പ്രവാചകൻ (കവിത)
ഖലീൽ ജിബ്രാൻ
പരിഭാഷ .ഡോ. ആർ.രാമൻ നായർ
ഗ്രീൻ ബുക്സ്
വില :105 രൂപ
അറബ് സംസ്കാരത്തിന്റെയും സാഹിത്യ മേഖലയുടെയും ആഴവും പരപ്പും മനനം ചെയ്യുക എളുപ്പമല്ല . കാരണം എഴുതപ്പെട്ടതിലും അധികമാണ് വാമൊഴികളിൽ മാത്രം നിറഞ്ഞു നിന്ന് ക്രൂ നഷ്ടമായത്. അവ എത്ര മനോഹരങ്ങൾ ആയിരുന്നിരിക്കണം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് പോലും നമുക്ക് ലഭ്യമായവയുടെ സൗന്ദര്യത്തിൽ നിന്നുമാണ്. കവിതാ രീതിയിൽ ഒഴുകി നീങ്ങുന്ന സാഹിത്യ ഭംഗിയുടെ രസം നുകരാൻ പരിഭാഷകൾ അപര്യാപ്തമാണ്. കാരണം ഭാഷ മാറുമ്പോൾ അതിന്റെ സൗന്ദര്യം നഷ്ടമാകും . എങ്കിലും പരിഭാഷകൾ കൊണ്ടു തൃപ്തിയടയുന്ന വേളകളിൽ ഓർത്തു പോകുക ഇതിത്ര മനോഹരമെങ്കിൽ സ്വഭാഷയിലെത്ര വശീകരണമുള്ളതാവും അത് എന്നാണ്.
ഖലീൽ ജിബ്രാൻ കവിതാ സാഹിത്യ ശാഖയിലെ എന്നു മാത്രമല്ല ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികളുടെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. പ്രവാചകൻ എന്ന ഈ കവിത വായിച്ചു പോകുമ്പോൾ മനസ്സിലുണർന്ന വികാരം ബൈബിൾ വായിക്കുന്ന പ്രതീതിയാണ്. ജറുസലേമും ജനങ്ങളും യേശുവും ഇവിടെ ഓർഫലിസും ജനങ്ങളും പ്രവാചകനുമായി മാറുന്നു. കപ്പൽ കയറി വന്ന പ്രവാചകൻ യാത്ര പറയും മുന്നേ കൂടി നിന്ന ജനങ്ങളോട് സംസാരിക്കുകയാണ്. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള പ്രതിനിധികളോട് പ്രവാചകന്റെ ഭാഷണം ഉണ്ടാകുന്നു. ഓരോ അധ്യായവും ഈ ഓരോ വിഭാഗത്തെയാണ് പരാമർശിക്കുന്നത്. സ്നേഹം , ഭക്ഷണം , നിയമം , നീതി , പ്രണയം ,കച്ചവടം , കൃഷി, ഭാഷണം ,സൗഹൃദം തുടങ്ങി ഓരോന്നിനെയും കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നല്കി ഞാനെങ്ങും പോകുന്നില്ല ഈ മണ്ണിൽ തന്നെ ഈ വായുവിലിത്തിരി തടഞ്ഞു നിന്നു മറ്റൊരമ്മയിലൂടെ പുനർജ്ജനിക്കുമെന്ന സന്ദേശത്തോടെ തിരയിളകിയ കടലിലേക്ക് കപ്പൽയാത്ര നടത്തുന്ന പ്രവാചകൻ തികച്ചും വ്യത്യസ്തമായ വായനാനുഭവം തന്നു. ചില വരികൾ എടുത്തു പറയാതെ ഇത് അവസാനിപ്പിക്കുക ശരിയല്ല.
"ഒരു ഏകാധിപതിയെയാണ്
നിങ്ങൾക്ക് സ്ഥാനഭ്രഷ്ടനാക്കേണ്ടതെങ്കിൽ
ആദ്യം നിങ്ങളുടെയുള്ളിൽ അവനു വേണ്ടി ഉറപ്പിച്ച
സിംഹാസനത്തെ ഇല്ലാതാക്കുക."
"നിന്റെ ബോധത്തെ പൊതിഞ്ഞിരിക്കുന്ന
പുറന്തോട് പൊട്ടിപ്പോകുന്നതാണ് നിന്റെ വേദന "
"മരണത്തിന്റെ ആത്മാവിനെ അറിയണമെങ്കിൽ
ജീവിതത്തിന്റെ ശരീരത്തിനു നേരെ
ഹൃദയം മലർക്കെ തുറന്നു.വയ്ക്കുക "
"സൗന്ദര്യം ആവശ്യമല്ല ആനന്ദമാണ്.
അത് ദാഹിക്കുന്ന അധരമോ യാചിക്കുന്ന കരമോ അല്ല.
ജ്വലിക്കുന്ന ഒരു ഹൃദയവും
മാന്ത്രികത നിറഞ്ഞ ഒരാത്മാവുമാണ്. "
"നിനക്കുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായത് നിന്റെ
സുഹൃത്തിനുള്ളതായിരിക്കട്ടെ.
നിന്റെ വേലിയിറക്കം അവനറിഞ്ഞിക്കണമെന്നാകിൽ
അതിന്റെ വേലിയേറ്റവും അവനറിയട്ടെ.
നേരം കളയാൻ വേണ്ടിയാണ് നീ അവനെ
തിരയുന്നതെങ്കിൽ എന്തിനാണാ സൗഹൃദം ?
നിങ്ങളുടെ ശൂന്യതയെ നിറയ്ക്കുകയല്ല
ആവശ്യങ്ങളെ നിറവേറ്റലാണ് അവന്റെ നിയോഗം ".
വായനയ്ക്ക് ആനന്ദം നല്കുന്ന അനുഭൂതി തന്ന പ്രവാചകൻ വളരെ നല്ലൊരു വായനാനുഭവം ആണ്. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment