Tuesday, November 27, 2012

സ്വതന്ത്രന്‍

പെയ്തു തോരാത്ത നിന്റെ മിഴികളില്‍
ശലഭത്തിന്റെ ജന്മം കടമെടുക്കവേ
ഇരുള്പെയ്യുന്ന ഇടവഴികളില്‍
കുരുനരികള്‍ മുരളുന്നതരിയുന്നു ഞാന്‍

കറുകപ്പുല്ല്  നാവിലുരസുന്ന
ധനുമാസക്കുളിരില്‍ മയങ്ങി
ഇരപിടിക്കും ചെരയെപ്പോള്‍
രാവിനെ ഇരുള്‍ പിന്തുടരുന്നല്ലോ

ശല്‍ക്കങ്ങള്‍ കൊഴിഞ്ഞു വീഴുന്ന
ക്ഷുഭിതയൌവ്വനങ്ങളില്‍ സൂര്യഗോളമൊരു
പളുങ്ക് ഗോട്ടി പോലെ ഉരുണ്ട്മായുന്നു
ഹൃദയം  നുറുങ്ങുന്ന കാഴ്ചകള്‍ മറക്കുവാന്‍ .

എന്റെ കിനാവുകളില്‍ അമാവാസി നിറയുന്നു
മരുഭൂമിയിലെ ഇരുള്മഴ പോലെ
ഓര്‍മ്മകളുടെ വരണ്ട കാറ്റ് കാതിലൂതുന്നു .
വിശപ്പിനു പകരം വിശപ്പ്‌ മാത്രമാകുന്നുവോ ?

മരണത്തിന്റെ  ഗന്ധമാണെനിക്കിന്ന് .
ചന്ദനത്തിരികള്‍ പുകയുന്ന വള്ളിക്കട്ടില്‍
ചെമ്പട്ടില്‍  പൊതിയുന്ന ആകാശക്കുടകള്‍
കണ്ണീര്‍മഴയില്‍ കുതിര്‍ന്നൊരു യാത്രികന്‍ .

വിരല്‍ കൂട്ടിഎന്നെ തളച്ചിരുന്നില്ലെന്കില്‍
ഓടിയകന്നെനെ നിന്നില്‍ നിന്നും
വായടച്ചു കെട്ടിയില്ലായിരുന്നെന്കില്‍
ഉറക്കെ വിളിച്ചു പറയാമായിരുന്നു

മൂക്കിലെ ഈ പഞ്ഞിക്കെട്ടു എന്റെ
നെടുവീര്‍പ്പിനെ പോലും മരവിപ്പിക്കുന്നു .
എന്റെയീ പാതി തുറന്ന കണ്ണുകളിലേക്ക് നോക്ക്
എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്

നെഞ്ചില്‍ ചേര്‍ത്ത് വച്ചരെന്‍ കരങ്ങള്‍ നോക്ക്
ശൂന്യത നിറച്ചതാണതില്‍ നിങ്ങള്ക്ക്
ഇറ്റ് നനവുപോലും ബാക്കിയില്ലിനി ചൊരിയുവാന്‍
കണ്ണീരു നിറയും പിന്വിളികലല്ലാതെ

എന്നെ പുതച്ചോരീ തുണ്ടുതുണിയിലും
വായില്‍ ചോരിഞ്ഞോരീ നെന്മണികളും
ഇറ്റുനീരുമല്ലാതെ ഒന്നുമില്ലെന്റെകൂടെ
നിങ്ങളറിയുക ശവമാകുക എളുപ്പമല്ല
ശവമായവാന്‍ സ്വതന്ത്രനാണ് .
------------ബി ജി എന്‍ വര്‍ക്കല










No comments:

Post a Comment