നിലാവിൽ ഒരു പ്രണയശലഭം ( കവിതകൾ)
ഫൗസിയ കളപ്പാട്ട്.
സൈകതം ബുക്സ്
വില: 60 രൂപ
"വെറുതെ മുളയ്ക്കുന്ന വരികൾ
മഴ നനയാൻ കാത്തിരിക്കുന്നു.
ചിലത് നാമ്പിടാൻ കൊതിക്കുന്നു
ഉള്ളിലേക്കൊതുങ്ങുന്ന വരികളെ
കൂട്ടി വച്ചൊരു കവിത കുറിക്കുന്നു."
- ഫൗസിയ കളപ്പാട്ട്
കവിത ഹൃദയത്തിന്റെ ഭാഷയാണ്. ആത്മാവിന്റെ ആഴങ്ങളിൽ നിന്നുള്ള നിലവിളികളാണ്. ജീവിച്ചിരിക്കാനുള്ള മരുന്നാണ് . ജീവിതം തന്നെയാണത്. കവിതയെ സ്നേഹിക്കുകയെന്നാൽ ജീവിതത്തെ സ്നേഹിക്കുക എന്നു തന്നെയാണർത്ഥം. സാഹിത്യത്തിന്റെ പാതയിൽ ഒരിക്കലും പിന്നോട്ടു നീക്കിവയ്ക്കാനാവാത്ത തരത്തിൽ കവിതകൾ ജീവസ്സോടെ നില്ക്കുന്നത് അവയുടെ അഭൗമമായ ഭംഗി ഒന്നുകൊണ്ടു മാത്രമാണ്. മലയാള സാഹിത്യത്തിൽ ആദ്യ കാല രചനകൾ എല്ലാം തന്നെ നിയതമായ ഒരു ഘടന ഉണ്ടായിരുന്നവയായിരുന്നു. ഈണവും താളവും വൃത്തവും അലങ്കാരങ്ങളും ഒക്കെ കലർന്നു സംസ്കൃതവും മലയാളവും തമിഴും കൂടിച്ചേർന്ന ഒരു കാലം. നമ്മുടെ സാഹിത്യം കവിത്രയങ്ങളുടെ കാലങ്ങളായി എണ്ണിയിരുന്ന ഒരു കാലമുണ്ടായിരുന്നതുമാണ്. ആധുനിക കാലത്ത് കവിതകൾ ചട്ടക്കൂടുകളിൽ നിന്നും കുതറി മാറാനുള്ള ത്വര കാട്ടിത്തുടങ്ങി. പാശ്ചാത്യ സാഹിത്യങ്ങളിൽ നിന്നും ഊർജ്ജം കൊണ്ടു ഭാഷയെ കെട്ടഴിച്ചുവിട്ടു കവിത പുതിയ ശൈലികളിലേക്ക് കടന്നു. അത്യന്താധുനികതയുടെ കാലത്ത് കവിത നഗ്നയായിക്കഴിഞ്ഞിരുന്നു. ഇന്നു കാവ്യലോകം പരീക്ഷണങ്ങളുടെ ഉന്മത്തതയിലാണ് എന്നു നിസ്സംശയം പറയാൻ കഴിയും .
"നിലാവിൽ ഒരു പ്രണയശലഭം " എന്ന കവിതാ സമാഹാരത്തിലൂടെ " ഫൗസിയ കളപ്പാട്ട് " എന്ന എഴുത്തുകാരി 54 കവിതകളെ പരിചയപ്പെടുത്തുന്നു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ അവതാരികയിലൂടെ കവിതകൾ വായനക്കാരിലേക്ക് പ്രവേശിക്കുന്നു. ഈ കവിതകൾ എല്ലാം തന്നെ പ്രണയത്തിന്റെയും വിരഹത്തിന്റെയും രതിയുടെയും മിശ്രിതങ്ങൾ ആണ്. 'വെറുതെ മുളയ്ക്കുന്ന വരികൾ ' ആണെന്നു കവി പറയുമ്പോഴും ഈ ഓർമയുടെ കുറിപ്പുകൾ നിന്നോടൊപ്പമുള്ള എന്റെ പ്രണയത്തിനു വേണ്ടി , നമ്മൾ കണ്ട സ്വപ്നങ്ങൾക്ക് വേണ്ടി ഞാൻ വരച്ച നിനക്ക് വേണ്ടിയുള്ള വരികൾ ആണ് എന്ന് കവി തന്നെ രേഖപ്പെടുത്തുന്നു.
ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി എന്റെ പ്രണയം ഞാൻ ഇവിടെ കുറിച്ചിടുന്നു എന്ന കവിയുടെ പ്രസ്താവനയോടെ ഈ കവിതകൾ അവസാനിപ്പിക്കുന്നു.
കവിതകളിലൂടെ കടന്നു പോകുമ്പോൾ മനസ്സിൽ ഉണ്ടായ ചിന്ത സ്കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓട്ടോഗ്രാഫിന്റെ താളുകളെയാണ് . കുറച്ചു പ്രണയ വരികൾ കുറിച്ചിടുകയും അതിനെ കവിതയെന്നു വിളിക്കുകയും ചെയ്യുന്നു. പ്രണയക്കുറിപ്പുകൾ , ഡയറിത്താളുകളിൽ നിന്നിറങ്ങി കവിതയായി രൂപം മാറുന്നു എന്ന സംശയം ഉണർത്തുന്നുണ്ട്. പ്രണയം മനോഹരമായ ഒരു വികാരമാണ്. എക്കാലത്തും അതിനെക്കുറിച്ചു എന്തെഴുതിയാലും അത് വായിക്കപ്പെടും. അവയെ കുറിമാനങ്ങൾ എന്നു വിളിക്കാനാണ് ഇഷ്ടപ്പെടുക. ഇതിൽ കവിതയുണ്ട്. ചെറുകുറിപ്പുകൾ കവിത പോലെ പറഞ്ഞു പോകുന്നുണ്ട്. കാവ്യവത്കരിക്കാൻ ഉള്ള ശ്രമങ്ങളും ഉണ്ട്. ഒന്നോ രണ്ടോ വരികളിലെ ചിന്തകൾ വലിച്ചു നീട്ടുമ്പോൾ ഉണ്ടാകുന്ന വായനാ രസംകൊല്ലൽ ചിലയിടങ്ങളിൽ ഉണ്ടാകുന്നുണ്ട്.
ഫൗസിയ കളപ്പാട്ട് ഒരു കഥാകാരിയായി ആണ് സാഹിത്യത്തിൽ അടയാളപ്പെട്ടിരിക്കുന്നത്. കവിതയിലേക്കുള്ള പരീക്ഷണം ഒരു പക്ഷേ ടൈപ്പാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം. ഭാഷയുടെ പ്രയോഗങ്ങൾ ശരിയായി ഉപയോഗിക്കാനറിയുന്ന ഈ എഴുത്തുകാരിയിൽ നിന്നും കൂടുതൽ മികച്ച കവിതകളും കഥകളും മലയാളത്തിനു ലഭിക്കും എന്ന ശുഭപ്രതീക്ഷകളോടെ സസ്നേഹം ബി.ജി.എൻ വർക്കല
മനോഹരമായ അവലോകനം
ReplyDeleteആശംസകള്‍