Friday, December 1, 2017

പ്രവാസ കവിത ..


ഉറക്കം വഴിമുട്ടി നില്ക്കുമിടങ്ങളിൽ,
ഇരുട്ടു തഴുകിയുണർത്തുമോർമ്മകളിൽ,
ഇരുമ്പു കട്ടിലിലൊരിലയനങ്ങാതെ
കരിമ്പടം കൺകളെ മൂടുമത്രെ.!
ചുറ്റും രാത്രിയെ ചൂഴ്ന്നു നില്ക്കും
കൂർക്കം വലിയൊച്ചയകന്നു പോകും
കൂട്ടിനായോർമ്മയിൽ നിലാവെളിച്ചം തൂകി
ഭാവനാലോകമൊന്നു കൺതുറക്കും.
കൂട്ടുകാരിയോ നാട്ടുകാരിയോ
വീട്ടുകാരിയോ മേലധികാരിയോ
കണ്ടു മറന്ന നായികയോ
പണ്ടു കണ്ടു നടന്നോരയൽക്കാരിയോ
അക്ഷരം ചൊല്ലിപ്പഠിപ്പിച്ച ഗുരുവോ
ആരേലുമുണ്ടാകുമാ നിലാവിൻ
കൈ പിടിച്ചൊന്നു കൂടെ നടക്കാൻ .
വലം കൈയ്യിലെഴുത്താണിയെടുത്തു
ഇടം കൈവക്ഷസ്സിലമർത്തി
കവിതയൊന്നെഴുതിത്തുടങ്ങും .
കമ്പനമില്ലാതെ ,
കിടക്കയെ നോവിക്കാതെ
കവിത കുന്നുകയറിത്തുടങ്ങും
ഇടം വലം കാല്കൾ മാറ്റിച്ചവിട്ടി
ഇരുളിൽ മല കയറുമ്പോൾ
ഉടയാടയഴിച്ചിട്ടു കവിത പിടയ്ക്കാൻ തുടങ്ങും.
ഉച്ചിയിലെത്തുവാൻ ആഞ്ഞു നടന്നു
നടുവൊന്നു വളഞ്ഞു നിവരുന്ന നിമിഷം
പ്രപഞ്ചം നിശബ്ദമാകുമത്രെ.
വിയർപ്പിൽ നനഞ്ഞു തണുത്ത്
ഉറക്കത്തിന്നാഴങ്ങളിലൂളിയിടുമ്പോൾ
മുകളിലെത്തട്ടിലൊരു കവിത തുടങ്ങുന്നുണ്ടാകും .
..... ബി.ജി.എൻ വർക്കല

1 comment: