Sunday, May 28, 2017

പ്രൈസ് ടാഗ് പേറുന്ന ശില്പികൾ !


എഴുത്തു ഒരു ശില്പം
സാഹിത്യകാരൻ ശില്പിയും .
ശിലയിൽ നിന്നും
ശില്പത്തിലേക്കുള്ള ദൂരം
ആശയത്തിൽ നിന്നും
വിരൽത്തുമ്പിലേക്കുള്ള നിയന്ത്രണമാണ്.
ഹാ! എത്ര മനോഹരമെന്ന
ആശംസകളിൽ ശില്പം പൂർണ്ണമോ?
മനസ്സിലെ ചിത്രത്തെ
ശിലയിൽ പുനർജ്ജനിപ്പിക്കും
ശില്പികൾ ഇന്നില്ല.
കൊടുത്ത മോഡലുകളെ
വരഞ്ഞിടുന്നതിനപ്പുറം
സ്വന്തമായെന്തുണ്ട് ശില്പിയിൽ?
എഴുത്തിടങ്ങളിലിന്നപര ജിഹ്വകൾ കൂടുന്നു.
കമ്യൂണിസം
ഫാസിസം
ദേശീയത
മതം
യുക്തിവാദം
പറഞ്ഞെഴുത്തിന്റെ കാലമാണ്.
ആരോ വരയ്ക്കുന്ന പാതയിൽ
ആർക്കോ വേണ്ടി എഴുതുന്നവർ!
തലച്ചോർ പണയം വച്ച കൂലിയെഴുത്തുകാർ
വിശദീകരണത്തൊഴിലാളികൾ
ഏറാൻ മൂളികൾ
മതേതരത്തിന്റെയും
ദളിത് വാദത്തിന്റെയും പിറകിൽ
ഒളിച്ചിരുന്നു കാര്യം നേടുന്നവർ.
ഇന്ന് ശില്പിയില്ല.
പെയ്ഡ് ജോബിന്റെ കാമ്പില്ലായ്മയിൽ പെട്ട
ശില്പങ്ങൾ നോക്കുകുത്തികൾ മാത്രം!
         ബിജു. ജി. നാഥ് വർക്കല

Saturday, May 27, 2017

വെള്ളിയാഴ്ചനാളില്‍






പ്രഭാതം വരുന്നതൊരുച്ചക്കാണ് .

ആലസ്യത്തിന്റെ പ്രഭാതം .

മൂരിനിവര്‍ത്തി എഴുന്നേറ്റാല്‍ പോലും

ഹാംഗ്ഓവര്‍ മാറിയിട്ടുണ്ടാവില്ല .

തണുത്തൊരു ചായ സമോവറില്‍ നിന്നൂറ്റി

ജാലകം തുറന്നിട്ടാകാശം നോക്കി നില്‍ക്കണം.

മണല്‍ക്കാട്ടിന്റെ ചൂട്കാറ്റില്‍

മുഖം പൊള്ളുമ്പോള്‍

സൂര്യനെ ശപിച്ചുകൊണ്ട് പിന്‍വാങ്ങണം .

ചൂട് വെള്ളം കൊണ്ട് മുഖം കഴുകുവാനും

ശൗചം ചെയ്യാനും പഠിപ്പിച്ചത്

മരുഭൂമിയാണ് .

ചൂടില്ലാത്ത ദോശയും ചട്ണിയും

പാതി കഴിച്ചു വയര്‍ കെടുത്തണം.

മുഷിഞ്ഞ തുണിബാസ്ക്കറ്റിനെ

ഈര്‍ഷ്യയോടെ നോക്കി

മുണ്ട് മാടിക്കെട്ടി എഴുന്നേല്‍ക്കണം .

ഇടയില്‍ സമയം കൊല്ലാന്‍ വരുന്ന

കൂട്ടുകാരെ മടുപ്പോടെ അകറ്റി

അമ്മയെ , ഭാര്യയെ മനസ്സില്‍ നമിച്ചു

തുണി തിരുമ്പി ഇടണം .

അടിച്ചു വാരി മുറി തുടച്ചു

ബെഡ് ഷീറ്റു മാറ്റി വിരിച്ചു

കഴിയുമ്പോള്‍ ഉച്ചഭക്ഷണം സമയമാകും.

ഉണ്ട് നിറഞ്ഞ സന്തോഷത്താല്‍

ഏറ്റവും പുതിയ ചിത്രം കണ്ടു കിടക്കണം

എപ്പോഴോ മയങ്ങിപ്പോകുന്ന മിഴികളെ

അഞ്ചുമണിയുടെ നേര്‍ക്ക്‌ വലിച്ചു തുറക്കണം .

ഒരു ചായ ഊതിക്കുടിച്ചു

വീട്ടിലേക്കൊന്നു വിളിക്കണം.

അമ്മയുടെ ആവലാതികള്‍

ഭാര്യയുടെ പരിഭവങ്ങള്‍

മക്കളുടെ പരാതികള്‍ , കൊഞ്ചലുകള്‍

ഒക്കെയും നെഞ്ചില്‍ നിറച്ചു

ഒരു ലാര്‍ജ്ജില്‍ നെഞ്ചുനീറ്റി

പുറംകാഴ്ചകള്‍ കാണാന്‍ ഇറങ്ങണം.

ഒഴിവുദിനത്തിന്റെ ഷോപ്പിംഗ് ബഹളങ്ങളില്‍

ഒറ്റയാനായി കറങ്ങി നടക്കണം.

നെറ്റ് കാള്‍ ഓഫറുമായി നടക്കുന്ന ബംഗാളിയെ

മൊബൈല്‍ വില്പനക്കാരന്‍ പാകിസ്താനിയെ

മസാജ്സെന്റര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ബംഗാളിയെ

തട്ടിയും തടഞ്ഞും

തിരികെ നടക്കണം .

പഞ്ചാബിയുടെ അനധികൃത മദ്യ വില്പന ശാലയിലേക്കും

തിരിച്ചും നടക്കുന്ന മലയാളിയെ

കൂട്ടിമുട്ടാതെ മുറിയില്‍ എത്തണം .

അത്താഴം കഴിച്ചു

ഉണങ്ങിയ തുണികള്‍ മടക്കി വച്ചു

കണ്ടു ബാക്കിയായ ചിത്രം പൂര്‍ത്തിയാക്കണം .

കനവില്‍ കാമുകിയെയോ

ഭാര്യയെ സ്വപ്നം കണ്ടു

ബാത്രൂമില്‍ സ്ഖലനപുണ്യം നേടി

കിടക്കപൂകണം .

ഉറക്കത്തിന്റെ തീരാക്കടലില്‍

മതിവരാത്തൊരുറക്കം തേടണം .

          ബിജു ജി നാഥ് വര്‍ക്കല




Friday, May 26, 2017

പ്രവാചകൻ ........ഖലീൽ ജിബ്രാൻ

പ്രവാചകൻ (കവിത)
ഖലീൽ ജിബ്രാൻ
പരിഭാഷ .ഡോ. ആർ.രാമൻ നായർ
ഗ്രീൻ ബുക്സ്
വില :105 രൂപ

അറബ് സംസ്കാരത്തിന്റെയും സാഹിത്യ മേഖലയുടെയും ആഴവും പരപ്പും മനനം ചെയ്യുക എളുപ്പമല്ല . കാരണം എഴുതപ്പെട്ടതിലും അധികമാണ് വാമൊഴികളിൽ മാത്രം നിറഞ്ഞു നിന്ന് ക്രൂ നഷ്ടമായത്. അവ എത്ര മനോഹരങ്ങൾ ആയിരുന്നിരിക്കണം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്  പോലും നമുക്ക് ലഭ്യമായവയുടെ സൗന്ദര്യത്തിൽ നിന്നുമാണ്. കവിതാ രീതിയിൽ ഒഴുകി നീങ്ങുന്ന സാഹിത്യ ഭംഗിയുടെ രസം നുകരാൻ പരിഭാഷകൾ അപര്യാപ്തമാണ്. കാരണം ഭാഷ മാറുമ്പോൾ അതിന്റെ സൗന്ദര്യം നഷ്ടമാകും . എങ്കിലും പരിഭാഷകൾ കൊണ്ടു തൃപ്തിയടയുന്ന വേളകളിൽ ഓർത്തു പോകുക ഇതിത്ര മനോഹരമെങ്കിൽ സ്വഭാഷയിലെത്ര വശീകരണമുള്ളതാവും അത് എന്നാണ്.
ഖലീൽ ജിബ്രാൻ കവിതാ സാഹിത്യ ശാഖയിലെ എന്നു മാത്രമല്ല ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികളുടെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. പ്രവാചകൻ എന്ന ഈ കവിത വായിച്ചു പോകുമ്പോൾ മനസ്സിലുണർന്ന വികാരം ബൈബിൾ വായിക്കുന്ന പ്രതീതിയാണ്. ജറുസലേമും ജനങ്ങളും യേശുവും ഇവിടെ ഓർഫലിസും ജനങ്ങളും പ്രവാചകനുമായി മാറുന്നു. കപ്പൽ കയറി വന്ന പ്രവാചകൻ യാത്ര പറയും മുന്നേ കൂടി നിന്ന ജനങ്ങളോട് സംസാരിക്കുകയാണ്. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള പ്രതിനിധികളോട് പ്രവാചകന്റെ ഭാഷണം ഉണ്ടാകുന്നു. ഓരോ അധ്യായവും ഈ ഓരോ വിഭാഗത്തെയാണ് പരാമർശിക്കുന്നത്. സ്നേഹം , ഭക്ഷണം , നിയമം , നീതി , പ്രണയം ,കച്ചവടം , കൃഷി, ഭാഷണം ,സൗഹൃദം തുടങ്ങി ഓരോന്നിനെയും കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നല്കി ഞാനെങ്ങും പോകുന്നില്ല ഈ മണ്ണിൽ തന്നെ ഈ വായുവിലിത്തിരി തടഞ്ഞു നിന്നു മറ്റൊരമ്മയിലൂടെ പുനർജ്ജനിക്കുമെന്ന സന്ദേശത്തോടെ തിരയിളകിയ കടലിലേക്ക് കപ്പൽയാത്ര നടത്തുന്ന പ്രവാചകൻ തികച്ചും വ്യത്യസ്തമായ വായനാനുഭവം തന്നു. ചില വരികൾ എടുത്തു പറയാതെ ഇത് അവസാനിപ്പിക്കുക ശരിയല്ല.

"ഒരു ഏകാധിപതിയെയാണ്
നിങ്ങൾക്ക് സ്ഥാനഭ്രഷ്ടനാക്കേണ്ടതെങ്കിൽ
ആദ്യം നിങ്ങളുടെയുള്ളിൽ അവനു വേണ്ടി ഉറപ്പിച്ച
സിംഹാസനത്തെ ഇല്ലാതാക്കുക."

"നിന്റെ ബോധത്തെ പൊതിഞ്ഞിരിക്കുന്ന
പുറന്തോട് പൊട്ടിപ്പോകുന്നതാണ് നിന്റെ വേദന "
"മരണത്തിന്റെ ആത്മാവിനെ അറിയണമെങ്കിൽ
ജീവിതത്തിന്റെ ശരീരത്തിനു നേരെ
ഹൃദയം മലർക്കെ തുറന്നു.വയ്ക്കുക "

"സൗന്ദര്യം ആവശ്യമല്ല ആനന്ദമാണ്.
അത് ദാഹിക്കുന്ന അധരമോ യാചിക്കുന്ന കരമോ അല്ല.
ജ്വലിക്കുന്ന ഒരു ഹൃദയവും
മാന്ത്രികത നിറഞ്ഞ ഒരാത്മാവുമാണ്. "

"നിനക്കുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായത് നിന്റെ
സുഹൃത്തിനുള്ളതായിരിക്കട്ടെ.
നിന്റെ വേലിയിറക്കം അവനറിഞ്ഞിക്കണമെന്നാകിൽ
അതിന്റെ വേലിയേറ്റവും അവനറിയട്ടെ.
നേരം കളയാൻ വേണ്ടിയാണ് നീ അവനെ
തിരയുന്നതെങ്കിൽ എന്തിനാണാ സൗഹൃദം ?
നിങ്ങളുടെ ശൂന്യതയെ നിറയ്ക്കുകയല്ല
ആവശ്യങ്ങളെ നിറവേറ്റലാണ് അവന്റെ നിയോഗം ".

വായനയ്ക്ക് ആനന്ദം നല്കുന്ന  അനുഭൂതി തന്ന പ്രവാചകൻ വളരെ നല്ലൊരു വായനാനുഭവം ആണ്. ആശംസകളോടെ ബി.ജി.എൻ വർക്കല

ചരിത്ര സംഭാവനകൾ .


ഒന്നിനുമേലൊന്നായി
പ്രശ്നങ്ങളവർ വിതറുമ്പോൾ
മറന്നീടും മനുജന്മാർ
അധികാരത്തിൻ ദുഷ്ചെയ്തികളും.
അല്ലെങ്കിൽ ജനങ്ങളെ,
എന്തായി കള്ളപ്പണം?
വിജയമോ ക്യാഷ്ലെസ്സെന്നു
കേൾക്കാനും സമയമില്ലേ?
പറയാനുണ്ടൊരുപാടെന്നാൽ
പറഞ്ഞിട്ടും കാര്യമില്ല .
നൃപവർഗ്ഗം ചമയ്ക്കും വ്യൂഹം
ഭേദിക്കാൻ കഴിവില്ലീ ജനത്തിനും.
തെറ്റുകൾ മറയ്ക്കാനായി
പല തെറ്റുകൾ നടത്തുമ്പോൾ
നിഷ്ക്രിയരാം ജനങ്ങളിവിടെ
എല്ലിന്നടികൂടുന്നല്ലോ .
മതവും മദവും നല്കി
സദാചാര ഭ്രംശം നല്കി
രാഷ്ട്രീയ രുധിരം നല്കി
ദേശീയ ബോധം നല്കി
മറച്ചിടും തെറ്റുകളവരും
മറന്നിടും നമ്മളുമതിനെ .
അന്ധരാം ജനതയെ നയിക്കും
തിമിരക്കാഴ്ചകരത്രെ
സമകാല ഭാരത ചരിത്രം
കാലത്തിനു നല്കും ചിത്രം!
.... ബിജു ജി നാഥ് വർക്കല

Thursday, May 25, 2017

പ്രണയമഷി ...........അനിത പ്രേം കുമാര്‍

പ്രണയമഷി (കവിത)
അനിത പ്രേം കുമാര്‍
ബുദ്ധ ബുക്സ്
വില 100 രൂപ

"പ്രണയം തന്നെ അമൃതം. അതു ലോകചക്രം തിരിക്കുന്നു. ജീവിതം പ്രണയമില്ലാതെ ശുഷ്കവും വിരസവും ആകുന്നു . പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും പ്രണയത്താല്‍ ദീപ്തവും ജീവസ്സുറ്റതും ആകുന്നു ". എഴുത്തുകാര്‍ക്ക് അതുകൊണ്ട് തന്നെ പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ നൂറു നാവായിരിക്കും . വായനക്കാരന് ആയിരം കണ്ണുകളാണ് അതു വായിക്കാന്‍ . ഇങ്ങനെ പ്രണയത്തെ വരികളിലേക്ക് ആവാഹിച്ചു , പ്രണയത്തില്‍ ജീവിക്കുന്ന, പ്രണയം വാക്കുകളില്‍ വരികളില്‍ മാത്രം അറിയുന്ന കാല്‍പനികയെഴുത്തുകാരുടെ ലോകം മനുഷ്യന്‍ സാംസ്കാരികമായി വളര്‍ന്ന കാലം മുതല്‍തന്നെ കൂടെയുണ്ട് എന്നതു തര്‍ക്കമറ്റ വസ്തുതയാണ് . ലോകത്തെ എല്ലാ കവികളും , എഴുത്തുകാരും , ഗായകരും പ്രണയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് പാടിയിട്ടുണ്ട് . പ്രണയം ചിലര്‍ക്ക് മധുവാകുമ്പോള്‍ മറ്റു ചിലര്‍ക്ക് വേദനയുടെ കയ്പ്പ്നീര്‍ ആണ് . വിരഹവും കാമവും പ്രണയവും മരണവും ഒരു ചരടില്‍ കെട്ടപ്പെട്ട വസ്തുതകള്‍ ആണെന്ന് ലോക ചരിത്രങ്ങള്‍ നമ്മോടു പറയുന്നു .

ബുദ്ധ ബുക്സിന്റെ ബാനറില്‍ ശ്രീമതി അനിത പ്രേംകുമാര്‍ വായനക്കാരോട് സംസാരിക്കുന്നതും പ്രണയത്തെക്കുറിച്ച് തന്നെയാണ് . ഗ്രീഷ്മ ,വസന്ത, ശിശിര ഋതുക്കളെ ചേര്‍ത്തു കെട്ടിയ മൂന്നു വിഭാഗങ്ങളില്‍ ആയി 73കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത് . ഋതുക്കള്‍ പ്രണയത്തിന്റെ ഉദാത്തഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ചാലകങ്ങള്‍ ആണ് . എരിയുന്ന വേദന നിറയുന്ന ഗ്രീഷ്മവും നിറയെ ആനന്ദത്തിന്റെ വസന്തവും വിരഹത്തിന്റെ ഇലപൊഴിക്കുന്ന ശിശിരവുമായി എഴുപത്തിമൂന്നു കവിതകള്‍ അനിത വായനക്കാരന് സമ്മാനിക്കുന്നു . "പ്രണയമഷി " എന്ന ശീര്‍ഷകത്തിനു ശരിവയ്ക്കുന്ന എല്ലാ കവിതകളും പങ്കു വയ്ക്കുന്നത് പ്രണയാക്ഷരങ്ങള്‍ തന്നെയാണ് . ആനുകാലിക സംഭവങ്ങളെ തൊട്ടു തലോടി പോകുന്ന ഒന്നോ രണ്ടോ കവിതകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാ കവിതകളും തന്നെ പ്രണയം , ബന്ധം , സൗഹൃദം, മാതൃത്വം, ദാമ്പത്യം എന്നിവഗര്‍ഭം ധരിക്കുന്ന വരികള്‍ ആണ് . പ്രവാസത്തില്‍ ഇരുന്നാല്‍ മാത്രമേ നാടിനെ ശരിക്കും അറിയാന്‍ കഴിയൂ എന്ന് പറയുന്നത് ശരിവയ്ക്കും പോലെ ബാംഗ്ലൂര്‍ ഇരുന്നുകൊണ്ട് നാട്ടിന്‍പുറത്തെ മധുരങ്ങളെ , ആഘോഷങ്ങളെ ഒക്കെ കവി ഓര്‍ത്തെടുക്കുന്നത് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .

പലതരം മാമ്പഴമുണ്ടെങ്കിലും അതില്‍
നാട്ടുമാങ്ങയ്ക്കെന്തു മധുരമാണ് ! (വിഷുക്കാലം )

കൊന്ന
പ്പെണ്ണിനു
കീമോ
കഴിഞ്ഞു
തല
മറയ്ക്കാന്‍
തുണി
വേണം. (വിഷുക്കൊന്ന )

കാട്ടു പൂഞ്ചോലയില്‍
തുള്ളിക്കളിക്കുന്ന
കുട്ടിക്കുറുമ്പനാം
ഉണ്ണിയെക്കാണുമ്പോള്‍ ----(അപ്പൂപ്പന്‍ താടി )

ജീവിത തത്വങ്ങളെ പ്രകൃതിയുമായി ചേര്‍ത്തു വായിക്കുന്ന

വയലല്ലോ വീട്ടുകാര്‍, കര്‍ഷകന്‍ ഭര്‍ത്താവ്
ഞാറോ പുതുപ്പെണ്ണു വിളയല്ലോ ജീവിതം ...(ജീവിതം) പോലുള്ള സന്ദേശങ്ങള്‍ മാമൂലുകളില്‍ ജീവിക്കുന്ന നാടന്‍ കുടുംബ സമ്പ്രദായങ്ങള്‍ പഴമയുടെ നന്മ എന്നിവ നോക്കി കാണുന്ന ഒരു യാഥാസ്ഥിക വീട്ടമ്മയുടെ കാഴ്ചകള്‍ ആണ് കാണിക്കുന്നത് .
പ്രണയത്തെക്കുറിച്ച് പറയാൻ കവിക്ക് നൂറു നാവാണ്.
അത് പക്ഷേ 'കരിവണ്ടിന്റെ മൂളലല്ല കള്ളിക്കുയിലിന്റെ കൂവലുമല്ല. കരിയില കിളിക്കൂട്ടത്തിന്റെ കലപിലയുമല്ല ' എന്ന് വ്യക്തമാക്കുന്നുണ്ട്. ഏകത്വവും പിന്നെയത് ദ്വിത്വവും ആകുന്ന ബ്രഹ്മാണ്ഡ ചിന്തയും കവിതകളിൽ കാണാം നാം രണ്ടല്ല ഒന്നാണെന്ന (നീയേത് ഞാനേത് ) ആദ്യ ചിന്ത  പിന്നീട് ഞാൻ ഞാനാണ് നീ നീയും നമുക്ക് ഒന്നാകാൻ കഴിയില്ല (നീയും ഞാനും ) എന്ന സത്യത്തിനു മുന്നിൽ പകച്ചു നില്ക്കുന്ന കാഴ്ച കവിയിലെ പരിണാമത്തെ വരച്ചു   കാട്ടുന്നു. സ്ത്രീയുടെ ഇന്നത്തെ അസുരക്ഷയും അസമത്വവും ഓർത്തു
അമ്മയെ പെങ്ങളെ കണ്ടാലറിയാത്ത
അറിഞ്ഞാലുമറിഞ്ഞെന്ന ഭാവം നടിക്കാത്ത
കാമവെറി പൂണ്ട കാഴ്ചകൾ മങ്ങിയ
മാനുഷക്കോലങ്ങൾ വാഴുന്നതിവിടെയോ ( നല്ലൊരു നാളെ) എന്നു വിലപിക്കുന്നു.
മൊത്തത്തിൽ കവിതകളിൽ നൈസർഗ്ഗികമായ ലാളിത്യവും ഗ്രാമീണ ശൈലിയും പതിഞ്ഞു കിടക്കുന്നു.
കവിത രചനയിൽ അനിത കൈക്കൊണ്ട ഗദ്യകവിതാ രീതി ഒരു പക്ഷേ കാര്യങ്ങൾ പറഞ്ഞു പോകാൻ വേണ്ടി മാത്രം കവിതയുടെ സാധ്യതയെ ഉപയോഗപ്പെടുത്തുകയായിരുന്നോ എന്ന സംശയം ഉണർത്തുന്നു. കാവ്യവത്കരണത്തിനോ മറ്റു ചമത്കാര സാധ്യതകൾക്കോ ഒട്ടും ഇടം നല്കാതെ പറഞ്ഞു പോകുക എന്ന സങ്കേതം ഉപയോഗിച്ചു എന്നത് ഒരു പോരായ്മയായി വിലയിരുത്താം. പറച്ചിൽ ആണ് കവിത എന്നാൽ പറച്ചിലിലെ കാവ്യവത്കരണം ഒരു പരിധി വരെ കവിതാ സങ്കല്പങ്ങളുടെ നിലനില്പിനെ പരിരക്ഷിക്കുന്നുമുണ്ട്. താളവും ലയവും വൃത്തവും അലങ്കാരങ്ങളും ആധുനിക കവിതകളിൽ ഉണ്ടാകണം എന്ന ശാഠ്യമില്ല എന്നാൽ ഗദ്യകവിതകൾക്കും കവിതയുടെ തായ ഒരു സൗന്ദര്യം തരാൻ കഴിയുന്നുണ്ട്. ചില കവിതകൾ ആ സൗന്ദര്യം ഒട്ടും പിന്തുടരുന്നില്ല. ഭാഷയുടെ ലളിതവത്കരണവും ആശയസമ്പുഷ്ടതയും അനുഭവസമ്പത്തും കൈവശമുള്ളപ്പോഴും പ്രണയം മാത്രം തിരഞ്ഞെടുക്കുന്നതു പോലെ കവിതകളിലെ കാവ്യനീതികളെയും ഒരു വെല്ലുവിളിയായി പ്രയോഗിച്ചിരിക്കുകയാണ് അനിത. തീർച്ചയായും കൂടുതൽ കവിതകൾ , ഒരിക്കൽ വായിച്ചു മറന്നു കളയുന്നതല്ല വീണ്ടും വായിക്കാൻ , ഓർത്തു വയ്ക്കാൻ കഴിയുന്നവയായി ചിത്രീകരിക്കാൻ അനിതയ്ക്കു കഴിയും എന്ന ശുഭാപ്തി വിശ്വാസത്തോടെ ,ആശംസകൾ നേരുന്നു
ബി.ജി.എൻ വർക്കല

Monday, May 22, 2017

ഞാൻ


ഞാനൊരു പുണ്യാളനല്ല.
ഞാൻ സദാചാരിയുമല്ല.
നിങ്ങൾ നയിക്കും പാതകൾ
എന്നെ ഭ്രമിപ്പിക്കുന്നുമില്ല.
എനിക്കൊരു വഴിയുണ്ട്.
ഞാൻ കണ്ടത്തിയ വഴി.
അനുവദിക്കുക ലോകമേ
എന്നെ അഭിരമിക്കുവാനതിൽ.
സ്വർഗ്ഗ നരകങ്ങൾ കണ്ടു ഞാൻ
സത് പ്രവർത്തികൾ ചെയ്യില്ല.
സഹജീവിതൻ കണ്ണീരിൽ
സഹതപിക്കുകയില്ല ഞാൻ.
കഴിയുമെങ്കിലാ കണ്ണുനീർ
തുടച്ചെടുക്കുമേ നിശ്ചയം.
പ്രതിഫലം നോക്കിയില്ലൊരു
പ്രവർത്തനവും മണ്ണിതിൽ.
കാമമോഹിത ക്ഷിതിയിൽ
കണ്ണു പൊത്തി കഴിയില്ല.
ഒരു ചെടിയതിൽ  നിന്നുമേ
അടർത്തുകില്ലൊരു സുമവും.
അനുവാദമില്ലാതൊരിക്കലും
അതിരുകൾ ഞാൻ താണ്ടില്ല..
കപട സദാചാര കോട്ടയിൽ
പടഹകാഹളമുയർത്തും ഞാൻ.
തടയിടുകയില്ലൊരിക്കലും
സ്വതന്ത്രചര്യകൾക്കാർക്കുമേ.
വഷളനാണു ഞാൻ വട്ടനും
കരുതിയിരിക്കേണ്ടതില്ലതിൽ.
കടന്നുചെന്നൊരു മനസ്സിലും
കടന്നലായി ഞാൻ കുത്തില്ല.
മരണമെത്തുന്ന നാൾവരെ
മരുവും ഞാനിതു പോലവേ .
.. ബി.ജി.എൻ വർക്കല

Saturday, May 20, 2017

നിഴൽ ചിത്രങ്ങൾ


ചിതല് തിന്ന മനസ്സു
ചിന്നിച്ചിതറിയ ചിന്തകളോടെ
പഴയൊരു സൈക്കിൾ ചവിട്ടി
കിതച്ചും ഇടറിയും
കുന്നു കയറുന്നുണ്ട്.
വേച്ചു പോകുന്ന
ചരൽക്കുന്നിൽ
വേദനിപ്പിക്കുന്ന വിഷക്കല്ലുകൾ
നാവു നീട്ടിയിരിക്കുമ്പോൾ
നീയെന്നൊരു
കുളിർകാറ്റ് വരും.
നീറുന്ന പാദങ്ങളിൽ
ഉമ്മ വച്ചും
നിറയുന്ന കണ്ണുകളെ
തഴുകിയും
നീയല്പനേരം
കൂടെത്തന്നെയിരിക്കും.
കണ്ണുകൾ അടയുന്നത്രയും
ഉറക്കം നിന്നെ
പിടിച്ചു വലിക്കുമ്പോൾ
ആദ്യമായി സ്കൂളിൽ പോകുന്ന
കുട്ടിയെപ്പോലെ
നീ പോകും.
അടിവയറ്റിൽ നിന്നൊരു-
ഷ്ണക്കാറ്റന്നേരം
എന്നെയുണർത്തുകയാവും.
.... ബിജു. ജി. നാഥ് വർക്കല

Sunday, May 14, 2017

മാതൃദിനം


അമ്മയെ ഓർക്കുവാൻ
വേണ്ടൊരു ദിനമെനിക്ക-
മ്മയെന്നുള്ളിലില്ലാ ദിനമൊന്നില്ല പാരിൽ.
ഓർമ്മകൾ ഉറഞ്ഞു ഞാൻ
വീണിടുമൊരു നാളിൽ
ഓർമ്മയുണ്ടാകുമന്നും
ജനനീ, നിൻ മുഖമുള്ളിൽ.
പെണ്ണല്ല ഞാനെന്നാലും
പേറ്റുനോവറിയില്ലേലും
അറിയുന്നമ്മയെന്ന
സഹനം എത്ര ശക്തം .
തല്ലിയും സ്നേഹിച്ചും
നല്ലത് മാത്രം ചൊല്ലി -
ത്തന്നൊരു ഗുരുവിനെ
മറക്കുന്നോൻ മനുജനോ?
അമ്മേ നിൻ മഹത്വങ്ങൾ
ചൊല്ലുവാനാകില്ലല്ലോ
അമ്മയെ ഓർക്കാത്തോരു
ജന്മവും മണ്ണിലില്ല.
ഉണ്ടാകാം മാതാക്കളീ-
ക്ഷിതിയിൽ പലതരം
എങ്കിലും മാതൃത്വത്തിൻ
മഹത്വം പരമോന്നതം.
എന്നെ ഞാനായിത്തീരാൻ
കാരണമായിട്ടുള്ള
നിന്നെ ഞാൻ മറക്കില്ല.
ഓർക്കുവാൻ ദിനവും വേണ്ട.
     .ബിജു ജി നാഥ് വർക്കല

Thursday, May 11, 2017

വീഴ്ചയുടെ മധുരം

തൂവൽ പൊഴിയും പോലെ
നിൻ സ്മേരം വിടുമ്പോൾ
ഓർക്കാതൊരു വസന്തം
കൂടെ വരും പറയാതെ .
പക്ഷേ, ഒരു വലിയ കാറ്റിൽ
പറന്നു പോകുന്നത്രയും
ലളിതമായാണ് ചില വാക്കുകൾ
ഉയരങ്ങളിൽ നിന്നും തള്ളിയിടുക.
വീഴ്ചക്കൊരു മധുരമുണ്ട്.
ഓർത്തു വയ്ക്കാൻ മാത്രം
വീഴുന്നതുവരെയറിയാത്ത
മൂഢതയുടെ മധുരം...!
... ബി.ജി.എൻ വർക്കല

Wednesday, May 10, 2017

കരിമ്പൂച്ച കവചം .


കഴുകും കുറുനരികളും
പുളയ്ക്കുന്ന
നഗര വനങ്ങളിൽ
ഉടലിനെ രക്ഷിക്കാനുഴറും
പെൺകിടാങ്ങൾക്കില്ലെങ്കിലും
വെണ്മ പുതച്ചുള്ളിലെ
കാളിമ മറപ്പോർക്കുണ്ടിവിടെ
അക്ഷൗഹിണിപ്പടകൾ തൻ
വേലിക്കെട്ടുകൾ .
അന്യന്റെയുപ്പിൻ വിലയെടുത്തു -
ന്മാദ നൃത്തമാടുവോർക്ക്
വിലപ്പെട്ട ജീവനുണ്ടെന്നറിയുന്ന -
ധികാരസ്ഥാനങ്ങളും.
          ബിജു ജി നാഥ് വർക്കല

Tuesday, May 9, 2017

പുകവണ്ടി


ഭൂതകാലത്തിന്റെ നരച്ച പാളത്തിലൂടെ
ഒരു പുകവണ്ടി വരുന്നു.
ഇരച്ചും തുമിച്ചും
കുമുകുമാ കറുത്ത പുകതുപ്പിയും
ഇഴഞ്ഞിഴഞ്ഞ് വരുന്നുണ്ടത്.
യാത്രക്കാർ നിറഞ്ഞ പഴയ ബോഗികൾ
തുരുമ്പും അഴുക്കും പിടിച്ചിരിക്കുന്നു.
കരിയും പുകയുമേറ്റ് നിറം മങ്ങിയ
മനുഷ്യർ നിറഞ്ഞ പുകവണ്ടി
ഉച്ചത്തിൽ കൂവിയാർത്ത്
ഒച്ചിനെപ്പോലെ പായുന്നു.
ഉലുവയും കടുകുമായി വിത്തുകാളകൾ
കമ്പാർട്ട്മെൻറുകൾ കയറിയിറങ്ങുന്നു.
കരിഞ്ചീരകത്തിന്റെ കടലാസുപൊതികൾ
അരപ്പട്ടയിൽ കെട്ടി
ആതുരരെതിരയുന്നൊരാൾ
പച്ച വെള്ളത്തിൽ പ്രതിരോധം നിറച്ചു
കുഞ്ഞാടുകൾ മേഞ്ഞു നടക്കുന്നു.
ചാണകവറളികൾ കുട്ടയിലേന്തിയ
ഗ്രാമീണരുടെ മുറുക്കാൻ തുപ്പലുകൾ ചുവപ്പിച്ച
ഇടനാഴികൾ ഈച്ചയാർക്കുന്നു.
നിലവിളികൾ മരിച്ച
കുറേയേറെ മനുഷ്യർ മാത്രം
ഉറക്കം നഷ്ടപ്പെട്ട മിഴികളുമായി
ഉഷ്ണക്കാറ്റ് വീശുന്ന ജാലകത്തിലൂടെ
പുറത്തെ മരുഭൂമിയെ മനസ്സിലേക്കാവാഹിക്കുന്നു.
സ്റ്റേഷനുകൾ ഇല്ലാത്ത പഴയ പാലങ്ങളിലൂടെ
ലെവൽ ക്രോസുകളുടെ ഭയാശങ്കയില്ലാതെ
ഭൂതകാലത്തിൽ നിന്നൊരു പുകവണ്ടി
ഒറ്റക്കണ്ണുമായി വരുന്നു.
        * ബിജു.ജി.നാഥ് വർക്കല *

Monday, May 8, 2017

ഗ്രാമവാതില്‍ ............. രഞ്ജിത്ത് വാസുദേവന്‍

ഗ്രാമവാതില്‍ (നോവല്‍ )
രഞ്ജിത്ത് വാസുദേവന്‍ 
റൈറ്റെര്‍സ് ലൈബ്രറി 
വില 110 രൂപ 

പ്രവാസികള്‍ ആയ പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ ഉള്ള മലയാളികളായ എഴുത്തുകാരില്‍ ഒരു വിഭാഗം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്നം തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല മലയാള സാഹിത്യത്തില്‍ എന്നതാണ് . മുഖ്യധാരാമാധ്യമങ്ങളും മറ്റു ആനുകാലികങ്ങളും പുറം നാട്ടുകാരായ തങ്ങളുടെ എഴുത്തുകളെ രണ്ടാംതരം എഴുത്തുകള്‍ ആയി കാണുകയും പുറം തള്ളുകയും ചെയ്യുന്നു എന്ന ചിന്തയില്‍ ആണ് അവര്‍ ജീവിക്കുന്നത് . ചുരുക്കം ചില എഴുത്തുകാര്‍ തങ്ങളുടെ എഴുത്തുകള്‍ നാട്ടിലെ മുഖ്യധാരമാധ്യമങ്ങളില്‍ മുഖം കാണിച്ചു എന്നതിനപ്പുറം ഈ പറയപ്പെടുന്ന എണ്ണം പറഞ്ഞ എഴുത്തുകാര്‍ ആരും തന്നെ ആ ഭാഗ്യം ലഭിക്കാതെ പോയവര്‍ ആണ് . ഇതിന്റ ബാക്കിയാണ് അവരില്‍ ഉടലെടുത്ത രണ്ടാംതര എഴുത്തുകാര്‍ എന്ന അപകര്‍ഷതയും അതില്‍ നിന്നും ഉടലെടുത്ത ആശയമാണ് പ്രവാസ സാഹിത്യം എന്നൊരു പുതിയ മലയാള സാഹിത്യ ശാഖയുടെ ഉദയം ഉണ്ടാക്കുക എന്നതും. ഒരു പക്ഷെ മലയാള ഭാഷയ്ക്ക് മാത്രം ലഭിച്ച ഒരു ദുഷ്പ്പേര് ആണ് ഇത് . മൌലികതയുള്ള എഴുത്തുകള്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ എത്തിപ്പിടിക്കാനാകാത പോകുന്ന ഈ എഴുത്തുകാര്‍ സ്വയമോ തങ്ങളുടെ കുറച്ചു സൌഹൃദങ്ങളോ നല്‍കുന്ന പ്രോത്സാഹനവും അഭിനന്ദനങ്ങളും മാത്രം മാനദണ്ഡമാക്കി തങ്ങളുടെ രചനകളെ വളരെ വലിയ ഒരു സംഭവം ആക്കി പ്രതിഷ്ടിക്കുകയും അവയെ നിരാകരിക്കുന്ന മലയാള സാഹിത്യത്തിലെ കെടുകാര്യസ്ഥതയെ പഴി പറഞ്ഞുകൊണ്ട് മറ്റൊരു സമാന്തര സാഹിത്യ ശാഖ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് . അടുത്തിടെ ഒരു സാഹിത്യ സമ്മേളനത്തില്‍ കേരളസാഹിത്യ അക്കാഡമി അംഗങ്ങള്‍ പ്രവാസ സാഹിത്യം എന്നൊന്നുണ്ട് എന്ന് പറയുകയും പിന്നെ അത് മലയാള സാഹിത്യം തന്നെയെന്നു തിരുത്തി പറയുകയും ചെയ്ത കാഴ്ചയില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ഇത്തരം മുറവിളികള്‍ കഴിവുകള്‍ ഇല്ലാത്തതോ അതിനെ വേണ്ട വിധത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുകയോ ചെയ്യുന്ന പ്രവാസത്തില്‍ ഇരുന്നു എഴുതുന്ന എഴുത്തുകാരിലെ അപചയം വെളിവാക്കുകയാണ് . കഴിഞ്ഞ കാലങ്ങളില്‍ ഇറങ്ങിയ പ്രവാസ രചനകള്‍ പലതും വായിക്കുക മൂലം മനസ്സിലാകുന്ന കാര്യം ഇത്തരം എഴുത്തുകള്‍ക്ക് ഇല്ലാതെ പോകുന്ന കാതല്‍ ആണ് ഇവയെ മറ്റു രചനകളില്‍ നിന്നും ദൂരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകം എന്നതാണ്. വളരെ കുറച്ചു എഴുത്തുകള്‍ മാത്രമാണ് ഇതിനു വിപരീതമായി എഴുത്തിലെ മേന്മ പറയാന്‍ കഴിയുന്നവയായി വായിക്കാന്‍ കഴിയുന്നത്‌ . വായനക്കാര്‍ക്ക് വേണ്ടി എഴുതി മരിക്കുന്ന പ്രവാസി എഴുത്തുകാരില്‍ വായന എന്നത് സമയക്കുറവു മൂലം ഇല്ലാതെ പോകുന്ന ഒരു സംഭവം ആയി അവര്‍ തന്നെ പറയുന്നുണ്ട് . വായിക്കാന്‍ കഴിയാത്തവന്‍ ഇത്രയേറെ മൂല്യ കൃതികള്‍ എഴുതി മലയാളത്തെ ഉത്ബുദ്ധമാക്കുന്ന മഹനീയത പ്രവാസ എഴുത്തുകാര്‍ക്ക് മാത്രം സ്വന്തമായിരിക്കുന്ന ഒരു വസ്തുതയായി നാളെ ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യുമായിരിക്കും .
ഇന്ന് വായിച്ച പുസ്തകം ശ്രീ 'രഞ്ജിത്ത് വാസുദേവന്‍' എഴുതിയ "ഗ്രാമവാതില്‍" എന്ന നോവല്‍ ആണ് . ആമുഖത്തില്‍ തന്നെ എഴുത്തുകാരന്‍ പറയുന്നുണ്ട് ഇതൊരു കഥ എന്നതിലുപരി ഒരു നേര്‍ക്കാഴ്ചയുടെ വിവരണം ആണ് . അതിനെ അടിവരയിട്ടുകൊണ്ട്തന്നെ വായന നമ്മോടു ചിലത് പറയുന്നുണ്ട് . ആദ്യം നോവലിന്റെ വിഷയത്തെക്കുറിച്ച് പറയാം . മേജര്‍ വിശ്വന്‍ എന്ന ഒരു മനുഷ്യന്‍ അദ്ദേഹം താമസിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്‍റ് ആകുന്നതും അഞ്ചുകൊല്ലം കൊണ്ട് ആ പഞ്ചായത്തിന്റെ മുഖം തന്നെ മാറ്റുകയും ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം . പഞ്ചായത്തുകാര്‍ക്ക് എല്ലാം ബഹുമാനവും സ്നേഹവും ഉള്ള ഒരു മനുഷ്യന്‍ ആണ് മേജര്‍ വിശ്വന്‍ . അദ്ദേഹം പഞ്ചായത്തിലെ എല്ലാ വാര്‍ഡ്‌ മെമ്പര്‍മാരെയും ഒന്നിച്ചുകൂട്ടി പൊതുവായി ആ പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ എന്തെന്ന് കണ്ടറിഞ്ഞു അതിനു വേണ്ടി അക്ഷീണം കൂട്ടത്തോടെ പ്രയന്തിച്ചു വിജയിച്ചു ശേഷം ആ പഞ്ചായത്തിന്റെ ഭരണം പുതിയ തലമുറയ്ക്ക് കൈമാറുന്നത് ആണ് നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയം . ഈ നോവലിന്റെ ആഖ്യായന ശൈലി രസാവഹമാണ് . കുട്ടിക്കാലത്ത് നമ്മില്‍ പലരും സിനിമയോ നാടകമോ അതുമല്ലെങ്കില്‍ നോവലോ വായിച്ച ശേഷം നമ്മുടെ കൂട്ടുകാരോട് ആ കഥ പറയുകയാണെങ്കില്‍ എങ്ങനെയാകും പറയുക ആ ഒരു രീതിയാണ് ഈ നോവലില്‍ നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത് . അമിതമായ വര്‍ണ്ണനകളും , ആവര്‍ത്തനങ്ങളും മറ്റും ചേര്‍ത്തു ആ വിവരണങ്ങളെ നോവലിന്റെ പൊതു രീതികളെ അപ്പാടെ മാറ്റിക്കളയുന്നു . 'നായകന്‍' എന്ന സിനിമയിലെ ഒറ്റ നാളിലെ പ്രധാനമന്ത്രിയെ പോലെ മേജര്‍ എന്ന മനുഷ്യനെ മുന്നില്‍ നിര്‍ത്തി സാമൂഹികമായ തിന്മകളും കെടുകാര്യസ്ഥതകളും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് എന്ത് എന്ന് പറയാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നോവലില്‍ ഉടനീളം കാണുക . ഒരു പാട് വായനകള്‍ എഴുത്തുകാരന് ആവശ്യമാണ്‌ എന്ന ചിന്തയെ ബലപ്പെടുത്തുന്ന രചനയായി ആണ് ഇത് അനുഭവപ്പെട്ടത് . അതുപോലെ ഒരു എഡിറ്റര്‍ എന്ന കടമ്പയെ ഇന്നത്തെ എഴുത്തുകാരും പ്രസാധകരും എത്രകണ്ട് ലാഘവത്തത്തോടെ കാണുന്നു എന്ന കാഴ്ച ഒരു പക്ഷെ നാളെയുടെ വായനകളില്‍ ഈ കാലഘട്ടം സാഹിത്യത്തില്‍ ഒരു പരീക്ഷണത്തിന്റെ കാലമായിരുന്നു എന്ന് ചിന്തിക്കാന്‍ ചരിത്രത്തെ പ്രേരിപ്പിക്കുക തന്നെ ചെയ്യും എന്ന സംശയമില്ലാത്ത വസ്തുതയ്ക്ക് ബലമേകുന്നുണ്ട് . .
ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല .

നിറം മങ്ങിയ നാളുകൾ

എന്റെ പകലുകൾ ഇരുണ്ടും
എന്റെ രാവുകൾ വെളുത്തും
പോയിരിക്കുന്നു.!
ചരൽക്കല്ലുകൾ പാകിയ
വഴിത്താരകളിൽ ഒളിച്ച
വിഷക്കല്ലുകൾ എന്നെ വേദനിപ്പിക്കാൻ
ശ്രമിക്കുന്നു.
നരച്ച കനവുകൾ മാത്രം തന്നു
വെളുത്ത രാത്രികൾ ശിക്ഷിക്കുന്നു .
ഇനി വരാത്തവണ്ണം മഴ മേഘങ്ങൾ
അനന്തത തേടിയകന്നിരിക്കുന്നു.
മഴവില്ലിൻ നിറമെന്റെ
പാലറ്റിൽ ഞാൻ തിരുകയാണ്.
വെളുത്ത നൂലുകൾ വലിച്ചുകെട്ടിയ
പാതയാണ് മുന്നിൽ.
മനസ്സിൽ നിന്നെയാവാഹിച്ചു കൊണ്ട്
ഞാനെന്റെ യാത്രാഗതി മാറ്റുന്നു.
ഇരുട്ടിലെ കാണാക്കാഴ്ചകൾക്കിടയിൽ
വഴുതി വീഴാതെന്നെ നീ നടത്തുക.
അരൂപികളുടെ ചമയ വാക്കുകളിൽപ്പെടാത്ത
നിന്നിൽ ഞാനെന്നെ കൊരുത്തിടട്ടെയിനി.
നിശബ്ദത കൊണ്ടു നമുക്ക് സംസാരിക്കാം.
കറുപ്പും വെളുപ്പുമല്ലാത്തൊരു
നിറത്തെക്കുറിച്ചു മാത്രം!
            ബിജു ജി നാഥ് വർക്കല

Saturday, May 6, 2017

തുറക്കാത്തൊരു നിലവറ .


കണക്കെടുക്കുമ്പോഴൊക്കെ
കപ്പം വാങ്ങിയും
പിഴ ചുമത്തിയും
പിടിച്ചെടുത്തും
മുതലാക്കിയതോർത്തു
കരളു പിടയ്ക്കുമത്രെ!
കണ്ണീരു പുരണ്ടവയാണെന്നറിയാമെങ്കിലും
കഞ്ഞിയിൽ ഉപ്പു തൂവാതെ
നാവിനു തൃപ്തിയില്ല.
തൊട്ടുകൂട്ടാൻ
മുലയുണ്ട്
മുണ്ടുണ്ട്
മുടിയുണ്ട്
കന്യകാത്വവും
കുടിലുമുണ്ട് കൂട്ടിനു.
കാവുതീണ്ടലോർമ്മയായി..
കാലം മാറിപ്പോയതറിഞ്ഞപ്പോഴേക്കും
കരുതിവച്ച കണ്ണീരിനു
വിലയിട്ടു തുടങ്ങിയിരുന്നു
നിശബ്ദത വലകെട്ടിയ
നിലവറ തുറക്കാൻ മടിച്ചു നില്ക്കുന്നു.
അടി വാനം തോണ്ടി
കടലു കടത്തിയവയൊക്കെ
കണക്കിൽപ്പെടുമെന്നോർത്തില്ലല്ലോ!
              ബിജു ജി നാഥ് വർക്കല

Wednesday, May 3, 2017

സങ്കല്പലോകത്തിൽ അല്പനേരം!


കുഞ്ഞായിരുന്നെങ്കിലംബുംജ_
കുന്നിൻചരിവിൽ ഞാനുറങ്ങിയേനെ.
മണിവീണമീട്ടും വിരലുകളാ-
ലെൻ കവിളിണ നീ മെല്ലെ തഴുകിടുമ്പോൾ

ചാഞ്ഞിരുന്നുത്സംഗമേൽ
ദൂരെ സായന്തനപ്രഭ നുകർന്നേനെ.
മിഴിപൂട്ടി മയങ്ങുവാൻ നീയേകും
മാന്ത്രികസംഗീതം കേട്ടുകൊണ്ടേ..

സൈകതത്തിട്ട തല്പമതാക്കി
സല്ലപിച്ചീടുമാ താരകങ്ങളോടും
അല്ലികൾ നുകർന്നു കൊണ്ടാ-
മോദമോടെ സ്വർഗ്ഗവാതിൽ തുറന്നിടും . .

ഒക്കെയും സ്വപ്നമെന്നാകിലും
ഒട്ടൊരു ദൂരമുണ്ടിരുധ്രുവമെങ്കിലും
കനവിൽ നിറയുമാ സങ്കല്പ ലോകം
നിനവായ് മാറുവാനാശിച്ചിടുന്നു ഞാൻ!
               *ബിജു ജി നാഥ്വർക്കല *