Tuesday, December 26, 2017

കനല്‍ തിന്നുന്ന വെയില്പക്ഷികള്‍............. ശാന്ത തുളസീധരന്‍

കനല്‍ തിന്നുന്ന വെയില്പക്ഷികള്‍(നോവല്‍)
ശാന്ത തുളസീധരന്‍
പ്രഭാത്‌ ബുക്ക്‌ ഹൌസ്
വില : 275 രൂപ

നോവലുകള്‍ അടയാളപ്പെടുത്തുന്നതു ഒരു സമ്പൂര്‍ണ്ണ ജീവിതത്തെയോ സംഭവത്തെയോ കാലത്തെയോ ദേശത്തെയോ ഒക്കെയാണ് . പലപ്പോഴും അത്തരം ആഖ്യാനങ്ങളില്‍ നിന്നും വായനക്കാരന് ഒരു പുതിയ ലോകം കിട്ടുകയോ , പുതിയതായ ചില അറിവുകള്‍ ലഭിക്കുകയോ ചെയ്യുക സ്വാഭാവികമാണ്. എഴുത്തിലെ സത്യസന്ധതകൊണ്ട് മാത്രം ചരിത്രത്തെ , അല്ലെങ്കില്‍ പറയാന്‍ ശ്രമിക്കുന്ന വിഷയം വായനക്കാരില്‍ സ്വാധീനം ചെലുത്തുകയും ചിലപ്പോഴൊക്കെ തെറ്റിധരിപ്പിക്കപ്പെടുകയും ചെയ്യുന്നതായി കാണാം . സമകാലീനഭാരത ജീവിതത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുകയും തത്പരതാത്പര്യങ്ങള്‍ക്ക് അനുസരിച്ചു വ്യഖ്യാനിക്കുകയോ തിരുത്തപ്പെടുകയോ ചെയ്യുന്ന കാഴ്ച നമുക്ക് പരിചിതമാണല്ലോ.
“കനല്‍ തിന്നുന്ന വെയില്‍പ്പക്ഷികള്‍” എന്ന നോവലില്‍ ശ്രീമതി “ശാന്ത തുളസീധരന്‍” തുറന്നിടുന്ന കാഴ്ച കേരളത്തിലെ ഒരു തുറന്ന ജയിലും അതിലെ കുറച്ചു അന്തേവാസികളും ആയുള്ള അഭിമുഖവും ആണെന്ന് കാണാം . അഭിമുഖം എന്ന വാക്ക് പക്ഷെ ഒരു ജേര്‍ണല്‍ പദം ആയി കരുതിയേക്കാം . നോവല്‍ ആകുമ്പോള്‍ അതിനെ അഭിമുഖത്തിന്റെ ശൈലിയില്‍ എഴുതിയാല്‍ വായനക്കാര്‍ സ്വീകരിക്കണം എന്നുമില്ല . ഇവിടെയാണ്‌ എഴുത്തുകാരന്റെ മനോധര്‍മ്മവും കഴിവും പുറത്തു വരിക . ശാന്ത തുളസീധരന്‍ ആ അഭിമുഖങ്ങളില്‍ നിന്നും കുറച്ചു ജീവിതങ്ങളെ കഥകളായി അവതരിപ്പിക്കുകയാണ് ഇവിടെ .പത്തു ദിവസം അവിടെ ചിലവഴിച്ചു അവര്‍ക്കിടയില്‍ ഒരു സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുത്തു അവരില്‍ ഒരാളായി നിന്നുകൊണ്ട് അവരെക്കുറിച്ച് അറിയാന്‍ ശ്രമിച്ചതിന്റെ ബാക്കിപത്രമാണ് ഈ നോവല്‍ എന്ന് കാണാം .
ഓരോ മനുഷ്യരുടെയും മനോവ്യാപാരങ്ങളെ അവനില്‍ നിന്നുകൊണ്ട് കാണുകയും അവനില്‍ നിന്നുകൊണ്ട് തന്നെ അതിനെ പറയുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു ഈ നോവലില്‍ . എന്തുകൊണ്ട് ഒരാള്‍ കുറ്റവാളി ആകുന്നു ? ഒരിക്കല്‍ ചെയ്യുന്ന കുറ്റം കൊണ്ട് ഒരാള്‍ ആജീവനാന്തം കുറ്റവാളിയായി തീരുന്നുണ്ടോ? കുറ്റവാളിക്ക് ജയിലില്‍ ലഭിക്കുന്ന സ്വീകരണം, തിക്താനുഭവങ്ങള്‍ , ജയില്‍ വാസത്തിന്റെ മാനസിക പരിവര്‍ത്തനങ്ങള്‍ , തുറന്ന ജയിലിന്റെ സംവിധാനം തുടങ്ങി എല്ലാ കാര്യങ്ങളും ഈ നോവലില്‍ പങ്കു വയ്ക്കുന്നുണ്ട്‌ . അതുപോലെ ജയിലില്‍ കഴിയുന്നവര്‍ തമ്മില്‍ ഉടലെടുക്കുന്ന ആത്മബന്ധങ്ങള്‍ , ജയിലിലും പുറത്തും നീളുന്ന ബന്ധങ്ങളുടെ കൂട്ടിക്കെട്ടലുകള്‍ എന്നിവയൊക്കെ വളരെ വിശദമായി തന്നെ പറയുന്നുണ്ട് നോവലില്‍.  ഒരു സ്ത്രീ മനസ്സില്‍ നിന്നുകൊണ്ട് മാനുഷികപരമായ ചുറ്റുപാടുകളില്‍ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വ്യക്തികളുടെ തുറന്നുകാട്ടലുകള്‍ ആണ് ഈ നോവല്‍.
കൂട്ടത്തില്‍ തെയ്യം കലയെ കുറിച്ച് വളരെ ഗഹനമായി പഠിക്കാന്‍ ശ്രമിക്കുകയും അതിനെ പങ്കുവയ്ക്കുകയും ചെയ്യുന്നു നോവല്‍ എന്നത് ഒരുപക്ഷെ കേരളത്തിലെ തനതു കലകളെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുക തന്നെ ചെയ്യും . അതിനപ്പുറം നോവലില്‍ ജയിലില്‍ എത്തുന്നവരുടെ ചിന്താഗതികളും അവര്‍ എങ്ങനെ ആണ് ഈ കുട്ടത്തിലേക്ക് ചെന്നെത്തപ്പെട്ടത്‌ എന്നതും വിശദമാക്കാന്‍ ശ്രമിക്കുന്നുണ്ട് . പലപ്പോഴും അവ വായിക്കുമ്പോള്‍ നാട്ടുവര്‍ത്തമാനത്തിന്റെ ഒരു രീതിയാണ് ഫീല്‍ ചെയ്യുന്നത് എന്നൊരു പ്രശ്നം കാണാന്‍ ഉണ്ട് . ഒപ്പം വാരിവലിച്ചു അവ പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു . കാല്പനികമായ ഒരു അന്തരീക്ഷം വളര്‍ത്തി എടുത്തു അതിനുള്ളില്‍ വച്ച് ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തെ പറയാന്‍ എഴുത്തുകാരി ശ്രമിക്കുന്നുണ്ട്. അവരെ ശരിക്കും പഠിച്ചുകൊണ്ട് അവരുടെ മാനസികതലങ്ങളെ വിവര്‍ത്തനം ചെയ്യുന്നതില്‍ പരാജയമാണ് എന്ന് കാണാം . അവരുടെ വാക്കുകളിലൂടെ അവരെ എഴുതാന്‍ ശ്രമിച്ചതിനാലാകാം അത് സംഭവിക്കുന്നത്‌ . നിക്ഷ്പക്ഷമായ ഒരു നിലപാട് എടുക്കാതെ പോകുന്നതിനാല്‍ ഏകപക്ഷീയമായ ഒരു വായന മാത്രമേ സാധ്യമാകുന്നുള്ളൂ.   അതുപോലെ വായനയില്‍ മുഴച്ചു നിന്ന ഒരു വസ്തുത തുടക്കം മുതല്‍ ഒടുക്കം വരെ ഇടയ്ക്കിടെ ദ്രൗപതി തന്റെ അഞ്ചു പതികളേയും കൃഷ്ണനെയും ഓര്‍മ്മിക്കുന്നത് കടന്നു വരുന്നുണ്ട് . പക്ഷെ കഥയില്‍ അത് എന്ത് ഇടപെടല്‍ ആണ് നടത്തുന്നത് എന്നത് വായനയില്‍ മനസ്സിലാകുന്നുമില്ല . ഒരേ ഒരു ബന്ധം മാത്രമാണു മഹാഭാരതത്തിന് കഥയില്‍ ഉള്ളത് അത് ഒരു കൃസ്തുമത വിശ്വാസി മഹാഭാരതം അയാളുടെ ഭാര്യ കൊണ്ട് കൊടുത്തത് വായിക്കുന്നു എന്നതാണ് . അതിനപ്പുറം മഹാഭാരത കഥയ്ക്കോ പാഞ്ചാലിക്കോ കഥയില്‍ എങ്ങും ബന്ധം നല്‍കാന്‍ പറ്റിയ സങ്കേതങ്ങള്‍ തടഞ്ഞുമില്ല .

യാത്രാ വിവരണങ്ങള്‍ , നോവലുകള്‍ , ആദിവാസി പഠനം, കവിത  തുടങ്ങി ബഹുമുഖ മേഖലകളില്‍ പുസ്തകങ്ങള്‍ ഇറക്കിയ ഒരു എഴുത്തുകാരിയാണ് ശ്രീമതി ശാന്ത തുളസീധരന്‍ . കനല്‍ വഴികളിലെ വെയില്പ്പൂവുകള്‍ 2016 പ്രഭാത്‌ ബുക്സിന്റെ പ്രത്യേക അവാര്‍ഡ് ലഭിച്ച കൃതിയാണ് . കൂടുതല്‍ ഗൗരവമുള്ള വായനകള്‍ക്കായി പ്രതീക്ഷകളോടെ ബി.ജി.എന്‍ വര്‍ക്കല 

Monday, December 25, 2017

നൂറു സിംഹാസനങ്ങള്‍ ...........ജയമോഹന്‍

നൂറു സിംഹാസനങ്ങള്‍ (നോവല്‍)
ജയമോഹന്‍
മാതൃഭൂമി ബുക്സ്
വില: 60 രൂപ


ഞാന്‍ ഒരു കറുത്ത ചെറിയ എലിയാണ്. എലിയുടെ ദേഹത്തും,ശബ്ദത്തിലും ചലനങ്ങളിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. ഒന്ന് ജീവിച്ചോട്ടെ എന്ന മട്ടുണ്ട്. കാലുകള്‍ക്ക് താഴെയാണ് അതിന്റെ ലോകം. ചപ്പുചവറുകളില്‍ ആണ് അതിന്റെ ജീവിതം. അതിന്റെ നട്ടെല്ല് വളയ്ക്കേണ്ട കാര്യം ഇല്ല. വളച്ചു തന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത്.

   ചിലപ്പോഴൊക്കെ വായനകള്‍ മനസ്സിനെ കരയാന്‍ വിടും . ജീവിച്ചിരിക്കുന്ന ലോകത്തെക്കുറിച്ചും അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും ഒക്കെ ആരുടെയോ ഒക്കെ ഔദാര്യം ആണെന്ന തോന്നല്‍ ഉണ്ടാകും . ആരും ഇല്ലാത്ത ഒരു ലോകത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും ആവോളം അനുഭവിച്ചു മരിച്ചുവെങ്കില്‍ എന്നാഗ്രഹിക്കും . എന്തുകൊണ്ടാകും ജീവിതം ഇത്രയേറെ ഭയാനകമായി ചിലര്‍ക്ക് മാത്രം മാറുന്നത് എന്ന ചിന്തയില്‍ സ്വയം നോവിക്കാന്‍ ശ്രമിക്കും . തീര്‍ച്ചയായും ചില വായനകള്‍ അങ്ങനെയൊക്കെയാണ് . അതാണ്‌ വാസ്തവികതയുടെ ഗുണം എന്ന് കരുതുന്നു . ജീവിതത്തെ അതുപോലെ പകര്‍ത്തുവാന്‍ കഴിയുന്ന എഴുത്തുകാര്‍ നമുക്ക് നഷ്ടമാകുന്നു . അതോ അന്യം നിന്നുപോകുന്നുവോ അറിയില്ല . എന്തായാലും വായന മനുഷ്യന്റെ മനസ്സിലേക്ക് ചൊരിയുന്ന വികാരങ്ങളെ ഏതു മാപിനികളാലും അളന്നെടുക്കുക സാധ്യമല്ല തന്നെ.

   ജയമോഹന്‍ എഴുതിയ നൂറു സിംഹാസനങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ചിന്ത ഞാനും ഒരു മനുഷ്യനായി ഇവിടെ ജീവിക്കുന്നുണ്ടല്ലോ എന്നതാണ്. ചുറ്റുപാടുകളെ അറിയാതെ , നമുക്ക് ചുറ്റും ജീവിക്കുന്നവരെ അറിയാതെ നാം ജീവിക്കുന്ന ജീവിതം ജീവിതമേ അല്ല എന്ന് കരുതാനാണ്‌ ഇഷ്ടം . പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള ഒരു വാക്കുണ്ട് . ജീവിതം അറിയണമെങ്കില്‍ ക്യാന്‍സര്‍ വാര്‍ഡില്‍ ഒന്ന് കറങ്ങി വരണം എന്ന് . ഒന്നും വേണ്ട തുറന്നു പിടിച്ച കണ്ണുകളും ആയി നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് നോക്കിയാല്‍ മതി . ജീവിതം എന്തെന്നും നാം എന്താണ് അനുഭവിക്കുന്നത് എന്നും നമുക്ക് എന്താണ് ലഭിക്കുന്നത് എന്നും ഒക്കെ വ്യക്തമായി മനസ്സിലാകും . ഒരുപക്ഷെ അത് തന്നെ ധാരാളം ഒരു മനുഷ്യനായി ജീവിക്കാന്‍ അത് മതിയാകും . മതവും രാഷ്ട്രീയവും മലീമസമാക്കി പല തട്ടുകളില്‍ ആക്കി അതാണ്‌ മനുഷ്യ സ്നേഹം എന്നും മാനവികത എന്നും പഠിപ്പിക്കുന്ന ഒരു കാലത്തിലാണ് നാമൊക്കെ ജീവിക്കുന്നത് .
   കാപ്പന്‍ എന്ന മനുഷ്യനും  അവന്റെ അമ്മയും ആണ് ഈ കഥയുടെ പ്രധാന കഥാപാത്രങ്ങള്‍ . എന്താണ് അതിലെ പ്രത്യേകത എന്ന് ചോദിക്കാം . നായാടി വര്‍ഗ്ഗം എന്നൊരു മനുഷ്യ വര്‍ഗ്ഗം കൂടി നമുക്കിടയില്‍ എവിടെയോ ഒക്കെ ജീവിച്ചിരിക്കുന്നുണ്ട് എന്നാണു അതിനു ഉത്തരം . തെരുവിലെ എച്ചില്‍ക്കൂനകളിലും അഴുക്കുചാലിലും ജീവിക്കുന്ന ഒരു മനുഷ്യ വര്‍ഗ്ഗം എന്ന് പറഞ്ഞാല്‍ അത് വേദനയുണ്ടാക്കുന്ന ഒരു വസ്തുതയാണ് . മറ്റു താഴ്ന്ന ജാതിക്കാര്‍ പോലും ആദിവാസികള്‍ പോലും അവജ്ഞയോടെ നോക്കുന്ന ഒരു മനുഷ്യവര്‍ഗ്ഗം നമുക്കിടയില്‍ ഉണ്ടെന്ന അറിവ് തന്നെ എത്ര ക്രൂരം ആണ് . ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ കഴിച്ചു , വൃത്തിയും വെടിപ്പും ഇല്ലാതെ വസ്ത്രങ്ങള്‍ പോലും വേണ്ടവിധം ധരിക്കാത്ത തവളകളെ പോലെ പാറകള്‍ക്കിടയില്‍ ജീവിക്കുകയും മരിച്ചാല്‍ ആരും അറിയാതെ പോകുകയും ചെയ്യുന്ന ജീവിതങ്ങള്‍.

  അത്തരം ഒരു കൂട്ടത്തില്‍ നിന്നാണ് കാപ്പന്‍ എന്ന എഴുവയസ്സുകാരന്‍ ബാലന്‍ പ്രജാനന്ദനെന്ന ഗുരുവിന്റെ കൈകളില്‍ എത്തുന്നത് . വിശപ്പും ദാഹവും അകറ്റി ആ കുട്ടിയെ ഒരു മനുഷ്യക്കുട്ടിയായി വളര്‍ത്തി എടുത്തു . അവന്‍ പഠിച്ചു ഐ എ എസ് എടുത്തു ഒരു ജില്ല ഭരിക്കാന്‍ പ്രാപ്തിയുള്ളവന്‍ ആയി വളര്‍ന്നു . വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളെയും വളരെ നന്നായി ജയമോഹന്‍ ഇതില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ . ഉദ്യോഗത്തില്‍ കയറിയ ശേഷം തന്റെ അമ്മയെ അന്വേഷിച്ചു പിടിച്ചുകൊണ്ട് വരാന്‍ നിയോഗിച്ചപോലീസുകാര്‍ അമ്മയെ പിടിച്ചു കൊണ്ട് വരുമ്പോള്‍ ആ കാഴ്ച കാണുന്ന കാപ്പന്റെ മനസ്സിലെ ചിന്ത നായാടിയില്‍ നിന്നും നാഗരികനിലേക്കുള്ള ചുവടുമാറ്റത്തിന്റെ കൂടി അടയാളം ആണ് .
പോലീസ് ജീപ്പിന്റെ പിന്നിലിരുന്നു നിലവിളിച്ചുകൊണ്ട് വന്ന ആ പരട്ടക്കിളവിയാണ് എന്റെ അമ്മ എന്നു കണ്ട ആ ക്ഷണം എന്റെയുള്ളില്‍ മുളച്ച വെറുപ്പിനെ ജയിക്കാന്‍ ഞാന്‍ സര്‍വ്വശക്തിയുമെടുത്തു പൊരുതേണ്ടി വന്നു
ആ കൂടുമാറ്റം പക്ഷെ അധികകാലമൊന്നും കാപ്പനില്‍ നിലനില്‍ക്കുന്നില്ല . പ്രകൃത്യാ അടിഞ്ഞു കൂടിപ്പോയ അപകര്‍ഷതാബോധത്തില്‍ നിന്നും അയാള്‍ക്കൊരിക്കലും പുറത്തു കടക്കാന്‍ കഴിഞ്ഞിരുന്നില്ല . അധികാര കസേരയില്‍ പോലും തന്റെ ജാതി ഒരു വലിയ ഘടകമായി അയാള്‍ക്ക് അനുഭവപ്പെടുന്നു . തന്റെ കീഴ്ജീവനക്കാര്‍ക്ക് താന്‍ ഒരു കോമാളിയോ അര്‍ഹതയില്ലാതെ ഒരിടത്ത് കയറിക്കൂടിയവന്റെ രൂപമോ ആണ് . അതുകൊണ്ട് തന്നെ ഒരു അധികാരശബ്ദവും അയാള്‍ക്കൊരിക്കലും ഉപയോഗിക്കാന്‍ കഴിയുന്നില്ല മാത്രവുമല്ല തന്റെ മുതുകിലെ കണ്ണില്‍ അയാള്‍ തന്നെ അപഹസിക്കുന്ന സഹപ്രവര്‍ത്തകരെയും,ലോകത്തെയും കണ്ടുകൊണ്ടാണ് ഓരോ ചുവടുപോലും വയ്ക്കുന്നത് .
    അമ്മയെ വീട്ടിലേക്കു കൊണ്ട് വന്നിട്ടും അവര്‍ക്ക് ഉടുപ്പ് ധരിക്കുന്ന ,കസേരയില്‍ ഇരിക്കുന്ന മകനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല . തന്റെ കൂടെ തെരുവിലേക്ക് വരൂ ഞാന്‍ നോക്കിക്കൊള്ളാം എന്നയാളെ അവര്‍ വിളിക്കുന്നു എപ്പോഴും. വെളുത്തവള്‍ ആയ ഭാര്യയെ ഒരു ശത്രുവായി കാണുകയും അവര്‍ക്കെതിരെ എപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആ അമ്മ ഒരിക്കല്‍ പോലും തന്റെ സ്വത്വം  വിട്ടു പുറത്തേക്ക് വരാന്‍ തയ്യാറല്ല. അതെ സമയം മകനെ കിട്ടാഞ്ഞിട്ടു ചെറുമകനെ കൊണ്ട് ഒരു ദിവസം അവര്‍ അപ്രത്യക്ഷമാകുന്നുണ്ട് . ഒടുവില്‍ ഒരു എച്ചില്‍കൂനയില്‍ നിന്നവരെ കണ്ടെത്തുമ്പോള്‍ ആ കുഞ്ഞു രോഗാതുരനായി ആശുപത്രിയില്‍ എത്തുന്നു മലിനമായ ആഹാരം കഴിച്ചത് മൂലം .
    അതോടെ അമ്മയെ വീട്ടില്‍ നിന്നും അടിച്ചോടിക്കുവാന്‍ കാപ്പന്‍ പ്രേരിതനാകുന്നു. അവിടെ നിന്നുംപിന്നെ അയാള്‍ അമ്മയെ കാണുന്നത് ഒരു ഗവണ്മെന്റ് ആശുപത്രിയുടെ അനാഥരും പിച്ചക്കാരും കിടക്കുന്ന ഇടത്ത് മരണാസന്നയായി കിടക്കുന്ന രീതിയിലാണ് . അവിടെ നിന്നും നല്ല ആശുപത്രിയിലേക്ക് അയാള്‍ അവരെ മാറ്റുന്നുണ്ടെങ്കിലും അവര്‍ മരണത്തിലേക്ക് പോകുകയാണ് .

     എത്ര തന്നെ ഉന്നത വിദ്യാഭ്യാസം നേടിയാലും, സുഖസൗകര്യങ്ങള്‍ ലഭിച്ചാലും താന്‍ കടന്നു വന്ന ജീവിതത്തിന്റെ ബാക്കിയാകുന്ന ചില അപകര്‍ഷതകളും ചിന്തകളും മനുഷ്യരില്‍ നിലനില്‍ക്കുന്നുണ്ട് . ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഉള്ളില്‍ ഒരു കരിങ്കല്ല് കയറ്റി വച്ചത് പോലെ അനുഭവപ്പെട്ടത് ഇതിലെ ജീവിതം സാധാരണസങ്കല്‍പ്പങ്ങളില്‍ നിന്നകന്നു പച്ചയായ ജീവിതത്തെ അതേപടി വരച്ചു കാട്ടിയപ്പോള്‍ ഉള്ള വികാരമാണ് . കാണാത്ത , അറിയാത്ത ഇത്തരം ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഇന്നുമുണ്ട് . അതിനെ കണ്ടെത്താന്‍ ഇതുപോലെ ഇനിയും എഴുത്തുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

Friday, December 22, 2017

ജിഗ്സാ പസ്സല്‍ ..........രാജേഷ് ചിത്തിര

ജിഗ്സാ പസ്സല്‍ (കഥകള്‍ )
രാജേഷ് ചിത്തിര
ലോഗോസ്
വില :100 രൂപ

     കഥകള്‍ മനുഷ്യരെ ചിന്തിപ്പിക്കാനും രസിപ്പിക്കാനും ഓര്‍ത്ത്‌ വയ്ക്കാനും വേണ്ടിയുള്ളതാകണം. ഓരോ കഥയും ഓരോ ലോകം വായനക്കാരന് സമ്മാനിക്കണം . പൈങ്കിളികളുടെ അതിപ്രസരം ഉണ്ടായിരുന്ന മലയാള സാഹിത്യ രംഗം ചൂടുപിടിച്ച വായനകളുടെ ഇടയിലേക്ക് കടന്നു വന്നപ്പോള്‍ ഉണ്ടായ മാറ്റം എന്താണ് എന്ന് ചോദിച്ചാല്‍ രതിയുടെ , ഇക്കിളി സാഹിത്യത്തിന്റെ പുറം പാളി അടര്‍ന്നു വീഴുകയും ജീവിതത്തില്‍ അവയില്ലാതെ അല്ലെങ്കില്‍ അവയ്ക്ക് പുറമേ മറ്റു പലതും കഥകളില്‍ പറയാന്‍ കഴിയും എന്ന അവസ്ഥയിലേക്ക് വായനക്കാര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു എന്നാകും ഉത്തരം . മലയാളത്തില്‍ ഇന്ന് വളരെ നന്നായി കഥകള്‍ പറയാന്‍ കഴിയുന്ന യുവ നിര വന്നുകഴിഞ്ഞിരിക്കുന്നു . അത് കേരളത്തില്‍ ഇരുന്നായാലും കേരളത്തിന്‌ പുറത്തിരുന്നായാലും എഴുത്തുകാര്‍ നിരന്തരം എഴുതുകയാണ് . പുതിയ ലോകങ്ങള്‍ അവരിലൂടെ വിടര്‍ന്നു വരികയാണ് . ഗള്‍ഫ് മേഖല ഇതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട് . ഗള്‍ഫ് മേഖലയിലെ കഥാരചനകളില്‍ ഇന്ന് വലിയതോതില്‍ പരീക്ഷണങ്ങളും പുതുമകളും മാറ്റങ്ങളും സംഭവിച്ചിരിക്കുന്നു . അനുഭവത്തിന്റെ ചൂടും ചൂരും എഴുത്തിനെ പരിപോക്ഷിപ്പിക്കുമ്പോള്‍ എഴുത്തുകാരന് എങ്ങനെ നിശബ്ദനാകാന്‍ കഴിയുക.
        "രാജേഷ് ചിത്തിര" എന്ന എഴുത്തുകാരന്റെ കഥാസമാഹാരം ആണ് "ജിഗ്സാ പസ്സല്‍" . പതിമൂന്നു കഥകളുമായി രാജേഷ് സാഹിത്യത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു . വളരെ വ്യത്യസ്തമായ കഥാകഥന രീതിയാണ് രാജേഷിന്റെ വായനകള്‍ നല്‍കുന്നത് . ഓരോ കഥയും ആഴത്തില്‍ വായനയുടെ / ചിന്തയുടെ വിത്തുകള്‍ വിതയ്ക്കുന്നവയാണ് .
       ഭയം മനുഷ്യന്റെ ജീവിതത്തില്‍ വളരെ വലിയൊരു വിഷയമായി നിലനില്‍ക്കുന്നുണ്ട് . പലതിനോടും പലരീതിയിലും ആ ഭയം പ്രകടമാകുന്നുമുണ്ട് . ഇവിടെ ജലത്തോടുള്ള ഭയം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെയും എങ്ങനെ പ്രയാസമുള്ളതാക്കി മാറ്റുന്നു എന്ന വായന മാനുഷികമായും മാനസികമായുമുള്ള വിഷയത്തോട് കാട്ടുന്ന നീതിയാണ് എഴുത്തുകാരന്‍ അനുവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞു തരുന്നു . ഭയത്തെ ഭയം കൊണ്ട് നേരിടാന്‍ ഉള്ള ശ്രമത്തിന്റെ ഒടുക്കം ആ ഭയം അയാളില്‍ നിന്നും അകന്നു പോകുകയും അടരുകള്‍ പോലെ ചെതുമ്പലുകള്‍ ഇളകി ഭയത്തിനു മുകളില്‍ ഒഴുകി നീങ്ങാന്‍ അയാള്‍ക്ക് കഴിയുന്നതും എഴുത്തുകാരന്‍ പങ്കുവയ്ക്കുന്ന രഹസ്യാത്മകമായ ഒരു പ്രതിവിധി തന്നെയാണ് . അധികാരത്തിനോടും വിധേയത്തോടും ചേര്‍ത്തു നിര്‍ത്തി ആ ഭയത്തെ വായിക്കുമ്പോഴാണ് ഒരുപക്ഷെ ആ രഹസ്യം മറനീക്കി വായനക്കാരനെ തൊടുക എന്ന് തോന്നുന്നു . ഒരു ജനത മുഴുവന്‍ കുറ്റവാളി ആകുന്ന ലോകത്തേക്ക് കണ്‍ തുറക്കുന്ന മറ്റൊരു കഥയില്‍ കാണാതാകുന്ന 'അയാള്‍' പിന്നീട് ആശങ്കകളുടെ ഒടുവില്‍ സ്നേഹിതന്റെ മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ പറയുന്ന ഒരു വാചകത്തില്‍ ആ കഥയുടെ ആത്മാവ് തൊട്ടെടുക്കാം. "അകലെ എവിടെയോ ഒരു വിവാഹസത്കാര ചടങ്ങിനു മധ്യേ , അല്ലെങ്കില്‍ തിരക്കില്‍ വിങ്ങില്‍നില്‍ക്കുന്ന ഒരു ചന്തയുടെ ഹൃദയത്തില്‍ , അതോ മറ്റു എവിടെയെങ്കിലുമോ , ഉഗ്രപ്രഹരശേഷിയോടെ ചിതറിത്തെറിക്കാനുള്ള കാത്തിരിപ്പിന്റെ എണ്ണിത്തീര്‍ക്കലിലാണ് അഹമ്മദെന്നു വിശ്വസിക്കുന്നുണ്ടോ ചങ്ങാതീ നീയും ?"
    തീവിഴുങ്ങിപ്പക്ഷിയില്‍ പ്രണയത്തിന്റെ , സംശയത്തിന്റെ , സ്വാര്‍ഥതയുടെ ജീവിതമുഹൂര്‍ത്തങ്ങളെ വരച്ചിടുമ്പോള്‍ ഒരു കവിതപോലെ മനോഹരമായി അത് വായിച്ചു പോകാന്‍ കഴിയുന്നുണ്ട് . വളരേയധികം സന്തോഷം നല്‍കുന്ന മറ്റൊരു വായനയാണ് അരാന്തയുടെ ആത്മഹത്യാവൃത്താന്തം. പ്രണയം പങ്കുവയ്ക്കപ്പെടുമ്പോള്‍ , പലരില്‍ ഒരാളായി ശരീരം പങ്കു വയ്ക്കപ്പെടെണ്ടി വന്ന സ്ത്രീയുടെ പകയുടെയും പ്രതികാരത്തിന്റെയും ദീര്‍ഘനിശ്വാസമാണ് അരാന്ത തന്റെ കാമുകന്റെ കൊലപാതകത്തിലൂടെ നിര്‍വ്വഹിക്കുന്നത് . പക്ഷെ ഒറ്റയ്ക്കൊരു ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ അരാന്ത പലവട്ടം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കഥാകാരന്‍ അരാന്തയുടെ ശക്തിയെ കുറച്ചു കാണുകയും അവളെ ഒരു വെറും പെണ്ണായി തരം  താഴ്ത്തുകയും ചെയ്യുന്നതില്‍ വായനക്കാരന് അമര്‍ഷം തോന്നിയാല്‍ അതില്‍ കുറ്റം പറയാന്‍ കഴിയുകയില്ല .
    അപരവത്കരണത്തിന്റെ പരീക്ഷണം വളരെ നന്നായി വിജയിപ്പിച്ചു കാണിക്കാന്‍ കിനാപ്പാറാവ് , ഹിസ്‌ മാസ്റെര്സ് വോയിസ് എന്നീ  കഥകളില്‍  എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു . ഗൂര്‍ക്കയും കച്ചവടക്കാരനും തമ്മിലുള്ള ബന്ധവും അവരുടെ ഇരുവരുടെയും ജീവിതത്തിലെ സംഭവങ്ങളും സാമ്യതയും ഒക്കെ ഒട്ടൊരു രസത്തോടെ വായനയില്‍ പടര്‍ന്നു കയറുന്നുണ്ട് .അതുപോലെ വിപ്ലവവും പ്രത്യയ ശാസ്ത്രവും കാലഘടനയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ചിന്തകളും എഴുത്തിനെ വളരെ കയ്യടക്കത്തോടെ കൊണ്ട് പോകുന്ന ഒരു സുഖം വായനക്ക് നല്‍കുന്നു .  ആസക്തിയുടെ ചതുപ്പ് നിലങ്ങള്‍ പേര് പോലെ തന്നെ മനുഷ്യരിലെ ചില കാമനകളുടെ അപഥസഞ്ചാര പാതകളെ അനാവൃതമാക്കുന്നു. മനുഷ്യനും നായയും തമ്മിലുള്ള ബന്ധവും അതിന്റെ അതിസൂക്ഷമ തലങ്ങളും മറ്റൊരു കഥയില്‍ വളരെ നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു . ഓരോ കഥയും വളരെ നല്ല ഫ്രെയിമുകളില്‍ തന്നെ ചിട്ടപ്പെടുത്തിയ ഒന്നായി അനുഭവപ്പെട്ടു .
     കഥകളിലെ പരീക്ഷണങ്ങള്‍ നാളെയുടെ അടയാളങ്ങള്‍ ആയി രേഖപ്പെടുത്താന്‍ തക്ക കഴിവുള്ള ഒരു എഴുത്തുകാരന്‍ ആണ് രാജേഷ് ചിത്തിര എന്ന് നിസ്സംശയം പറയാന്‍ കഴിയും ഈ പുസ്തക വായനയില്‍ . കൂടുതല്‍ വായനകള്‍ നല്‍കാന്‍ കഴിയുന്ന എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഈ പ്രവാസിയും സ്ഥാനം പിടിക്കുന്നതില്‍ മലയാളിക്ക് അഭിമാനിക്കാം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Little to Somewhere............. Gaadha JJ

Little to Somewhere(Poems)
Gaadha JJ
ലിപി പബ്ലിക്കേഷന്‍സ്
വില :10 ദിര്‍ഹം

"Dont be scared of this new revolution
It will break apart to build you a new"...Gaadha JJ

കവിതകള്‍ എഴുതുക എന്നത് ഒരനുഗ്രഹമാണ്‌ . നമുക്ക് സ്വയം ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുന്ന ഒരനുഗ്രഹം . ആവശ്യമായ വെള്ളവും വളവും നമുക്ക് ചുറ്റിലും തന്നെ ഉണ്ട് . അതിനെ ഉപയോഗിച്ച് ആവശ്യമുള്ള തരത്തില്‍ വളര്‍ത്തി എടുക്കാന്‍ നാം ശ്രമിക്കണം എന്ന് മാത്രം . ഒരുപക്ഷെ ഇന്നത്തെ കാലത്ത് കവിത എഴുത്ത് ദുര്‍ഗ്രാഹ്യമായ ഒരു സംഭവം ആയി എണ്ണപ്പെടുന്നില്ല എന്നതാണ് സത്യം . എഴുത്തില്‍ വലുപ്പച്ചെറുപ്പം ഇല്ല . ആശയങ്ങളില്‍ നിന്നും അക്ഷരങ്ങളിലേക്ക് ഉള്ള ദൂരം അളക്കുന്ന മാപിനികള്‍ ഒന്നും തന്നെയില്ല. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കവിതയില്‍ തങ്ങളുടെ പാടവം വ്യക്തമാക്കുന്നുണ്ട് . പലപ്പോഴും അവ വായനക്കാരെ തേടി എത്താന്‍ വൈകുന്നു എന്നത് ഒരു നിരാശയുടെ വസ്തുതയാണ് . കവിത ആസ്വദിക്കുന്നവര്‍ക്ക് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിരുന്നു നല്‍കാന്‍ എന്തുകൊണ്ടോ ആധുനിക കവിതാ സമ്പ്രദായങ്ങള്‍ വിലങ്ങു തടിയാകുന്നുണ്ടോ എന്ന് സംശയം ഉണ്ടാകുന്നുണ്ട് . കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിത കോടതി വിചാരണ രംഗം അതുകൊണ്ട് തന്നെ പുതിയ വാഗ്വാദങ്ങള്‍ ഉയര്‍ത്തി വരുന്നത് കാണുമ്പോള്‍ കവിതയെ സമീപിക്കുന്ന വായനക്കാര്‍ തങ്ങളുടെ കവിതാ ആസ്വാദന തലത്തെ ഒരു ഒറ്റ ഫ്രെയിമില്‍ ഒതുക്കി നിര്‍ത്തുന്നുണ്ടോ എന്ന് പൊതുവായ ഒരു സംശയം ഉണരുന്നുണ്ട് .
കവിതകളില്‍ പുതിയ നാമ്പുകള്‍ വളര്‍ന്നു വരുന്നതിന്റെ ഉദാഹരണം ആയി അനവധി കവിക്കുഞ്ഞുങ്ങളെ മലയാളം നമുക്ക് കാണിച്ചു തരുന്നുണ്ട് . സ്കൂള്‍ കലോത്സവങ്ങളില്‍ അവര്‍ കാട്ടുന്ന അത്ഭുതരചനകള്‍ സാഹിത്യത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍ ആകുന്നു. വിദേശത്തിരുന്നുകൊണ്ട് ഒരു മലയാളി പെണ്‍കുട്ടി എഴുതിയ കവിതകള്‍ ആണ് ഗാഥ എന്ന കവിയുടെ Littile to Somewhere" എന്ന കവിത സമാഹാരം സമ്മാനിക്കുന്നത് . പത്തൊന്‍പത് കവിതകളുമായി ഈ പതിനാറുകാരി വായനക്കാരെ തേടി എത്തുമ്പോള്‍ ശരിക്കും മലയാളിയുടെ അഭിമാനം ആയി മാറാന്‍ ഉള്ള എല്ലാ കഴിവും തനിക്കുണ്ട് എന്ന് ഈ കവിതകള്‍ പറയുന്നു . ജീവിതത്തിന്റെ സമരമുഖങ്ങളെ പുതിയ തലമുറ എങ്ങനെ കാണാന്‍ ശ്രമിക്കുന്നു എന്നതിന് ഉത്തമോദാഹരണമാണീ കവിതകള്‍ എന്ന് പറയേണ്ടി വരുന്നുണ്ട് .
"life may try to damage souls
So that the death may stay to catch us all
Love might staty to kill your smile
when sunbeams try to kiss your veins"
വരികളില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ തുറന്നിടുന്ന കവിതകള്‍ ആണ് ഗാഥ വരച്ചിടുന്നത് . പട്ടാളക്കാരെ കുറിച്ച് ആയാലും വീട്ടകങ്ങളില്‍ ഒതുങ്ങി കൂടുന്ന അമ്മ മനസ്സുകളെ ആയാലും ക്ലാസ് മുറികളില്‍ ആയുധവുമായി വരുന്ന ബാല്യ ദുരൂഹതകളുടെ മാനസിക വ്യാപാരങ്ങള്‍ ആയാലും ലോകത്തിന്റെ എല്ലാ കോണിലേക്കും തുറന്നുപിടിക്കുന്ന കണ്ണാടിയാകുന്നുണ്ട് ഗാഥയുടെ കവിതകള്‍ എന്ന് കാണാം . വിശപ്പിനേയും ദാരിദ്ര്യത്തിനെയും ഭയത്തെയും ആഗോള ഭീകരതെയും യുദ്ധങ്ങളെയും ഒക്കെ ഒരു താത്വിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് വായിക്കാന്‍ കഴിയുന്ന ഈ കുട്ടിയുടെ എഴുത്തുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു . ആംഗലേയ ഭാഷയുടെ ലളിതമായ പ്രയോഗങ്ങളും പദസമ്പത്തും ഈ കവിയുടെ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ തുറന്നു കാട്ടുന്നു . കൂടുതല്‍ കവിതകള്‍ സമ്മാനിക്കാനുള്ള കഴിവും , ആശയങ്ങളും ഈ കവിതകളില്‍ നിന്നും തന്നെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് .
"onlookers of yesterday soon becomes these
fighters of today to be the instruments of tommorrow
fire and storm of the sorrow will shatter within
your reach"
മലയാളത്തില്‍ ആയിരുന്നു ഈ കുട്ടി എഴുതിയിരുന്നതെങ്കില്‍ എന്നൊരു പ്രാദേശികമായ ആഗ്രഹം തോന്നിപ്പിച്ച എഴുത്തുകള്‍ . ഇന്നത്തെ കവികള്‍ക്ക് വിഷയങ്ങള്‍ ഇല്ലാതെ പ്രണയവും മഴയും മാറിയും തിരിഞ്ഞും എഴുതി സമയം കളയുമ്പോള്‍ ഇത്തരം പുതുനാമ്പുകള്‍ ലോകത്തെ ക്ലാസ്സ് മുറികള്‍ക്കപ്പുറം ഒരു ലോകം ഉണ്ട് എന്നുള്ള കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് എഴുതിത്തുടങ്ങുന്നു . തീര്‍ച്ചയായും ഒരുപാട് വായനകള്‍ക്കുള്ള സാധ്യതകള്‍ വരികളില്‍ ഒളിപ്പിക്കുന്ന ഇത്തരം എഴുത്തുകള്‍ ഭാഷയുടെ അതിരുകള്‍ കടന്നു വായനക്കാരെ തേടുന്നത് അഭിനന്ദനാര്‍ഹമാണ്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Wednesday, December 20, 2017

എനിക്കൊരു രാജ്യം വരയ്ക്കണം


ഞാൻ
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ ശ്രമിക്കുന്നു.
മയിൽപ്പീലിത്തണ്ടിനാൽ
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ ശ്രമിക്കുന്നു.
അസ്ഥിത്തുണ്ടുകൾ മാലയണിഞ്ഞ
തലയോട് പാത്രമാക്കിയ
ശവഭോഗികളുടെ രേഖാചിത്രമല്ലത്.
മുസൽമാനായി പിറന്നതിനാൽ
തീവ്രവാദിയെന്നും
ഗോവിനെ ഭുജിക്കുന്നവനെന്നുമെഴുതി
ചിത്രഗുപ്തന്റ പേരേടിൽ
ചുവന്ന വരയിടീച്ചു
പച്ചക്ക് കത്തിക്കുന്നവരെയുമല്ല.
ഓടുന്ന വാഹനത്തിൽ
രാത്രിയിൽ ഒറ്റയ്ക്കായവളുടെ
ഗർഭപാത്രം വലിച്ചു പുറത്തിടുന്ന
കൗമാരക്കാരെയുമല്ല.
വരച്ചു ചേർക്കുന്ന വർണ്ണങ്ങളിൽ
വംശശുദ്ധിയുടെ
ചാണകവെള്ളം തളിച്ചശുദ്ധിയകറ്റും
വികലമാനസരുടെ മുഖമില്ലാതിരിക്കാൻ
എനിക്കേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
പറയൂ പ്രിയരേ ,
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ
എനിക്കൊരു രാജ്യം കാട്ടിത്തരുമോ?
മയിൽപ്പീലിത്തണ്ടിനാൽ
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ........
...... ബിജു.ജി.നാഥ് വർക്കല

എന്തിനാകാം....എന്താകാം


എപ്പോഴും എന്താകാം
ഹൃത്തിനെ നോവിച്ചൊരു
ഉത്തരമില്ലാ ചിന്ത
ചുറ്റിലും പറക്കുന്നു.
കണ്ണുകളടച്ചു ഞാൻ
നിദ്രയെ പൂകിടുന്ന
രാവിനെ ഇപ്പോളെന്തോ
അന്യമായ് പോയിങ്ങനെ.
കട്ടുറുമ്പൊന്നെന്നിന്നു
തനുവെ ഒന്നായങ്ങു
വെപ്രാളപ്പെടുത്തീട്ടു
നിർദ്ദയം സഞ്ചരിപ്പൂ.
ശബ്ദമില്ലാത്തൊരു
മാടപ്പിറാവുതന്റെ
കുറുകൽ കൊണ്ടെൻ
നെഞ്ചം ഞെട്ടിവിറച്ചീടുന്നു.
ആളിപ്പടരുന്നൊരു
അഗ്നിതൻ ഭാവാവേശം
അടിവയറ്റിൽ നിന്നും
മേലോട്ടു പടരുന്നു.
ഒറ്റയ്ക്കിരിക്കുന്നു ഞാൻ
പുഞ്ചിരി പൊഴിക്കുന്നു.
സ്വപ്നത്തിൽ വീണു രാവിൽ
പൊട്ടിച്ചിരിച്ചീടുന്നു.
ചുറ്റിലും വിരിയുന്നു
പൂക്കളങ്ങനവധി
സുഗന്ധം നിറയുന്ന
നിലാവിൻ രാത്രികളും.
നിറങ്ങൾ ചേർന്നുറഞ്ഞു
മഞ്ഞായി പൊഴിയുന്നു
മധുരം എരിവുമായി
കൺകെട്ടി കളിക്കുന്നു.
... ബിജു ജി.നാഥ് വർക്കല

Tuesday, December 19, 2017

ഞാനങ്ങനെയാണ് .


എന്റെ കൂടെ സഞ്ചരിക്കുക എന്നാൽ
കല്ലും മുള്ളും ചവിട്ടുക എന്നാണ് .
എന്റെ കൂടെ വരികയെന്നാൽ
മാലിന്യങ്ങളാലും ചീമുട്ടകളാലും
എറിയേല്ക്കുക എന്നാണ് .
എന്റെ കൂടെ നില്ക്കുകയെന്നാൽ
ആയുധമുറിവുകളാലും
വാക്ശരങ്ങളാലും
ദേഹിയെ പീഢകൾക്ക് വിട്ടുകൊടുക്കലെന്നാണ്.
എന്റെ കൂടെ കൂടുകയെന്നാൽ
മരണത്തെ ഇരന്നു വാങ്ങലാണ്.
ഞാനിങ്ങനെയാണെങ്കിലും
എന്നിലെ ആത്മാവ് നിത്യവും
പ്രണയത്തിനായ് ദാഹിക്കുകയാണ്.
എന്റെ കൂടെയുണ്ടാവുക എന്നാൽ
നമ്മൾ പ്രണയത്തിലാണെന്നാണ്.
.... ബിജു.ജി.നാഥ് വർക്കല

Monday, December 18, 2017

ആദർശ ചിഹ്നം ........ സത്യൻ മാടാക്കര

ആദർശ ചിഹ്നം (കവിതകൾ)
സത്യൻ മാടാക്കര
ചിന്ത പബ്ലിക്കേഷൻസ്
വില: 85 രൂപ

     കവിതകളുടെ ആത്മാവ് നഷ്ടപ്പെട്ട കെട്ട കാലത്തിരുന്നു കൊണ്ടു  കവിതകൾ വായിക്കപ്പെടുന്ന കാലമാണിന്നു. പരീക്ഷണ കവിതകൾ കൊണ്ടു എഴുത്തിടങ്ങൾ നിറയുന്നിടം. ആവിഷ്കാരസ്വാതന്ത്ര്യ സീമകളെ ചുംബിച്ചു കൊണ്ടു കവിതകൾ ഉണരുന്നു. വിഷയത്തിന്റെ ദുർലഭ്യത മൂലം ജീവിതത്തെ പകർത്തുന്ന കവിതകളിൽ ഏകാന്ത മുറികളിലെ സ്വയംഭോഗതൃഷ്ണ പോലും വരികളിൽ മൃദുവും കുതൂഹലവും നിറയ്ക്കുന്നു. മതത്തിന്റെ പോരായ്മകളെ കവിതയിൽ എഴുതുമ്പോൾ പ്രതികവിതകൾ പ്രതിരോധം നിറയ്ക്കുന്നു. ആഫ്രിക്ക പർദ്ദയാൽ അടയാളപ്പെടുമ്പോൾ ഇന്ത്യയെന്നാൽ ജട്ടിയാണെന്നു എഴുതപ്പെടുന്ന കേവല പ്രതിരോധങ്ങളിലേക്ക് സാംസ്കാരികത ഇറങ്ങി വരുന്നു.
   
      ഇത്തരം കാവ്യഗീതങ്ങൾക്ക് ഇടയിലുള്ള ശീതസമരങ്ങൾ വായിക്കപ്പെടുന്നതാണ് ഇന്ന് സാഹിത്യ പ്രേമികളുടെ ലോകം. ഇതിലേക്കാണ് , ഈ അവസ്ഥയിലേക്കാണ് വായനയ്ക്കായി "ആദർശ ചിഹ്നം" എന്ന സത്യൻ മാടാക്കരയുടെ കവിതകൾ തിരഞ്ഞെടുത്തത് . 50 കവിതകൾ നിറഞ്ഞ ഈ സമാഹാരം വായന കഴിഞ്ഞു മടക്കിവയ്ക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു മണൽത്തരി വീണു കിടക്കുന്നതു പോലെ അനുഭവപ്പെട്ടു.

      പ്രവാസ ലോകത്തിരുന്നു സാഹിത്യ സൃഷ്ടി നടത്തുന്ന ഒട്ടനവധി എഴുത്തുകാർ ഉണ്ട്. കൂടുതലും പറഞ്ഞു പഴകിയ നാടിന്റെ ഗൃഹാതുരത്വവും കുബ്ബൂസിന്റെ കദനവും മാത്രമാണ്. കവിതകളിൽ കൂടുതലും പ്രണയം , നാടോർമ്മ ,പിന്നെ രാഷ്ട്രീയം മാത്രം. ഇത്തരം വായനകളിൽ നിന്നുള്ള ഒരു മുക്തതയാണ് ഈ കവിതകൾ എന്നു പറയാം. പ്രവാസത്തെ അടയാളപ്പെടുത്താൻ അനുഭവം മാത്രം പോരാ പറഞ്ഞു വയ്ക്കാൻ ഭാഷയും അതു പ്രയോഗിക്കുവാൻ കഴിവും വേണം . ഈ കവിയുടെ കവിതകളിൽ അതു വായിക്കുവാൻ സാധിക്കും.

      ഉള്ളത് നിലനിർത്താനല്ല
     വില്ക്കാനാണ് നമുക്ക് താത്പര്യം.
     അധ്വാനം വില്ക്കുന്നവരെ
     കയറ്റിയയച്ച്
     നാടിപ്പോൾ
     ആളില്ലാത്ത
     വീടായിത്തീർന്നിരിക്കുന്നു .( വില്പന)  എന്നു കവി പറയുമ്പോൾ കേരളത്തിലെ പല കുടുംബങ്ങളുടെയും വീടോർത്തു പോകും വായനക്കാർ. ഗൾഫ് സ്വപ്നവുമായി പുരുഷന്മാർ ചിലടത്ത് സ്ത്രീകളും ഒഴിഞ്ഞു പോയ വീടുകൾ ആണ് നാട്ടിലെവിടെയും കാണാൻ കഴിയുക. "വീടിന്റെ ക്ലോസ്സപ്പിൽ ഒരാത്മകഥ തെളിയുന്നു. പെഷവാറിലെ പഠാണി കുന്നുകളിൽ വീട് സ്വപ്നം കാണുന്നു " ( പ്രവാസവീടിന്റെ ആത്മകഥ ) എന്നിങ്ങനെ പ്രവാസത്തിലെ ഓർമ്മ മരങ്ങൾ പൂത്തു വിടരുന്നു  വരികളിൽ . പ്രവാസി ജീവിതമെന്നാൽ "ഏതുനേരത്തും താഴ് വരയിലലയുന്ന തലയില്ലാത്ത ഒട്ടകം " ( തുറന്നു കാട്ടൽ) ആണെന്നു ഒരു പ്രവാസിക്കല്ലാതെ മറ്റാർക്ക് പറഞ്ഞു കൊടുക്കാനാവും. "മരുഭൂമിയിലെ കവിത വിഷം കുടിച്ച നിലാവ് " ( വിഷം കുടിച്ച നിലാവ് ) എന്നു തുടങ്ങുന്ന വരികൾ രണ്ടു കാലത്തെ പ്രവാസ ജീവിതം വരച്ചിടുന്നുണ്ട് തുടർവരികളിൽ. "മരുഭൂമി കുഴിച്ച് പ്രസവിച്ച പകലിനെ തിരയുന്ന വെയിലിനു സലാം വയ്ക്കുന്നു " (മഷിപ്പാത്രം) എന്ന വേദനയുടെ ശിലാഫലകങ്ങൾ മരുഭൂമിയെ സ്നേഹിക്കാതെ സ്നേഹിച്ചു പോകുന്ന പച്ചവയൽപ്പാടത്തിന്റെ മനസ്സുകളെ എങ്ങനെയാണ് നോവിക്കാതിരിക്കുക.
   
      " പഠാണിയുടെ ടാക്സിയിൽ കയറി
       മലയാളി ഗ്രോസറിയിൽ പറ്റ് ഉറപ്പിച്ചു
      ശ്രീലങ്കൻ സിംഹളത്തിയോട് ചിരിച്ചു
      അറബിയോട് സലാം പറഞ്ഞ് " (ഇന്നിന്റെ മണം) കടന്നു പോകുന്ന പ്രവാസിയുടെ ദിനചര്യകളെ കവിതകളിൽ ആവിഷ്കരിക്കുന്ന കവി രാഷട്രീയ സാമൂഹ്യ വിഷയങ്ങളും കവിതയിൽ ഇടം നല്കുന്നുണ്ട്. ഗൗരവതരവും എന്നാൽ കാര്യമാത്ര പ്രസക്തവുമായ കവിതയുടെ വായന സുഖം നല്കുന്ന ഈ കവിതകൾ സാഹിത്യാസ്വദകരെ ആകർഷിക്കുക തന്നെ ചെയ്യും. ആശംസകളോടെ ബി.ജി.എൻ വർക്കല

പേരിലെന്തിരിക്കുന്നു ...


കാശിത്തുമ്പയും
തൊട്ടാവാടിയും
പാദസരത്തിൻ മണിയൊച്ച കേട്ട
കാലത്ത് നീയെന്നെ
തമ്പുരാട്ടീ എന്നു വിളിച്ചു.
മാറിലെ കൃഷ്ണശിലകൾ
കനം വെടിയും കാലം വരെയും
തമ്പ്രാട്ടീ എന്ന കൊഞ്ചലായും
കൂടെ നടന്നൊരാൾ.
വരയും കുറിയും വീണ
ഭൂപടത്തിലൂടെ സഞ്ചരിക്കവേ
ഞാൻ അവനെപ്പോഴോ
കാക്കത്തമ്പുരാട്ടിയായി.
കായും പൂവും ചേർന്ന
വിളികളിൽ എവിടെയോ ഒക്കെ
കരിയിലക്കിളിയുടെ ചിലമ്പൽ
കാതിന്നലോസരമായിരുന്നു.
ശബ്ദങ്ങളെ ദൂരേക്ക് പറത്തിവിട്ട്
ഇന്നു കാടും മലയും കയറുമ്പോൾ
എന്നെ നീ എന്തുവിളിക്കും ?
..... ബി.ജി എൻ വർക്കല

Saturday, December 16, 2017

'ഠാ' ഇല്ലാത്ത മുട്ടായികൾ...........അശ്വതി ശ്രീകാന്ത്

ഠാ ഇല്ലാത്ത മുട്ടായികൾ ( ഓർമ്മ)
അശ്വതി ശ്രീകാന്ത്
സൈകതം ബുക്സ്
വില: 100 രൂപ

" നിങ്ങൾക്ക് അറിയാമോ.... കന്യകാത്വം നഷ്ടപ്പെടുന്നതിനെ പോലുമല്ല, ഒരു പെൺകുട്ടി ഭയക്കേണ്ടത്. സ്വപ്ന ലോകത്തേക്ക് പച്ചയായ ജീവിതം തുളച്ചിറങ്ങുന്ന ചില നിമിഷങ്ങളുണ്ടാവും. അതിനെയാണ്, അതിനെ മാത്രമാണ് ഒരു പെൺകുട്ടി ഭയക്കേണ്ടത്. നിങ്ങളിത് വിശ്വസിച്ചാലും ഇല്ലെങ്കിലും."
...  (മാന്ത്രിക പരവതാനി. അശ്വതി ശ്രീകാന്ത് )

     ഓർമ്മകൾ മധുരവും എരിവും നിറഞ്ഞ വേദനകൾ ആണ്. കടന്നു പോയതും ഇനി തിരികെ ലഭിക്കാത്തതുമായ ഒന്നാണ് ഓർമ്മകൾ. നാളെയുടെ ചിന്തകൾക്ക് ഭാവനയുടെയും ഭാവുകത്വത്തിന്റെയും വിത്തുകൾ പാകാൻ ഓർമ്മകൾക്ക് കഴിയും. നാം കടന്നു പോയ വഴികൾ ഓർത്തു വയ്ക്കാനും ഓർമ്മകൾ അല്ലാതെ മറ്റൊന്നില്ലല്ലോ. മുത്തശ്ശിക്കഥകൾ കേട്ടു വളർന്ന ബാല്യത്തിനെ കഥകൾ സ്വാധീനിച്ചു പോരുന്നതിനാൽ തന്നെ മുതിർന്നു കഴിഞ്ഞാലും ഉള്ളിലൊരു കഥ കേട്ടുറങ്ങുന്ന കുഞ്ഞ്‌ മയങ്ങിക്കിടപ്പുണ്ടാകും ഓരോ മനുഷ്യനിലും. സാഹിത്യത്തിലെ കഥാലോകം ഇത്ര കണ്ടു സമ്പുഷ്ടമായതിനു ഏക കാരണം ഇതൊന്നു മാത്രമാകണം.
      " 'ഠാ' യില്ലാത്ത മുട്ടായികൾ " എന്ന " അശ്വതി ശ്രീകാന്തി''ന്റെ ഓർമ്മകളുടെ പുസ്തകം തുറക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തിയ ചിന്ത ഈ പെണ്ണുങ്ങൾക്കെന്താണിത്ര കഥ പറയാൻ പ്രത്യേകിച്ചും ബാല്യത്തെക്കുറിച്ചു പറയാൻ എന്നായിരുന്നു. കാരണം ദീപ നിശാന്ത്, രമ പൂങ്കുന്നത്ത് , ഷൈന കുഞ്ചൻ , ഹണി ഭാസ്കർ എന്നിവരുടെ ബാല്യ ഓർമ്മകൾ വായിച്ചു പോയ അനുഭവത്തിലൂടെ അതിലും വലുതൊന്നും അശ്വതിയും പങ്കുവയ്ക്കാൻ ഉണ്ടാകില്ല എന്ന ഒരു തോന്നൽ ഉള്ളിലുണ്ടായിരുന്നു. ശ്രീബാല കെ മേനോൻ എഴുതിയ അവതാരികയും എഴുത്തുകാരിയുടെ ആമുഖവും കടന്നു പോകുമ്പോൾ വായന അവശ്യമാണെന്ന ചിന്ത അറിയാതെ ഉടലെടുത്തു.
     18 കഥകൾ ആണിതിൽ ഉള്ളത് എന്നു പറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഒരു ബാലികയുടെ ശൈശവ ചിന്തകളെ തനിമയോടെ അവതരിപ്പിക്കുമ്പോൾ തന്നെ ഈ ഓർമ്മത്തുണ്ടുകൾ ഓരോ കഥകൾ ആയി മാറുകയാണിവിടെ. കുഞ്ഞിപ്പെണ്ണിന്റെ കുഞ്ഞു നൊമ്പരങ്ങളൊപ്പിയെടുത്തു വലിയ പെണ്ണാക്കിയ മുത്തശ്ശിയും ,കളഞ്ഞു പോയ കൊലുസ് പാതിരാവിൽ പുഴയിൽ നിന്നും  തിരികെക്കൊടുത്ത കമിതാക്കളും, യുധിഷ്ഠിരന്റെ പട്ടിയും , അനുചേച്ചിയുമൊത്തുള്ള മലകയറ്റവും , മാന്ത്രിക പരവതാനിയിൽ നിന്നും അമ്മാമ കപ്പളങ്ങ കുത്തിയിടാൻ ഉപയോഗിക്കുന്ന കോലുപോലത്തെ ചേട്ടൻ തള്ളിയിട്ടതും , ചെറുകോടിയെന്ന ഭ്രാന്തത്തി വലിച്ചെറിഞ്ഞ ഒറ്റ രൂപ നാണയത്തിന്റെ മണം നഷ്ടപ്പെടാത്ത കൈ മണപ്പിച്ചു നീങ്ങുന്ന പെൺകുട്ടിയും ,ആനന്ദവല്ലിയും പൂച്ചക്കുഞ്ഞും , വിശപ്പും അയിത്തവും അമ്മയോർമ്മയും ,പ്ലാസ്റ്റിക് പൂവിനെ ഉമ്മ വയ്ക്കുന്ന ഈച്ചയും, അമ്പിളിയും ഊട്ടിപ്പൂവും ,രായപ്പായിയുടെ പരോപകാരവും ,അയലത്തെ വല്യാപ്പന്റെ പൂച്ച നഖങ്ങളും, ജീനയുടെ മുടിയും , രാമേന്ദ്രനും , കള്ളനും അവളും ആർത്തവ ദിനവും ചെപ്പടിയും മുട്ടായിയും ,ഇത്താക്കിന്റെ ചതുരക്കാഴ്ചകളിലെ നേർക്കാഴ്‌ചകളും ,ഇച്ചിരാമ്മയും ബാലനും നെയ്യുരുളയും ഓരോ കഥകൾ ആയി ഒരു  കുട്ടിക്കണ്ണിലൂടെ അവതരിപ്പിക്കുന്ന അശ്വതി സരസമായി മനോഹരമായി കഥ പറയാൻ കഴിയുന്ന ഒരെഴുത്തുകാരിയാണ്  എന്നു തെളിയിക്കുന്നു.
       ഒരാൾ എഴുതുമ്പോൾ ,തന്റെ ആത്മാവിനെ അതിലേക്കു സന്നിവേശിപ്പിക്കുന്നു. അനന്തരമതു ജീവനുള്ള ഒരു ലോകമാകുന്നു. ആ കൈയ്യടക്കം അശ്വതി വശപ്പെടുത്തിയിരിക്കുന്നു.  വായന ഒട്ടും നിരാശ തന്നില്ല. ആശംസകളോടെ ബി.ജി.എൻ വർക്കല

കവിത കുന്നിറങ്ങുമ്പോൾ .


മിഴിവഴുതി വീഴുന്നിടയില്ലാ ഗിരിശൃംഗ -
മകുടത്തിലമരുമൊരു രുദ്രാക്ഷമതിൽ!
തിലകം പോൽ വിളങ്ങുമൊരsയാളം
തന്നിലെ ഫലമത് പറയാനാവോ .
ഇടിയാത്ത കുന്നിന്നിടക്കാമ്പിലൂടെ
വെറുതെ കൈവീശി നടന്നിടാനോ.
അറിയില്ല ,എങ്കിലും തടയുവാനാകാതെ
മിഴി പോകുന്നു ദുർവാശിയോടെ .
..... ബി.ജി.എൻ വർക്കല

ഓര്‍മ്മകളുടെ ഭ്രമണപഥം .................. നമ്പി നാരായണന്‍

ഓര്‍മ്മകളുടെ ഭ്രമണപഥം (ആത്മകഥ)
നമ്പി നാരായണന്‍
കറന്റ് ബുക്സ്
വില: 350 രൂപ

ഞാന്‍ പറഞ്ഞു വരുന്നത് ലോകത്തുള്ള 150 കമ്പനികള്‍ക്ക് 2000 രൂപ വാങ്ങി അവര്‍ ആവശ്യപ്പെട്ട അത്രയും ഡ്രോയിംഗുകള്‍ നല്‍കിയ സ്ഥാപനം ആണ് ISRO. 2000 രൂപക്ക് അവര്‍ അങ്ങോട്ട്‌ അയച്ചു കൊടുക്കുന്ന ഡ്രോയിംഗ് എന്തിനാണ് അവര്‍ കോടികള്‍ ചിലവിട്ടു ഇവിടെ വന്നു രഹസ്യമായി കൊണ്ട് പോകുന്നത്? അതുമാത്രം ആലോചിച്ചാല്‍ മതി ചാരക്കേസ് വെറുമൊരു കള്ളക്കഥയാണെന്ന് ബോധ്യമാവാന്‍ .....നമ്പി നാരായണന്‍

ആത്മകഥകള്‍ എന്നും ചരിത്രത്തിന്റെ വഴികാട്ടികള്‍ ആണ് . ചില പ്പോഴൊക്കെ ചരിത്രത്തിന്റെ തെറ്റുകളെ കാട്ടിത്തരാന്‍ അവയ്ക്ക് കഴിയുന്നുണ്ട് . ജീവിതത്തില്‍  അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അത് സഹായകമാകാറുണ്ട് ചിലപ്പോഴൊക്കെ . ഗാന്ധിയും ഹെലെന്‍കെല്ലറും ആന്‍ ഫ്രാങ്കും ഒക്കെ വായനക്കാരുടെ ഇഷ്ടമായി നിലനില്‍ക്കുന്നത് പലപ്പോഴും പ്രതിസന്ധികളുടെ വഴിമുട്ടലുകളില്‍ ആണല്ലോ . ആത്മകഥ എന്നാല്‍ ആത്മാവിഷ്കാരമല്ല മറിച്ചു തന്നില്‍ തിക്കുമുട്ടിയിരുന്ന അഗ്നിപര്‍വ്വതത്തിന്റെ സ്ഫോടനം ആണ് . അതിന്റെ പൊട്ടിത്തെറിയിലൂടെ ആ വ്യക്തി തന്റെ ആത്മാവിനെ ശാന്തമാക്കുമ്പോഴും അതിന്റെ തീയും പുകയും ലാവയും പല വിശ്വാസങ്ങളെയും , വ്യക്തികളെയും സംഹിതകളെയും സംവിധാനങ്ങളെയും വിമര്‍ശിക്കാനും , ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം വെറുക്കാനും , ചിലപ്പോള്‍ സ്നേഹിക്കാനും വഴി വയ്ക്കുന്നുണ്ട്‌ .  
ഒരു കാലത്ത് കേരളം ആകെ പുകഞ്ഞു കത്തിയ ഒരു ചാരക്കേസ് ആയിരുന്നു നമ്പി നാരായണന്‍ , മറിയം റഷീദ , ശശികുമാര്‍ തുടങ്ങിയ വ്യക്തികള്‍ നിറഞ്ഞു നിന്ന ISRO ചാരക്കേസ്. ഇത് മൂലം കരുണാകരന് തന്റെ കസേര നഷ്ടമാകുകയും ചെയ്തു . അന്ന് പത്രങ്ങള്‍ ഊഴമിട്ട്‌ തിരക്കഥകള്‍ രചിച്ചു ജനങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു . ചാരക്കഥകള്‍ വായിച്ചു ജനം രാജ്യദ്രോഹികള്‍ ആയി കണ്ട ഇന്ത്യയുടെ ആണവ, മിസൈല്‍ ബ്രെയിനുകള്‍ ഒരുപക്ഷെ അവര്‍ പോലും അറിയാതെ ഇരകള്‍ ആയ നാടകത്തിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നു എന്നതാണ് വാസ്തവം . ഈ വസ്തുതകളെ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കേസിലെ ആരോപിതനായ പ്രധാന വ്യക്തി ലോകത്തോട്‌ വിളിച്ചു പറയുന്നതാണ് ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥ . നമ്പി നാരായണന്‍ എന്ന ശാസ്ത്രഞ്ജന്‍ തന്റെ ജീവിതത്തിലെ ആ കറുത്ത ഏടുകള്‍ ജനങ്ങളോട് വിളിച്ചു പറയുമ്പോള്‍ ഒരുകാലത്ത് അദ്ദേഹത്തെ തലങ്ങും വിലങ്ങും ആക്രമിച്ച ജനം മൂക്കത്ത് വിരല്‍ വയ്ക്കുന്ന കാഴ്ച ഈ പുസ്തകത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നു .
വിക്രം സാരാഭായി , ഭാഭ തുടങ്ങിയ അതി പ്രഗത്ഭരായ ശാസ്ത്രഞ്ജര്‍ നിഗൂഡമായ മരണത്തിലേക്ക് നടന്നു പോയതിന്റെ വഴിയില്‍ ആത്മഹത്യയിലേക്കോ അനാവശ്യമായ ജയില്‍ ജീവിതത്തിലേക്കോ നടക്കേണ്ടി വരുമായിരുന്ന ഒരു മനുഷ്യന്‍ അതിനാല്‍ തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച കരിനിഴല്‍ വിളിച്ചു പറയുമ്പോള്‍ അതിനു നേരിന്റെ പരിവേഷം ഉണ്ട് . വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോകുന്ന നമ്പി നാരായണന്‍ മൂന്നു ദിവസത്തെ ഐ ബി ഉദ്യോഗസ്ഥര്‍ തല്ലി ചതച്ചു സത്യം പറയിക്കാന്‍ ഉള്ള ശ്രമം നടത്തുക . പേരില്‍ മുസ്ലീം നാമധാരിയായ ഒരാളെ പറഞ്ഞു കൊടുക്കാന്‍ വേണ്ടി മര്‍ദ്ദിക്കുമ്പോള്‍ അബ്ദുല്‍ കലാമിന്റെ പേര് പറഞ്ഞു കൊടുത്ത ധീരനായ മനുഷ്യന്‍ . വേദന കടിച്ചമര്‍ത്തുമ്പോഴും തനിക്ക് നീതി ലഭിക്കും എന്ന് കരുതുന്നുണ്ട് . അന്വേഷണ മേധാവി സിബി മാത്യൂസ് വെറും രണ്ടര മിനിറ്റ് മാത്രം കാണുകയും കുറ്റപ്പെടുത്തി കടന്നു പോകുകയും ചെയ്യുമ്പോള്‍ തളരുന്നത് തന്റെ തന്നെ വിശ്വാസം ആണെന്ന് തിരിച്ചറിയുന്ന നമ്പി നാരായണന്‍ . മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നു പോകുന്ന മര്‍ദ്ദന പരമ്പരകളെ സഹിക്കുകയാണ് . അതെ സിബി മാത്യൂസും ഭാര്യയും രണ്ടര മണിക്കൂര്‍ ആണ് മാപ്പ് പറയാന്‍ വേണ്ടി ചിലവഴിച്ചത് നമ്പി നാരായണന് മുന്നില്‍ എന്നത് ഏറ്റവും വലിയ തമാശ ആണ് .
സി ബി ഐ നടത്തിയ അനുഭാവപൂര്‍വ്വമുള്ള പെരുമാറ്റവും ഐ ബി , കേരള പോലീസിന്റെ ക്രൂരതയും വിവരമില്ലായ്മകളും ആ ദേശസ്നേഹിയായ ശാസ്ത്രന്ജന്റെ ആത്മവീര്യം തകര്‍ക്കാന്‍ കഴിഞ്ഞില്ല . ജയില്‍ ജീവിതവും കോടതികളും കടന്നു വീട്ടില്‍ എത്തുമ്പോള്‍ ആത്മഹത്യ ആയിരുന്നു മുന്നില്‍ . അതറിഞ്ഞ മകള്‍ പറയുന്ന വാചകം ആണ് ഇന്നീ പോരാട്ടങ്ങള്‍ക്കും ഈ പുസ്തകത്തിനും പിന്നില്‍ എന്നത് സത്യത്തിന്റെ വിജയം ആയി കാണാം . എത്ര വലിയ പദവിയില്‍ ആയിരുന്നാലും വിദേശ ശക്തികള്‍ക്ക് നിയമത്ത്തിന്റെയും അധികാരത്തിന്റെയും  കൈകളിലൂടെ അവര്‍ നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ അവര്‍ക്ക് കഴിയുന്നത്‌ പോലെ എത്ര തന്നെ തരം താഴാമോ അത്രയും താഴ്ന്നും നേടിയെടുക്കാന്‍ ശ്രമിക്കും എന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു . ഇന്ത്യയുടെ ആണവമുന്നേറ്റവും , കഴിവുകളും ലോക ആണവശക്തികളില്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ആണ് ഈ ചാരക്കേസിന് പിന്നിലെന്നു സംശയിക്കാവുന്ന ഒട്ടനവധി സാധ്യതകള്‍ നമ്പി നാരായണന്‍ പങ്കു വയ്ക്കുന്നുണ്ട്‌ . കേരള പോലീസിലും , ഐ ബിയിലും ഒക്കെ തന്നെ ഇതിന്റെ ഭാഗഭാക്കുകള്‍ ഉണ്ട് എന്ന ഞെട്ടിക്കുന്ന വസ്തുതകള്‍ വളരെ നാണക്കേട്‌ ഉണ്ടാക്കുന്ന ഒരു സംഗതിയാണ് .

മലയാളിയുടെ ബോധമണ്ഡലത്തില്‍ ഒരു വിസ്ഫോടനമായി മാറുന്ന ഒന്നാണ് ഈ പുസ്തകം എന്ന് നിസംശയം പറയാം . എന്തിനെയും വികാരപരമായി പെട്ടെന്ന് പ്രതികരിക്കുകയും പിന്നീട് കുറ്റബോധം തോന്നി നിശബ്ദനാകുകയും ചെയ്യുന്ന മലയാളിയുടെ കാപട്യത്തിന് നേരെ നീട്ടിപ്പിടിക്കുന്ന ചോദ്യചിഹ്നം ആണ് ഇന്ത്യയുടെ വളര്‍ച്ചയെ തളര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ച ആഗോള അജണ്ടകളെ അപ്പാടെ വിഴുങ്ങിയ മാധ്യമങ്ങളും , നിയമപാലകരും , രാഷ്ട്രീയവും തകര്‍ത്ത് എറിയാന്‍ ശ്രമിച്ച നമ്പി നാരായണന്‍ എന്ന മനുഷ്യന് നീതി ലഭിച്ചുവോ എന്ന ചോദ്യം. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

Thursday, December 14, 2017

ദൈവത്തിനോട് ഒരു പ്രാര്‍ത്ഥന.

--
എന്റെ ദൈവമേ ,
എന്നോടും കരുണ കാട്ടണേ.
എന്നെ അറിയുന്നവന്‍ നീയെങ്കില്‍
ഒരു പ്രവാചകനെക്കൂടി നീ അയക്കേണമേ.
എനിക്ക് നീതി കിട്ടുന്ന,
എനിക്കും സമത്വം കിട്ടുന്ന
വാഗ്ദാനങ്ങളില്‍ തുല്യത നല്‍കുന്ന
ഒരു സ്വര്‍ഗ്ഗം എനിക്കും നല്‍കേണമേ.
അന്യ സ്ത്രീകള്‍ കാണാതെയിരിക്കാന്‍
അവനെയും നീ പൊതിഞ്ഞു വയ്ക്കാനും
നരകം നല്‍കാനും കല്പിക്കേണമേ .
എന്റെ പുരുഷന്റെ സൗന്ദര്യം
എനിക്ക് മാത്രമായിരിക്കാന്‍ കല്ക്കേണമേ.
അന്യ സ്ത്രീയെ നോക്കിയാല്‍,
കിടപ്പറയിൽ 
ഭാര്യയുടെ ഇഷ്ടങ്ങള്‍ അവഗണിച്ചാല്‍
വെളുക്കുവോളം ശപിക്കുന്ന മലക്കുകളെ
അവന്നായും നീയയക്കേണമേ.
സ്വര്‍ഗ്ഗത്തില്‍ അവനെന്നപോലെ
എനിക്കും നീയേകണമേ ഇണകളെ .
ഇഹത്തിലെന്നപോലെ ഒരുവനെ മാത്രം നല്‍കി
നീ എന്നെ ഇകഴ്ത്തരുതേ.
ഒന്നിലധികം ഭര്‍ത്താക്കന്മാരെ ഹലാലായി നല്‍കി
എന്നെയും നീ അനുഗ്രഹിക്കേണമേ.
എന്നെ അവനു വിധേയയാക്കിയ പോലെ
അവനെ എനിക്കും വിധേയനാക്കിത്തരേണമേ.
എന്റെ ദൈവമേ എനിക്കും നീതി തരേണമേ
------------ബിജു ജി നാഥ് വര്‍ക്കല

Wednesday, December 13, 2017

പര്‍ദ്ദ


പര്‍ദ്ദ ഒരു പ്രതിരോധമാണ്.
വീശിയടിക്കുന്ന മണല്‍ക്കാറ്റിലും
ഉരുക്കിയൊഴിക്കുന്ന ഉഷ്ണത്തിലും
അതൊരു നല്ല പരിചയാണ്.

പര്‍ദ്ദ ഒരു മറയാണ് .
കമലാദാസില്‍ നിന്നും കമലാസുരയ്യയില്‍
കാലം കൊണ്ട് നിര്‍ത്തുന്ന സാന്ധ്യയില്‍
ചുളിവുകള്‍ മറച്ചു, മേദസ്സൊളിച്ചു
നവയൗവ്വനം നല്‍കാന്‍ മികച്ചത്.

പര്‍ദ്ദ ഒരു ഒളിയിടമാണ്.
കാപട്യത്തിന്റെ മറുപുറത്തില്‍ നിന്നും
ദയനീയതയുടെ ലജ്ജകളില്‍ നിന്നും
ഭയത്തിന്റെ മടവാളുകളില്‍ നിന്നും
ലോകത്തിനെ അകറ്റി നിര്‍ത്താനാവും.

പര്‍ദ്ദ ഒരു സന്തോഷമാണ്.
തൊലി കളയാത്ത മിഠായി പോലെ
വെയിലേല്‍ക്കാത്ത പൂവുടല്‍ പോലെ
സുഗന്ധവാഹിയായ ഉപഹാരം പോലെ
ആരുംതൊടാ കനിയായി ഭുജിക്കാന്‍.
-----ബിജു ജി നാഥ് വര്‍ക്കല


Sunday, December 10, 2017

കേവലത

ചോദ്യങ്ങളും
അന്വേഷണങ്ങളും
ഇല്ലാത്ത ലോകത്തിൽ
അപരിചിതരുടെ മൗനത്തെ
നിർദ്ധാരണം ചെയ്യുന്നു നാം !
.... ബി.ജി.എൻ

Saturday, December 9, 2017

നമുക്കൊരു യാത്ര പോകണം ..


മഞ്ഞണിഞ്ഞ ഹെയർ പിൻ വളവുകൾ:
വളഞ്ഞുപുളഞ്ഞു പോകുന്ന
മഞ്ഞിൻപ്പുതപ്പണിഞ്ഞ താഴ് വരകൾ !
നിന്നെയും പിറകിലിരുത്തി
ഒരു ബൈക്ക് യാത്ര....
ഏലയ്ക്കാ മണം നിറയും
കടുപ്പത്തിലൊരു ചായ മൊത്തി
തണുപ്പിനെയാവോളം ഉള്ളിലേക്കാവാഹിക്കണം.
അനന്തരം ,ഈറനണിഞ്ഞ നിരത്തിലൂടെ
തേയിലക്കൊളുന്തിന്റെ ചൂരുള്ള
പെണ്ണുങ്ങളുടെ ഒളിനോട്ടമാസ്വദിച്ച്
കാറ്റിനെ പിന്നിലേക്കോടിച്ചൊരു യാത്ര പോകണം .
നീളൻ ചുരുൾമുടികൾ നിന്നെ
ശ്വാസം മുട്ടിക്കുമ്പോൾ
ആർത്തിയോടെ നീയെന്റെ വയറിൽ
കൈ കൊരുക്കണം .
നിറയെ യാത്രക്കാർ കയറിയൊരു ജീപ്പ്
എതിരെ വരുമ്പോൾ
എല്ലാ കണ്ണുകളും നമ്മിലേക്ക് സൂം ചെയ്യുംവിധം
നീയെന്റെ കവിളിൽ ചുംബിക്കണം.
നുരച്ചു പതഞ്ഞു താഴേക്ക് പതിക്കുന്ന
വെള്ളച്ചാട്ടം കൊതിയോടെ നോക്കി
ഒഴുകി വരുന്ന കാട്ടരുവിക്കരയിൽ
അല്പനേരം കിന്നാരം പറഞ്ഞിരിക്കണം.
മുഖത്തേക്ക് വെള്ളം ചവിട്ടിത്തെറുപ്പിക്കുന്ന
എന്റെ വെള്ളിക്കൊലുസിനെ
നീ ഫ്രയിമിൽ പകർത്തുമ്പോൾ
കവിളോരമിരുകൈകൾ ചേർത്ത്
പൊട്ടിച്ചിരിക്കണമെനിക്ക്.
കാലം ഉപേക്ഷിച്ചുപോയ
മുനിയറകൾക്കും
പൂട്ടിക്കിടക്കുന്ന അമ്പല മുന്നിലും
ധ്യാനത്തോടല്പനേരമിരിക്കണം.
വഴിയിറമ്പിലെ ഓറഞ്ചു മരങ്ങളെ കൊതിയോടെ
നോക്കുന്ന നിന്റെ കൈകളെ
എന്റെ മാറിലേക്ക് പിടിച്ചു വയ്ക്കണം.
വഴിമുടക്കാനിറങ്ങിയേക്കാവുന്ന
കാട്ടുപോത്തുകളെയും ആനയേയും ഓർമ്മിപ്പിച്ചു
കാതോരം നിന്റെ നിശ്വാസമേൽക്കുമ്പോൾ
ആക്സിലേറ്റർ അറിയാതെ മുറുകണം.
കരിമ്പും ശർക്കരയും മദിപ്പിക്കുന്ന ഗന്ധമായി
നമ്മെപ്പൊതിയുമ്പോൾ
പിൻകഴുത്തിൽ നിന്നധരം പതിയണം .
എന്നിലേക്കു പൊതിഞ്ഞു പിടിക്കുന്ന
നിന്റെ ചൂടിലലിഞ്ഞ്
ആകാശത്തിലൂടെയെന്നവണ്ണം
നമുക്ക് യാത്ര ചെയ്യണം .
നിന്നെയും കൊണ്ടീ കുളിർമഞ്ഞിലൂടെ
മുഴുമിപ്പിക്കാനാവാത്തൊരു യാത്ര പോകണം.
ലോകം മുഴുവൻ നമ്മിലേക്ക് സൂം ചെയ്യുമ്പോൾ
എല്ലാം മറന്നൊരു യാത്ര. !
... ബി.ജി.എൻ വർക്കല

(മറയൂരിൽ നിന്നും അടിമാലിയിലേക്ക്  അവളുടെ ബൈക്കിൽ പിറകിലിരുന്നൊരു യാത്രയെക്കുറിച്ചു. അവൾ പറയുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരിടവും ഒരനുഭവവും ആകുന്നത് ഞാനറിയുന്നു )