Tuesday, June 30, 2020

പ്രതീക്ഷ

ഊണ് കാലമാകുമ്പോള്‍...


ഊണ് കാലമാകുമ്പോള്‍...
..........................................

കൈ കഴുകി പലകയില്‍ ഉണ്ണാനിരിക്കുമ്പോള്‍
പിഞ്ഞാണം നിറയെ ചോറും
കടല്‍മീന്‍ കറിയും
കൂട്ടിക്കുഴച്ചു വിഴുങ്ങാന്‍ എന്താ രസം !

മീൻകറിയില്ലാത്ത ദിവസം
ചോറ് കഴിക്കാന്‍ പറയുമ്പോള്‍ തന്നെ കരയുമായിരുന്നു .
കാലം കടന്നു പോയി.

അമ്മയുടെ മീന്‍കറി ചോറ് ഓര്‍മ്മകളില്‍ നിറച്ചു
അന്യ നാടുകളില്‍
തനിയെ കറി വച്ച് കഴിക്കുന്ന രസം
എന്തോ കഴിച്ചു
എന്തിനോ കഴിച്ചു .

ജീവിതത്തില്‍ ഒരു പങ്കാളി വന്നു
കറിയുടെ രുചി മാറി
വിഭവങ്ങളും പുതിയതായി .
പല നാടുകളില്‍
പല ഭാഷക്കാര്‍
പല രസങ്ങള്‍
എങ്കിലും എപ്പോഴും
രസമുകുളങ്ങളില്‍ നിറയുക
അമ്മ വച്ച
നെത്തോലിയും അയലയും  പച്ചത്തേങ്ങയരച്ചു വച്ചതും
ചൂരയും നെയ്‌ച്ചാളയും പുളീം വെള്ളോം വച്ചതും
ചാളത്തല ചട്ടിയില്‍ അവിച്ചതും
ഒക്കെയും ഒക്കെയും മാത്രമാണ് .

കാലം കഴിഞ്ഞു
ഇന്നമ്മ വച്ചാലും കറിയില്‍ കാണാന്‍ ഇല്ല
അന്നത്തെ അമ്മയുടെ പാചകരസം.
മാറിയത് രസമറിയാന്‍ ഉള്ള കഴിവാകുമോ ?
-----------ബിജു ജി നാഥ് വര്‍ക്കല


Sunday, June 28, 2020

പ്രതീക്ഷകൾക്ക് ശലഭച്ചിറകുകൾ വിരിയുമ്പോൾ !!!

ഇത്രമേലാഴത്തിൽ നീ വേരിറങ്ങിയതിനാലാകണം വിട്ടു പോകാനാവാതെ ഞാനിങ്ങനെ ഊർദ്ദശ്വാസം വലിക്കുന്നത്. എങ്കിലും പിരിയാതെ നില്കുവാൻ നിന്നുടെ നിഷേധങ്ങളെ കണ്ടില്ലന്നു നിനയ്ക്കുന്നു. പെയ്തൊഴിയാത്ത മഴ പോലെ നിന്റെ ഗന്ധം എന്നെ ചൂഴ്ന്ന് നില്ക്കയും നിന്റെ അധര മൃദുലതയിലൂടെ എന്റെ വിരലോടുകയും ചെയ്യുന്നു. ഇളം ചൂടാർന്ന മാറിൽ ചേർന്നിരിക്കെ ഹൃദയതാളമാകുന്നതറിയുന്നു. ചേർന്നു പോകാൻ കൊതിക്കുമെൻ മുഖമാലോലമാ പുക്കിൾ ചുഴിയിലെങ്കിലും ഒരു ദീർഘനിശ്വാസമോടെ അധരങ്ങളെ കടിച്ചമർത്തി ഞാൻ മടങ്ങുന്നു. ഒരിക്കലെങ്കിലും വിടരുമാ പുഷ്പത്തിൽ മധു നുകരുവാനെന്നെയൊരു ശലഭമായണയ്ക്കും നിൻ ക്ഷണം കൊതിച്ചിന്ന്. . ..... ബി.ജി.എൻ വർക്കല

Saturday, June 27, 2020

പാഴ് ജന്മം

ഇരുള് കനക്കുന്നു ചുറ്റിലും
രാപ്പുള്ളുകള്‍ സംഗീതമാലപിക്കുന്നു .
വിരലുകള്‍ വിറപ്പിച്ചു മാമരം
മണ്ണിന്റെ ഉടുപുടവ നെയ്യുന്നുവല്ലോ . !

ഇണയെപിരിഞ്ഞൊരു കിളിതന്‍
വിഷാദ രാഗം മുഴങ്ങുന്നനന്തതയില്‍
പുഴയെ മറന്നൊരു കാറ്റിന്‍ വലയില്‍
കുടുങ്ങി വരുന്നൊരു ഗന്ധമെന്‍ ചുറ്റിലും.

ഹൃദയങ്ങള്‍ ഇണചേരും രാവിന്‍
പൂക്കള്‍ തന്‍ ഗന്ധമിയലുമ്പോള്‍
കണ്ണുനീര്‍ വീണു കുതിരും തലയിണ
കണ്ടു നെടുവീര്‍പ്പിടുന്നു രജനിയും.

വാലു മുറിച്ചിട്ടോടുന്ന  ഗൗളിതന്‍
ജീവിതം പോല്‍ പിടയുന്നു മൗനംം.
കാലുവെന്തോടുന്ന നായുടെ ദീന -
രോദനം പോല്‍ സമയമിഴയുന്നു .

ഇമകള്‍ ചിമ്മാതൊരു ജീവന്‍
ഇരുള്‍ തിന്ന തിണ്ണയിലിരിപ്പൂ.
കടല് പോലിരുളില്‍ തിരതല്ലും ദുഃഖ-
കദനങ്ങള്‍ പേറുന്ന മാനവനൊന്നിതാ.

മരണം മണക്കുന്ന ചിന്തകള്‍ കൊ-
ണ്ടൊരു മണിമാളിക തീര്‍ത്തവന്‍.
അവനു കൂട്ടിന് ഇരുളും താരക -
ജാലവുമല്ലാതിന്നാരുണ്ട് പാരില്‍ ?

ഇല്ലവന് കൂട്ടായി മോഹമേ
നീ നല്‍കിയ വെള്ളി വെളിച്ചങ്ങള്‍ .
ഇല്ലവന് താങ്ങായി കാലമേ
നീയേകിയ കാല്‍പനിക കേദാരമൊന്നും .

നട്ടു നനച്ചവന്‍  മണ്ണില്‍ വരണ്ടതാം
പുഷ്പങ്ങള്‍ തന്‍ ശയ്യ പണ്ട്.
ഒട്ടും തളിര്‍ക്കാതെ പൂക്കാതെ
കായില്ല ചെടിയായവയെങ്ങോ പോയ്.

നേര്‍ത്ത കിനാവിന്റെ പാളികള്‍ മാറ്റി
കാറ്റ് കിന്നാരം പറഞ്ഞു പോയി .
കാട്ടുതീയൂതി  ചാരം പറത്തിയ കനലു -
പോലാ നെഞ്ചു പൊള്ളിപ്പിടഞ്ഞു.

പേരില്ലാതാ ജന്മം ഇരുള് തിന്നു -
മേതോ പാഴ് ജന്മമായി നിങ്ങളെണ്ണു.
കൗമാര ,യൗവ്വന മധ്യ ജന്മങ്ങളെ
ഊറ്റിയവരൊന്നുമില്ലെങ്കിലും. 
പേരില്ലാതാ  ജന്മം ഇരുള് തിന്നുമേതോ
പാഴ്ജന്മമായി നിങ്ങളെണ്ണുക .
-----------ബിജു ജി നാഥ് വര്‍ക്കല 



കൊറോണാക്കാലം

കൊറോണാക്കാലം 
....................................
മരിച്ചു പോകുന്നതിനും വളരെ മുമ്പേ
എനിക്കത് പറയണമെന്നുണ്ട്.
ചിലപ്പോൾ...
ഞാൻ ഭയന്നിരുന്നതാണ്
പക്ഷേ പറയാതിരിക്കുന്നതെങ്ങനെ?
കൈ കൊട്ടി അഭിനന്ദിക്കാൻ പറഞ്ഞപ്പോൾ
തകിലു കൊട്ടി ആനന്ദിച്ചവർ
വെളിച്ചം കൊളുത്താൻ പറയുമ്പോൾ
പുര കത്തിക്കുമെന്ന് ഭയക്കുന്നുണ്ട് ഞാൻ .
അങ്ങനെ കത്തിച്ചാവുന്ന 
അനേകം അണുക്കൾക്ക് പക്ഷേ
എന്നെ വേണ്ടായെന്നു തോന്നിയേക്കാം 
എങ്കിലും
നിന്നോടു പറയാതെ വയ്യ തന്നെ.
പണ്ട് 
വളരെ വളരെപ്പണ്ട്
ഇടവഴികളിലെ ഏകാന്തതയിൽ
നിനക്കു തരാൻ കരുതി വച്ച്
കൈവിയർത്ത് 
ഒടുവിൽ സ്വയം കത്തിച്ചു കളഞ്ഞ ഹൃദയം
അത് ഇന്നിപ്പോൾ
അല്പ ധൈര്യം നിറച്ച്
മരിക്കുമെന്ന ഉൾവിളി നിറച്ച്
നിന്നോട് പറയാമെന്നായിട്ടുണ്ട്.
നോക്കൂ
ഞാനിപ്പോൾ പഴയ കാമുകനല്ല.
ചപലമായ വാക്കുകൾ ഒട്ടുമില്ല കൈയ്യിൽ
പറയാൻ ഒന്നേയിനി ബാക്കിയുള്ളൂ.
വായിലൂടെ പകരുന്നതിനാൽ ചുംബനത്തിനും
കൈകളിലൂടെ പകരുമെന്നതിനാൽ വിരലുകളിലും
ഇനി നിൻ്റെ ചുംബനം ലഭിക്കുകയില്ല.
ഉറങ്ങിയുണരാൻ ഇനിയും പകലുമില്ല.
ഈ വൈകിയ വേളയിൽ
ഇപ്പഴെങ്കിലും 
നിനക്കെൻ്റെ മുഖത്തൊന്നു നോക്കിക്കൂടെ.
നിൻ്റെ കണ്ണുകളിലൂടെ
മൃതിയുടെ ശവം നാറി പ്പൂക്കളല്ലാതെ
പ്രണയത്തിൻ്റെ സൗരഭം ഞാനറിയട്ടെ.
അവസാന യാത്രയിൽ
നിൻ്റെ ഗന്ധം വഹിച്ചുകൊണ്ട്
ഞാനൊന്നു യാത്രയാകട്ടെ!
...........ബി.ജി.എൻ വർക്കല

Friday, June 26, 2020

ഒരേ കടൽ നീന്തി കടക്ക നാം.!

ഒരേ കടൽ നീന്തി കടക്ക നാം.!
...................................................
അരയിലൊരൊറ്റ മുണ്ടുമായ-
രികിലിരിപ്പു നീയെൻ്റെ ഓമലേ !
നനുനനെ തൂവലുടലു പോലെ
തിളങ്ങുന്നു നിൻ കവിളുകൾ മോഹനം.

ഇരുണ്ട ചുവപ്പിൽ വരണ്ട നിൻ
അധരദളങ്ങൾ,വിടർന്നപുഷ്പം.!
കറുകറുപ്പിൽ വെള്ളിക്കസവണി-
ഞ്ഞുടലിൽമൂടിക്കിടക്കും ചികുരവും.

പ്രണയമോ വാത്സല്യമോ ,ആരാകിലെന്ത്
മതിവരുവോളം കുടിച്ചുവറ്റിച്ചൊരാ
പഴയ പ്രസരിപ്പിൻ തുടുതുടുപ്പിൻ്റെ
ഒഴിഞ്ഞ സഞ്ചി പോൽ ഉണക്കമുന്തിരികൾ!

ഒടിഞ്ഞു തൂങ്ങും ചുമലിൽ, ചുമടെടുപ്പിൻ
കൊടിയ ഭാരത്തിൻ കാളിമ പടർന്നതോ.
വരണ്ട കൺകൾ തൻ മഷിക്കറുപ്പിൻ
ചിരിയിൽ വിരിയും പൂക്കളെ നോക്കി
ഞാനരികിലിരിക്കുന്നു നിർന്നിമേഷനായ്.

പറയുക നിൻ്റെ പ്രണയത്തിനെന്ത്
മധുരമെന്ന് ഞാൻ പറഞ്ഞതിൻ മറുപടി.
പകരുക നിൻ ജീവിതാഗ്നിതൻ ചൂടിൽ
വിടരുമാ പുഷ്പദളങ്ങൾ തൻ മധു.
ഒരു നിമിഷത്തിൻ്റെ ലഹരി പൂക്കുന്ന
നീലക്കടലു നാമിനി നീന്തിക്കടന്നിടാം.
..... ബി.ജി.എൻ വർക്കല

ഒറ്റയാൻ

ഞാൻ

ഞാൻ
............
ഒറ്റപ്പെടലിൻ്റെ ശൈത്യത്തിലമർന്ന്
ഉറ്റവരിൽ നിന്നെല്ലാമകലുന്നു വേനൽ !
തണുപ്പിൻ്റെ ഉച്ചകോടിയിൽ ഉറഞ്ഞുറഞ്ഞ്
വേദനകളെയെല്ലാം ഞെരിച്ചമർത്തുന്നു.
ഉഷ്ണമാളിക്കത്തിച്ചു പെയ്യും സൂര്യൻ്റെ
തീക്കൈകളിൽ ഇരുവശം ചുട്ടെടുത്തിട്ടും
അഗ്നിവാതങ്ങളിൽ പൊതിഞ്ഞെടുത്ത്
നിബിഢാന്ധകാരത്തിലേക്കാഞ്ഞെറിഞ്ഞിട്ടും
അസ്ഥിപൂക്കും തണുപ്പിൽ കിടന്ന്
മൃത്യുവിനെ കാമിക്കുന്നു നിത്യമീ ഞാൻ!
.... ബി.ജി.എൻ വർക്കല

Thursday, June 25, 2020

എനിക്ക് ശ്വാസം മുട്ടുന്നു


എനിക്ക് ശ്വാസം മുട്ടുന്നു


ഒരു വാരമാകുന്നെൻ മനോരഥമിങ്ങനെ
അലസം വിരസം അരോചകം.
കടലോര മാലിന്യം തുടച്ചു മാറ്റും പോലെൻ്റെ
ഗതകാല ചിന്തകൾ മാഞ്ഞുപോയി....

അന്യൻ്റെ തറയോട് വൃത്തിയാക്കുമ്പോഴും,
രാവിന്നവശിഷ്ടം കോരി 
പാതകൾ മിനുക്കുമ്പോഴും,
കൗമാരക്രൗര്യത മുഖത്താട്ടി
മണി പേഴ്സ് കവരുമ്പോഴും,
ജാതി പറഞ്ഞൊരാട്ടും തുപ്പും ആവോളം നുകരുന്നുണ്ട് ഞാൻ.
എങ്കിലുമവ തൊട്ടിരുന്നില്ലത്ര മേൽ
ചിത്തത്തിനോടുള്ള കലഹത്തിൽ,
ഇന്നതും മാഞ്ഞു പോയ്..

എന്തായിരുന്നിരിക്കാമെനിക്കന്ന്
കൂട്ടരോടൊത്ത് ഉല്ലസിക്കാൻ
വയ്യാതെ പോയതും
കൂട്ടത്തിൽ കൂടുവാനാകാതെ പോയതും
രണ്ടാമനാകുമ്പോൾ
ഉന്മാദിയായതും
ഏറ്റം പിറകിലെ ഊരുകാരന്നും
തൊട്ടുപിറകിൽ സ്ഥാനം പിടിച്ചതുമെന്നുമേ?. 

അന്യൻ്റെ നേരംപോക്കിന് 
കാരണജന്മമായതും സന്തോഷം.
എത്ര ഭയാനകം, എങ്കിലും ഞാനെന്നും
കണ്ടു കുതൂഹലമെന്നിലും
പിന്നെൻ കുലത്തിലും.
അവിടെൻ്റെ തന്തയും തള്ളയും
ഞങ്ങൾ കിടാങ്ങൾക്കായി 
ദുരിതക്കടലുകളൊരുപാട് നീന്തി
വിയർപ്പുരുക്കിയിരുന്നതെത്രയോ !.

എന്നിലെ എന്നെ വളരുവാൻ,
എൻ്റെ ചിന്തയിലെ ജ്വരങ്ങളടക്കുവാൻ,
എന്നിലെ എന്നെ ശക്തനാക്കാൻ
ഞാനെന്തെന്നറിഞ്ഞെന്നെ നയിക്കാൻ
എനിക്കുള്ളിലൊരുവനുണ്ടായിരുന്നു.
എങ്കിലും ,
എൻ്റെ തൊലിക്കടിയിൽ ഒളിഞ്ഞു കിടക്കും മുറിവുകൾ,
അവ നല്കും വേദന
ഒക്കെയും നിനക്കദൃശ്യമായ വിടെയുണ്ടെന്നും.

എനിക്കിപ്പോഴറിയാം
ജാതീയത ഒരു രോഗമാണ്.
ജാത്യാക്ഷേപികളുടെയും
വരേണ്യതയുടെയും
മനസ്സിൽ ബാധിച്ച വൈറസ് .
സഹാനുഭൂതികൾ ചൊരിയുന്നവർക്കും
തുല്യനീതിക്ക് നിയോഗിച്ച നിയമപാലകർക്കും
പൊട്ടിച്ചിരിക്കാനുതകുന്ന തമാശ.
അതധികം നീളുന്നില്ല
ഒരു വെളുത്ത കാൽമുട്ടിൻ കീഴിൽ 
ഒരു കറുത്ത കഴുത്ത്
എട്ട് മിനിറ്റും
46 സെക്കൻ്റും ഞെരിയുമ്പോൾ
നഗരങ്ങൾ എരിഞ്ഞു തുടങ്ങുമ്പോൾ
ലോകം നിലവിളിച്ചു തുടങ്ങുമ്പോൾ
" എനിക്ക് ശ്വാസം മുട്ടുന്നു "
... ബി.ജി.എൻ വർക്കല
സ്വതന്ത്രവിവർത്തനം .
I’ve been feeling so weird all week
A strange kind of numbness,
Thinking about why these childhood 
Memories have washed up,
Like garbage on a beach... 

Sure, I was punched and kicked and 
Called a ‘Paki’
I cleaned floors that were not mine,
Woke up to buckets of ice 
In the dead of night,
Gave my wallet to bigger kids who 
Spat in my face,
But none of that stung 
Nearly as much as the time my 
Mind joined in the battle against me
And suddenly it was easier...

To see why 
I couldn’t 
Hang with those other kids, 
Why I couldn’t play on that team, 
Why I was happy to come second and 
Stand behind them, 
The Asian
Friend.

It’s fine, I thought,
Being the subject 
Of other people’s jokes 
Hell, I found it funny too
To laugh at myself, against myself, at 
Punchlines about ‘Pakis’, about people like 
My Mum and my Dad, who had 
worked and Worked and struggled and 
Crossed oceans
Giving up everything
To find their children
Opportunities. 

That guy in my head grew 
Louder and Stronger 
Fed by the illness in my brain, 
And it made me do things to myself
To fit in. 
To belong. 
To accept and 
Move on. 
Scars that will always remain
Beneath the melanin 
And my pain, 
That will forever
Be there 
Invisible to your 
Eye.

I see it now 
Racism is an illness,
A spineless virus crawling  
In the minds of oppressors and bullies, 
In the silence of the apathetic 
In the hearts of those who learn to cope 
By laughing along with a joke
Until it’s not funny anymore
And a white knee is pressed down on a 
Black neck for 
8 minutes and 
46 seconds
Then cities burn 
And fires rise 
And the whole world 
Screams 

“I Can’t Breathe”

https://m.facebook.com/story.php?story_fbid=10157627619843214&id=502273213

Wednesday, June 24, 2020

മുദ്രാരാക്ഷസം .........വിശാഖദത്തൻ

മുദ്രാരാക്ഷസം (നാടകം)
വിശാഖദത്തൻ
ഡി.സി.ബുക്സ് (2009)
വില: 

ചിലകാലങ്ങളിൽ ചിലർ എഴുതുന്നവ പില്ക്കാലത്ത് വളരെ പ്രാധാന്യമുള്ളവയായി കാണാറുണ്ട്. ഒരു രാജ്യത്തിൻ്റെ ഭരണം, രാജതന്ത്രങ്ങൾ, ചര്യകൾ, ചിലപ്പോൾ നീതി നിർവ്വഹണങ്ങൾ, സംസ്കാരം ഒക്കെ ഇത്തരം ഗ്രന്ഥങ്ങൾ സ്വാധീനിക്കുന്നതായി കാണാൻ കഴിയാറുണ്ട്. വ്യക്തമായി കാലഘടന അറിയാത്ത മനുസ്മൃതിയും, പല നൂറ്റാണ്ടുകളിൽ പകർന്നു വന്ന ഇതിഹാസങ്ങളും സെമിറ്റിക് മത വിശ്വാസങ്ങളും സംസ്കാരങ്ങളും ഒക്കെ ഇത്തരം ചിന്തകൾ, സംസ്കാരം , ഭരണതന്ത്രം തുടങ്ങി വിവിധ മേഖലകളിൽ മൃഗീയമായ കൈകടത്തലുകൾ നടത്തുന്നതായി കാണാൻ ഇന്നു കഴിയുന്നുണ്ട്. പല കാലത്തെ, ദേശത്തെ സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ ലോകം. ഇന്ത്യയും ഇക്കാര്യത്തിൽ മുന്നിലാണ്. വായ് മൊഴിയും വരമൊഴിയുമായി കടന്നു വന്ന ഇതിഹാസങ്ങളിലെ മഹാഭാരതത്തിൽ പിൽക്കാലത്ത് കൊരുത്തു കെട്ടിവച്ച അഹിംസയുടെ ദിവ്യതയായ ഭഗവത് ഗീത പില്ക്കാലത്ത് അനവധി വ്യാഖ്യാനങ്ങളിലൂടെ കടന്ന് ഒരു സംസ്കാരത്തിൻ്റെ ഭാഗവും ഭാരവും ആയി മാറിയത് ഭാരതത്തിൻ്റെ സാംസ്കാരിക വളർച്ചയിൽ മനസ്സിലാക്കാൻ കഴിയും. മനുസ്മൃതിയുടെ സ്വാധീനമാകട്ടെ ഇന്ത്യയിൽ വലിയ തോതിൽ വളരെ ആഴത്തിൽത്തന്നെ വേരോടിയ ജാതി സമ്പ്രദായത്തിൻ്റെയും നീതി നിർവ്വഹണങ്ങളുടെ അടിസ്ഥാനത്തിൻ്റെയും മൂലക്കല്ലായി നില്ക്കുന്നുണ്ട്. അർത്ഥശാസ്ത്രമായ ചാണക്യസൂത്രത്തെ ഭരണത്തിൻ്റെ ആധാരശിലയായാണ് ഭാരതം വാഴ്ത്തുന്നത്. 
എഴുതിയ കാലമോ എഴുത്തുകാരനെയോ കുറിച്ച് അധികമൊന്നും അറിയാത്ത ഒരു പാട് സാഹിത്യ കൃതികളും വ്യക്തികളും കടന്നു പോയിട്ടുണ്ട് ഭാരതത്തിൻ്റെ സംസ്കാരിക മണ്ഡലത്തിൽ നിന്നും. അത്തരം ഒരു സാഹിത്യകാരനാണ് വിശാഖദത്തൻ. അദ്ദേഹത്തിൻ്റെതായറിയപ്പെടുന്ന കൃതികളിൽ ഒന്നാണ് പിൽക്കാലത്ത് കണ്ടെടുക്കപ്പെട്ട മുദ്രാ രാക്ഷസം എന്ന സംസ്കൃത നാടകം. ഇതിൻ്റെ പ്രത്യേകതയെന്താണ് എന്ന് തിരഞ്ഞാൽ ചാണക്യൻ , ചന്ദ്രഗുപ്ത മൗര്യൻ എന്നിവരുടെ കാലത്തേക്കുള്ള ഒരു യാത്രയായി ഇതിനെ കാണാം എന്നതാണ്. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാകുന്നവർ ചാണക്യനും ചന്ദ്രഗുപ്ത മൗര്യനും അമാത്യ രാക്ഷസനും ആണ്. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൻ്റെ ചിന്തകളും സംസ്കാരവും പ്രവൃത്തികളും സാമൂഹ്യ പരിക്രമങ്ങളും ഒക്കെ അറിയാൻ ഈ നാടകം സഹായകമാകുന്നുണ്ട്.  ചാണക്യൻ ആരാണ് എന്നും അയാൾ ചന്ദ്രഗുപ്ത മൗര്യ നിലൂടെ എങ്ങനെയാണ് ഒരു സാമ്രാജ്യരൂപീകരണത്തിന് അടിത്തറയിട്ടത് എന്നും മറ്റുമുള്ള വിവരങ്ങളെ കാല്പനികത കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന ഒരു നാടകമാണിത്.  
നാടകം എന്നത് കൊണ്ട് നാം വായിച്ചു പഴകിയ നാടക സങ്കേതങ്ങളുമായി ബന്ധപ്പെടുത്തി ഈ പുസ്തകത്തെ വായിക്കാനാകുമോ എന്നു കരുതരുത്. ഡി.സി ഇത് അവതരിപ്പിച്ചിരിക്കുന്നത് ഒരു നോവലോ കഥയോ പോലെയാണ്. പഴയ രൂപത്തിലും പുതിയ രൂപത്തിലും ഇൻ്റർനെറ്റിലുമീ പുസ്തകത്തിൻ്റെ പല പതിപ്പുകൾ പലരുടെ പേരിൽ കാണാൻ കഴിയുന്നുണ്ട് പി ഡി എഫ് കോപ്പികൾ. കൊറോണക്കാലത്തിൻ്റെ ആനുകൂല്യത്തിൽ ഡിസിയും ഈ പുസ്തകം സൗജന്യമായി വായിക്കാൻ നല്കിയ സൗകര്യം മുതലാക്കിയാണ് ഈ വായന തരപ്പെടുന്നത്. 
രാജ്യതന്ത്രജ്ഞനായ ചാണക്യൻ്റെ കൂർമ്മതയും രാജാവിൻ്റെ , മന്ത്രിയുടെ ഭരണത്തിലുണ്ടാകേണ്ട ഗുണ ഗണങ്ങൾ എന്നിവയും നല്ല രീതിയിൽ പറയുന്ന ഈ പുസ്തകം രാജ ഭരണത്തിലല്ല ജനാധിപത്യ വ്യവസ്ഥയിലും വളരെ പ്രാധാന്യമർഹിക്കുന്ന ചില ചിന്തകൾ പങ്കു വയ്ക്കുന്നുണ്ട്. ഒരുപക്ഷേ അതിനാലാകാം ഈ പുസ്തകം ഇന്നും വായനയിൽ പ്രസക്തമാകുന്നത്.
ഒരു നല്ല വായനയുടെ അനുഭവം നല്കുന്ന ഈ പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതു തന്നെയാണ്. ആശംസകളോടെ ബി.ജി.എൻ വർക്കല

വാക്ക് ആയുധമാകുന്നു

വാക്ക് ആയുധമാകുന്നു.
...........................................

ഒരു നിമിഷത്തിൻ്റെ ഭ്രാന്തമാം വേദന
അലയടിക്കുന്ന ചിത്തത്തിലാഴവേ
മറുപുറത്തിൻ്റെ മാനസമറിയാതെ
എറിഞ്ഞ വാക്കിൻ്റെ മുനകൾ ഭയാനകം!

നിലവിളിച്ചു പിടഞ്ഞു വീഴുന്നോരാ 
ചപലഹൃത്തിൻ തേങ്ങലറിയാതെ
മധുനുകർന്നു മതിമറന്നുറങ്ങിയ
മൃതിയുപേക്ഷിച്ച ദേഹിയെന്തറിയുന്നു.?

മുറിവ് വലുതാണെന്നറിയുകിൽ പോലും
അറുത്തെടുക്കുന്നു ഹൃദയത്തിൽ നിന്നുമേ
തിരികെ നടക്കുന്നു പിൻവിളി കേൾക്കാതെ
ബധിരമായിരുൾ കാട്ടിലേക്കകമായ്.

മടിയിലിരുത്തി പറഞ്ഞ കഥകൾക്കും
തോളിലിട്ടന്നു പാടിയ താരാട്ടിനും
നരിയുടെ മുഖമൊളിപ്പിച്ച നരനുടെ
മണമതുണ്ടെന്നറിയുന്ന വേദന...

പറയുവാനിനിയില്ലൊരു ന്യായവും
നല്‌കുവാനില്ല മാപ്പെന്ന ചിന്തയും
ഹൃദയമുറപ്പിച്ചു പറയുന്ന വേളയിൽ
പിരിയുകില്ലെങ്കിൽ നാമെന്തു മാനുഷർ!
... ബി.ജി.എൻ വർക്കല

Monday, June 22, 2020

മനസ്സറിഞ്ഞ ജീവിതം ....... ജയശ്രീ പ്രകാശ്




മനസ്സറിഞ്ഞ ജീവിതം (നോവല്‍)
ജയശ്രീ പ്രകാശ്‌
മാതൃഭാഷ ബുക്സ്
വില : 130 രൂപ


നോവലുകള്‍ എപ്പോഴും ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന വലിയ വായനകള്‍ ആണ് . ഓരോ ജീവിതത്തെയും അടയാളപ്പെടുത്താന്‍ ഒരു നോവലിന് കഴിയുന്നത്ര എളുപ്പമല്ല ഒരു കഥയോ കവിതയോ കൊണ്ടുള്ള ചിത്രീകരണം . അതുകൊണ്ട് തന്നെ സമ്പൂര്‍ണ്ണമായ ഒരു ജീവിതത്തെ അടയാളപ്പെടുത്തേണ്ടി വരുമ്പോള്‍ എപ്പോഴും നോവല്‍ എന്ന സാഹിത്യ ശാഖയെ തന്നെ ആശ്രയിക്കേണ്ടി വരിക സ്വാഭാവികമാണ് . ഇത്തരം, ജീവിതങ്ങളുടെ അടയാളപ്പെടുത്തലുകള്‍ വായനക്കാരെ പരിചയപ്പെടുത്തുക ഓരോ കാലങ്ങളും സംഭവങ്ങളും സംസ്കാരവും ജീവിതരീതികളും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഒരു നോവല്‍ എന്നത് ഒരു ജീവിതം മാത്രമല്ല ഒരു സംസ്കാരമോ ഒരു ഭൂവിഭാഗത്തിന്റെ അടയാളപ്പെടുത്തലോ ഒക്കെയായി മാറും . കാലത്തെ അതിജീവിച്ച ഓരോ നോവലുകളും, ഇതിഹാസങ്ങളും വായനക്കാരെ ആകര്‍ഷിച്ചു നിലനില്‍ക്കുന്നത് ഈ പ്രത്യേകതകള്‍ കൊണ്ട് മാത്രമാണ് . നോവല്‍ രചനകള്‍ അതുകൊണ്ട് തന്നെ വ്യക്തമായ പഠനങ്ങളും പ്രമേയത്തോടുള്ള ആത്മാര്‍ഥതയും ഒക്കെ നിലനില്‍ക്കുന്ന അടയാളപ്പെടുത്തലുകള്‍ ആകണം . അടുത്തിടെ വായിച്ച സാറാ ജോസഫ് എഴുതിയ ബുധിനി ഇത്തരത്തില്‍ ഉള്ള ഒരു അടയാളപ്പെടുത്തലിനെ സാക്ഷ്യപ്പെടുത്തുന്ന നോവലാണ് എന്ന് പറയാം. പഴയകാല നോവലുകളായ ചെമ്മീന്‍ , കയര്‍ , ഒരു ദേശത്തിന്റെ കഥ , ഖസ്സാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍, ദല്‍ഹി  തുടങ്ങിയ ഒരുപാട് നോവലുകള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നുണ്ട്.  ഇവയൊക്കെ ഓര്‍മ്മിപ്പിക്കുന്നത് ഇന്നും നല്ല നോവലുകള്‍ ഉണ്ടാകുന്നില്ല എന്ന് പറയാനോ സ്ഥാപിക്കാനോ അല്ല പക്ഷേ നോവലുകള്‍ക്ക് സ്വത്വബോധം നഷ്ടമാകുന്നു അവ വെറും രചനകള്‍ ആയി മറവിയിലേക്ക് കളയാന്‍ ബാധ്യസ്തമാകുന്നു എന്ന് സൂചിപ്പിക്കുവാനാണ് .  അടുത്ത കാലത്ത് വായിച്ച നല്ല നോവല്‍ ഏതെന്നു ഒരു സര്‍വ്വേ നടത്തിയാല്‍ പുതിയകാല നോവലുകളുടെ എത്ര പേരുകള്‍ ഓര്‍മ്മയില്‍ വരും എന്ന ചോദ്യം സ്വയം ഓരോ വായനക്കാരും ചോദിക്കുന്നതിനൊരു ചിന്തയുണ്ടാക്കുക എന്നൊരു ഉദ്ദേശ്യ ഇല്ലാതില്ല.

എഴുത്തുകാരിയും  അധ്യാപികയുമായ ജയശ്രീ പ്രകാശ് ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി വീട്ടമ്മയാണ്. കവിതയുടെ തട്ടകത്തില്‍ നിന്നുള്ള ഒരു ചുവടുമാറ്റമോ ശ്രമമോ ആണ് നോവല്‍ രചന എന്ന് തോന്നിപ്പിക്കുന്ന അവരുടെ ആദ്യ നോവല്‍ ആണ് "മനസ്സറിഞ്ഞ ജീവിതം". നോവല്‍ രചനകളുടെ പരമ്പരാഗത മാമൂലുകള്‍ ഒന്നും വശമില്ലാത്ത ഒരാള്‍ നോവല്‍ എഴുതുമ്പോള്‍ സംഭവിക്കുക സത്യസന്ധത എഴുത്തില്‍ കൊണ്ട് വരാന്‍ ഉള്ള ശ്രമമാകും . അത്തരത്തില്‍ സത്യസന്ധത മാത്രം കൊണ്ട് ഒരു നോവലിനെ അടയാളപ്പെടുത്താന്‍ കഴിയുമോ എന്നത് പിന്നീടുള്ള ചിന്തയാണ് . ഈ നോവലില്‍ ജയശ്രീ പറയാന്‍ ശ്രമിക്കുന്നത് മായ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് . അവളുടെ കുട്ടിക്കാലത്ത് നിന്നും യൗവനത്തിലെ ഒരു ഭാഗം വരെ കൊണ്ട് വന്നു നിര്‍ത്തുന്ന രീതിയില്‍ അല്ലെങ്കില്‍ വര്‍ത്തമാന കാലത്ത് നിനുകൊണ്ട് തന്റെ ഭൂതകാലത്തിലൂടെ സഞ്ചരിച്ചു ഇന്നില്‍ വന്നു നില്‍ക്കുന്ന പോലെ അവതരിപ്പിക്കുന്നു. . എല്ലാ പെണ്‍കുട്ടികളെയും പോലെ ഒരു സാധാരണക്കാരിയായ നാട്ടിൻ പുറത്തുകാരിയായ ഒരു കുട്ടിയായാണ് മായ ജനിച്ചതും വളര്‍ന്നതും. കൂട്ടുകുടുംബ വ്യവസ്ഥിതിയുള്ള ഒരു കുടുംബ പശ്ചാത്തലത്തിലാണ് അവളുടെ ബാല്യകൗമാരങ്ങൾ. സ്നേഹവും, ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ദാമ്പത്യത്തിലെ കെട്ടുറപ്പുകളും മായയുടെ ജീവിതത്തിലെ അനുഭവ പാഠങ്ങള്‍ ആണ്. തന്റെ ജീവിതം കൊണ്ട് ചുറ്റുപാടിൽ മുഴുവൻ  പോസിറ്റീവായ ഒരു ഊര്‍ജ്ജം പ്രസരിപ്പിക്കാന്‍ മായ ശ്രമിക്കുന്നത് കാണാം . ദാമ്പത്യജീവിതത്തിലെ ഇഴയടുപ്പങ്ങള്‍ നഷ്ടമാകുന്നതും,  കുട്ടികള്‍ക്കിടയിലെ മാനസിക പ്രശ്നങ്ങളും, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ കുടുംബ ജീവിതത്തെ ബാധിക്കുന്നതും അതുപോലെ ആത്മഹത്യാ പ്രവണതയുള്ള മനുഷ്യരുടെ ജീവിതത്തെ തിരികെ പിടിക്കാന്‍ ഉള്ള ശ്രമങ്ങളും ഒക്കെയും മായ എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വ വികാസത്തിന്റെ ഉദാഹരണവും മാനുഷികമായ കാഴ്ച്ചപ്പാടുകളുടെ ഉന്നതിയുമാണ് കാണിക്കുന്നത് . ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മായയെ അവതരിപ്പിക്കുന്ന ജയശ്രീ, മായയുടെ കാഴ്ച്ചപ്പാടിലൂടെയും ചിന്തകളിൽ  കൂടെയും ആ ജീവിതത്തെ പറഞ്ഞു പോകാന്‍ ശ്രമിക്കുന്നു .  കഥാപാത്ര ചിത്രീകരണങ്ങള്‍ പലപ്പോഴും പാളിപ്പോകുക കഥാപാത്രങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് അവരുടെ ചിന്തയും സംഭവങ്ങളും ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് . ഇവിടെ മായയെ അവതരിപ്പിക്കുമ്പോൾ ജയശ്രീ അനുവിക്കുന്നതും ആ ഒരു ബുദ്ധിമുട്ടാണ് . പലപ്പോഴും മായയെ അവതരിപ്പിക്കുന്ന രീതി ഒരു പറഞ്ഞുപോക്ക് പോലെയോ വിവരണം പോലെയോ ഒക്കെ ആകുന്നു . ഒരു കഥ ആരോ പറഞ്ഞു കേള്‍പ്പിക്കുന്ന പ്രതീതി ചിലപ്പോ സംഭവിക്കുന്നു മറ്റു ചിലപ്പോള്‍ കഥാപാത്രം തന്നെത്തന്നെ അവതരിപ്പിക്കുന്നു . ഏതു രീതിയിലായാലും കഥാപാത്രത്തിൻ്റെ ശരിയായ പാത്ര വത്കരണവും മാനസിക സഞ്ചാരങ്ങളും ദ്യോതിപ്പിക്കുവാനും അത് വായനക്കാരില്‍ ശരിയായി സന്നിവേശിപ്പിക്കുവാനും കഴിയാത പോകുന്നുണ്ട് . ഇത്തരം ബുദ്ധിമുട്ടുകള്‍, എഴുത്തില്‍ കാണിച്ച ധൃതിയും വായനയുടെ കുറവും കൊണ്ടാകാനാണ് സാധ്യത . ചിലപ്പോഴൊക്കെ മുട്ടത്തു വര്‍ക്കി കഥകളുടെ ഒഴുക്കും ശീലും കടന്നു വരുന്നുണ്ട് എങ്കിലും പാത്ര സൃഷ്ടിയിലും നോവല്‍ രചനയിലും ഇനിയും ഒരുപാട് മുന്നേറാന്‍ ഉണ്ട് ഈ എഴുത്തുകാരി എന്ന് ഈ ആദ്യ നോവലിലൂടെ തന്റെ ബാലാരിഷ്ഠതകള്‍ നിരത്തി വായനക്കാരോട് പറയുന്നുണ്ട് .

നല്ല കഥയാണ് . നല്ലൊരു ഇതിവൃത്തവും അതുപോലെ സന്ദേശവും അടങ്ങിയ നോവല്‍ . കുറേക്കൂടി മനസ്സിരുത്തി എഴുതുകയായിരുന്നുവെങ്കില്‍ അതിനെ  കുറച്ചുകുടി മെച്ചമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നി .

കവിതയില്‍ നിന്നും നോവലിലേക്ക് ചുവടു മാറിയ ജയശ്രീയുടെ ഈ ആദ്യ സംരംഭം ഒരു അനുഭവമായി, പരീക്ഷണമായി കരുതി കൂടുതല്‍ മെച്ചപ്പെട്ട നോവലുകള്‍ സൃഷ്ടിക്കാന്‍ കഴിയട്ടെ എന്ന ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല





Wednesday, June 10, 2020

അഗ്നിസാക്ഷി-.........ലളിതാംബിക അന്തർജ്ജനം

അഗ്നിസാക്ഷി (നോവൽ) ലളിതാംബിക അന്തർജ്ജനം 
ഡി സി ബുക്സ് ( 2010), 
വില: ₹: 75.00



ഒരു കാലഘട്ടത്തിൻ്റെ നേർ ചിത്രം വരയ്ക്കുക എന്നത് എളുപ്പത്തിൽ കഴിയുന്ന ഒന്നല്ല. അതുപോലെ തന്നെ ആ ചരിത്രം ചിത്രവത്കരിക്കുക എന്നതും. ബോറടിക്കാതെ അവ വായനാ രൂപത്തിൽ എത്തിക്കുവാനുള്ള ശ്രമം എപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ് സംഭവിക്കുക. 1976 ൽ ആദ്യം പ്രസിദ്ധീകരിച്ചതും അവാർഡുകളും അംഗീകാരങ്ങളും ഒരു പിടി വാരിയതുമായ ഒരു നോവലിന് ഇന്നും ജനപ്രീതിയുള്ളതുകൊണ്ട് ഡി.സി യ്ക്കു അത് വീണ്ടും 2010ൽ പ്രസിദ്ധീകരിക്കാനും എഡിഷനുകൾ ആകുന്നതിനും സാധിച്ചത്. സിനിമയിൽ ആ നോവലിനെ അതേ ഊഷ്മളതയോടെ ചിത്രീകരിക്കാൻ സാധിച്ചുവോ എന്നറിയില്ല. മിക്കപ്പോഴും അത്തരം ചലച്ചിത്ര വത്കരണം നോവലിൻ്റെ ആത്മാവിനെ പിഴുതെറിയുന്ന വികല കാഴ്ചകളാണ് നമുക്ക് അനുഭവവും.

ഒരു നോവലായി അഗ്നിസാക്ഷി പുറത്തു വരുന്നതിൻ്റെ പിന്നിലെ വേദനയും വിങ്ങലും ബുദ്ധിമുട്ടുകളും എഴുത്തുകാരി പറയുന്നുണ്ട് കുറിപ്പിൽ. ഒരു കാലത്ത് ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിച്ചിരുന്ന പ്രബലമായ ഒരു വിഭാഗമായിരുന്നു ബ്രാഹ്മണ സമൂഹം. പിൽക്കാലത്ത് അവർ അവശേഷിപ്പിച്ചു പോയ ചാതുർവർണ്യത്തിൻ്റെ ദുഷിച്ച രേഖകൾ ഒട്ടും മങ്ങാതെ സമൂഹം പിന്തുടരുമ്പോഴും ഉയർച്ചയുടെ പടവുകളിൽ നിന്നും വളരെ ദയനീയമായി അവർ താഴേക്ക് പതിച്ചു പോയത് ചരിത്രത്തിൻ്റെ തമാശയാണ്. പൂർണ്ണമായും ബ്രാഹ്മണാധിപത്യം തീർന്നു എന്നു കരുതുക വയ്യെങ്കിലും കേരളം കുറെയേറെ മുന്നോട്ട് പോയി എന്നു കാണാം. എങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും അവരെ (ബ്രാഹ്മണ സമുദായത്തെ) എപ്പോഴും സമൂഹത്തിൽ നിന്നും വേറിട്ടു നിൽക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത് ഇതര മതങ്ങളിലും പ്രകടമാണ് എന്നതിനാൽ മതപരമായ ഒരു ദോഷമായി മാത്രമേ ഇതിനെ വിവക്ഷിക്കുവാൻ കഴിയുകയുള്ളു.

വിവാഹിതയായി മാമ്പള്ളിയില്ലത്തേക്ക് വരുന്ന വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള ഒരു പെൺകുട്ടിക്ക് ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത ഒരിടമായിരുന്നു ആ ഇല്ലം. മാമൂലുകളുടെ പുഴുക്കുത്തുകളിൽ വീണ് പുരോഗമനമോ പരിഷ്കാര മോ കാണാൻ ശ്രമിക്കുകയോ മാറാൻ ശ്രമിക്കുകയോ ചെയ്യാത്ത ഒരു കുടുംബത്തിൽ അവൾ തികച്ചും ഒറ്റപ്പെട്ടു പോകുകയാണ്. നല്ല നേരം നോക്കി സന്താന സൗഭാഗ്യത്തിനു വേണ്ടി മാത്രം സ്വന്തം പുരുഷനെ കിടക്കയിൽ സ്വീകരിക്കേണ്ടതായ ഭാര്യാധർമ്മം! കുളിയും തേവാരവുമായി അകത്തു മറഞ്ഞിരിക്കേണ്ടി വരുന്ന സ്ത്രീകൾ. ഇഷ്ടം പോലെ സ്ത്രീ സംസർഗ്ഗം നടത്താനും പുറം ലോകത്ത് ചുറ്റാനും അധികാരമുള്ള പുരുഷൻ. ഇത്തരം ഗാർഹികമായ ' ദാമ്പത്യപരമായ ഒട്ടനവധി കാര്യങ്ങളിൽ മതവും ആചാരാനുഷ്ഠാനങ്ങളും ഉപയോഗിച്ചു സമൂഹം വേലികളും വാതിലുകളും സൃഷ്ടിച്ചു വച്ചിരുന്നു. ഇതിൽ നിന്നും പുറത്തു ചാടാൻ ഉത്പതിഷ്ണുക്കൾ ആയ പുതിയ തലമുറ ശ്രമിച്ചു തുടങ്ങിയപ്പോൾ മാറ്റത്തിൻ്റെ കൊടുങ്കാറ്റും മാനസിക സംഘർഷങ്ങളുടെ വേലിയേറ്റവും മനകളിൽ സംഭവിച്ചു. ഇവയിൽ അടപടലം വീണു പോയവരും വിജയിച്ചവരും ഉണ്ട്. അവരുടെ കഥയാണ് അഗ്നിസാക്ഷി. 

എങ്കിലും പ്രധാനമായും ദേവകി മാ നമ്പള്ളിയുടെ കഥയാണിത് എന്നു പറയാം. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി സ്ത്രീകൾ പൊതുവേ ചെയ്തു പോയിരുന്ന രണ്ടു വസ്തുതകൾ ഒന്ന് സന്യാസത്തിലേക്ക് (ഭക്തിയിലേക്ക് ) വഴുതി മാറുന്നതോ അതല്ലെങ്കിൽ സാമൂഹ്യ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോ ആയി കാണാം. ഒന്നുകിൽ ഒഴിഞ്ഞുമാറി ഒറ്റയ്ക്കാവുക അല്ലങ്കിൽ തിരക്കിലലിഞ്ഞ് എല്ലാം മറക്കാൻ ശ്രമിക്കുക. ഇവിടെ ദേവകി മാനമ്പള്ളിയും ആ പാതതന്നെ തിരഞ്ഞെടുത്തതായി കാണാം. മാന്യമായി വസ്ത്രം ധരിച്ചും മറക്കുട വലിച്ചെറിഞ്ഞും അവർ സമൂഹത്തിലേക്കിറങ്ങി. യാത്ര തുടർന്നു എങ്കിലും ദാമ്പത്യത്തിൻ്റെ അലോസരത അവരെ വിടാതെ പിന്തുടർന്നു മഥിച്ചു കൊണ്ടിരുന്നതിനാൽ മാത്രമാണ് അവർ സന്യാസത്തിലേക്ക് തിരിയുന്നത്. അവിടെയും അവർ വിജയിക്കുന്നില്ല എന്ന കാഴ്ച സമ്മാനിച്ചുകൊണ്ട് നോവൽ അവസാനിക്കുന്നു.

ബ്രാഹ്മണ സമുദായത്തിൻ്റെ ഒരു കേരള കാലഘട്ടത്തെ മനസ്സിലാക്കാൻ ഉതകുന്ന വായനയാണ് ഇത്. പൂർണ്ണമായും അല്ല എങ്കിലും സ്ത്രീകൾ അനുഭവിച്ച യാതനകൾക്ക് കുറച്ചൊക്കെ വെളിപ്പെടുത്താൻ കഴിഞ്ഞു എന്നത് എഴുത്തുകാരിയുടെ വിജയം തന്നെയാണ്. ഭാഷയുടെ ലാളിത്യവും അവതരണ ഭംഗിയും കൊണ്ട് വിരസതയില്ലാത്ത ഒരു വായന സമ്മാനിച്ചു. ആശംസകളോടെ ബി.ജി.എൻ വർക്കല.

കപാലം...... ഡോ.ബി.ഉമാദത്തൻ

കപാലം. ഒരു പോലീസ് സർജൻ്റെ കുറ്റാന്വേഷണ യാത്രകൾ.(ഓർമ്മ) 
ഡോ. ബി. ഉമാദത്തൻ, 
ഡി.സി.ബുക്സ് (2020)
വില: ₹ 252.00 


ഓർമ്മകളെ പങ്കു വയ്ക്കുക എന്നതിനോളം മധുരതരമായ മറ്റൊന്നുമില്ല വായനകളെ മനോഹരമാക്കാൻ! ആ ഓർമ്മകൾ, ജീവിതത്തിലോ ശൈലിയിലോ ചര്യകളിലോ ചിന്താഗതികളിലോ ഒക്കെ മാറ്റം നല്കുന്നവയാണെങ്കിൽ തീർച്ചയായും അത് കാലത്തിന് മുതൽക്കൂട്ടാണ്. ഇത്തരം ഓർമ്മകളെ പച്ചയായി അവതരിപ്പിക്കപ്പെടുന്നതാണ് കാലനീതി. ആത്മകഥകളും ഇതേപോലെ തന്നെയാണ്. കുട്ടിക്കാലത്തെ നേർവഴികളിൽ, നന്മകളിൽ കൂടി സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സഹായിക്കുന്ന പുസ്തകങ്ങൾ ഒക്കെയും ഒരു കാലത്ത് പഞ്ചതന്ത്ര കഥകളും നീതിസാരകഥകളും ഇതിഹാസങ്ങളും ഒക്കെയായിരുന്നു. പിന്നെയവ മഹാന്മാരുടെ ജീവിതകഥകൾ ആയി മാറി. ഈ ജീവിത കഥകളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി കണക്കാക്കുന്ന മഹാത്മാഗാന്ധിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഈ പുസ്തകം മുഴുവൻ വായിക്കുന്നതുവരെയും ഇതിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ ആയിരുന്നു. പക്ഷേ കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ വായിച്ച ചെറു ശകലമൊഴിച്ചു ബാക്കി മുഴുവനും മുതിർന്ന ശേഷമാണ് അതും സമീപകാലത്താണ് വായിക്കാനായത്. അത് നന്നായി എന്നും തോന്നി. ഒരു കുട്ടിയെ നന്മ പഠിപ്പിക്കാൻ ഉതകുന്ന ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല. പറഞ്ഞു വന്നത് ഓർമ്മകൾ എഴുതിപ്പിടിപ്പിക്കുന്നതിലെ സത്യസന്ധതയും അവ നല്കുന്ന ഊർജ്ജവും ആണല്ലോ. ആ രീതിയിൽ മൺമറഞ്ഞ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ പുസ്തകം ഒക്കെ പിന്നെയും ഒരു നല്ല ഗൈഡായി കാണാം എന്നു കരുതുന്നു.
"കപാലം'' എന്നത് കേരള പോലീസിലെ പ്രശസ്തനായ സർജൻ ഡോ. ബി. ഉമാദത്തൻ തൻ്റെ സർവ്വീസ് കാലത്തെ അനുഭവങ്ങളെ എഴുതിപ്പിടിപ്പിച്ചവയാണ്. അദ്ദേഹം തൻ്റെ  ആദ്യപുസ്തകമായ "ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ " എന്നതിൻ്റെ തുടർച്ചയായാണ് ഈ പുസ്തകം ഇറക്കിയത്. ആദ്യ പുസ്തകം ഒരു ഗൗരവതരമായ വായനയാണ് നല്കിയിരുന്നതെങ്കിലും അതിൻ്റെ ഭാഷ വായനക്കാരോട് ഒരു മയമുള്ള രീതിയിൽ അല്ല സംവദിച്ചത് എന്ന അദ്ദേഹത്തിൻ്റെ തന്നെ കണ്ടു പിടിത്തത്തിൽ നിന്നാണ് രണ്ടാമത്തെ പുസ്തകം ഒരു നോവലിൻ്റെ രീതിയിൽ എഴുതാൻ ശ്രമിച്ചത് എന്ന് കാണാം. അങ്ങനെ എഴുതുമ്പോൾ സ്വഭാവികമായും അതിനെ വായിക്കുന്നവർക്ക് മുഷിവ് തോന്നുകയില്ലല്ലോ. ഒരു പോലീസ് സർജനും പോലീസ് ഓഫീസറും ചേർന്ന് വളരെ ശാസ്ത്രീയമായ രീതിയിൽ കുറച്ചു അസ്വഭാവികമായ മരണങ്ങളെ കൊലപാതകമോ സാധാരണ മരണമോ എന്ന യാഥാർത്ഥ്യം കണ്ടെത്തി വെളിപ്പെടുത്തുന്നതാണ് ഇതിവൃത്തം. ഈ പുസ്തകം ഒരു വിധത്തിൽ പോലീസുകാർക്കും, കുറ്റാന്വേഷണ വിദഗ്ധർക്കും അതുപോലെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന ( പൈങ്കിളി തേടുന്നവർക്കല്ല) വർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. ഒരു നെഗറ്റീവ് ചിന്ത പറയുകയാണെങ്കിൽ കൊല ചെയ്യാൻ പ്ലാനിടുന്നവർക്കും ഇതു പകാരം തന്നെയാണ്. 
കൊലപാതകങ്ങൾ ചെയ്യുന്നവർ എല്ലായ്പ്പോഴും എന്തെങ്കിലും ഒരു അടയാളം അവശേഷിപ്പിച്ചു പോകും. വിദഗ്ധനായ ഒരു അന്വേഷകന് ഇത് കണ്ടെത്താൻ കഴിയുമ്പോൾ കുറ്റവാളി പിടിക്കപ്പെടുന്നു. ഒരു മൃതശരീരത്തെ എങ്ങനെയൊക്കെയാണ് ശാസ്ത്രീയ രീതിയിൽ പരിശോധിക്കുന്നതെന്നുള്ള വിവരങ്ങൾ വിശദമായി പറയുന്നതിലൂടെ ഈ പുസ്തകം ഒരു പഠന ഗ്രന്ഥമായി മാറുകയാണ്.  
ഭാഷകൊണ്ടും പ്രയോഗങ്ങൾ കൊണ്ടും വായനയെ മുഷിപ്പിച്ചില്ല എങ്കിലും ഇതിൽ പലയിടത്തും സമീപകാല നോവലിസ്റ്റുകൾ അനുവർത്തിക്കുന്ന 'ഞാൻ' എന്ന പൊലിമ നിറയെ കാണാമായിരുന്നു. ഒരു വിദഗ്ധ എഴുത്തുകാരനല്ലാത്തതിലെ കുഴപ്പങ്ങൾ ഒഴിച്ചു നിർത്തിയാൽ ഒരു നല്ല പുസ്തകമാണ് ഇത്. ആശംസകളോടെ ബി.ജി.എൻ വർക്കല