Wednesday, June 10, 2020

അഗ്നിസാക്ഷി-.........ലളിതാംബിക അന്തർജ്ജനം

അഗ്നിസാക്ഷി (നോവൽ) ലളിതാംബിക അന്തർജ്ജനം 
ഡി സി ബുക്സ് ( 2010), 
വില: ₹: 75.00



ഒരു കാലഘട്ടത്തിൻ്റെ നേർ ചിത്രം വരയ്ക്കുക എന്നത് എളുപ്പത്തിൽ കഴിയുന്ന ഒന്നല്ല. അതുപോലെ തന്നെ ആ ചരിത്രം ചിത്രവത്കരിക്കുക എന്നതും. ബോറടിക്കാതെ അവ വായനാ രൂപത്തിൽ എത്തിക്കുവാനുള്ള ശ്രമം എപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ് സംഭവിക്കുക. 1976 ൽ ആദ്യം പ്രസിദ്ധീകരിച്ചതും അവാർഡുകളും അംഗീകാരങ്ങളും ഒരു പിടി വാരിയതുമായ ഒരു നോവലിന് ഇന്നും ജനപ്രീതിയുള്ളതുകൊണ്ട് ഡി.സി യ്ക്കു അത് വീണ്ടും 2010ൽ പ്രസിദ്ധീകരിക്കാനും എഡിഷനുകൾ ആകുന്നതിനും സാധിച്ചത്. സിനിമയിൽ ആ നോവലിനെ അതേ ഊഷ്മളതയോടെ ചിത്രീകരിക്കാൻ സാധിച്ചുവോ എന്നറിയില്ല. മിക്കപ്പോഴും അത്തരം ചലച്ചിത്ര വത്കരണം നോവലിൻ്റെ ആത്മാവിനെ പിഴുതെറിയുന്ന വികല കാഴ്ചകളാണ് നമുക്ക് അനുഭവവും.

ഒരു നോവലായി അഗ്നിസാക്ഷി പുറത്തു വരുന്നതിൻ്റെ പിന്നിലെ വേദനയും വിങ്ങലും ബുദ്ധിമുട്ടുകളും എഴുത്തുകാരി പറയുന്നുണ്ട് കുറിപ്പിൽ. ഒരു കാലത്ത് ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിച്ചിരുന്ന പ്രബലമായ ഒരു വിഭാഗമായിരുന്നു ബ്രാഹ്മണ സമൂഹം. പിൽക്കാലത്ത് അവർ അവശേഷിപ്പിച്ചു പോയ ചാതുർവർണ്യത്തിൻ്റെ ദുഷിച്ച രേഖകൾ ഒട്ടും മങ്ങാതെ സമൂഹം പിന്തുടരുമ്പോഴും ഉയർച്ചയുടെ പടവുകളിൽ നിന്നും വളരെ ദയനീയമായി അവർ താഴേക്ക് പതിച്ചു പോയത് ചരിത്രത്തിൻ്റെ തമാശയാണ്. പൂർണ്ണമായും ബ്രാഹ്മണാധിപത്യം തീർന്നു എന്നു കരുതുക വയ്യെങ്കിലും കേരളം കുറെയേറെ മുന്നോട്ട് പോയി എന്നു കാണാം. എങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും അവരെ (ബ്രാഹ്മണ സമുദായത്തെ) എപ്പോഴും സമൂഹത്തിൽ നിന്നും വേറിട്ടു നിൽക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത് ഇതര മതങ്ങളിലും പ്രകടമാണ് എന്നതിനാൽ മതപരമായ ഒരു ദോഷമായി മാത്രമേ ഇതിനെ വിവക്ഷിക്കുവാൻ കഴിയുകയുള്ളു.

വിവാഹിതയായി മാമ്പള്ളിയില്ലത്തേക്ക് വരുന്ന വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള ഒരു പെൺകുട്ടിക്ക് ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത ഒരിടമായിരുന്നു ആ ഇല്ലം. മാമൂലുകളുടെ പുഴുക്കുത്തുകളിൽ വീണ് പുരോഗമനമോ പരിഷ്കാര മോ കാണാൻ ശ്രമിക്കുകയോ മാറാൻ ശ്രമിക്കുകയോ ചെയ്യാത്ത ഒരു കുടുംബത്തിൽ അവൾ തികച്ചും ഒറ്റപ്പെട്ടു പോകുകയാണ്. നല്ല നേരം നോക്കി സന്താന സൗഭാഗ്യത്തിനു വേണ്ടി മാത്രം സ്വന്തം പുരുഷനെ കിടക്കയിൽ സ്വീകരിക്കേണ്ടതായ ഭാര്യാധർമ്മം! കുളിയും തേവാരവുമായി അകത്തു മറഞ്ഞിരിക്കേണ്ടി വരുന്ന സ്ത്രീകൾ. ഇഷ്ടം പോലെ സ്ത്രീ സംസർഗ്ഗം നടത്താനും പുറം ലോകത്ത് ചുറ്റാനും അധികാരമുള്ള പുരുഷൻ. ഇത്തരം ഗാർഹികമായ ' ദാമ്പത്യപരമായ ഒട്ടനവധി കാര്യങ്ങളിൽ മതവും ആചാരാനുഷ്ഠാനങ്ങളും ഉപയോഗിച്ചു സമൂഹം വേലികളും വാതിലുകളും സൃഷ്ടിച്ചു വച്ചിരുന്നു. ഇതിൽ നിന്നും പുറത്തു ചാടാൻ ഉത്പതിഷ്ണുക്കൾ ആയ പുതിയ തലമുറ ശ്രമിച്ചു തുടങ്ങിയപ്പോൾ മാറ്റത്തിൻ്റെ കൊടുങ്കാറ്റും മാനസിക സംഘർഷങ്ങളുടെ വേലിയേറ്റവും മനകളിൽ സംഭവിച്ചു. ഇവയിൽ അടപടലം വീണു പോയവരും വിജയിച്ചവരും ഉണ്ട്. അവരുടെ കഥയാണ് അഗ്നിസാക്ഷി. 

എങ്കിലും പ്രധാനമായും ദേവകി മാ നമ്പള്ളിയുടെ കഥയാണിത് എന്നു പറയാം. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി സ്ത്രീകൾ പൊതുവേ ചെയ്തു പോയിരുന്ന രണ്ടു വസ്തുതകൾ ഒന്ന് സന്യാസത്തിലേക്ക് (ഭക്തിയിലേക്ക് ) വഴുതി മാറുന്നതോ അതല്ലെങ്കിൽ സാമൂഹ്യ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോ ആയി കാണാം. ഒന്നുകിൽ ഒഴിഞ്ഞുമാറി ഒറ്റയ്ക്കാവുക അല്ലങ്കിൽ തിരക്കിലലിഞ്ഞ് എല്ലാം മറക്കാൻ ശ്രമിക്കുക. ഇവിടെ ദേവകി മാനമ്പള്ളിയും ആ പാതതന്നെ തിരഞ്ഞെടുത്തതായി കാണാം. മാന്യമായി വസ്ത്രം ധരിച്ചും മറക്കുട വലിച്ചെറിഞ്ഞും അവർ സമൂഹത്തിലേക്കിറങ്ങി. യാത്ര തുടർന്നു എങ്കിലും ദാമ്പത്യത്തിൻ്റെ അലോസരത അവരെ വിടാതെ പിന്തുടർന്നു മഥിച്ചു കൊണ്ടിരുന്നതിനാൽ മാത്രമാണ് അവർ സന്യാസത്തിലേക്ക് തിരിയുന്നത്. അവിടെയും അവർ വിജയിക്കുന്നില്ല എന്ന കാഴ്ച സമ്മാനിച്ചുകൊണ്ട് നോവൽ അവസാനിക്കുന്നു.

ബ്രാഹ്മണ സമുദായത്തിൻ്റെ ഒരു കേരള കാലഘട്ടത്തെ മനസ്സിലാക്കാൻ ഉതകുന്ന വായനയാണ് ഇത്. പൂർണ്ണമായും അല്ല എങ്കിലും സ്ത്രീകൾ അനുഭവിച്ച യാതനകൾക്ക് കുറച്ചൊക്കെ വെളിപ്പെടുത്താൻ കഴിഞ്ഞു എന്നത് എഴുത്തുകാരിയുടെ വിജയം തന്നെയാണ്. ഭാഷയുടെ ലാളിത്യവും അവതരണ ഭംഗിയും കൊണ്ട് വിരസതയില്ലാത്ത ഒരു വായന സമ്മാനിച്ചു. ആശംസകളോടെ ബി.ജി.എൻ വർക്കല.

No comments:

Post a Comment