Wednesday, July 4, 2018

ഉത്തര ...... അനിതാ ദാസ്.

ഉത്തര(നോവല്‍)
അനിതാദാസ്
ചിന്ത പബ്ലിക്കേഷന്‍സ്
വില : 110 രൂപ


                     നോവല്‍ സാഹിത്യം പലപ്പോഴും എഴുത്തുകാരെ നോവിച്ചില്ലെങ്കിലും വായനക്കാരെ കാര്യമായി നോവിക്കാറുണ്ട്. എഴുത്ത് തൊഴിലാളികള്‍ക്ക് പഞ്ഞമില്ലാതെ വരുന്നതുകൊണ്ട് പ്രസിദ്ധീകരണവ്യാപാരികള്‍ക്ക് അന്നത്തിനു മുട്ടുണ്ടാകുകയില്ല . വായനക്കാര്‍ കൈയ്യില്‍ കരുതുന്ന പണം അവരറിയാതെ മേന്മയുടെ കള്ളയൊപ്പിട്ട പ്രസാധകലോകം പിടിച്ചെടുക്കും . ആത്യന്തികമായി ദോഷം ഉണ്ടാകുന്നത് വായനക്കാരന് മാത്രമാണ് . വിദേശ രാജ്യങ്ങളില്‍ ഓരോ നോവലുകള്‍ക്കും അതിന്റെ രചനയ്ക്കാവശ്യമായ ചുറ്റുപാടുകളും , അവ പ്രതിനിധാനം ചെയ്യുന്ന കാലവും അതിന്റെ അസംസ്കൃത വസ്തുക്കളും എഴുത്തുകാരന് ലഭ്യമാക്കിക്കൊണ്ട് പരിപൂര്‍ണ്ണത ഓരോ വര്‍ക്കിലും അവര്‍ ഉറപ്പു വരുത്തുന്നു . ജനപ്രസിദ്ധി ആര്‍ജ്ജിച്ച ഓരോ എഴുത്തുകള്‍ക്കും ഇത്തരത്തില്‍ നിരന്തരമായ പഠനങ്ങളും ദുഷ്ക്കരങ്ങളായ രചനാകാലങ്ങളും പറയാനുണ്ടാകും . പറഞ്ഞു വരുന്നത് ഒരു രചനയെ മേന്മയുറ്റതാക്കാന്‍ ആ വിഷയത്തെക്കുറിച്ച് നല്ല അറിവും പഠനവും ഗൃഹപാഠവും ആവശ്യമാണ്‌ എന്ന് മനസ്സിലാക്കിക്കാന്‍ വേണ്ടിയാണ് .
                     “ഉത്തര” എന്ന നോവലിന്റെ പുറം കവറില്‍ പ്രസാധകരുടെ വാഗ്ദാനം “ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട നോവല്‍ . സ്ത്രീ ജീവിതത്തിന്റെ ഇനിയും ആവിഷ്കരിക്കപ്പെടാത്ത അനുഭവമേഖലയിലേക്ക് സഞ്ചരിക്കുന്ന കൃതി” എനാണ് . തീര്‍ച്ചയായും ഇത് കണ്ടു വാങ്ങുന്ന ഒരാള്‍ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് അറിയാനും വിശിഷ്യാ ‘സ്ത്രീ ജീവിതത്തിന്റെ ഇനിയും ആവിഷ്കരിക്കപ്പെടാത്ത അനുഭവമേഖല’ എന്തെന്ന് അറിയാനുള്ള വ്യഗ്രതയും കൊണ്ടാകും എന്നതുറപ്പാണ്.  തീര്‍ച്ചയായും അത്തരം ഒരു പഠനം , അറിവ് തേടി ഈ പുസ്തകം വാങ്ങുന്നവര്‍ നിരാശരാകും എന്നൊരു ആമുഖത്തോടെ ഈ നോവലിന്റെ വിഷയം അവതരിപ്പിക്കാം .
                     ഇന്ത്യയില്‍ നിലവില്‍ ഇരുന്നതും ഇന്ന് ഏകദേശം ഇല്ലാതായതുമായ ഒരു സമ്പ്രദായം ആണ് ദേവദാസി സമ്പ്രദായം . ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു സമ്പ്രദായം ആണ് ഇതെന്ന് പറയാം . ക്ഷേത്ര ജോലികള്‍ ചെയ്യാനും നൃത്തകലകള്‍ അവതരിപ്പിക്കാനും വേണ്ടി ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന കന്യകകള്‍ ആയ പെണ്‍കുട്ടികള്‍ ആണ് ദേവദാസികള്‍ . ഇന്നത്തെ കാലഘട്ടത്തില്‍ ഇരുന്നു ഇതിനെ വിവക്ഷിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ ചുവന്ന തെരുവുകളിലെ അന്തേവാസികള്‍ ആയിരുന്നു ദേവദാസികള്‍ എന്ന് മനസ്സിലാക്കാം. ശരീരം ആവശ്യക്കാര്‍ക്ക് പ്രതിഫലം വാങ്ങി ഉപയോഗിക്കാന്‍ വിട്ടുകൊടുക്കുന്ന സ്ത്രീകള്‍ . ഏഴുതരം ദേവദാസികള്‍ ഉണ്ട് എന്ന് പഴയ കാല ചരിത്ര രേഖകള്‍ പറയുന്നുണ്ട് . ആയിരത്തിത്തോള്ളായിരത്തി മുപ്പത്തിനാലില്‍ ഇത് തിരുവിതാംകൂറില്‍ നിരോധിക്കുകയുണ്ടായി എന്ന് പറയുമ്പോള്‍ ഇത് ശക്തമായി നിലനിന്നിരുന്ന കാലഘട്ടം എവിടെവരെ എന്ന് ഏകദേശം മനസ്സിലാകും എന്ന് കരുതുന്നു .
                    ഉത്തര എന്ന പെണ്‍കുട്ടി ഋതുമതിയായ ഉടന്‍ കീഴ്വഴക്കം അനുസരിച്ച് ദേവദാസിയായി അവളെ നല്‍കിക്കൊണ്ട് ദരിദ്രനായ അവളുടെ അച്ഛന്‍ അവളുടെ ബാക്കി വരുന്ന കുടുംബത്തിന്റെ ജീവിതം ഭദ്രമാക്കി . ക്ഷേത്രത്തില്‍ സമര്‍പ്പിക്കല്‍ എന്ന ചടങ്ങ് കഴിഞ്ഞതോടെ അവള്‍ ഒരു ജമീന്ദാരുടെ ദാസിപ്പുരയിലേക്ക് എത്തപ്പെടുന്നതും അവിടെ വച്ച് അവളുടെ കന്യകാത്വം നശിക്കുന്നതും അവളെ സ്നേഹിച്ച ചെറുപ്പക്കാരന്‍ (ആ ജമീന്ദാരുടെ മകന്‍) അവളെ അവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം (അവന്‍ യുവാവായ ശേഷം) കടത്തിക്കൊണ്ടു പോകുന്നതും രക്ഷപ്പെടല്‍ ശ്രമത്തില്‍ രണ്ടുപേരും വേറിട്ട്‌ പോകുന്നതും അവള്‍ മറ്റൊരു നാട്ടില്‍ മറ്റൊരു ജമീന്ദാരുടെ ദാസിയാകുന്നതും അയാളുടെ ലൈംഗികവൈകൃതങ്ങള്‍ കൊണ്ട് ഭയന്ന് അവിടെനിന്നും രക്ഷപ്പെടുന്നതും അവളുടെ കാമുകന്‍ മദ്യപാനിയായി ജീവിതം തുലയ്ക്കുന്നതും ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ രണ്ടുപേരും ഒന്നിക്കുന്നതും  അതോടെ രണ്ടുപേരും മരിക്കുകയും ആ സമയം പശ്ചാത്തലത്തില്‍ ദേവദാസി സമ്പ്രദായത്തിന്‌ എതിരെ നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്നതും ആണ് നോവല്‍ പറയുന്നത് . ഒരു മാഗസിനിലെ നോവലെറ്റ് ആയോ അല്ലെങ്കില്‍ എതെങ്കിലും  വാരികയിലെ തുടര്‍ നോവല്‍ ആയോ ഇന്നത്തെ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയാല്‍ രണ്ടു മൂന്നുകൊല്ല്ലം കൊണ്ട് നടക്കാവുന്നതോ  ആയ ഒരു രചനയായി മാത്രമേ ഇത് വായിക്കാന്‍ കഴിഞ്ഞുള്ളു.
എഴുത്തിലെ ഉദാസീനതയും , വിഷയങ്ങളില്‍ തൊടാതെ ഒരു കഥ പറഞ്ഞു പോകുന്ന രീതിയില്‍ അവതരിപ്പിച്ചതും കഥ പറച്ചിലില്‍ പോലും നാടോടിക്കഥ വായിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതും ആയ ശൈലി നോവലിനെ തികച്ചും മുരടിപ്പിച്ച ഒരു വായനാനുഭവം നല്‍കി. ചരിത്രപരമായി ഒന്നും തന്നെ അവകാശപ്പെടാന്‍ ഇല്ല്ലാത്ത ഈ നോവലില്‍ ‘സ്ത്രീ ജീവിതത്തിനെ ഇനിയും ആവിഷ്ക്കരിക്കാത്ത ആ അനുഭവമേഖല’ എന്തെന്ന് എത്ര വട്ടം ആലോചിച്ചിട്ടും പിടികിട്ടിയതുമില്ല. എന്തായാലും ഇങ്ങനെ ഒരു സാഹസം ഒട്ടും ചിന്തിക്കാതെ ലാഘവത്തോടെ ചെയ്തു തീര്‍ത്ത എഴുത്തുകാരിക്ക് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment