Saturday, May 6, 2017

തുറക്കാത്തൊരു നിലവറ .


കണക്കെടുക്കുമ്പോഴൊക്കെ
കപ്പം വാങ്ങിയും
പിഴ ചുമത്തിയും
പിടിച്ചെടുത്തും
മുതലാക്കിയതോർത്തു
കരളു പിടയ്ക്കുമത്രെ!
കണ്ണീരു പുരണ്ടവയാണെന്നറിയാമെങ്കിലും
കഞ്ഞിയിൽ ഉപ്പു തൂവാതെ
നാവിനു തൃപ്തിയില്ല.
തൊട്ടുകൂട്ടാൻ
മുലയുണ്ട്
മുണ്ടുണ്ട്
മുടിയുണ്ട്
കന്യകാത്വവും
കുടിലുമുണ്ട് കൂട്ടിനു.
കാവുതീണ്ടലോർമ്മയായി..
കാലം മാറിപ്പോയതറിഞ്ഞപ്പോഴേക്കും
കരുതിവച്ച കണ്ണീരിനു
വിലയിട്ടു തുടങ്ങിയിരുന്നു
നിശബ്ദത വലകെട്ടിയ
നിലവറ തുറക്കാൻ മടിച്ചു നില്ക്കുന്നു.
അടി വാനം തോണ്ടി
കടലു കടത്തിയവയൊക്കെ
കണക്കിൽപ്പെടുമെന്നോർത്തില്ലല്ലോ!
              ബിജു ജി നാഥ് വർക്കല

No comments:

Post a Comment