്നിലേക്ക് ഉള്വളിയും . 
   ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ എന്ത് വികാരം ആണ് ഉണ്ടായത് എന്ന് പറയുന്നതിന് മുന്‍പ് എന്താണ് ആ നോവല്‍ പങ്കു വയ്ക്കുന്നത് എന്നൊന്ന് ഓടിച്ചു നോക്കുന്നത് നല്ലതാകും എന്ന് കരുതുന്നു . ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ എങ്ങോ ജീവിച്ചിരുന്ന ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യ ഗണിത ശാസ്ത്ര വിശാരദയായ സ്ത്രീയാണ് ഹൈപ്പെഷ്യ. ഗണിത ശാസ്ത്രജ്ഞ ആയിരുന്ന അവരെ അന്നത്തെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളും ചുറ്റുപാടുകളും മതവും വളരെ ക്രൂരമായി കൈകാര്യം ചെയ്യുകയും കൊലചെയ്യുകയുമാണുണ്ടായത് എന്ന് മനസ്സിലാക്കാം . ഓടിന്റെ കഷണങ്ങളും കക്ക ഇറച്ചിയുടെ തോടും കൊണ്ട് അവളുടെ നഗ്ന ശരീരത്തിലെ മാംസം എല്ലില്‍ നിന്നും തോണ്ടി എടുത്തു തീയില്‍ ഇട്ടു കത്തിച്ചു ഒരു ജനത മുഴുവന്‍ ചേര്‍ന്ന് പള്ളിക്കുള്ളില്‍ വച്ച് എന്ന് വായിക്കുമ്പോള്‍ മനസ്സിലാകും കത്തോലിക്ക സഭയുടെ ആധിപത്യം എത്ര കണ്ടു ക്രൂരവും പൈശാചികവുമായിരുന്നു മത നിഷേധികള്‍ക്ക് നേരെ എടുത്ത നിലപാടുകള്‍ എന്ന് . ഈ ഹൈപ്പെഷ്യ എന്ന വനിതയെ പതിനാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിന്നും കുരുമുളകുമായി കടല്‍ കടന്നു പോയ ഇട്ടിക്കോര എന്ന വ്യക്തിയുമായി കണക്റ്റ് ചെയ്യുന്ന കഥയാണ് ഈ നോവല്‍ പങ്കു വയ്ക്കുന്നത് . കേരളത്തിലെ വളരെ ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തിയ ഒരു വ്യക്തിയായിരുന്നു ഇട്ടിക്കോര എന്നും ധനികരില്‍ ധനികനായിരുന്നു അദ്ദേഹം എന്നും വായിക്കാം . ഇട്ടിക്കോര ഒരു ഗണിത ശാസ്ത്ര വിശാരദനും കൂടിയാണ് . അയാള്‍ കടല്‍ കടന്നു പോകുകയും പിന്നീട് അയാള്‍ ഹൈപ്പെഷ്യയുടെ ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്ന സംഘടനകളുമായി ചേര്‍ന്ന് അതിനെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു പ്രസ്ഥാനമായി പതിനെട്ടാം കൂറ്റ് എന്ന ഒരു കുടുംബ തലത്തിലേക്ക് വളര്‍ത്തി വലുതാക്കിയ ഒരു സാമ്രാജ്യത്തിന്റെ അപ്പൊസ്തലനും ആകുന്നു . അടിസ്ഥാനപരമായി ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന പതിനാലുമുതല്‍ പതിനെട്ടു വരെയുള്ള കാലഘട്ടം രതിയുടെയും ഭീകരതയുടെയും ഒരു കാലം കൂടിയായിരുന്നു .
   ലൈംഗിക അരാജകത്വം നിലനിന്ന ആ കാലഘട്ടത്തെ അതുപോലെ വരച്ചു കാണിക്കുന്ന നോവല്‍ , ആ കാലഘട്ടത്തെ ഇന്നും സംസ്കാരമായി കൊണ്ട് നടക്കുന്ന കോര കുടുംബത്തെ അവതരിപ്പിക്കുന്നു . ലൈംഗികതയുടെ ഭീഭത്സമായ കാഴ്ചകള്‍ ആണ് നോവല്‍ കാണിക്കുന്നത് . മനുഷ്യ മാംസം തിന്നുന്നതും , ക്രൂരമായി മനുഷ്യരെ പീഡിപ്പിക്കുന്നതും ലൈംഗിക ഇരകളെ മൃഗീയമായി ആസ്വദിക്കുന്നതും ഒക്കെ വളരെ വിപുലമായി പറഞ്ഞു പോകുന്ന നോവല്‍ പലപ്പോഴും പമ്മന്റെ നോവലുകളിലെ രതി പ്രസരത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു . രതിയുടെ ഭീകരതയും നരഭോജനവും മാറ്റിനിര്‍ത്തിയാല്‍ എന്തുണ്ട് ഈ നോവല്‍ പങ്കുവയ്ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകും എന്ന് തോന്നുന്നില്ല . ഇതൊരു സങ്കല്പ ലോകമായി കണ്ടാല്‍ പോലും വായനയില്‍ പലപ്പോഴും മനസ്സ് വെറുത്തുപോകുകയും ഓര്‍ക്കാനം വരികയും ചെയ്യുന്ന രീതിയില്‍ വര്‍ണ്ണനകളും വിവരണങ്ങളും നിറഞ്ഞിരുന്നു .
   തീര്‍ച്ചയായും തികഞ്ഞ മനോരോഗിയായ ഒരാള്‍ക്ക് മാത്രമേ ഈ നോവല്‍ ആസ്വദിച്ചു വായിക്കാനും ഇതില്‍ നിന്നും മുത്തും പവിഴവും വേര്‍തിരിച്ചു എടുക്കാനും കഴിയൂ എന്നൊരു ചിന്ത ഉണ്ടായതില്‍  ഒരുപക്ഷെ വായനക്കാരന്റെ ആസ്വാദ്യ ഘടകങ്ങള്‍ ഒരു പങ്കു വഹിക്കുന്നുണ്ടാകം . മനുഷ്യനിലെ ഇരുണ്ട ഭാവന വശങ്ങളെ ടി ഡി രാമകൃഷ്ണന്‍ വളരെ വിശദമായി പ്രതിപാതിക്കുന്ന ഈ നോവല്‍ ഒറ്റ വായന കൊണ്ട് തന്നെ മനസ്സില്‍ നിന്നും ഇറങ്ങി പോകുകയും ഭയം ജനിപ്പിക്കുകയും ചെയ്യുന്നുണ്ട് . ഒറ്റ ഇരുപ്പിന് കാണാമെന്നു വെല്ലുവിളി ഏറ്റെടുത്തു ആന്റി ക്രിസ്റ്റ് എന്ന ചിത്രം കാണാന്‍ ഇരുന്നതും ചില രംഗങ്ങള്‍ കണ്ടു മനസ്സ് തളര്‍ന്നു ക്ലോസ് ചെയ്തു വച്ചതുമായ അനുഭവം മുന്‍പ് ഒരു സിനിമയില്‍ നിന്നും ഉണ്ടായിട്ടുണ്ട് എങ്കില്‍ ഒറ്റ വായന കഴിയാതെ പലപ്പോഴും നിര്‍ത്തി വച്ച് മനസ്സിനെ മറ്റു പലതിലേക്കും കൊണ്ട് പോകേണ്ടി വന്നു ഈ നോവല്‍ വായനയില്‍ .
   കൂടുതല്‍ വായനകള്‍ ഉണ്ടാകട്ടെ എന്ന് മാത്രം ആശംസിച്ചുകൊണ്ട് ബി.ജി.എന്‍ വര്‍ക്കല

Monday, July 23, 2018

കാപ്പിരികളുടെ നാട്ടില്‍...................എസ്.കെ.പൊറ്റക്കാട്


 കാപ്പിരികളുടെ നാട്ടില്‍ (യാത്രാവിവരണം)
എസ്.കെ.പൊറ്റക്കാട്
ഡി സി ബുക്സ്
വില : 100 രൂപ


            ഓരോ സഞ്ചാരിയും ഒരന്വേഷകന്‍ ആണ്. തന്റെ തന്നെ ഭൂതകാലം തേടിയുള്ള , തന്റെ ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്രയിലാണ് അവന്‍ . ഭൂഖണ്ഡങ്ങള്‍ കടന്നു അവന്‍ തന്റെ യാത്രകള്‍ തുടരുന്നു . ഒരര്‍ത്ഥത്തില്‍  മനുഷ്യര്‍ എന്നും സഞ്ചാരികള്‍ ആയിരുന്നു. ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയില്‍ നിന്നും ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക് മുന്നേ അവന്‍ തന്റെ യാത്ര തുടങ്ങിയിരുന്നുവല്ലോ . അതിജീവനത്തിനും സുരക്ഷയ്ക്കും വേണ്ടി തന്റെ പലായനങ്ങള്‍ ഒരു തുടര്‍ച്ച പോലെ അവന്‍ ചെയ്തുകൊണ്ടേയിരുന്നു . ഒപ്പം അവന്‍ ചിലതു പകരുകയും ചെയ്തു. ഓരോ ഇടങ്ങളിലും അവന്‍ അനുയോജ്യമായ അനുകൂലനങ്ങള്‍ കണ്ടും, മിനഞ്ഞും അവനിലെ ജീവിതത്തെ പിടിച്ചു കെട്ടി . സമൂഹങ്ങള്‍ ഉണ്ടായി. സംസ്കാരങ്ങള്‍ ഉണ്ടായി . ഒടുവില്‍ മതവും ദൈവവും ഉണ്ടായി. മനുഷ്യന്‍ ഇന്ന് പലായനം ചെയ്യുന്നത് മതത്തിന്റെ കരാളതയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ആണെന്ന അവസ്ഥയിലേക്ക് മാനവരാശി വന്നെത്തിയിരിക്കുന്നു .
        ചരിത്രം തേടിയുള്ള യാത്രയിലാണ് ഇപ്പോള്‍ ചിലരെങ്കിലും . തങ്ങള്‍ ഉപേക്ഷിച്ചു വന്നതും , തങ്ങള്‍ കാണാതെ പോയതും അറിയാനും അറിയിക്കാനും വേണ്ടിയുള്ള യാത്രകള്‍ . നമുക്ക് നഷ്ടപ്പെട്ട പച്ചപ്പുകളും , നമ്മള്‍ ഉപേക്ഷിച്ചു കളഞ്ഞ നമുക്കിന്നു അപരിഷ്കൃതങ്ങള്‍ ആയ പലതും കണ്ടെത്താന്‍ ഉള്ള യാത്ര . അത്തരം യാത്രകളെ ചിലരെങ്കിലും രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്‌ . അത് സത്യാന്വേഷകന്റെ കടമയാണ് . അത് വരും തലമുറയ്ക്ക് തങ്ങളെ അറിയാന്‍ ഉള്ള ഒരു വഴികാട്ടിയും . അതുകൊണ്ട് തന്നെ യാത്രാവിവരണങ്ങള്‍, സഞ്ചാര സാഹിത്യ ശാഖ മനുഷ്യര്‍ക്ക് എന്നും വളരെ ഉപകാരപ്രദമായ ഒരു നിധിയാണ്‌ . പലപ്പോഴും പക്ഷെ ഇത്തരം യാത്രാ വിവരണങ്ങള്‍ പങ്കു വയ്ക്കുക മതപരമായ സഞ്ചാരങ്ങളും ആകര്‍ഷകമായ ഭക്തിയും ആണ് . ജറുസലേമിലേക്കോ ഹിമാലയത്തിലേക്കോ മക്കയിലേക്കോ ഒക്കെയുള്ള സഞ്ചാരങ്ങളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷങ്ങള്‍ വിവരിക്കുന്നതില്‍ കവിഞ്ഞു ചിലര്‍ക്ക് ആനന്ദം മറ്റൊന്നില്ല തന്നെ . ഇതില്‍ നിന്നും ഘടക വിപരീതമായി ഭൂപ്രദേശങ്ങളുടെ വിശേഷങ്ങളും പ്രത്യേകതകളും, ആചാരങ്ങളും മനുഷ്യപ്രകൃതങ്ങളും നമുക്ക് വിവരിച്ചു തരുന്ന യാത്രാവിവരണങ്ങള്‍ ഇല്ലാതില്ല . അടുത്തിടെ വായിച്ച കെ എ ബീന , സര്‍ഗ്ഗ റോയ് , തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വ്യത്യസ്ഥത ഉള്ളവയായിരുന്നു . ബീന റഷ്യയുടെ കാഴ്ചയെ അടയാളപ്പെടുത്തിയപ്പോള്‍ സര്‍ഗ്ഗ കെനിയ എന്ന ഇരുണ്ട ഭൂഖണ്ഡം അടയാളപ്പെടുത്തി . ഇവയോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് 'എസ് കെ പൊറ്റക്കാട്' എഴുതിയ "കാപ്പിരികളുടെ നാട്ടില്‍" കൂടി  വായിക്കുമ്പോള്‍ ആശ്വാസം തോന്നുക പതിവ് രീതികള്‍ ഒന്നും തന്നെ ഇവിടെങ്ങും ആവര്‍ത്തിച്ചു കണ്ടില്ല എന്നത് തന്നെയാണ് . വൈകിയാണ് പൊറ്റക്കാടിനെ വായിക്കാന്‍ കഴിഞ്ഞത് .  അദ്ദേഹം തന്റെ കാപ്പിരികളുടെ നാട്ടില്‍ എഴുതിയത് ബ്രിട്ടിഷ്കാര്‍ ഇന്ത്യ വിട്ടുപോയ കാലത്തെ സഞ്ചാരത്തെ ആണ് . ആ കാലഘട്ടത്തിലെ ആഫ്രിക്കയെ , ആഫ്രിക്കയുടെ ചില ഭാഗങ്ങളെ അവിടത്തെ കാഴ്ചകളെ വളരെ മനോഹരമായി തന്നെ പറഞ്ഞു പോകുന്നുണ്ട് ഈ പുസ്തകത്തില്‍ .
         വളരെ നയനമാനോഹരമായ ഒരു കാഴ്ച അനുഭവേദ്യമാക്കുന്ന വിക്ടോറിയ വെള്ളച്ചാട്ടവും നൈസ്ലാന്റ്, റോഡേഷ്യ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ സ്വഭാവവും , വേഷവും ഒക്കെ വളരെ കൗതുകമുണര്‍ത്തിയ സംഗതികള്‍ ആണ് . യുവ എന്ന ഗോത്ര വിഭാഗങ്ങള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ലൈംഗിക വിഷങ്ങള്‍ക്ക് ക്ലാസ് നടത്തി അതില്‍ വിജയിക്കുന്നവരെ മാത്രം അംഗീകരിക്കുന്ന വിശേഷങ്ങളും , മുന്‍വരിയിലെ രണ്ടു പല്ലുകള്‍ കരിച്ചു കളയുന്ന ജനതയുടെ ആ വിശ്വാസത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ വിശദീകരിക്കുന്നതും പുതിയ അറിവുകള്‍ ആയിരുന്നു . ഒരാള്‍ മരിച്ചപ്പോള്‍ അയാള്‍ക്ക് ജലം കൊടുക്കാന്‍ വായ തുറക്കാന്‍ കഴിയാതെ പോയതിനാല്‍ ഇനി ആര് മരിച്ചാലും ആ ഒരു ദുര്‍വ്വിധി വരാതിരിക്കാന്‍ വേണ്ടി രണ്ടു പല്ലുകള്‍ കളയുന്നതാണ് എന്ന വിശദീകരണം നിലവില്‍ ഉള്ള പല മതാചാരങ്ങളെയും ഓര്‍മ്മിപ്പിച്ചു . അതുപോലെ കാപ്പിരികളുടെ ഇടയില്‍ അവരെ വഞ്ചിച്ചു പണക്കാരായി , ജന്മികളെ പോലെ ജീവിക്കുന്ന ഇന്ത്യാക്കാരുടെ വിശേഷങ്ങള്‍ കാണാന്‍ കഴിഞ്ഞു . ലോകത്തു എവിടെയും എന്നപോലെ മലയാളികളുടെ സജീവ സാന്നിധ്യം ഇവിടെയും കാണാന്‍ കഴിഞ്ഞു. ആഫ്രിക്കയില്‍ വിവേചനം അനുഭവിക്കുന്ന ഇന്ത്യാക്കാരെ മാത്രം കേട്ടറിഞ്ഞവര്‍ക്ക് ഇത്തരം വായനകള്‍ തങ്ങളുടെ കാഴ്ചപ്പാടിനെ നവീകരിക്കുവാന്‍ ഉപയോഗമാകും എന്ന് കരുതുന്നു .
            കാടിന്റെയും നാടിന്റെയും സംസ്കാരവും വൈവിധ്യവും പറയാന്‍ പക്ഷെ അധികമൊന്നും കഴിഞ്ഞിട്ടില്ല എന്ന ഖേദം വായനയില്‍ ഉണ്ടായി . പലപ്പോഴും അപൂര്‍ണ്ണതയായിരുന്നു വിവരണങ്ങള്‍. ജനജീവിതത്തിനിടയില്‍ ജീവിച്ചു പഴകാതെ , ഒരു ദിവസമോ ഒരു മണിക്കൂറോ ചിലവഴിച്ചു കിട്ടുന്ന വിവരങ്ങളെ പലപ്പോഴും ഉപരിപ്ലവമായ കാഴ്ചകള്‍ ആയി നമുക്ക് കാണേണ്ടി വരും . എങ്കിലും പൊതുവേ ഒരു ജനതയുടെ അടയാളപ്പെടുത്തല്‍ എന്ന രീതിയില്‍ വളരെ നല്ല ഒരു വായന നല്‍കി ഈ പുസ്തകം . പുതിയ നാടുകള്‍ , സംസ്കാരം , ജനത തുടങ്ങിയവ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരം ചെയ്യുന്ന ഒരു പുസ്തകം ആണിത് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Saturday, July 21, 2018

ശീതനിദ്ര...................... കെ. എ. ബീന


ശീതനിദ്ര (കഥകള്‍)
കെ. എ. ബീന
കറന്റ് ബുക്സ്
വില: 70 രൂപ


                             നോവല്‍ വായന പോലെ ലളിതമാകില്ല കഥാസമാഹാരം വായിക്കുക എന്നത് . എന്തുകൊണ്ടെന്നാല്‍ നോവല്‍ ഒരു ജീവിതത്തെ പറഞ്ഞു പോകുന്ന കലാരൂപം ആണെങ്കില്‍ കഥകള്‍ പല ജീവിതങ്ങള്‍ ഒരുകുടക്കീഴില്‍ നില്‍ക്കുന്ന കാഴ്ചയാണ് തരിക. എന്നാല്‍ ഇത്തരം കഥകള്‍ പലപ്പോഴും വിരസതയുടെ വേനല്‍ക്കാഴ്ചകള്‍ നല്കുന്നവയാകും എന്നതുകൊണ്ട്‌ തന്നെ കഥാവായനകള്‍ അലസതയോടെ വായിച്ചു പോകുകയോ പേജ് മറിച്ചു വിടുകയോ ചെയ്തു അരിശം തീര്‍ക്കാന്‍ തോന്നിപ്പോകാറുണ്ട്‌. നല്ല കഥകള്‍ കേള്‍ക്കുക അല്ലെങ്കില്‍ വായിക്കുക എന്നത് മനസ്സിന് ആനന്ദം നല്‍കുന്ന സംഗതിയാണ് . ഓരോ മനുഷ്യനിലും ഒരു കുട്ടി ഒളിഞ്ഞിരിപ്പുണ്ട് . കഥകള്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടി . ആ കുട്ടിയുടെ കൗതുകങ്ങളെ തൊട്ടു തലോടി കടന്നു പോകാന്‍ കഴിയുന്ന എഴുത്തുകള്‍ക്ക് മാത്രമേ മനസ്സില്‍ ഇടം നേടാന്‍ കഴിയാറുമുള്ളൂ.
                  'കെ എ ബീന' എന്ന എഴുത്തുകാരിയുടെ ഭാഷ പലപ്പോഴും വളരെ ലളിതവും മനോഹരവും ഒരു പൂച്ചക്കുഞ്ഞിന്റെ മൃദുത്വവും നല്‍കിയിട്ടുണ്ട് വായനയില്‍ . പക്വതയും മാനുഷികവും ആയ കാഴ്ചപ്പാടുകള്‍ എപ്പോഴും ബീനയുടെ എഴുത്തുകളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . അത് യാത്രാവിവരണങ്ങളില്‍ ആയാലും കഥകളില്‍ ആയാലും ഓര്‍മ്മക്കുറിപ്പുകളില്‍ ആയാലും അനുഭവിക്കാന്‍ കഴിയുന്ന ഒന്നാണ് . "ശീതനിദ്ര" ഇത്തരം മനോഹരഭാഷയുടെ പതിനേഴു കഥകള്‍ ആണ് . 'ശീതനിദ്ര' മുതല്‍ 'ബീ മൊബൈല്‍' വരെയുള്ള ആ കഥകളില്‍ എല്ലാം തന്നെ വീട്ടകങ്ങള്‍ ഉണ്ട് . സ്ത്രീ മനസ്സുണ്ട് . ജീവിതത്തിന്റെ ഭാഷയും സൗന്ദര്യവും ഉണ്ട് . വായനക്കാര്‍ക്കൊരിക്കലും അതൃപ്തിതരാതെ വായനയെ കൂടെ നടത്തിക്കുന്ന ഒരു അദൃശ്യനൂലുണ്ട്‌ കഥകളില്‍ എല്ലാം തന്നെ .
                കമ്യൂണിസത്തിന്റെ തകര്‍ച്ചയും വളര്‍ച്ചയും കാഴ്ചയാകുന്ന റഷ്യന്‍മണ്ണില്‍ ലെനിന്റെ ശവം അവസാനമായി കണ്ടു അതിനെ മറവു ചെയ്യുന്നതിന് എതിരെ വോട്ടു ചെയ്യാന്‍ പെട്ടി തേടുന്ന കറകളഞ്ഞ കമ്യൂണിസ്റ്റ്കാരനായ മലയാളിയില്‍ നിന്നും ഒരേ വീടിന്റെ ഉമ്മറത്തും അടുക്കളയിലും മുറികളിലും അയല്‍ വീടുകളിലും  ആശയവിനിമയത്തിന് മൊബൈല്‍ ഫോണ്‍ കടന്നുവരുന്ന മലയാളിയിലേക്ക് ബീന വായനക്കാരെ കൈ പിടിച്ചു നടത്തുമ്പോള്‍ അതിനാല്‍ തന്നെ ആര്‍ക്കും മുഷിവിന്റെ ഒരു ചെറു പരലുപോലും അവശേഷിക്കില്ല വായനയില്‍ . 'മാനിക്വീന്‍' എന്ന കഥയുടെ ജൈവ രസതന്ത്രത്തില്‍ കുടുംബത്തിനുള്ളില്‍ എരിഞ്ഞു തീരുന്ന ദാമ്പത്യത്തിലെ ഇരുണ്ട വശങ്ങളെ രതിയുടെ ഒട്ടും തന്നെ കടന്നുകയറ്റം ഭാഷകളില്‍ കടത്തിവിടാതെ എത്ര മനോഹരമായി പറയുന്നു എന്നത് ബീന എന്ന എഴുത്തുകാരിയുടെ രചനാവൈഭവമായി കാണണം. 'മൃത്യന്ജയ'ത്തില്‍   സൗഹൃദത്തിന്റെ നനുത്ത നാരുകള്‍ കൊണ്ട് കെട്ടിയ കൂട്ടത്തില്‍ നിന്നൊരാള്‍ പറന്നു പോകുമ്പോള്‍ അയാളുടെ അവസാനത്തെ ആഗ്രഹം നിറവേറ്റുന്ന സുഹൃത്തുക്കള്‍ കണ്ണ് നിറയിക്കുന്ന കാഴ്ച ആയിരുന്നു. അതുപോലെതന്നെ എഴുത്തുകാരി എന്നാല്‍ സമൂഹത്തിനു എന്നും അയിത്തക്കാരിയാണ് എന്ന ചിന്തയുടെ നല്ലൊരു ചിത്രമായിരുന്നു 'വില്‍പ്പത്രം'. അമ്മയുടെ മരണശേഷം സ്വത്തുക്കള്‍ വീതിക്കാന്‍ കാത്തുനിന്ന മക്കള്‍ക്ക് അറിയാന്‍ കഴിയുന്നത് തന്റെ സമ്പാദ്യത്തില്‍ പാതിയായ വീടും പറമ്പും എഴുത്തുകാരുടെ ട്രസ്റ്റ് രൂപീകരിക്കുവാന്‍ അവ നീക്കി വച്ചിരിക്കുന്നതും  ബാക്കി പകുതി താന്‍ ഇതുവരെ എഴുതിയ കഥകളും ആത്മകഥയും മക്കള്‍ക്ക് എടുക്കാവുന്നതുമാണ് എന്നായിരുന്നു . അനന്തരം ആ ശവം മാത്രം ആ ഹാളില്‍ അവശേഷിക്കുന്നു . ഒപ്പം നിശബ്ദമായ ചില ചോദ്യങ്ങളും .
              പ്രതീകാത്മകമായി ഒരു 'കഴുത്തുപട്ട'യിലൂടെ തനിക്ക് അനുസരണയുള്ള ഒരു മൃഗത്തിനെ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന നായികയുടെ അന്വേഷണങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു എന്ന് പറയാതെ വയ്യ . അതുപോലെ ടീ വി റിപ്പോര്‍ട്ടര്‍ ആയ യുവതി വാര്‍ത്തകളില്‍ നിന്നും ജീവിതത്തിലേക്ക് നോക്കി പകച്ചു നില്‍ക്കുകയും തന്നില്‍ നിന്നും അകന്നുപോയ മാനുഷിക വികാരങ്ങളെ കുറിച്ച് ഓര്‍ക്കുകയും ചെയ്യുന്ന 'കരയാന്‍ കഴിയാത്തവര്‍' ഇന്നത്തെ യാന്ത്രിക ജീവിതത്തിലെ ഒരു നേര്‍ക്കാഴ്ച ആയിരുന്നു . 'പുണ്യവാളനും' 'നിലാവിന്റെ നിറവും' മാനുഷിക വികാരങ്ങളുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വളരെ നല്ല ചിത്രങ്ങള്‍ വരച്ചിട്ടപ്പോള്‍ 'എല്‍വിറ അമാന്‍ഡ' ഒറ്റപ്പെടുന്ന മാതൃത്വങ്ങളുടെ ആധുനിക ജീവിത സങ്കേതങ്ങളില്‍ പെട്ട് മാനസികാഘാതങ്ങളില്‍ തകര്‍ന്നു പോകുന്ന ദുരന്തമായിരുന്നു പങ്കു വച്ചത് . ഒറ്റപ്പെടലില്‍ നിന്നും അവര്‍ നടന്നുകയറിയ സോഷ്യല്‍ മീഡിയയും അവിടെ നിന്നും പരിചയപ്പെടുന്ന എല്‍വിറ അമാന്‍ഡയും തന്റെ വളര്‍ത്തു പൂച്ചയും  വളരെ നന്നായി ഒരു വിധത്തില്‍ പറഞ്ഞാല്‍ മാനസികപഠനമികവോടെ അവതരിപ്പിച്ച ഒരു കഥയായിരുന്നു അത്. 'ആത്മകഥ'യും കെമിക്കല്‍ സപ്ലിമെന്റും'മകള്‍' തുടങ്ങിയവയും വളരെ നല്ല കഥകള്‍ ആയിരുന്നു . ഏറെ നോവിച്ചത് നാലുവയസ്സുകാരിയായ മകള്‍ , തന്നെ നോവിച്ചതാര് എന്നറിയാതെ മരിക്കാന്‍ വേണ്ടി ആശുപത്രിയില്‍ കണ്ണുകള്‍ ഇറുക്കി അടച്ചു കിടക്കുന്ന 'രാക്ഷസന്‍'എന്ന കഥയായിരുന്നു . 
                            ഓരോ കഥയും ഒരു ലോകമായിരുന്നു . ഓരോ ലോകത്തും ഒരു സ്ത്രീ ഉണ്ടായിരുന്നു . അവളുടെ വ്യക്തമായ കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നു . 'പകലുകളുടെ റാണി' എന്നത് ഒരു വേലക്കാരിയുടെ  പകല്‍ ജീവിതക്കാഴ്ചയായിരുന്നു .  വളരെ കൗതുകവും ഒപ്പം തന്നെ നൊമ്പരവും നല്‍കിയതായിരുന്നത്. വീട്ടമ്മ പോയിക്കഴിഞ്ഞാല്‍ ഉടന്‍ അവള്‍ വസ്ത്രം മാറി വീട്ടമ്മയായി ജീവിക്കുന്നതും വീട്ടമ്മ വരും മുന്നേ വസ്ത്രം മാറി വേലക്കാരിയായി മാറുന്നതും ഒരുപക്ഷെ മറ്റാരും എഴുതിയിട്ടുണ്ടാകില്ല എന്ന് തോന്നി . വായനയില്‍ മികച്ച പതിനേഴു കഥകളുമായി കെ എ ബീനയുടെ ശീതനിദ്ര നില്‍ക്കുന്നു . തീര്‍ച്ചയായും മുഷിവു ഉണ്ടാക്കാത്ത ഒരു നല്ല വായന അത് ഉറപ്പു നല്‍കുന്നുണ്ട് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

ഓര്‍ക്കാപ്പുറങ്ങള്‍


ഓര്‍ക്കാപ്പുറങ്ങള്‍

പൊടുന്നനെയാകും
തിക്കിത്തിരക്കി ഓര്‍മ്മകള്‍ കടന്നുവരിക.
ഒരു മുന്നറിയിപ്പുമില്ലാതെ
ഉമ്മറത്ത് വന്നു നില്‍ക്കും .
എന്തിനാ വന്നതെന്ന് ചോദിക്കുക അസാധ്യം.
ഒഴിവാക്കാന്‍ കഴിയാത്ത മുഖങ്ങള്‍
അവയിലെ ആഴത്തിലുറഞ്ഞ നോവുകള്‍
കടലോളം പരന്ന വര്‍ത്തമാനങ്ങള്‍
ഒക്കെയും തിക്കിത്തിരക്കി മുന്നോട്ടു വരും .
എന്നെ ഓര്‍മ്മയില്ലേ എന്നൊരു ചോദ്യം
എറിഞ്ഞു തരും .
ഓര്‍ക്കാതിരിക്കാന്‍ കഴിയാത്ത
ഓര്‍മ്മകളെ എങ്ങനെ ആട്ടിപ്പായിക്കാനാണ്‌.
ചിലപ്പോള്‍ കവിയുടെ വരികള്‍ ചൊല്ലിയാകും വന്നു നില്‍ക്കുക.
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം
ശരിയാണ്...........ശരിയാണ്.
ഓര്‍ക്കാതിരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല,
മറക്കാതിരിക്കാനും .
കഴുകിയുണക്കാനിട്ട വസ്ത്രങ്ങള്‍ പോലെ
ഓര്‍മ്മകള്‍ ഇപ്പോള്‍ ഉമ്മറത്ത് നിരന്നു കിടപ്പാണ് .
ചാവു മണം നിറഞ്ഞ മുറിയിലെ
നിര്‍വ്വികാരരതിപോലെ,
പരേതന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പോലെ,
കൂട്ടിയിട്ട സാധനങ്ങള്‍ പോലെ
എണ്ണയുണങ്ങിപ്പിടിച്ച പഴയ തയ്യല്‍ മെഷീന്‍പോലെ...
ഓര്‍മ്മകള്‍ ഓടിനടക്കുകയാണ് ഉമ്മറത്താകെ.
എന്തിനാകും ഞാനിപ്പോഴും
മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് .
ഓര്‍മ്മകളില്‍ നിന്നും ഓടിയൊളിക്കാനോ
അതോ എനിക്ക് ഭയം നിറഞ്ഞിട്ടോ ?
എന്തിനാകും .....
---------ബിജു. ജി നാഥ് വര്‍ക്കല
ഹരിതകേരളം ജൂലൈ 2018 ല്‍ പ്രസിദ്ധീകരിച്ചു . 

Thursday, July 19, 2018

ശീതനിദ്ര

എരിവും പുളിയുമില്ലാതനുവാദമില്ലാതെ 
ഇരവും പകലും കവര്‍ന്നെടുക്കാന്‍ വന്ന 
നിറമുള്ള സ്വപ്നങ്ങളെ നിങ്ങള്‍ തന്നണി-
വയറില്‍ മുഖമമര്‍ത്തിയിനി ഞാനുറങ്ങട്ടെ.
....... ബി.ജി.എൻ വർക്കല

രണ്ടാമൂഴം ................... എം . ടി . വാസുദേവന്‍ നായര്‍


രണ്ടാമൂഴം (നോവല്‍ )
എം . ടി . വാസുദേവന്‍ നായര്‍
കറന്റ് ബുക്സ്
വില : 100 രൂപ



          ആത്മകഥയുടെ ആവിഷ്കാരം, അതിന്റെ ഭംഗി ഇവയൊക്കെ അനുഭവിക്കുവാന്‍ അത് എഴുതുന്നതും അതേ വ്യക്തി തന്നെയാകണമില്ല എന്ന് തോന്നും ചില എഴുത്തുകള്‍ വായിച്ചാല്‍ . അതെ, അത്തരത്തില്‍ ഒരു കൂടുമാറ്റത്തിലൂടെ എക്കാലത്തെയും നല്ലൊരു ആത്മകഥയാണ് രണ്ടാമൂഴം എന്ന് കരുതുന്നതില്‍ തെറ്റില്ല . മഹാഭാരതകാലത്ത് നിന്നും ഭീമസേനന്‍ നേരിട്ട് വന്നു തന്റെ മനസ്സ് തുറക്കുന്ന ഒരു അനുഭൂതി വായനയില്‍ നിറയ്ക്കുന്ന ഒരു കൃതിയാണ് എം ടി യുടെ രണ്ടാമൂഴം എന്ന് നിസ്സംശയം പറയാന്‍ കഴിയും . "ഞാന്‍ പലരുടെ ജീവിതത്തെപ്പറ്റിയും എഴുതിയിട്ടുണ്ട് അവയില്‍ വളരെ പഴയ ഒരു ജീവിതത്തെ കുറിച്ച് പറയുന്നു എന്ന് കരുതിയാല്‍ മതിയെന്ന " എഴുത്തുകാരന്റെ വാക്കുകള്‍ ശരിക്കും ശരി വയ്കുന്ന രീതിയില്‍ ആണ് രണ്ടാമൂഴം വായനക്കാരനെ സമീപിക്കുന്നത് .

       കൈ തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ ആണ് ഇന്ന് പുരാണ കഥകളും വ്യക്തികളും . അവരുടെ പേരോ ജീവിതമോ വിമര്‍ശനത്തിനു പാത്രമാകുകയോ ആചാരങ്ങള്‍ക്കോ ചിന്തകൾക്കോ ഒരു മറുപക്ഷ ചിന്ത ഉണ്ടാകുകയോ ചെയ്‌താല്‍ അതിനെ നഖ ശിഖാന്തം എതിര്‍ക്കാനും, കഴിയുമെങ്കില്‍ ആ ശബ്ദത്തെ നിഷ്കാസനം ചെയ്യാനോ ഇന്ന് ഒരു മടിയുമില്ലാത്ത ഒരു ജനതയാണ് വളര്‍ന്നു വരുന്നതും . മുന്‍പെങ്ങുമില്ലാത്ത വണ്ണം ദൈവങ്ങളും ഇതിഹാസ നായകന്മാരും പ്രവാചകരും അസ്പ്രശ്യരായി നില്‍ക്കുമ്പോള്‍ എം ടി തന്റെ രണ്ടാമൂഴത്തിലൂടെ ഭീമസേനനെയും മറ്റു പാണ്ഡവരെയും കൃഷ്ണനെയും ഒക്കെ പച്ച മനുഷ്യരായി മുന്നില്‍ നിര്‍ത്തുന്നു . ഒരുപക്ഷെ ഇന്ന് മലയാളത്തില്‍ അത് കഴിയുമോ എന്ന് സംശയമാണ് . മലയാളിക്ക് മാത്രമാണ് ഈ അസഹിഷ്ണുത എന്നതിന് വ്യക്തമായ ഉദാഹരണമാണ് അമീഷിന്റെ ശിവ പുരാണവും രാമായണ സീരീസും . അത് മലയാളത്തില്‍ ആയിട്ടും ഒരു ഭക്തരുടെയും വികാരം മുറിപ്പെടാഞ്ഞത് അവര്‍ക്കത്‌ ആഴത്തില്‍ മനസ്സിലാകാതെ പോയതിനാല്‍ മാത്രമാകണം . നിര്‍മ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാട് വിഗ്രഹത്തിലേക്ക് തുപ്പുന്ന രംഗം ഇന്ന് പുനർസൃഷ്ടിക്കാന്‍ കഴിയുമോ എന്ന വെല്ലുവിളി ഉയര്‍ത്തുന്ന കാലഘട്ടം കൂടിയാണല്ലോ മുന്നില്‍ .

      ഭീമന്‍ എന്ന മനുഷ്യനിലൂടെ , മഹാ പ്രസ്ഥാനം എന്ന സ്വര്‍ഗ്ഗയാത്രയുടെ ആരംഭത്തിലൂടെ തുടങ്ങുന്ന നോവല്‍ അവസാനിക്കുന്നത് പൂര്‍ത്തിയാകാത്ത കടമ നിര്‍വ്വഹിക്കാന്‍ ഒരു യഥാര്‍ത്ഥ പോരാളിയുടെ മടക്കയാത്രയില്‍ ആണ് . ഈ കഥയില്‍ കുന്തിക്ക് ദിവ്യ ഗര്‍ഭങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല . രാക്ഷസര്‍ ഒന്നും അമാനുഷികര്‍ ആകുന്നില്ല . കൃഷ്ണന്‍ എന്ന യാദവ നായകനും സംഘവും അമാനുഷികര്‍ ആകുന്നില്ല . സ്വന്തമല്ലാത്ത ഒരു രാജ്യത്തിന്‌ വേണ്ടി , ആ കാലത്ത് നിലനിന്ന അച്ഛന്‍ എന്ന ലേബല്‍ അതിലുപരി ഭര്‍ത്താവ് എന്ന ലേബലിനു താഴെ ഉണ്ടാകുന്ന കുട്ടികള്‍ക്കെല്ലാം ആ ലേബല്‍, ഉടമയും അയാളുടെ അനന്തര സ്വത്തുകള്‍ക്ക് അവകാശവും സംഭവിക്കുന്ന വ്യവസ്ഥിതിയില്‍ മരിച്ചു പോയ പാണ്ഡുവിന്റെ ഭാര്യയും അഞ്ചു കുട്ടികളും അവകാശമുന്നയിക്കുകയും അത് അനുവദിച്ചു കൊണ്ട് പാതിരാജ്യം ലഭിക്കുകയും അഞ്ചു പേരില്‍ മൂത്തവന്‍ അത് ചൂതാട്ടം കൊണ്ട് നഷ്ടപ്പെടുത്തുന്നതും വീണ്ടും തിരികെ അത് ചോദിച്ചു പതിനാലു കൊല്ലം കഴിഞ്ഞു വരുമ്പോള്‍ കൊടുക്കില്ല എന്നാ വാക്ക് കേട്ട് കൗരവരാജ്യത്തിനോട് എതിര്‍പ്പുള്ള സ്വന്തബന്ധുക്കളുമായി ചേര്‍ന്ന് ഒരു യുദ്ധത്തിലൂടെ മുഴുവന്‍ രാജ്യവും സ്വന്തമാക്കുന്നതും ആണ് മഹാഭാരത കഥ .

       ഈ കഥയിലെ സ്ത്രീകള്‍ എല്ലാം തന്നെ കുന്തിയും ദ്രൗപതിയും പറയുമ്പോലെ അന്ധകളും ഊമകളും ബധിരകളും ആയവര്‍ ആണ് . സന്താനോത്പദനോന്മുഖമായ ബാധ്യതകള്‍ മാത്രമാണ് സ്ത്രീകള്‍. പക്ഷെ യുദ്ധവും പങ്കുവയ്ക്കലുകളും അന്യബന്ധങ്ങളും അവരില്‍ തന്നെ ലയിപ്പിച്ചിരിക്കുകയും ചെയ്യുന്നുണ്ട് . പക്ഷെ അത്തരം ബന്ധങ്ങള്‍ക്ക് ആ കാലഘട്ടം നല്‍കിയിരുന്നത് അവഹേളനമല്ല മറിച് സ്വീകാര്യതകള്‍ ആയിരുന്നു എന്നും കാണാം . എല്ലാര്‍ക്കും എല്ലാം അറിയാം എങ്കിലും ആര്‍ക്കും അതില്‍ ബുദ്ധിമുട്ടുകള്‍ ഇല്ല എന്നതാണ് ശരി . ഇന്നത്തെ കാലത്ത് ഇല്ലാതെ പോകുന്നതും അത് തന്നെയാണ് .

       പൊതുവേ മന്ദന്‍ എന്ന പേരുള്ള ഭീമന്‍ , ശക്തനും ഏതൊരു കാര്യത്തിലായാലും മുന്നില്‍ ചങ്കുറപ്പോടെ നിന്ന സ്നേഹമയനായ ഒരു സഹോദരനും മകനും ഭര്‍ത്താവും ആയിരുന്നു എന്ന് കാണാന്‍ കഴിയുന്നുണ്ട് ഈ വായനയില്‍ . മണ്ണിന്റെ മണമുള്ള , വികാരങ്ങള്‍ ഉള്ള പച്ചയായ ആ മനുഷ്യന് ദ്രാവിഡന്റെ പൈതൃകം അതുകൊണ്ട് തന്നെ പ്രകൃത്യാ ലഭിച്ച ഒരു കഴിവായി വെളിവാക്കുന്നു . വീര്യമുള്ള മകനു വേണ്ടി കാട്ടില്‍ പായ് വിരിച്ച കുന്തിക്ക് കാറ്റുപോലെ കടന്നു വന്നു തന്നെ ആകെ ഉഴുതുമറിച്ചു പോയ കാട്ടാളന്റെ മുഖം ഓര്‍മ്മയില്ല എങ്കിലും നിറത്തില്‍ മാത്രം കാട്ടാളന്‍ അല്ലാതിരുന്ന ഭീമന്‍ ജീവിതത്തില്‍ ഒരിക്കലും തന്മയത്ത്വം വിട്ടുള്ള ഒരു പെരുമാറ്റമോ പ്രകൃതമോ കൈകൊണ്ടതായി കാണാന്‍ കഴിയില്ല . വിധേയത്വം കൊണ്ടും സ്നേഹം കൊണ്ടും കോപം കൊണ്ടും മനുഷ്യത്വം കൊണ്ടും വീര്യം കൊണ്ടും പാണ്ഡവരില്‍ മുന്നില്‍ തന്നെയായിരുന്നു ആ മന്ദന്‍ . തീര്‍ച്ചയായും വായിക്കുംതോറും വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന രണ്ടാമൂഴം വായനയില്‍ ഒരു സന്തോഷം തന്നെയാണ് . മനോഹരമായ ഭാഷയും മുഴച്ചു നില്‍ക്കാത്ത പാത്രസൃഷ്ടിയും ഈ നോവല്‍ മികച്ചതാക്കുന്നു . ഇതിനു വേണ്ടി എഴുത്തുകാരന്‍ നടത്തിയ പഠനം , എഴുതി തീര്‍ക്കാന്‍ എടുത്ത കാലം ഒക്കെയും എഴുത്തിനോടുള്ള സത്യസന്ധതയും സന്ധിയില്ല സമരവും വെളിവാക്കുന്നു .

       വായിച്ചിരിക്കേണ്ട വ്യത്യസ്തത ഉള്ള നോവല്‍ തന്നെയാണ് രണ്ടാമൂഴം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


ഭിന്നലോകങ്ങൾ

ഇവിടെയീ പൊള്ളുന്ന ചൂടിൽ ഞാനും,
അവിടെയാ പേമാരി നടുവിൽ നീയും...
പ്രണയമില്ലാത്തിരു ലോകത്തിൽ നാ-
മപരിചിതത്വം പങ്കുവച്ചീടുന്നു നിത്യം .
...... ബി.ജി.എൻ വർക്കല

Tuesday, July 17, 2018

ആലാഹയുടെ പെണ്മക്കള്‍...................സാറാ ജോസഫ്


ആലാഹയുടെ പെണ്മക്കള്‍ (നോവല്‍ )
സാറാ ജോസഫ്
കറന്റ് ബുക്സ്
വില : 150 രൂപ



          ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം എന്നത് ഭാരിച്ച ഒരു ജോലിയാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ച് . സത്യസന്ധമായി അത് നിർവ്വഹിക്കേണ്ടി വരിക എന്നത് വിരളമായി സംഭവിക്കുന്ന ഒന്നായതിനാല്‍ തന്നെ . പലപ്പോഴും മിക്ക എഴുത്തുകാരും  യാഥാര്‍ത്ഥ്യങ്ങളെ സമീപിക്കുക അവരുടേതായ ഒരു കാഴ്ചപ്പാടില്‍ നിന്നായിരിക്കും . അവരുടെ ഭാഷയുടെ ശൈലിയും അവരുടെ ചിന്താധാരയും അറിഞ്ഞോ അറിയാതെയോ അവര്‍ അതിലേക്ക് സന്നിവേശിപ്പിക്കുന്നു. ഇന്ന് ഉപരിപ്ലവമായ കാഴ്ചകളും അറിവുകളും കൊണ്ട് ജീവിതത്തെ വരച്ചു ചേര്‍ത്തു ഇതാണ് സത്യം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ നിറഞ്ഞിരിക്കുന്നു . എത്രയും പെട്ടെന്ന് അത് നിര്‍വ്വഹിക്കുക , വായനക്കാരെ അത് വായിപ്പിക്കുക എന്നൊരു ധൃതി എഴുത്തുകാരില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് . പ്രവാസികളെ കുറിച്ചുള്ള കാമ്പുള്ള കഥകള്‍ ഒന്നും തന്നെ വരാതെ പോകുന്നതിന്റെ പ്രധാന വിഷയവും ഇതുതന്നെയാണ് . നാട്ടില്‍ നിന്നും സന്ദര്‍ശന വിസയില്‍ എത്തി പ്രവാസികളുടെ ജീവിതം കണ്ടും കേട്ടും എഴുതുന്നവരും , ശീതികരിച്ച മുറികളില്‍ ഇരുന്നുകൊണ്ട് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത മരുഭൂമിയുടെ ചൂടിനെ കുറിച്ചെഴുതി കൈയ്യടി നേടുന്ന പ്രവാസഎഴുത്താളികളും ഒരുപാട് നമുക്ക് ചുറ്റിലും ഉണ്ട് . ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ മാറ്റിവച്ചാല്‍ എല്ലാം ഇങ്ങനെ തന്നെയാണ് .

      'സാറാജോസഫി'ന്റെ "ആലാഹയുടെ പെണ്മക്കള്‍" വായിക്കുമ്പോള്‍ തീര്‍ച്ചയായും കണ്മുന്നില്‍ ഒരു ജീവിതം തെളിഞ്ഞു വരും . ആരും പരിചയപ്പെടുത്താതെ തന്നെ അത് വായനക്കാരന് അനുഭവവേദ്യം ആകും . കാരണം അത് ഹൃദയംകൊണ്ട് എഴുതപ്പെട്ടതാണ് എന്ന് കാണാം . ആനിയുടെ കഥയാണ് ആലാഹയുടെ പെണ്മക്കള്‍ . ആനി എന്ന കൊച്ചു പെണ്‍കുട്ടിയിലൂടെ , അവളുടെ കണ്ണിലൂടെ വായനക്കാര്‍ കോക്കാഞ്ചിറ എന്ന ദേശവും അതിന്റെ നാള്‍വഴികളും അറിയുകയാണ് . ഇറ്റുകണ്ണീര്‍ കണ്‍കളില്‍ ഊറാതെ ആനിയെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ല തന്നെ .

         ഓരോ നഗരവും ഉയര്‍ന്നു വന്നിട്ടുള്ളത് ഒരുപാട് നന്മകളെ ഇല്ലായ്മ ചെയ്തുകൊണ്ടുതന്നെയാണ് . കോക്കാഞ്ചിറ എന്ന, സമൂഹത്തിനു മനസ്സില്‍ നിറയെ അറപ്പും വെറുപ്പും നിറഞ്ഞ അഴുക്കു ചാലില്‍ നിന്നും കാലാന്തരത്തില്‍ നഗരത്തിന്റെ  പുറം ചട്ടകള്‍ വലിച്ചണിഞ്ഞു നില്‍ക്കുന്ന തലത്തിലേക്ക് വളര്‍ന്നു വരുമ്പോള്‍ കൊച്ചാനിക്ക് നഷ്ടപ്പെടുന്നത് അവളുടെ ആകാശമാണ് . അവള്‍ക്ക് ലഭിച്ചിരുന്ന കാറ്റും വെളിച്ചവും ആണ് നഗരം വിഴുങ്ങുന്നത് . ഒറ്റപ്പെട്ടവരുടെ ശബ്ദങ്ങളെ എത്ര എളുപ്പം നമുക്ക് നിശബ്ദമാക്കാന്‍ കഴിയും എന്നതിന് ഉദാഹരണം കൂടിയാണത് . ദേശത്തിന്റെ അഴുക്കുകള്‍ വൃത്തിയാക്കുവാന്‍ വന്നെത്തിയവര്‍ക്ക് താമസിക്കാന്‍ കിട്ടിയതും ആ അഴുക്കു ചാലുകള്‍ ഉപേക്ഷിക്കുന്നിടം തന്നെ . ചീഞ്ഞളിഞ്ഞ ശവങ്ങളും ദുര്‍ഗന്ധവും ഒക്കെ കൊണ്ട് മലീമസമായ ഒരു ഇടത്തെ പതിയെ പതിയെ താമസയോഗ്യമായ ഇടമാക്കി ഒരു ജനത മാറ്റുമ്പോള്‍ എല്ലാ കുടിയേറ്റക്കാര്‍ക്കും ഒടുവില്‍ സംഭവിക്കുന്നതുപോലെ അവര്‍ വീണ്ടും  താമസയോഗ്യമല്ലാത്ത മറ്റിടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നകാഴ്ചകള്‍ സാധാരണ നാം മറക്കാന്‍ ശ്രമിക്കുകയാണ് പതിവ് . അവരെക്കുറിച്ച് സംസാരിക്കാന്‍ പോലും സമൂഹത്തിനു താല്പര്യം കുറവാണ് .

           അത്തരം ഒരു ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് സാറാ ജോസഫിന്റെ ഈ നോവല്‍ സംവദിക്കുന്നത് . തുറന്നു കിടന്ന പ്രദേശങ്ങള്‍ , മണ്ണെണ്ണ വിളക്കും പ്രേതങ്ങളും മാത്രം കൂട്ടുണ്ടായിരുന്ന രാത്രികള്‍ ഇവയിലേക്ക് വലിയ വീടുകള്‍ , അവയില്‍ വലിയ പട്ടിത്തമ്പ്രാക്കന്മാര്‍ , കുപ്പിഗ്ലാസ് പൊടിച്ചു കുത്തി നിര്‍ത്തിയ മതിലുകള്‍ , റൊട്ടിക്കടകള്‍ , ഇംഗ്ലീഷ് സംസാരിക്കുകയും, കത്തിയും മുള്ളും മാത്രം ഉപയോഗിച്ചു കഴിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍.... ഒക്കെ വിരുന്നു വരികയാണ് . ഒരരിക് പറ്റി മതത്തിന്റെ വളര്‍ച്ചയും കൂട്ടിനുണ്ട് . ഇവയ്ക്കിടയില്‍ ഇവയൊന്നും പരിചിതമല്ലാത്ത അമരവള്ളികള്‍ നിറഞ്ഞ കൊച്ചു വീട്ടകത്തില്‍ നിന്നും ആനിയും കുടുംബവും ചലിക്കുന്നത്‌ തത്സമയ സംപ്രേക്ഷണം പോലെ വായനക്കാരന്‍ കണ്ടറിയും . സാധാരണക്കാരന്റെ ഭാഷയും പൊടിപ്പും തൊങ്ങലുകളും ഇല്ലാത്ത കഥാപാത്രങ്ങളും നിറഞ്ഞ ഈ നോവല്‍ വായനയില്‍ ഒരുപാട് തലങ്ങള്‍ കാട്ടിത്തരുന്നുണ്ട് . കമ്യൂണിസം , കോണ്ഗ്രസ് , പെന്തക്കോസ്റ്റ് മിഷന്‍ , തുടങ്ങി രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തങ്ങളും , മാറ്റങ്ങളോടെ സമരസപ്പെടാന്‍ കഴിയാതെ പോകുന്ന സാധാരണ മനുഷ്യരുടെ വിചാര വിക്ഷോഭങ്ങളും പ്രണയവും മരണവും തുടങ്ങി എല്ലാ മേഖലയിലും ഈ നോവല്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട് . പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ശബ്ദമായി ഈ നോവല്‍ വായിക്കപ്പെടാന്‍ കഴിയും .

തീര്‍ച്ചയായും വായനയില്‍ സന്തോഷം നല്‍കിയ ഒരു അനുഭവമാണ് ഈ നോവല്‍ . എല്ലാ ആശംസകളോടും ബി.ജി.എന്‍ വര്‍ക്കല


Saturday, July 14, 2018

നിലാച്ചോറ്.................... ഷാബു കിളിത്തട്ടില്‍



നിലാച്ചോറ് (നോവല്‍)
ഷാബു കിളിത്തട്ടില്‍
കൈരളി ബുക്സ്
വില: 250 രൂപ

                           ജീവിതത്തെ അടയാളപ്പെടുത്തുക എന്നത് വളരെ സാഹസമുള്ള ഒരു ജോലിയാണ് . പ്രത്യേകിച്ച് അതൊരു മനുഷ്യന്റെ ജീവിതം മറ്റൊരാള്‍ പകര്‍ത്തുക എന്നത് . കാരണം അതൊരു പരകായപ്രവേശമാണ് . മറ്റൊരാള്‍ ജീവിച്ച ജീവിതത്തെ അയാളില്‍ നിന്നുകൊണ്ട് പറയുക . അയാളുടെ മാനസികവ്യാപാരങ്ങളെ പകര്‍ത്തുക . അയാള്‍ അനുഭവിച്ച നോവുകള്‍ , സന്തോഷങ്ങള്‍ , വികാരങ്ങള്‍ ,അങ്ങനെ അങ്ങനെ എല്ലാം. പലപ്പോഴും അതിനാല്‍ തന്നെ ജീവചരിത്രങ്ങള്‍ക്ക് ആത്മകഥയുടെ ചൂടും ചൂരും ഉണ്ടാകുകയില്ല . മറ്റൊരാളാകാന്‍ കഴിയാതെ പോകുന്നത് തന്നെയാണ് അതിനു പ്രധാനമായും കാരണമായി പറയാന്‍ ഉണ്ടാകുക .
                     
                         ‘ഷാബു കിളിത്തട്ടില്‍ എന്ന എഴുത്തുകാരന്റെ നിലാച്ചോറ് എന്ന കൃതി ഇത്തരത്തില്‍ ഒരു പരകായ പ്രവേശത്തിന്റെ വെളിപാടുകള്‍ ആണ് . ഉമാപ്രേമന്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തകയുടെ ജീവിതത്തെ ഉമയുടെ ശബ്ദത്തില്‍ അവതരിപ്പിക്കുവാന്‍ ആണ് ഷാബു ഇതില്‍ ശ്രമിക്കുന്നത് . നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച ഒരു വ്യക്തിയാണ് ഉമാ പ്രേമന്‍. പ്രശസ്തിയും ഉപഹാരങ്ങള്‍ക്കും അപ്പുറം പ്രവര്‍ത്തികൊണ്ട് ജീവിച്ചു കാണിക്കുന്ന ഒരാള്‍ എന്ന് പറയുന്നതാകും ശരി . സ്വന്തം വൃക്ക തികച്ചും അപരിചിതനായ ഒരു വ്യക്തിക്ക് ഒരു പ്രതിഫലവും വാങ്ങാതെ പങ്കു വച്ചുകൊണ്ട് തന്റെ ആത്മാര്‍ത്തത തെളിയിച്ച ഉമാ പ്രേമന്റെ ജീവിതം വളരെ സംഭവബഹുലവും അപ്രതീക്ഷിതങ്ങളും നിറഞ്ഞതാണ്‌ .

              തമിഴ്നാട്ടിലെ സിന്താമണി എന്ന ഗ്രാമത്തില്‍  ജനിച്ചു പില്‍ക്കാലത്ത്‌ തൃശൂരില്‍ ജീവകാരുണ്യ പ്രവർത്തനത്തിൽ എത്തിച്ചേർന്ന ആ ജീവിതം ഏതൊരു മനുഷ്യന്റെയും മനസ്സിനെ ഒരു നിമിഷമെങ്കിലും വേദനിപ്പിക്കാതെ കടന്നു പോകുന്നു എങ്കില്‍ നിസ്സംശയം പറയാം അയാള്‍ ഒരു മനുഷ്യസ്നേഹിയല്ല . സഹജീവി സ്നേഹവും സേവനതല്പരതയും ഉള്ള ബാലന്റെയും, ഒരു സാദാ വീട്ടമ്മയായ തങ്കമണിയുടെയും മകളായാണ് ഉമ പിറന്നത് . കുട്ടിക്കാലത്തു തന്നെ അച്ഛനൊപ്പം യാത്രകള്‍ ചെയ്യുകയും ആതുര സേവനം കണ്ടു മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി . ആ കുട്ടിയുടെ മുന്നോട്ടുള്ള ജീവിതം കണ്ടുമറന്ന പഴയകാല സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു . അമ്മയുടെയും രണ്ടാനമ്മയുടെയും മാനസിക ശാരീരിക പീഡനങ്ങള്‍. ബാല്യത്തിലെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ( അനുജനെ നോക്കലും വീടുപണിയും പഠനവും ) ഏറ്റെടുക്കേണ്ടി വരുന്ന അവൾ വളർന്നു കഴിയുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മദര്‍ തെരേസയെ കാണുകയും അവരുടെ ആശീര്‍വാദത്തോടെ സ്വന്തം നാട്ടില്‍ തന്നെ അതിനു ശ്രമിക്കുകയും ചെയ്യുന്നതും അമ്മയുടെ സ്വാര്‍ത്ഥത മൂലം വേശ്യാ വൃത്തിക്ക്  ആളെ സപ്ലൈ ചെയ്യുന്ന ഒരാളുടെ കൈകളില്‍ പെട്ട് മുംബയില്‍ എത്തുകയും അവിടെ നിന്നും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ട് തിരികെ വരുന്നതും അമ്മയുടെ മറ്റൊരു പരിചയക്കാരനായ, തന്റെ അച്ഛന്റെ പ്രായം ഉള്ള ഒരു ധനികനായ മനുഷ്യന്റെ കൈകളില്‍ പെടുകയും അയാള്‍ അവളെ തന്റെ നാലാമത്തെ ഭാര്യയായി കൂടെ കൂട്ടുന്നതും തികഞ്ഞ മദ്യപാനിയും രോഗിയും ആയ അയാളില്‍ നിന്നും ഒരു കുട്ടിയുണ്ടാകുകയും പിന്നീടയാൾ മരിക്കുകയും ശേഷം അയാള്‍ നല്‍കിയ വീടും സഹായധനവുമായി തന്റെ ആഗ്രഹപ്രകാരമുള്ള ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന ഉമാദേവി. ഉമാബാലനില്‍ നിന്നും ഉമാ പ്രേമനി ലേക്കുള്ള ആ യാത്രയുടെ കഥയാണ് ഈ പുസ്തകം സമ്മാനിക്കുന്നത് . ഒരു സിനിമയുടെ വിഷ്വല്‍ പോലെ ഇതിനെ ചിത്രീകരിക്കാന്‍ ഷാബു ശ്രമിച്ചിട്ടുണ്ട് . തുടക്കത്തിലേ ആദിവാസി ഊരിലെ ഉമാ പ്രേമന്റെ പ്രവര്‍ത്തികളില്‍ നിന്നും ക്യാമറ തിരിയുന്നത് ഉമ എന്ന കൊച്ചു പെൺകുട്ടിയിലേക്കാണ് .  പിന്നെ അതു അവസാനിക്കുന്നത് ഉമാ പ്രേമന്റെ ഇന്നത്തെ ജീവിതത്തിലേക്ക് ആണ് . അവിടെ ഉമാ പ്രേമന്‍ എന്ന മനുഷ്യ സ്നേഹി സ്വന്തം വൃക്ക തികച്ചും അപരിചിതനായ ഒരാള്‍ക്ക് സൗജന്യമായി നല്‍കിക്കൊണ്ട് അവയവ ദാനത്തിന്റെ ഉദാഹരണം ആകുകയും രോഗികള്‍ക്കും മറ്റും വൈദ്യ സഹായവും അവയവ ദാനവും ലഭ്യമാക്കുന്നതിനുള്ള സേവനങ്ങള്‍ നല്‍കുന്ന ശാന്തി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംരംഭത്തിന്റെ അമരക്കാരിയും ആണ് . അവരുടെ ജീവിതം അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ സേവനങ്ങളില്‍ കൂടി വ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഈ ജീവചരിത്രപരമായ നോവല്‍ അവസാനിക്കുന്നു .  

                        ഈ ജീവിതത്തെ നന്നായി വരച്ചു കാണിക്കുന്നു ഷാബുവിന്റെ പുസ്തകത്തില്‍ . ഇതില്‍ പ്രധാനമായും കണ്ട ഒരു പോരായ്മ ഉമാ പ്രേമന്റെ ജീവിതത്തെക്കുറിച്ച് പറയാന്‍ എടുത്ത അത്രയും പേജുകളുടെ കാല്‍ഭാഗം പോലും അവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി പറയാന്‍ എടുത്തില്ല എന്നുള്ളതാണ് . ആദിവാസികള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനങ്ങളെ  സൂചിപ്പിക്കുന്ന ആമുഖം ഒരു അദ്ധ്യായം മാത്രമാണ് അതിന്റെ ഭാഗമായി ഉള്ളതു . പിന്നെ അവസാനഭാഗത്തുള്ള ആതുര സേവനത്തിന്റെ മാര്‍ഗ്ഗവും ജീവകാരുണ്യ പ്രവര്‍ത്തനവും . അതും അപൂര്‍ണ്ണം ആണ് തന്റെ പ്രവര്‍ത്തങ്ങളെ ഓടിച്ചു പറഞ്ഞു പോകുന്ന ഒരു ധൃതി അവിടെ നന്നായിഫീല്‍ ചെയ്തു . ഈ പുസ്തകം കേരള സര്‍ക്കാരിന്‍റെ  വിദ്യാഭ്യാസ വകുപ്പ് എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക്  ഇ ലേണിംഗ്  ഗ്രന്ഥമായി നല്‍കുന്നതിന്റെ വാര്‍ത്തകള്‍ വരികയുണ്ടായി . വളരെ നല്ല ഒരു കാര്യമായി അത് അനുഭവപ്പെട്ടു . കുട്ടികള്‍ക്കിടയില്‍ ജീവകാരുണ്യത്തിന്റെ സന്ദേശവും അവയവദാനത്തിനെക്കുറിച്ചുള്ള അവബോധവും നല്‍കാന്‍ അത് ഉപകരിക്കും പക്ഷെ അതിലേക്കുള്ള വിശദവിവരങ്ങള്‍ പുസ്തകത്തില്‍ കുറവാണ് എന്നത് മറച്ചു വയ്ക്കുന്നില്ല . ഷാബു കിളിത്തട്ടിലിന്റെ "കാലം കാവാലം " എന്ന കൃതി മുന്‍പ് വായിച്ചിരുന്നു . വളരെ നല്ലൊരു റഫറന്‍സ് ഗ്രന്ഥമായി അത്  അനുഭവപ്പെട്ടിരുന്നു. ഒപ്പം ഇപ്പോള്‍ ഈ പുസ്തകവും . തീര്‍ച്ചയായും നല്ല ഭാവിയുള്ള ഒരു മേഖലയാണ് ഷാബു  തിരഞ്ഞെടുത്തിരിക്കുന്നത് . മനോഹരമായ ഭാഷയും അറിവും അദ്ദേഹത്തിനു ഈ എഴുത്തുകളില്‍ സഹായകമാകുന്നത് വായനയില്‍  അനുഭവിക്കാന്‍ കഴിയും . തീര്‍ച്ചയായും കുട്ടികള്‍ക്ക് വായിക്കാന്‍ ഈ ഒരു പുസ്തകം നിര്‍ദ്ദേശിക്കുന്നതില്‍ സന്തോഷമാണ് . അത് അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും അവരെ മനുഷ്യരായി വളരാന്‍ സഹായിക്കുകയും ചെയ്യും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


Wednesday, July 11, 2018

ഗുരുസാഗരം........................... ഒ വി വിജയന്‍


ഗുരുസാഗരം (നോവല്‍)
ഒ വി വിജയന്‍
ഡി സി ബുക്സ്
വില: 125 രൂപ


        രചനാപരമായി അധികം സവിശേഷതകള്‍ ഇല്ലാത്ത അനവധി നോവലുകളും കഥകളും കവിതകളും വായനക്കാരുടെ വായനാസുഖത്തെ ഉപദ്രവിച്ചുകൊണ്ട് കടന്നു പോകാറുണ്ട് . പലപ്പോഴും വിരസതയുടെ മൂടുപടം ധരിച്ചുകൊണ്ട് അവയൊക്കെ വലിച്ചെറിയപ്പെടുന്നു പാതിവഴിയില്‍. ഇത്തരം അപൂര്‍ണ്ണ വായനകള്‍ നല്‍കുന്ന രചനകളെ വായനക്കാര്‍ക്ക് ഒരിക്കലും സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയില്ലല്ലോ. ഇന്ന് സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ബ്ലോഗുകളും സജീവമായിരിക്കുന്ന ഈ കാലത്ത് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ വായനക്കാരന് എളുപ്പം കഴിയുന്നു എന്ന് മാത്രമല്ല അവയൊക്കെ വാങ്ങി സൂക്ഷിച്ചു സമയം പണം സ്ഥലം എന്നിവ നഷ്ടപ്പെടാതെ കഴിച്ചുകൂട്ടാനും സാധിക്കുന്നു .

            ഒ.വി.വിജയന്‍റെ എഴുത്തുകള്‍ എല്ലാം തന്നെ തത്വചിന്താപരമായ ഒരു തലത്തെ ബൗദ്ധികവും ഭൗതികവുമായ മിശ്രണങ്ങൾ കൂട്ടി ചാലിച്ച് പതിപ്പിക്കുന്ന ചിത്രങ്ങള്‍ ആണ് എന്ന് തോന്നാറുണ്ട് . ഖസാക്കിലെ  ഇടവഴികള്‍ പോലും സുപരിചിതമാകുന്ന ആ ഒരൊറ്റ ഇതിഹാസം മാത്രം മതി   വിജയനെ അടയാളപ്പെടുത്താന്‍. "ഗുരു സാഗരം " എന്ന നോവല്‍ പക്ഷെ വിചിത്രമായ മറ്റൊരു വഴിയിലൂടെ ഉള്ള സഞ്ചാരമായി കാണാന്‍ കഴിയുന്നു . ആത്മീയതയുടെ അന്തര്‍ധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന രചന ശാന്തിഗിരിയിലെ കരുണാകര ഗുരുവിന്റെ അടുത്തുള്ള സന്ദര്‍ശനവും പരിചയവും മൂലം എഴുതപ്പെട്ട ഒരു നോവല്‍ ആണെന്ന് എഴുത്തുകാരന്‍ തന്നെ ആമുഖത്തില്‍ പറയുന്നുണ്ട് . യുദ്ധവും വിഭജനവും പോളണ്ടും ബംഗ്ലാദേശും കല്‍ക്കട്ടയും തൂതപ്പുഴയും ഇടകലര്‍ന്ന ഒരു വായന . നോവിന്റെ മാനസിക സഞ്ചാരങ്ങളെ, ആന്തരിക സംഘര്‍ഷങ്ങളെ വളരെ വാചാലമായി പറഞ്ഞു പോകുന്ന ഒരു നോവല്‍ ആണിത് . കുഞ്ഞുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന നോവലില്‍ രാഷ്ട്രീയവും സാമൂഹികവും ആയ തലങ്ങള്‍ വിഭജന കാലവും ലോക മഹായുദ്ധ കാലവും ആണ് . അത് ഇന്ദിരയില്‍ അടിയന്തിരാവസ്ഥയില്‍ വന്നവസാനിക്കുന്നു . ആ കാലഘട്ടം വരെയുള്ള സാമൂഹ്യ പശ്ചാത്തലം ആണ് നോവല്‍ വികസിക്കുന്ന പ്രതലം .      

           ബോധപൂര്‍വ്വം നേരെ പറയാതെ ചുരുക്കി പറയുന്ന സാമൂഹിക വിപ്ലവങ്ങള്‍ , യുദ്ധം , രാഷ്ട്രീയം എന്നിവ ഒരു കൈയ്യടക്കമുള്ള എഴുത്തുകാരന് മാത്രം കഴിയുന്ന ശൈലിയാണ് . വിജയന്‍ ഈ കഴിവ് നന്നായി പ്രകടിപ്പിക്കുന്നുമുണ്ട് . വളരെ ലളിതമായി  വലിയ യുദ്ധങ്ങളും ദുരിതങ്ങളും കണ്ട ഒരു പട്ടാള ഉദ്യോഗസ്ഥന്‍, തന്റെ ജീവിതത്തില്‍ പരാജയപ്പെടുകയും തന്റേത് എന്ന് കരുതുന്ന കുഞ്ഞു തന്റേതല്ല എന്നറിയുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഷമതകളും ജീവിതത്തെ ആത്മീയതയുമായി കൂട്ടിയിണക്കി ദിവസങ്ങളെ അലയാന്‍ വിടുന്നതും പറഞ്ഞു തീര്‍ക്കാവുന്നതാണ് . പക്ഷെ അവ അപ്പോള്‍ ഒരു സാധാ പൈങ്കിളി നോവല്‍ ആയി മാറുകയേ ഉള്ളൂ . എന്നാല്‍ ഇതേ വിഷയം വിജയന്‍ തന്റെ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനു വളരെ വലിയ മാനങ്ങള്‍ കൈവരികയും അതൊരു നല്ല വായനയുടെ തലത്തിലേക്ക് വളരുകയും ചെയ്തു .

       വിഷയവൈവിധ്യമല്ല ഇതില്‍ പ്രകടമായ വ്യത്യാസം . അത് കൈകാര്യം ചെയ്ത രീതിയാണ് . ആ രീതികൊണ്ട് മാത്രമാണ് ഈനോവലിനു ജീവന്‍ ഉണ്ടായത് എന്ന് വായന അടിയുറപ്പിച്ചു പറയുന്നു . മനുഷ്യമനസ്സിന്റെ ചിന്തകളെയും വ്യാപാരങ്ങളെയും തനത് ശൈലിയില്‍ പ്രകടിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നതില്‍ ഉണ്ടാകുന്ന ആവര്‍ത്തനവിരസത അതുകൊണ്ട് തന്നെ ഇതില്‍ അനുഭവപ്പെടുന്നില്ല . സംഭാഷണങ്ങളുടെ അസ്വാഭാവിക ചലനങ്ങള്‍ മാത്രമാണ് ഒരു അസ്വാരസ്യമായി തോന്നുന്നത് . പക്ഷെ ഒരു ചട്ടക്കൂട്ടില്‍ നിര്‍ത്തി വായിക്കുക എന്നതുകൊണ്ട്‌ സംഭവിക്കുന്നതാകാം അത് എന്ന് തോന്നുന്നു . കാരണം എഴുത്തുകാരന്‍ തന്നെ തുടക്കത്തില്‍ പറയുന്നുണ്ട് സംഭാഷണങ്ങള്‍ മറ്റു ഭാഷക്കാരുടെ കൂടി മനോവ്യാപാരങ്ങള്‍ പ്രകടിപ്പിക്കുന്നത് കൊണ്ട് തനതു ശൈലിയുടെ തനിമ ചിലപ്പോള്‍ ലഭിക്കില്ല എന്നൊരു സൂചന .

      നല്ലൊരു വായനയായിരുന്നു എങ്കിലും സമകാലിക വിവാദങ്ങളില്‍ സക്കറിയ ഉയര്‍ത്തിയ വിജയനിലെ മൃദുഹിന്ദുത്വചലനങ്ങള്‍ കരുണാകര ഗുരു നല്‍കിയ സ്വാധീനവും ഗുരുസാഗരത്തിലെ ഭാഷയും പശ്ചാത്തലവും ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ് എന്ന് തോന്നുന്നു . ഒരു കണക്കിന് അത് ശരിയാണ് എന്ന് തന്നെ മനസ്സിലാക്കാനും കഴിയുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


ദാമ്പത്യം

ദാമ്പത്യം

------------

സമവായങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം .
ജീവിതത്തിന്റെ ,തിരശ്ചീനവും
തികച്ചും വരണ്ടതുമായ പാതയില്‍
ഒരുമിച്ചു സഞ്ചരിക്കുന്നതിനെക്കുറിച്ചും,
അഭിനയങ്ങളും
ഒത്തുതീര്‍പ്പുകളുമായി
അയലത്തുകാരെ കബളിപ്പിക്കുന്നതിനെക്കുറിച്ചും
നമുക്കിനി ചര്‍ച്ച ചെയ്യാം .

ശരീരത്തിന്റെ ദാഹം തീരുവോളം,
കിടക്കയില്‍ പൊരുതിത്തോല്‍ക്കുന്ന
കാടന്‍ യുദ്ധമുറകള്‍ക്ക്
ആസ്വാദനത്തിന്റെ പരിച എങ്ങനെ തീര്‍ക്കാം എന്നും,
ഒരുമിച്ചു ജീവിക്കുമ്പോഴും
നമുക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം
മനസ്സിനിഷ്ടപ്പെട്ട രതിയെങ്ങനെ തുടരാം
എന്നും വിലയിരുത്താം .

കുഞ്ഞുങ്ങളുടെ ജീവിതത്തെ ഭാസുരമാക്കാനും,
അവരെ തന്കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനും
നമുക്കെന്തൊക്കെ ചെയ്യാമെന്നു
കൂട്ടിരുന്നാലോചിക്കാം .
നമുക്ക് നഷ്ടപ്പെടുന്നതൊന്നും
തിരികെ ലഭിക്കില്ലെന്നും,
കാലം ഒരിക്കലും കാത്തു നില്‍ക്കില്ലെന്നുമുള്ള
തിരിച്ചറിവിന്റെ സമവാക്യം
തലച്ചോറില്‍ അടയാളപ്പെടുത്തി വെയ്ക്കാം .

നഷ്ടപ്പെട്ടു പോകുന്ന യൗവ്വനവും
അന്യമാകുന്ന ജൈവവികാരങ്ങളും
ആര്‍ക്കുവേണ്ടിയോ,
എന്തിനു വേണ്ടിയോ
കുരുതികഴിക്കുന്നതിലെ അര്‍ത്ഥമില്ലായ്മയെ
തികച്ചും നിശിതമായി വിമര്‍ശിക്കാം .

നഷ്ടപ്പെടുത്തുന്ന കാലം
നഷ്ടമായി തന്നെ നില്‍ക്കുമെന്നും
വീണ്ടും കൂടണയുന്ന കാലത്തില്‍
മനസ്സിനൊപ്പം ശരീരവും,
ശരീരത്തിനൊപ്പം കാലവും
കൂട്ടില്ലാതിരിക്കുമ്പോള്‍
കെട്ടിപ്പിടിച്ചു കിടക്കാനും,
പ്രണയിക്കാനും
പോയകാലത്തിന്റെ മധുരങ്ങള്‍ ഓര്‍ത്തുവയ്ക്കാനും
എന്തെങ്കിലും ഉണ്ടാകണമെന്നു
നമുക്ക് ഉറപ്പിക്കാം .

നമുക്ക് പ്രായോഗിക ജീവിതത്തില്‍,
കാല്പനികതകള്‍ മാറ്റി വച്ച് ചിന്തിക്കുകയും
യാഥാർത്ഥ്യങ്ങളിൽ ജീവിക്കുകയും
ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാമിനി .
ജീവിതം ഒന്നേയുള്ളൂ എന്നത് മറക്കാതിരിക്കാം .
------ബിജു. ജി. നാഥ് വര്‍ക്കല

Monday, July 9, 2018

പുരുഷ വേശ്യ

സുഖദമാമൊരു രാവെനിക്കേകിയോൻ നീ
ഹൃദയമറിയും കാമുകൻ !
കയറിവന്നൊരുനാളെൻ ജീവിത-
വഴിയിലൊരു നിമിത്തമായ് നീ.
പലകുറി എന്നിലെ വ്യഥിതമാം ചിത്ത-
ത്തെയറിയുവാൻ ശ്രമിച്ചു
സമയമില്ലാത്തൊരെൻ പതിയുടെ
പ്രണയ വേഷം നീ കട്ടെടുക്കുന്നു.
കണ്ണുനീർ തുടച്ചെനിക്കമ്മയും
വാത്സല്യത്തോടണച്ചച്ഛനും
കുസൃതിക്കുറുമ്പുകളിലൂടുണ്ണിയും
സഹായഹസ്തം നീട്ടിയേട്ടനും
ഉപദേശപുസ്തകം തുറന്നമ്മാവനും
കൂട്ടുകൂടിയെൻ പ്രിയ കൂട്ടുകാരനും.
അറിവില്ലായ്മകൾ ചൂണ്ടി ഗുരുവും
അരുതായ്കകൾക്കു വൈദ്യനുമായ്
ഇടവും വലവും മുന്നിലും പിന്നിലും
ഇടവേളയില്ലാതെ നീ പ്രദക്ഷിണം ചെയ്യവേ
ഒരു നാൾ ഞാൻ ക്ഷണിച്ചതോർക്കുന്നു
മമ ശയ്യയിലെന്നുടെ പുതപ്പാകുവാൻ.
ഹൃദയം കൊതിച്ചപോൽ നീയെന്റെ
തനുവിനെ പുളകിതമാക്കിയ നിമിഷങ്ങൾ.
അറിയാതെ പോകും ഞാനെന്നു നിനച്ച
രതിശൈലങ്ങൾ നിന്നിലൂടെ കടക്കവേ ,
വേഷങ്ങളൊക്കെയും ആടിത്തിമർത്ത നീ
ജീവന്റെ ജീവനായെന്നിൽ പടരുന്നു.
ഭൂലോകമൊക്കെയും വിട്ടു ഞാൻ നിന്നിൽ
മൃത്യുവരിക്കും വരേക്കും കഴിഞ്ഞിടാൻ
അത്യധികമാമുത്സാഹമോടെ നിനയ്ക്കവേ,
അറിയുന്നു ഞാൻ നിനക്കൊരുവൾ മാത്രം.
നിന്റെ കാമിനിമാരിൽ പ്രഥമയല്ലിവൾ !
ഒരുപാടുപേരുണ്ട് നിന്നുടെ ജീവിത-
സരണിയിൽ നീയവർക്കെല്ലാമെനിക്കു പോൽ.
എങ്കിലും ഞാൻ കൊതിക്കുന്നു പ്രിയ,
നിൻ മനതാരിൽ ഞാൻ മാത്രമായിരുന്നെങ്കിൽ!
........ ബി.ജി.എൻ വർക്കല

വിധവ എന്നാല്‍ അബലയെന്നല്ല

എന്നെ നോക്കുമ്പോള്‍,
സഹതാപത്തിന്റെ പരാഗങ്ങള്‍
സഹാനുഭൂതിയുടെ മധുലേപനം
കരുണയുടെ നീള്‍മിഴികള്‍
ഒന്നും അരുതരുതു ....
നഷ്ടങ്ങള്‍ എന്റേതാണ്.

ജീവിതം ഞാന്‍ പുനര്‍ നിര്‍മ്മിക്കുകയാണ്
എന്നെ സഹായിക്കേണ്ടത്
എന്നോട് സഹതപിച്ചിട്ടല്ല
എന്നെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ടാണ്.
എന്റെ വഴികളില്‍ തടസങ്ങള്‍ ആകാതെ
ആവശ്യങ്ങളില്‍ വിലപേശാതെ
ഏകാന്തതയ്ക്ക് കൂട്ടു വാഗ്ദാനം ചെയ്യാതെ
സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിച്ചുകൊണ്ടാണ്.

ഇന്നലെവരെ എനിക്ക് കൂട്ടുണ്ടായിരുന്നു.
വച്ചു വിളമ്പുകയും
തൂത്തു തുടയ്ക്കുകയും
കിടന്നുകൊടുക്കുകയും ചെയ്യാന്‍
ഞാന്‍ *വിലകൊടുത്തു വാങ്ങിയൊരാള്‍.
എനിക്ക് ഉണ്ണാനും
ഉടുക്കാനും
എന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും
ബാധ്യസ്ഥനെന്നു ഭാവിച്ചൊരാള്‍.

ഇന്ന് എനിക്കതില്ല .
പക്ഷെ ഞാന്‍ അബലയല്ല
അനാഥയും.
എനിക്കറിയാം ജീവിക്കാന്‍
നിങ്ങള്‍ എന്നെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി
എനിക്ക് വേണ്ടതതു മാത്രം.



*സ്ത്രീധനം 
(ഫേബിയന്‍ ബുക്സിന്റെ നൂറു കവികള്‍ ഇരുന്നൂറു കവിതകള്‍ എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പ്പെട്ട കവിത )

Saturday, July 7, 2018

അവിചാരിതം

അവിചാരിതം
.......................
എനിക്ക് നിന്റെ മുലക്കണ്ണിൻ
ഇരുണ്ട വർണ്ണം പിടിച്ചു പോയി
മറച്ചു വച്ചതും മറഞ്ഞിരുന്നതും
മനസ്സിലാകെയും നിറഞ്ഞു പോയ്

ഇരുട്ടു മുറിയിൽ തനിച്ചിരുന്നു
ഞാൻ ഇമകൾ ചിമ്മാതെ നോക്കവേ
അഴിച്ചു വച്ച നിൻ കഞ്ചുകത്തിൽ
ശലഭമൊന്നു വിരുന്നു വന്നതും
ചെറുചിരിയാൽ വിരലുകൊണ്ടു നീ
തൊടുവാനാഞ്ഞതുമറിഞ്ഞു ഞാൻ

കറുപ്പു നിറമാ കൺതടങ്ങളിൽ
കടന്നു കേറിയ സങ്കടം
കരഞ്ഞു തീർക്കരുതേയിന്നത്
കണ്ടു ഞാൻ കൊതി പൂണ്ടുപോയ്.

പറയുവാനായി കഴിഞ്ഞതില്ലത്
മമഹൃദയമാണെന്നപ്പൊഴും
പറന്നുപോയാ ചുവരിലമരവേ
വിഴുങ്ങിയെന്നെയാ ഗൗളിയും.

തന്നു കളിയായിട്ടെങ്കിലും
നിൻ ഹൃദയമെനിക്കിന്നു നീ.
മടക്കുകില്ലെന്നോർത്ത് ഞാനും
കരുതി വയ്ക്കുന്നെൻ ഉള്ളിലായ്.

പഴയ കാലം തന്ന ചിന്തതൻ
പതിരു നിറഞ്ഞ സദാചാരത്തിൽ
നിറയും മനമതിനാൽ തന്നെ നിൻ
മനമിതൊട്ടുമേ അനുവദിക്കലാ!

സുഭഗേ നീ നിൻ വിരൽ മുനയെൻ
ഹൃദയമതിലൊന്നു തൊടുക വേഗം
കരുതിടട്ടെ ഞാനെന്നുമെന്നുമീ
വഷളജന്മമതിൽ ചേർന്നു പോമെന്ന്.
.... ബി.ജി.എൻ വർക്കല

എന്റെ പ്രണയം

അതിജീവനത്തിന്റെ വേരുകള്‍ തേടലാണ് 
ഉന്മത്തതയുടെ ഭ്രാന്തന്‍ ആരോഹണാവരോഹണങ്ങള്‍ ആണ്
ഒറ്റയാന്റെ കാട് തീണ്ടലാണ്
ഭ്രാന്തു പൂക്കുന്ന താഴ്വരകളില്‍ അലയലാണ്
ഉമ്മ പൂക്കുന്ന വാസന്തമാണ്
ആരാണ് സ്വയം അഗ്നിയിലേക്ക് നടന്നടുക്കാനിഷ്ടപ്പെടുക?
-----ബി.ജി.എന്‍ വര്‍ക്കല  

ശിവപുരാണം ............അമീഷ്


ശിവപുരാണം
(മെലൂഹയിലെ ചിരന്ജീവികള്‍,നാഗന്മാരുടെ രഹസ്യം,വായുപുത്രന്മാരുടെ ശപഥം)
അമീഷ്
വിവര്‍ത്തനം : രാജന്‍ തുവ്വര
പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്



             ചരിത്രം പഠിക്കുന്നതും ചരിത്രത്തിനു ഒപ്പം നടക്കുന്നതും വളരെ സന്തോഷമുള്ള കാര്യങ്ങള്‍ ആണ് . നമ്മുടെ പൂര്‍വ്വകാലം തിരയുന്നതും അറിയുന്നതും നല്ലതാണല്ലോ . കലര്‍പ്പില്ലാത്ത , അതിഭാവുകത്വം ഇല്ലാത്ത ചരിത്രത്തെ വളച്ചൊടിക്കാത്ത ചരിത്രപഠനം പക്ഷെ വളരെ വളരെ കുറവാണ് എന്നതാണ് ഇവിടെ അന്വേഷകരെ കുഴപ്പിക്കുന്ന ഒരു വസ്തുത . ഇന്ന് ചരിത്രത്തെ വളച്ചൊടിക്കുകയും ജനതയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന അധികാരത്തിന്റെ കാലം കൂടിയാണ് .

          അമീഷ് തന്റെ ശിവപുരാണം മൂന്നു വാല്യങ്ങളിലൂടെ മുന്നോട്ടു വയ്ക്കുന്നത് ചരിത്രത്തില്‍ കൂടി ശിവന്‍ എന്ന ദൈവസമവാക്യത്തെ മനുഷ്യമുഖം നല്‍കി സാധാരണക്കാരില്‍ ഇന്നത്തെ ചുറ്റുപാടിലും ചിന്തയിലും നിന്നുകൊണ്ട് അവരെ വിശ്വസിപ്പിക്കുകയും അതുവഴി തങ്ങള്‍ വിശ്വസിച്ചു പോന്ന ദൈവ മഹിമകള്‍ പുതുതലമുറയ്ക്ക് കൂടി മറ്റൊരു വിധത്തില്‍ പകര്‍ന്നു കൊടുത്തുകൊണ്ട് അവരെ തങ്ങളുടെ വിശ്വാസങ്ങളിലേക്ക് കൊണ്ട് വരികയും ചെയ്യുക എന്ന ഗൂഡതന്ത്രം ആണ് . ശിവന്‍ എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്നും ശിവന്റെ ജീവിത കഥകള്‍ പറയുന്ന സംഭവങ്ങള്‍ മനുഷ്യഭാവനയ്ക്ക് അതീതമായതുകൊണ്ടാണ് അവ ഇന്നത്തെ കാലം തള്ളുന്നത് എന്നുമുള്ള കാഴ്ചപ്പാടിലേക്ക് കൊണ്ട്  അതല്ല ആ മനുഷ്യനായി നിന്നുകൊണ്ട് മഹത്തായ ഭാരതസംസ്കാരത്തെ സംരക്ഷിക്കുന്ന കുറച്ചു പേര്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം നശിച്ചുപോയേനെ എന്നുള്ള കാഴ്ചപ്പാടിനെ അമീഷ് മുന്നോട്ടു വയ്ക്കുന്നു . ശിവന്‍ , കാളി , സീത , ഗണപതി , കാര്‍ത്തികേയന്‍ , നന്ദി , ദക്ഷന്‍ , ബ്രഹസ്പതി , രാമന്‍ , പരശുരാമന്‍ , ഭ്രുഗു തുടങ്ങി ഒട്ടെല്ലാ പുരാണ കഥാപാത്രങ്ങളെയും മനുഷ്യരായി നിര്‍ത്തിക്കൊണ്ട് അമാനുഷികതകള്‍ ഇല്ലാതെ പുരാണ കഥയെ പുതിയ തലത്തില്‍ അവതരിപ്പിക്കുന്നു .

        ആയുധങ്ങളെയും യുദ്ധ തന്ത്രങ്ങളെയും, യന്ത്രങ്ങള്‍, ഫാക്ടറികള്‍ , ശാസ്ത്രചിന്തകള്‍ , നിര്‍മ്മിതികള്‍ എന്നിവയെ കടമെടുത്തു അവയെ ആ കാലത്തേക്ക് സന്നിവേശിപ്പിച്ചു അമീഷ് എഴുതുന്ന തിരക്കഥ ഒരു പക്ഷെ സമകാലിക 'അശാസ്ത്ര'ചിന്തകളുടെ ഭാഗമായ ഒരു അധ്വാനം ആയി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ .

         തിബത്തില്‍ നിന്നും വരുന്ന ഗോത്ര മനുഷ്യന്‍ ശിവന്‍ . ശിവനെ മെലൂഹ എന്ന ദക്ഷന്റെ രാജ്യത്തേക്ക് കൊണ്ട് വരുന്നത് നീലകണ്ഠന്‍ എന്ന രക്ഷകനെ ശിവനില്‍ കണ്ടിട്ടാണ് . മെലൂഹയില്‍ വച്ച് നല്‍കുന്ന അമൃത് കഴിക്കുന്നതോടെ ശിവന്റെ കഴുത്തു നീലയാകുകയും അതോടെ നീലകണ്ഠന്‍ എന്ന രക്ഷകനെക്കുറിച്ചുള്ള മെലൂഹന്‍ ഐതിഹ്യം ശരിയാവുകയും ചെയ്യുന്നു . മെലൂഹ തിന്മയെ നശിപ്പിക്കാന്‍ വേണ്ടിയാണ് ശിവനെ കൊണ്ട് വരുന്നത് . അവര്‍ തിന്മ എന്ന് കരുതുന്നത് നാഗന്മാര്‍ എന്ന വിഭാഗത്തെയാണ് . നാഗന്മാര്‍ എന്നാല്‍ ശരീര വൈകൃതത്തോടെ ജനിക്കുന്നമനുഷ്യര്‍ . ഇവരുടെ റാണി ആണ് ദക്ഷന്റെ മകളും വിരൂപയും ആയ കാളി . കാളിയുടെ സഹോദരിയാണ് സതി . സതിയുടെ ആദ്യ മകന്‍ ആണ് ഗണപതി . ഗണപതിയും നാഗന്‍ ആണ് . ഇവരെ ദക്ഷന്‍ നാടുകടത്തിയതിനാല്‍ സതിയ്ക്കും ഇവര്‍ക്കും തമ്മില്‍ ഒരു ബന്ധവും ഇല്ല . മാത്രവുമല്ല സതിയുടെ ആദ്യ വിവാഹത്തില്‍ (നൂറു കൊല്ലം മുന്പ് ആണത്) ജനിച്ച വികൃതക്കുഞ്ഞാണ് ഗണേശന്‍ . സതിയോടു ആ കുഞ്ഞു മരിച്ചു എന്ന് പറഞ്ഞു ദക്ഷന്‍ നാഗന്മാര്‍ക്ക് കൊടുത്തതാണ് ആ കുഞ്ഞിനെ . ഈ നാഗന്മാരെ നശിപ്പിക്കാന്‍ വേണ്ടിയാണ് ശിവനെ കൊണ്ട് വരുന്നത് . ശിവന്‍  സതിയെ ഇഷ്ടപ്പെടുകയും ദക്ഷന്‍ ശിവനെ നഷ്ടമാകാതിരിക്കാന്‍ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്യുന്നു . ഇതിനെ തുടര്‍ന്ന് ശിവന്‍ നാഗന്മാരെ തേടിപ്പോകുകയും ഒടുവില്‍ നാഗന്മാരുടെ രഹസ്യം കണ്ടെത്തി  കാളിയും ഗണപതിയെയും കൂടെ കൂട്ടുകയും അവരല്ല തിന്മ മറിച്ചു അമൃതാണ് തിന്മ എന്ന് തിരിച്ചറിയുകയും ചെയ്യുന്നു . അമൃത് നിര്‍മ്മിക്കുന്നത് മൂലം സരസ്വതി നദി മലിനമാകുകയും അത് മറ്റു നദികളെ മലിനമാക്കി ചിലരാജ്യങ്ങളുടെ ജനങ്ങളില്‍ അര്‍ബുദവും മറ്റും ഉണ്ടാക്കുകയും ചെയ്യുന്നു എന്ന കണ്ടുപിടിത്തം മൂലം ശിവന്‍ വിഷ്ണുവിന്റെ സ്വന്തം ആള്‍ക്കാരായ ഒരു കൂട്ടം സന്യാസിമാരുമായി ചേര്‍ന്ന്, അമൃത് നിര്‍മ്മാണ കമ്പനി തകര്‍ക്കുകയും നദികളെ രക്ഷിക്കുകയും ചെയ്യാനുറച്ചു ദക്ഷനോട് യുദ്ധത്തിനു പുറപ്പെടുന്നു . ഈ യുദ്ധത്തിനു വേണ്ട ആയുധം തിരഞ്ഞു അവര്‍ ശിവന്റെ സ്വന്തം ആള്‍ക്കാരായ വായുപുത്രന്മാരുടെ അടുത്തു ചെല്ലുകയും അവിടെ നിന്നും പാശുപതാസ്ത്രം എന്ന ലക്ഷ്യവേധ മിസൈലുമായി തിരികെ വരികയും ചെയ്യുന്നു .

            ഈ സമയം ശിവനെ ചതിയിലൂടെ കൊല്ലാന്‍ വേണ്ടി ദക്ഷന്‍ തന്റെ പടനായകനുമായി ചേര്‍ന്ന് ഈജിപ്തില്‍ നിന്നും വാടകക്കൊലയാളികളെ കൊണ്ടുവരികയും ശിവന് വേണ്ടി വച്ച കെണിയില്‍ സതി അകപ്പെടുകയും സതി അതി ക്രൂരമായി വധിക്കപ്പെടുകയും ചെയ്യുന്നു . ശിവനും കൂട്ടരും പകയോടെ ദക്ഷനെയും കൂട്ടരെയും മിസൈല്‍ ഇട്ടു കൊല്ലുകയും അതോടെ അമൃതഫാക്ടറി തകരുകയും ഭാരതം രക്ഷപ്പെടുകയും ചെയ്തു . ശിവന്‍ കാളിയും ഗണപതിയും കാര്‍ത്തികേയനുമായി തിബത്തില്‍ തിരികെ പോകുകയും അമൃത് അല്പം മാത്രം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അവിടെ ചില ഏര്‍പ്പാടുകള്‍ ഉണ്ടാക്കുകയും അതിനു കാവലായി ലാമ എന്ന വിഭാഗം മനുഷ്യരെ തയ്യാര്‍ ചെയ്യുകയും ചെയ്തു . പിന്നെ ശിവനും കൂട്ടരും കൈലാസത്തില്‍ പോയി ശേഷം ജീവിതം ധ്യാനവും സതിയുടെ ഓര്‍മ്മയും ആയി കഴിച്ചു കൂട്ടുന്നു .

       അമീഷ് ഈ കഥയ്ക്ക് ശേഷം തുടങ്ങാന്‍ പോകുന്ന കഥയുടെ ത്രെഡ് കൂടി നല്‍കുന്നുണ്ട് . ഇനി വരിക 'യഥാര്‍ത്ഥ മഹാഭാരതകഥ' ആണെന്ന് ഉള്ള സൂചന തന്നിട്ടുണ്ട് . രാമായണം മൂന്നു ഭാഗങ്ങള്‍ ആയി എഴുതിക്കഴിഞ്ഞു . അങ്ങനെ സങ്കല്പ ചരിത്രം പുതിയ തലത്തില്‍ പുതിയ കാഴ്ചപ്പാടില്‍ വിശ്വാസികള്‍ക്ക് നല്‍കുവാന്‍ ഉള്ള അമീഷ് എന്ന ശിവഭക്തന്റെ ദൗത്യത്തില്‍ നിന്നും വളരെ വലിയൊരു സംഭാവനയാണ് ശിവപുരാണം .

       ഒരു കാര്യം സമ്മതിക്കാതെ വയ്യ . ഭാവനയും , കഴിവും ഒത്തിണങ്ങിയ ഒരു നല്ല എഴുത്തുകാരന്‍ ആണ് അമീഷ് . ആ രചനാശൈലിയും നിരീക്ഷണ,വ്യാഖ്യാന പാടവവും തികച്ചും അഭിനന്ദനീയമാണ് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  


Wednesday, July 4, 2018

ഉത്തര ...... അനിതാ ദാസ്.

ഉത്തര(നോവല്‍)
അനിതാദാസ്
ചിന്ത പബ്ലിക്കേഷന്‍സ്
വില : 110 രൂപ


                     നോവല്‍ സാഹിത്യം പലപ്പോഴും എഴുത്തുകാരെ നോവിച്ചില്ലെങ്കിലും വായനക്കാരെ കാര്യമായി നോവിക്കാറുണ്ട്. എഴുത്ത് തൊഴിലാളികള്‍ക്ക് പഞ്ഞമില്ലാതെ വരുന്നതുകൊണ്ട് പ്രസിദ്ധീകരണവ്യാപാരികള്‍ക്ക് അന്നത്തിനു മുട്ടുണ്ടാകുകയില്ല . വായനക്കാര്‍ കൈയ്യില്‍ കരുതുന്ന പണം അവരറിയാതെ മേന്മയുടെ കള്ളയൊപ്പിട്ട പ്രസാധകലോകം പിടിച്ചെടുക്കും . ആത്യന്തികമായി ദോഷം ഉണ്ടാകുന്നത് വായനക്കാരന് മാത്രമാണ് . വിദേശ രാജ്യങ്ങളില്‍ ഓരോ നോവലുകള്‍ക്കും അതിന്റെ രചനയ്ക്കാവശ്യമായ ചുറ്റുപാടുകളും , അവ പ്രതിനിധാനം ചെയ്യുന്ന കാലവും അതിന്റെ അസംസ്കൃത വസ്തുക്കളും എഴുത്തുകാരന് ലഭ്യമാക്കിക്കൊണ്ട് പരിപൂര്‍ണ്ണത ഓരോ വര്‍ക്കിലും അവര്‍ ഉറപ്പു വരുത്തുന്നു . ജനപ്രസിദ്ധി ആര്‍ജ്ജിച്ച ഓരോ എഴുത്തുകള്‍ക്കും ഇത്തരത്തില്‍ നിരന്തരമായ പഠനങ്ങളും ദുഷ്ക്കരങ്ങളായ രചനാകാലങ്ങളും പറയാനുണ്ടാകും . പറഞ്ഞു വരുന്നത് ഒരു രചനയെ മേന്മയുറ്റതാക്കാന്‍ ആ വിഷയത്തെക്കുറിച്ച് നല്ല അറിവും പഠനവും ഗൃഹപാഠവും ആവശ്യമാണ്‌ എന്ന് മനസ്സിലാക്കിക്കാന്‍ വേണ്ടിയാണ് .
                     “ഉത്തര” എന്ന നോവലിന്റെ പുറം കവറില്‍ പ്രസാധകരുടെ വാഗ്ദാനം “ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട നോവല്‍ . സ്ത്രീ ജീവിതത്തിന്റെ ഇനിയും ആവിഷ്കരിക്കപ്പെടാത്ത അനുഭവമേഖലയിലേക്ക് സഞ്ചരിക്കുന്ന കൃതി” എനാണ് . തീര്‍ച്ചയായും ഇത് കണ്ടു വാങ്ങുന്ന ഒരാള്‍ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് അറിയാനും വിശിഷ്യാ ‘സ്ത്രീ ജീവിതത്തിന്റെ ഇനിയും ആവിഷ്കരിക്കപ്പെടാത്ത അനുഭവമേഖല’ എന്തെന്ന് അറിയാനുള്ള വ്യഗ്രതയും കൊണ്ടാകും എന്നതുറപ്പാണ്.  തീര്‍ച്ചയായും അത്തരം ഒരു പഠനം , അറിവ് തേടി ഈ പുസ്തകം വാങ്ങുന്നവര്‍ നിരാശരാകും എന്നൊരു ആമുഖത്തോടെ ഈ നോവലിന്റെ വിഷയം അവതരിപ്പിക്കാം .
                     ഇന്ത്യയില്‍ നിലവില്‍ ഇരുന്നതും ഇന്ന് ഏകദേശം ഇല്ലാതായതുമായ ഒരു സമ്പ്രദായം ആണ് ദേവദാസി സമ്പ്രദായം . ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു സമ്പ്രദായം ആണ് ഇതെന്ന് പറയാം . ക്ഷേത്ര ജോലികള്‍ ചെയ്യാനും നൃത്തകലകള്‍ അവതരിപ്പിക്കാനും വേണ്ടി ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന കന്യകകള്‍ ആയ പെണ്‍കുട്ടികള്‍ ആണ് ദേവദാസികള്‍ . ഇന്നത്തെ കാലഘട്ടത്തില്‍ ഇരുന്നു ഇതിനെ വിവക്ഷിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ ചുവന്ന തെരുവുകളിലെ അന്തേവാസികള്‍ ആയിരുന്നു ദേവദാസികള്‍ എന്ന് മനസ്സിലാക്കാം. ശരീരം ആവശ്യക്കാര്‍ക്ക് പ്രതിഫലം വാങ്ങി ഉപയോഗിക്കാന്‍ വിട്ടുകൊടുക്കുന്ന സ്ത്രീകള്‍ . ഏഴുതരം ദേവദാസികള്‍ ഉണ്ട് എന്ന് പഴയ കാല ചരിത്ര രേഖകള്‍ പറയുന്നുണ്ട് . ആയിരത്തിത്തോള്ളായിരത്തി മുപ്പത്തിനാലില്‍ ഇത് തിരുവിതാംകൂറില്‍ നിരോധിക്കുകയുണ്ടായി എന്ന് പറയുമ്പോള്‍ ഇത് ശക്തമായി നിലനിന്നിരുന്ന കാലഘട്ടം എവിടെവരെ എന്ന് ഏകദേശം മനസ്സിലാകും എന്ന് കരുതുന്നു .
                    ഉത്തര എന്ന പെണ്‍കുട്ടി ഋതുമതിയായ ഉടന്‍ കീഴ്വഴക്കം അനുസരിച്ച് ദേവദാസിയായി അവളെ നല്‍കിക്കൊണ്ട് ദരിദ്രനായ അവളുടെ അച്ഛന്‍ അവളുടെ ബാക്കി വരുന്ന കുടുംബത്തിന്റെ ജീവിതം ഭദ്രമാക്കി . ക്ഷേത്രത്തില്‍ സമര്‍പ്പിക്കല്‍ എന്ന ചടങ്ങ് കഴിഞ്ഞതോടെ അവള്‍ ഒരു ജമീന്ദാരുടെ ദാസിപ്പുരയിലേക്ക് എത്തപ്പെടുന്നതും അവിടെ വച്ച് അവളുടെ കന്യകാത്വം നശിക്കുന്നതും അവളെ സ്നേഹിച്ച ചെറുപ്പക്കാരന്‍ (ആ ജമീന്ദാരുടെ മകന്‍) അവളെ അവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം (അവന്‍ യുവാവായ ശേഷം) കടത്തിക്കൊണ്ടു പോകുന്നതും രക്ഷപ്പെടല്‍ ശ്രമത്തില്‍ രണ്ടുപേരും വേറിട്ട്‌ പോകുന്നതും അവള്‍ മറ്റൊരു നാട്ടില്‍ മറ്റൊരു ജമീന്ദാരുടെ ദാസിയാകുന്നതും അയാളുടെ ലൈംഗികവൈകൃതങ്ങള്‍ കൊണ്ട് ഭയന്ന് അവിടെനിന്നും രക്ഷപ്പെടുന്നതും അവളുടെ കാമുകന്‍ മദ്യപാനിയായി ജീവിതം തുലയ്ക്കുന്നതും ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ രണ്ടുപേരും ഒന്നിക്കുന്നതും  അതോടെ രണ്ടുപേരും മരിക്കുകയും ആ സമയം പശ്ചാത്തലത്തില്‍ ദേവദാസി സമ്പ്രദായത്തിന്‌ എതിരെ നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്നതും ആണ് നോവല്‍ പറയുന്നത് . ഒരു മാഗസിനിലെ നോവലെറ്റ് ആയോ അല്ലെങ്കില്‍ എതെങ്കിലും  വാരികയിലെ തുടര്‍ നോവല്‍ ആയോ ഇന്നത്തെ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയാല്‍ രണ്ടു മൂന്നുകൊല്ല്ലം കൊണ്ട് നടക്കാവുന്നതോ  ആയ ഒരു രചനയായി മാത്രമേ ഇത് വായിക്കാന്‍ കഴിഞ്ഞുള്ളു.
എഴുത്തിലെ ഉദാസീനതയും , വിഷയങ്ങളില്‍ തൊടാതെ ഒരു കഥ പറഞ്ഞു പോകുന്ന രീതിയില്‍ അവതരിപ്പിച്ചതും കഥ പറച്ചിലില്‍ പോലും നാടോടിക്കഥ വായിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതും ആയ ശൈലി നോവലിനെ തികച്ചും മുരടിപ്പിച്ച ഒരു വായനാനുഭവം നല്‍കി. ചരിത്രപരമായി ഒന്നും തന്നെ അവകാശപ്പെടാന്‍ ഇല്ല്ലാത്ത ഈ നോവലില്‍ ‘സ്ത്രീ ജീവിതത്തിനെ ഇനിയും ആവിഷ്ക്കരിക്കാത്ത ആ അനുഭവമേഖല’ എന്തെന്ന് എത്ര വട്ടം ആലോചിച്ചിട്ടും പിടികിട്ടിയതുമില്ല. എന്തായാലും ഇങ്ങനെ ഒരു സാഹസം ഒട്ടും ചിന്തിക്കാതെ ലാഘവത്തോടെ ചെയ്തു തീര്‍ത്ത എഴുത്തുകാരിക്ക് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല