Monday, May 8, 2017

നിറം മങ്ങിയ നാളുകൾ

എന്റെ പകലുകൾ ഇരുണ്ടും
എന്റെ രാവുകൾ വെളുത്തും
പോയിരിക്കുന്നു.!
ചരൽക്കല്ലുകൾ പാകിയ
വഴിത്താരകളിൽ ഒളിച്ച
വിഷക്കല്ലുകൾ എന്നെ വേദനിപ്പിക്കാൻ
ശ്രമിക്കുന്നു.
നരച്ച കനവുകൾ മാത്രം തന്നു
വെളുത്ത രാത്രികൾ ശിക്ഷിക്കുന്നു .
ഇനി വരാത്തവണ്ണം മഴ മേഘങ്ങൾ
അനന്തത തേടിയകന്നിരിക്കുന്നു.
മഴവില്ലിൻ നിറമെന്റെ
പാലറ്റിൽ ഞാൻ തിരുകയാണ്.
വെളുത്ത നൂലുകൾ വലിച്ചുകെട്ടിയ
പാതയാണ് മുന്നിൽ.
മനസ്സിൽ നിന്നെയാവാഹിച്ചു കൊണ്ട്
ഞാനെന്റെ യാത്രാഗതി മാറ്റുന്നു.
ഇരുട്ടിലെ കാണാക്കാഴ്ചകൾക്കിടയിൽ
വഴുതി വീഴാതെന്നെ നീ നടത്തുക.
അരൂപികളുടെ ചമയ വാക്കുകളിൽപ്പെടാത്ത
നിന്നിൽ ഞാനെന്നെ കൊരുത്തിടട്ടെയിനി.
നിശബ്ദത കൊണ്ടു നമുക്ക് സംസാരിക്കാം.
കറുപ്പും വെളുപ്പുമല്ലാത്തൊരു
നിറത്തെക്കുറിച്ചു മാത്രം!
            ബിജു ജി നാഥ് വർക്കല

No comments:

Post a Comment