Saturday, November 24, 2012

അന്വേഷണം

നീലിച്ച മിഴികളില്‍ നിന്നും
നീയെന്റെ കാമത്തിന്റെ രേണുക്കള്‍
തൊട്ടറിഞ്ഞ ധനുമാസ രാവുകളിലൊന്നിലാണ്
നിന്റെ നാഭിയിലെ ഓംകാരമെന്നില്‍
നിര്‍വൃതിതന്‍ നാദമായ് നിറഞ്ഞത് .

ചിത്രശലഭങ്ങള്‍ കൂടുകൂട്ടുന്ന തൊടിയില്‍
ഇളംകാറ്റ് ജാലകത്തിലൂടെ ഒളിഞ്ഞു നോക്കി
കണ്ണ് ചിമ്മി നില്‍ക്കുമ്പോഴാണ്
നിന്റെ പുടവത്തുമ്പഴിഞ്ഞതറിയുന്നത് നീ .

നിനക്ക് പറയാന്‍ കണ്ണീരിന്റെ കഥകളുണ്ടായതിനാ-
ലെന്റെയധരങ്ങള്‍ നിര്‍ലജ്ജം നിന്റെ മിഴികളെ
ഉമ്മവച്ചാ ലവണരസം നുകര്‍ന്നും
മധു തേടി അലഞ്ഞും രമിച്ചു .

കൂര്‍ത്ത നഖം കൊണ്ട് നീ തീര്‍ത്ത
ചുവപ്പ്  ചുവര്‍ചിത്രങ്ങളാണ്
സ്നേഹത്തിന്റെ നീറ്റലിനു പോലും
സുഖമുണ്ടെന്നെന്നെ പഠിപ്പിച്ചത് .

ഒടുവിലൊരു കുത്തൊഴുക്കില്‍
നമുക്ക് നമ്മെ നക്ഷ്ടമായപ്പോഴാണ്
ഞാന്‍ തിരിച്ചറിയുന്നത്‌ , നമ്മള്‍ രണ്ടായിരുന്നില്ല
നമ്മള്‍ ജനിച്ചിരുന്നില്ലായെന്ന സത്യം .

പക്ഷെ  , കാലനദി അപ്പോഴേക്കും
ഒഴുകിയകന്നിരുന്നു .സമുദ്രം തേടി
ദൂരങ്ങളറിയാതെ , തീരങ്ങളറിയാതെ
ഗതിവേഗങ്ങളറിയാതെ അങ്ങ് ദൂരെ
താഴ്വരകളുടെ നീലിമ തേടി .!
-------------ബി ജി എന്‍ വര്‍ക്കല -----


No comments:

Post a Comment