Friday, November 30, 2012

ഫോര്‍മാറ്റിംഗ്

ഡിസക്ഷന്‍ ടെബ്ലിലെ മരവിച്ച തണുപ്പില്‍
എന്റെ ഹൃദയം കീറിമുറിച്ചു നീ തിരയുന്നതെന്താണ് ?
നിന്റെ മുഖമാണോ അതൊ നിന്നോടുള്ള പ്രണയമോ ?
അറിയുക ,മരവിച്ച ഈ ശരീരത്തിന് സ്പന്ദനങ്ങളില്ല.

ചുരുളുകള്‍ നിവര്‍ത്തി എന്‍ തലച്ചോറിന്‍ കോശങ്ങളില്‍
പരതുവതെന്താണ് സഖീ വെറുതെ ഈ രാവില്‍?
എന്റെ ചിന്തകളില്‍ മറ്റാരുടെ മുഖമുണ്ടെന്നോ ?
നിനക്ക് തെറ്റി, നശിച്ച കോശങ്ങളില്‍ ജീവിതം തിരയരുത് .

നിന്റെ മുന്നില്‍ നഗ്നനായ്‌ ഇന്ന് ഞാന്‍ ശയിക്കുന്നതു
സംതൃപ്തമായ മനസ്സോടെയാണെന്നറിയുക നീ .
കാരണം, എനിക്കറിയാം മരണം അവസാനമാണെന്ന്.
മരണം ഒന്നും ബാക്കി വയ്ക്കുന്നില്ലെന്നു .
---------------------------------ബി ജി എന്‍ വര്‍ക്കല

Tuesday, November 27, 2012

ചര്‍വ്വാകജന്മം

കരിങ്കല്ലിന്‍ ശില്പത്തെ
ആരാധനയുടെ  ശൈലങ്ങളില്‍ നിറച്ചപ്പോള്‍
നിന്റെ മുഖത്ത് നോക്കി ഞാനൊരായിരം വട്ടം വിളിച്ചു
ഗോത്രവര്‍ഗ്ഗത്തിന്റെ പിന്മുറക്കാരനെന്നു .
നിങ്ങളുറക്കെയെനിക്ക്  ജയ്‌ വിളിച്ചു .

അവതാരങ്ങള്‍ തന്‍ പ്രൌഡക്രീഡാരസങ്ങളെ
എഴുത്താണിയിലൂടെ ഞാന്‍ കീറിയെറിഞ്ഞു
നിങ്ങളെന്നെ  വിളിച്ചു ഉല്‍പ്പതിക്ഷ്ണു .

കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമായ്
മണ്ണില്‍ മുട്ടുകുത്തി ആകാശം നോക്കി
കണ്ണീരിനാല്‍ യാചിച്ചവനെ നോക്കിയെന്‍
വിരല്‍ വിറച്ചു ചൊല്ലി ഉച്ചക്കിറുക്കന്‍...!

കാപട്യത്തിന്‍ കുരിശാം തത്വശാസ്ത്രത്തെ
തച്ചുതകര്‍ത്തു ഞാനവര്‍ തന്‍ ഗീതകത്തിലൂടെ .
എന്റെ  ഇരിപ്പിടം വാനോളമുയര്‍ത്തിയും
എന്റെ ചിന്തകളെ കടലോളം പരത്തിയും
നിങ്ങളെന്നെ ഒരുപാട്  സ്നേഹിച്ചു .

തിരുത്തുവാനവകാശമില്ലാത്ത രചനയും
മണല്ക്കാടിന്‍പ്രതിബിംബങ്ങളെയും നോക്കി
കാപട്യമെന്ന് ഞാന്‍ ഉറക്കെ അലറിപ്പറഞ്ഞു .

നിങ്ങളുടെ കണ്ണുകളില്‍ മഴമേഘങ്ങളും
നിങ്ങളുടെ ചൊടികളില്‍ ശലഭച്ചിറകുകളും വിരിയിച്ചു.
പ്രസാധകന്റെ അവകാശവാദങ്ങളിലും
നേരിന്റെ മൂടുപടത്തിലും വിരലുകള്‍ തൊട്ടപ്പോള്‍
ആദ്യമായ്‌ എനിക്കെന്റെ അംഗങ്ങള്‍ നക്ഷ്ടമായ്‌ .

ഇപ്പോള്‍ ഞാന്‍ നിശബ്ദനാണ് .
നിങ്ങള്‍ സന്തുഷ്ടരും .
--------------ബി ജി എന്‍ വര്‍ക്കല ----


സ്വതന്ത്രന്‍

പെയ്തു തോരാത്ത നിന്റെ മിഴികളില്‍
ശലഭത്തിന്റെ ജന്മം കടമെടുക്കവേ
ഇരുള്പെയ്യുന്ന ഇടവഴികളില്‍
കുരുനരികള്‍ മുരളുന്നതരിയുന്നു ഞാന്‍

കറുകപ്പുല്ല്  നാവിലുരസുന്ന
ധനുമാസക്കുളിരില്‍ മയങ്ങി
ഇരപിടിക്കും ചെരയെപ്പോള്‍
രാവിനെ ഇരുള്‍ പിന്തുടരുന്നല്ലോ

ശല്‍ക്കങ്ങള്‍ കൊഴിഞ്ഞു വീഴുന്ന
ക്ഷുഭിതയൌവ്വനങ്ങളില്‍ സൂര്യഗോളമൊരു
പളുങ്ക് ഗോട്ടി പോലെ ഉരുണ്ട്മായുന്നു
ഹൃദയം  നുറുങ്ങുന്ന കാഴ്ചകള്‍ മറക്കുവാന്‍ .

എന്റെ കിനാവുകളില്‍ അമാവാസി നിറയുന്നു
മരുഭൂമിയിലെ ഇരുള്മഴ പോലെ
ഓര്‍മ്മകളുടെ വരണ്ട കാറ്റ് കാതിലൂതുന്നു .
വിശപ്പിനു പകരം വിശപ്പ്‌ മാത്രമാകുന്നുവോ ?

മരണത്തിന്റെ  ഗന്ധമാണെനിക്കിന്ന് .
ചന്ദനത്തിരികള്‍ പുകയുന്ന വള്ളിക്കട്ടില്‍
ചെമ്പട്ടില്‍  പൊതിയുന്ന ആകാശക്കുടകള്‍
കണ്ണീര്‍മഴയില്‍ കുതിര്‍ന്നൊരു യാത്രികന്‍ .

വിരല്‍ കൂട്ടിഎന്നെ തളച്ചിരുന്നില്ലെന്കില്‍
ഓടിയകന്നെനെ നിന്നില്‍ നിന്നും
വായടച്ചു കെട്ടിയില്ലായിരുന്നെന്കില്‍
ഉറക്കെ വിളിച്ചു പറയാമായിരുന്നു

മൂക്കിലെ ഈ പഞ്ഞിക്കെട്ടു എന്റെ
നെടുവീര്‍പ്പിനെ പോലും മരവിപ്പിക്കുന്നു .
എന്റെയീ പാതി തുറന്ന കണ്ണുകളിലേക്ക് നോക്ക്
എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്

നെഞ്ചില്‍ ചേര്‍ത്ത് വച്ചരെന്‍ കരങ്ങള്‍ നോക്ക്
ശൂന്യത നിറച്ചതാണതില്‍ നിങ്ങള്ക്ക്
ഇറ്റ് നനവുപോലും ബാക്കിയില്ലിനി ചൊരിയുവാന്‍
കണ്ണീരു നിറയും പിന്വിളികലല്ലാതെ

എന്നെ പുതച്ചോരീ തുണ്ടുതുണിയിലും
വായില്‍ ചോരിഞ്ഞോരീ നെന്മണികളും
ഇറ്റുനീരുമല്ലാതെ ഒന്നുമില്ലെന്റെകൂടെ
നിങ്ങളറിയുക ശവമാകുക എളുപ്പമല്ല
ശവമായവാന്‍ സ്വതന്ത്രനാണ് .
------------ബി ജി എന്‍ വര്‍ക്കല


Monday, November 26, 2012

അരുതുകള്‍

നമുക്കിടയില്‍ ഒരു ഭിത്തിയുള്ളതിനാല്‍
അതിരുകള്‍ കാവലേല്‍ക്കാന്‍ അരുതുകള്‌ണ്ടായി .
കോടികള്‍ മുടക്കി നാം നമ്മെ  പകുത്തു
ഹൃദയങ്ങള്‍ മുറിച്ചു നാം നമ്മെ നോവിച്ചു .

ഒരു ചെറിയ കാറ്റില്‍ പോലും ഉലഞ്ഞുപോയെക്കാവുന്ന
വെറുമൊരു നേര്‍ത്ത സ്തരമായിരുന്നു
നമ്മെ ഇന്നോളം അകറ്റി നിര്‍ത്തിയത്
ഒരു  വിരല്‍ത്തുംബിന്നകലത്തിലായ്‌ .

അരുതുകല്‍ക്കിടയിലൂടെ നാം പലവട്ടം
വിരുന്നുപോയിരുന്നു, ആരോരുമറിയാതെ.
ഒരു ഗൂഡമായ സന്തോഷത്തോടെ
നാമപ്പോഴൊക്കെ പരസ്പരം നോക്കിയിരുന്നു .

ഒരു മലവെള്ള പാചിലിലില്‍ തകര്ന്നുപോയാല്‍
ഒരു കൊടുംകാറ്റില്‍ പറന്നുപോയാല്‍ ,
കൊടും താപത്തിനാലീ  മഞ്ഞുഭിത്തി ഉരുകിമാറിയാല്‍
നമുക്ക് അരുതുകള്‍ തുടരാനവുമോ ?
----------------ബി ജി എന്‍ വര്‍ക്കല ---

Sunday, November 25, 2012

മൂല്യങ്ങള്‍ നശിക്കുന്നത് സമൂഹം വഴിതെറ്റുമ്പോഴാണ്

എന്താണ് നമ്മുടെ സമൂഹത്തിനു സംഭവിക്കുന്നത്‌ ?
ഒരുകാലത്ത് ,അതെ അങ്ങനെ തന്നെ വിശേഷിപ്പിക്കട്ടെ , നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ആശ്വാസം സ്വന്തം വീട് ആയിരുന്നു . അഭയം സ്വന്തം അച്ഛന്‍ ആയിരുന്നു , തുണ അമ്മയായിരുന്നു , അഭിമാനം സഹോദരന്‍ ആയിരുന്നു . ഇന്ന് എവിടെ ആണ് നമുക്ക് അത് കൈമോശം വന്നത് ?
ജീവിതത്തിനെ പുക പിടിച്ച കണ്ണുകളാല്‍ നോക്കി കാണുന്ന ഒരു സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നത് എന്നത് നീറ്റല്‍ ഉളവാക്കുന്നു ഒപ്പം ഭയം ജനിപ്പിക്കുന്ന ഒന്നാകുന്നു .
ആനുകാലിക വാര്‍ത്തകളില്‍  കൂടെ കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുതകള്‍ ഇവയൊക്കെ അല്ലെ ?
സഹോദരന്‍ പീഡിപ്പിച്ച,
അച്ഛന്‍ നശിപ്പിച്ച,
അച്ഛനും സഹോദരനും പീഡിപ്പിക്കുന്ന,
ഇളയച്ഛന്‍ അല്ലെങ്കില്‍ രണ്ടാനച്ഛന്‍ നശിപ്പിക്കുന്ന,
അമ്മ വില്‍ക്കുന്ന,
അമ്മ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്ന,
അമ്മയുടെ മാര്‍ക്കട്റ്റ് ഇടിയുമ്പോള്‍ പിടിച്ചു നില്ക്കാന്‍ ഇരയാക്കുന്ന,
അമ്മയുടെ ജാര കഥകള്‍ പുറത്തു പറയാതിരിക്കാന്‍ കൂട്ടിക്കൊടുക്കുന്ന,
സഹോദരി ചതിക്കുന്ന,
സഹോദരിക്ക് വേണ്ടി നശിക്കുന്ന,.........!!!
ഇങ്ങനെ സംഭവങ്ങള്‍ ഒരുപാട് നമുക്ക് മുന്നില്‍ പത്രങ്ങളില്‍ കൂടി വന്നു കൊണ്ടേ ഇരിക്കുന്നു .
ഇവിടെ, ആരില്‍ നിന്നും ആണ് ഒരു പെണ്‍കുട്ടിക് രക്ഷ കിട്ടുന്നത് . നമ്മുടെ പെണ്മക്കള്‍ ഒരു തരം അരക്ഷിതാവസ്ഥ നല്‍കുന്ന മാനസിക സമ്മര്‍ദ്ധത്തില്‍  ആണ് ജീവിക്കുന്നത് . ഇതവരുടെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്ര ദുഷ്ക്കരം ആക്കുന്നു . ഭയം നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടി അവളുടെ ജീവിതം മുഴുവന്‍ മാനസികമായ ഒരു അപക്വതയില്‍ ആണ് ജീവിച്ചു മരിക്കുന്നത് , വിഷാദ രോഗം , ആത്മഹത്യ, ജീവിത വിരക്തി, ലൈംഗിക മരവിപ്പ് , സമൂഹത്തിനോടുള്ള അവഞ്ജ  , ബന്ധങ്ങളോടുള്ള അടുപ്പമില്ലായ്മ , പരസ്പര വിശ്വാസമില്ലായ്മ;, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച അങ്ങനെ ഒരു പാട് ഒരുപാട് പ്രശ്നങ്ങളില്‍ കൂടി കടന്നു പോകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടി ഒരിക്കലും ആരോഗ്യകരമായ ഒരു സമൂഹത്തെ അല്ല വാര്‍ത്തെടുക്കാന്‍ സഹായിക്കുക .
നമ്മുടെ പുരുഷന്മാര്‍ക്കൊക്കെ ലൈംഗിക അരാജകത്വം ബാധിച്ചിരിക്കുന്നുവോ ? സ്ത്രീ എന്നത് ലൈംഗിക ദാഹം തീര്‍ക്കാന്‍ ഉള്ള ഒരു വസ്തു മാത്രമായി അധപതിക്കുന്നുവോ ? മദ്യവും മയക്കു മരുന്നും അസന്മാര്‍ഗ്ഗിക ജീവിതവും , മലയാളി പുരുഷന്റെ സാമൂഹിക ജീവിതത്തിന്റെ മുഖം മാറ്റിയിരിക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ആക്രമണങ്ങളെ ഭയന്ന് ഉറക്കമില്ലാതെ ഇരുളില്‍ പരതി വരുന്ന ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്ന നമ്മുടെ പെണ്‍കുട്ടികളുടെ കണ്ണുകള്‍ എന്നെ ഭയപ്പെടുത്തുന്നു . ഒരു അവബോധം സമൂഹത്തില്‍ ഉണ്ടാകേണ്ടി ഇരിക്കുന്നു . സ്ത്രീ എന്തെന്ന് അറിയാന്‍ സ്ത്രീയെ പ്രാപിക്കല്‍ അല്ല വഴി . അമ്മ , മകള്‍ , സഹോദരി , ഭാര്യ എന്നീ നിലകളില്‍ സ്ത്രീ നമ്മുടെ ജീവിതത്തില്‍ നല്‍കുന്ന ആത്മാര്‍ത്ഥ സേവനം അതിനെ അതിന്റെ ശരിയായ രീതിയില്‍ എടുക്കാനും അങ്ങനെ നോക്കി കാണാനും ശ്രമിക്കാന്‍ പുരുഷന്മാര്‍ പഠിക്കേണ്ടി ഇരിക്കുന്നു . നിര്‍ലജ്ജം നമുക്ക് പറയേണ്ടി ഇരിക്കുന്നു നമ്മുടെ മക്കളെ നാം തന്നെ പഠിപ്പിക്കണം എന്താണ് മാനുഷിക മൂല്യം എന്ന് , എന്താണ് മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള വ്യെത്യാസം എന്ന് . എന്റെ മതം , എന്റെ ജനത എന്നതരത്തില്‍ ഉള്ള ജുഗുല്സ്സാവഹമായ പ്രക്രിയക്ക് പകരം നമ്മുടെ മക്കള്‍ നമ്മുടെ സമൂഹം എന്നാ ചിന്ത മനസ്സില്‍ നിറക്കാന്‍ എല്ലാരും തയ്യാറാകണം .
നമ്മുടെ മക്കള്‍ നമ്മെ സംശയകണ്ണോടെ നോക്കാതിരിക്കാന്‍ നാം ഇപ്പോഴേ തയ്യാറായെ മതിയാകൂ . മസ്തിഷ്ക്കത്തില്‍ ഉറങ്ങുന്ന കാമത്തെ , അരക്കെട്ടിന്റെ ദാഹത്തെ ഇറക്കി വയ്ക്കാന്‍ കുടുംബത്തിലെ പവിത്രത തകര്‍ക്കാതിരിക്കുക , ഒപ്പം പുറത്തു കാണുന്ന സ്ത്രീകള്‍ ഇതുപോലെ മറ്റൊരു വീട്ടിലെ അമ്മയോ, പെങ്ങളോ, ഭാര്യയോ മകളോ ആണെന്ന് മനസ്സില്‍ പഠിക്കുക . പകര്‍ത്തുക .
മൂല്യശോക്ഷണം വന്ന ഒരു സമൂഹം  അല്ല നമുക്ക് വേണ്ടത് , മൂല്യമുള്ള ഒരു സമൂഹം ആണ് . യുവാക്കളെ നിങ്ങള്‍ പഠിച്ച അറിവ് അതിനു വേണ്ടി ഉപയോഗിക്കുക , നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്ന ചോര ഇനി അതിനു വേണ്ടി ജ്വലിക്കട്ടെ , ചോര തുടിക്കുന്ന ചെറുപ്പക്കാര്‍  ഉത്തമമായ ഒരു സമൂഹ നിര്‍മ്മിതിക്ക് ഉതകുന്ന മനസ്സ് വാര്‍ത്തെടുക്കുക ആണ് .
ഇനി പറയൂ നിങ്ങള്‍ എത്ര പേര്‍ മുന്നോട്ടുണ്ട് . ആരെയും കാത്തു നില്‍ക്കാതെ , നയിക്കാന്‍ നായകനെ പ്രതീക്ഷിക്കാതെ ഓരോരുത്തരും നായകനാകുക ഒരൊറ്റ ലക്ഷ്യത്തിനായ് കൈകോര്‍ക്കുക .
വിപ്ലവം ജയിക്കട്ടെ ...!
---------------------------------------------ബി ജി എന്‍ വര്‍ക്കല -----------------

Saturday, November 24, 2012

അന്വേഷണം

നീലിച്ച മിഴികളില്‍ നിന്നും
നീയെന്റെ കാമത്തിന്റെ രേണുക്കള്‍
തൊട്ടറിഞ്ഞ ധനുമാസ രാവുകളിലൊന്നിലാണ്
നിന്റെ നാഭിയിലെ ഓംകാരമെന്നില്‍
നിര്‍വൃതിതന്‍ നാദമായ് നിറഞ്ഞത് .

ചിത്രശലഭങ്ങള്‍ കൂടുകൂട്ടുന്ന തൊടിയില്‍
ഇളംകാറ്റ് ജാലകത്തിലൂടെ ഒളിഞ്ഞു നോക്കി
കണ്ണ് ചിമ്മി നില്‍ക്കുമ്പോഴാണ്
നിന്റെ പുടവത്തുമ്പഴിഞ്ഞതറിയുന്നത് നീ .

നിനക്ക് പറയാന്‍ കണ്ണീരിന്റെ കഥകളുണ്ടായതിനാ-
ലെന്റെയധരങ്ങള്‍ നിര്‍ലജ്ജം നിന്റെ മിഴികളെ
ഉമ്മവച്ചാ ലവണരസം നുകര്‍ന്നും
മധു തേടി അലഞ്ഞും രമിച്ചു .

കൂര്‍ത്ത നഖം കൊണ്ട് നീ തീര്‍ത്ത
ചുവപ്പ്  ചുവര്‍ചിത്രങ്ങളാണ്
സ്നേഹത്തിന്റെ നീറ്റലിനു പോലും
സുഖമുണ്ടെന്നെന്നെ പഠിപ്പിച്ചത് .

ഒടുവിലൊരു കുത്തൊഴുക്കില്‍
നമുക്ക് നമ്മെ നക്ഷ്ടമായപ്പോഴാണ്
ഞാന്‍ തിരിച്ചറിയുന്നത്‌ , നമ്മള്‍ രണ്ടായിരുന്നില്ല
നമ്മള്‍ ജനിച്ചിരുന്നില്ലായെന്ന സത്യം .

പക്ഷെ  , കാലനദി അപ്പോഴേക്കും
ഒഴുകിയകന്നിരുന്നു .സമുദ്രം തേടി
ദൂരങ്ങളറിയാതെ , തീരങ്ങളറിയാതെ
ഗതിവേഗങ്ങളറിയാതെ അങ്ങ് ദൂരെ
താഴ്വരകളുടെ നീലിമ തേടി .!
-------------ബി ജി എന്‍ വര്‍ക്കല -----


Saturday, November 17, 2012

ഇലകള്‍ കൊഴിയും മഴക്കാലം

ഇരുളിന്‍ പാഥേയം കടമെടുത്തതു
വെളിച്ചംപരക്കുന്നഇടവഴികളില്‍നിന്നാണ് .
കരുണ വറ്റിയ മിഴികളില്‍ കാമശശരങ്ങളുമായ്
സ്ഖലിതബീജങ്ങള്‍ അടര്‍ന്നുപടരുന്ന
ഇടറിയ തെരുവുകള്‍ ചുവന്ന പരവതാനി വിരിക്കവേ
പുകയുന്ന തലച്ചോറുകള്‍ക്ക് ഗന്ധകത്തിന്റെ
അകില്‍ പുകയുന്ന മഞ്ഞച്ചകണ്ണുകള്‍ തുണപോകുന്നു.

സോദാംനിവാസികള്‍ കുരുന്നു ബാല്യങ്ങളില്‍
ഗുദഭോഗവും വദനസുരതവും തേടുമ്പോള്‍ ,
നാളെയുടെ പ്രകാശരേണുക്കള്‍ ജീര്‍ണ്ണിച്ച
ഇരുള്‍മറയ്ക്കുള്ളില്‍ കണ്ണുകള്‍ തുറിച്ചു വിറങ്ങലിച്ചു കിടക്കുന്നു.

മെട്രോയും ടി പിയും മണിയുമൊക്കെ
കേരളമെന്ന പാവലില്‍ അശ്വമേധം നടത്തുമ്പോള്‍
അന്തോനീസു പുണ്ണ്യളന്റെ ദൈവവാക്ക്യം
സഹ്യന്റെ താഴ്വരയില്‍ അശ്ലീലമാകുന്നു .

മണ്ണിന്റെ മക്കള്‍ ചിതറിയ ശവങ്ങളായി 
മണല്ത്തരികളുടെ ചൂടിന്‍ നനവ്‌ പകരവേ
കറുത്തപുക്ഷ്പങ്ങളായ് മതത്തിന്‍ നക്ഷത്രങ്ങള്‍
വരണ്ട ആകാശത്തിന്റെ നരച്ച കുടയില്‍ കണ്ണ് ചിമ്മുന്നു .

നമുക്കിടയില്‍ രാവേറെയായത് പോലെ ...!

കനല് കോരിയിട്ട മനസ്സുകള്‍ ശയ്യാവിരിയില്‍
രതിമൂര്‍ച്ചയഭിനയിച്ചു അരങ്ങു തകര്‍ക്കുമ്പോള്‍
നീലവിരികള്‍ കാറ്റിലൂയലാടും അന്തപ്പുരങ്ങളില്‍
നിന്റെ നഗ്നത കാടുപിടിച്ചുകിടക്കും നദിയാകുന്നു .

നമുക്കിടയില്‍ നരിച്ചീരുകളുടെ ചുവന്നമിഴികളും
ശലഭങ്ങളുടെ അടര്‍ന്ന ചിറകുകളും നിറയുന്നു
നമുക്കിടയില്‍ മൌനത്തിന്റെ ചിതല്‍പ്പുറ്റുകള്‍
അവയില്‍ നിറയുന്നതോ കാമത്തിന്‍ വഴുവഴുപ്പും .
------------------ബി ജി എന്‍ വര്‍ക്കല ------

ഇരുള്‍ കാഴ്ചകള്‍

പഴുത്ത മുറിവുകളുടെ 
ഇളംചൂടിന്‍ പുറത്തു തലോടുവാന്‍
എന്ത് സുഖം ...!
ആസ്വാദനത്തിന്റെ രതിമൂര്‍ച്ചാവേളയില്‍
ശല്‍ക്കങ്ങള്‍ പൊട്ടിയൊഴുകുന്ന ചലം
ഒരാശ്വാസമാകുന്നു .

കവിതകളായി പെറ്റിടുന്ന കുഞ്ഞുങ്ങളില്‍
കറുപ്പും വെളുപ്പും നിറങ്ങള്‍ നിറയുന്നു .
വൃദ്ധകാമങ്ങള്‍ ജനുസ്സിന്റെ ആര്‍ജ്ജവത്തോടെ
ഇളംമാനിന്‍ തോലണിയുന്നു .

തത്വമസിയുടെ പുറംച്ചട്ടകളില്‍ 
രതിയുടെ നീല നിറം പടര്‍ന്നു കിടക്കുന്നു
മുഖം മൂടിയണിഞ്ഞ മനുഷ്യരുടെ യാത്രകള്‍
ഗതിയറിയാത്ത യാനം പോലെ ,
തുഴ നക്ഷ്ടമായ കപ്പിത്താനെപോലെ
ജീവിതത്തിന്റെ കവിത രചിക്കുന്നു ഞാന്‍ .

നക്ഷ്ടമായ കാഴ്ചകളില്‍ നിറയെ
പുഴുത്തു നാറുന്ന പറങ്കിപ്പുണ്ണിന്‍ ലാസ്യം .
ഇരുളില്‍ ശീല്ക്കാരമായ് മാത്രം
നിര്ഗ്ഗളിക്കുന്ന രവാരവങ്ങള്‍ .
പുലരിയെ തേടാന്‍ ഹൃദയം വിങ്ങുന്നു
ഇനി ഞാനീ കറുത്ത കണ്ണടയഴിച്ചുവയ്ക്കട്ടെ .
--------------ബി ജി എന്‍ വര്‍ക്കല -------------

Wednesday, November 14, 2012

നിഴല്‍ യുദ്ധം


മനസ്സ് മുറിച്ചു വച്ചപ്പോള്‍ സ്നേഹം വിടവാങ്ങിപ്പോയ്
പരിഭവം കരഞ്ഞു തീരുമ്പോള്‍ രാത്രി പുലരുന്നു .
നിന്റെ മിഴികളിലെ നനവിന് പറയാന്‍ കഥകള്‍
ഇലകൊഴിഞ്ഞ ശിശിരത്തിന്റെ ഓര്‍മ്മകള്‍ പോലെ വാടി നില്‍ക്കുന്നു .

മരുഭൂമിയില്‍ പെയ്തൊഴിയും മഴ പോലെ ആണ് സ്നേഹം !
ഒരു സാന്ത്വനം പോലെ കടന്നു വരുന്നതും
ഒരു പ്രളയം പോലെ കവര്‍ന്നെടുക്കുന്നതും
ഒരു വരള്‍ച്ച പോലെ വിണ്ടുകീറുന്നതും നിമിഷങ്ങളിലാണ് .

ബന്ധങ്ങളുടെ രസച്ചരട് നേര്‍ത്ത മുടിയിഴപോലെ
ശക്തമായ ഒരു തിരയ്ക്കതിനെ മുറിക്കാനാകില്ലെന്നാല്‍
ചെറിയ മാരുതനത് കവര്‍ന്നു പോകാം ഇരുളിലേക്ക്
പരന്ന കടല്‍ പോലെ മൌനം ബാക്കി ആയിടാം .

ഉപാധികള്‍ക്ക് മേല്‍ അടയിരിക്കുന്ന സൌഹൃദങ്ങള്‍
നിനക്കും എനിക്കുമിടയില്‍ സ്നേഹജാലകം തീര്‍ക്കും .
അളവുകോലുകള്‍ക്കു മുന്നില്‍ അധികമാകുന്നതു
തിരഞ്ഞെടുക്കാന്‍ മതിലുകളില്ല ഇടയിലായെന്നത് മറന്നിടായ്ക .

അക്ഷരങ്ങള്‍ക്ക് തീമഴയാകാന്‍ തലച്ചോര്‍ മതിയെങ്കിലും
നിന്റെ വളകിലുക്കം അവയില്‍ പ്രണയത്തുള്ളികളായ്
ചിലപ്പോഴൊക്കെ എന്റെ ചിന്തകള്‍ ഊഷരമാക്കുന്നു
നിന്റെ മുന്നില്‍ ഞാന്‍ എല്ലാം അടിയറവു പറയുന്നു .

എന്റെ സാമ്രാജ്യങ്ങള്‍ , എന്റെ ബാഹുക്കള്‍ ,
എന്റെ ആയുധങ്ങള്‍ , ഞാന്‍ തന്നെയും ഇല്ലാതാകുന്നു
എന്റെ മിഴികളില്‍ നിന്റെ അധരങ്ങളിലെ ചുവപ്പും
എന്റെ കര്‍ണ്ണങ്ങളില്‍ നിന്റെ മധുരസ്വരവും മാത്രം .

ചരിത്രം ആവര്‍ത്തിക്കുന്നു പിന്നെയും , പിന്നെയും
ഇരുളില്‍ ഒരു സ്വരം കേള്‍ക്കാം ലോലമായ്‌ .
പെണ്ണും മണ്ണും നമുക്കിടയില്‍ ഇല്ല പ്രതിരോധത്തിന്
പിന്നെന്തിനു നാം പിരിയണമിടവഴികള്‍ പിരിയുന്നിടത്ത് ?.
പിന്നെന്തിനു നാം പരസ്പരം ചോണനുറുമ്പുകളാകണം  ?
-------------------ബി ജി എന്‍ വര്‍ക്കല -----------------

Wednesday, November 7, 2012

മരണം മധുരം

മരണമേ നിന്‍ മുഖത്തെന്തിനീ
മൃദുല ഭാവങ്ങളിനിയും
മരണമേ  .... മരണമേ ...
ജനിച്ചതിന്‍ ശേഷമീ ജീവിതയാത്രയില്‍
മനസ്സിന്‍ കാവല്‍ക്കാരന്‍ , നീയെന്‍
നിഴലായ്‌ ചരിക്കും തോഴന്‍                            ( മരണമേ .......)

വിധിയുടെ കൈകളില്‍ നെടുവീര്‍പ്പിന്‍ കുമിളകള്‍
നിശയുടെ കാമുകനായ് , എന്നും
മിഴികളില്‍ ഈറന്‍ കുളിരല മാറും
പുലരികള്‍ സ്വപ്നങ്ങളായി .                             ( വിധിയുടെ ....)
മരണമേ ......മരണമേ ....                                ( മരണമേ ....)

പ്രണയത്തിനക്ഷരം  പരിഭവമെങ്കില്‍
പരിരംഭണം വെറും രതിയായ്‌ മാറും
ഹൃദയങ്ങള്‍ കാണാന്‍ മിഴികളില്ലെന്നാകും
ബന്ധങ്ങള്‍ ചപലങ്ങളാകും
മനുഷ്യന്റെ ജീവിതം ശൂന്യമാകും                ( പ്രണയത്തി.....)
മരണമേ  ....മരണമേ                                 ( മരണമേ ...)
---------------ബി ജി എന്‍  വര്‍ക്കല -------------

ജീവിതം

ജീവിതം ഒരു കോപ്പി പേസ്റ്റ് ആണ് .
മറ്റാരുടെയോക്കെയോ ജീവിതങ്ങളെ നോക്കി
അനുകരിച്ചും , അഭിനയിച്ചും മുന്നോട്ടു നീങ്ങി
ഒരുനാള്‍ മരിച്ചു വീഴുന്ന ഒരു വെറും കഥ

കണക്കുകളില്‍ എപ്പോഴും നിഴലിക്കുന്നത്
പൊക്കിള്‍കൊടിയുടെയും പത്തുമാസത്തിന്റെ
ചുമടും പിന്നെ മുലയൂട്ടും മാത്രംമാണല്ലോ.
കണ്ണീരിന്റെ   സഹനപര്‍വ്വം താണ്ടുന്നത് .

രണ്ടു കാലില്‍ നിവര്‍ന്നു നില്ക്കാന്‍
ചോരവറ്റിച്ച യൌവ്വനത്തിന്റെ കഥകള്‍കേട്ടു
ചിരിച്ചും  കരഞ്ഞും വേദന കാണിച്ചും
കപടമുഖമണിയാന്‍ വിധിക്കപ്പെടുന്നോര്‍ .

ആശ്രയം കൊടുത്തതിന്‍ ഉപകാര സ്മരണ പോല്‍
ശയ്യാവിരി നിവര്‍ത്തിയും , പടിവേല ചെയ്തും
സന്തതികളെ പെറ്റു വംശവൃക്ഷം വളര്‍ത്തിയും
ജീവിതത്തിനു തുണ പോകുന്ന ജന്മങ്ങള്‍ ചിലര്‍ ...!

ഒരേ ഉദരം പങ്കു വയ്പ്പോര്‍ തമ്മില്‍ ഒരുമയെന്ന
കളവിനെ നാവിലും വരികളിലും പങ്കുവച്ചു
തരാതരം അവസരത്തിന്റെ പങ്കുപറ്റി കുതികാല്‍ വെട്ടിയും
ചങ്കില്‍ കഠാരമുന തിരുകിയും സ്വന്തമാക്കുന്നവര്‍ .!

ഉടമസ്ഥാവകാശത്തിന്‍ ഉറപ്പില്ലാകരാറില്‍
വേണ്ടതൊക്കെ  കൊടുത്തും ശിക്ഷിച്ചും
മറ്റൊരു ജീവിത നാടകവേദിയിലേക്ക്
തള്ളിവിടുന്ന പുതുനാമ്പിന്‍ ശലഭങ്ങള്‍

ഒടുവില്‍  മണ്ണിന്‍ ഈറന്‍ മണം ശ്വസിച്ചു
ഇരുളില്‍ഒറ്റയ്ക്ക് വേഷമഴിച്ചു കിടക്കവേ
ഓര്‍മ്മപ്പൂവില്‍ ബാക്കിയാകുന്നതോ വെറും
കരളലിയിക്കും കണ്ണീരും ശാപവും മാത്രം .
-----------ബി ജി എന്‍ വര്‍ക്കല --------------

ശൂന്യമായ നിലാവ്‌

നിന്നെ കാണുമ്പോള്‍ മാത്രമായിരുന്നു എന്റെ മിഴികളില്‍
നിലാവിന്റെ നീല വെളിച്ചം കരിമ്പടം പുതച്ചു കടന്നു വന്നിരുന്നത് .
നിന്റെ മേനിയിലെ കയറ്റിറക്കങ്ങളെ
ഒരു സഞ്ചാരിയെ പോലെ ഞാന്‍ നടന്നു തീര്‍ത്തു .

പ്രണയനദിയുടെ രണ്ടു കരകളില്‍ ആയിരുന്നു നമ്മള്‍
വെള്ളി വെളിച്ചം നിറഞ്ഞ നദീജലത്തില്‍
വെള്ളാരം കല്ലുകളും പരല്‍ മീനുകളും ഉമ്മവച്ചു നടന്നു
ഉണക്കിലമരങ്ങള്‍ കണ്ണടച്ചു ചിരിയോടെ ഒഴുകിനീങ്ങി

നിന്നെ അറിയാനും നിന്നില്‍ അലിയാനും ആണ്
ഈ നദി ഞാന്‍ നീന്തിക്കയറിയത്
പക്ഷെ ശൂന്യമായ നിന്റെ നിഴലാണ്
ഈ മണല്‍ത്തീരം എനിക്ക് സമ്മാനിച്ചത്

ഇപ്പോള്‍ ഞാന്‍ അറിയുന്നു പ്രണയം ഒരു കളവാണ്
അടുക്കുമ്പോള്‍ അകലുന്ന മരൂപ്പച്ച മാത്രം ..!
-------------ബി ജി എന്‍ വര്‍ക്കല ------------------

Thursday, November 1, 2012

പുണ്യം പേറുന്ന ശാപജന്മങ്ങള്‍

അമ്മെ ഭയമാകുന്നെനിക്കെന്റെ
യൌവ്വനം നല്‍കുമീ സമ്പത്താല്‍
നക്ഷ്ടമാകുന്നെന്റെ സ്വകാര്യത ,സ്വാതന്ത്ര്യം ,
നക്ഷ്ടമാകുന്നെന്റെ ശബ്ദവും .

മുഖമുയര്‍ത്തിയീ  ലോകത്തെ നോക്കുവാന്‍
ഉള്ളുതുറന്നൊന്നു  പൊട്ടിച്ചിരിക്കുവാന്‍
ആഴിതന്‍ തീരത്തൊന്നൊറ്റക്കിരിക്കുവാന്‍
വീഥികള്‍ തോറുമലസം നടക്കുവാന്‍

നാടകശാലയില്‍ , സായാഹ്നകുടനിവരും
ഭോജനാലയങ്ങളില്‍ സ്വപ്നത്തില്‍ മുഴുകുവാന്‍
എങ്ങുമേയില്ലൊരു സ്വാതന്ത്ര്യമെനി-ക്കെന്നും
വിലക്കുകള്‍ തന്‍ ചക്രവ്യൂഹം മാത്രം ചുറ്റിലും  .

ചിറകു വിരിച്ചു പറക്കുവാന്‍ കഴിയാത്ത
കൂട്ടിലെ കിളിയായി വളര്‍ത്തീടുവാന്‍
എന്തുണ്ടെന്നിലുമവനിലും വേറിട്ട്‌
ലിംഗഭേദമെന്ന ന്യൂനതയല്ലാതെ ?

വേണ്ടെനിക്കീ സ്ത്രൈണഭാവങ്ങളൊന്നുമേ
വേണ്ടെനിക്കീ അംഗലാവണ്യങ്ങളും
പ്രസവിക്കുവാന്‍ വേണ്ടി മാത്രമായുള്ള
ഉത്പാദനയന്ത്രമാകുവാന്‍ വയ്യിനി .

ഉണ്ട് വികാരങ്ങള്‍ ,വിചാരങ്ങള്‍ , മോഹങ്ങള്‍
മണ്ണില്‍ പുരുഷനുള്ളത് പോലെനിക്കുമേ
ഇണചേരുവാന്‍ വേണ്ടി മാത്രമല്ലീ  ദേഹം
ചിറകറ്റ പക്ഷികളല്ല ഞങ്ങള്‍ കേവലം .

വിശക്കുമ്പോള്‍ ഭക്ഷണം വച്ച് വിളമ്പാനും
മുഷിയുമ്പോള്‍ വസ്ത്രം തിരുമി ഉണക്കാനും
കോപത്തിന്‍ അഗ്നിയെ ദേഹിയില്‍ താങ്ങാനും
കാമത്തിന്‍ ക്രീഡയില്‍  ഉപകരണമാകാനും .

ആവശ്യനേരത്ത് മാത്രം സ്നേഹിക്കുന്ന
ചാണക്യവേഷമഴിക്കുക പൌരുഷമേ
സ്നേഹിക്ക ഞങ്ങളെ വയ്യിനി താങ്ങുവാന്‍
മണ്ണിലീ അടിമത്തം, ഞങ്ങളും തുല്യരാണ്  .
-------------ബി ജി എന്‍ വര്‍ക്കല --------------