Monday, May 8, 2017

ഗ്രാമവാതില്‍ ............. രഞ്ജിത്ത് വാസുദേവന്‍

ഗ്രാമവാതില്‍ (നോവല്‍ )
രഞ്ജിത്ത് വാസുദേവന്‍ 
റൈറ്റെര്‍സ് ലൈബ്രറി 
വില 110 രൂപ 

പ്രവാസികള്‍ ആയ പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ ഉള്ള മലയാളികളായ എഴുത്തുകാരില്‍ ഒരു വിഭാഗം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്നം തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല മലയാള സാഹിത്യത്തില്‍ എന്നതാണ് . മുഖ്യധാരാമാധ്യമങ്ങളും മറ്റു ആനുകാലികങ്ങളും പുറം നാട്ടുകാരായ തങ്ങളുടെ എഴുത്തുകളെ രണ്ടാംതരം എഴുത്തുകള്‍ ആയി കാണുകയും പുറം തള്ളുകയും ചെയ്യുന്നു എന്ന ചിന്തയില്‍ ആണ് അവര്‍ ജീവിക്കുന്നത് . ചുരുക്കം ചില എഴുത്തുകാര്‍ തങ്ങളുടെ എഴുത്തുകള്‍ നാട്ടിലെ മുഖ്യധാരമാധ്യമങ്ങളില്‍ മുഖം കാണിച്ചു എന്നതിനപ്പുറം ഈ പറയപ്പെടുന്ന എണ്ണം പറഞ്ഞ എഴുത്തുകാര്‍ ആരും തന്നെ ആ ഭാഗ്യം ലഭിക്കാതെ പോയവര്‍ ആണ് . ഇതിന്റ ബാക്കിയാണ് അവരില്‍ ഉടലെടുത്ത രണ്ടാംതര എഴുത്തുകാര്‍ എന്ന അപകര്‍ഷതയും അതില്‍ നിന്നും ഉടലെടുത്ത ആശയമാണ് പ്രവാസ സാഹിത്യം എന്നൊരു പുതിയ മലയാള സാഹിത്യ ശാഖയുടെ ഉദയം ഉണ്ടാക്കുക എന്നതും. ഒരു പക്ഷെ മലയാള ഭാഷയ്ക്ക് മാത്രം ലഭിച്ച ഒരു ദുഷ്പ്പേര് ആണ് ഇത് . മൌലികതയുള്ള എഴുത്തുകള്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ എത്തിപ്പിടിക്കാനാകാത പോകുന്ന ഈ എഴുത്തുകാര്‍ സ്വയമോ തങ്ങളുടെ കുറച്ചു സൌഹൃദങ്ങളോ നല്‍കുന്ന പ്രോത്സാഹനവും അഭിനന്ദനങ്ങളും മാത്രം മാനദണ്ഡമാക്കി തങ്ങളുടെ രചനകളെ വളരെ വലിയ ഒരു സംഭവം ആക്കി പ്രതിഷ്ടിക്കുകയും അവയെ നിരാകരിക്കുന്ന മലയാള സാഹിത്യത്തിലെ കെടുകാര്യസ്ഥതയെ പഴി പറഞ്ഞുകൊണ്ട് മറ്റൊരു സമാന്തര സാഹിത്യ ശാഖ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് . അടുത്തിടെ ഒരു സാഹിത്യ സമ്മേളനത്തില്‍ കേരളസാഹിത്യ അക്കാഡമി അംഗങ്ങള്‍ പ്രവാസ സാഹിത്യം എന്നൊന്നുണ്ട് എന്ന് പറയുകയും പിന്നെ അത് മലയാള സാഹിത്യം തന്നെയെന്നു തിരുത്തി പറയുകയും ചെയ്ത കാഴ്ചയില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ഇത്തരം മുറവിളികള്‍ കഴിവുകള്‍ ഇല്ലാത്തതോ അതിനെ വേണ്ട വിധത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുകയോ ചെയ്യുന്ന പ്രവാസത്തില്‍ ഇരുന്നു എഴുതുന്ന എഴുത്തുകാരിലെ അപചയം വെളിവാക്കുകയാണ് . കഴിഞ്ഞ കാലങ്ങളില്‍ ഇറങ്ങിയ പ്രവാസ രചനകള്‍ പലതും വായിക്കുക മൂലം മനസ്സിലാകുന്ന കാര്യം ഇത്തരം എഴുത്തുകള്‍ക്ക് ഇല്ലാതെ പോകുന്ന കാതല്‍ ആണ് ഇവയെ മറ്റു രചനകളില്‍ നിന്നും ദൂരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകം എന്നതാണ്. വളരെ കുറച്ചു എഴുത്തുകള്‍ മാത്രമാണ് ഇതിനു വിപരീതമായി എഴുത്തിലെ മേന്മ പറയാന്‍ കഴിയുന്നവയായി വായിക്കാന്‍ കഴിയുന്നത്‌ . വായനക്കാര്‍ക്ക് വേണ്ടി എഴുതി മരിക്കുന്ന പ്രവാസി എഴുത്തുകാരില്‍ വായന എന്നത് സമയക്കുറവു മൂലം ഇല്ലാതെ പോകുന്ന ഒരു സംഭവം ആയി അവര്‍ തന്നെ പറയുന്നുണ്ട് . വായിക്കാന്‍ കഴിയാത്തവന്‍ ഇത്രയേറെ മൂല്യ കൃതികള്‍ എഴുതി മലയാളത്തെ ഉത്ബുദ്ധമാക്കുന്ന മഹനീയത പ്രവാസ എഴുത്തുകാര്‍ക്ക് മാത്രം സ്വന്തമായിരിക്കുന്ന ഒരു വസ്തുതയായി നാളെ ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യുമായിരിക്കും .
ഇന്ന് വായിച്ച പുസ്തകം ശ്രീ 'രഞ്ജിത്ത് വാസുദേവന്‍' എഴുതിയ "ഗ്രാമവാതില്‍" എന്ന നോവല്‍ ആണ് . ആമുഖത്തില്‍ തന്നെ എഴുത്തുകാരന്‍ പറയുന്നുണ്ട് ഇതൊരു കഥ എന്നതിലുപരി ഒരു നേര്‍ക്കാഴ്ചയുടെ വിവരണം ആണ് . അതിനെ അടിവരയിട്ടുകൊണ്ട്തന്നെ വായന നമ്മോടു ചിലത് പറയുന്നുണ്ട് . ആദ്യം നോവലിന്റെ വിഷയത്തെക്കുറിച്ച് പറയാം . മേജര്‍ വിശ്വന്‍ എന്ന ഒരു മനുഷ്യന്‍ അദ്ദേഹം താമസിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്‍റ് ആകുന്നതും അഞ്ചുകൊല്ലം കൊണ്ട് ആ പഞ്ചായത്തിന്റെ മുഖം തന്നെ മാറ്റുകയും ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം . പഞ്ചായത്തുകാര്‍ക്ക് എല്ലാം ബഹുമാനവും സ്നേഹവും ഉള്ള ഒരു മനുഷ്യന്‍ ആണ് മേജര്‍ വിശ്വന്‍ . അദ്ദേഹം പഞ്ചായത്തിലെ എല്ലാ വാര്‍ഡ്‌ മെമ്പര്‍മാരെയും ഒന്നിച്ചുകൂട്ടി പൊതുവായി ആ പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ എന്തെന്ന് കണ്ടറിഞ്ഞു അതിനു വേണ്ടി അക്ഷീണം കൂട്ടത്തോടെ പ്രയന്തിച്ചു വിജയിച്ചു ശേഷം ആ പഞ്ചായത്തിന്റെ ഭരണം പുതിയ തലമുറയ്ക്ക് കൈമാറുന്നത് ആണ് നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയം . ഈ നോവലിന്റെ ആഖ്യായന ശൈലി രസാവഹമാണ് . കുട്ടിക്കാലത്ത് നമ്മില്‍ പലരും സിനിമയോ നാടകമോ അതുമല്ലെങ്കില്‍ നോവലോ വായിച്ച ശേഷം നമ്മുടെ കൂട്ടുകാരോട് ആ കഥ പറയുകയാണെങ്കില്‍ എങ്ങനെയാകും പറയുക ആ ഒരു രീതിയാണ് ഈ നോവലില്‍ നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത് . അമിതമായ വര്‍ണ്ണനകളും , ആവര്‍ത്തനങ്ങളും മറ്റും ചേര്‍ത്തു ആ വിവരണങ്ങളെ നോവലിന്റെ പൊതു രീതികളെ അപ്പാടെ മാറ്റിക്കളയുന്നു . 'നായകന്‍' എന്ന സിനിമയിലെ ഒറ്റ നാളിലെ പ്രധാനമന്ത്രിയെ പോലെ മേജര്‍ എന്ന മനുഷ്യനെ മുന്നില്‍ നിര്‍ത്തി സാമൂഹികമായ തിന്മകളും കെടുകാര്യസ്ഥതകളും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് എന്ത് എന്ന് പറയാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നോവലില്‍ ഉടനീളം കാണുക . ഒരു പാട് വായനകള്‍ എഴുത്തുകാരന് ആവശ്യമാണ്‌ എന്ന ചിന്തയെ ബലപ്പെടുത്തുന്ന രചനയായി ആണ് ഇത് അനുഭവപ്പെട്ടത് . അതുപോലെ ഒരു എഡിറ്റര്‍ എന്ന കടമ്പയെ ഇന്നത്തെ എഴുത്തുകാരും പ്രസാധകരും എത്രകണ്ട് ലാഘവത്തത്തോടെ കാണുന്നു എന്ന കാഴ്ച ഒരു പക്ഷെ നാളെയുടെ വായനകളില്‍ ഈ കാലഘട്ടം സാഹിത്യത്തില്‍ ഒരു പരീക്ഷണത്തിന്റെ കാലമായിരുന്നു എന്ന് ചിന്തിക്കാന്‍ ചരിത്രത്തെ പ്രേരിപ്പിക്കുക തന്നെ ചെയ്യും എന്ന സംശയമില്ലാത്ത വസ്തുതയ്ക്ക് ബലമേകുന്നുണ്ട് . .
ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല .

3 comments:

  1. നല്ലൊരു നിരൂപണം ബിജു... അക്ഷരങ്ങള്‍ ജ്നിയ്ക്കുംപോഴല്ല അവ ധന്യമാകുന്നത്, മറിച്ച്, അവ വായനക്കാരുടെ മനസിലേയ്ക്ക് ഊളിയിട്ട് ഇറങ്ങുമ്പോഴാണ്..എത്ര അക്ഷരങ്ങള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകും? നല്ലൊരു ഉദ്യമം ബിജു...അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. സന്തോഷം സ്നേഹം

      Delete