പ്രഭാതം
വരുന്നതൊരുച്ചക്കാണ് .
ആലസ്യത്തിന്റെ
പ്രഭാതം .
മൂരിനിവര്‍ത്തി
എഴുന്നേറ്റാല്‍ പോലും
ഹാംഗ്ഓവര്‍
മാറിയിട്ടുണ്ടാവില്ല .
തണുത്തൊരു
ചായ സമോവറില്‍ നിന്നൂറ്റി
ജാലകം
തുറന്നിട്ടാകാശം നോക്കി നില്‍ക്കണം.
മണല്‍ക്കാട്ടിന്റെ
ചൂട്കാറ്റില്‍
മുഖം
പൊള്ളുമ്പോള്‍
സൂര്യനെ
ശപിച്ചുകൊണ്ട് പിന്‍വാങ്ങണം .
ചൂട് വെള്ളം
കൊണ്ട് മുഖം കഴുകുവാനും
ശൗചം
ചെയ്യാനും പഠിപ്പിച്ചത്
മരുഭൂമിയാണ് .
ചൂടില്ലാത്ത
ദോശയും ചട്ണിയും
പാതി കഴിച്ചു
വയര്‍ കെടുത്തണം.
മുഷിഞ്ഞ തുണിബാസ്ക്കറ്റിനെ
ഈര്‍ഷ്യയോടെ
നോക്കി
മുണ്ട്
മാടിക്കെട്ടി എഴുന്നേല്‍ക്കണം .
ഇടയില്‍ സമയം
കൊല്ലാന്‍ വരുന്ന
കൂട്ടുകാരെ
മടുപ്പോടെ അകറ്റി
അമ്മയെ ,
ഭാര്യയെ മനസ്സില്‍ നമിച്ചു
തുണി
തിരുമ്പി ഇടണം .
അടിച്ചു വാരി
മുറി തുടച്ചു
ബെഡ് ഷീറ്റു
മാറ്റി വിരിച്ചു
കഴിയുമ്പോള്‍
ഉച്ചഭക്ഷണം സമയമാകും.
ഉണ്ട് നിറഞ്ഞ
സന്തോഷത്താല്‍
ഏറ്റവും
പുതിയ ചിത്രം കണ്ടു കിടക്കണം
എപ്പോഴോ
മയങ്ങിപ്പോകുന്ന മിഴികളെ
അഞ്ചുമണിയുടെ
നേര്‍ക്ക് വലിച്ചു തുറക്കണം .
ഒരു ചായ
ഊതിക്കുടിച്ചു
വീട്ടിലേക്കൊന്നു
വിളിക്കണം.
അമ്മയുടെ
ആവലാതികള്‍
ഭാര്യയുടെ
പരിഭവങ്ങള്‍
മക്കളുടെ
പരാതികള്‍ , കൊഞ്ചലുകള്‍
ഒക്കെയും
നെഞ്ചില്‍ നിറച്ചു
ഒരു ലാര്‍ജ്ജില്‍
നെഞ്ചുനീറ്റി
പുറംകാഴ്ചകള്‍
കാണാന്‍ ഇറങ്ങണം.
ഒഴിവുദിനത്തിന്റെ
ഷോപ്പിംഗ് ബഹളങ്ങളില്‍
ഒറ്റയാനായി
കറങ്ങി നടക്കണം.
നെറ്റ് കാള്‍
ഓഫറുമായി നടക്കുന്ന ബംഗാളിയെ
മൊബൈല്‍
വില്പനക്കാരന്‍ പാകിസ്താനിയെ
മസാജ്സെന്റര്‍
കാര്‍ഡ് വിതരണം ചെയ്യുന്ന ബംഗാളിയെ
തട്ടിയും
തടഞ്ഞും
തിരികെ
നടക്കണം .
പഞ്ചാബിയുടെ അനധികൃത
മദ്യ വില്പന ശാലയിലേക്കും
തിരിച്ചും
നടക്കുന്ന മലയാളിയെ
കൂട്ടിമുട്ടാതെ
മുറിയില്‍ എത്തണം .
അത്താഴം
കഴിച്ചു
ഉണങ്ങിയ തുണികള്‍
മടക്കി വച്ചു
കണ്ടു
ബാക്കിയായ ചിത്രം പൂര്‍ത്തിയാക്കണം .
കനവില്‍
കാമുകിയെയോ
ഭാര്യയെ
സ്വപ്നം കണ്ടു
ബാത്രൂമില്‍
സ്ഖലനപുണ്യം നേടി
കിടക്കപൂകണം .
ഉറക്കത്തിന്റെ
തീരാക്കടലില്‍
മതിവരാത്തൊരുറക്കം
തേടണം .
ബിജു ജി നാഥ് വര്‍ക്കല
ഹേയ് പ്രവാസി ! നീയാണ് സത്യം !! നീയാണ് നീതി !!! നീയാണ് സ്നേഹം !!!!
ReplyDelete