Wednesday, November 24, 2021

മുട്ടിയാൽ തുറക്കപ്പെടില്ല

മുട്ടിയാൽ തുറക്കപ്പെടില്ല
.............................................
ഹാ ! നിഗൂഢമാം ഇരുളിൻ കയത്തിലായ്
വീണിടുന്നു ഞാൻ മെല്ലെയെന്നറിയുന്നു.
കൈ പിടിച്ചൊന്നുയർത്തുവാൻ വേണ്ടിയീ-
ഭൂമി തന്നിലില്ലാ മമ നിഴലുപോലുമേ. 

നഷ്ടമാകും പ്രതീക്ഷതൻ ചിറകാലേ
എത്ര ശ്രമിക്കിലും പറക്കുവാനാകില്ല.
ഉള്ളെരിഞ്ഞിട്ടുണരും അഗ്നിക്കുമാകില്ല
തെല്ലുമീ തണുവിരൽ പോലുമിളക്കിടാൻ.

കാടുപോലെ വിഹ്വലമാമീ ലോകത്തിൽ
കൂട്ടുകൂടുവാൻ മാത്രമില്ലൊരു ഗന്ധവും.
നേർത്തവളയത്തിലലംകൃതമാമൊരു നൽ-
മുലച്ചുണ്ടു നുണഞ്ഞ് ഞാൻ മയങ്ങട്ടെ. 

കൺതുറന്ന് ഞാൻ മേലേക്ക് നോക്കുകിൽ
കന്മദമൂറാ പാറതൻ കണിയോ കാൺവത്?
ഉള്ളു തുറന്ന് ഞാൻ കേണിടുമെന്നാകിലും
കൊട്ടിയടച്ചൊരു കൽമനമൊട്ടുമിളകില്ല.
@ബിജു.ജി.നാഥ്

Tuesday, November 16, 2021

വ്രതശുദ്ധിപ്പെരുമ

വ്രതശുദ്ധിപ്പെരുമ.
......................................
പെണ്ണിനെ കണ്ടാൽ ശക്തിപോം ദൈവത്തിൻ
പൊന്നമ്പലമേട് തുറന്നുവോ കൂട്ടരെ?

ന്യായീകരണത്തിൻ നായ്ക്കുരണപ്പൊടി
നാവിലൂറുന്നവർ ഇറങ്ങിയോ കൂട്ടരെ.?

വ്രതശുദ്ധി പുണ്യത്തിൻ വ്യാപാരകഥകൾ
മുറജപം പോലെ പാടുവോർ എത്തിയോ?

'മല'വെള്ള പുണ്യത്തിൽ മുങ്ങിനിവരുന്ന
അനുഭൂതി ലേഖകർ നിരന്നുവോ കൂട്ടരെ.

രജസ്വലവന്നുവോ എന്നു തിരയുവാൻ
മണം പിടിക്കും ശ്വാനവർഗ്ഗം ഇറങ്ങിയോ?

ഇനിയുള്ള നാളുകൾ മുഖപുസ്തകത്തിൽ 
വഴി നടന്നീടുവാൻ കഴിയാത്തതാണല്ലോ. 

ഇരു പുരുഷന്മാർ രതികേളി പൂണ്ടൊരു
കഥയിൽ തുടപിളർന്നവനിയിൽ വന്നവൻ.

ഇരുകാലുമൊരുമിച്ച് കെട്ടിവച്ചെന്നാലും
രതിവികാരം വന്നുപോമെന്ന ശങ്കയാൽ

ഭക്തരാൽ ശുദ്ധി കാക്കുന്നൊരു ദൈവമേ
നീ ശരണമെന്നു കരുതുവോർ വരികയായ്.

കപടവാക്കേകിയൊരു കന്യയെ പടിവാതി-
ലരികിലായ് നിർത്തുന്ന കഥകളും ചൊല്ലി. 

ശരണം നീ മാത്രമാണെന്ന പഴം വാക്കാൽ
പടി കയറുന്നവർ വരുന്നൊരു സമയമായി.
@ബിജു.ജി.നാഥ്

Wednesday, November 10, 2021

ആലിലയില്‍ എഴുതിയത് (ചെറുകഥകള്‍) സന്ധ്യ. എം

 

ആലിലയില്‍ എഴുതിയത് (ചെറുകഥകള്‍)

സന്ധ്യ. എം

വായനപ്പുര ബുക്സ്

വില : ₹ 110.00

 

കഥകള്‍ മനുഷ്യരുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു സംഗതിയാണ് . ഒരു വിഷയവും , ഒരു സംഭവവും കഥയാകാതെ പോകുന്നില്ല . കഥയുടെ രൂപാന്തരം കാലത്തിന്റെ സാക്ഷ്യവുമാണ് . കവിതയായും ചിത്രമായും നൃത്ത നൃത്യമായും സംഭവിക്കുന്ന എല്ലാ കലാരൂപങ്ങൾക്കും ഒരു കഥയുണ്ടാകും . എഴുതുന്ന മനുഷ്യര്‍ക്കും അവന്‍ ജീവിക്കുന്ന ഭൂമിക്കും അതേ ഭൂമി നിലനില്‍ക്കുന്ന പ്രപഞ്ചത്തിനും ഓരോ കഥയുണ്ട് പറയാന്‍ . ഓരോ കഥയല്ല കോടാനുകോടി കഥകള്‍ ഉണ്ട് പറയാനായി . ഈ കഥകളെ നമുക്കെങ്ങനെയാണ് വായിക്കാന്‍ ആകുക ? വായനക്കാരുടെ അഭിരുചിക്കനുസരിച്ച് കഥയുടെ താളവും ഭാവവും ലോകവും തലവും ഒക്കെയും മാറി വരുന്നു . ചില കഥകള്‍ നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് നിന്നും പുറത്തു വരാത്തവയാണെങ്കില്‍ ചിലവ നൂറ്റാണ്ടുകള്‍ക്ക് മുന്നിലേക്ക് പായുന്നവയാണ് . ജനിമൃതികളുടെ രഹസ്യം തേടിയുള്ള ഒരു കാലത്തെ മനുഷ്യന്റെ യാത്ര പോലെയാണ് കഥയുടെ നന്മ തിന്‍മകളെ തേടിയുള്ള യാത്രയും എന്നു പറയേണ്ടിയിരിക്കുന്നു .

 

ആലിലയില്‍ എഴുതിയത് വളരെ രസാവഹമായ ഒരു പേരാണത്. തീര്‍ച്ചയായും വ്യത്യസ്ഥമായ പേരുകള്‍ ആണല്ലോ വായനയെയും കൗതുകപ്പെടുത്തുക. സന്ധ്യ.എം എന്ന എഴുത്തുകാരി ആമുഖത്തില്‍ പറയുന്ന ഒരു വാക്യത്തെ, അവരുടെ ഈ പുസ്തകത്തിന്റെ പേരുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്നുണ്ട് . ഓരോ ഇലയനക്കത്തെയും ഞാന്‍ അത്രയേറെ ഗഹനമായി നോക്കി നില്‍ക്കാറുണ്ട് എന്ന അവരുടെ വെളിപ്പെടുത്തലും പുസ്തകത്തിന്റെ തലക്കെട്ടും ഒരുപോലെ വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു ഘടകമായി അകത്തേക്ക് കയറുമ്പോള്‍ തോന്നിച്ചു. പൊതുവില്‍ ഒരു പുസ്തകത്തിന്റെയും അവതാരിക വായിക്കാറില്ല. പഠനവും ആസ്വാദനവും പോലും വായിച്ചിട്ട് അതിലേക്കു കടക്കാറില്ല. വളരെ കൗതുകം തോന്നിയാലോ , വായന ഇഷ്ടമായാലോ മാത്രം മറ്റുള്ളവര്‍ ഇതിനെക്കുറിച്ച് എന്താണ് പറഞ്ഞത് എന്നു വായിക്കും . അതിനു കാരണം കൂടിയുണ്ട് . അവര്‍ പറഞ്ഞതാണ് എനിക്കും പറയാനുള്ളത് എങ്കില്‍ അതൊരു വിരസതയുളവാക്കുന്ന വസ്തുത ആകുമല്ലോ എന്നതാണു അതിനു പിന്നില്‍. ആല്‍മരത്തിന്റെ ചുവട്ടില്‍ ഒത്തിരി നേരം ഇരുന്നു നോക്കിയിട്ടുണ്ടോ ? ഒരു സിനിമയില്‍ നായകന്‍ മമ്മൂട്ടി പറയുന്നുണ്ട് ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുന്നാള്‍ ബുദ്ധി നന്നാകും മനസ്സ് ശാന്തമാകും എന്നൊക്കെ. ജീവിതത്തിൻ്റെ അർത്ഥം തേടിയിറങ്ങിയ ഗൌതമന് ബോധം കിട്ടിയതും ആല്‍മരത്തിന്റെ ചുവട്ടിലാണല്ലോ. നാട്ടിന്‍ പുറത്തിന്റെ സായാഹ്നങ്ങള്‍ ആല്‍മരച്ചുവടുമായി ബന്ധപ്പെട്ടിരിക്കുന്നു . പ്രണയത്തിന്റെയും , താലിയുടെയും പ്രതീകമായും ആലിലയുടെ രൂപമാണ് കാണാന്‍ കഴിയുക . അങ്ങനെയൊക്കെയുള്ള ആലിലയില്‍ ആണ് സന്ധ്യ എഴുതുന്നതു . 16 കഥകള്‍ ആണ് സന്ധ്യ ഈ ആലിലയില്‍ എഴുതിയിരിക്കുന്നത് . അതില്‍ മിനിക്കഥകള്‍ , ചെറുകഥകള്‍ , കഥകള്‍ എന്നിങ്ങനെ മൂന്നു തരം കഥകള്‍ ഉണ്ട്.

 

കഥകളുടെ ലോകത്തിലേക്കു കടന്നു ചെല്ലുമ്പോൾ നമുക്ക് കാണാന്‍ കഴിയുക വിഭിന്നമായ അവസ്ഥകളില്‍ ഉള്ള ഒരു പെണ്‍മനസ്സിനെയാണ് . ചിലപ്പോള്‍ അവള്‍ ഒരു കൊച്ചുകുട്ടിയാണ് . ചിലപ്പോള്‍ മുതിര്‍ന്ന ഒരു സ്ത്രീ. മറ്റ് ചിലപ്പോള്‍ താത്വികമായി ചിന്തിക്കുന്ന ഒരു പക്വമതി . തികച്ചും നാട്ടിന്‍പുറംകാരിയായ ഒരു സ്ത്രീയുടെ വിവിധ മാനസികതലങ്ങളിലൂടെ കടന്നു പോകുന്ന പതിനാറു കഥകളില്‍ പ്രണയക്കുറിപ്പുകള്‍ ഉണ്ട് , അയല്‍പക്കബന്ധങ്ങള്‍ ഉണ്ട് , കുടുംബബന്ധങ്ങള്‍ ഉണ്ട് ,സൗഹൃദം ഉണ്ട് , നിരാശയും വേദനയും സന്തോഷവും പങ്ക് വയ്ക്കുന്ന മനസ്സുകള്‍ ഉണ്ട് . ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന ഒരാളിന്റെ ശുഭ ചിന്തകള്‍ നിറഞ്ഞ കുറിപ്പുകള്‍ ആണ് ഈ കഥകളില്‍ ഉള്ളത് . സൗഹൃദത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ കഴിയാതെ അവരുടെ ബുദ്ധിമുട്ടുകളില്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ച് കടന്നുചെന്നു അപമാനിക്കപ്പെടുന്നവര്‍ , അന്നുവരെ ഉറ്റവരായി കരുതിയിരുന്നവര്‍ക്കിടയില്‍ അത് ഏകപക്ഷീയമായ ഒരു കാഴ്ചയായി മാറുന്ന ചുഴിമലരികള്‍ പരിചയപ്പെടുത്തുന്നുണ്ട് . കുട്ടികളുടെ നിഷ്കളങ്കതയെ അടയാളപ്പെടുത്തുന്ന ഒരു കഥയാകട്ടെ ആ ഒരു തീം മാത്രമായി  കൊണ്ടുപോകാതെ അയല്‍പക്കങ്ങളുടെ കുടിപ്പകകളും കുന്നായ്മകളും കുശുമ്പും കുടുംബത്തിലെ വിഷയങ്ങളുടെ മനോവ്യാപാരങ്ങളുമായി പടര്‍ന്ന് പോകുന്നതായി കാണാം. എല്ലാം ഒന്നില്‍ തന്നെ പറയണം എന്നൊരു ചിന്തയല്ല അത് പക്ഷേ അത് എഴുത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരമ്പര പോലെ വന്നു പോകുന്നതാണ് ..

 

കഥകള്‍ക്ക് എത്രത്തോളം നീളം കൊടുക്കുന്നു , എന്നതിലോ , കഥ പറഞ്ഞു പോകുക എന്നൊരു ധർമ്മം മാത്രം ചെയ്യുന്നതിലോ ആകരുതു കഥകളുടെ ആവിഷ്കാരം നടക്കേണ്ടത് . കഥ പറയുമ്പോള്‍ എഴുത്തുകാരന് സ്വയം കഥാപാത്രമായി നില്ക്കാന്‍ കഴിയുന്നിടമുണ്ട്. പകരം കഥാപാത്രത്തെ പരിചയപ്പെടുത്തി അവരുടെ മനോവ്യാപാരത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വിധവും ഉണ്ട് . ഇവയ്ക്കിടയില്‍ കൂടിക്കുഴച്ചിലുകള്‍ സംഭവിച്ചാല്‍ അത് വായനക്കാരെ കുഴപ്പത്തില്‍ ചാടിക്കും . വീണ്ടും വീണ്ടും വായിക്കാന്‍ വായന ആവശ്യപ്പെടും അത് മനസ്സിലാക്കുവാന്‍ . അതുപോലെ, അവതരിപ്പിക്കുന്ന സങ്കേതങ്ങള്‍ വായനക്കാരനില്‍ പെട്ടെന്നു ബോധ്യപ്പെടുന്ന ഒരു ലോകം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് . എങ്കില്‍ മാത്രമേ അതിലൂടെ ഒഴുകി നീങ്ങാന്‍ കഴിയുകയുള്ളൂ . ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നൊരു തോന്നല്‍ ഈ എഴുത്തുകാരിയില്‍ അനുഭവപ്പെട്ടു . സരളമായ ഭാഷയും ചിന്തകളുമാണ് പങ്കുവയ്ക്കുന്നത്. അവയുടെ നാടന്‍ ഭാക്ഷ്യം ചമയ്ക്കുമ്പോള്‍ അവ കാലഹരണപ്പെട്ടതാണെങ്കില്‍ അവയെ തിരുത്തുക കൂടി വേണം എങ്കിലേ സാമൂഹ്യ ധര്‍മ്മമെന്ന എഴുത്തുകാരന്റെ കടമ പൂര്‍ണ്ണമാകുകയുള്ളൂ. കൂടുതല്‍ ആഴത്തിലും പരപ്പിലുമുള്ള വായനകള്‍ കഥയുടെ വികാസത്തിനും വളര്‍ച്ചയ്ക്കും സഹായകമാകും എന്നു കരുതുന്നു . സോഷ്യല്‍ മീഡിയയിലെ ദിനാന്ത്യ കുറിപ്പുകള്‍ പോലെയല്ല പുസ്തകങ്ങള്‍ ആകുന്ന കഥാ,കവിതാലോകം എന്നത് എഴുത്തുകാര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്നൊരു ഓര്‍മ്മപ്പെടുത്തലു കൂടിയാണ് ഈ വായനയുടെ അവസാനം പങ്കുവയ്ക്കണം എന്നു തോന്നിയ ഒരു കാര്യം . ചിലപ്പോഴൊക്കെ മംഗളം മനോരമ വാരികകളില്‍ പണ്ട് വന്നിരുന്ന (ഇപ്പോഴുണ്ടോ എന്നറിയില്ല ) കണ്ണീരും കിനാവും പോലുള്ള പംക്തിയുടെ ഭാഷ എഴുത്തില്‍ അനുഭവപ്പെട്ടത് അടയാളപ്പെടുത്താന്‍ കൂടിആഗ്രഹിക്കുന്നു. നല്ല ഭാഷയും അവതരണ രീതികളും വ്യത്യസ്ഥ കഥാതന്തുക്കളും കണ്ടെത്താൻ ശ്രമിച്ചിട്ടുള്ള ഈ എഴുത്തുകാരിയിൽ നിന്നും മനോഹരമായ കഥകൾ ഇനിയും ഭാഷയ്ക്ക് ലഭിക്കും എന്ന ശുഭപ്രതീക്ഷയോടെ, ആശംസകളോടെ ബിജു.ജി. നാഥ്

Tuesday, November 9, 2021

കോവിഡീയന്‍ കുട്ടികള്‍

കോവിഡീയന്‍ കുട്ടികള്‍

വളരെ പെട്ടെന്നാണ് ലോകം മാറിയത് !.  നൂറ്റാണ്ടുകളില്‍ സംഭവിക്കുന്ന ഒരു ദുരന്തമായി കണക്കാക്കാന്‍ കഴിയുന്ന ഒന്നായി കോവിഡിനെ വിലയിരുത്തുന്ന ഈ കാലത്ത് , കോവിഡ് ഒരു സാധാരണ സംഭവം പോലെ ലളിതമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ജനതയുടെ ചിന്തയും ശാസ്ത്രവും അറിവും വളര്‍ന്നിരിക്കുന്നതിനാല്‍ മാത്രം അഞ്ചു കോടി മരണം ഇതെഴുതുന്ന സമയത്ത് സംഭവിച്ചു കഴിഞ്ഞിട്ടും കോവിഡ് ഒരു വലിയ ആഘാതമായി ജനത്തിന് ഇനിയും അനുഭവപ്പെടുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അത്തരം ആഗോള വിഷയങ്ങളിലേക്ക് പോകുവാന്‍ വിസ്താരഭയം മൂലം ശ്രമിക്കുന്നുമില്ല എങ്കിലും ഞാന്‍ ഇവിടെ പറയാന്‍ ശ്രമിക്കുന്നത് കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ് . 

കേട്ടു കേള്‍വികളില്‍ മാത്രമുണ്ടായിരുന്ന ഒന്നായിരുന്നു നമുക്കൊക്കെ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍. മാറുന്ന കാലത്ത് വിദൂര പഠനം ഒരു വലിയ കാര്യമായേ തോന്നുന്നില്ല എന്നിരിക്കിലും അവയൊക്കെ മുതിര്‍ന്നവരില്‍ മാത്രമാണു ഒതുങ്ങി നിന്നിരുന്നത് . ഇന്ദിരാ ഗാന്ധി ഓപ്പണ്‍ സ്ട്രീം അടക്കം ഒരുപാട് വിദൂര പഠനസംവിധാനങ്ങള്‍ ഉണ്ട് എങ്കില്‍പ്പോലും സ്കൂള്‍ കോളേജ് വിദ്യാഭ്യാസങ്ങള്‍ നേരിട്ടു ഗുരുമുഖത്തില്‍ നിന്നും ലഭിച്ചിരുന്ന കാലവും അതിന്റെ ഗുണങ്ങളും ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞു പോയ ഒരു വിശ്വാസമായി നില്‍ക്കുന്നതിനാല്‍ ആകണം ഓണ്‍ ലൈന്‍ ക്ലാസ്സുകളിലേക്ക് കുട്ടികളെ തള്ളിവിടപ്പെട്ടപ്പോള്‍ അതിനെ ആശങ്കയോടെ നോക്കിക്കാണാനും വിലയിരുത്താനും ശ്രമിച്ചത് . തീര്‍ച്ചയായും ഓണ്‍ ലൈന്‍ പഠനം മൂലം കുട്ടികള്‍ക്ക് ഉണ്ടായ ഗുണങ്ങളെക്കുറിച്ചാണ് ആദ്യമായി പറയാന്‍ നോക്കുന്നത് . അന്നുവരെ ഭൂരിഭാഗം കുട്ടികള്‍ക്കും നിഷിദ്ധമായിരുന്ന മൊബൈല്‍ , ടാബ് , ലാപ് ടോപ് , കമ്പ്യൂട്ടര്‍ , ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ സ്വാതന്ത്ര്യത്തോടെ അവരുടെ കൈകളിലേക്ക് വന്നെത്തി എന്നതാണു അവരില്‍ ആദ്യം ലഭ്യമായ സ്വാതന്ത്ര്യം . ഏതൊരു കാര്യത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . ഈ സംവിധാനങ്ങള്‍ ലഭ്യമായതോടെ കുട്ടികള്‍ക്കുണ്ടായ ഗുണങ്ങള്‍ എന്താണെന്ന് ആദ്യം നോക്കാം . ഗുരുക്കന്മാരെ നേരില്‍ കണ്ടു ക്ലാസ് ശ്രവിക്കാനും നോട്ടുകള്‍ തയ്യാറാക്കി അയച്ചു കൊടുക്കാനും സ്വീകരിക്കാനും . പ്രൊജക്ടുകള്‍ ചെയ്യാനും, പരീക്ഷ എഴുതാനും അതോടൊപ്പം തങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങളെ പ്രകടിപ്പിക്കാനും ഉള്ള അവസരങ്ങള്‍ കരഗതമായി . അതുപോലെ ലോകത്തെ വിശേഷങ്ങളും വിവരങ്ങളും അറിയാനും തങ്ങളുടെ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്താനും അവസരങ്ങള്‍ ഇന്‍റര്‍നെറ്റ് സൗകര്യത്തിലൂടെ യൂടൂബ്, ടിക് ടോക് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സംവിധാനങ്ങളിലൂടെ സാധിച്ചു . എന്നാല്‍ ഇവയ്ക്കപ്പുറം ചിലത് കൂടി സംഭവിച്ചു ഇതിനിടയില്‍ . വാട്സപ് , ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം യൂടൂബ് തുടങ്ങിയ മുതിര്‍ന്നവര്‍ ഉപയോഗിയ്ക്കുന്ന എല്ലാ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമുകളിലും  കുട്ടികള്‍ക്ക് കടന്നു കയറാനും അതുവഴി ഗ്രൂപ്പുകളും , പുതിയ ബന്ധങ്ങളും , അറിവുകളും നേടാന്‍ കൂടി ഇത് അവര്‍ക്ക് സാധ്യത തുറന്നു കൊടുത്തു . ആദ്യമായി കോളേജില്‍ പോയിത്തുടങ്ങുന്ന കൗമാരക്കാര്‍ നൂണ്‍ ഷോകളിലേക്കും , മദ്യപാനം , പുകവലി ,ലൈംഗിക തൊഴിലാളികളുടെ സേവന കേന്ദ്രങ്ങളിലേക്കും നുഴഞ്ഞു കയറുന്നതിന് സമാനമായ ഒരു ലഹരി ലോകം കുട്ടികളില്‍ അതും കൊച്ചു കുട്ടികളില്‍ വരെ സൃഷ്ടിക്കാന്‍ കൂടി ഈ സാധ്യതാ ലോകം സഹായിച്ചു എന്നതാണു വാസ്തവം. ഗ്രൂപ്പുകളില്‍ കയറി ഇരിക്കാന്‍ കുട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത് മാത്രമല്ല അവരെ ഉദ്ദേശിച്ചു മാത്രം പുതിയ ആപ്പുകള്‍ ഉണ്ടായി എന്നതാണു പ്രകടമായ ഒരു പ്രശ്നം . തങ്ങള്‍ ഇരിക്കുന്ന സ്ഥലമോ , നോക്കുന്ന സൈറ്റുകളോ , കാണുന്ന സംഗതികളോ രഹസ്യമായി വയ്ക്കാന്‍ ഉതകുന്ന ആപ്പുകള്‍ അവര്‍ക്ക് ലഭ്യമായി . മുതിര്‍ന്നവര്‍ക്ക് അറിയാത്ത എല്ലാ രഹസ്യാത്മക സംവിധാനങ്ങളും കുട്ടികള്‍ക്ക് അറിയാവുന്ന അവസ്ഥയായി. അവര്‍ അത് മനോഹരമായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. കൂട്ടുകാരുടെ ഇടയില്‍ പല പ്രായക്കാരും പല ചിന്തക്കാരും ഉണ്ടായി . മുതിര്‍ന്നവര്‍ നിയന്ത്രിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടായി ഇത്തരം ഗ്രൂപ്പുകളില്‍ . അതിനു ഉദാഹരണം ആണ് ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ടീച്ചറിന്റെയും ഫോട്ടോയും നമ്പറും ഒക്കെ ഓണ്‍ ലൈനില്‍ തന്നെ വില്‍പ്പന നടത്തിയ കുട്ടികളുടെ വാർത്തകള്‍ എന്ന് നാം കണ്ടതാണല്ലോ . പലപ്പോഴും കുട്ടികള്‍ ഉപയോഗിയ്ക്കുന്ന മൊബൈലുകള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെയോ സഹോദരങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ മറ്റുമാകുന്നു. ഇവര്‍ പലപ്പോഴും കുട്ടികളുടെ ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ നുഴഞ്ഞു കയറുകയും അനാവശ്യവും അവസരോചിതമല്ലാത്തതുമായ കമന്റുകളും ഇടപെടലുകളും നടത്തുന്നതും ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പരാതി ബോധിപ്പിക്കുന്നതും നാം കണ്ടതാണ് . ഇതോടൊപ്പം തന്നെ കാണേണ്ട കാര്യമാണ് ഗെയിമുകള്‍ . ചില ഗെയിമുകളില്‍ ഏര്‍പ്പെട്ട കുട്ടികള്‍ മാനസികവിഷമതകളില്‍ പ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുകയുണ്ടായി .

ചിലര്‍ വീട്ടുകാരുടെ പണം അവര്‍ പോലുമറിയാതെ ഗെയിമുകളില്‍ ഉപയോഗിച്ച് വീട്ടുകാരെ വിഷമത്തിലാക്കുകയുണ്ടായി . കൊച്ചു കുട്ടികളുടെ ഇന്‍ബോക്സുകളിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും അവരെ മോശം ചിന്താഗതികളിലേക്ക് നയിക്കുകയും ചെയ്ത സംഭവങ്ങള്‍ ഒരുപാട് ഉണ്ടായി . പുറത്തായ വിവരങ്ങളില്‍ ഒരധ്യാപകനെയും നമ്മള്‍ കണ്ടു . അറിയപ്പെടാത്ത ഒരുപാട് വിഷയങ്ങള്‍ അവ്യക്തമായി തുടരുകയും ചെയ്യുന്നു . ഏറ്റവും മോശമായ ഒരു വിഷയം എന്താണ് എന്നു നോക്കിയാല്‍ കുട്ടികള്‍ മൊബൈലിനു അഡിക്റ്റ് ആയി മാറുന്ന കാഴ്ച ആയിരുന്നു . ഉറങ്ങാന്‍ പോകുമ്പോള്‍ പോലും അവരുടെ കൈകളില്‍ മൊബൈല്‍ സൂക്ഷിയ്ക്കുന്ന വിധത്തില്‍ അത് വളര്‍ന്ന് . ഇടയ്ക്കിടക്ക് മൊബൈല്‍ തുറന്നു നോക്കി മെസ്സെജുകള്‍ ഉണ്ടോ ഇല്ലയോ എന്നു നോക്കുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ വീണു പോകുന്നത് കാണാനായി . മൊബൈല്‍ ഉപയോഗം കുറച്ചപ്പോഴോ , നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്തപ്പോഴോ ആത്മഹത്യകള്‍ സംഭവിക്കുന്നത് കാണാന്‍ കഴിഞ്ഞു . ഒറ്റയ്ക്കാകുന്ന അവസരങ്ങളിലൊക്കെയും അല്ലാത്തപ്പോഴും ഓൺലൈനുകളിൽ കുട്ടികൾ രഹസ്യാത്മകത സൂക്ഷിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കുന്നത് കാണാനായി.

ഇത്തരം അവസ്ഥകളില്‍ വീണു പോകുന്ന തരത്തില്‍ ഓണ്‍ ലൈന്‍ സ്വാധീനം കുട്ടികളില്‍ വളര്‍ന്ന് കഴിഞ്ഞപ്പോഴാണ് ആശ്വാസമെന്ന പോലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് . ഇത് രക്ഷകര്‍ത്താക്കളെ സംബന്ധിച്ചു ഒരു നല്ല സംഗതിയാണ് . കാരണം കുട്ടികളിലെ മൊബൈല്‍ സ്വാധീനം ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കും എന്നവര്‍ ആശ്വസിക്കുന്നു . ഇതാ അവിടെയാണ് മറ്റൊരു പ്രശ്നം കടന്നു വരുന്നത് . കുട്ടികള്‍ക്ക് കുറഞ്ഞ കാലം കൊണ്ട് കിട്ടിയ ഈ സൗകര്യങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ അവരില്‍ സ്വാധീനപ്പെട്ടിരിക്കുന്നു . മൊബൈല്‍ വാങ്ങിവയ്ക്കുകയോ , നിഷേധിക്കുകയോ , പരിമിതപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അവരില്‍ അത് മാനസികമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു . അവരില്‍ മറ്റേതൊരു അഡിക്ഷന്‍ വിഷയങ്ങളിലും  സംഭവിക്കുന്നത് പോലെയുള്ള പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കുന്നു . ഇത് മനസ്സിലാക്കി രക്ഷകര്‍ത്താക്കളും സ്കൂള്‍ അധികൃതരും മാനസിക ആരോഗ്യ പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത് . തീര്‍ച്ചയായും സ്കൂളുകളില്‍ ക്ലാസുകള്‍ക്കൊപ്പം കൗണ്‍സലിംഗ് കൂടി അവശ്യമുള്‍പ്പെടുത്തി കുട്ടികളെ ഈ വിഷയത്തില്‍ ബോധവത്കരിക്കുന്നില്ല എങ്കില്‍ നമുക്ക് പുതിയ പല വാര്‍ത്തകളും വിഷയങ്ങളും സമീപകാലത്ത് ചർച്ച ചെയ്യപ്പെടേണ്ടി വരും എന്നതില്‍ സംശയമേതുമില്ല. ഫാമിലി ലിങ്ക് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഓണ്‍ ലൈന്‍ ക്ലാസ്സ് സമയം മുതലേ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരാള്‍ എന്ന നിലയില്‍ ഇപ്പോള്‍ അനുഭവിക്കുന്ന് പ്രശ്നം അതിന്റെ സമയങ്ങള്‍ കുറച്ചു കൊണ്ട് വരുന്ന ആദ്യ ശ്രമത്തില്‍ തന്നെ കഠിനമായ എതിര്‍പ്പുകളും പ്രതിഷേധ പ്രവർത്തികളും കുട്ടികള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നു എന്നുതന്നെയാണ് . നിരന്തരമായ കൗണ്‍സലിംഗുകള്‍ നടത്തുന്നുണ്ട് എങ്കിലും വിജയം എത്രകണ്ടു ഉണ്ടാകും എന്നറിയില്ല. ഒറ്റയടിക്ക് നിര്‍ത്തുക എന്നത് പ്രശ്നം തന്നെയാണ് . പടിപടിയായി സമയം വെട്ടിക്കുറച്ചും , പഠനസമയത്തെയും ഉല്ലാസ സമയങ്ങളെയും ഉറക്ക സമയത്തെയും ക്രമീകരിച്ചു അതിനിടയില്‍ ഒരു കുഞ്ഞ് സമയം ഇതിന് വേണ്ടി നല്‍കിക്കൊണ്ട് ക്രമമായി അവരില്‍ നിന്നും അത് തിരികെ വാങ്ങുക ആണ് ആശ്വാസവഹമായ ഒരു പ്രവര്‍ത്തി എന്നു കരുതുന്നു.

മുതിര്‍ന്നവര്‍ ഉപയോഗിച്ചിരുന്ന സംഗതികള്‍ എന്തെന്ന് അവര്‍ അനുഭവിച്ചറിഞ്ഞവര്‍ ആണ് . അവര്‍ക്കത് രസാവഹവും ഒഴിവാക്കാന്‍ കഴിയാത്തതുമായി ഉള്ളില്‍ പരുവപ്പെടുകയും ചെയ്യുമ്പോള്‍ ആണ് അതിനെ നിയന്ത്രിക്കാന്‍ ശ്രമം വരുന്നത് . അതിനു നാം ഒരുങ്ങുമ്പോൾ അവര്‍ക്ക് നാം നല്കേണ്ട കാഴ്ച നമ്മളും അത് ഉപയോഗം കുറച്ചു കാണിക്കുന്നത് തന്നെയാകും . കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് രക്ഷകര്‍ത്താക്കള്‍ മിക്കവാറും ചെയ്യുക അവരെ പഠിക്കാന്‍ വിട്ടിട്ടു മൊബൈലില്‍  മുഴുകുക എന്നതാണു . അവര്‍ക്കതില്‍ ഈര്‍ഷ്യയും പഠനത്തിലെ ശ്രദ്ധ വിട്ടുപോകാനും സാധ്യത ഉണ്ട് . കഴിക്കുമ്പോള്‍ , ഉറങ്ങാന്‍ പോകുമ്പോള്‍ ഒക്കെ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഉപയോഗം അവര്‍ക്ക് മുന്നില്‍ കുറച്ചു കാണിക്കുന്നത് വളരെ നന്നായിരിക്കും എന്നു കരുതുന്നു . അതുപോലെ കുട്ടികള്‍ക്ക് സംഗീതം കേള്‍ക്കാന്‍ വേണ്ടി ആകും മിക്കവാറും അവര്‍ മൊബൈല്‍ ഉപയോഗിക്കാന്‍ ചോദിക്കുക . അങ്ങനെ വരുമ്പോള്‍ നെറ്റ് ഓഫ് ചെയ്തു അവര്‍ക്ക് അത് നല്കാം സോഷ്യല്‍ മീഡിയകള്‍ ഉപയോഗം ചെയ്യാന്‍ അനുവദിക്കാതെ തന്നെ . അതല്ലെങ്കില്‍ മീഡിയ പ്ലേയറുകള്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ മൊബൈല്‍ ഉപേക്ഷിക്കാന്‍ തയ്യാറാകും . പക്ഷേ അധിക നേരം ഹെഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയില്‍ ഫംഗസ് ബാധയും കേള്‍വിക്ക് പ്രശനവും ഉണ്ടാക്കും എന്നതുകൂടി നാം മനസ്സിലാക്കുക തന്നെ വേണം. കണ്ണുകള്‍ക്ക് വരള്‍ച്ച , കാഴ്ചയ്ക്ക് പ്രശ്നം , ഉറക്കക്കുറവ് , നട്ടെല്ലിന് പ്രശ്നം തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ മൊബൈലിൻ്റെ നിരന്തര ഉപയോഗം കുട്ടികള്‍ക്ക് നല്കും . അവര്‍ വളര്‍ന്ന് തുടങ്ങിയിട്ടേയുള്ളു അവര്‍ വളഞ്ഞു പോകാതിരിക്കട്ടെ . കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുക . അതാകട്ടെ ഹാളിലോ മറ്റുള്ളവരുടെ കണ്‍വെട്ടത്തോ ആയിരിക്കാന്‍ ശ്രദ്ധിയ്ക്കുക . ഗെയിമുകളും ഓണ്‍ ലൈന്‍ സൈറ്റുകളും എടുക്കാന്‍ അവര്‍ ഉപയോഗിയ്ക്കുന്ന ഇ മെയില്‍ വിലാസം അവരുടെ പേരില്‍ തന്നെ തുടങ്ങുക അവരുടെ ശരിയായ പ്രായം കൊടുത്തുകൊണ്ടു . അത് മൂലം അഡള്‍ട്ട് റേറ്റിംഗ് സംവിധാനം കൊണ്ട് കുറേയൊക്കെ അവരുടെ അന്വേഷണങ്ങള്‍ ആരോഗ്യകരമായി നില്ക്കും . നിയന്ത്രണങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവും ബോധവത്കരണവും സോഷ്യല്‍ മീഡിയകളും ഇന്‍റര്‍നെറ്റും അതിന്റെ ഗുണദോഷങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തുക. ഇവയൊക്കെ കൊണ്ട് മാത്രമേ കുട്ടികളെ സ്വതന്ത്രമായി പരിമിതമായെങ്കിലും ഇവയൊക്കെ പോസിറ്റീവ് ആയി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയുള്ളൂ. മാറുന്ന കാലത്തിനൊപ്പം അവരും ബുദ്ധിപരവും ആരോഗ്യപരവുമായി മാറട്ടെ . അത് നന്മ വരുത്തുക തന്നെ ചെയ്യും . 
(ഈ ലേഖനത്തില്‍ കുട്ടികള്‍ എന്നും രക്ഷകര്‍ത്താക്കൾ എന്നും രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ചത് പൊതുവത്കരണം ആയി എടുത്തു പ്രഹസനം സൃഷ്ടിക്കരുത് എന്നപേക്ഷിക്കുന്നു . മുഴുവന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സമൂഹവും ഇങ്ങനെയാണ് എന്നല്ല ഇങ്ങനെയും ഇവിടെ സംഭവിക്കുന്നുണ്ട് എന്നു മാത്രമുള്ള ഓരോര്‍മ്മപ്പെടുത്തല്‍ മാത്രമാണു ഇതിലുള്ളത് . ആ രീതിയില്‍ ഇത് വായിക്കണം എന്നു അപേക്ഷിക്കുന്നു.)
ബിജു .ജി . നാഥ്

Saturday, November 6, 2021

അബ്സല്യൂട്ട് മാജിക് .......................... അനില്‍കുമാര്‍ സി.പി.

 

അബ്സല്യൂട്ട് മാജിക് (കഥകള്‍)

അനില്‍കുമാര്‍ സി.പി.

മാക്സ് ബുക്സ്

വില : ₹ 160.00

 

 

         കഥകള്‍ സംഭവിക്കുന്നത് പല പല പ്രോസസിങ്ങുകളുടെ ഒടുവില്‍ ആണ് . അപ്പോഴാണ് അതിനു ശരിയായ കഥയുടെ പ്രഭാവവും പ്രകാശവും ലഭിക്കുന്നത് . വായിക്കുന്ന കഥയില്‍ നിന്നും  എന്താണ് വായനക്കാരന്‍ മനസ്സിലാക്കുന്നത് എന്നത് പ്രധാനമാണ് . എഴുത്തുകാര്‍ പലപ്പോഴും കഥകളെ ചില സൂചനകളും പ്രതീകങ്ങളും കൊണ്ട് നിഗൂഢമായ ഒരു തലത്തെ നിലനിര്‍ത്തി ഒരു പുറം വായനയെ നല്‍കാറുണ്ട് . ഈ ഒളിച്ചുകളിയിലൂടെ അവര്‍ ആനന്ദം കൊള്ളുമ്പോൾ  വായനക്കാരാകട്ടെ പല തലത്തിലും പല ഭാവനകളിലും ഒരേ കഥയെ വഴിനടത്തുകയും വിലയിരുത്തുകയും ചെയ്യും . കഥാകാരന്റെ വിജയം അതിലാണ് നിലനില്‍ക്കുന്നത് .  അനില്‍കുമാർ സി.പി.യുടെ  അബ്സല്യൂട്ട് മാജിക് എന്ന കഥാ പുസ്തകം എട്ട് കഥകളുടെ സമാഹാരമാണ് . വേറിട്ട വിഷയങ്ങള്‍ നിറഞ്ഞ എട്ട് കഥകള്‍ ആണ് ഇതിലുള്ളത് . ആദ്യ പുസ്തകമായ "ഓര്‍മ്മയുടെ ജാലക " ത്തില്‍ ഉള്ളടക്കവും പ്രമേയങ്ങളും വ്യത്യസ്ഥത നിറഞ്ഞ കഥകള്‍ ആയിരുന്നു എന്നാല്‍ ആ കഥകളുടെ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്  നല്ലൊരു ഇടവേളക്ക് ശേഷം ഇറങ്ങിയ ഈ കഥാ സമാഹാരത്തിന് പങ്ക് വയ്ക്കാനുള്ളത് . ആമുഖങ്ങളും അവതാരികകളും ഇല്ലാത്ത ഈ കഥകള്‍ അവയുടെ ആവശ്യമില്ലാ എന്ന അഹങ്കാരവും അന്തസത്തയും പാലിക്കുന്നതായി കാണാം . ഓരോ കഥകളിലേക്ക് ഇറങ്ങുമ്പോഴും അത് മനസ്സിലാകുകയും ചെയ്യുന്നു . പ്രളയകാലത്തിന്റെ ഗന്ധമുള്ള കഥയും കോവിഡ് കാലത്തിനെ പറയാതെ പറയുന്ന കഥയും ഓരോ കഥകളിലും ഒളിപ്പിക്കുന്ന പുതുമകളും ആകര്‍ഷകമായി അനുഭവപ്പെടുന്നു .

        ആദ്യത്തെ കഥ തന്നെ പുസ്തകത്തിന്റെ തലക്കെട്ടായ ഒന്നാണ് . ഇന്നിന്റെ കാലത്ത് ഓരോ കുട്ടിയും ഓരോ കുള്ളന്‍ ഗ്രഹമാണ് . സൗരയൂഥത്തിനുമപ്പുറം ഒറ്റപ്പെട്ടുപോയ ഒന്ന് . അവര്‍ക്ക് സൂര്യന്റെ അടുത്തെത്താന്‍ എത്രയോ കാലദൈര്‍ഘ്യം ഉണ്ടാകുന്നുണ്ട് . രക്ഷകര്‍ത്താക്കളുമായി എത്രത്തോളം അകലെയാണവര്‍ എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഭയാനകമായ ഒരു അവസ്ഥയാണ് . അത്തരം അവസ്ഥകളുടെ ഒരു ചിത്രവത്കരണം ആണ് ഈ കഥയിലൂടെ അനാവൃതമാകുന്നത് . അകലെയായിരിക്കുന്ന പിതാവിലും അകലെയാണ് അരികിലുള്ള അമ്മ എന്നത് കുട്ടിയില്‍ ഉണ്ടാക്കിയ ഏകാന്തതയെ സൂചിപ്പിക്കാന്‍ എഴുത്തുകാരന്‍ ഉപയോഗിച്ച സെഡ്ന എന്ന കുള്ളൻ ഗ്രഹം വളരെ പ്രതീകാത്മകമായി അനുഭവപ്പെട്ടു . കുട്ടിയുടെ കോളറില്‍ ഉള്ള അഴുക്ക് , നഖങ്ങള്‍ക്കിടയിലെ അഴുക്കുകള്‍ ഒക്കെയും കണ്ടെത്താന്‍ അമ്മയ്ക്ക് സമയം കിട്ടിയതു അവനിലെ ഏകാന്തതയുടെ ഭംഗം വരും വിധത്തില്‍ ഒരു ചിന്നഗ്രഹത്തിന്റെ കടന്നുകയറ്റം അവന്റെ പിറന്നാളോടെ അവന്‍ പതിനാറിന്റെ പടിയില്‍ ആകുന്ന സമയത്ത് മാത്രമാണ്. കൗമാരത്തിന്റെ ആ ഒരു പടി കയറ്റം അവനില്‍ ഉണ്ടാക്കുന്ന മാനസിക പരിവര്‍ത്തനം അതിനെ അവന്‍ പരിചയപ്പെടുത്തുന്നത് സെഡ്നയുടെ ഏകാന്തതയെ ഭേദിക്കാന്‍ വരുന്ന ചിന്ന ഗ്രഹവുമായാണ് .അത് ഒരു പ്രണയമാകാം എന്നു തന്നെ കരുതേണ്ടി വരുന്നു . ശാസ്ത്രീയമായ വായനയും ചിന്തകളും നിറഞ്ഞ ഒരു നവലോക യുവതയുടെ കാഴ്ചപ്പാടിലേക്ക് കുട്ടിയിലൂടെ കഥാകാരന്‍ കടന്നു പോകുമ്പോള്‍ ആധുനിക കാലത്തിലെ ബന്ധങ്ങളിലെ അകല്‍ച്ചയും അസ്വാരസ്യങ്ങളും പരിചയപ്പെടുത്തുക കൂടിയാണ് . അബ്സല്യൂട്ട് മാജിക് ഒരു പ്രതീകാത്മക കഥയായി വായിക്കാന്‍ കഴിയുന്നത് ആ രീതിയിലാണ് . താന്‍ ആശങ്കയില്‍ ആയിരിക്കുമ്പോഴും ഭാര്യയെ ശാന്തയാക്കാന്‍ ശ്രമിക്കുന്ന ആ അച്ഛന്‍ പ്രവാസിയുടെ എല്ലാക്കാലത്തിന്റെയും പരിച്ഛേദം ആകുന്നുണ്ട് .  

 

         പാര്‍വ്വതിചരിതത്തില്‍ പരിചയപ്പെടുത്തുന്ന കമ്യൂണിസം, കുറച്ചു അതിരുകടന്നതും , കാലത്തിനു യോജിക്കാത്തതുമായി അനുഭവപ്പെട്ടു . നാലുപേരെ വിവാഹം കഴിച്ചതും ഒരാളെ കൊന്നതും , പിന്നീട് ഇഷ്ടമുള്ളവരുമായി ജീവിച്ചതുമായ പാര്‍വ്വതിക്ക് കമ്യൂണിസം എന്നത് സ്വതന്ത്ര ലൈംഗികതയും ജീവിതവും മാത്രമല്ല തന്റെ വറുതികളില്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ പണക്കാരന്റെ കലവറ ചവിട്ടിത്തുറന്നു ആവശ്യമുള്ളത് എടുത്തുകൊണ്ടു വരിക എന്നത് കൂടിയായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാലഹരണപ്പെട്ട നക്സല്‍ ചിന്തകളും ഇന്നിന്റെ സ്വതന്ത്ര ലൈംഗികതയും കൂടിക്കലര്‍ന്ന ഒരു സംഭവം ആണ് കമ്യൂണിസം എന്നൊരു ധ്വനി കഥാകാരന്‍ പകര്‍ന്നു നല്‍കുന്നതായി കരുതുന്നു. . അത് എത്രത്തോളം യാഥാര്‍ഥ്യവുമായി ഒന്നിച്ചു പോകുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ് . കൂലി കൂടുതല്‍ തരണമെങ്കില്‍ ശരീരം വേണം എന്നിടത്ത് എന്നാല്‍ എനിക്കു കൂലി കൂടുതല്‍ വേണ്ട എന്നു പറയുന്നതാണ് കമ്യൂണിസം എന്നതും ശരിയായ ധാരണ ഉണ്ടാക്കുവാന്‍ കഴിയുന്നില്ല . അതുപോലെ പാറുവമ്മയ്ക്ക് ഒടുവില്‍ തോന്നിപ്പിക്കുന്ന കമ്യൂണിസ്റ്റ് ആയാല്‍ ആരും തന്റെ മാനത്തിന് വില പറയാൻ ഇരുട്ടില്‍ കടന്നു വരില്ല എന്ന ചിന്ത ശരിക്കും ഒരു കാല്പനിക ലോകത്തിന്റെ ചിത്രമാണ് നല്‍കുന്നത് . ഈ കഥ വായിക്കുമ്പോള്‍ എന്താണ് കമ്യൂണിസം എന്നും കമ്യൂണിസത്തിന്റെ വിജയ പരാജയങ്ങളും ഒക്കെ ചര്‍ച്ചയായി വരികയാണെങ്കില്‍ അതൊരു വലിയ തലത്തിലേക്ക് കടന്നു പോയേക്കും എന്നും കഥ കൈവിട്ടു പൊയ്പ്പോകും എന്ന ഭയം ഉള്ളില്‍ ഉണ്ട്.

 

           സോഡാക്സ് ഒരു തരത്തില്‍ ഒരു മനശാസ്ത്ര തലത്തില്‍ വായിക്കപ്പെടേണ്ട കഥയായി തോന്നുന്നു . രണ്ടു തരത്തില്‍ ആ വാക്കിനെ വിലയിരുത്താം . എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്ന സന്തോഷസൂചകമായ ഒരു ആതിഥേയന്‍ എന്ന വിധത്തിലോ അതല്ലെങ്കില്‍ ഒരു അതിസുന്ദരിയായോ ആ വാക്കിനെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയും . റിച്ചാര്‍ഡ് ഉപയോഗിച്ചത് രണ്ടാമത്തെ അർത്ഥത്തിൽ ആണെങ്കില്‍ മകന്‍ ഉപയോഗിക്കുന്നത് ആദ്യത്തെ അർത്ഥമാകാം . സംസാരത്തില്‍ നാം തുടരുന്ന ചില വാക്കുകൾ ഉണ്ടല്ലോ ദൈവാനുഗ്രഹം , ഫക്ക് , മയിര് എന്നൊക്കെ. അതുപോലെ ഒന്നായി ഈ പദത്തെ സമീപിക്കുമ്പോള്‍ കാഴ്ച വീണ്ടും മാറുന്നു. കഥയില്‍ ലൈംഗികതയും രോഗവും കടന്നു വരുന്നു . കഠിനമായ മൂത്രാശയ രോഗം ഉള്ള ഒരാള്‍ കഴിക്കുന്ന മരുന്നായി സോഡാക്സിനെ കാണുകയാണെങ്കില്‍ നായികയുടെ റിച്ചാര്‍ഡുമായുള ഓരോ രതിക്കു ശേഷവും കിടക്കയില്‍ പടരുന്ന രക്തത്തുളളികളെ മനസ്സിലാക്കാന്‍ വിഷമം ഉണ്ടാകുന്നില്ല. അതുപോലെ അവള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന ഡിപ്രഷന്‍ ഗുളിക അവളിലെ മാനസിക നിലയുടെ അവസ്ഥയെ മനസ്സിലാക്കാന്‍ കഴിയുന്നു . നിംഫോമാനിയ ആയ ഒരു സ്ത്രീയുടെ പൂർവ്വ രതിയില്‍ ലഭിച്ച മകന്‍, അവന്റെ യഥാര്‍ത്ഥ അച്ഛന്‍ ഉപയോഗിച്ച വാക്ക് ഉപയോഗിക്കുന്നതിലെ അസഹ്യതയും ഒപ്പം തൻ്റെ ലൈംഗികതയുടെ രക്തരഹിത പരിവര്‍ത്തനവും ഈ കഥയില്‍ വായിക്കപ്പെടുന്നു .

 

     പുഷ്പജാലകം എന്ന കഥയില്‍ അനാവൃതമാക്കുന്നത് സമൂഹത്തിലെ അഴുക്ക് ചാലുകളില്‍ ജീവിതം ഹോമിച്ച മനുഷ്യരുടെ ആത്മാര്‍ഥതയും, സ്നേഹബന്ധങ്ങളുടെയും കഥയാണ് . തനിക്കാരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, അവന്റെ നല്ല ജീവിതത്തിനു വേണ്ടി സ്വന്തം ആന്തരാവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ട്രാന്‍സ്ജൻ്റർ ആയ യുവതിയുടെ കഥ . വികാരങ്ങളും വിവേകവും അവര്‍ക്കുമുണ്ട് എന്ന ഉത്തമ ബോധത്തില്‍ നിന്നാണ് ഭാര്യ മരിച്ച ഒഴിവിലേക്ക് വെറുതെ മിണ്ടിപ്പറഞ്ഞിരിക്കന്‍ വേണ്ടി മാത്രമെന്ന് പറയുന്ന ഒരാളിനോടു തനിക്കതിൽ താത്പര്യമില്ല എന്നു നിസ്സംശയം പറയാന്‍ അവൾക്ക് കഴിയുന്നത് . മിണ്ടിപ്പറഞ്ഞിരിക്കാൻ മാത്രം എന്ന അയാളുടെ കാപട്യം അവള്‍ ട്രാന്‍സ്ജണ്ടർ ആണെന്ന് അറിയുമ്പോൾ അഴിഞ്ഞു വീഴുന്നതും കാണാം .

 

       ദമാസ്കസ് എന്ന കഥ മദ്ധ്യേഷ്യയിലെ ചില ജീവിതങ്ങളെ അടയാളപ്പെടുത്താന്‍ ഉള്ള ശ്രമമായി വായിയ്ക്കാം . സംഘര്‍ഷ ഭരിതമായ അതിര്‍ത്തിയില്‍, മാനുഷിക വികാരങ്ങള്‍ മരിച്ചിട്ടില്ലാത്ത, മൊയ്തീന്‍ എന്ന മനുഷ്യൻ തന്റെ മകളുടെ പ്രായമുള്ള ഒരു കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു മരണപ്പെടുന്ന കാഴ്ച. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്ന അദ്ദേഹം എന്തുകൊണ്ടാണ് അത്ര കാലം കൊണ്ട് ആ മനുഷ്യരുടെ മനുഷ്യത്വമില്ലായ്മ മനസ്സിലാക്കാതെ പോയത് എന്ന്‍ ചോദ്യം തൊണ്ടയില്‍ കുരുങ്ങുന്നുണ്ടായിരുന്നു . ചിലരങ്ങനെയാണല്ലോ . അറിഞ്ഞുകൊണ്ടു മരണത്തിലേക്കും ദുരന്തങ്ങളിലേക്കും കയറിച്ചെല്ലും . വൈകാരികമായ ചില മാനുഷിക ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനമായി അതിനെ കാണാം . അത്തരമൊരു വൈകാരികതയുടെ ചിത്രീകരണം ആണ് ഈ കഥയില്‍ കാണാന്‍ കഴിയുക . (ഈ കഥയിലെ ഒരു വാചകം മനസ്സിലായില്ല . അഞ്ചുനേരം നിസ്കരിക്കാന്‍ കഴിയുന്നൊരു ജോലി നാട്ടില്‍ കണ്ടുപിടിക്കണം.)

 

പ്രളയപങ്കിലം സമകാലീന സാഹചര്യങ്ങളുടെ ചുവടു പിടിച്ച് എഴുതിയ ഒരു കഥയാണെന്ന് തോന്നുന്നു . നന്‍മകളുടെ വിളനിലമായ കഥാപാത്രങ്ങളെ മാത്രം നായികാ നായകന്മാരാക്കുന്ന പതിവ് കഥാ സമ്പ്രദായത്തിന് വിപരീതമായി, അല്‍പസ്വല്‍പ്പം കള്ളവും ചതിയും ഒക്കെ വശമുള്ള നായികയുടെ അവതരണത്തില്‍ അവളിലൊരു തന്‍റേടിയെ പ്രതീക്ഷിച്ചു എങ്കിലും ഒറ്റയ്ക്ക് കൊതുമ്പ് വള്ളം തുഴഞ്ഞ് വന്നവള്‍ സാഹചര്യങ്ങള്‍ ഒക്കെയും പ്രതികൂലമായിട്ടും ഒറ്റക്കു നില്ക്കുന്ന ചെറുപ്പക്കാരന്റെ അടുത്തു എത്തുന്നത് വരെ മാത്രമേ ആ പ്രതീക്ഷ നിലനിന്നുള്ളൂ . പൊട്ടനെ ചട്ടി ചതിച്ചാല്‍ ചട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ല് പോലെ അവളെ ബലമായി ഉപയോഗിച്ച് അവന്‍ പോകുമ്പോള്‍ അവളെ കാത്തിരിക്കുന്നത് മരണം ആണെന്ന് പറഞ്ഞു കഥ നില്‍ക്കുകയാണ് . കഥയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ അവസാനമാക്കേണ്ടത് ഇങ്ങനെ ആയിരുന്നില്ല എന്നൊരു ചിന്ത വായനയില്‍ ബാക്കി വച്ച് .

 

       തേൻവരിക്ക എന്ന കഥ അപൂര്‍ണ്ണമായ രതിയുടെയും ലൈംഗികമോഹങ്ങളുടെയും കഥയുടെ പ്രതീകാത്മകമായ അവതരണമാണ് . കൃഷിയും കാര്യങ്ങളുമായി നടക്കുന്ന ഭര്‍ത്താവും, അടങ്ങാത്ത ശരീരദാഹവുമായി അലയുന്ന ഭാര്യയും പല കഥകളിലും വന്നിട്ടുണ്ടെങ്കിലും അതിനു ഇങ്ങനെ ഒരു ഭാഷ്യം ഉണ്ടാകുന്നത് ആദ്യമാണ് വായിക്കുന്നത് . ഇവിടെ ഭര്‍ത്താവ് ഒരു നിഷ്കളങ്കനായി രൂപാന്തരം പ്രാപിക്കുന്നതും സമൂഹം അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വേറിട്ട കാഴ്ചയായി അനുഭവപ്പെട്ടു .

 

          ആയിരത്തൊന്നു രാവുകള്‍ എന്ന കഥ ശരിക്കും കുടിയേറ്റത്തൊഴിലാളികളുടെ കഥയായി വായിക്കാനായി . കുടിയേറ്റം എന്ന വാക്കിന് എന്തോ അസ്കിത ഉള്ളതിനാല്‍ പ്രവാസം എന്ന അനര്‍ത്ഥം ഉള്‍ക്കൊണ്ടാണല്ലോ ഇന്ന് നിലനില്‍ക്കുന്നത് . രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളിക മേലിരിക്കുന്ന മന്നന്റെ തോളില്‍ മാറാപ്പു കയറ്റുന്നതും ഭവാന്‍ എന്നിങ്ങനെ നാടന്‍ പ്രയോഗങ്ങളെ / വരികളെ അന്വർത്ഥമാക്കുന്ന ജീവിതം ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയാണത് . ഗള്‍ഫ് കുടിയേറ്റത്തിലെ പലര്‍ക്കും അനുഭവിക്കേണ്ടി വരുന്ന കറുത്ത ഏടുകള്‍ ആണ് ഈ കഥയുടെയും പ്രമേയം . അതിനെ നന്നായി , ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാനും ഒപ്പം മധ്യേഷ്യയുടെ ഭൂമികയെ പരിചയപ്പെടുത്താനും ഉള്ള ചെറിയ ശ്രമം ഈ കഥയില്‍ ഉണ്ട് .

 

      ഒരെഴുത്തുകാരന്റെ ധർമ്മം വായനക്കാരനെ ഒരു വീര്‍പ്പുമുട്ടലില്‍ തന്റെ എഴുത്തിനെ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുക എന്നതാണു . പലപ്പോഴും എഴുത്തുകാര്‍ പരാജയപ്പെടുന്നത് അതിലാണ് . ഓര്‍മ്മകളുടെ ജാലകത്തിന് ശേഷം വളരെ വലിയ ഒരു ഇടവേള അടുത്ത പുസ്തകത്തിന് വന്നുവെങ്കിലും ഉള്ളടക്കത്തിലെ തിരഞ്ഞെടുപ്പുകളും അതിലെ എഴുത്തുകാരന്റെ മാത്രമായ ശൈലിയും പുതിയ പുസ്തകത്തിനും മടുപ്പ് നല്‍കാതെ വായിച്ചു പോകാന്‍ സഹായിക്കുന്നുണ്ട് . കഥകളുടെ സ്ഥിരം പാറ്റേണുകളില്‍ നിന്നും വേറിട്ട് സഞ്ചരിക്കാന്‍ ആണ് പുതിയ കാല എഴുത്തുകാര്‍ മത്സരിക്കുന്നത് . പക്ഷേ ഇവിടെ അനില്‍കുമാര്‍ സി.പി. തന്റെ ശൈലിയില്‍ പുതിയ കാല രീതികളെ സന്നിവേശിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത് . പറഞ്ഞും വായിച്ചും കേട്ടും പഴകിയ കാര്യങ്ങളെ പോലും പുതുമയോടെ പ്രത്യേകതയോടെ അവതരിപ്പിക്കാന്‍ കഴിയുക എന്ന ഭാരിച്ച ഉത്തരവാദിത്വം അനില്‍കുമാറിന്റെ കഥകളില്‍ സ്ഫുരിക്കുന്നുണ്ട് . ശാസ്ത്രീയതയും , പുരോഗമന ചിന്തയും ഒക്കെ കഥകളില്‍ എത്തിക്കാനുള്ള ശ്രമം മാത്രമാണുള്ളത് എങ്കിലും തികച്ചും ഇടുങ്ങിയതോ പഴയതോ ആയ ചിന്തകള്‍ അല്ല എഴുത്തുകാരന്റെ രീതി എന്നു കഥകള്‍ സൂചിപ്പിക്കുന്നുണ്ട് . എഴുത്തിനെ വെറും സമയം പോക്കാനുള്ള ഒരുപാധിയായി കാണുന്ന എഴുത്ത് ശൈലിയല്ല കഥകൾക്കുള്ളത് . അതില്‍ നല്ല പഠനം നടന്നിട്ടുണ്ട് . പറയുന്ന കാര്യങ്ങള്‍ക്ക് ഉള്ളിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് പിഴവുകള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ സുരക്ഷാ രീതികളും പറയുന്ന വിഷയങ്ങളില്‍ നടപ്പില്‍ വരുത്താനും അതിനെ സ്ഥിരീകരിക്കാനും എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട് . ഇത്തരം രീതികള്‍ കഥാ രചനാ രീതികളില്‍ ഒരു നല്ല കാല്‍വയ്പ്പായി അനുഭവപ്പെടുന്നുണ്ട് . ആശംസകളോടെ ബിജു .ജി നാഥ്