Saturday, December 16, 2017

'ഠാ' ഇല്ലാത്ത മുട്ടായികൾ...........അശ്വതി ശ്രീകാന്ത്

ഠാ ഇല്ലാത്ത മുട്ടായികൾ ( ഓർമ്മ)
അശ്വതി ശ്രീകാന്ത്
സൈകതം ബുക്സ്
വില: 100 രൂപ

" നിങ്ങൾക്ക് അറിയാമോ.... കന്യകാത്വം നഷ്ടപ്പെടുന്നതിനെ പോലുമല്ല, ഒരു പെൺകുട്ടി ഭയക്കേണ്ടത്. സ്വപ്ന ലോകത്തേക്ക് പച്ചയായ ജീവിതം തുളച്ചിറങ്ങുന്ന ചില നിമിഷങ്ങളുണ്ടാവും. അതിനെയാണ്, അതിനെ മാത്രമാണ് ഒരു പെൺകുട്ടി ഭയക്കേണ്ടത്. നിങ്ങളിത് വിശ്വസിച്ചാലും ഇല്ലെങ്കിലും."
...  (മാന്ത്രിക പരവതാനി. അശ്വതി ശ്രീകാന്ത് )

     ഓർമ്മകൾ മധുരവും എരിവും നിറഞ്ഞ വേദനകൾ ആണ്. കടന്നു പോയതും ഇനി തിരികെ ലഭിക്കാത്തതുമായ ഒന്നാണ് ഓർമ്മകൾ. നാളെയുടെ ചിന്തകൾക്ക് ഭാവനയുടെയും ഭാവുകത്വത്തിന്റെയും വിത്തുകൾ പാകാൻ ഓർമ്മകൾക്ക് കഴിയും. നാം കടന്നു പോയ വഴികൾ ഓർത്തു വയ്ക്കാനും ഓർമ്മകൾ അല്ലാതെ മറ്റൊന്നില്ലല്ലോ. മുത്തശ്ശിക്കഥകൾ കേട്ടു വളർന്ന ബാല്യത്തിനെ കഥകൾ സ്വാധീനിച്ചു പോരുന്നതിനാൽ തന്നെ മുതിർന്നു കഴിഞ്ഞാലും ഉള്ളിലൊരു കഥ കേട്ടുറങ്ങുന്ന കുഞ്ഞ്‌ മയങ്ങിക്കിടപ്പുണ്ടാകും ഓരോ മനുഷ്യനിലും. സാഹിത്യത്തിലെ കഥാലോകം ഇത്ര കണ്ടു സമ്പുഷ്ടമായതിനു ഏക കാരണം ഇതൊന്നു മാത്രമാകണം.
      " 'ഠാ' യില്ലാത്ത മുട്ടായികൾ " എന്ന " അശ്വതി ശ്രീകാന്തി''ന്റെ ഓർമ്മകളുടെ പുസ്തകം തുറക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തിയ ചിന്ത ഈ പെണ്ണുങ്ങൾക്കെന്താണിത്ര കഥ പറയാൻ പ്രത്യേകിച്ചും ബാല്യത്തെക്കുറിച്ചു പറയാൻ എന്നായിരുന്നു. കാരണം ദീപ നിശാന്ത്, രമ പൂങ്കുന്നത്ത് , ഷൈന കുഞ്ചൻ , ഹണി ഭാസ്കർ എന്നിവരുടെ ബാല്യ ഓർമ്മകൾ വായിച്ചു പോയ അനുഭവത്തിലൂടെ അതിലും വലുതൊന്നും അശ്വതിയും പങ്കുവയ്ക്കാൻ ഉണ്ടാകില്ല എന്ന ഒരു തോന്നൽ ഉള്ളിലുണ്ടായിരുന്നു. ശ്രീബാല കെ മേനോൻ എഴുതിയ അവതാരികയും എഴുത്തുകാരിയുടെ ആമുഖവും കടന്നു പോകുമ്പോൾ വായന അവശ്യമാണെന്ന ചിന്ത അറിയാതെ ഉടലെടുത്തു.
     18 കഥകൾ ആണിതിൽ ഉള്ളത് എന്നു പറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഒരു ബാലികയുടെ ശൈശവ ചിന്തകളെ തനിമയോടെ അവതരിപ്പിക്കുമ്പോൾ തന്നെ ഈ ഓർമ്മത്തുണ്ടുകൾ ഓരോ കഥകൾ ആയി മാറുകയാണിവിടെ. കുഞ്ഞിപ്പെണ്ണിന്റെ കുഞ്ഞു നൊമ്പരങ്ങളൊപ്പിയെടുത്തു വലിയ പെണ്ണാക്കിയ മുത്തശ്ശിയും ,കളഞ്ഞു പോയ കൊലുസ് പാതിരാവിൽ പുഴയിൽ നിന്നും  തിരികെക്കൊടുത്ത കമിതാക്കളും, യുധിഷ്ഠിരന്റെ പട്ടിയും , അനുചേച്ചിയുമൊത്തുള്ള മലകയറ്റവും , മാന്ത്രിക പരവതാനിയിൽ നിന്നും അമ്മാമ കപ്പളങ്ങ കുത്തിയിടാൻ ഉപയോഗിക്കുന്ന കോലുപോലത്തെ ചേട്ടൻ തള്ളിയിട്ടതും , ചെറുകോടിയെന്ന ഭ്രാന്തത്തി വലിച്ചെറിഞ്ഞ ഒറ്റ രൂപ നാണയത്തിന്റെ മണം നഷ്ടപ്പെടാത്ത കൈ മണപ്പിച്ചു നീങ്ങുന്ന പെൺകുട്ടിയും ,ആനന്ദവല്ലിയും പൂച്ചക്കുഞ്ഞും , വിശപ്പും അയിത്തവും അമ്മയോർമ്മയും ,പ്ലാസ്റ്റിക് പൂവിനെ ഉമ്മ വയ്ക്കുന്ന ഈച്ചയും, അമ്പിളിയും ഊട്ടിപ്പൂവും ,രായപ്പായിയുടെ പരോപകാരവും ,അയലത്തെ വല്യാപ്പന്റെ പൂച്ച നഖങ്ങളും, ജീനയുടെ മുടിയും , രാമേന്ദ്രനും , കള്ളനും അവളും ആർത്തവ ദിനവും ചെപ്പടിയും മുട്ടായിയും ,ഇത്താക്കിന്റെ ചതുരക്കാഴ്ചകളിലെ നേർക്കാഴ്‌ചകളും ,ഇച്ചിരാമ്മയും ബാലനും നെയ്യുരുളയും ഓരോ കഥകൾ ആയി ഒരു  കുട്ടിക്കണ്ണിലൂടെ അവതരിപ്പിക്കുന്ന അശ്വതി സരസമായി മനോഹരമായി കഥ പറയാൻ കഴിയുന്ന ഒരെഴുത്തുകാരിയാണ്  എന്നു തെളിയിക്കുന്നു.
       ഒരാൾ എഴുതുമ്പോൾ ,തന്റെ ആത്മാവിനെ അതിലേക്കു സന്നിവേശിപ്പിക്കുന്നു. അനന്തരമതു ജീവനുള്ള ഒരു ലോകമാകുന്നു. ആ കൈയ്യടക്കം അശ്വതി വശപ്പെടുത്തിയിരിക്കുന്നു.  വായന ഒട്ടും നിരാശ തന്നില്ല. ആശംസകളോടെ ബി.ജി.എൻ വർക്കല

2 comments:

  1. അവലോകനം നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  2. പുസ്തകവും അവലോകനവും ദാ ഇപ്പോൾ വായിച്ചതേയുള്ളൂ. രണ്ടും വളരെ ഇഷ്ടമായി.

    ReplyDelete