Saturday, July 21, 2018

ശീതനിദ്ര...................... കെ. എ. ബീന


ശീതനിദ്ര (കഥകള്‍)
കെ. എ. ബീന
കറന്റ് ബുക്സ്
വില: 70 രൂപ


                             നോവല്‍ വായന പോലെ ലളിതമാകില്ല കഥാസമാഹാരം വായിക്കുക എന്നത് . എന്തുകൊണ്ടെന്നാല്‍ നോവല്‍ ഒരു ജീവിതത്തെ പറഞ്ഞു പോകുന്ന കലാരൂപം ആണെങ്കില്‍ കഥകള്‍ പല ജീവിതങ്ങള്‍ ഒരുകുടക്കീഴില്‍ നില്‍ക്കുന്ന കാഴ്ചയാണ് തരിക. എന്നാല്‍ ഇത്തരം കഥകള്‍ പലപ്പോഴും വിരസതയുടെ വേനല്‍ക്കാഴ്ചകള്‍ നല്കുന്നവയാകും എന്നതുകൊണ്ട്‌ തന്നെ കഥാവായനകള്‍ അലസതയോടെ വായിച്ചു പോകുകയോ പേജ് മറിച്ചു വിടുകയോ ചെയ്തു അരിശം തീര്‍ക്കാന്‍ തോന്നിപ്പോകാറുണ്ട്‌. നല്ല കഥകള്‍ കേള്‍ക്കുക അല്ലെങ്കില്‍ വായിക്കുക എന്നത് മനസ്സിന് ആനന്ദം നല്‍കുന്ന സംഗതിയാണ് . ഓരോ മനുഷ്യനിലും ഒരു കുട്ടി ഒളിഞ്ഞിരിപ്പുണ്ട് . കഥകള്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടി . ആ കുട്ടിയുടെ കൗതുകങ്ങളെ തൊട്ടു തലോടി കടന്നു പോകാന്‍ കഴിയുന്ന എഴുത്തുകള്‍ക്ക് മാത്രമേ മനസ്സില്‍ ഇടം നേടാന്‍ കഴിയാറുമുള്ളൂ.
                  'കെ എ ബീന' എന്ന എഴുത്തുകാരിയുടെ ഭാഷ പലപ്പോഴും വളരെ ലളിതവും മനോഹരവും ഒരു പൂച്ചക്കുഞ്ഞിന്റെ മൃദുത്വവും നല്‍കിയിട്ടുണ്ട് വായനയില്‍ . പക്വതയും മാനുഷികവും ആയ കാഴ്ചപ്പാടുകള്‍ എപ്പോഴും ബീനയുടെ എഴുത്തുകളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . അത് യാത്രാവിവരണങ്ങളില്‍ ആയാലും കഥകളില്‍ ആയാലും ഓര്‍മ്മക്കുറിപ്പുകളില്‍ ആയാലും അനുഭവിക്കാന്‍ കഴിയുന്ന ഒന്നാണ് . "ശീതനിദ്ര" ഇത്തരം മനോഹരഭാഷയുടെ പതിനേഴു കഥകള്‍ ആണ് . 'ശീതനിദ്ര' മുതല്‍ 'ബീ മൊബൈല്‍' വരെയുള്ള ആ കഥകളില്‍ എല്ലാം തന്നെ വീട്ടകങ്ങള്‍ ഉണ്ട് . സ്ത്രീ മനസ്സുണ്ട് . ജീവിതത്തിന്റെ ഭാഷയും സൗന്ദര്യവും ഉണ്ട് . വായനക്കാര്‍ക്കൊരിക്കലും അതൃപ്തിതരാതെ വായനയെ കൂടെ നടത്തിക്കുന്ന ഒരു അദൃശ്യനൂലുണ്ട്‌ കഥകളില്‍ എല്ലാം തന്നെ .
                കമ്യൂണിസത്തിന്റെ തകര്‍ച്ചയും വളര്‍ച്ചയും കാഴ്ചയാകുന്ന റഷ്യന്‍മണ്ണില്‍ ലെനിന്റെ ശവം അവസാനമായി കണ്ടു അതിനെ മറവു ചെയ്യുന്നതിന് എതിരെ വോട്ടു ചെയ്യാന്‍ പെട്ടി തേടുന്ന കറകളഞ്ഞ കമ്യൂണിസ്റ്റ്കാരനായ മലയാളിയില്‍ നിന്നും ഒരേ വീടിന്റെ ഉമ്മറത്തും അടുക്കളയിലും മുറികളിലും അയല്‍ വീടുകളിലും  ആശയവിനിമയത്തിന് മൊബൈല്‍ ഫോണ്‍ കടന്നുവരുന്ന മലയാളിയിലേക്ക് ബീന വായനക്കാരെ കൈ പിടിച്ചു നടത്തുമ്പോള്‍ അതിനാല്‍ തന്നെ ആര്‍ക്കും മുഷിവിന്റെ ഒരു ചെറു പരലുപോലും അവശേഷിക്കില്ല വായനയില്‍ . 'മാനിക്വീന്‍' എന്ന കഥയുടെ ജൈവ രസതന്ത്രത്തില്‍ കുടുംബത്തിനുള്ളില്‍ എരിഞ്ഞു തീരുന്ന ദാമ്പത്യത്തിലെ ഇരുണ്ട വശങ്ങളെ രതിയുടെ ഒട്ടും തന്നെ കടന്നുകയറ്റം ഭാഷകളില്‍ കടത്തിവിടാതെ എത്ര മനോഹരമായി പറയുന്നു എന്നത് ബീന എന്ന എഴുത്തുകാരിയുടെ രചനാവൈഭവമായി കാണണം. 'മൃത്യന്ജയ'ത്തില്‍   സൗഹൃദത്തിന്റെ നനുത്ത നാരുകള്‍ കൊണ്ട് കെട്ടിയ കൂട്ടത്തില്‍ നിന്നൊരാള്‍ പറന്നു പോകുമ്പോള്‍ അയാളുടെ അവസാനത്തെ ആഗ്രഹം നിറവേറ്റുന്ന സുഹൃത്തുക്കള്‍ കണ്ണ് നിറയിക്കുന്ന കാഴ്ച ആയിരുന്നു. അതുപോലെതന്നെ എഴുത്തുകാരി എന്നാല്‍ സമൂഹത്തിനു എന്നും അയിത്തക്കാരിയാണ് എന്ന ചിന്തയുടെ നല്ലൊരു ചിത്രമായിരുന്നു 'വില്‍പ്പത്രം'. അമ്മയുടെ മരണശേഷം സ്വത്തുക്കള്‍ വീതിക്കാന്‍ കാത്തുനിന്ന മക്കള്‍ക്ക് അറിയാന്‍ കഴിയുന്നത് തന്റെ സമ്പാദ്യത്തില്‍ പാതിയായ വീടും പറമ്പും എഴുത്തുകാരുടെ ട്രസ്റ്റ് രൂപീകരിക്കുവാന്‍ അവ നീക്കി വച്ചിരിക്കുന്നതും  ബാക്കി പകുതി താന്‍ ഇതുവരെ എഴുതിയ കഥകളും ആത്മകഥയും മക്കള്‍ക്ക് എടുക്കാവുന്നതുമാണ് എന്നായിരുന്നു . അനന്തരം ആ ശവം മാത്രം ആ ഹാളില്‍ അവശേഷിക്കുന്നു . ഒപ്പം നിശബ്ദമായ ചില ചോദ്യങ്ങളും .
              പ്രതീകാത്മകമായി ഒരു 'കഴുത്തുപട്ട'യിലൂടെ തനിക്ക് അനുസരണയുള്ള ഒരു മൃഗത്തിനെ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന നായികയുടെ അന്വേഷണങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു എന്ന് പറയാതെ വയ്യ . അതുപോലെ ടീ വി റിപ്പോര്‍ട്ടര്‍ ആയ യുവതി വാര്‍ത്തകളില്‍ നിന്നും ജീവിതത്തിലേക്ക് നോക്കി പകച്ചു നില്‍ക്കുകയും തന്നില്‍ നിന്നും അകന്നുപോയ മാനുഷിക വികാരങ്ങളെ കുറിച്ച് ഓര്‍ക്കുകയും ചെയ്യുന്ന 'കരയാന്‍ കഴിയാത്തവര്‍' ഇന്നത്തെ യാന്ത്രിക ജീവിതത്തിലെ ഒരു നേര്‍ക്കാഴ്ച ആയിരുന്നു . 'പുണ്യവാളനും' 'നിലാവിന്റെ നിറവും' മാനുഷിക വികാരങ്ങളുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വളരെ നല്ല ചിത്രങ്ങള്‍ വരച്ചിട്ടപ്പോള്‍ 'എല്‍വിറ അമാന്‍ഡ' ഒറ്റപ്പെടുന്ന മാതൃത്വങ്ങളുടെ ആധുനിക ജീവിത സങ്കേതങ്ങളില്‍ പെട്ട് മാനസികാഘാതങ്ങളില്‍ തകര്‍ന്നു പോകുന്ന ദുരന്തമായിരുന്നു പങ്കു വച്ചത് . ഒറ്റപ്പെടലില്‍ നിന്നും അവര്‍ നടന്നുകയറിയ സോഷ്യല്‍ മീഡിയയും അവിടെ നിന്നും പരിചയപ്പെടുന്ന എല്‍വിറ അമാന്‍ഡയും തന്റെ വളര്‍ത്തു പൂച്ചയും  വളരെ നന്നായി ഒരു വിധത്തില്‍ പറഞ്ഞാല്‍ മാനസികപഠനമികവോടെ അവതരിപ്പിച്ച ഒരു കഥയായിരുന്നു അത്. 'ആത്മകഥ'യും കെമിക്കല്‍ സപ്ലിമെന്റും'മകള്‍' തുടങ്ങിയവയും വളരെ നല്ല കഥകള്‍ ആയിരുന്നു . ഏറെ നോവിച്ചത് നാലുവയസ്സുകാരിയായ മകള്‍ , തന്നെ നോവിച്ചതാര് എന്നറിയാതെ മരിക്കാന്‍ വേണ്ടി ആശുപത്രിയില്‍ കണ്ണുകള്‍ ഇറുക്കി അടച്ചു കിടക്കുന്ന 'രാക്ഷസന്‍'എന്ന കഥയായിരുന്നു . 
                            ഓരോ കഥയും ഒരു ലോകമായിരുന്നു . ഓരോ ലോകത്തും ഒരു സ്ത്രീ ഉണ്ടായിരുന്നു . അവളുടെ വ്യക്തമായ കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നു . 'പകലുകളുടെ റാണി' എന്നത് ഒരു വേലക്കാരിയുടെ  പകല്‍ ജീവിതക്കാഴ്ചയായിരുന്നു .  വളരെ കൗതുകവും ഒപ്പം തന്നെ നൊമ്പരവും നല്‍കിയതായിരുന്നത്. വീട്ടമ്മ പോയിക്കഴിഞ്ഞാല്‍ ഉടന്‍ അവള്‍ വസ്ത്രം മാറി വീട്ടമ്മയായി ജീവിക്കുന്നതും വീട്ടമ്മ വരും മുന്നേ വസ്ത്രം മാറി വേലക്കാരിയായി മാറുന്നതും ഒരുപക്ഷെ മറ്റാരും എഴുതിയിട്ടുണ്ടാകില്ല എന്ന് തോന്നി . വായനയില്‍ മികച്ച പതിനേഴു കഥകളുമായി കെ എ ബീനയുടെ ശീതനിദ്ര നില്‍ക്കുന്നു . തീര്‍ച്ചയായും മുഷിവു ഉണ്ടാക്കാത്ത ഒരു നല്ല വായന അത് ഉറപ്പു നല്‍കുന്നുണ്ട് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment