Monday, December 25, 2017

നൂറു സിംഹാസനങ്ങള്‍ ...........ജയമോഹന്‍

നൂറു സിംഹാസനങ്ങള്‍ (നോവല്‍)
ജയമോഹന്‍
മാതൃഭൂമി ബുക്സ്
വില: 60 രൂപ


ഞാന്‍ ഒരു കറുത്ത ചെറിയ എലിയാണ്. എലിയുടെ ദേഹത്തും,ശബ്ദത്തിലും ചലനങ്ങളിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. ഒന്ന് ജീവിച്ചോട്ടെ എന്ന മട്ടുണ്ട്. കാലുകള്‍ക്ക് താഴെയാണ് അതിന്റെ ലോകം. ചപ്പുചവറുകളില്‍ ആണ് അതിന്റെ ജീവിതം. അതിന്റെ നട്ടെല്ല് വളയ്ക്കേണ്ട കാര്യം ഇല്ല. വളച്ചു തന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത്.

   ചിലപ്പോഴൊക്കെ വായനകള്‍ മനസ്സിനെ കരയാന്‍ വിടും . ജീവിച്ചിരിക്കുന്ന ലോകത്തെക്കുറിച്ചും അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും ഒക്കെ ആരുടെയോ ഒക്കെ ഔദാര്യം ആണെന്ന തോന്നല്‍ ഉണ്ടാകും . ആരും ഇല്ലാത്ത ഒരു ലോകത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും ആവോളം അനുഭവിച്ചു മരിച്ചുവെങ്കില്‍ എന്നാഗ്രഹിക്കും . എന്തുകൊണ്ടാകും ജീവിതം ഇത്രയേറെ ഭയാനകമായി ചിലര്‍ക്ക് മാത്രം മാറുന്നത് എന്ന ചിന്തയില്‍ സ്വയം നോവിക്കാന്‍ ശ്രമിക്കും . തീര്‍ച്ചയായും ചില വായനകള്‍ അങ്ങനെയൊക്കെയാണ് . അതാണ്‌ വാസ്തവികതയുടെ ഗുണം എന്ന് കരുതുന്നു . ജീവിതത്തെ അതുപോലെ പകര്‍ത്തുവാന്‍ കഴിയുന്ന എഴുത്തുകാര്‍ നമുക്ക് നഷ്ടമാകുന്നു . അതോ അന്യം നിന്നുപോകുന്നുവോ അറിയില്ല . എന്തായാലും വായന മനുഷ്യന്റെ മനസ്സിലേക്ക് ചൊരിയുന്ന വികാരങ്ങളെ ഏതു മാപിനികളാലും അളന്നെടുക്കുക സാധ്യമല്ല തന്നെ.

   ജയമോഹന്‍ എഴുതിയ നൂറു സിംഹാസനങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ചിന്ത ഞാനും ഒരു മനുഷ്യനായി ഇവിടെ ജീവിക്കുന്നുണ്ടല്ലോ എന്നതാണ്. ചുറ്റുപാടുകളെ അറിയാതെ , നമുക്ക് ചുറ്റും ജീവിക്കുന്നവരെ അറിയാതെ നാം ജീവിക്കുന്ന ജീവിതം ജീവിതമേ അല്ല എന്ന് കരുതാനാണ്‌ ഇഷ്ടം . പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള ഒരു വാക്കുണ്ട് . ജീവിതം അറിയണമെങ്കില്‍ ക്യാന്‍സര്‍ വാര്‍ഡില്‍ ഒന്ന് കറങ്ങി വരണം എന്ന് . ഒന്നും വേണ്ട തുറന്നു പിടിച്ച കണ്ണുകളും ആയി നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് നോക്കിയാല്‍ മതി . ജീവിതം എന്തെന്നും നാം എന്താണ് അനുഭവിക്കുന്നത് എന്നും നമുക്ക് എന്താണ് ലഭിക്കുന്നത് എന്നും ഒക്കെ വ്യക്തമായി മനസ്സിലാകും . ഒരുപക്ഷെ അത് തന്നെ ധാരാളം ഒരു മനുഷ്യനായി ജീവിക്കാന്‍ അത് മതിയാകും . മതവും രാഷ്ട്രീയവും മലീമസമാക്കി പല തട്ടുകളില്‍ ആക്കി അതാണ്‌ മനുഷ്യ സ്നേഹം എന്നും മാനവികത എന്നും പഠിപ്പിക്കുന്ന ഒരു കാലത്തിലാണ് നാമൊക്കെ ജീവിക്കുന്നത് .
   കാപ്പന്‍ എന്ന മനുഷ്യനും  അവന്റെ അമ്മയും ആണ് ഈ കഥയുടെ പ്രധാന കഥാപാത്രങ്ങള്‍ . എന്താണ് അതിലെ പ്രത്യേകത എന്ന് ചോദിക്കാം . നായാടി വര്‍ഗ്ഗം എന്നൊരു മനുഷ്യ വര്‍ഗ്ഗം കൂടി നമുക്കിടയില്‍ എവിടെയോ ഒക്കെ ജീവിച്ചിരിക്കുന്നുണ്ട് എന്നാണു അതിനു ഉത്തരം . തെരുവിലെ എച്ചില്‍ക്കൂനകളിലും അഴുക്കുചാലിലും ജീവിക്കുന്ന ഒരു മനുഷ്യ വര്‍ഗ്ഗം എന്ന് പറഞ്ഞാല്‍ അത് വേദനയുണ്ടാക്കുന്ന ഒരു വസ്തുതയാണ് . മറ്റു താഴ്ന്ന ജാതിക്കാര്‍ പോലും ആദിവാസികള്‍ പോലും അവജ്ഞയോടെ നോക്കുന്ന ഒരു മനുഷ്യവര്‍ഗ്ഗം നമുക്കിടയില്‍ ഉണ്ടെന്ന അറിവ് തന്നെ എത്ര ക്രൂരം ആണ് . ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ കഴിച്ചു , വൃത്തിയും വെടിപ്പും ഇല്ലാതെ വസ്ത്രങ്ങള്‍ പോലും വേണ്ടവിധം ധരിക്കാത്ത തവളകളെ പോലെ പാറകള്‍ക്കിടയില്‍ ജീവിക്കുകയും മരിച്ചാല്‍ ആരും അറിയാതെ പോകുകയും ചെയ്യുന്ന ജീവിതങ്ങള്‍.

  അത്തരം ഒരു കൂട്ടത്തില്‍ നിന്നാണ് കാപ്പന്‍ എന്ന എഴുവയസ്സുകാരന്‍ ബാലന്‍ പ്രജാനന്ദനെന്ന ഗുരുവിന്റെ കൈകളില്‍ എത്തുന്നത് . വിശപ്പും ദാഹവും അകറ്റി ആ കുട്ടിയെ ഒരു മനുഷ്യക്കുട്ടിയായി വളര്‍ത്തി എടുത്തു . അവന്‍ പഠിച്ചു ഐ എ എസ് എടുത്തു ഒരു ജില്ല ഭരിക്കാന്‍ പ്രാപ്തിയുള്ളവന്‍ ആയി വളര്‍ന്നു . വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളെയും വളരെ നന്നായി ജയമോഹന്‍ ഇതില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ . ഉദ്യോഗത്തില്‍ കയറിയ ശേഷം തന്റെ അമ്മയെ അന്വേഷിച്ചു പിടിച്ചുകൊണ്ട് വരാന്‍ നിയോഗിച്ചപോലീസുകാര്‍ അമ്മയെ പിടിച്ചു കൊണ്ട് വരുമ്പോള്‍ ആ കാഴ്ച കാണുന്ന കാപ്പന്റെ മനസ്സിലെ ചിന്ത നായാടിയില്‍ നിന്നും നാഗരികനിലേക്കുള്ള ചുവടുമാറ്റത്തിന്റെ കൂടി അടയാളം ആണ് .
പോലീസ് ജീപ്പിന്റെ പിന്നിലിരുന്നു നിലവിളിച്ചുകൊണ്ട് വന്ന ആ പരട്ടക്കിളവിയാണ് എന്റെ അമ്മ എന്നു കണ്ട ആ ക്ഷണം എന്റെയുള്ളില്‍ മുളച്ച വെറുപ്പിനെ ജയിക്കാന്‍ ഞാന്‍ സര്‍വ്വശക്തിയുമെടുത്തു പൊരുതേണ്ടി വന്നു
ആ കൂടുമാറ്റം പക്ഷെ അധികകാലമൊന്നും കാപ്പനില്‍ നിലനില്‍ക്കുന്നില്ല . പ്രകൃത്യാ അടിഞ്ഞു കൂടിപ്പോയ അപകര്‍ഷതാബോധത്തില്‍ നിന്നും അയാള്‍ക്കൊരിക്കലും പുറത്തു കടക്കാന്‍ കഴിഞ്ഞിരുന്നില്ല . അധികാര കസേരയില്‍ പോലും തന്റെ ജാതി ഒരു വലിയ ഘടകമായി അയാള്‍ക്ക് അനുഭവപ്പെടുന്നു . തന്റെ കീഴ്ജീവനക്കാര്‍ക്ക് താന്‍ ഒരു കോമാളിയോ അര്‍ഹതയില്ലാതെ ഒരിടത്ത് കയറിക്കൂടിയവന്റെ രൂപമോ ആണ് . അതുകൊണ്ട് തന്നെ ഒരു അധികാരശബ്ദവും അയാള്‍ക്കൊരിക്കലും ഉപയോഗിക്കാന്‍ കഴിയുന്നില്ല മാത്രവുമല്ല തന്റെ മുതുകിലെ കണ്ണില്‍ അയാള്‍ തന്നെ അപഹസിക്കുന്ന സഹപ്രവര്‍ത്തകരെയും,ലോകത്തെയും കണ്ടുകൊണ്ടാണ് ഓരോ ചുവടുപോലും വയ്ക്കുന്നത് .
    അമ്മയെ വീട്ടിലേക്കു കൊണ്ട് വന്നിട്ടും അവര്‍ക്ക് ഉടുപ്പ് ധരിക്കുന്ന ,കസേരയില്‍ ഇരിക്കുന്ന മകനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല . തന്റെ കൂടെ തെരുവിലേക്ക് വരൂ ഞാന്‍ നോക്കിക്കൊള്ളാം എന്നയാളെ അവര്‍ വിളിക്കുന്നു എപ്പോഴും. വെളുത്തവള്‍ ആയ ഭാര്യയെ ഒരു ശത്രുവായി കാണുകയും അവര്‍ക്കെതിരെ എപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആ അമ്മ ഒരിക്കല്‍ പോലും തന്റെ സ്വത്വം  വിട്ടു പുറത്തേക്ക് വരാന്‍ തയ്യാറല്ല. അതെ സമയം മകനെ കിട്ടാഞ്ഞിട്ടു ചെറുമകനെ കൊണ്ട് ഒരു ദിവസം അവര്‍ അപ്രത്യക്ഷമാകുന്നുണ്ട് . ഒടുവില്‍ ഒരു എച്ചില്‍കൂനയില്‍ നിന്നവരെ കണ്ടെത്തുമ്പോള്‍ ആ കുഞ്ഞു രോഗാതുരനായി ആശുപത്രിയില്‍ എത്തുന്നു മലിനമായ ആഹാരം കഴിച്ചത് മൂലം .
    അതോടെ അമ്മയെ വീട്ടില്‍ നിന്നും അടിച്ചോടിക്കുവാന്‍ കാപ്പന്‍ പ്രേരിതനാകുന്നു. അവിടെ നിന്നുംപിന്നെ അയാള്‍ അമ്മയെ കാണുന്നത് ഒരു ഗവണ്മെന്റ് ആശുപത്രിയുടെ അനാഥരും പിച്ചക്കാരും കിടക്കുന്ന ഇടത്ത് മരണാസന്നയായി കിടക്കുന്ന രീതിയിലാണ് . അവിടെ നിന്നും നല്ല ആശുപത്രിയിലേക്ക് അയാള്‍ അവരെ മാറ്റുന്നുണ്ടെങ്കിലും അവര്‍ മരണത്തിലേക്ക് പോകുകയാണ് .

     എത്ര തന്നെ ഉന്നത വിദ്യാഭ്യാസം നേടിയാലും, സുഖസൗകര്യങ്ങള്‍ ലഭിച്ചാലും താന്‍ കടന്നു വന്ന ജീവിതത്തിന്റെ ബാക്കിയാകുന്ന ചില അപകര്‍ഷതകളും ചിന്തകളും മനുഷ്യരില്‍ നിലനില്‍ക്കുന്നുണ്ട് . ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഉള്ളില്‍ ഒരു കരിങ്കല്ല് കയറ്റി വച്ചത് പോലെ അനുഭവപ്പെട്ടത് ഇതിലെ ജീവിതം സാധാരണസങ്കല്‍പ്പങ്ങളില്‍ നിന്നകന്നു പച്ചയായ ജീവിതത്തെ അതേപടി വരച്ചു കാട്ടിയപ്പോള്‍ ഉള്ള വികാരമാണ് . കാണാത്ത , അറിയാത്ത ഇത്തരം ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഇന്നുമുണ്ട് . അതിനെ കണ്ടെത്താന്‍ ഇതുപോലെ ഇനിയും എഴുത്തുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

No comments:

Post a Comment