Monday, September 29, 2014

ഹൃദയം


ഹൃദയത്തെ കുറിച്ച്
ചിന്തിക്കും ദിനത്തില്‍
ഞാന്‍ എന്റെ ഹൃദയം
തിരഞ്ഞു പോകണമോ ?
പതിരുകള്‍ പറഞ്ഞും
പ്രണയം നിറച്ചും ,
രതി പരാഗങ്ങള്‍ പരത്തിയും 
സ്നേഹ വിദ്വേഷങ്ങള്‍ ചുമന്നും
തളര്‍ന്നൊടുവില്‍
എന്നില്‍നിന്നെങ്ങോ പറന്നകന്നൊരു ഹൃദയം,
എന്തിന് ഞാന്‍ തേടുവതിനി?
എന്നിലേ നന്മകളെ
എന്നിലേ തിന്മകളെ
എന്നിലേ എന്നെ
ഞാന്‍ ചുമന്ന മരുപ്പച്ഛകളെ
എന്റെ കനവിന്റെ പൂപ്പാത്രങ്ങളെ
എന്റെ സൌഹൃദങ്ങളെ
എനിക്കെന്നും അന്യമാക്കിയ ഹൃദയമേ
ഒന്ന് മിടിക്കാന്‍ വേണ്ടിപോലും
നിന്നെയിനി ഞാന്‍ തിരയില്ല .
--------------ബിജു ജി നാഥ്
(മനസ്സ്‌ എന്നത് ഹൃദയമാണെന്ന് കരുതുന്ന ഒരു സമൂഹത്തില്‍ നിന്ന് കൊണ്ട് ഞാനും ചിന്തിക്കുന്നു അത് തെറ്റെന്നറിഞ്ഞും വെറുതെ , വെറും വെറുതെ )

കലികാലം


നിശാഗന്ധികള്‍
വേടമാടങ്ങള്‍
ഒഴിഞ്ഞ കിളിക്കൂടുകള്‍
നമ്മള്‍ ആരാധകര്‍ മാത്രം .
തിളച്ച ജലം പോലെ
കടുത്ത ഇരുട്ട് പോലെ
പൊള്ളുന്ന ഓര്‍മ്മകള്‍ പോലെ
നമ്മള്‍ ജീവിതങ്ങള്‍ തേടുന്നു .
പിണങ്ങിയും ഇണങ്ങിയും
കൊന്നും ജീവന്‍ കൊടുത്തും
മാംസത്തിന്റെ ദാഹമകറ്റും
കൂട്ടിക്കൊടുപ്പുകാരുടെ ലോകം !
--------------ബിജു ജി നാഥ്

Sunday, September 28, 2014

ചുണ്ടുകള്‍

നഗരം ഇന്നൊരു വിരൂപയാണ് .
ചലിക്കുന്ന സുന്ദരന്മാരും
സുന്ദരിമാരും നിറഞ്ഞ ലോകം
ഇന്ന് തലതാഴ്ത്തിയ മുഖങ്ങള്‍ കൊണ്ടും
മുഖം മൂടികള്‍ കൊണ്ട്
മറയപ്പെട്ടിരിക്കുന്നു .
നഗരത്തിനു ഈ മുഖം അപരിചിതമായിരുന്നു .
പുരുഷനും സ്ത്രീക്കും
ശരീരങ്ങളുടെ വിശപ്പ്‌ മാറാന്‍
വിലക്കുകള്‍ ഉണ്ടായിരുന്ന കാലം .
കെട്ടുപാടുകള്‍ക്കും
സദാചാരങ്ങള്‍ക്കും
നിയമപാലനങ്ങള്‍ക്കുമിടയില്‍
ധൃതിപിടിച്ചൊരു യുദ്ധം പോല്‍
നഗരം അശ്ലീലതയില്‍ മുങ്ങി കിടന്നിരുന്നു .
പതിയെ പടിഞ്ഞാറന്‍കാറ്റ് വന്നു .
കാകിലത്തിന്റെ അപാരസാധ്യതകള്‍ !
നഗരം ഉറക്കം വിട്ടെഴുന്നേറ്റു .
അവനുടലുകളും
അവളുടലുകളും
വിയര്‍പ്പ് മുങ്ങിയ രാപ്പകലുകള്‍ .
പാപ്പില പിടിമുറുക്കിയതന്നാണ്
പിന്നെ ഒരു യാത്രയായിരുന്നു
ക്ലമൈഡിയ കൂട്ടിനു വന്നു .
അധരങ്ങള്‍ക്ക് രൂപം നഷ്ടമായി .
ഇന്ന് നഗരം മൂകമാണ് .
താഴ്ത്തിയ തലകളില്‍ ഒളിച്ചു വച്ച
അധരങ്ങള്‍ മാത്രം
വിങ്ങുന്ന കഥകള്‍ പറയുന്ന
വെറും നഗരം .
-------ബിജു ജി നാഥ്
Tuesday, September 23, 2014

ആപ്തവാക്യം


നമുക്കിനി വാക്കുകള്‍ മാറ്റി പറയാം !
നോവു പാടങ്ങളില്‍ നമുക്ക് പുഞ്ചിരി വിതയ്ക്കാം
പ്രഭാതത്തിന്‍ കുളിരിനെ തീകൊണ്ട് കെടുത്താം .
വിശപ്പിനെ വാക്കിന്റെ വിശറിയാല്‍ ഉറക്കാം .

ഇത് വിനോദകാലം !
വരകള്‍ കൊണ്ട് വരയുന്ന
നടനത്തിന്‍ വസന്തകാലം .
കണ്ണുകളില്‍ കുത്തിനോവിച്ചു കൊണ്ട് ചിരിക്കും
ജീവിതത്തിന്റെ ചുടുകാടുകളേ
നിങ്ങളെ സ്വപ്നം കാണാന്‍ കഴിയാത്തവന്റെ ശബ്ദം
കേള്‍ക്കുമോ ഒരിക്കലെങ്കിലും ?

പടരുന്ന തീനാളങ്ങള്‍
ഇതളുകളെ എരിയിച്ചു മൃതിയടയുമ്പോള്‍,
തുളസിത്തറയില്‍
കനലുകോരിയിട്ടു മൂധേവിയെയകറ്റുമീ സന്ധ്യകള്‍
നമുക്കിനി പറഞ്ഞു തന്നേക്കാം
രതിയുടെ പറങ്കിമാവിന്‍ കൊമ്പുകള്‍
എന്തിനായി ഉലഞ്ഞാടുന്നുവെന്നു .
------------------ബിജു ജി നാഥ്

Monday, September 22, 2014

നമുക്കിനി പ്രണയിക്കാം

പ്രണയം
നിന്‍ നാദബ്രഹ്മത്തില്‍
എന്നുമൊരീരടിയാകും നനുത്ത വികാരം .
നമുക്കോര്‍മ്മയാകുന്ന
പോയകാലങ്ങള്‍ക്ക് മുന്നില്‍
ചിറകു വിടര്‍ത്തിയാടുന്ന മയില്‍ പോലെ
നീയൊരു അനുഭൂതിയാകുന്നെന്നില്‍ .
കരിവണ്ടുകളാക്രമിച്ച
സുമദലങ്ങളില്‍ പൊടിയുമൊരു നിണം,
നിന്‍ പ്രണയത്തിന്റെ ശേഷിപ്പ്
എന്നിലതൊരു തീക്കാറ്റൂതുന്നുവോ ?
നിന്‍ ഇടനെഞ്ചില്‍
കുരുങ്ങുന്നൊരു വേദനയാകുന്നു
ഞാനാം കാവ്യം !
നമ്മള്‍ പിടഞ്ഞകലുന്ന ദൂരങ്ങളില്‍
മരുഭൂമിയുടെ നിശബ്ധത !
നിന്റെ മിഴികള്‍
മരുജലത്തിന്റെ തിളക്കമാകുന്നു .
പറയാതെ വയ്യ !
നമ്മള്‍ പ്രണയിക്കുകയായിരുന്നു
കള്ളിമുള്‍ച്ചെടികളില്‍
ശേഖരിക്കും ജലം പോലെ
നമ്മില്‍ പ്രണയം ഉറയുകയായിരുന്നു .
അകലുന്ന തോണികള്‍
കാറ്റ് തെളിക്കുന്ന പാതകള്‍
ഇല്ല നമുക്കെന്തിന് രണ്ടു പാതകള്‍ ?
കൊഴിഞ്ഞു വീഴാന്‍ കൊതിയോടെ നില്‍ക്കും
രണ്ടിളം പൂവുകള്‍ പോല്‍
നമുക്കിനി പ്രണയിക്കാം !
രാവിനു ഇനിയുമധികം നീളമില്ല .
നമുക്കിനി പ്രണയിക്കാം .
.................ബിജു ജി നാഥ്

Sunday, September 21, 2014

മൊഴിമടക്കം


പാകമാകാ കുപ്പായങ്ങള്‍ക്കുള്ളില്‍
വേവുമാറാത്ത മനസ്സുകള്‍ തേങ്ങുന്നു .
നിയതിയില്ലാത്ത യാത്രതന്‍ മുന്നില്‍
വഴി പിഴയ്ക്കുമീ ഓര്‍മ്മകള്‍ പോലവേ.

എവിടെയോ പിടഞ്ഞു തകരുന്നുണ്ടാകാം
നിലവിളികളുടെ നീര്‍ക്കുമിളകളെങ്കിലും
പ്രിയതെ, യാത്ര തുടരുക നിന്നിലെ
വൃണിതമാം ചിത്തം അമരും വരേയ്ക്കും .

കല്ലുകള്‍ മുള്ളുകള്‍ കയറ്റിറക്കങ്ങള്‍
കൊടും വനങ്ങള്‍ ഹിംസ്രജന്തുക്കള്‍
കണ്ണടച്ചാല്‍ മുടിയഴിക്കും യക്ഷിപ്പന
ചോര മണക്കും നിശാഗന്ധികള്‍ !

മഴമരങ്ങള്‍ തേടി അലയുന്ന വര്‍ഷം
കോരിത്തരിക്കുന്ന ഹേമന്തരാവുകള്‍ 
വറ്റിവരണ്ടൊരു നദി പോല്‍ ഗ്രീഷ്മവും
മദനോത്സവങ്ങള്‍ തന്‍ വാസന്തവും .

ഇല്ല തീരുന്നില്ല യാത്രകളൊരിക്കലും
വന്നു ഭവിക്കുന്ന കുതൂഹലപാതകളില്‍
പാഥേയം കാല പാദാര്‍ച്ചന ചെയ്തിട്ട്
ഓര്‍മ്മതന്‍ ചില്ലില്‍ ഞാനൊതുങ്ങുന്നു.
-------------------------ബിജൂ ജി നാഥ് ...

സ്വാഗത ഗാനം

മാമലനാടേ
മലയാള നാടേ
നിന്നെ തിരയുന്നു ഞാന്‍
മാമല നാടേ ..... മലയാള നാടേ
നിന്നെ അറിയുന്നു ഞാന്‍
നിന്നിലേക്കലിയുന്നു ഞാന്‍
മാമലനാടേ..... മലയാളനാടേ.... (നിന്നെ തിരയുന്നു ...)

അകലെയാണെങ്കിലും
അരികിലില്ലേ നിന്‍
ഹരിതകംബളം എന്നില്‍
നിന്‍ ജലതരംഗങ്ങളുള്ളില്‍ (അകലെയാണെങ്കിലും ....)
മാമലനാടേ..... മലയാളനാടേ .....  (നിന്നെ തിരയുന്നു ...)

അനന്ത പുരിതന്‍
അരുമയാം മക്കള്‍
ഉയര്‍ത്തിടുന്നൂ വാനില്‍
നിന്‍ മഹത്വമൊന്നത് മാത്രം (അനന്ത പുരിതന്‍ .....)
മാമലനാടേ.... മലയാളനാടേ ....... (നിന്നെ തിരയുന്നു ...)

ഞങ്ങളിലില്ല മറ്റൊരു ജാതി
ഞങ്ങളിലില്ല മറ്റൊരു മതവും
ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നൂ
അറിയുന്നു നാം ഒന്നെന്നു  . (ഞങ്ങളില്‍ ..)
മാമലനാടേ........ മലയാളനാടേ...... (നിന്നെ തിരയുന്നു ...)
(തിരുവനന്തപുരം സ്വദേശി സംഗമത്തിന്റെ സ്വാഗതഗാനം ആയി എഴുതിയ വരികള്‍ )

മഴ


മഴയൊരിരമ്പലായ്‌
ഒഴുകിയകലുന്നു
മഴയൊരു താരാട്ടായി
നിറുകയില്‍ പരതുന്നു
മഴയൊരു വിതുമ്പലായി
ചുണ്ടുകള്‍ നനയ്ക്കുന്നു
മഴയൊരു പുളകമായി
മേനിയിലുണരുന്നു
മഴ കൊതിച്ചൊരു മണ്ണു
വിണ്ടു കീറുന്നു
മഴനാര് കൊണ്ടൊരാള്‍
മാലകെട്ടുന്നു
----ബിജു ജി നാഥ്

Wednesday, September 17, 2014

പ്രതാപന്റെ കഥ അനിതയുടെയും


അതെ നിലാവസ്തമിക്കും വരെ മാത്രമായിരുന്നു ആ കളവു നിലനിന്നത് !
കണ്ണുകള്‍ക്ക് കാഴ്ച കിട്ടുകയും , ഇരുട്ട് മാറി വെളിച്ചം വരികയും ചെയ്തപ്പോള്‍ , തണുത്ത നിലാവ് തന്ന വെള്ളി വെളിച്ചം കാണിച്ച കാഴ്ചകള്‍ ഒന്നും തന്നെ ശരിയായിരുന്നില്ല എന്ന് പ്രതാപന് മനസ്സിലായി .
ഒരു തരത്തില്‍ ഇതൊരു പുനര്‍ജ്ജന്മം ആയിരുന്നു അയാള്‍ക്ക്‌ .
തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും താന്‍ കേവലമായ ചില തമാശകള്‍ക്ക് വേണ്ടി ആണ് ചിലവഴിച്ചിരുന്നത്‌ എന്ന ഓര്‍മ്മ പോലും പ്രതാപനില്‍ വല്ലാത്ത വിഷമം ഉണര്‍ത്തി . ജന്മ പുണ്യത്തിന്റെ മരുക്കാഴ്ചകള്‍ പോലെ കാണാത്തതും കേള്‍ക്കാത്തതും അറിയാത്തതും എല്ലാം സ്വന്തമെന്നു നിനച്ചു കാലത്തിന്റെ കണക്കു പുസ്തകത്തില്‍ മുഖമൊളിപ്പിച്ച തന്റെ യൗവ്വനത്തെ ഒട്ടൊരു വേദനയോടെ നോക്കി നിന്ന് അയാള്‍ .
അനിത , അതായിരുന്നു അയാളുടെ ഭാഗധേയം നിര്‍ണ്ണയിച്ച ആ കാലത്തിനു പേര് . സൗന്ദര്യം കേവലം തൊലിയുടെ ജയപരാജയങ്ങള്‍ ആണെന്ന് കരുതിയിരുന്നത് കൊണ്ട് , കൂടുതല്‍ സുന്ദരിയെ കണ്ടാല്‍ കൂടുതല്‍ ഇഷ്ടം ഉണ്ടാകുക എന്നൊരു മിഥ്യ ചിന്ത ഇല്ലായിരുന്നു അയാളില്‍ പക്ഷെ അനിത അയാളുടെ ജീവിതത്തെ കാര്‍ന്നു തിന്നു തുടങ്ങിയിരുന്നു എന്നത് ഒരു സത്യമായിരുന്നു .
നീണ്ട കരി എഴുതിയ വിടര്‍ന്ന മിഴികള്‍ , ചെറിയ വരച്ചു വച്ചത് പോലുള്ള ചുണ്ടുകള്‍ , നീണ്ടു കൂര്‍ത്ത നാസിക , വിടര്‍ന്ന നെറ്റി ഇവയൊക്കെ അനിതയില്‍ അയാള്‍ കണ്ട നല്ല ലക്ഷണങ്ങള്‍ ആയിരുന്നു . ലളിതമായ ജീവിതത്തിന്റെ മറ്റൊരു ഉദാഹരണം പോലെ അവളുടെ ചലനങ്ങളും പ്രവര്‍ത്തിയും വാക്കുകളും അയാളില്‍ ഉറങ്ങി കിടന്ന ഏതൊക്കെയോ ഓര്‍മ്മകള്‍ , വികാരങ്ങള്‍ എന്നിവ ഉണര്‍ത്തി എന്നത് അയാള്‍ക്കിന്നും അജ്ഞാതമായ ഒരു വിഷയം ആണ്.
നീണ്ടു കൂര്‍ത്ത തന്റെ വിരലുകള്‍ കൊണ്ട് അവള്‍ എഴുതി നല്‍കിയിരുന്ന പ്രണയ കാവ്യങ്ങളെ അമൃത് പോലെ കഴിച്ചു വളര്‍ന്ന കാലം എന്ന് ,അയാള്‍ ഇന്നാ കാലത്തെ ഓര്‍മ്മിക്കുന്നു .
സ്വപ്നങ്ങളുടെ തേരില്‍ അവര്‍ ഒരുപാട് യാത്രകള്‍ ചെയ്തു .. സങ്കല്‍പ്പങ്ങളില്‍ ഒത്തിരി ദൂരം സഞ്ചരിച്ചു . നഷ്‌ടമായ ഒരു പ്രണയത്തിന്റെ നോവുമായി ആണ് അവള്‍ തന്റെ ജീവിതത്തിലേക്ക് വന്നത് . കാലം എവിടെയോ ഒളിപ്പിച്ചു വച്ച ആ പ്രണയത്തിന്റെ നോവുകളെ ഒരിക്കല്‍ പോലും തിരികെ എടുക്കുവാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു എന്ന് ഉറപ്പിച്ചു പറയുമ്പോഴും തന്റെ തന്നെ ഉള്ളില്‍ അതിനെ കുഴിച്ചുമൂടാന്‍ ആകാതെ അവള്‍ വിങ്ങുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു .
തന്റെ ജീവിതത്തിലെ അനവധി സ്ത്രീകളില്‍ ഒരാള്‍ ആയി ഒരിക്കലും പ്രതാപന് അവളെ കാണാന്‍ കഴിഞ്ഞില്ല . കടന്നു പോയ യൗവ്വനം നല്‍കിയ അശ്വമേധത്തില്‍ കീഴടക്കിയ സാമ്രാജ്യങ്ങള്‍ അയാളെ ഒരിക്കല്‍ പോലും വേട്ടയാടിയതുമില്ല . കൗമാരം നല്‍കിയ നിഷേധങ്ങളുടെ പിടിച്ചടക്കല്‍ പോലെ ആയിരുന്നു ആ തേരോട്ടം എന്ന് പറയാം . ഒരിക്കലും പിടികൊടുക്കില്ല എന്നാ വാശിയെ പക്ഷെ അനിതയുടെ വിരല്‍ത്തുമ്പുകള്‍ നിശ്ചലമാക്കി . പിന്നെ കുളമ്പടിയൊച്ചകള്‍ ഇല്ലാത്ത വെറും യാത്ര . എങ്ങുമെത്താന്‍ കഴിയുകയില്ലെന്നുള്ള വിഷമം മാത്രം മനസ്സില്‍ പേറി മുന്നോട്ടുള്ള യാത്രയില്‍ പ്രതാപന് കൂട്ട് ഓര്‍മ്മകളിലെ വസന്തം മാത്രമായിരുന്നു .
ഒന്ന് തൊടാനുള്ള അകലത്തില്‍ പോലും ആഴങ്ങളുടെ മൗനം സൂക്ഷിച്ച രണ്ടു ആത്മാക്കള്‍ ആയിരുന്നു എന്നയാള്‍ പലപ്പോഴും ഓര്‍ക്കാറുണ്ട് തങ്ങളുടെ ജീവിതം.
എവിടെയുമെത്താത്ത യാത്ര പോലെ അയാള്‍ തന്റെ ജീവിതത്തെ ഇന്ന് കാണുന്നു. എവിടെയ്ക്കാകും തന്റെ യാത്ര . അനിത തന്നെ കൈ പിടിച്ചു നടത്തുന്നത് എന്തിലേയ്ക്കാകും ? എല്ലാം തനിക്കെന്നു പറയുമ്പോഴും ഒന്നുപോലും കിട്ടാതെ ഉഴറിയ രാപ്പകലുകള്‍ക്കൊടുവില്‍ ഇന്ന് പ്രതാപന്‍ ഒന്നിലും വ്യാകുലന്‍ അല്ല . തനിക്കെന്താണ്‌ സംഭവിക്കുന്നതെന്ന് അയാള്‍ ഭയത്തോടെ തന്നിലേക്ക് നോക്കുന്നു ഓരോ രാവിലും കിടക്കയില്‍ എത്തുമ്പോള്‍ .
എവിടെയാണ് തനിക്കു തന്നെ നഷ്ടം ആകുന്നതെന്ന് മനസ്സിലാകുന്നില്ല . ഒരുപക്ഷെ അനിത തന്റെ ജീവിതത്തിലൂടെ തന്നെ കൂട്ടിക്കൊണ്ട് പോകുന്നത് മൃതിയുടെ തണുത്ത കൈകള്‍ തന്നെ ചൂഴ്ന്നു വരും മുന്നേ മലമുകളില്‍ എത്തുവാനാകം . പക്ഷെ പ്രതാപന് ഇഷ്ടം മലമുകള്‍ അല്ല ഈ താഴ്വാരങ്ങളില്‍ കുഞ്ചി രോമങ്ങള്‍ തുള്ളിച്ചു മേഞ്ഞു നടക്കുന്ന ഒരു പടക്കുതിരയാകാന്‍ ആണ്. വൈരുദ്ധ്യങ്ങളുടെ ഈ യാത്രയില്‍ പ്രതാപനും അനിതയും രണ്ടു സമരേഖകള്‍ ആകുകയാണ് . ആരാകും വിജയിക്കുക . വായനക്കാരന്റെ സ്വാതന്ത്ര്യത്തിലേക്ക് സ്വൈര്യം കെടുത്തുവാന്‍ ഞാന്‍ അവരെ പറഞ്ഞു വിടുന്നു . വിധി നിര്‍ണ്ണയിക്കുവാന്‍ , വഴി നിര്‍ണ്ണയിക്കുവാന്‍ .
------------------------------ബിജു ജി നാഥ് -----------------------------------
 

Tuesday, September 16, 2014

ആത്മഹത്യക്ക് മുന്‍പ്


ഇരുള്‍ കുത്തിപ്പിളര്‍ന്നെന്നെ
വിഴുങ്ങുവാന്‍ വരും കരിംഭൂതമേ
ബാക്കിവച്ചീടരുതെന്നെ നീയൊട്ടുമേ
പുലരിതന്‍ വെളിച്ചം നല്കീടരുതെനിക്ക് നീ .

പ്രിയനവന്‍ പാതിവഴിയ്കാക്കി പോകിലും
പ്രിയരവര്‍ കൂരമ്പുകള്‍ കൊണ്ട് നോവിക്കിലും
വഴിപിരിയാതെ
പുടവയഴിയാതെ
പരിരംഭണങ്ങള്‍ ചൂടിടാതെ
പകലിരവുകള്‍ ചോരനീരാക്കി
പൊന്മകള്‍ തന്‍ ശുഭമംഗല്യം
മനക്കണ്ണാല്‍ കണ്ടുവാണ കാലം .

നടുക് വളയ്ക്കാതെ
പിച്ച ഇരക്കാതെ
കരുതിവച്ചോരു പൊന്നും
പണവുമെന്‍ താലിയും
കൊണ്ടുപോകുമ്പോളവന്‍
കരുതിയതില്ലതിന്‍ വില.

ഇല്ല നാണക്കേടിന്‍
കുനിഞ്ഞ മുഖത്തില്ലിനിയും
നിലം തൊടാനാകില്ല
എടുക്കുക നീ എന്റെ ജീവനെ
ഇനിയീ മണ്ണിന്‍ വിശപ്പിന്നേകുക
എന്‍ ചോരയും മാംസവും .
-------------ബിജു ജി നാഥ് -----

(വിധവയായ സാധുവായ ഒരു സ്ത്രീ തന്റെ മകളെ വിവാഹം കഴിച്ചയക്കാന്‍ കൂലി വേല ചെയ്തുണ്ടാക്കി വച്ച പണവും സ്വര്‍ണ്ണവും വിവാഹത്തലേന്നു മോഷണം പോയതറിഞ്ഞു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിന്നും ഉയര്‍ന്ന വരികള്‍ )

പ്രണയലേഖനം


പ്രണയം പുറത്താകുമോ എന്ന ഭയത്തിന്റെ അവസാന തിരിവില്‍ വച്ചാണ് നീ എന്നെ സ്വതന്ത്രന്‍ ആകാനും യാത്ര ചെയ്യാനും അനുവദിച്ചത് . പക്ഷെ എന്റെ മൂന്നാം കണ്ണില്‍ നിന്റെ മനസ്സിലെ ഭയം തെളിഞ്ഞു വന്നു . ഒരു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു സുഖമല്ലേ നിനക്ക് ? നിന്റെ കണ്ണുകളില്‍  ഭയം പിടയുന്നത് കാണാമായിരുന്നു . നീ പറയാന്‍ ശ്രമിച്ചു അതെ എന്ന് പക്ഷെ പറഞ്ഞതും കേട്ടതും എനിക്ക് കഴിയില്ല എന്നായിരുന്നു . എന്താണ് നിനക്ക് കഴിയാതെ പോയത് എന്ന ചോദ്യം നാവില്‍ ഉണ്ടാകുമ്പോഴും ഞാന്‍ ചോദിച്ചത് സാരമില്ല എന്ന് മാത്രമായിരുന്നു. കാരണം ഞാന്‍ അറിയുന്നുണ്ടായിരുന്നു നിനക്ക് അത് സഹിക്കാന്‍ കഴിയുന്നതല്ല എന്ന് . നമ്മള്‍ പ്രണയിച്ചത് ഒരുപക്ഷെ നമ്മള്‍ അറിഞ്ഞിരുന്നില്ല എന്നാണു എനിക്ക് മനസ്സിലാകുന്നത്‌ . പരസ്പരം മിഴികളില്‍ മിഴി കൊരുത്തിരിക്കുമ്പോള്‍ നീ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു പോയി . നിന്റെ മിഴികളില്‍ എന്നെ കാണുമ്പോള്‍ വിരിയുന്ന നാണം കാണാന്‍ എനിക്ക് വല്യ ഇഷ്ടം ആണ് എന്ന് . എന്റെ മിഴികളില്‍ നാണമോ എന്ന് ഞാന്‍ അന്വേഷിച്ചു തുടങ്ങുകയായി ഞാന്‍ പിന്നെ . വാചാലമായ മൗനത്തിനുമപ്പുറം നിന്റെ നുണക്കുഴികളില്‍ സ്നേഹം പടരുന്നതും,ചുവപ്പ് അധികരിക്കുമ്പോള്‍ എനിക്ക് നാണമാകുന്നു എന്ന് പറഞ്ഞു മിഴി പൊത്തി നീ ഓടിയകലുന്നതും കാണുമ്പോള്‍ ഞാന്‍ വീണ്ടും ആലോചിക്കുന്നു ഇവിടെ നാണം ആര്‍ക്കായിരുന്നു ?
നിന്നില്‍ വിരിയുന്ന കുഞ്ഞു കുഞ്ഞു ചിരിപ്പൂക്കള്‍ എന്തിനായിരുന്നു എന്ന് നിന്നോട് ചോദിക്കേണ്ടി വന്നിട്ടില്ല എനിക്ക് . ഇരുട്ട് ഉമ്മ വച്ചുറക്കുന്ന നിന്റെ മുടിയിഴകളെ തഴുകി ജാലകത്തിലൂടെ കടന്നു വരുന്ന കാറ്റ് നിന്റെ കവിളില്‍ ഉമ്മ വയ്ക്കുമ്പോള്‍ എന്റെ ചുണ്ടിന്‍ സ്പര്‍ശനമേറ്റെന്നപ്പോലെ നീ പൂത്തുലയുന്നത് ഞാന്‍ കാണുന്നു . നഗ്നമായ നിന്റെ പുറത്തു വിരലോടിക്കുമ്പോള്‍ എഴുന്നു വരുന്ന കുഞ്ഞുരോമങ്ങള്‍ , തുടിച്ചുയരുന്ന നിന്റെ മുലച്ചുണ്ടുകള്‍ എല്ലാത്തിനുമുപരി നിന്റെ കണ്ണുകള്‍ കൂമ്പി അടയുന്ന അസുലഭമായ കാഴ്ച അതിലും മനോഹരമായ ഒരു കാഴ്ചയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.
നിന്നോടുള്ള സ്നേഹം കൊണ്ടാകാം പുലരികളെ ഞാന്‍ ഇത്ര അധികം ഇഷ്ടപ്പെടുന്നത് . ഓരോ ഉറക്കത്തില്‍ നിന്നും ഞാന്‍ കൊതിക്കുന്നത് ഒരു പ്രഭാതം . നീ എന്റെ ജീവനില്‍ സംഗീതം ആകുമ്പോള്‍ , എന്നില്‍ പ്രണയം കോരി നിറയ്ക്കുമ്പോള്‍ എനിക്ക് എന്നെ നഷ്ടമാകുന്നു .
നീയില്ലാത്ത ദിനങ്ങളെ ഞാന്‍ പേടിയോടെ നോക്കിക്കാണുന്നു . നിന്റെ ചലനങ്ങളെ , നിന്റെ നിഴലിനെ ,നിന്റെ സുഗന്ധത്തെ തേടി ഞാനാം ശലഭം വട്ടമിട്ടു പറക്കുന്നു . നിന്റെ ശബ്ദത്തിന്റെ മാന്ത്രികതയില്‍ ഞാന്‍ എന്നെ വരിഞ്ഞു മുറുക്കുന്നു . എനിക്കെന്നില്‍ നിന്നും എന്നെ എവിടെയോ നഷ്ടം ആകുന്നു . പ്രണയത്തിന്റെ തീക്കാറ്റില്‍ ഞാന്‍ ഉരുകിയൊലിക്കുന്നു . നിന്റെ സാമീപ്യമേകുന്ന രാവുകള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു . നമുക്കിടയിലെ മൗനം ഉരുകിയോലിച്ചു പോകുവാനും , നീ എന്നില്‍ പടരുന്നൊരു ലതയാകുവാനും കഴിയുന്ന പൌര്‍ണ്ണമി രാവുകളെ ഞാന്‍ സ്വപ്നം കാണുന്നു .
----------------------ബിജു ജി നാഥ് -------------------------------------------------------------

അവര്‍ സദാചാരത്തിന്റെ പടയാളികള്‍

വാക്കുകള്‍ക്കിടയില്‍
അക്ഷരങ്ങള്‍ മരവിച്ചു നില്‍ക്കും
ചിലമ്പിച്ച സന്ധ്യകള്‍
പടിയിറങ്ങി പോകുമ്പോള്‍ ,
കാവലില്ലാ ദൈവപ്പുരകളില്‍
കണ്ണു പൊത്തിക്കളിക്കുന്നു
ഉടുവസ്ത്രമില്ലാത്ത ബിംബങ്ങള്‍.
തൊട്ടുരിയാടാന്‍
തഴുകി തലോടാന്‍
തീര്‍ത്ഥമായ്‌ നിറുകയില്‍ ,
നാവില്‍ തളിക്കുവാന്‍
വെമ്പലോടെ കാത്തുനില്‍ക്കുന്നു
വ്രണിതജന്മങ്ങള്‍ ചുറ്റിലും .

നാലകത്തിന്റെ
പടിപ്പുരയുടെ
ശ്രീലകത്തിന്റെ
മച്ചിന്‍പുറങ്ങളില്‍ ,
ചുവരുകളില്‍
ഗോപുരനടകളില്‍
നഗ്നമേനികള്‍ കാത്തു നില്‍ക്കുന്നു .
ഉദ്ധൃതമല്ലാത്ത ലിംഗങ്ങളും
അധമചിന്തകളുമില്ലാതെ
പരിവാരങ്ങള്‍ തൊട്ടു തൊഴുന്ന
കളഭം ചാര്‍ത്തുന്ന
പുണ്യവും കാത്തു .

വഴിയോരം
കീറിയ തുണിത്തുണ്ടിലും
അനാവൃതമാകുന്ന വസ്ത്രാഞ്ചലത്തിലും
സിനിമാ പോസ്ടറുകളിലും
നഗ്നഭാഗങ്ങള്‍ കണ്ടു
സ്ഖലിക്കുന്നു
കാറിത്തുപ്പുന്നു
സദാചാരഭ്രംശമോര്‍ത്തു
ദുഖിക്കുന്നവര്‍ .

അയലത്തെയടുക്കള വാതില്‍
എത്ര വട്ടം തുറന്നടഞ്ഞെന്നും
വാക്കുകളില്‍ , വരികളില്‍
എത്ര ലിംഗവും യോനിയും തടഞ്ഞുവെന്നും
ഭൂതക്കണ്ണാടി വയ്ക്കുന്നവര്‍ .

ഇരുട്ട് കട്ട പിടിക്കുമ്പോള്‍
തലയില്‍ മുണ്ടിട്ടു
കാമത്തിന്റെ മോണിട്ടറുകള്‍ തുറക്കുന്നവര്‍ .
ദിന്‍ മേം ഭയ്യ രാത് മേം ശയ്യ പാടുന്നവര്‍ .
ഇവര്‍ സദാചാരത്തിന്റെ പടയാളികള്‍
ഇവര്‍ സമൂഹത്തിന്റെ മുന്നണികള്‍
ഇവര്‍ സാംസ്കാരികതയുടെ അപ്പോസ്തലര്‍ .
-------------ബിജു ജി നാഥ് ---------Saturday, September 13, 2014

മങ്ങിയ കാഴ്ചകള്‍


സ്ഥലം തിരക്കുകള്‍ ഒഴിഞ്ഞ നഗരത്തിലെ ഒരു ബസ്സ്‌ സ്റ്റാന്‍ഡ്‌.
ഒരു വശത്തു അക്ഷമയായി നില്‍ക്കുന്ന ഒരു യുവതിയിലേക്ക് ക്യാമറ സൂം ചെയ്യുന്നു . മുപ്പത്‌ മുപ്പത്തഞ്ചു വയസ്സ് പ്രായം ഉണ്ടാകും . നന്നായി അണിഞ്ഞു ഒരുങ്ങിയ ഒരു സുന്ദരി . മനോഹരമായി സാരി ചുറ്റിയ , സീമന്ത രേഖയില്‍ സിന്ദൂരവും , മാറില്‍ താലിയും അണിഞ്ഞിരിക്കുന്ന ആ സ്ത്രീയെ കണ്ടാല്‍ അറിയാം അവര്‍ ഒരു വിവാഹിത ആണെന്ന് . ഇടയ്ക്കിടയ്ക്ക് കയ്യിലെ മൊബൈലില്‍ നോക്കുന്നുണ്ട് . ക്യാമറ പതിയെ മറുവശത്തേക്കു ചെല്ലുമ്പോള്‍ രണ്ടു കൗമാരക്കാരായ ചെറുപ്പക്കാര്‍ ആ സ്ത്രീയെ തന്നെ നോക്കി ഇരിക്കുന്നത് കാണാം . അവര്‍ അവളെ അടിമുടി അരിച്ചു പെറുക്കുന്നുണ്ട് . ഇടയില്‍ ആ സ്ത്രീയുടെ നോട്ടം അവരില്‍ പതിഞ്ഞു . കൂടുതല്‍ അസഹ്യതയും ദേഷ്യവും അവരുടെ മുഖത്തേക്ക വരുന്നുണ്ട് ഇപ്പോള്‍ . അതിനിടയില്‍ പിള്ളേരിലൊരാള്‍ ഒന്ന് ചൂളം വിളിച്ചു . ദേഷ്യം കൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു . നിനക്കൊന്നും അമ്മ പെങ്ങമ്മാര്‍ ഇല്ലേടാ വീട്ടില്‍ . മാനം മര്യാദയ്ക്ക് ജീവിക്കുന്നവരെ വഴിനടക്കാന്‍ സമ്മതിക്കില്ലേ . നല്ല തല്ലിന്റെ കുറവുണ്ട് നിനക്കൊക്കെ . അവള്‍ കത്തിക്കയറി . അടുത്തുണ്ടായിരുന്ന മറ്റു ചിലര്‍ കൂടി ശ്രദ്ധിക്കുന്നു എന്നായപ്പോള്‍ പിള്ളേര്‍ ചൂളി . പതിയെ സ്ഥലം കാലിയാക്കി. പക്ഷെ എന്തോ ആ സ്ത്രീ നിര്‍ത്താന്‍ ഭാവം ഇല്ല എന്ന് തോന്നുന്നു . അവിടെ ഉണ്ടായിരുന്നവര്‍ക്ക് സദാചാരത്തിന്റെ ഒരു സ്റ്റഡിക്ലാസ്സ് തന്നെ അവര്‍ നടത്തി . അവര്‍ അവളുടെ ധൈര്യത്തെയും ഇന്നത്തെ സമൂഹത്തിലെ ചെറുപ്പക്കാരുടെ മൂല്യച്ച്യുതിയും ഒക്കെ ഓര്‍ത്ത്‌  കോള്‍മയിര്‍ കൊണ്ട് . ആരാധനയോടെ അവളെ നോക്കി നീ ആണ് പെണ്ണ് എന്ന് മനസ്സില്‍ പറഞ്ഞു . അപ്പോഴേക്കും അവിടെയ്ക്ക് ഒരു കാര്‍ ഒഴുകി വന്നു നിന്നു. പെട്ടെന്ന്  തന്റെ പ്രസംഗം മതിയാക്കി ആ യുവതി വേഗം പോയി ആ കാറില്‍ കയറി ഇരുന്നു . ക്യാമറ ഇപ്പോള്‍ കാറിനുള്ളിലെക്ക് തിരിക്കുകയാണ് .
ബാഗില്‍ നിന്നും ടിഷ്യൂ പേപ്പര്‍ എടുത്തു മുഖം തുടച്ചു കൊണ്ട് അവള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന പയ്യനോട് ചൂടാകുന്നു . എന്താ ഇത് എത്ര നേരമായി ഞാന്‍ ഈ നില്‍പ്പ് തുടങ്ങിയിട്ട് . ആരേലും കാണുമെന്നോര്‍ത്തു ഞാന്‍ വിഷമിച്ചു പോയി . വാ വേഗം പോകാം . മക്കള്‍ സ്കൂളില്‍ നിന്നും എത്തും മുന്നേ എനിക്ക് തിരിച്ചെത്തണം . ചേട്ടന്‍ ഇന്ന് ഓഫീസ്‌ ടൂറില്‍ ആണെന്ന ധൈര്യത്തിലാ ഞാന്‍ ഇറങ്ങിത്തിരിച്ചത് .
ക്യാമറ ഇപ്പോള്‍ പുറത്തെ വെളിച്ചത്തിലേക്ക് സൂം ചെയ്യുന്നു . അത് വെളിച്ചത്തില്‍ മങ്ങി ഇരുണ്ട ചുമപ്പായി പിന്നെ ഇരുട്ടായി മറയുന്നു ....
---------കഥ , തിരക്കഥ ,സംഭാഷണം ബിജു ജി നാഥ് :-) ------

ഏകാന്തത

നീയെനിക്കൊരനുഭൂതിയായിരുന്നു
എന്റെ പകലുകളെ കൊഞ്ചിച്ചും
രാവുകളില്‍ താരാട്ടു പാടിയും
എന്നിലേക്കലിഞ്ഞ പ്രിയസഖി .

പൂവിന്റെ സൗന്ദര്യമായും
കിളികളുടെ ഗീതികളായും
കാറ്റിന്റെ തലോടലായും
മഴയുടെ ആലിംഗനമായും
നിറം പിടിച്ച പകലുകളില്‍
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു .

നിലാവിന്റെ കുടചൂടിയും
നിശാഗന്ധി തന്നാസക്തിയായും
തണുപ്പിന്റെ രതിമൂര്‍ച്ഛയേറ്റും 
രാപ്പാടികളുടെ താരാട്ട് പാടി
നീലരാവുകളില്‍ നിന്നെ
വാരിപ്പുണര്‍ന്നുറങ്ങി ഞാന്‍ .

പതിയെ , വളരെ പതിയെ
പകലുകള്‍ നരച്ചു തുടങ്ങി
പൂക്കള്‍ വാടിയും
കാറ്റ് ചുട്ടുപൊള്ളിയും
ചരല്‍ മഴയായും നീ
എന്നെ പൊതിഞ്ഞുതുടങ്ങി .

അന്ധകാരം നിറഞ്ഞ രാവുകളില്‍
ശവംനാറി പൂക്കളാലും
സ്ഖലനരാഹിത്യത്താലും
കൂമന്റെ കൂവലായും നീ
എന്നെ വരിഞ്ഞു തുടങ്ങി .

ഒടുവിലൊരു രാവില്‍
കടും ഭയത്താല്‍
ഒരു മുഴം കയറില്‍
മച്ചില്‍ ഞാനൂയലാടുമ്പോള്‍
എന്‍ പ്രിയസഖി നീ
മറ്റൊരു കൂടുതേടി-
യെന്നെ വിട്ടകലുന്നുവോ?
----------ബിജു ജി നാഥ് ---------------
Friday, September 12, 2014

ചിലരങ്ങനെ ആണ്


സാന്നിധ്യം കൊണ്ട്
വാക്കുകള്‍ കൊണ്ട്
സൗന്ദര്യം കൊണ്ട്
വെറുപ്പുകള്‍ കൊണ്ട്
സ്നേഹം കൊണ്ട്
ഓര്‍മ്മകള്‍ കൊണ്ട്
അടയാളങ്ങള്‍ കൊണ്ട്
സമ്മാനങ്ങള്‍ കൊണ്ട്
സന്ദേശങ്ങള്‍ കൊണ്ട്
പരിഭവങ്ങള്‍ കൊണ്ട്
പിണക്കങ്ങള്‍ കൊണ്ട്
പകവീട്ടലുകള്‍ കൊണ്ട്
മുറിവുകള്‍ കൊണ്ട്
വിയോഗം കൊണ്ട്
നിരാസം കൊണ്ട്
ശല്യപ്പെടുത്തലുകള്‍ കൊണ്ട്
ശരീര തൃഷ്ണ കൊണ്ട്
ചുംബനങ്ങള്‍ കൊണ്ട്
രതിമൂര്‍ച്ഛകൊണ്ട്
ഒളിയമ്പുകള്‍ കൊണ്ട്
കൂടെയുണ്ടാകും എന്നും
----ബിജു ജി നാഥ് --

കല്ലുപ്പുകള്‍


വാക്കുകള്‍ കൊണ്ട് തീമരം തീര്‍ക്കുന്ന
കൊല്ലക്കുടിയില്‍ നിന്നുമാകാം
ഉയിരിന്റെ ഗീതകം
ഹൃദയത്തില്‍ നിറച്ചു
ചാവുകിളി പറന്നുയര്‍ന്നത് .
കാലം
ഉയരങ്ങളിലേക്ക് നോക്കി
പറക്കാന്‍ പഠിപ്പിച്ച
നേരിന്റെ
വീണക്കമ്പികളില്‍
കന്യകകളുടെ
ആദ്യരക്തം വീണു
പടരുന്ന ഗന്ധം നിറയുന്നു .
നിനക്ക് വിരിച്ച
പരവതാനികള്‍
നീളുന്നത്
വേശ്യാപ്പുരകളുടെയും
ഉറകള്‍ നിറഞ്ഞ
ഓടകളുടെയും നാട്ടിലേക്കാണ്
അധീശ്വത്തിന്റെ
ഏതോ തിരിവില്‍ വച്ചാകാം
കല്ലുമാലകള്‍
യോനിക്കലങ്കാരമായത് .
ലാത്തി പെറ്റ
വാര്‍ദ്ധക്യങ്ങള്‍ക്ക്  നല്‍കാന്‍
ചോരയുടെ നിറം
കണ്ണീരില്‍ ചാലിച്ച്
വെട്ടിമുറിക്കപ്പെട്ട
അധികാരപ്രഷ്ടങ്ങള്‍ മാത്രം. 
കണ്ണുകള്‍ക്ക്‌ തിമിരം
കേള്‍വികളുടെ ഗുഹയാകുന്നു
നരച്ചുപോയ മാറില്‍
ബയണട്ടു മുനകള്‍ പോറുമ്പോള്‍
ചുട്ടെടുത്ത ശവങ്ങള്‍
തന്‍
മുലയില്‍ നിന്നിറ്റു വീഴുന്നുണ്ട്‌
നക്ഷ്ടങ്ങള്‍ മാത്രം
ഉദരത്തില്‍ പേറുന്ന
അപൂര്‍ണ്ണ ബീജങ്ങള്‍ .
--------ബിജു ജി നാഥ്
 

Friday, September 5, 2014

അനന്തരം

സ്നേഹിക്കാം നമുക്കിവിടെ മനസ്സുകളെ
രക്തവും മാംസവും പൊതിഞ്ഞു കെട്ടിയ
നശ്വരമീ ദേഹിയെ മറന്നീടാം, പാരില്‍
വ്യര്‍ത്ഥം പ്രണയം ശരീരികളെന്നറിയുക.

ജീവിക്കാം നമുക്കിവിടെ ഒന്നിച്ചൊരു
മനവും തനുവുമായീ പാരാവാരത്തിരയില്‍
തീണ്ടലില്ലാ പകലുകള്‍ക്കും തീഷ്ണമാം
കാമമില്ലാ തെരുവുകള്‍ക്കും നടുവില്‍ .

പങ്കിടാം അന്നവും പ്രാണനുമന്യോന്യം
ഇടയില്‍ വന്നിടാതെ കാക്കാമുപാധികള്‍
മരവിച്ച ശരീരങ്ങളെ തീകായാന്‍ വിട്ടു
ആകാശക്കടലില്‍ താരകങ്ങളെ തിരയാം .

ചിന്തിക്കാം പശിതിന്നു ശോഷിച്ച ബാല്യ
ത്തിന്‍ വ്യാകുലതകളെ , നഗ്നത ദുഖമാം
കൗമാരങ്ങളെ , ഇതള്‍ വിരിയാതെ കൊഴിയും
 സുമങ്ങളെ , തെരുവിന്‍ ഉഷ്ണരോഗങ്ങളെ .
--------------------------ബി ജി എന്‍ വര്‍ക്കല

http://www.gulmoharmagazine.com/gulmoharonline/kavithakal/anantharam#sthash.0rruXwqu.dpuf

നിനക്കായ്

പ്രണയത്തിന്റെ നിറം തേടിയലയുമെന്‍
മാനസം നിന്‍ മിഴികളില്‍ വഴുതി വീഴ്കെ
കരിമഷിക്കണ്ണാല്‍ നീ കവര്‍ന്നെടുത്തെന്‍
കരളിന്റെ സംഗീതമാകുന്നീ കുളിര്‍ രാവില്‍

പരിഭവത്തിളക്കങ്ങള്‍ കുടമുല്ല ചൂടുന്നമൃദു
മന്ദഹാസം വിരിയും നിന്‍ വദനത്തില്‍
ഒരു നൂറു പൂക്കള്‍ വിടരുന്നൊരോര്‍മ്മയായ്
അലിഞ്ഞലിഞ്ഞിന്നു ഞാന്‍ മറയട്ടെ .

പനിമതി തഴുകും നിന്നളകങ്ങള്‍ കോരി -
യെന്‍ നിശ്വാസലഹരിയില്‍ ചൂടുവാന്‍
തരുകില്ലേയിനിയൊരു രാവു നീയെന്‍
ചാരത്തണയുവതോര്‍ത്തു കാത്തിരിപ്പൂ .

പുലരും മുന്നതിവേഗമെന്‍ മാറില്‍ നിന്‍
അധരങ്ങള്‍ തന്‍ മുദ്രയേറ്റുവാങ്ങാന്‍.
കൊതിയോടെ നിന്‍പദചലനങ്ങള്‍ക്കായ്
സഖി ഞാന്‍ തുറന്നിടുന്നെന്‍ വാതായനങ്ങള്‍ .
--------------------------ബി ജി എന്‍

മടക്കം

വേടനല്ല വലവിരിച്ചൊരു
കാട്ടുപക്ഷിയെ വീഴ്ത്തുവാന്‍ .
കരള്‍ കവര്‍ന്നു പോം ദിന-
മെങ്കിലും യവനരാജന്റെ
കഥന ജന്മം കൊതിപ്പവന്‍ .

ഇവിടെയെങ്ങാണ്ടൊരു വന
ശാന്തതയില്‍ മരണമൂഴം കൊതി
ച്ചിരുളില്‍ മൂകം തേങ്ങുവോന്‍.

ഇനിയുമരുതീയമ്പുകള്‍ തന്‍
കൊടിയവേദന നുകരുവാന്‍
ഇനിയിറങ്ങാന്‍ കുതികുതിക്കും
മനമേ നില്‍ക്ക ഞാനുമൊപ്പം .
--------------ബി ജി എന്‍
https://soundcloud.com/bgnath0/tds5rnjwirbu

Thursday, September 4, 2014

എവിടെ ?


ഇനിയേത് കടലേതു പുഴയേത് വനമേതു
നിന്നെ തിരഞ്ഞു ഞാന്‍ പോകാന്‍ .
ഇനിയേതാകാശ തിരമാലകള്‍ക്കുള്ളില്‍
നിന്നെ തിരഞ്ഞു ഞാനലയാന്‍ .
ഇനിയേത് പൂവിന്റെ ചുഴികളില്‍ നിന്നെ
തിരയുവാന്‍ ബാക്കിയെന്നറിയില്ല .
ചുളിവാര്‍ന്ന നിന്‍ വിരല്‍ത്തുമ്പില്‍ തൊടു-
മൊരു മഹനീയനിമിഷത്തെ തേടി .
അലയുന്നുണ്ടൊരു കൊച്ചു കാറ്റായി ഞാനീ
ധാരയുടെ മാറിലിന്നാകെ .
-------------------ബി ജി എന്‍
https://soundcloud.com/bgnath0/4sl50b9re5b5

Wednesday, September 3, 2014

ശലഭം


കണ്ണാടികള്‍


മരിച്ചവന്റെ അപ്പം കവര്‍ന്നു
വിധവകളുടെ കണ്ണീരില്‍ ചാലിച്ച്
അന്തപ്പുരങ്ങളിലത്താഴം വിളമ്പുന്നു.
വിരല്‍നക്കിയെന്തു രസമെന്നു ചിലര്‍ !

ബാല്യത്തിന്‍ ഇളം ചോര
നാവുകൊണ്ട് വടിച്ചെടുത്ത്
വിയര്‍പ്പടക്കുന്നു ചിലര്‍, പിന്നെ
വിധിയെഴുതുന്നു മരണം വേശ്യകള്‍ക്ക് !

വിശപ്പിന്റെ ദൈന്യത്തെ വില-
കൊടുത്തു ഭോഗിക്കുന്നു രാവില്‍ .
പകല്‍ വെളിച്ചത്തില്‍ മുഖം മഞ്ഞിച്ചു
 വഴിയോരം കാര്‍ക്കിച്ചു തുപ്പുന്നു പകല്‍മാന്യര്‍ !
---------------------------ബി ജി എന്‍ 

Monday, September 1, 2014

യാത്ര

യാത്രകള്‍ യാത്രകള്‍ നമ്മിലേക്കുള്ള
എകാന്തമാം അന്വേഷണത്തിന്‍ പാതകള്‍.
നിനക്കില്ല എനിക്കില്ല നമുക്കില്ലെന്നറിയാം.
നാമൊരുക്കേണം നമ്മിലെ വഴികള്‍
ഇടറിടരുത്‌ പാതകള്‍ മറന്നു നാം
ചരിക്കരുതൊരു മാത്ര പോലും.
ഒടുവിലാ ലക്ഷ്യത്തില്‍ നാമൊന്നു ചേരുമ്പോള്‍
പറയുവാന്‍ കരുതുക ചെറുവാക്കൊന്നു നീ.....ബി ജി എന്‍