Monday, July 23, 2018

കാപ്പിരികളുടെ നാട്ടില്‍...................എസ്.കെ.പൊറ്റക്കാട്


 കാപ്പിരികളുടെ നാട്ടില്‍ (യാത്രാവിവരണം)
എസ്.കെ.പൊറ്റക്കാട്
ഡി സി ബുക്സ്
വില : 100 രൂപ


            ഓരോ സഞ്ചാരിയും ഒരന്വേഷകന്‍ ആണ്. തന്റെ തന്നെ ഭൂതകാലം തേടിയുള്ള , തന്റെ ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്രയിലാണ് അവന്‍ . ഭൂഖണ്ഡങ്ങള്‍ കടന്നു അവന്‍ തന്റെ യാത്രകള്‍ തുടരുന്നു . ഒരര്‍ത്ഥത്തില്‍  മനുഷ്യര്‍ എന്നും സഞ്ചാരികള്‍ ആയിരുന്നു. ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയില്‍ നിന്നും ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക് മുന്നേ അവന്‍ തന്റെ യാത്ര തുടങ്ങിയിരുന്നുവല്ലോ . അതിജീവനത്തിനും സുരക്ഷയ്ക്കും വേണ്ടി തന്റെ പലായനങ്ങള്‍ ഒരു തുടര്‍ച്ച പോലെ അവന്‍ ചെയ്തുകൊണ്ടേയിരുന്നു . ഒപ്പം അവന്‍ ചിലതു പകരുകയും ചെയ്തു. ഓരോ ഇടങ്ങളിലും അവന്‍ അനുയോജ്യമായ അനുകൂലനങ്ങള്‍ കണ്ടും, മിനഞ്ഞും അവനിലെ ജീവിതത്തെ പിടിച്ചു കെട്ടി . സമൂഹങ്ങള്‍ ഉണ്ടായി. സംസ്കാരങ്ങള്‍ ഉണ്ടായി . ഒടുവില്‍ മതവും ദൈവവും ഉണ്ടായി. മനുഷ്യന്‍ ഇന്ന് പലായനം ചെയ്യുന്നത് മതത്തിന്റെ കരാളതയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ആണെന്ന അവസ്ഥയിലേക്ക് മാനവരാശി വന്നെത്തിയിരിക്കുന്നു .
        ചരിത്രം തേടിയുള്ള യാത്രയിലാണ് ഇപ്പോള്‍ ചിലരെങ്കിലും . തങ്ങള്‍ ഉപേക്ഷിച്ചു വന്നതും , തങ്ങള്‍ കാണാതെ പോയതും അറിയാനും അറിയിക്കാനും വേണ്ടിയുള്ള യാത്രകള്‍ . നമുക്ക് നഷ്ടപ്പെട്ട പച്ചപ്പുകളും , നമ്മള്‍ ഉപേക്ഷിച്ചു കളഞ്ഞ നമുക്കിന്നു അപരിഷ്കൃതങ്ങള്‍ ആയ പലതും കണ്ടെത്താന്‍ ഉള്ള യാത്ര . അത്തരം യാത്രകളെ ചിലരെങ്കിലും രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്‌ . അത് സത്യാന്വേഷകന്റെ കടമയാണ് . അത് വരും തലമുറയ്ക്ക് തങ്ങളെ അറിയാന്‍ ഉള്ള ഒരു വഴികാട്ടിയും . അതുകൊണ്ട് തന്നെ യാത്രാവിവരണങ്ങള്‍, സഞ്ചാര സാഹിത്യ ശാഖ മനുഷ്യര്‍ക്ക് എന്നും വളരെ ഉപകാരപ്രദമായ ഒരു നിധിയാണ്‌ . പലപ്പോഴും പക്ഷെ ഇത്തരം യാത്രാ വിവരണങ്ങള്‍ പങ്കു വയ്ക്കുക മതപരമായ സഞ്ചാരങ്ങളും ആകര്‍ഷകമായ ഭക്തിയും ആണ് . ജറുസലേമിലേക്കോ ഹിമാലയത്തിലേക്കോ മക്കയിലേക്കോ ഒക്കെയുള്ള സഞ്ചാരങ്ങളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷങ്ങള്‍ വിവരിക്കുന്നതില്‍ കവിഞ്ഞു ചിലര്‍ക്ക് ആനന്ദം മറ്റൊന്നില്ല തന്നെ . ഇതില്‍ നിന്നും ഘടക വിപരീതമായി ഭൂപ്രദേശങ്ങളുടെ വിശേഷങ്ങളും പ്രത്യേകതകളും, ആചാരങ്ങളും മനുഷ്യപ്രകൃതങ്ങളും നമുക്ക് വിവരിച്ചു തരുന്ന യാത്രാവിവരണങ്ങള്‍ ഇല്ലാതില്ല . അടുത്തിടെ വായിച്ച കെ എ ബീന , സര്‍ഗ്ഗ റോയ് , തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വ്യത്യസ്ഥത ഉള്ളവയായിരുന്നു . ബീന റഷ്യയുടെ കാഴ്ചയെ അടയാളപ്പെടുത്തിയപ്പോള്‍ സര്‍ഗ്ഗ കെനിയ എന്ന ഇരുണ്ട ഭൂഖണ്ഡം അടയാളപ്പെടുത്തി . ഇവയോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് 'എസ് കെ പൊറ്റക്കാട്' എഴുതിയ "കാപ്പിരികളുടെ നാട്ടില്‍" കൂടി  വായിക്കുമ്പോള്‍ ആശ്വാസം തോന്നുക പതിവ് രീതികള്‍ ഒന്നും തന്നെ ഇവിടെങ്ങും ആവര്‍ത്തിച്ചു കണ്ടില്ല എന്നത് തന്നെയാണ് . വൈകിയാണ് പൊറ്റക്കാടിനെ വായിക്കാന്‍ കഴിഞ്ഞത് .  അദ്ദേഹം തന്റെ കാപ്പിരികളുടെ നാട്ടില്‍ എഴുതിയത് ബ്രിട്ടിഷ്കാര്‍ ഇന്ത്യ വിട്ടുപോയ കാലത്തെ സഞ്ചാരത്തെ ആണ് . ആ കാലഘട്ടത്തിലെ ആഫ്രിക്കയെ , ആഫ്രിക്കയുടെ ചില ഭാഗങ്ങളെ അവിടത്തെ കാഴ്ചകളെ വളരെ മനോഹരമായി തന്നെ പറഞ്ഞു പോകുന്നുണ്ട് ഈ പുസ്തകത്തില്‍ .
         വളരെ നയനമാനോഹരമായ ഒരു കാഴ്ച അനുഭവേദ്യമാക്കുന്ന വിക്ടോറിയ വെള്ളച്ചാട്ടവും നൈസ്ലാന്റ്, റോഡേഷ്യ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ സ്വഭാവവും , വേഷവും ഒക്കെ വളരെ കൗതുകമുണര്‍ത്തിയ സംഗതികള്‍ ആണ് . യുവ എന്ന ഗോത്ര വിഭാഗങ്ങള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ലൈംഗിക വിഷങ്ങള്‍ക്ക് ക്ലാസ് നടത്തി അതില്‍ വിജയിക്കുന്നവരെ മാത്രം അംഗീകരിക്കുന്ന വിശേഷങ്ങളും , മുന്‍വരിയിലെ രണ്ടു പല്ലുകള്‍ കരിച്ചു കളയുന്ന ജനതയുടെ ആ വിശ്വാസത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ വിശദീകരിക്കുന്നതും പുതിയ അറിവുകള്‍ ആയിരുന്നു . ഒരാള്‍ മരിച്ചപ്പോള്‍ അയാള്‍ക്ക് ജലം കൊടുക്കാന്‍ വായ തുറക്കാന്‍ കഴിയാതെ പോയതിനാല്‍ ഇനി ആര് മരിച്ചാലും ആ ഒരു ദുര്‍വ്വിധി വരാതിരിക്കാന്‍ വേണ്ടി രണ്ടു പല്ലുകള്‍ കളയുന്നതാണ് എന്ന വിശദീകരണം നിലവില്‍ ഉള്ള പല മതാചാരങ്ങളെയും ഓര്‍മ്മിപ്പിച്ചു . അതുപോലെ കാപ്പിരികളുടെ ഇടയില്‍ അവരെ വഞ്ചിച്ചു പണക്കാരായി , ജന്മികളെ പോലെ ജീവിക്കുന്ന ഇന്ത്യാക്കാരുടെ വിശേഷങ്ങള്‍ കാണാന്‍ കഴിഞ്ഞു . ലോകത്തു എവിടെയും എന്നപോലെ മലയാളികളുടെ സജീവ സാന്നിധ്യം ഇവിടെയും കാണാന്‍ കഴിഞ്ഞു. ആഫ്രിക്കയില്‍ വിവേചനം അനുഭവിക്കുന്ന ഇന്ത്യാക്കാരെ മാത്രം കേട്ടറിഞ്ഞവര്‍ക്ക് ഇത്തരം വായനകള്‍ തങ്ങളുടെ കാഴ്ചപ്പാടിനെ നവീകരിക്കുവാന്‍ ഉപയോഗമാകും എന്ന് കരുതുന്നു .
            കാടിന്റെയും നാടിന്റെയും സംസ്കാരവും വൈവിധ്യവും പറയാന്‍ പക്ഷെ അധികമൊന്നും കഴിഞ്ഞിട്ടില്ല എന്ന ഖേദം വായനയില്‍ ഉണ്ടായി . പലപ്പോഴും അപൂര്‍ണ്ണതയായിരുന്നു വിവരണങ്ങള്‍. ജനജീവിതത്തിനിടയില്‍ ജീവിച്ചു പഴകാതെ , ഒരു ദിവസമോ ഒരു മണിക്കൂറോ ചിലവഴിച്ചു കിട്ടുന്ന വിവരങ്ങളെ പലപ്പോഴും ഉപരിപ്ലവമായ കാഴ്ചകള്‍ ആയി നമുക്ക് കാണേണ്ടി വരും . എങ്കിലും പൊതുവേ ഒരു ജനതയുടെ അടയാളപ്പെടുത്തല്‍ എന്ന രീതിയില്‍ വളരെ നല്ല ഒരു വായന നല്‍കി ഈ പുസ്തകം . പുതിയ നാടുകള്‍ , സംസ്കാരം , ജനത തുടങ്ങിയവ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരം ചെയ്യുന്ന ഒരു പുസ്തകം ആണിത് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment