Wednesday, April 19, 2023

ലോലിത........... വ്ലാഡിമിർ നബക്കോവ്

ലോലിത (നോവല്‍)
വ്ലാഡിമിര്‍ നബക്കോവ് 
വിവര്‍ത്തനം സിന്ധു ഷെല്ലി 
ഡി സി ബുക്സ് 
വില : ₹ 350.00


ആധുനിക സമൂഹത്തില്‍ ഒരിയ്ക്കലും അംഗീകരിക്കപ്പെടാന്‍ കഴിയാത്തതും എഴുതപ്പെടാന്‍ സാധ്യതയില്ലാത്തതുമായ ഒരു തീമാണ് ലോലിതയുടേത് . നിരവധി ഇടങ്ങളില്‍ നിരോധിക്കപ്പെട്ട പുസ്തകം, ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പുസ്തകം. ലോക സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നാലാം സ്ഥാനം ലഭിക്കുന്ന പുസ്തകം തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ ഈ നോവലിന് സ്വന്തമാണ് . രണ്ടു കാലങ്ങളിലായി ഇത് ചലച്ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. Reading Lolita in Tehran by Azar Nafisi എന്നൊരു പുസ്തകം ഉണ്ടെന്ന് വായിച്ചിട്ടുണ്ട്. ഇത്രയേറെ വിവാദങ്ങളും വിമര്‍ശനങ്ങളും പ്രശസ്തിയും എന്തുകൊണ്ടാണ് ലോലിത എന്ന നോവലിനു കിട്ടിയതു എന്നു നോക്കാം നമുക്ക് . കൊലക്കുറ്റത്തിന് ശിക്ഷാവിധി കാത്തുകിടക്കുന്ന ഹംബര്‍ട്ട് എന്ന എഴുത്തുകാരന്റെ ഡയറിക്കുറിപ്പുകള്‍ ആണ് ലോലിത . കുട്ടിക്കാലം മുതല്‍ ഏകാന്തതയും വിഷാദവും കൂട്ടുകാരനായിരുന്ന ഹംബര്‍ട്ട് തനിക്ക് നഷ്ടപ്പെട്ടുപോയ കളിക്കൂട്ടുകാരിയുടെ ഓര്‍മ്മയും അവളിലൂടെ ആഗ്രഹിച്ച അപൂര്‍ണ്ണ രതിയും മുന്നോട്ട് നയിക്കുന്ന മനുഷ്യനാണ് . ജീവിത യാത്രയില്‍ അയാള്‍ ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിലും അത് പരാജയമാകുകയും അയാള്‍ ആ സ്ത്രീയില്‍ നിന്നും വേര്‍പെട്ടു ജീവിക്കുകയും ചെയ്യുന്നു . അക്കാലയളവില്‍ ആണ് അയാള്‍ മറ്റൊരു പട്ടണത്തില്‍ വാടക വീട് അന്വേഷിച്ചു എത്തുകയും ഷാര്‍ലറ്റ് എന്നൊരു വിധവയായ സ്ത്രീയുടെ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്യുന്നത് . താമസം തുടങ്ങുവാന്‍ അയാള്‍ക്ക് പ്രേരകമായ ഘടകം ഷാര്‍ലറ്റിന്റെ മകളായ പന്ത്രണ്ടു വയസ്സുകാരി ഡോളാര്‍സ് ആണ് . ഒരു പീഡോഫീലിക്കായ ഹംബര്‍ട്ടിന്റെ കുട്ടിക്കാല കാമുകിയുടെ ഓര്‍മ്മയാണ് ഡോളരസില്‍ ദര്‍ശിക്കുന്നത് . ലോല്‍ അഥവാ ലോലിത എന്നു വിളിക്കപ്പെടുന്ന ആ പെൺകുട്ടിയുടെ ദർശനം ആണ് അയാളെ ആ വീട്ടില്‍ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത് . തന്റെ ഇഷ്ടം, അഭിനിവേശം , ദിനേനയുള്ള കാഴ്ചകള്‍ ചിന്തകള്‍ ഒക്കെയും അയാള്‍ ഒരു ഡയറിയില്‍ കുറിച്ചിടുന്നു . ലോലിത നഷ്ടപ്പെടാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് ഷാര്‍ലറ്റിന്റെ വിവാഹഅഭ്യര്‍ഥന അയാള്‍ സ്വീകരിക്കുന്നതും . പക്ഷേ അയാളുമൊത്ത് സുഖമായി താമസിക്കുന്നതിനായി ഷാര്‍ലറ്റ് ലോലിതയെ പഠനാര്‍ത്ഥം ദൂരേക്കയക്കുന്നത് ഹംബര്‍ട്ടിനു സഹിക്കാവുന്നതിലും അധികമായിരുന്നു . മധുവിധുവിന്റെ കാലം മുള്‍പ്പടര്‍പ്പുകള്‍ നിറഞ്ഞതായ സമയത്ത് ഷാര്‍ലറ്റ് അയാളുടെ ഡയറി കണ്ടെത്തുകകൂടി ചെയ്യുന്നു . തന്റെ മകളെ കാമിക്കുന്ന ഒരാള്‍, അവള്‍ക്ക് വേണ്ടിയാണ് തന്നെ വിവാഹം കഴിച്ചതെന്ന ചിന്ത അവളെ ഭ്രാന്തിയാക്കുന്നു. വഴക്കുകൂടി പുറത്തേക്ക് പോകുന്ന അവള്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെടുന്നു . എന്നാല്‍ ഈ അവസരം മുതലെടുത്തുകൊണ്ടു ഹംബര്‍ട്ട് , ലോലിതയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു ഒരു യാത്ര പോകുകയാണ് . അമ്മയുടെ മരണം പോലും അയാള്‍ അവളില്‍ നിന്നും ഒളിച്ചു വയ്ക്കുന്നു . നിര്‍ത്താതെയുള്ള ആ യാത്രകളില്‍ കൂടി അയാള്‍ ആ കുട്ടിയുമായി തന്റെ ലൈംഗികമോഹങ്ങള്‍ സാക്ഷാത്കരിക്കുകയും അവളില്‍ അന്ധനായ് പ്രണയാതുരനായി മാറുകയും ചെയ്യുന്നു . ഇടയില്‍ സ്കൂളുകളില്‍ അവളെ ചേര്‍ക്കുന്നു എങ്കിലും അയാള്‍ അവളുടെ കൂട്ടുകാരും ബന്ധങ്ങളും ഒക്കെ ഒരു സംശയരോഗിയുടെ കണ്ണുകളോടെ കാണുകയും ഒരു അമൂല്യമായ വസ്തുവായി , തന്റെ മാത്രം സ്വന്തമായ ഒന്നായി അവളെ പൊതിഞ്ഞുപിടിക്കുകയും അവള്‍ നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താല്‍ അവളെയുംകൊണ്ടു തന്റെ പലായനം തുടരുകയും ചെയ്യുന്നു . പ്രായത്തിന്റെ പക്വതയില്ലായ്മയും , അയാളുടെ അഭിനിവേശത്തെ മുതലെടുക്കുകയും ചെയ്യുന്ന ലോലിത , തക്ക അവസരത്തില്‍ മറ്റൊരാളുമായി ഒളിച്ചോടുന്നു . ഹംബര്‍ട്ടിനെപ്പോലെതന്നെ പ്രായമുള്ള , അവളുടെ തന്നെ ബന്ധുവായ ഒരു എഴുത്തുകാരനായിരുന്നു അത് . അവളുടെ തിരോധാനത്തെത്തുടര്‍ന്നു , ലോലിതയെ തിരഞ്ഞു നടക്കുന്ന ഹംബര്‍ട്ട് ഒരു തികഞ്ഞ ഭ്രാന്തനാവുകയാണ് . ഒടുവില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ തിരഞ്ഞെത്തുന്ന കത്തിലൂടെ ലോലിതയിലേക്ക് അയാള്‍ എത്തുന്നു . അവള്‍ അപ്പോഴേക്കും വിവാഹിതയും ഗര്‍ഭിണിയും ആയിക്കഴിഞ്ഞിരിക്കുന്നു. അവളുടെ ഭര്‍ത്താവിനെ കൊന്നു അവളെ സ്വന്തമാക്കാന്‍ പോകുന്ന ഹംബര്‍ട്ടിനു പക്ഷേ മനസ്സിലാകുന്നു അവളെ കെട്ടിയവന്‍ അല്ല അവളെ തന്നില്‍ നിന്നും അപഹരിച്ചവന്‍ എന്നു. അയാള്‍ അവളോടു കാണിച്ച ക്രൂരതകളും അവിടെ നിന്നും രക്ഷപ്പെട്ട അവള്‍ ഇന്നത്തെ ഭര്‍ത്താവില്‍ എത്തിച്ചേര്‍ന്ന കഥകളും കേള്‍ക്കുമ്പോള്‍ ഹംബര്‍ട്ട് അവളോടു അപേക്ഷിക്കുന്നത് ഭര്‍ത്താവിനെ  ഉപേക്ഷിച്ച് അയാളുടെ കൂടെ ചെല്ലാന്‍ ആണ് . പക്ഷേ അവള്‍ അതിന് തയാറാകുന്നില്ല . തുടര്‍ന്നു അവള്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ തുക സഹായം നല്കിയ ഹംബര്‍ട്ട് , ലോലിതയെ തന്നില്‍ നിന്നും അപഹരിച്ച മനുഷ്യനെ കൊല്ലാന്‍ പുറപ്പെടുന്നു . അയാളെ കണ്ടെത്തി , വളരെ ക്രൂരമായി കൊലചെയ്യുന്ന ഹംബര്‍ട്ട് ഒടുവില്‍ പോലീസിന് കീഴടങ്ങുന്നതാണ് ലോലിതയുടെ കഥ. ഈ കഥയുടെ തീമാണ് വായനയുടെ എല്ലാ രസവും തകര്‍ത്ത് കളയുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല . ഒരു കുട്ടിയോട് ഒരു മദ്ധ്യവയസ്കന് തോന്നുന്ന അഭിനിവേശം മാത്രമല്ല അയാള്‍ക്ക് പെൺകുട്ടികളുടെ ഒക്കെ നേരെ തോന്നുന്ന വികാരാവേശവും ചിന്തകളും എന്തുകൊണ്ടോ മനസ്സിന് വെറുപ്പുളവാക്കുന്ന ഒന്നായിരുന്നു. കുത്തഴിഞ്ഞ ലൈംഗികതയുടെ ലോകവും ലൈംഗിക വൈകൃതങ്ങളും ഒരു കാലഘട്ടത്തിന്റെ സംസ്കാരമായി കണക്കാക്കപ്പെടുന്നുണ്ട് . വളരെ ക്രൂരമായി അയാള്‍ തന്റെ എതിരാളിയെ കൊല്ലുന്നതും മറ്റും വിവരിക്കുമ്പോള്‍ അയാളിലെ മാനസികാരോഗിയുടെ പൂര്‍ണ്ണതയെ കാണിക്കുന്ന ഒന്നായി തോന്നി. ആ കൊലപാതകം അയാൾക്കായിരുന്നു വേണ്ടിയിരുന്നത് എന്നൊരു ധാരണ വായനയുടെ അവസാനത്തില്‍ ഉണ്ടാകുകയും ചെയ്തു . തീര്‍ച്ചയായും ആസ്വദിച്ച് വായിക്കാവുന്ന ഒരു നോവല്‍ ആയി തോന്നിയില്ല പക്ഷേ ഈ നോവലിന്റെ പ്രത്യേക്ത അതിന്റെ ശൈലിയാണ് . വിവരണങ്ങളിലെ പ്രതീകാത്മകതകളും , ജീവസ്സുറ്റ കാഴ്ചകളും ഒക്കെ ഡയറിക്കുറിപ്പിന്റെ മാതൃകയില്‍ പറഞ്ഞു പോകുന്ന നോവല്‍ , എഴുത്തിന്റെ മനോഹാരിതയെ വെളിപ്പെടുത്തുന്നു . ഒരു കഥയെ , വായനക്കാരനില്‍ സമ്മിശ്രമായ വികാരങ്ങള്‍ ഉണര്‍ത്തിക്കാന്‍ പാകത്തിന് സമ്മേളിപ്പിക്കാനുള്ള എഴുത്തുകാരന്റെ കരവിരുത് ഈ നോവലിനെ വ്യത്യസ്ഥപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ ഈ നോവലിന്റെ പ്രശസ്തിയും , വിമര്‍ശനങ്ങളും പഠനങ്ങളും കാമ്പുള്ള പ്രവര്‍ത്തികള്‍ ആയിത്തന്നെ വിലയിരുത്തപ്പെടുന്നതില്‍ പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടെന്ന് തോന്നുന്നില്ല . സസ്നേഹം ബിജു ജി നാഥ് വര്‍ക്കല

Saturday, April 15, 2023

ബ്ലാക് ബ്യൂട്ടി .......... അന്നാ സിവെൽ

ബ്ലാക് ബ്യൂട്ടി (നോവല്‍)
അന്നാ സിവെൽ 
ഡി സി ബുക്സ് 
ഫ്രീ ഇ ബുക്ക് 

ബാലസാഹിത്യശ്രേണിയില്‍ 1877 ല്‍ ഇറങ്ങിയ ഒരു നോവല്‍ ആണ് ബ്ലാക് ബ്യൂട്ടി . മനുഷ്യരുടെ വികാര വിചാരങ്ങളെ ശരിയായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതെ പോകുന്ന എഴുത്തുകാരുടെ കാലത്താണ് നാം ജീവിക്കുന്നതെന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ് അന്നാ സിവെൽൻ്റെ ബ്ലാക് ബ്യൂട്ടി എന്ന നോവല്‍ വായനക്കെടുക്കുന്നത്. വായിച്ചു പൂര്‍ത്തിയാക്കും വരേയ്ക്കും ഇതൊരു ബാലനോവല്‍ ആണ് എന്നത് തോന്നിയിട്ടേയില്ല. പക്ഷേ ഈ നോവല്‍ വായന തന്ന അത്ഭുതം അതൊന്നുമല്ലായിരുന്നു . ഒരു നോവല്‍ , ഒരു ആത്മകഥ തികച്ചും സന്തോഷകരമായ ഒരു ജീവിത കഥയുടെ ആവിഷ്കാരം ആയി വായിച്ചു പോകുന്ന ഈ നോവലിലെ പ്രധാന കഥാപാത്രം ബ്ലാക് ബ്യൂട്ടി എന്നു പേരുള്ള ഒരു കുതിരയാണ് എന്നത് വായനയില്‍ അതിശയമേകിയ സംഗതിയാണ് . ഒരു പണിക്കിറങ്ങിയാല്‍ അത് ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതൊരിക്കലും നല്ലൊരു ഫലം നല്‍കില്ലല്ലോ . പൂര്‍ണ്ണമായും ഒരു കുതിരയുടെ ആത്മഭാഷണമായി തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഈ നോവല്‍ , വളരെയേറെ ആഴത്തില്‍ കുതിരകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്ത ഒരു കൃതിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമേയില്ല .  ഒരു നല്ല നിരീക്ഷകന് മാത്രമേ ഒരു വ്യക്തിയേയോ വസ്തുവിനെയോ വ്യക്തമായി അവതരിപ്പിക്കാന്‍ കഴിയൂ. സൂക്ഷ്മമായ ശ്രദ്ധയോടെ കുതിരകളുടെ മനസ്സ് പഠിച്ച് എഴുതിയ ഈ നോവല്‍ എന്തുകൊണ്ടും മികവുറ്റതും അഭിനന്ദാര്‍ഹവുമായ ഒന്നാണ് . ഒരു കുതിരയുടെ യൗവ്വനവും മധ്യവയസ്സും വളരെ മനോഹരമായി ഈ നോവലില്‍ പറഞ്ഞു പോകുന്നു . അതിന്റെ കാഴ്ചയിലൂടെ തന്റെ കാലവും ചുറ്റുപാടും മനുഷ്യരും അവരുടെ ചിന്തകളും പ്രവര്‍ത്തികളും സഹജീവി സ്നേഹവും മൃഗങ്ങളോടുള്ള സമീപനവും കുടുംബജീവിതവും ബന്ധങ്ങളും ഒക്കെയും അവതരിപ്പിക്കുകയാണ് ഈ നോവലില്‍. സുഖസമൃദ്ധമായ ഒരു ജീവിതം കിട്ടിയിരുന്ന കുടുംബത്തില്‍ നിന്നും വിധിയുടെ തിരക്കഥയില്‍ പെട്ട് പല പല സങ്കടങ്ങളില്‍ക്കൂടി കടന്നു പോയി ഒടുവില്‍ സമാധാനമായ ഒരു വാര്‍ധക്യം ലഭിക്കുന്ന ബ്ലാക്ക് ബ്യൂട്ടി വായനയില്‍ പലപ്പോഴും സങ്കടപ്പെടുത്തുന്നുണ്ട് . സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരു കുതിര എന്തൊക്കെ പറയുമായിരുന്നു എന്നൊന്ന് ചിന്തിച്ച് നോക്കുക എന്നതാകണം എഴുത്തുകാരിയുടെ മനസ്സ് ചിന്തിച്ചിട്ടുണ്ടാകുക . ഒരാള്‍ മറ്റൊരാളായി മാറി നിന്നുകൊണ്ടു ആ ആളെ അവതരിപ്പിക്കണം എങ്കില്‍ അയാളുടെ ഭാഷയെങ്കിലും നമുക്ക് സ്വന്തമായിരിക്കണം എന്ന പൊതുബോധത്തെ അതിസമര്‍ത്ഥമായി ഈ എഴുത്തുകാരി അവഗണിക്കുകയും പൊളിച്ചെഴുതുകയും ചെയ്യുന്നു . പതിനെട്ടാം നൂറ്റാണ്ടിന്റെ ജീവിതത്തെ , സാമൂഹ്യകാഴ്ചപ്പാടിനെ , രാഷ്ട്രീയത്തെ , മനുഷ്യബന്ധങ്ങളെ മതത്തെ ഒക്കെ വളരെ വ്യക്തമായും സത്യസന്ധമായും ഈ നോവലില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരിക്കു കഴിഞ്ഞിരിക്കുന്നു . നമുക്കെല്ലാമറിയാവുന്നതാണ് ഒരു നൂറ്റാണ്ടിന് മുന്പ് നാമൊക്കെ യാത്രയ്ക്കുപയോഗിച്ചിരുന്നത് കാളകളെ ആയിരുന്നു എന്നു . ഇതേ കാലഘട്ടം യൂറോപ്പിന്റെ തെരുവുകള്‍ കേട്ടിരുന്നത് കുതിരക്കുളമ്പടിയായിരുന്നു എന്നതാണു വ്യത്യാസം . ഇന്നത്തെ മോട്ടോര്‍ വാഹനങ്ങളുടെ സ്ഥാനത്ത് മനുഷ്യരെയും സാധനസാമഗ്രികളെയും വഹിച്ചുകൊണ്ട് പോയിരുന്ന പ്രധാന ഗതാഗതമാര്‍ഗ്ഗം മൃഗങ്ങള്‍ ആയിരുന്നു . പ്രത്യേകിച്ചും കുതിരകള്‍. ഓരോ ദേശത്തിനും ഓരോ മൃഗങ്ങള്‍ . ചിലയിടങ്ങളില്‍ കഴുതകള്‍ ചിലയിടങ്ങളില്‍ കാളകള്‍ ചിലയിടങ്ങളില്‍ മനുഷ്യര്‍ അതങ്ങനെ ഓരോ ദേശമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാല്‍ അവയോട് അല്പമെങ്കിലും മനുഷ്യത്വപരമായി പെരുമാറുന്ന ഉടമസ്ഥര്‍ ഉണ്ടായിരുന്നിട്ടുണ്ടാകുമോ? വളരെ കുറവാകും അത്തരം മനുഷ്യര്‍ . ഒരു സംസാരശേഷിയില്ലാത്ത ജന്തു എന്നതിനപ്പുറം ഒരു മാനുഷിക പരിഗണനകളും ഇത്തരം മൃഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല അധികയിടങ്ങളിലും. അതിനാല്‍ത്തന്നെ ആ കാലഘട്ടത്തിന് ഒരു താക്കീതുപോലെ , ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ബ്ലാക്ക് ബ്യൂട്ടി എന്ന നോവല്‍ ചരിത്രത്തില്‍ ഇടം നേടുന്നു . ഒപ്പംതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ നോവല്‍ ആധുനിക സാഹിത്യകാര്‍ക്കും ഒരു വഴികാട്ടിയാണ് എന്നതാണു . എങ്ങനെയാണ് ഒരു വ്യക്തിയെ അവതരിപ്പിക്കേണ്ടത് എന്നതും എങ്ങനെയാണ് ഒരു ചരിത്രം നിര്‍മ്മിക്കപ്പെടേണ്ടത് എന്നും അവശ്യം മനസ്സിലാക്കാന്‍ ഈ നോവല്‍ സഹായിക്കുക തന്നെ ചെയ്യും. വിഷയങ്ങള്‍ ഇല്ലാതെ ഇരുട്ടില്‍ തപ്പിനടക്കുന്ന എഴുത്തുകാര്‍ക്ക് ഇതൊരുപക്ഷേ നല്ല ഒരു വഴികാട്ടി തന്നെയായിരിക്കും . കുട്ടിക്കാലത്തു വായിച്ച ഒരു കഥ ഇത് പറയുമ്പോള്‍ ഓർമ്മ വരുന്നുണ്ട് . മഴയും വെള്ളപ്പൊക്കവും ഉണ്ടായപ്പോള്‍ ഒരു വീടിന്റെ പുരപ്പുറത്ത് അവശേഷിച്ച നായയുടെ കഥ . ഒടുവില്‍ ഒരു മുതലയുടെ വായില്‍ അകപ്പെടും വരെ മരണത്തിന്റെ ചുഴിയില്‍ വീണു കിടന്നും തന്റെ വീടിനെ കാക്കാന്‍ ശ്രമിച്ച ഒരു നായയുടെ കഥ . അപ്പോള്‍ എഴുതാന്‍ അറിയുന്നവര്‍ക്ക് വിഷയങ്ങള്‍ ഉണ്ട് . അതിനെ ശരിയായായ രീതിയില്‍ ഒന്നെഴുതിപ്പിടിപ്പിക്കാന്‍ ഉള്ള കഴിവ് മാത്രം മതിയാകും. നിര്‍ഭാഗ്യവശാല്‍ എങ്ങനെയും പത്തുപേര്‍ അറിയാന്‍ എന്താണ് വഴിയെന്ന് നോക്കി  കുറുക്കു വഴിയിലൂടെ എന്തെങ്കിലും തപ്പിപ്പിടിക്കുക എന്നതാണു ഇന്ന് എഴുത്തുകാരുടെ രീതി . അതുകൊണ്ടൊക്കെത്തന്നെയാണ് നിരവധിപേര്‍ ചേര്‍ന്നെഴുതുന്ന ഒറ്റനോവലിന്റെ ഗതികേടുകളിലേക്ക് സാഹിത്യരംഗം ചെന്നു ചാടുന്നത് . ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ ചിന്തകളെയും ജീവിതത്തെയും കുറിച്ച് ഒരുകൂട്ടം ആള്‍ക്കാര്‍ എഴുതുന്ന കഥകളെ ഒരാള്‍ എഡിറ്റ് ചെയ്ത് ഒരൊറ്റ നൂലില്‍ കെട്ടിയാല്‍ അത് നോവല്‍ ആയി എന്നൊരു ചിന്തയിൽ നിന്നൂർന്ന പരീക്ഷണം അടുത്തിടെ കാണുകയുണ്ടായി . ന്യായവാദങ്ങള്‍ ഒരുപാട് കേള്‍ക്കുകയും ഉണ്ടായിട്ടുണ്ട് അതിനെക്കുറിച്ച് . വായനക്കാരുടെ അഭിപ്രായങ്ങള്‍ ആണല്ലോ ആത്യന്തികമായ മൂല്യ നിര്‍ണ്ണയം . ആയതിനാല്‍ ആ വിഷയം അധികം പറയാന്‍ തോന്നുന്നില്ല . നല്ലൊരു എഴുത്തുകാരന്‍ നല്ലൊരു വായനക്കാരന്‍ കൂടിയാകണം അതിനാല്‍ത്തന്നെ എല്ലാ എഴുത്തുകാരും, വായിച്ചിട്ടില്ലാത്തവര്‍ വായിക്കണം എന്നു പറയാന്‍ , ചൂണ്ടിക്കാണിക്കാന്‍ ബ്ലാക്ക് ബ്യൂട്ടിയെ മുന്നോട്ട് വയ്ക്കുന്നു . ആശംസകളോടെ ബിജു.ജി . നാഥ് വര്‍ക്കല

Monday, April 10, 2023

സിഗ്മണ്ട് ഫ്രോയിഡ് – ധ്രുവദേശ രാത്രിയിലെ സൂര്യോദയം.................... കവിതാ രാമന്‍

സിഗ്മണ്ട് ഫ്രോയിഡ് – ധ്രുവദേശ രാത്രിയിലെ സൂര്യോദയം (ജീവചരിത്രം)
കവിതാ രാമന്‍ 
നിയതം ബുക്സ് 
വില : 125 രൂപ 


ആധുനിക മനുഷ്യന്റെ ചിന്താസരണിയില്‍ , മാനസിക വികാര വിചാരലോകങ്ങളില്‍ ഉരുത്തിരിയുന്ന എല്ലാ രാസപരിണാമങ്ങള്‍ക്കും കാര്യകാരണഭൂതങ്ങളെ തിരയുകയും വിശകലനം ചെയ്യുകയും നിയന്ത്രിക്കാനും പരിഹരിക്കാനും കഴിയുന്ന മാനസികരോഗ വിഭാഗത്തിന്റെ അറിയപ്പെടുന്ന ചരിത്രത്തില്‍ ഒരു പേരില്‍ നിന്നുമാണ് എല്ലാ പഠനങ്ങളും മുന്നോട്ട് പോകുന്നതെന്ന് കാണാം . സിഗ്മണ്ട് ഫ്രോയിഡ് എന്ന മനുഷ്യന്‍ , മനുഷ്യ മനസ്സിന്റെ ദുരൂഹതകളിലേക്ക് സഞ്ചരിക്കുകയും അവയ്ക്കു തന്റേതായ കണ്ടുപിടിത്തങ്ങളും നിഗമനങ്ങളും കൊണ്ട് അടിസ്ഥാനമിടുകയും ചെയ്ത ഒരാള്‍ ആണ് . ആധുനിക മനശാസ്ത്ര ശാഖയുടെ അടിത്തറ അവിടെയാണ് തുടങ്ങിയതെന്ന് കാണാം . ഹിപ്നോട്ടിസം എന്നൊരു ഒറ്റ ചികിത്സയും , ഒരുപാട് അന്ധവിശ്വാസങ്ങളും മാത്രം കൈമുതലായിരുന്ന മാനസികാരോഗ്യ മേഖലയെ ഉണര്‍ത്തുവാനും കൂടുതല്‍ നവീകരണങ്ങള്‍ നടത്തിക്കാനും കഴിഞ്ഞത് ഫ്രോയിഡിന്റെ പഠനങ്ങള്‍ നല്കിയ അടിസ്ഥാന ബോധം തന്നെയാണ് . ജീവിച്ചിരിക്കെ അംഗീകരിക്കപ്പെടാതെ പോയ ഒരു മനുഷ്യനാണ് അല്ലെങ്കില്‍ സ്വന്തം കണ്ടുപിടിത്തങ്ങള്‍ വേണ്ടവിധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാതെ പോയ ഒരു മനുഷ്യനാണ് അദ്ദേഹം . കഠിനമായ ജൂതവിരോധം നിലനിന്ന ആ കാലഘട്ടത്തില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ മടിച്ച ഒരു സമൂഹമാണ് ചുറ്റിനും ഉണ്ടായിരുന്നത് . വായിൽ അര്‍ബുദം വന്ന് എണ്‍പതാം വയസ്സില്‍ മരണത്തെ പുല്‍കുന്നത് വരെ ഈ അവഗണനയുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്ന ഒരാള്‍ . ആ മനുഷ്യന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും അക്കാലത്തിന്റെ മത സാമൂഹിക രാഷ്ട്രീയ അവസ്ഥകളും വിശകലനം ചെയ്യുന്ന ഒരു ലഘു ജീവചരിത്ര കൃതിയാണ് കവിതാ രാമന്‍ തയ്യാറാക്കിയ "സിഗ്മണ്ട് ഫ്രോയിഡ് – ധ്രുവദേശ രാത്രിയിലെ സൂര്യോദയം " എന്ന ഈ പുസ്തകം. മഹാനായ ആ മനുഷ്യന്റെ ജീവിതത്തെ വളരെ സരളമായി സംക്ഷിപ്തമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം ഭാഷയും അവതരണവും കൊണ്ട് നല്ല നിലവാരം പുലര്‍ത്തിയതായി കാണാം . ഒരു മനുഷ്യനെന്ന നിലയില്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തെന്ന് അറിയാനും ഒരു ഡോക്ടര്‍ അഥവാ ഗവേഷകന്‍ എന്ന നിലയില്‍ അദ്ദേഹം എന്തെന്നറിയാനും ഒരുപോലെ ഉപയുക്തമായതാണ് ഈ പുസ്തകം. മനശാസ്ത്ര സംബന്ധമായ പല വിഷയങ്ങളിലും സ്വന്തമായ അഭിപ്രായം ഉള്ളതുകൊണ്ടു തന്നെ സമൂഹം അവഗണിക്കുകയും അവമതിക്കുകയും ചെയ്തുവെങ്കിലും തന്റെ കാഴ്ചപ്പാടിനെ തിരുത്താനോ ക്ഷമ പറയാനോ അദ്ദേഹം തയ്യാറായിരുന്നില്ല . അതുമൂലം നഷ്ടമായ പദവികളും സൗഹൃദങ്ങളും ഒന്നും തന്നെ അദ്ദേഹത്തെ നിരാശനാക്കിയതുമില്ല . അതേസമയം മാനസിക വിചാരങ്ങളുടെ പഠനത്തില്‍ മുഴുകിയ ഫ്രോയിഡ് പോലും ചില അന്ധവിശ്വാസങ്ങളുടെ പിടിയില്‍ ആയിരുന്നു എന്നതും കൗതുകമുണര്‍ത്തിയ വായനയായിരുന്നു . അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകളും കണ്ടുപിടിത്തങ്ങളും പരിചയപ്പെടുത്തിയത് കൂടുതല്‍ വായിക്കാന്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരമായ ഒന്നായി കണക്കാക്കാന്‍ കഴിയും. നല്ലൊരു പരിചയപ്പെടുത്തല്‍ ആണ് ഈ പുസ്തകം . ആശംസകളോടെ ബിജു ജി നാഥ് വര്‍ക്കല

കരിനീല.......... കെ.ആർ. മീര

കരിനീല (നോവലെറ്റ് )
കെ. ആര്‍. മീര 
നാഷണല്‍ ബുക്ക് സ്റ്റാള്‍ 
വില : ₹ 35.00


പ്രണയത്തിന്റെ ഭാഷ്യം കഥകളുടെ ഊര്‍ജ്ജമാണ്. ലോകത്തേറെ സ്വീകാര്യമായ കഥകളും കവിതകളും നോവലുകളും സിനിമകളും തുടങ്ങി എല്ലാ കലാസംവിധാനങ്ങളും വിജയം വരിക്കുന്നതിലെ പ്രധാന ഫോര്‍മുല പ്രണയം തന്നെയാണ് . ആസ്വാദകരെ കാലാകാലം അതിതീവ്രവിഷാദങ്ങളിലേക്ക് തള്ളിയിടുന്ന പ്രണയ കാവ്യങ്ങള്‍ സാഹിത്യാസ്വാദകര്‍ക്ക് അപരിചിതങ്ങളല്ലല്ലോ. കെ.ആര്‍.മീരയുടെ ഒരു നോവലെറ്റ് ആണ് കരിനീല . സദാചാര ഭ്രംശത്തില്‍ അലോസരത പൂണ്ടു സമൂഹമേ നിങ്ങള്‍ ഇത് വായിക്കരുതേ എന്നൊരു ആമുഖത്തോടെ കുറിച്ചിടുന്ന പ്രണയത്തിന്റെ ഒരു വ്യത്യസ്ത മുഖമാണ് കരിനീല എന്ന ഈ നോവലെറ്റ് . പ്രാക്തനമായ സഞ്ചാരപഥം തേടുന്ന മനസ്സിന്റെ ജന്‍മാന്തരങ്ങളിലെ അവ്യക്തമായ നൂലിഴകള്‍ കൊണ്ട് കൊരുത്തിടപ്പെട്ട രണ്ടു പേര്‍. കാലാന്തരങ്ങളുടെ വേഷപ്പകര്‍ച്ചകളില്‍ പാമ്പായും ശലഭമായും മഞ്ഞായും മഴയായ് തുടര്‍ന്നുപോകുന്ന പ്രണയജന്‍മങ്ങള്‍ . അവര്‍ ഇവിടെയും തിരിച്ചറിയപ്പെടുകയും ഒന്നു ചേരുകയും ചെയ്യുന്നതാണ് കഥ . നാല്‍പതുകളിലെത്തിയ അവള്‍ , തന്റെ ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളും കൂടെയുണ്ടായിട്ടും തന്റെ സ്വപ്നത്തിലെ വീട് തിരഞ്ഞു നടക്കുകയാണ് . വീട്ടിലൂടെ അവള്‍ അയാളെയാണ് തിരയുന്നത് . ജന്മ ജന്‍മാന്തരങ്ങളില്‍ തന്റെ മാത്രം പ്രണയമായിരുന്ന അയാളെ . കത്തിയെരിഞ്ഞുപോയ തന്റെ ജന്മ ഗേഹത്തിന്റെ അതേ പോലുള്ള വീടിനെ തിരയുന്ന അവളില്‍ വേരുകള്‍ തിരഞ്ഞു പോകുന്ന ഒരു മനുഷ്യന്റെ നെടുവീര്‍പ്പുകള്‍ അടഞ്ഞിരിക്കുന്നുണ്ട് . ഒടുവില്‍ അവള്‍ ആ വീട് , തന്റെ സ്വപ്നത്തിലെ , സങ്കല്‍പ്പത്തിലെ അതേ വീട് കണ്ടെത്തുകയാണ് . വീട് മാത്രമല്ല സന്യാസ രൂപത്തിലുള്ള തന്റെ സ്വന്തം പ്രണയത്തെയും. മാറിടവും അടിവയറും ഒരുപോലെ പുകഞ്ഞു കത്തുന്ന അനുഭവമാണ് അതവൾക്ക് നല്‍കുന്നത്. മാതൃത്വം ! അയാളുടെ ബീജത്തെ സ്വീകരിക്കാനും അതിനെ ഉദരത്തില്‍ സൂക്ഷിക്കാന്‍ , ജന്മമേകി പാല്‍കൊടുത്തു വളര്‍ത്തുവാന്‍ അവളിലെ പ്രണയിനിയുടെ ദാഹം ജ്വലിക്കുകയാണ്; അതുകൊണ്ടുതന്നെയാണ് രണ്ടാമതും അവള്‍ അവിടേക്ക് വരുന്നത്. അവിടെ വച്ചവള്‍ക്ക് അയാളുടെ കാമത്തിന്റെ ആഴവും ആഴിയും അറിയാനും അളക്കാനും കഴിയുന്നുണ്ട് . അതിനാലാണ് കാലില്‍ സര്‍പ്പദംശനമേറ്റ അവളുടെ ശുശ്രൂക്ഷ ചെയ്യുന്ന അയാളെ , അയാളുടെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ടു , ദന്തക്ഷതമേല്‍പ്പിച്ചുകൊണ്ടവൾ തങ്ങളുടെ പ്രണയത്തിൻ്റെ അടയാളവാക്യം നല്‍കുന്നത് . മൂന്നാമത്തെ സന്ദര്‍ശനത്തില്‍ പക്ഷേ അവളുടെ ദേഹത്തിന്റെ കാമനകളെ ഉണര്‍ത്താന്‍ കഴിയാതെ ഭയന്ന് പിന്‍മാറുന്ന അയാളിലെ ആത്മീയതയും മാനുഷികതയും തമ്മിലുള്ള സംഘട്ടനമാണ് കാണാന്‍ കഴിയുക . എങ്കിലും പിന്‍മാറാൻ കഴിയാത്ത അവള്‍ തന്റെ നാലാമത്തെ വരവില്‍ , അടിവയറിന്‍റെ രഹസ്യയറയില്‍ അയാളുടെ ബീജത്തെ സ്വീകരിക്കുക തന്നെ ചെയ്യുന്നുണ്ട് . ഇതെന്റെ അനുഭവമാണ് കഥയല്ല അതിനാല്‍ത്തന്നെ ആത്മീയതയുടെ വിളിയുടെ പിന്നാലേ അയാളെ യാത്രയാക്കിക്കൊണ്ടു ഗാര്‍ഹസ്ത്യത്തിന്റെ തിരക്കിലേക്ക് അവള്‍ കൗശലപൂര്‍വ്വം ഒളിച്ചു പോകുന്നതായാണ് വിളംബരം ചെയ്യപ്പെടുന്നത്. ഭര്‍ത്താവിന് വല്ലപ്പോഴും വഴങ്ങിക്കൊടുത്തും കുട്ടികളുടെ കാര്യങ്ങളില്‍ ഒരു സ്വപ്നാടകയെപ്പോലെ ഇടപെട്ടുകൊണ്ടും അവള്‍ അടുത്ത ജന്‍മത്തെ കാത്തിരിക്കുന്നു. അടിവയറില്‍ രഹസ്യമായി സൂക്ഷിയ്ക്കുന്ന പ്രണയ സാഫല്യത്തെ ആരും കാണാതെ ഓമനിച്ചും ലാളിച്ചും സമയഘടികാരത്തെ അതിന്റെ വഴിക്കു മേയാന്‍ വിടുന്നു . 
പ്രണയത്തിന്റെ മനോഹരവും ലളിതവുമായ ആവിഷ്കാരത്തിലൂടെ മീര ഈ നോവലെറ്റിനെ പരിക്കുകള്‍ ഇല്ലാതെ സംരക്ഷിച്ചു കൊണ്ട് പോകുന്നത് നല്ലൊരു വായനാനുഭവം ആയി തോന്നിച്ചു. വളരെ ചെറുതായ ഒന്നായിപ്പോയതെങ്കിലും വായനയുടെ അവസാനവും കഥയെ കൂടുതല്‍ ഭാവനകളിലേക്ക് , ചിന്തകളിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ പര്യാപ്തമായ വായനയായിരുന്നു ഇത്. പരത്തിപ്പറഞ്ഞും അനാവശ്യമായ വിവരങ്ങള്‍ നല്‍കിയും വായനക്കാരെ വിഷമിപ്പിക്കുന്ന എഴുത്തുകാരുടെ ശൈലിയല്ല മീര ഈ നോവലെറ്റില്‍ പ്രയോഗിച്ചിരിക്കുന്നത് അതിനാല്‍ത്തന്നെ ഒട്ടും ബോറടിക്കാതെ ഒറ്റയിരുപ്പിൽ വായിച്ചു തീര്‍ക്കാൻ കഴിയുന്ന ഒന്നാണിത് . ആശംസകളോടെ ബിജു.ജി.നാഥ് , വര്‍ക്കല.

Saturday, April 1, 2023

അന്നാ കരെനീന.............ലിയോ ടോള്‍സ്റ്റോയ്

അന്നാ കരെനീന(നോവല്‍)
ലിയോ ടോള്‍സ്റ്റോയ് 
വിവര്‍ത്തനം : തങ്കം നായര്‍ 
ഡി സി ബുക്സ് 
ഫ്രീ ഇ ബുക്ക് 


പഴയകാല പുസ്തകങ്ങളുടെ പുനരാഖ്യാനം നടത്തി അതിനെ മലയാളികളുടെ വായനാലോകത്തേക്ക് സമ്മാനിക്കുന്ന ഒരു നല്ല കാര്യം ഒട്ടുമിക്ക പ്രസാധകരും ചെയ്തുവരുന്ന ഒന്നാണ് . കുട്ടിക്കാലത്ത് വായിക്കാന്‍ കഴിഞ്ഞ റഷ്യന്‍ നാടോടിക്കഥകള്‍ ഓര്‍മ്മയില്‍ വരുന്നുണ്ട് . നമ്മുടെ ലോകത്ത് നിന്നും വേറിട്ട് , മറ്റൊരു ലോകം , സംസ്കാരം , ചിന്തകള്‍ , ജീവിതം ഇവയൊക്കെ അനുഭവിക്കാനും അവയില്‍ നിന്നും നല്ലവ സ്വീകരിക്കാനും കഴിയുക ഇത്തരം വായനകള്‍ നല്‍കുന്ന ഒരു സന്തോഷമാണല്ലോ . ആംഗലേയ ഭാഷ അറിയാത്ത മനുഷ്യരുടെ വായനയുടെ അഭിവാഞ്ചയെ പരിഭോഷിപ്പിക്കുന്ന ഇത്തരം വായനകള്‍ അഭിനന്ദാര്‍ഹമായ പ്രവര്‍ത്തിയായി കരുതുന്നു.  റഷ്യന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പ്രശസ്തമായ ഒരു നോവല്‍ ആണ് ലിയോ ടോള്‍സ്റ്റോയ് എഴുതിയ അന്ന കരെനീന. ഇതിനെ ആസ്പദമാക്കി പല പുനര്‍നിമ്മിതികളും പിന്നീട് നടക്കുകയുണ്ടായി എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ് . ഈ നോവല്‍ വായിക്കാത്തവര്‍ ആയി അധികം പേരും ഉണ്ടാകുമെന്ന് കരുതുന്നുമില്ല . ഒരു പ്രണയകഥ എന്നതിനപ്പുറം ഒരു കാലഘട്ടത്തിന്റെ ചിന്തകൂടിയാണ് ഈ നോവല്‍ . അന്നാ കരെനീന എന്ന യുവതിയുടെ ലോക വീക്ഷണവും ജീവിതവും അക്കാലത്തിന്റെ ഒഴുക്കിന് അനുയോജ്യമായ ഒന്നുതന്നെയായിരുന്നു . അലെക്സിന്റെ കൂടെയുള്ള ആ ജീവിതം പക്ഷേ അത്ര സുഗമമായ ഒന്നായിരുന്നുമില്ല. തന്നെക്കാള്‍ വളരെ അധികം പ്രായമുള്ള ഒരു മനുഷ്യന്റെ ഭാര്യാപദം അവളില്‍ അസംതൃപ്തമായ ഒരു ദാമ്പത്യജീവിതം വളര്‍ത്തിയെടുക്കപ്പെടുകയായിരുന്നു. കുടുംബജീവിതത്തില്‍ അവള്‍ വളരെ പക്വമതിയായിരുന്നു എന്നതിന് തെളിവാണ് സഹോദരഭാര്യയുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവള്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചതും അവരെ ഒന്നിപ്പിച്ചതും . പക്ഷേ സ്വന്തം ജീവിതത്തില്‍ അതവള്‍ക്ക് കഴിയുന്നില്ല. അതിനാലാണ് വ്രോന്‍സ്കിയുമായി അവള്‍ പ്രണയത്തിലായിക്കഴിയുമ്പോള്‍ അവളുടെ ജീവിതം അവള്‍ക്ക് പാടേ കൈമോശം വരുന്നത്.  തന്റെ മകനെ ഉപേക്ഷിച്ചു പോകേണ്ടി വരുന്നതും സമൂഹത്തില്‍ അവഗണയും അപമാനവും ലഭിക്കേണ്ടി വരുന്നതും . ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ലഭിക്കാതെ പോയതിനാല്‍ അവള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നു . ക്രമേണ ഒരു കുഞ്ഞ് കൂടിയാകുമ്പോള്‍ കാമുകനും അവളില്‍ നിന്നും അകന്നുപോകുകയാണെന്ന തോന്നല്‍ അവളില്‍ ശക്തമാകുന്നു . പ്രകൃതത്തില്‍ പക്വതയുണ്ടെന്നും പുരോഗമന ചിന്താഗതികള്‍ ഉള്ള ആളെന്നും തോന്നിക്കുന്ന അവളുടെ ഭര്‍ത്താവ് പക്ഷേ അവളെ വിവാഹമോചനം ചെയ്യാന്‍ അനുവാദം കൊടുക്കുന്നില്ല . ഇവിടെയല്ലാതെ മറ്റെവിടെയെങ്കിലും നിങ്ങള്‍ കണ്ടുമുട്ടുന്നതില്‍ എനിക്കു വിരോധമില്ല പക്ഷേ ലോകരുടെ കണ്ണില്‍ നിന്നും ഒളിച്ചു പിടിക്കുക എന്നൊരു ഉപദേശമാണ് അയാള്‍ നല്‍കുന്നത് . അവളാകട്ടെ അയാളില്‍ നിന്നുമൊരു പൂര്‍ണ്ണമായ വിടുതല്‍ ആണ് ആഗ്രഹിക്കുന്നത് . അത് ലഭിക്കാത്തത് മൂലം സമൂഹത്തില്‍ അവള്‍ പിഴച്ചവള്‍ ആയി മാറുന്നു . കാമുകനും അവളെ സ്വതന്ത്രമായി ലഭിക്കാതെ പോകുന്നത് സ്വത്തവകാശവും മറ്റ് സാമൂഹിക പ്രശ്നങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആവശ്യപ്പെടുന്നുണ്ടത് . ഒടുവില്‍ അവള്‍ കടുത്ത മാനസികവിഷാദങ്ങളില്‍ പെട്ട് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടാവുന്നത് . സ്വതന്ത്രമായ ഒരു ജീവിതത്തിനു അവള്‍ അര്‍ഹയാകുന്നില്ല എന്ന ചിന്തയുടെ പ്രത്യാഘാതമാണ് അത് . ഇത്തരം സാമൂഹിക കാഴ്ചപ്പാടുകള്‍ ഇന്നും കുറവല്ലാത്ത രീതിയില്‍ സമൂഹത്തില്‍ നില്‍നില്‍ക്കുന്നതിനാലാകണം ഈ നോവല്‍ കൂടുതല്‍ വായിക്കപ്പെടുകയും പുനര്‍നിര്‍മ്മാണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളത് എന്നു കരുതുന്നു .  അന്നയുടെ ജീവിതത്തിനൊപ്പം തന്നെ അവളുടെ സഹോദരഭാര്യ ഡോളി , പിന്നെ കിറ്റി എന്നിവരുടെ കഥയും ഇതില്‍ പറയുന്നു. പരസ്ത്രീ ബന്ധം ഉള്ള ഭര്‍ത്താവില്‍ നിന്നും വിട്ടുപോകാന്‍ ശ്രമിക്കുന്ന ഡോളിയെയും സഹോദരനെയും പറഞ്ഞു മനസ്സിലാക്കി സമരസപ്പെട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുകയും അവര്‍ പഴയത് പോലെ ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്ന കാഴ്ചയും , സമയോചിതമായി പ്രാക്ടിക്കലായി ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത് അയാളുമൊത്ത് ജീവിതം കൊണ്ടുപോവുകയും ചെയ്യുന്ന കിറ്റിയും രണ്ടു തലത്തിലെ സ്ത്രീമുഖങ്ങളെ പരിചയപ്പെടുത്തുന്നു . അതുപോലെ ലെവന്‍ എന്ന കഥാപാത്രം ആകട്ടെ തികഞ്ഞ നിരീശ്വരവാദിയും ഒടുവില്‍ വിവാഹത്തോടെ ഒരു വലിയ ഈശ്വരവിശ്വാസിയും ആകുന്ന തമാശയും ഈ നോവലിലെ കാഴ്ചകള്‍ ആണ് . പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യയുടെ കാലഘട്ടം , സംസ്കാരം , രാഷ്ട്രീയം , കത്തോലിക്കന്‍ മതത്തിന്റെ സ്വാധീനം എന്നിവയൊക്കെ ഈ നോവലില്‍ വായിച്ചെടുക്കാവുന്ന കാഴ്ചകള്‍ ആണ് . തര്‍ജ്ജമ വളരെ പരിക്കുകള്‍ ഇല്ലാതെ നന്നായി ചെയ്തിരിക്കുന്നു തങ്കം നായര്‍ . ഡോ. പി.കെ. രാജശേഖരന്റെ അവതാരികയും എഡിറ്റര്‍ കെ.അയ്യപ്പ പണിക്കരുടെ കത്രികയും നോവല്‍ വായനയെ വിരസതകള്‍ ഇല്ലാതെ കൊണ്ടുപോകുന്നുണ്ട് . സസ്നേഹം ബിജു.ജി.നാഥ് വര്‍ക്കല