Saturday, June 27, 2020

പാഴ് ജന്മം

ഇരുള് കനക്കുന്നു ചുറ്റിലും
രാപ്പുള്ളുകള്‍ സംഗീതമാലപിക്കുന്നു .
വിരലുകള്‍ വിറപ്പിച്ചു മാമരം
മണ്ണിന്റെ ഉടുപുടവ നെയ്യുന്നുവല്ലോ . !

ഇണയെപിരിഞ്ഞൊരു കിളിതന്‍
വിഷാദ രാഗം മുഴങ്ങുന്നനന്തതയില്‍
പുഴയെ മറന്നൊരു കാറ്റിന്‍ വലയില്‍
കുടുങ്ങി വരുന്നൊരു ഗന്ധമെന്‍ ചുറ്റിലും.

ഹൃദയങ്ങള്‍ ഇണചേരും രാവിന്‍
പൂക്കള്‍ തന്‍ ഗന്ധമിയലുമ്പോള്‍
കണ്ണുനീര്‍ വീണു കുതിരും തലയിണ
കണ്ടു നെടുവീര്‍പ്പിടുന്നു രജനിയും.

വാലു മുറിച്ചിട്ടോടുന്ന  ഗൗളിതന്‍
ജീവിതം പോല്‍ പിടയുന്നു മൗനംം.
കാലുവെന്തോടുന്ന നായുടെ ദീന -
രോദനം പോല്‍ സമയമിഴയുന്നു .

ഇമകള്‍ ചിമ്മാതൊരു ജീവന്‍
ഇരുള്‍ തിന്ന തിണ്ണയിലിരിപ്പൂ.
കടല് പോലിരുളില്‍ തിരതല്ലും ദുഃഖ-
കദനങ്ങള്‍ പേറുന്ന മാനവനൊന്നിതാ.

മരണം മണക്കുന്ന ചിന്തകള്‍ കൊ-
ണ്ടൊരു മണിമാളിക തീര്‍ത്തവന്‍.
അവനു കൂട്ടിന് ഇരുളും താരക -
ജാലവുമല്ലാതിന്നാരുണ്ട് പാരില്‍ ?

ഇല്ലവന് കൂട്ടായി മോഹമേ
നീ നല്‍കിയ വെള്ളി വെളിച്ചങ്ങള്‍ .
ഇല്ലവന് താങ്ങായി കാലമേ
നീയേകിയ കാല്‍പനിക കേദാരമൊന്നും .

നട്ടു നനച്ചവന്‍  മണ്ണില്‍ വരണ്ടതാം
പുഷ്പങ്ങള്‍ തന്‍ ശയ്യ പണ്ട്.
ഒട്ടും തളിര്‍ക്കാതെ പൂക്കാതെ
കായില്ല ചെടിയായവയെങ്ങോ പോയ്.

നേര്‍ത്ത കിനാവിന്റെ പാളികള്‍ മാറ്റി
കാറ്റ് കിന്നാരം പറഞ്ഞു പോയി .
കാട്ടുതീയൂതി  ചാരം പറത്തിയ കനലു -
പോലാ നെഞ്ചു പൊള്ളിപ്പിടഞ്ഞു.

പേരില്ലാതാ ജന്മം ഇരുള് തിന്നു -
മേതോ പാഴ് ജന്മമായി നിങ്ങളെണ്ണു.
കൗമാര ,യൗവ്വന മധ്യ ജന്മങ്ങളെ
ഊറ്റിയവരൊന്നുമില്ലെങ്കിലും. 
പേരില്ലാതാ  ജന്മം ഇരുള് തിന്നുമേതോ
പാഴ്ജന്മമായി നിങ്ങളെണ്ണുക .
-----------ബിജു ജി നാഥ് വര്‍ക്കല 



No comments:

Post a Comment