വാക്ക് ആയുധമാകുന്നു.
...........................................
ഒരു നിമിഷത്തിൻ്റെ ഭ്രാന്തമാം വേദന
അലയടിക്കുന്ന ചിത്തത്തിലാഴവേ
മറുപുറത്തിൻ്റെ മാനസമറിയാതെ
എറിഞ്ഞ വാക്കിൻ്റെ മുനകൾ ഭയാനകം!
നിലവിളിച്ചു പിടഞ്ഞു വീഴുന്നോരാ
ചപലഹൃത്തിൻ തേങ്ങലറിയാതെ
മധുനുകർന്നു മതിമറന്നുറങ്ങിയ
മൃതിയുപേക്ഷിച്ച ദേഹിയെന്തറിയുന്നു.?
മുറിവ് വലുതാണെന്നറിയുകിൽ പോലും
അറുത്തെടുക്കുന്നു ഹൃദയത്തിൽ നിന്നുമേ
തിരികെ നടക്കുന്നു പിൻവിളി കേൾക്കാതെ
ബധിരമായിരുൾ കാട്ടിലേക്കകമായ്.
മടിയിലിരുത്തി പറഞ്ഞ കഥകൾക്കും
തോളിലിട്ടന്നു പാടിയ താരാട്ടിനും
നരിയുടെ മുഖമൊളിപ്പിച്ച നരനുടെ
മണമതുണ്ടെന്നറിയുന്ന വേദന...
പറയുവാനിനിയില്ലൊരു ന്യായവും
നല്‌കുവാനില്ല മാപ്പെന്ന ചിന്തയും
ഹൃദയമുറപ്പിച്ചു പറയുന്ന വേളയിൽ
പിരിയുകില്ലെങ്കിൽ നാമെന്തു മാനുഷർ!
... ബി.ജി.എൻ വർക്കല
No comments:
Post a Comment