Wednesday, July 11, 2018

ദാമ്പത്യം

ദാമ്പത്യം

------------

സമവായങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം .
ജീവിതത്തിന്റെ ,തിരശ്ചീനവും
തികച്ചും വരണ്ടതുമായ പാതയില്‍
ഒരുമിച്ചു സഞ്ചരിക്കുന്നതിനെക്കുറിച്ചും,
അഭിനയങ്ങളും
ഒത്തുതീര്‍പ്പുകളുമായി
അയലത്തുകാരെ കബളിപ്പിക്കുന്നതിനെക്കുറിച്ചും
നമുക്കിനി ചര്‍ച്ച ചെയ്യാം .

ശരീരത്തിന്റെ ദാഹം തീരുവോളം,
കിടക്കയില്‍ പൊരുതിത്തോല്‍ക്കുന്ന
കാടന്‍ യുദ്ധമുറകള്‍ക്ക്
ആസ്വാദനത്തിന്റെ പരിച എങ്ങനെ തീര്‍ക്കാം എന്നും,
ഒരുമിച്ചു ജീവിക്കുമ്പോഴും
നമുക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം
മനസ്സിനിഷ്ടപ്പെട്ട രതിയെങ്ങനെ തുടരാം
എന്നും വിലയിരുത്താം .

കുഞ്ഞുങ്ങളുടെ ജീവിതത്തെ ഭാസുരമാക്കാനും,
അവരെ തന്കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനും
നമുക്കെന്തൊക്കെ ചെയ്യാമെന്നു
കൂട്ടിരുന്നാലോചിക്കാം .
നമുക്ക് നഷ്ടപ്പെടുന്നതൊന്നും
തിരികെ ലഭിക്കില്ലെന്നും,
കാലം ഒരിക്കലും കാത്തു നില്‍ക്കില്ലെന്നുമുള്ള
തിരിച്ചറിവിന്റെ സമവാക്യം
തലച്ചോറില്‍ അടയാളപ്പെടുത്തി വെയ്ക്കാം .

നഷ്ടപ്പെട്ടു പോകുന്ന യൗവ്വനവും
അന്യമാകുന്ന ജൈവവികാരങ്ങളും
ആര്‍ക്കുവേണ്ടിയോ,
എന്തിനു വേണ്ടിയോ
കുരുതികഴിക്കുന്നതിലെ അര്‍ത്ഥമില്ലായ്മയെ
തികച്ചും നിശിതമായി വിമര്‍ശിക്കാം .

നഷ്ടപ്പെടുത്തുന്ന കാലം
നഷ്ടമായി തന്നെ നില്‍ക്കുമെന്നും
വീണ്ടും കൂടണയുന്ന കാലത്തില്‍
മനസ്സിനൊപ്പം ശരീരവും,
ശരീരത്തിനൊപ്പം കാലവും
കൂട്ടില്ലാതിരിക്കുമ്പോള്‍
കെട്ടിപ്പിടിച്ചു കിടക്കാനും,
പ്രണയിക്കാനും
പോയകാലത്തിന്റെ മധുരങ്ങള്‍ ഓര്‍ത്തുവയ്ക്കാനും
എന്തെങ്കിലും ഉണ്ടാകണമെന്നു
നമുക്ക് ഉറപ്പിക്കാം .

നമുക്ക് പ്രായോഗിക ജീവിതത്തില്‍,
കാല്പനികതകള്‍ മാറ്റി വച്ച് ചിന്തിക്കുകയും
യാഥാർത്ഥ്യങ്ങളിൽ ജീവിക്കുകയും
ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാമിനി .
ജീവിതം ഒന്നേയുള്ളൂ എന്നത് മറക്കാതിരിക്കാം .
------ബിജു. ജി. നാഥ് വര്‍ക്കല

No comments:

Post a Comment