മുദ്രാരാക്ഷസം (നാടകം)
വിശാഖദത്തൻ
ഡി.സി.ബുക്സ് (2009)
വില:
ചിലകാലങ്ങളിൽ ചിലർ എഴുതുന്നവ പില്ക്കാലത്ത് വളരെ പ്രാധാന്യമുള്ളവയായി കാണാറുണ്ട്. ഒരു രാജ്യത്തിൻ്റെ ഭരണം, രാജതന്ത്രങ്ങൾ, ചര്യകൾ, ചിലപ്പോൾ നീതി നിർവ്വഹണങ്ങൾ, സംസ്കാരം ഒക്കെ ഇത്തരം ഗ്രന്ഥങ്ങൾ സ്വാധീനിക്കുന്നതായി കാണാൻ കഴിയാറുണ്ട്. വ്യക്തമായി കാലഘടന അറിയാത്ത മനുസ്മൃതിയും, പല നൂറ്റാണ്ടുകളിൽ പകർന്നു വന്ന ഇതിഹാസങ്ങളും സെമിറ്റിക് മത വിശ്വാസങ്ങളും സംസ്കാരങ്ങളും ഒക്കെ ഇത്തരം ചിന്തകൾ, സംസ്കാരം , ഭരണതന്ത്രം തുടങ്ങി വിവിധ മേഖലകളിൽ മൃഗീയമായ കൈകടത്തലുകൾ നടത്തുന്നതായി കാണാൻ ഇന്നു കഴിയുന്നുണ്ട്. പല കാലത്തെ, ദേശത്തെ സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ ലോകം. ഇന്ത്യയും ഇക്കാര്യത്തിൽ മുന്നിലാണ്. വായ് മൊഴിയും വരമൊഴിയുമായി കടന്നു വന്ന ഇതിഹാസങ്ങളിലെ മഹാഭാരതത്തിൽ പിൽക്കാലത്ത് കൊരുത്തു കെട്ടിവച്ച അഹിംസയുടെ ദിവ്യതയായ ഭഗവത് ഗീത പില്ക്കാലത്ത് അനവധി വ്യാഖ്യാനങ്ങളിലൂടെ കടന്ന് ഒരു സംസ്കാരത്തിൻ്റെ ഭാഗവും ഭാരവും ആയി മാറിയത് ഭാരതത്തിൻ്റെ സാംസ്കാരിക വളർച്ചയിൽ മനസ്സിലാക്കാൻ കഴിയും. മനുസ്മൃതിയുടെ സ്വാധീനമാകട്ടെ ഇന്ത്യയിൽ വലിയ തോതിൽ വളരെ ആഴത്തിൽത്തന്നെ വേരോടിയ ജാതി സമ്പ്രദായത്തിൻ്റെയും നീതി നിർവ്വഹണങ്ങളുടെ അടിസ്ഥാനത്തിൻ്റെയും മൂലക്കല്ലായി നില്ക്കുന്നുണ്ട്. അർത്ഥശാസ്ത്രമായ ചാണക്യസൂത്രത്തെ ഭരണത്തിൻ്റെ ആധാരശിലയായാണ് ഭാരതം വാഴ്ത്തുന്നത്.
എഴുതിയ കാലമോ എഴുത്തുകാരനെയോ കുറിച്ച് അധികമൊന്നും അറിയാത്ത ഒരു പാട് സാഹിത്യ കൃതികളും വ്യക്തികളും കടന്നു പോയിട്ടുണ്ട് ഭാരതത്തിൻ്റെ സംസ്കാരിക മണ്ഡലത്തിൽ നിന്നും. അത്തരം ഒരു സാഹിത്യകാരനാണ് വിശാഖദത്തൻ. അദ്ദേഹത്തിൻ്റെതായറിയപ്പെടുന്ന കൃതികളിൽ ഒന്നാണ് പിൽക്കാലത്ത് കണ്ടെടുക്കപ്പെട്ട മുദ്രാ രാക്ഷസം എന്ന സംസ്കൃത നാടകം. ഇതിൻ്റെ പ്രത്യേകതയെന്താണ് എന്ന് തിരഞ്ഞാൽ ചാണക്യൻ , ചന്ദ്രഗുപ്ത മൗര്യൻ എന്നിവരുടെ കാലത്തേക്കുള്ള ഒരു യാത്രയായി ഇതിനെ കാണാം എന്നതാണ്. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാകുന്നവർ ചാണക്യനും ചന്ദ്രഗുപ്ത മൗര്യനും അമാത്യ രാക്ഷസനും ആണ്. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൻ്റെ ചിന്തകളും സംസ്കാരവും പ്രവൃത്തികളും സാമൂഹ്യ പരിക്രമങ്ങളും ഒക്കെ അറിയാൻ ഈ നാടകം സഹായകമാകുന്നുണ്ട്. ചാണക്യൻ ആരാണ് എന്നും അയാൾ ചന്ദ്രഗുപ്ത മൗര്യ നിലൂടെ എങ്ങനെയാണ് ഒരു സാമ്രാജ്യരൂപീകരണത്തിന് അടിത്തറയിട്ടത് എന്നും മറ്റുമുള്ള വിവരങ്ങളെ കാല്പനികത കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന ഒരു നാടകമാണിത്.
നാടകം എന്നത് കൊണ്ട് നാം വായിച്ചു പഴകിയ നാടക സങ്കേതങ്ങളുമായി ബന്ധപ്പെടുത്തി ഈ പുസ്തകത്തെ വായിക്കാനാകുമോ എന്നു കരുതരുത്. ഡി.സി ഇത് അവതരിപ്പിച്ചിരിക്കുന്നത് ഒരു നോവലോ കഥയോ പോലെയാണ്. പഴയ രൂപത്തിലും പുതിയ രൂപത്തിലും ഇൻ്റർനെറ്റിലുമീ പുസ്തകത്തിൻ്റെ പല പതിപ്പുകൾ പലരുടെ പേരിൽ കാണാൻ കഴിയുന്നുണ്ട് പി ഡി എഫ് കോപ്പികൾ. കൊറോണക്കാലത്തിൻ്റെ ആനുകൂല്യത്തിൽ ഡിസിയും ഈ പുസ്തകം സൗജന്യമായി വായിക്കാൻ നല്കിയ സൗകര്യം മുതലാക്കിയാണ് ഈ വായന തരപ്പെടുന്നത്.
രാജ്യതന്ത്രജ്ഞനായ ചാണക്യൻ്റെ കൂർമ്മതയും രാജാവിൻ്റെ , മന്ത്രിയുടെ ഭരണത്തിലുണ്ടാകേണ്ട ഗുണ ഗണങ്ങൾ എന്നിവയും നല്ല രീതിയിൽ പറയുന്ന ഈ പുസ്തകം രാജ ഭരണത്തിലല്ല ജനാധിപത്യ വ്യവസ്ഥയിലും വളരെ പ്രാധാന്യമർഹിക്കുന്ന ചില ചിന്തകൾ പങ്കു വയ്ക്കുന്നുണ്ട്. ഒരുപക്ഷേ അതിനാലാകാം ഈ പുസ്തകം ഇന്നും വായനയിൽ പ്രസക്തമാകുന്നത്.
ഒരു നല്ല വായനയുടെ അനുഭവം നല്കുന്ന ഈ പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതു തന്നെയാണ്. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment