Thursday, May 25, 2017

പ്രണയമഷി ...........അനിത പ്രേം കുമാര്‍

പ്രണയമഷി (കവിത)
അനിത പ്രേം കുമാര്‍
ബുദ്ധ ബുക്സ്
വില 100 രൂപ

"പ്രണയം തന്നെ അമൃതം. അതു ലോകചക്രം തിരിക്കുന്നു. ജീവിതം പ്രണയമില്ലാതെ ശുഷ്കവും വിരസവും ആകുന്നു . പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും പ്രണയത്താല്‍ ദീപ്തവും ജീവസ്സുറ്റതും ആകുന്നു ". എഴുത്തുകാര്‍ക്ക് അതുകൊണ്ട് തന്നെ പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ നൂറു നാവായിരിക്കും . വായനക്കാരന് ആയിരം കണ്ണുകളാണ് അതു വായിക്കാന്‍ . ഇങ്ങനെ പ്രണയത്തെ വരികളിലേക്ക് ആവാഹിച്ചു , പ്രണയത്തില്‍ ജീവിക്കുന്ന, പ്രണയം വാക്കുകളില്‍ വരികളില്‍ മാത്രം അറിയുന്ന കാല്‍പനികയെഴുത്തുകാരുടെ ലോകം മനുഷ്യന്‍ സാംസ്കാരികമായി വളര്‍ന്ന കാലം മുതല്‍തന്നെ കൂടെയുണ്ട് എന്നതു തര്‍ക്കമറ്റ വസ്തുതയാണ് . ലോകത്തെ എല്ലാ കവികളും , എഴുത്തുകാരും , ഗായകരും പ്രണയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് പാടിയിട്ടുണ്ട് . പ്രണയം ചിലര്‍ക്ക് മധുവാകുമ്പോള്‍ മറ്റു ചിലര്‍ക്ക് വേദനയുടെ കയ്പ്പ്നീര്‍ ആണ് . വിരഹവും കാമവും പ്രണയവും മരണവും ഒരു ചരടില്‍ കെട്ടപ്പെട്ട വസ്തുതകള്‍ ആണെന്ന് ലോക ചരിത്രങ്ങള്‍ നമ്മോടു പറയുന്നു .

ബുദ്ധ ബുക്സിന്റെ ബാനറില്‍ ശ്രീമതി അനിത പ്രേംകുമാര്‍ വായനക്കാരോട് സംസാരിക്കുന്നതും പ്രണയത്തെക്കുറിച്ച് തന്നെയാണ് . ഗ്രീഷ്മ ,വസന്ത, ശിശിര ഋതുക്കളെ ചേര്‍ത്തു കെട്ടിയ മൂന്നു വിഭാഗങ്ങളില്‍ ആയി 73കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത് . ഋതുക്കള്‍ പ്രണയത്തിന്റെ ഉദാത്തഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ചാലകങ്ങള്‍ ആണ് . എരിയുന്ന വേദന നിറയുന്ന ഗ്രീഷ്മവും നിറയെ ആനന്ദത്തിന്റെ വസന്തവും വിരഹത്തിന്റെ ഇലപൊഴിക്കുന്ന ശിശിരവുമായി എഴുപത്തിമൂന്നു കവിതകള്‍ അനിത വായനക്കാരന് സമ്മാനിക്കുന്നു . "പ്രണയമഷി " എന്ന ശീര്‍ഷകത്തിനു ശരിവയ്ക്കുന്ന എല്ലാ കവിതകളും പങ്കു വയ്ക്കുന്നത് പ്രണയാക്ഷരങ്ങള്‍ തന്നെയാണ് . ആനുകാലിക സംഭവങ്ങളെ തൊട്ടു തലോടി പോകുന്ന ഒന്നോ രണ്ടോ കവിതകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാ കവിതകളും തന്നെ പ്രണയം , ബന്ധം , സൗഹൃദം, മാതൃത്വം, ദാമ്പത്യം എന്നിവഗര്‍ഭം ധരിക്കുന്ന വരികള്‍ ആണ് . പ്രവാസത്തില്‍ ഇരുന്നാല്‍ മാത്രമേ നാടിനെ ശരിക്കും അറിയാന്‍ കഴിയൂ എന്ന് പറയുന്നത് ശരിവയ്ക്കും പോലെ ബാംഗ്ലൂര്‍ ഇരുന്നുകൊണ്ട് നാട്ടിന്‍പുറത്തെ മധുരങ്ങളെ , ആഘോഷങ്ങളെ ഒക്കെ കവി ഓര്‍ത്തെടുക്കുന്നത് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .

പലതരം മാമ്പഴമുണ്ടെങ്കിലും അതില്‍
നാട്ടുമാങ്ങയ്ക്കെന്തു മധുരമാണ് ! (വിഷുക്കാലം )

കൊന്ന
പ്പെണ്ണിനു
കീമോ
കഴിഞ്ഞു
തല
മറയ്ക്കാന്‍
തുണി
വേണം. (വിഷുക്കൊന്ന )

കാട്ടു പൂഞ്ചോലയില്‍
തുള്ളിക്കളിക്കുന്ന
കുട്ടിക്കുറുമ്പനാം
ഉണ്ണിയെക്കാണുമ്പോള്‍ ----(അപ്പൂപ്പന്‍ താടി )

ജീവിത തത്വങ്ങളെ പ്രകൃതിയുമായി ചേര്‍ത്തു വായിക്കുന്ന

വയലല്ലോ വീട്ടുകാര്‍, കര്‍ഷകന്‍ ഭര്‍ത്താവ്
ഞാറോ പുതുപ്പെണ്ണു വിളയല്ലോ ജീവിതം ...(ജീവിതം) പോലുള്ള സന്ദേശങ്ങള്‍ മാമൂലുകളില്‍ ജീവിക്കുന്ന നാടന്‍ കുടുംബ സമ്പ്രദായങ്ങള്‍ പഴമയുടെ നന്മ എന്നിവ നോക്കി കാണുന്ന ഒരു യാഥാസ്ഥിക വീട്ടമ്മയുടെ കാഴ്ചകള്‍ ആണ് കാണിക്കുന്നത് .
പ്രണയത്തെക്കുറിച്ച് പറയാൻ കവിക്ക് നൂറു നാവാണ്.
അത് പക്ഷേ 'കരിവണ്ടിന്റെ മൂളലല്ല കള്ളിക്കുയിലിന്റെ കൂവലുമല്ല. കരിയില കിളിക്കൂട്ടത്തിന്റെ കലപിലയുമല്ല ' എന്ന് വ്യക്തമാക്കുന്നുണ്ട്. ഏകത്വവും പിന്നെയത് ദ്വിത്വവും ആകുന്ന ബ്രഹ്മാണ്ഡ ചിന്തയും കവിതകളിൽ കാണാം നാം രണ്ടല്ല ഒന്നാണെന്ന (നീയേത് ഞാനേത് ) ആദ്യ ചിന്ത  പിന്നീട് ഞാൻ ഞാനാണ് നീ നീയും നമുക്ക് ഒന്നാകാൻ കഴിയില്ല (നീയും ഞാനും ) എന്ന സത്യത്തിനു മുന്നിൽ പകച്ചു നില്ക്കുന്ന കാഴ്ച കവിയിലെ പരിണാമത്തെ വരച്ചു   കാട്ടുന്നു. സ്ത്രീയുടെ ഇന്നത്തെ അസുരക്ഷയും അസമത്വവും ഓർത്തു
അമ്മയെ പെങ്ങളെ കണ്ടാലറിയാത്ത
അറിഞ്ഞാലുമറിഞ്ഞെന്ന ഭാവം നടിക്കാത്ത
കാമവെറി പൂണ്ട കാഴ്ചകൾ മങ്ങിയ
മാനുഷക്കോലങ്ങൾ വാഴുന്നതിവിടെയോ ( നല്ലൊരു നാളെ) എന്നു വിലപിക്കുന്നു.
മൊത്തത്തിൽ കവിതകളിൽ നൈസർഗ്ഗികമായ ലാളിത്യവും ഗ്രാമീണ ശൈലിയും പതിഞ്ഞു കിടക്കുന്നു.
കവിത രചനയിൽ അനിത കൈക്കൊണ്ട ഗദ്യകവിതാ രീതി ഒരു പക്ഷേ കാര്യങ്ങൾ പറഞ്ഞു പോകാൻ വേണ്ടി മാത്രം കവിതയുടെ സാധ്യതയെ ഉപയോഗപ്പെടുത്തുകയായിരുന്നോ എന്ന സംശയം ഉണർത്തുന്നു. കാവ്യവത്കരണത്തിനോ മറ്റു ചമത്കാര സാധ്യതകൾക്കോ ഒട്ടും ഇടം നല്കാതെ പറഞ്ഞു പോകുക എന്ന സങ്കേതം ഉപയോഗിച്ചു എന്നത് ഒരു പോരായ്മയായി വിലയിരുത്താം. പറച്ചിൽ ആണ് കവിത എന്നാൽ പറച്ചിലിലെ കാവ്യവത്കരണം ഒരു പരിധി വരെ കവിതാ സങ്കല്പങ്ങളുടെ നിലനില്പിനെ പരിരക്ഷിക്കുന്നുമുണ്ട്. താളവും ലയവും വൃത്തവും അലങ്കാരങ്ങളും ആധുനിക കവിതകളിൽ ഉണ്ടാകണം എന്ന ശാഠ്യമില്ല എന്നാൽ ഗദ്യകവിതകൾക്കും കവിതയുടെ തായ ഒരു സൗന്ദര്യം തരാൻ കഴിയുന്നുണ്ട്. ചില കവിതകൾ ആ സൗന്ദര്യം ഒട്ടും പിന്തുടരുന്നില്ല. ഭാഷയുടെ ലളിതവത്കരണവും ആശയസമ്പുഷ്ടതയും അനുഭവസമ്പത്തും കൈവശമുള്ളപ്പോഴും പ്രണയം മാത്രം തിരഞ്ഞെടുക്കുന്നതു പോലെ കവിതകളിലെ കാവ്യനീതികളെയും ഒരു വെല്ലുവിളിയായി പ്രയോഗിച്ചിരിക്കുകയാണ് അനിത. തീർച്ചയായും കൂടുതൽ കവിതകൾ , ഒരിക്കൽ വായിച്ചു മറന്നു കളയുന്നതല്ല വീണ്ടും വായിക്കാൻ , ഓർത്തു വയ്ക്കാൻ കഴിയുന്നവയായി ചിത്രീകരിക്കാൻ അനിതയ്ക്കു കഴിയും എന്ന ശുഭാപ്തി വിശ്വാസത്തോടെ ,ആശംസകൾ നേരുന്നു
ബി.ജി.എൻ വർക്കല

No comments:

Post a Comment