Monday, January 31, 2022

ഒരിടത്ത് മരണം ഒരിടത്ത്....

ഒരിടത്ത് മരണം ഒരിടത്ത്....
....................................................
ബുദ്ധിമുട്ടിൻ്റെ വക്കിൽ നിന്നു ഞാൻ
കൂട്ടുകാരാ കേട്ടു പോകുന്നിന്നിതാ.
തന്നിടാമോ കടമായിട്ടൊരല്പം തുക
മോൾക്ക് ഫീസ് മുടങ്ങിയിട്ടാണെടോ.
കോവിഡും മറ്റു പാടുകളും മുന്നിൽ
പിന്നെ, ജോലിയും വീട്ടിലിരുന്നായിതാ.
ഇല്ല കൈയ്യിൽ കാശതൊന്നും തന്നെ
മൂന്നു മാസം  തരണമേ മടക്കുവാൻ.
കേട്ടു ഞാനുടനെ തന്നെയവൾക്കേകി
നാളെ,കേട്ടിടേണ്ട ദുരന്തവാർത്തയല്ലോ.
ആറു മാസം കഴിഞ്ഞു പിന്നെയെൻ്റെ
കാളു കണ്ടാലെടുക്കില്ല മറുപടിയുമില്ല.
നമ്പർ മാറ്റി വിളിച്ചപ്പോൾ കിട്ടി മറുപടി
തന്നില്ലേൽ നീയെന്തു ചെയ്യും ചൊല്ലുവേഗം!
വർഷം രണ്ടാകുന്നു ബ്ലോക്കിയകന്നവൾ
നഷ്ടമായതെൻ്റെ പണവും വിശ്വാസവും.
ഇന്നുവായിച്ച  പത്രവാർത്തയിൽ കണ്ടു
ഫീസടക്കാൻ ഗതിയില്ലാതൊരു മോൾ
ജീവനൊടുക്കിയകന്നു പോയത്രേ;
നൊന്തു ഹൃത്തടം,  ഓർത്തു പോകുന്നു.
പറ്റിക്കുന്നവർ ഒരിടത്ത് മദിക്കുമ്പോൾ
അർഹരോ ജീവിതമവസാനിപ്പിക്കുന്നേവം.
@ബിജു ജി.നാഥ്

Saturday, January 29, 2022

ചില നേരങ്ങളിൽ ചില മനുഷ്യർ

ചില നേരങ്ങളിൽ ചില മനുഷ്യർ
...........................................................
ചിലപ്പോൾ, അവൾ വരിക പൊടുന്നനെയാകും.
വിടർന്ന മുലകളുടെ വിടവു കാട്ടി
അലസം പുഞ്ചിരിച്ചവൾ കമിഴ്ന്ന് കിടക്കയാകും.
മറ്റാെരു കവിതയുടെ തുടക്കത്തിലാകും ഞാനപ്പോൾ...
അതോ ചിരകാല ദുഃഖത്തിൻ്റെ 
ആഴക്കടലിലാവാം.
മറ്റു ചിലപ്പോൾ കടമകളുടെ ഗിരിശൃംഗമേറുകയാകും.
എല്ലാം ഉപേക്ഷിച്ച്,
അവൾടെ നിറമാറിലേക്ക് മടങ്ങും ഞാൻ.
മുലകളുടെ സൗന്ദര്യം നുകർന്ന്
മുലക്കണ്ണുകളുടെ മധുരം രുചിച്ച്
പ്രപഞ്ചം മറന്നു തുടങ്ങുമ്പോൾ 
അവൾ, ഒന്നും പറയാതെ മടങ്ങും.
പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഞാൻ
വളരെ ദുഃഖത്തോടെ
നിരാശയോടെ തിരിച്ചു നടക്കാൻ വിഷമിക്കും.

ചിലപ്പോൾ,
പച്ച വെളിച്ചം കാണുമ്പോൾ 
അവളുടെ അടുത്തേക്ക് ഞാനടുക്കും.
ദീർഘമായ ഇടവേളയുടെ കാരണം,
എൻ്റെ നേർക്കുള്ള അനിഷ്ടമായ് ഞാൻ ഗണിക്കും.
സുഖവിവരത്തിൻ്റെ ഊഷ്മളതയാകും
അപ്പോഴെൻ്റെ ഉള്ളിലാകെ.
ഒരു ഞൊടിയിൽ എല്ലാം മാറും.
എനിക്കിവിടെ നിന്നോട് കളിപറയാനല്ല നേരം.
ഞാനൊരു കൗമാരക്കാരിയല്ലന്നും
നീയൊരു പക്വതയുള്ള എഴുത്തുകാരനാണെന്നും 
അവൾ ഓർമ്മിപ്പിക്കും.
നിനക്ക് കാമം തോന്നുമ്പോൾ ഒക്കെയും 
എനിക്കതു പൂർണ്ണമാക്കാൻ ബാധ്യതയില്ലായെന്നും
ഞാനുമൊരു മനുഷ്യജീവിയാണെന്നും '
അവൾ കാർക്കശ്യമേറും സ്വരത്താൽ ഓർമ്മപ്പെടുത്തും.
കാരണമറിയാത്തൊരു വിഷാദത്താൽ
തെറ്റു ചെയ്യാതൊരു കുറ്റവാളിയായതിൽ
ഓർത്ത് നൊന്തു ഞാൻ മാപ്പു പറയും.
ഇനി വരില്ലെന്ന വാക്കിൽ 
പതിയെ പിന്തിരിയും.
അപ്പോഴും പക്ഷേ എനിക്ക് മനസ്സിലാകില്ല.
എൻ്റെ തെറ്റെന്തായിരുന്നു എന്നും
ഞാൻ എന്തെന്നും ....
@ബിജു ജി. നാഥ്

Friday, January 28, 2022

ചുടല വേര് (കവിത ) ലൌലി നിസാര്‍

 

ചുടല വേര് (കവിത )

ലൗലി നിസാര്‍

മാക്ബത്

വില : ₹ 100.00

 

 

എഴുത്തില്‍ ആണും പെണ്ണും ഒന്നുമില്ല . എഴുത്തില്‍ അക്ഷരങ്ങള്‍ മാത്രമാണുള്ളത് . അക്ഷരങ്ങള്‍ക്ക് ലിംഗഭേദമനുസരിച്ച് അടുപ്പക്കൂടുതലോ അകല്‍ച്ചയോ സംഭവിക്കുന്നില്ല . അതിനാല്‍ത്തന്നെ എഴുത്തില്‍ പ്രത്യേകിച്ചും മലയാള സാഹിത്യത്തില്‍ ഇന്ന് കൊണ്ടാടപ്പെടുന്ന ആണെഴുത്ത് പെണ്ണെഴുത്ത് വാദങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാണ് പറയാനുള്ളത് . ചിലര്‍ ഇരവാദം മുഴക്കുമ്പോലെ വീണ്ടും വീണ്ടും ശ്രദ്ധ പിടിച്ച് പറ്റാന്‍  പെണ്ണെഴുത്ത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് . ചിലര്‍  ഞങ്ങളും നിങ്ങളെപ്പോലെ എഴുതാനറിയുന്നവര്‍ ആണെന്ന ഭാവത്തില്‍ എഴുതുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . അതിന്റെ ഒന്നും ആവശ്യമുണ്ട് എന്നു തോന്നുന്നില്ല . കവി സച്ചിദാനന്ദന്‍ ആണ് ഈ ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നു വിട്ടതെന്ന് കേട്ടിട്ടുണ്ട് . എന്തുതന്നെയായാലും എഴുത്തില്‍ അങ്ങനെയൊരു  ലിംഗമാറ്റം കാണാന്‍ കഴിഞ്ഞിട്ടില്ല. ടൈപ്പ് കവിതകളോ കഥകളോ ഒക്കെ വായിക്കപ്പെട്ടിട്ടുണ്ട് . അത് പക്ഷേ സ്ത്രീകള്‍  മാത്രമായിട്ടല്ല എഴുതിക്കണ്ടതും . പുരുഷന്മാരും സ്ത്രീകളുടെ വികാരവിചാരങ്ങളെക്കുറിച്ച് എഴുതുന്നതു കണ്ടിട്ടുണ്ട് . സ്ത്രീകള്‍ തിരിച്ചും . അടുത്തിടെ കവിതകള്‍ ആണ് കൂടുതല്‍ വായിക്കാന്‍ അവസരം ഉണ്ടായത്  എന്നതില്‍ അനല്‍പ്പമായ സന്തോഷം ഉണ്ട് . പല രീതിയിലുള്ള കവിതകളെ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞു . അക്കൂട്ടത്തില്‍ ഈ വര്‍ഷത്തെ അവസാന വായന എന്നു കരുതുന്നു ശ്രീമതി ലൗലി നിസാറിന്റെ ചുടല വേര് എന്ന കവിത സമാഹാരം . അറുപത് കവിതകള്‍ അടങ്ങിയ ചുടലവേര് മാക്ബെത്ത് ആണ് പുറത്തിറക്കിയിരിക്കുന്നത്.  ഈ പുസ്തകത്തിലെ ആമുഖത്തില്‍ കവി പറഞ്ഞിരിക്കുന്നത് "ചുരുങ്ങിയ വാക്കുകളില്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബിംബവത്കരിച്ചെഴുതുകയാണ് കവിയ്ക്ക് പ്രിയമെന്നാണ് " . കവിതകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വാക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനാണ് .

 

സാധാരണ കവിതാ രചനകളില്‍ കാണുന്ന മൃദുവായ വാക്കുകളുടെ തഴുകലും തലോടലുകളും ലൗലിയുടെ കവിതകളില്‍ വായിക്കപ്പെടുക ബുദ്ധിമുട്ടാണ്. പറയാനുള്ളവയെ ശക്തമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന, പൊട്ടിത്തെറിക്കുന്ന ഒരാളായാണ് കവിതകളെ കാണേണ്ടത് . അവയില്‍ ആക്ഷേപഹാസ്യങ്ങളും രാഷ്ട്രീയ പുഴുക്കുത്തുകളും വായിക്കപ്പെട്ടേക്കും . സമൂഹത്തിന്റെ കറുത്ത മുഖത്തെ അടയാളപ്പെടുത്താനാണ് കവിയ്ക്ക് ഏറെ ഇഷ്ടമായിട്ടുള്ളത് എന്ന് കാണാം . "പ്രതികരണം എന്നത് രക്തത്തിലലിഞ്ഞ വികാരമായതുകൊണ്ടു വരയ്ക്കുന്ന ചിത്രങ്ങളിലും എഴുതുന്ന വരികളിലും അതാണ് മുന്നില്‍" എന്നു കവിയുടെ ആമുഖക്കുറിപ്പ് അതുകൊണ്ടുതന്നെ തന്നെ കവിതാ വായനയില്‍ പ്രസക്തമായിത്തോന്നി. "സത്യത്തിനും നീതിക്കും  ന്യായത്തിനും വേണ്ടി പ്രതികരിക്കുക എന്റെ ധര്‍മ്മമാണെന്ന്" കവി വിശ്വസിക്കുന്നു . ഇത് എല്ലാ കവികളും എഴുത്തുകാരും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ വിപ്ലവപരമായ ഒരു സാഹിത്യ അന്തരീക്ഷം നമുക്ക് ലഭ്യമായേനെ . നിരാശയും പ്രക്ഷുബ്ധമായ അവസ്ഥയും പലപ്പോഴുമീ കവിയുടെ സാമൂഹ്യ ഇടങ്ങളിലെ കാഴ്ചകളില്‍ നിന്നും സംജാതമാക്കപ്പെടുന്നുണ്ട് .

കാലം വിഴുങ്ങിത്തുടങ്ങുമെന്‍ പ്രാണന്റെ

ശേഷക്രിയയ്ക്കായൊരുങ്ങുക മേഘമേ,

ചോര്ന്നോലിക്കുന്നനോവിന്റെ പെയ്ത്തുകള്‍

വറ്റിച്ചുണക്കുക ഉഷ്ണസ്വപ്നങ്ങളെ

എന്ന കാവ്യ വിലാപം ഇതിന്റെ സാക്ഷ്യമായി അനുഭവപ്പെടുന്നു . മനസ്സില്‍ നിറയെ നിറങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു മനുഷ്യന്റെ തന്നോടു തന്നെയുള്ള കലഹങ്ങളായി പലപ്പോഴും കവിയുടെ വരികളെ വായിക്കുന്നുണ്ട് . ജീവിതത്തിലെ തോറ്റു പോകുമെന്ന് തോന്നുന്ന നിമിഷങ്ങളെ എങ്ങനെയാണ് ഒരാള്‍ക്ക് തിരിച്ചു പിടിക്കാന്‍ കഴിയുകയെന്നും , തുടച്ചുകളയാൻ കഴിയുകയെന്നും കവിക്ക് നല്ല നിശ്ചയമുണ്ട് . തന്റെ വരികളുടെ പൊളളലില്‍ വീണവ പുകയുന്നത് മാറി നിന്നു ആസ്വദിക്കുന്ന കവിയുടെ മനസ്സിനെ പലപ്പോഴും സമൂഹത്തിന്റെ കാഴ്ചകളും ചിന്തകളും നിരാശയാക്കാറുമുണ്ട് . തനിക്ക് ശരിയെന്ന് തോന്നുന്നതിനെ തുറന്നു പറയുന്നതാണ് സാമൂഹ്യമായ ഒരു മനുഷ്യന്റെ ധര്‍മ്മമെന്ന് കവിതകളിലൂടെ സംവദിക്കുന്ന അധികം കവികള്‍ ഇപ്പോള്‍ ഇല്ല എന്നു തന്നെ പറയാം . പറയാനുള്ളവയെ മറച്ചു വച്ചുകൊണ്ടു കവിയെന്നടയാളപ്പെടുത്തുവാന്‍ മാത്രം കവിതകള്‍ എഴുതുന്നവര്‍ക്കിടയില്‍ ഇത്തരം ക്ഷുഭിതയൌവ്വനങ്ങള്‍ ബാക്കി വയ്ക്കുന്ന ആശ്വാസമാണ് കവിതകളുടെ ജീവവായു .

 

കവിതകള്‍ ബിംബവത്കരിക്കുക എന്നതിന് സ്ഥായിയായ ഒരു രൂപം നല്‍കുന്നതില്‍ കവി ശ്രദ്ധിച്ചപ്പോള്‍ അതിനു ബഹുസ്വരത നഷ്ടമാകുന്നത് പോലെ അനുഭവപ്പെട്ടു . അറുപത് കവിതകളില്‍ കൂടുതലും എടുത്തുകാണിക്കുന്ന ചില വാക്കുകള്‍ ആണ് ഇത്തരം ഒരു ചിന്ത ഉണ്ടാക്കിയത് . ഇരുട്ട് , നാഗം , രക്തം നഗ്നത ഇവയുടെ വിവിധ കാലങ്ങളിലെ വിവിധ രൂപങ്ങളില്‍ കാണുന്ന ഭാവമാറ്റങ്ങള്‍ ഇരുണ്ട ലോകത്തിന്റെ ബീഭത്സതയുടെ കാഴ്ചകള്‍ ആണെങ്കിലും അവയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രവണത വായിക്കാന്‍ ആയി . തുറന്നുപറച്ചിലുകള്‍ക്ക് ഇപ്പൊഴും പരിധികളും പരിമിതികളും ഉണ്ടെന്നത് ഒരു പക്ഷേ, സമൂഹവും മതവും രാഷ്ട്രീയവും ഒക്കെ പൗരന് നല്‍കുന്ന അസ്വാഭാവികമായ അരക്ഷിതാവസ്ഥയും ബന്ധനങ്ങളും  ആണെന്ന വസ്തുത ഈ കവിതകളിലും കാണാന്‍ കഴിയും . ഇത്തരം നിയന്ത്രണങ്ങള്‍ ആണ് പലപ്പോഴും എഴുത്തുകാരെ സ്വതന്ത്രമായി എഴുതാന്‍ അനുവദിക്കാതെ വിടുന്നതെന്ന് വിശ്വസിക്കുന്നു .

ഒരു എഴുത്തുകാരി എന്നതിനപ്പുറം ഒരു ഗായികയും ചിത്രകാരിയും കൂടിയായ ലൗലി നിസ്സാറിന്റെ രണ്ടാമത്തെ പുസ്തകമാണ് ചുടലവേര് . വലിയൊരു ഇടവേള രണ്ടു പുസ്തകങ്ങള്‍ക്കിടയില്‍ വേണ്ടി വന്നത് ഒരുപക്ഷേ ഈ പറയുന്ന ഘടകങ്ങള്‍ ഒക്കെയും കുടുംബിനി കൂടിയായ കവിയെ തടസ്സപ്പെടുത്തിയിട്ടുണ്ടാകാം . മലയാളത്തിലെ മികച്ച പ്രസിദ്ധീകരണങ്ങളില്‍ ചിത്രം വരയ്ക്കുകയും രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കവിയുടെ കൂടുതല്‍ എഴുത്തുകള്‍ മലയാളത്തിന് ലഭ്യമാകട്ടെ എന്നാശംസിക്കുന്നു . സസ്നേഹം ബിജു.ജി, നാഥ്

കേരള ചരിത്രം.....................പ്രൊഫ: എ ശ്രീധര മേനോന്‍



കേരള ചരിത്രം (ചരിത്രം )

പ്രൊഫ: എ ശ്രീധര മേനോന്‍

ഡി സി ബുക്സ്

വില: ₹ 399.00

 

 

ചരിത്രത്തെ വായിക്കുക എന്നാല്‍ നാം നമ്മെ അറിയുക എന്നാണർത്ഥം.  ആഫ്രിക്കയുടെ ഇരുണ്ട ഭൂമിയില്‍ നിന്നും വിവിധ വര്‍ണ്ണങ്ങള്‍ , ഭാഷകള്‍ , രൂപങ്ങള്‍ ഒക്കെയായി ഭൂമിയുടെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ച മനുഷ്യവര്‍ഗ്ഗം ! അതിന്റെ ഉത്പത്തിയും പരിണാമവും ശാസ്ത്രം പഠിപ്പിക്കുമ്പോള്‍, അതിന്റെ കറുത്ത ഹാസ്യം മതം പഠിപ്പിക്കുന്നു . തിരഞ്ഞെടുപ്പ് എന്നൊരു അവകാശം മനുഷ്യര്‍ക്കുണ്ടെങ്കിലും അവര്‍ അതിനു പ്രാധാന്യം നാല്‍കാറില്ലല്ലോ എല്ലാ കാര്യങ്ങളിലും . ചാള്‍സ് ഡാര്‍വിനും , ഡ്വാക്കിന്‍സും , സ്റ്റീഫന്‍ ഹോക്കിംഗും അടങ്ങിയ ശാസ്ത്ര ചിന്തകര്‍ പങ്കുവയ്ക്കുന്ന തെളിവുകളും അടിസ്ഥാന വിവരങ്ങളും വിവരിക്കുന്ന ശാസ്ത്രീയ ചിന്തകള്‍ അറിയാനോ വായിക്കാനോ മിനക്കെടുക വലിയ ബുദ്ധിമുട്ടുള്ള മനുഷ്യര്‍ക്ക് എളുപ്പമുള്ള വസ്തുത മതഗ്രന്ഥങ്ങള്‍ നല്‍കുന്ന അനായാസ അറിവുകള്‍ വിശ്വസിക്കുകയാണ് . അതിനാല്‍ ത്തന്നെ ചരിത്രത്തെ അറിയുക എന്നത് മനുഷ്യനു ഒരേ സമയം ആവശ്യവും അതുപോലെ അതൊരു പാഴ്ജോലിയുമാണ് . നാടിനെ അറിയുക നാട്ടാരെ അറിയുക ശേഷം നിങ്ങള്‍ അയല്‍ നാടുകളെ അറിയുക എന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടത് എന്നു കരുതുന്നു . അതിനാല്‍ത്തന്നെ കേരളീയരായ എല്ലാവരും കേരള ചരിത്രം അറിയുന്നതു നല്ലതാണ് . പക്ഷേ എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒക്കെയും ചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിന്റെ ചരിത്രം കൂടി തിരയേണ്ട ഗതികേടിലാണ് ചരിത്രാന്വേഷികള്‍ ആയ എല്ലാവരും . കേരളത്തിൻ്റെ ചരിത്രം പല വിധത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത് നമ്മുടെ എഴുത്തുകാര്‍ . പരശുരാമന്‍ മഴുവെറിഞ്ഞു കിട്ടിയ കേരളത്തിനെ പഴമയും പൊലിമയും പറയുന്ന ചരിത്രം മുതല്‍ നമുക്ക് വായനകള്‍ സുലഭമാണ് . കേരളം എന്ന പേരിനെ തെങ്ങുമായി കൂട്ടിയിണക്കുന്ന ചരിത്രകാരന്മാരും ഉണ്ട് . അതുപോലെതന്നെയാണ് ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ കാര്യവും . ഓരോ ജാതിക്കാരും തങ്ങളുടെ വേരുകള്‍ ഈ മണ്ണിലെയാണ് എന്നു തെളിയിക്കാനുള്ള ചരിത്ര രചനകളില്‍ ആണ് . ചിലരാകട്ടെ തങ്ങളുടെ ദേശസ്നേഹവും മത സൗഹാര്‍ദ്ധങ്ങളും വെളിപ്പെടുത്താനും ചിലര്‍ക്ക് തങ്ങളുടെ സ്വത്വബോധം തെളിയിക്കാനും ചരിത്ര രചനകള്‍ നടത്തുന്ന പാച്ചിലിലാണ് . ഇവരൊക്കെയും മുന്‍വിധികളും , ലക്ഷ്യത്തെ മാത്രം കേന്ദ്രീകരിക്കപ്പെട്ട കുതിരകളുടെ കണ്ണുകളെ മൂടുന്ന വിധം മൂടികള്‍ അണിഞ്ഞവരുമാണ് . അതിനാല്‍ അത്തരം ചരിത്രങ്ങള്‍ക്ക് ഇന്ന് അടിസ്ഥാനമോ അംഗീകാരമോ ഉണ്ടാകുന്നില്ല . തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും ഒരളവു വരെ എന്നതിനപ്പുറം മറ്റൊന്നും അവര്‍ക്ക് കഴിയുകയുമില്ല .

 

    കേരളചരിത്രം എന്ന പുസ്തകത്തിലൂടെ പ്രൊഫ. എ. ശ്രീധരമേനോന്‍ പറയാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ അറിയപ്പെടുന്നതും ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുള്ളതുമായ വിഷയങ്ങളെ ക്രോഡീകരിക്കുക എന്നതാണ് . സംഘകാലവും തുടര്‍ന്നുമുള്ള കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക , ആത്മീയ ,സാഹിത്യ രംഗങ്ങളിലുള്ള മാറ്റങ്ങളും സംഭവങ്ങളും ഈ പുസ്തകത്തില്‍ വിശദമായി പറഞ്ഞു പോകുന്നുണ്ട് . സാഹിത്യത്തിലും സാമൂഹിക ഇടപെടലുകളിലും പുരാതന കേരളം കൈക്കൊണ്ടിരുന്ന സത്യസന്ധതയും പ്രോത്സാഹനവും ഇന്നത്തെ കേരള ജനതയില്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത അത്രയും മനോഹരമായിരുന്നു എന്നു വായന പറയുന്നു . ജാതിവിവേചനം ഇല്ലാതിരുന്ന സാമൂഹ്യ ഇടം കേരളത്തിന് ഒരിക്കല്‍ സ്വന്തമായിരുന്നത്രെ . ഉന്നത ജാതിയോ നീച ജാതിയോ ഇല്ലാത്ത ഒരു ജനത . ഇവിടെ വ്യാപാരത്തിനായി വന്നിരുന്ന അറബികളും ക്രൈസ്തവരും പോലും ഒരു കാലം വരെ കച്ചവടം എന്ന കാര്യത്തില്‍ മാത്രമാണു ശ്രദ്ധ ചെലുത്തിയിരുന്നത് . ആറും ഏഴും നൂറ്റാണ്ടിന്റെ വരവോടെ ഇവിടെയും മതം എന്നൊരു ചിന്ത ഉണ്ടായിത്തുടങ്ങുന്നു എന്നു വായന അറിവ് നല്കുന്നു.  പുതിയ മതം അതിന്റെ സവിശേഷതകളും മേന്മയും നടിക്കുമ്പോഴാണ് തങ്ങളിലും ഒരു മതം ഉണ്ടെന്ന ചിന്ത കേരളീയരിലേക്ക് സംക്രമിക്കുന്നത് . അതേസമയം ക്രൈസ്തവ മതം അതിനും മുന്നേ കേരളത്തില്‍ വന്നിരുന്നുവെങ്കിലും അതിനീ മതചിന്ത ഉണര്‍ത്താനോ ഉയര്‍ത്താനോ താത്പര്യം ഇല്ലാതിരുന്നതോ അതോ അവരുടെ ഇടപെടല്‍ നയപരമായിരുന്നതോ ആയിരുന്നിരിക്കാം . എന്തായാലും പതിനഞ്ചാം നൂറ്റാണ്ടൊക്കെ ആകുമ്പോഴേക്കും ഉത്തരേന്ത്യന്‍ ബ്രാഹ്മണരെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഭരണാധിപര്‍ പതിയെ ഇവിടെയും വര്‍ണ്ണ വ്യവസ്ഥയും ജാതി ചിന്തയും കടുത്ത തോതിലേക്ക് വ്യാപിപ്പിച്ചു തുടങ്ങിയിരിക്കുന്നതായി കാണാം . തുടര്‍ന്നങ്ങോട്ട് സംഘര്‍ഷങ്ങളുടെ കാലമാണ് . അറബികളും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള സ്പര്‍ദ്ധയില്‍ നിന്നും തുടങ്ങുന്ന തുറന്ന യുദ്ധം പതിയെ അവരെ ആശ്രയിച്ച് കഴിഞ്ഞ രാജാക്കന്മാരിലൂടെ ജനങ്ങളിലേക്കും പടരുകയായിരുന്നെന്ന് കാണാം . അതിനെത്തുടര്‍ന്നാണ് കേരളത്തിനും പൊലിപ്പിച്ചു കാട്ടുന്ന വീര യോദ്ധാക്കളുടെ നിറം പിടിച്ച കഥകള്‍ക്ക് തുടക്കമിടുന്നതും. പരസ്പരം അധികാരം പിടിച്ച് നിര്‍ത്തനും വിപുലമാക്കാനും ബാഹ്യശക്തികളെ അനുവദിക്കുകയും ആദരിച്ചു എഴുന്നെള്ളിച്ചു കൂടെ നിര്‍ത്തുകയും ചെയ്ത ഭരണാധികാരികള്‍ കേരളത്തെ വിദേശ ശക്തികളുടെ അടിമകളാക്കാന്‍ വളരെ സഹായിച്ചു .

അവരുടെ സഹായത്തോടെ രാജ്യാതിര്‍ത്തികള്‍ വിശാലമാക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പരാദങ്ങളെപ്പോലെ പടര്‍ന്ന് കയറുകയും രാജാക്കൻമാര്‍ക്കും ദേശവാഴികള്‍ക്കും നാടും അധികാരവും നഷ്ടമാകുകയും ചെയ്തു . വ്യക്തമായ രീതിയില്‍ മതസ്പര്‍ദ്ധ ഉണരുന്ന വിധത്തില്‍ ബ്രിട്ടീഷ്കാരുടെ കാലത്തോടെ കേരളീയ വിഭാഗങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും ഹൈദരും പിന്ഗാമികളും അതിനു എണ്ണയൊഴിച്ചുകൊടുക്കുക കൂടി ചെയ്തപ്പോള്‍ കേരളത്തില്‍ രണ്ടു മതങ്ങളുടെ പ്രത്യക്ഷ വിരോധവും മൂന്നാം മതത്തിന്റെ കൌശലങ്ങളും മറനീക്കി മുന്നില്‍ എത്തിയിരുന്നു . ജാതി വിവേചനവും മറ്റും അതിന്റെ പൂര്‍ണ്ണതയില്‍ വരികയും പ്രക്ഷോഭങ്ങളും രക്തചൊരിച്ചിലുകളും കൊണ്ട് പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകള്‍ കൂലങ്കുഷവുമായി മാറിക്കഴിഞ്ഞിരുന്നു . ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ തുടത്തോടെ മാത്രമാണു ഇവയൊക്കെയും ഒരു വിധത്തിലെങ്കിലും സമവായത്തിന്റെ ഒരു രൂപത്തിലേക്ക് ഭാഗികമായെങ്കിലും വന്നു തുടങ്ങുന്നതെന്ന് കാണാം .

 

ചരിത്രത്തെ വായിക്കുക നമ്മെ അറിയുക എന്നത് തന്നെയാണ് . അതിനാല്‍ത്തന്നെ ഇത്തരം ചരിത്രരചനകള്‍ വായിക്കപ്പെടുക തന്നെ വേണം . പി ബാലകൃഷ്ണന്റെ കേരള ചരിത്രവും ജാതി വ്യവസ്ഥയും , റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനവും മനു വിന്റെ ദന്തസിംഹാസനവും ഒക്കെ വായിക്കുന്നതിനൊപ്പം പ്രൊഫസര്‍ ശ്രീധര മേനോന്റെ കേരള ചരിത്രവും വായിക്കപ്പെടുക വേണ്ടതുണ്ട് . പൂര്‍ണ്ണമായ സത്യങ്ങള്‍ എന്നോ ഇതാണ് ചരിത്രമെന്നോ എന്നല്ല ഇപ്പറഞ്ഞത്തിന് അർത്ഥം . പക്ഷേ തുറന്ന കാഴ്ചപ്പാടുകളോടെ കാര്യങ്ങളെ വായിച്ചറിയാൻ ഇത്തരം രചനകള്‍ നമ്മെ സഹായിക്കുകയും ഒരു ധാരണയില്‍ എത്താന്‍ കഴിയുകയും ചെയ്യും . പഴയകാല സംസ്കാരവും , നിലവിലിരുന്ന സാമൂഹ്യ സാഹചര്യങ്ങളും ആചാരങ്ങളും ഒക്കെ അറിയാനും അവയുടെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാനും ഒക്കെ ഇത്തരം വായനകള്‍ സഹായിക്കും . പരസ്പരം സ്പര്‍ദ്ധയോടെ ജീവിക്കുന്ന മതങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നവര്‍ ആരായിരുന്നെന്നും എപ്പോഴാണ് ഈ സ്പര്‍ദ്ധ അവര്‍ക്കിടയില്‍ വന്നതെന്നും അറിയാന്‍ കഴിയും . ഒരേ വംശവൃക്ഷത്തില്‍ നിന്നും പല ശാഖികള്‍ ആയി പിരിഞ്ഞവര്‍ പരസ്പരം നടത്തുന്ന യുദ്ധവും പകയും എന്തിനെന്ന് ചിന്തിക്കാന്‍ സഹായിക്കും ചരിത്ര പഠനങ്ങള്‍ . പക്ഷേ അവ ഒരിയ്ക്കലും മത ഗ്രന്ഥങ്ങളുടെ സംഭാവനകള്‍ ആയ ചരിത്രങ്ങളും പുരാണങ്ങളിലെ വീരനായക കോമിക് കഥാപാത്രങ്ങളുടെ ചുവടു പിടിച്ചതോ ആകരുതെന്ന് മാത്രം . ആശംസകളോടെ ബിജു.ജി.നാഥ്


Wednesday, January 26, 2022

അവകാശദിനാശംസാ കമ്മിറ്റി.

അവകാശദിനാശംസാ കമ്മിറ്റി.
..........................................................
കമ്മിറ്റിയിൽ കേട്ട വാക്യങ്ങൾ ഒക്കെയും
എങ്ങനെ ആഘോഷം പൊടിച്ചിടാമെന്നാ.
നാരായണേട്ടൻ ആദ്യം ഉച്ചത്തിൽ ചൊല്ലീ
നമ്മൾക്ക് വേണ്ടത് സംസ്കാരഷോയല്ലോ.

ചാടിയെണീറ്റിട്ട്  വിജയൻ പറഞ്ഞപ്പോൾ 
നമ്മടെ പിള്ളേർ ഒരുക്കുന്നുണ്ടിടിവെട്ട്.
എന്താണ് കാണട്ടെ എങ്കിലെന്നേവരും
ഒന്നായി പുരികം ഉയർത്തി നോക്കി വ്യഗ്രം.

നാരായണഗുരുവങ്ങിരിപ്പൂ യോഗാസനം.
കൂട്ടത്തിലുണ്ട് ജഡായുവും ചിറകറ്റങ്ങനെ!
കണ്ണു മിഴിച്ചു നാരായണാദി ചോദിപ്പൂ വേഗം
എന്താണീ കാണ്വത് നാരായണ നാരായണ .

പെട്ടെന്ന് ചാടിയെണീറ്റ വേലായുധൻ കാണി
ചൊല്ലീ മീശപിരിച്ചു കൊണ്ടങ്ങ് ഗർവ്വോടെ.
ദേശസ്നേഹത്തിൻ തനിമയുള്ളോരിവർ
തന്പ്രതിമകൾ നാം വയ്ക്കുന്നു കാണുക.

നാരായണനും ജഡായുവും പിന്നെയാ
സുബ്രമണ്യ ഭാരതീം കൂട്ടരും ആരാണ് ?
നിങ്ങളറിയൂ പ്രിയ സോദരേ നമ്മുടെ
സംസ്കാരമെന്തെന്ന് ആഴത്തിലീക്ഷണം.

ശങ്കരനെ നിങ്ങൾ ഓർക്കുക മേലിലും
ചാതുർവർണ്യത്തിൻ്റെ ശില്പിയാണാ ഭുവൻ
കൂട്ടത്തിൽ നിങ്ങൾ കണ്ടീടുക മറക്കാതെ
വീര ഹനുമാനും ഗർദ്ദഭദേവിയും കൂട്ടരും.

നീലനിറമാർന്ന പോത്തിനെ കാണുകിൽ
ഓർക്കുക നിങ്ങൾ തൻ സംസ്കാരമാണത്.
ക്ഷേത്രവും സംസ്കൃതി തന്നുടെ ഛായയും
കണ്ടു കൺകുളിർത്തീടണം നാം കൂട്ടരെ.

ഇങ്ങനെ ചൊല്ലിയാ നാരായണാദികൾ
ചെമ്മേ വായടപ്പിച്ചാ വിജയാദിയെ സത്വരം!
മെല്ലെയവർ ഓർമ്മിപ്പിച്ചാദി മനുവിൻ്റെ
ചാതുർവർണ്യത്തിലാ ചണ്ഡാളനിലയെന്ത്.

ഓച്ഛാനിച്ചപ്പോൾ കുനിഞ്ഞു നിന്നാ ജനം
ഒരുമയോടൊന്നിച്ചു വിളിച്ചൂ ഹർഷാമോദം.
ജയിക്കട്ടെ ജനനി , ജയിക്കട്ടെ സംസ്കാരം.
കുമ്പിട്ട് നില്ക്കാം നാം, വരിക പ്രഭോ വേഗം.
@ബിജു ജി.നാഥ്


Monday, January 24, 2022

ഓർമ്മയിലേക്ക് പടർന്നു കയറുന്ന മിഴികൾ!

ഓർമ്മയിലേക്ക് പടർന്നു കയറുന്ന മിഴികൾ!
..................................................................................
നിഗൂഢമായ മൗനത്തിൽ മുങ്ങിയ
ആഴമറിയാ താഴ്ചയും,
ഇളം ചുവപ്പാർന്ന വ്യഥയും,
പേരറിയാ വികാരങ്ങൾതൻ
സാഗരവും വായിച്ചെടുക്കുന്നു ഞാൻ.

നേർത്ത വിഷാദം മഞ്ഞല പാകിയും
നക്ഷത്ര വിളക്കിൻ്റെ ജ്വാലയൊളിപ്പിച്ചും
ഹൃത്തിലേക്കാഞ്ഞിറങ്ങും മിന്നലായും
എത്രയെത്ര ഭാവങ്ങളാണതിൽ !

ഒരിക്കൽ മുങ്ങിയ പുഴയിൽ ഒരിക്കലും
ഒന്നുകൂടി മുങ്ങാനാകാത്ത പോലെ
സ്ഥായിയാകാത്ത വികാരങ്ങളാൽ
നിൻ്റെ മിഴികളതിവേഗമടഞ്ഞു തുറക്കുന്നു.

മഴ പെയ്തു തോർന്ന പാടവരമ്പുപോലെ
വഴുക്കലാർന്ന കൺപോളകൾ കടന്ന്
ഉപ്പളങ്ങൾ തീർക്കുന്ന സ്വപ്നങ്ങൾ
അവയ്ക്ക് നീ താരാട്ട് പാടുന്നതു പോലെ.

വായിച്ചു തീരുമെങ്കിൽ പറയാമെന്ന
വെറും വാക്കിനാൽ ഒപ്പിയെടുക്കുന്നു
ഉറവ വറ്റാത്ത നിൻ്റെ വേദനകളിൽ നിന്ന്
ഒരു തുള്ളി തുഷാര ബിന്ദുവിന്ന് ഞാൻ .
@ബിജു ജി.നാഥ്

Saturday, January 22, 2022

നിന്നെയെഴുതുമ്പോൾ

നിന്നെയെഴുതുമ്പോൾ...
........................................

ഇലകൾ ക്ക് നിറമെന്താണ് ?
പച്ച 
മഞ്ഞ
ബ്രൗൺ
അല്ലല്ല ചാരം.....
നിനക്കെന്ത് നിറമാകും?
നോക്കൂ,
നിൻ്റെ മിഴികളിൽ
ചാരത്തിൻ്റെ കലർപ്പ്.
നിൻ്റെ സ്വരങ്ങളിൽ
മഞ്ഞിൻ്റെ തണുപ്പ്.
നീ ചുംബിച്ച കാറ്റിനും,
നീ തൊട്ട നിലാവിനും
നിൻ്റെ ഉഷ്ണത്തെ അളക്കാനാകുന്നില്ലന്നോ?
അതോ,
നീ അവരെ
കബളിപ്പിക്കുന്നുവെന്നോ?
നിനക്ക്  മരണം എന്ന് നീ.
നിനക്ക് ജീവിതമെന്ന് ഞാൻ.
നമുക്ക് ഭ്രാന്തെന്നവർ...
എത്ര രസാവഹം അല്ലേ ലോകം!
നിൻ്റെ ഭാവങ്ങളിൽ എന്താണ് ഇല്ലാതെയുള്ളത്?
കള്ളത്തരം കാട്ടി നിന്നെ മറച്ചു പിടിക്കുന്നതോ?
സന്തോഷം അഭിനയിച്ചു 
നീ പറ്റിക്കുന്നതോ ?
കരയാൻ മറന്ന് ചിരിക്കുന്നതോ...
ഏതിലാണ് നിന്നെ ഞാൻ തിരയേണ്ടത്?
നിൻ്റെ നിർമ്മമമായ മൗനത്തിൽ,
നിൻ്റെ നിർവ്വികാരമന്ദസ്മിതങ്ങളിൽ,
നിൻ്റെ നിർദ്ദോഷ ഫലിതങ്ങളിൽ
നിൻ്റെ കണ്ണീരുപ്പു പുരണ്ട ചിരിയിൽ
എപ്പോഴൊക്കെയാണ് പെണ്ണേ
ഞാൻ നിന്നെ തൊട്ടത്' !
 നീയാകും വസന്തത്തെയും
നീയാകും ശിശിരത്തെയും
നിൻ്റെ ഗ്രീഷ്മത്തെയും
എപ്പോഴുമെന്ന പോലെ ഞാൻ മണക്കുന്നു.
ഓടിയൊളിക്കുവാൻ എളുപ്പമാണ്.
പാടി മുഴുമിപ്പിക്കുവാനാണ് പാട്.
കണ്ടു മറക്കാൻ കഴിയുകില്ലാത്ത
ബന്ധമെന്തെന്ന് നാമറിയുന്നുവോ?
@ബിജു ജി.നാഥ്

Wednesday, January 19, 2022

തൊട്ടാവാടി

, തൊട്ടാവാടി
...........................
ഞാനൊന്നു തൊടുമ്പോൾ മാത്രം
മിഴികൾ താഴ്ത്തി
ശക്തി ക്ഷയിച്ച്
കൂമ്പിപ്പോകുന്നു നീ .!
നിൻ്റെ മുള്ളുകൾ കൊണ്ട്
ചോര പൊടിഞ്ഞവർക്കും
നിൻ്റെ പച്ചപ്പിൽ 
ഉയർത്തെഴുന്നേറ്റവർക്കും
കാണാനാകാതെ
കാണിക്കാതെ
നീ ഒളിച്ചുവച്ചിരുന്നതാണല്ലേ.!
നോക്കൂ ...
നിൻ്റെ കണ്ണിലൂടെയെനിക്കു 
സഞ്ചരിക്കണം.
കൃഷ്ണമണിയുടെ നക്ഷത്രപ്പൊലിമയിൽ
കണ്ണഞ്ചിനില്ക്കണം.
വെളുത്ത നിറങ്ങളിലൂടെ
മുലപ്പാൽ മണക്കും വരെ അലിഞ്ഞിറങ്ങണം.
ചുവന്ന രേണുക്കൾ പടർന്നു തുടങ്ങുമ്പോൾ
ഒരു വിരൽ സ്പർശം കൊണ്ട്
നിന്നെ തളർത്തണം.
ആരും നമ്മെ തിരിച്ചറിയാത്ത സുഖം !
നമുക്കിനിയും കഥകൾ പറയാം
കവിതകൾ ചൊല്ലാം.
പകലുകൾ മായട്ടെ
രാവുകൾ നീളട്ടെ.
ഞാനുറക്കം വിട്ടെഴുന്നേറ്റിരിക്കുന്നു. 
എത്ര തൊട്ടാലും മതിവരുന്നില്ല
നീയിങ്ങനെ കൂമ്പിയടയുന്നത്
എത്ര കണ്ടാലും മതിവരുന്നില്ല.
@ബിജു ജി.നാഥ്

Friday, January 14, 2022

നിനക്ക് മാത്രം വായിക്കാനായി

ഋതു, വാതായനങ്ങളുടെ മഴവില്ല്......... ഡോ. കെ.വി.സുമിത്ര

ഋതു , വാതായനങ്ങളുടെ മഴവില്ല് (കവിതകൾ), 
ഡോ. കെ. വി. സുമിത്ര, 
സുജിൽ പബ്ളിക്കേഷൻസ്
വില: ₹ 225.00


        കവിതകൾ സാഹിത്യത്തിൻ്റെ ആദിമ സന്താനങ്ങൾ ആണല്ലോ. അവയിൽ നിന്നുമല്ലേ പിൽക്കാല സാഹിത്യരൂപങ്ങൾ എല്ലാം രൂപം കൊണ്ടത്.! എന്താകും ആദ്യകാല കവിതകളുടെ ഇതിവൃത്തം. തീർച്ചയായും മറന്നു പോകാതിരിക്കാൻ , കാലത്തിന് സമ്മാനിച്ച വീരകഥകൾ തന്നെയാകും അവ. ചിലപ്പോൾ വിരഹിയായ കാമുകനോ കാമുകിയോ ഇണയുടെ ശ്രദ്ധയ്ക്കു വേണ്ടി പാടിയതോ പറഞ്ഞതോ ആയ വരികളുമാകാം. എന്തു തന്നെയാണെങ്കിലും കവിതകൾക്ക് ആദിമ മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള യാത്രയിലോ പരിണാമത്തിലോ ഇതിവൃത്ത ശോഷണം സംഭവിക്കാതെയുള്ള ഒന്നാണ് പ്രണയം എന്നു മനസ്സിലാക്കുന്നു. ജീവിതം , പ്രണയം, മരണം ഇവയുടെ ഇടയിലൂടെയുള്ള സഞ്ചാരിയാണ് മനുഷ്യൻ..! ജീവിതവും മരണവും തീരുമാനിക്കപ്പെടുന്നതും പ്രണയം തന്നെയാണ്. സ്വതന്ത്രമായ ഒരു നിലനില്പും അനന്തമായ നിർവ്വചനങ്ങളും നിറഞ്ഞതാണ് പ്രണയം . ലോകത്തെ ഒട്ടുമിക്ക സാഹിത്യ സൃഷ്ടികളിലും സംഭവിക്കുന്നത് പ്രണയം തന്നെയാണ്. ജിബ്രാനെയും റൂമിയെയും ഒക്കെ കാലം ഓർത്തു വയ്ക്കുന്നത് ആ ഒരു വിഷയം കൊണ്ടു തന്നെയാണല്ലോ. എഴുതപ്പെട്ടതും അറിയപ്പെടാതെ പോയതും എഴുതാനിരിക്കുന്നതും ഒക്കെയും പ്രണയമാണ്. 

         കൃഷ്ണനോടുള്ള ഭക്തിയും പ്രണയവും ഇല്ലാതെ ഭാരതത്തിലെ എത്ര സ്ത്രീകളെ കാണാനാകും. വിഭിന്നമായ മതങ്ങൾ കടന്നു വന്നിട്ടും കൃഷ്ണനൊപ്പം പിടിച്ചു നില്ക്കാൻ ക്രിസ്തു മാത്രമേയുള്ളൂ. ഭക്തിയുടെ മറവിലുള്ള പ്രണയത്തിൻ്റെ ഒളിച്ചുകടത്തൽ മാത്രമല്ലത്. നിശബ്ദം കവിതകളിലൂടെ കൃഷ്ണനെയും ക്രിസ്തുവിനെയും മുൻനിർത്തിക്കൊണ്ട് കാമിനികൾ തങ്ങളുടെ പ്രണയിതാക്കളോട് സംവദിക്കുന്നതാണത്. സുഗതകുമാരി കൃഷ്ണാ നീ എന്നെയറിയില്ല എന്നു പറയുമ്പോൾ മറുകാവ്യം പിറക്കുന്നതങ്ങനെയാണ്. ( വെറുമൊരുദാഹരണം മാത്രം ). സോഷ്യൽ മീഡിയകളിലെ പ്രണയകാവ്യങ്ങൾ ആണ് ഇക്കണക്കിൽ ഏറ്റവും നൂതനമായ സന്ദേശ കാവ്യങ്ങൾ. പ്രണയിക്കുന്നവർ പരസ്പരം താന്താങ്ങളുടെ വാളുകളിൽ പ്രണയ സന്ദേശങ്ങളും മറു കുറികളും നിർലോഭം കൈമാറുന്നു . വായനക്കാർ അതിൽ പുളകിതരും വികാരഭരിതരും ആകുന്നു. പ്രണയകാവ്യങ്ങളുടെ ഋതുഭേദങ്ങളാണ് ഡോ. കെ. വി. സുമിത്രയുടെ "ഋതു , വാതായനങ്ങളുടെ മഴവില്ല് "എന്ന പുസ്തകത്തിലെ കവിതകൾ. ഈ കവിതകൾ എല്ലാം തന്നെ പ്രണയവും വിരഹവും വേദനയും വിഷാദവും രതിയും ഉറഞ്ഞുകിടക്കുന്ന വികാര പ്രപഞ്ചത്തിൽ നിന്നു കൊണ്ടു സംവദിക്കുന്ന പ്രണയിനിയുടെ മനസ്സാണ് സമ്മാനിക്കുന്നത്. ജീവിതത്തിൻ്റെ സുഗന്ധത്തെയൊട്ടാകെ വാരിയെടുത്തണിയുന്ന ഒരുവളുടെ ആത്മനൊമ്പരങ്ങൾ എന്നവയെ പറയാൻ കഴിയും. ഏറ്റവും വിഷാദാത്മകമായ മനസ്സുകൾ രാവിൻ്റെ ഏകാന്തയാമത്തിൽ ഒറ്റക്കിരുന്നു കേഴുന്ന പ്രതീതിയുണ്ടാക്കുന്ന കവിതയിലെ വരികൾക്കൊക്കെ സാന്ദ്രമായ ഒരു സ്ഥായീഭാവം ഉണ്ട്. ഓർമ്മകളുടെ ഭാരം പേറി പറക്കാനാവാതെ ചിറകു കുഴഞ്ഞിരിക്കുന്ന ഒരു കിളിയെപ്പോലെയാണത്. പ്രിയനു വേണ്ടി പണിതീർത്ത ദേവാലയത്തിൽ മന്വന്തരങ്ങളായവൾ കാത്തിരിപ്പിലാണ്. പ്രണയിനികളുടെ ഒരു പരമ്പരയിൽ അവസാനത്തെ കണ്ണിയാകാനാഗ്രഹിക്കുന്നൊരാൾ.

       വാക്കുകൾ, ഉപമകൾ, പ്രതീകങ്ങൾ, ഗുപ്തമായ മൗനം തുടങ്ങി കവിതയ്ക്കാവശ്യമായ എല്ലാ ചേരുവകളും അറിയാവുന്ന കവിയുടെ ആദ്യ പുസ്തകമല്ല ഇത്. ഡോ.കെ.വി. സുമിത്ര മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള ഒരാളും പ്രമുഖ സ്ഥാപനങ്ങളിൽ എഡിറ്റർ തസ്തികയിൽ ജോലി ചെയ്തുവരുന്നതുമാണ്. തൻ്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചു പുസ്തകങ്ങൾ ഉള്ള കവി, തൻ്റെ അറിവും കഴിവും പക്ഷേ വേണ്ടവിധത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ല എന്നൊരു പരാതിയാണ് കവിതകൾ വായിച്ചു കഴിയുമ്പോൾ അനുഭവപ്പെടുന്നത്. ഒട്ടുമിക്ക പൊതുപ്രവർത്തകർക്കും ഉള്ള ഒരു പ്രധാന പ്രശ്നം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ കാണാനോ പരിഹരിക്കാനോ അവർക്ക് സമയം കിട്ടില്ല എന്നുള്ളതാണ്. തീർച്ചയായും ഇവിടെ കവിക്കും അതേ അവസ്ഥയാണ് സംഭവിച്ചത് എന്നു മനസ്സിലാക്കുന്നു. അക്ഷരത്തെറ്റുകൾ ഇന്നൊരു വലിയ വിഷയമായി പ്രസാധകരോ എഴുത്തുകാരോ ശ്രദ്ധിക്കാറില്ല എന്ന ഖേദകരമായ വസ്തുതയ്ക്കൊപ്പം തന്നെ പലപ്പോഴും കവിതയുടെ വായനകളെ വഴിതെറ്റിക്കുന്ന പുലബന്ധമില്ലാത്ത ഉപമകൾക്കും കാഴ്ചകൾക്കും വായനക്കാർ സാക്ഷിയാകേണ്ടി വരുന്നുണ്ട്. ഇത്തരം അവസ്ഥകളെ ഒരു വലിയ പരിധി വരെ മറികടക്കാൻ എഡിറ്റർ വിഭാഗത്തിനു കഴിയും. പക്ഷേ ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണക്കാർക്കും എഡിറ്റർ എന്ന സംഗതി വെറും അനാവശ്യമായി കരുതുന്ന ഒന്നായിട്ട് തോന്നുന്നു. 

      വരുംകാല രചനകളെ നല്ല രീതിയിൽ അടയാളപ്പെടുത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു. കഴിവും ഭാഷയും കൈകളിലുള്ള ഇരുത്തം വന്ന ഒരു കവിയാണ് എന്നാൽ അലസത കൂടിയുണ്ട് കൂടെയെന്ന് ഓർമ്മിപ്പിക്കുന്നു. സസ്നേഹം ബിജു.ജി.നാഥ്



Wednesday, January 12, 2022

കവിതയെന്ന് പറയരുതിതിനെ

കവിതയെന്ന് പറയരുതിതിനെ
..........................................................
നാണക്കേടിൻ്റെ കോണകമല്ല
നേരിൻ്റെ പാൻ്റീസ് മാത്രമാണിത്.
അകത്താണ് ധരിച്ചതെങ്കിലും
പുറത്ത് തെളിഞ്ഞ് കാണുമത്രെ.!
കിറ്റിൻ്റെ പുറത്ത് എഴുതി വച്ചുവെന്നും
റെയിലിൻ്റെ വഴിയിലുണ്ടെന്നും
നെറ്റ്‌ പോണ റൂട്ടിലുണ്ടന്നും കേട്ടു .
ചിലർക്കത് വികാരമാണത്രേ.
അന്തം എന്ന് പറയുന്നുമുണ്ടത്രേ..
ഒന്നോ രണ്ടോ ജീവൻ കൊടുക്കും
പിന്നെ പറഞ്ഞു നടക്കും വീരസ്യം .
തിരിച്ചെടുക്കാൻ തടസ്സം ചെങ്കോലെന്ന്
അടക്കം പറയും ദോഷൈകദൃക്കുകൾ.
എങ്കിലും ഒരു തിരുവാതിര കൊണ്ട്
സത്വരം നിങ്ങളെഴുതല്ലേ വിധി.
ഞങ്ങൾ വിടും കീഴ്ശ്വാസം നുകർന്ന്
നിങ്ങൾ കാത്തിരിക്കുക വസന്തം.
എതിർക്കേണ്ടത് ഫാസിസമല്ലേ?
എഴുതേണ്ടത് ബൂർഷകളെക്കുറിച്ചല്ലേ?
പറയേണ്ടത് നവോത്ഥാനമല്ലേ?
നമ്മൾ ആനപ്പുറമേറിയ ചന്തിത്തഴമ്പുള്ളവർ.
നോക്കൂ നിങ്ങൾ പറയേണ്ടതിവയൊക്കെ.
സംഘപരിവാർ ക്രൂരത
കപട ദേശീയത
മുസ്ലീം പ്രീണനം
ബൂർഷാസിസം അറബിക്കടലിൽ
അഴിമതി കോൺഗ്രസ്
മതി ..
ഇനിയുള്ളത് ഞങ്ങളാ.
അറ്റുപോയ വാലും
ദ്രവിച്ചു പോയ ഉടലും
ബുദ്ധി പോയ ശിരസ്സും ....
കുങ്കുമം ചുമക്കുന്ന ഗർദ്ദഭങ്ങൾക്കു മുന്നിൽ
ഇനി ഞങ്ങളെ മാത്രം കേൾക്കുക
ഞങ്ങളെ മാത്രം ശരിയെന്നു പറയുക.
ശേഷം
ഞങ്ങൾ നയിക്കാം നിങ്ങളെ .
ചോദ്യം പാടില്ല
വിമർശനം അരുത്
വാഴ്ത്തുകൾ സ്വാഗതം..
@ബിജു ജി. നാഥ്

Monday, January 10, 2022

ബലി

അവരുടെ ഇഷ്ടങ്ങളിൽപ്പെട്ടവനുടെ ഇഷ്ടങ്ങൾ അന്ത്യശ്വാസം വലിക്കുന്നു.
അനന്തരമവർ ആമോദത്തോടെയവൻ-
തന്നസ്ഥികൾ കടലിലൊഴുക്കുന്നു .-
-------@ബിജു ജി. നാഥ്

Saturday, January 8, 2022

രാത്രിഞ്ചരൻ

രാത്രിഞ്ചരൻ
.........................
പകലിൻ്റെ ആൾത്തിരക്കുകളിൽ ,
ഉത്സവപ്പറമ്പുകളിൽ,
ഷോപ്പിംഗ് മാളുകളിൽ,
പള്ളിമുറ്റങ്ങളിൽ
നിങ്ങൾക്കവനെ കാണുവാനാകില്ല.
ഒന്നുകിൽ , 
രാത്രി പത്തു മണി കഴിയണം.
അല്ലെങ്കിൽ 
വിമാനത്തിൽ വന്നിറങ്ങണം .
സൂക്ഷിക്കുക !
ജാഗ്രത പുലർത്തുക.
സാനിറ്റൈസറും
മെഡിക്കൽ മാസ്കും വേണമെന്നില്ല.
അകന്നു നിൽക്കുക 
വിദേശത്തൊഴിലാളികളിൽ നിന്നും.
അകത്തിരിക്കുക 
രാത്രികാലങ്ങളിൽ .
നിങ്ങൾക്ക് ജീവിതം ആസ്വദിക്കാം.
കാരണം , 
നിങ്ങൾ നവോത്ഥാന ഭരണത്തിൻ കീഴിലാണ്.
@ബിജു ജി.നാഥ്

Friday, January 7, 2022

ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ ........... ചിത്രാ മാധവന്‍

ഓളപ്പരപ്പിലെ  മിന്നുന്ന പരല്‍മീനുകള്‍ (കവിത)
ചിത്രാ മാധവന്‍
ഹരിതകേരളം
വില : ₹ 120.00
 
കവിതകള്‍ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നായ് മാറിയിരിക്കുന്നു ഇന്നെന്ന് തോന്നുന്നുണ്ട് . കാരണം കവിതകള്‍ സംഭവിച്ചുപോയിരുന്ന കാലത്ത് നിന്നും കവിതകള്‍ ഉണ്ടാക്കുന്ന കാലത്തിലേക്ക് കവികള്‍ പരാവര്‍ത്തം ചെയ്യപ്പെട്ടിരിക്കുന്നതായി വായനകള്‍ ദ്യോതിപ്പിക്കുന്നു . പലപ്പോഴും കവിതകള്‍ വായിക്കാന്‍ തോന്നുക കവിതകള്‍ നല്‍കുന്ന താളമോ സൗന്ദര്യബോധമോ നോക്കിയല്ല . ആ കവിതകള്‍ക്ക് എന്തെങ്കിലും പറഞ്ഞു തരാന്‍ ഉണ്ടാകും എന്നൊരു ധാരണയിലാണ് . പക്ഷേ കാലദേശങ്ങളും ഭാഷയും ഒരുപാട് മാറിമറിഞ്ഞുവെങ്കിലും മാറ്റങ്ങളെ പരീക്ഷണമാക്കാന്‍ കവികള്‍ക്ക് ഇനിയും താത്പര്യമില്ല എന്നു തോന്നുന്നു . സോഷ്യല്‍ മീഡിയ നല്‍കുന്ന സേവനം ഇത്തരുണത്തില്‍ വിസ്മരിക്കാന്‍ കഴിയുകയില്ല . കാരണം കവിതകളുടെ വിവിധങ്ങളായ ലോകത്തെ അത് നല്കുന്നുണ്ട് . കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്ക് മേലെയായി ഫേസ് ബുക്ക് കവിതകളുടെ ഒരു വിശാലവും വ്യത്യസ്ഥതയും നിറഞ്ഞ ലോകം ആസ്വാദകര്‍ക്കായി തുറന്നിട്ടു തന്നിട്ട് . ബ്ലോഗുകള്‍ ജനപ്രീതിയില്‍ അത്രകണ്ട് മുന്നിലായിരുന്നില്ല എന്നതിനാല്‍ത്തന്നെ അതിനെ അറിയാനോ പരിചയപ്പെടാനോ അധികമാര്‍ക്കും അവസരവും ലഭിച്ചിരുന്നില്ല . തര്‍ജ്ജമകള്‍ മുതല്‍ പുതുപുത്തന്‍ പരീക്ഷണങ്ങളും ചര്‍ച്ചകളും വിവാദങ്ങളും വരെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടമാണ് മുഖപുസ്തകം എന്നു പറയാന്‍ കഴിയും . സാഹിത്യ ചോരണവും പറ്റിക്കപ്പെടലുകളും ഒരുപാട് നടക്കുന്ന ഒരിടമാണ് ഇതെന്നുകൂടി പറയേണ്ടിവരും . നല്ല വരികള്‍ പ്രത്യേകിച്ചും പ്രണയം വിരഹം തുടങ്ങിയവ അടിച്ചു മാറ്റി സ്വന്തമാക്കുന്ന വിരുതുകള്‍ ഒത്തിരിയുണ്ടിവിടെ. അതുപോലെതന്നെ ഹിന്ദിയും സംസ്കൃതവും ഉറുദുവുമൊക്കെ അറിയുന്നവര്‍ അവയില്‍ നിന്നുമുള്ള കവിതകള്‍ , ഗസലുകള്‍ ഒക്കെ അതുപോലെ അടിച്ചുമാറ്റി സ്വന്തം പേരില്‍ കവിതകള്‍ ആക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ടു . മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരായ ചിലര്‍  ഇത്തരം പ്രണയകവിതകളുടെ വരികളെ ഉറുദുവില്‍ നിന്നൊക്കെ മലയാളത്തിലേക്കു മൊഴിമാറ്റി സ്വന്തം വാൾ അലങ്കരിക്കുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട് .  കവിതാ ചോരണം അല്ല ഇവിടെ പറയാന്‍ ഉദ്ദേശിച്ച വിഷയം . ഇവിടെ പറയാന്‍ ശ്രമിക്കുന്നത് കവിതകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് . ഇത്തരം ഒരു ചിന്തയ്ക്ക് കാരണം എന്താകും എന്നതിനെ പറഞ്ഞിട്ടു അതിലേക്കു വരാം എന്നു കരുതുന്നു .
 
ശ്രീമതി ചിത്രാ മാധവന്റെ ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ എന്ന കവിത സമാഹാരം വായിക്കുകയുണ്ടായി . അന്‍പത്തൊന്നു കവിതകള്‍ അടങ്ങിയ ഈ പുസ്തകം ഹരിതം പബ്ലീഷെഴ്സ് ആണ് പുറത്തിറക്കിയിരിക്കുന്നത് . വി.കെ. ഷാജിയുടെ പഠനവും ജോര്‍ജ്ജ് ഓണക്കൂറിന്റെ ആശംസകളും അടങ്ങിയ ഈ പുസ്തകത്തിലെ കവിതകള്‍ സമ്മിശ്രങ്ങളായ കവിതാ വിഷയങ്ങളാല്‍ സമ്പുഷ്ടമാണ് . പ്രണയമില്ലാത്ത കവികളോ കവിതകളോ ഇല്ല എന്നതിനാല്‍ ഈ പുസ്തകത്തിലും പ്രണയം വിഷയമായ കവിതകള്‍ ഉണ്ട് . അതുപോലെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയും പ്രകൃതി വിഷയങ്ങളെക്കുറിച്ചും, പൊതുവിഷയങ്ങളിലും കവിതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ഓരോന്നായി എടുത്തുപറഞ്ഞുകൊണ്ടു ഒരു കവിതാ വിശകലനമോ പുസ്തക വിചാരമോ ചെയ്യുക ഭാരിച്ച പണിയായതിനാല്‍ അതിലേക്കു നീങ്ങുന്നില്ല . പ്രണയത്തിനെ ക്കുറിച്ചുള്ള കവിതകള്‍ എല്ലാം തന്നെ ശുഭസൂചകങ്ങളായ പരിഭവങ്ങളും ഓര്‍മ്മകളും മാത്രമാണു ഉള്ളത് . കരഞ്ഞു കണ്ണീരൊഴുക്കി അനുവാചകരെ കണ്ണീര്‍ സീരിയലുകളിലേക്ക് കൊണ്ട് പോകാന്‍ കവി ഉദ്ദേശിച്ചിരുന്നില്ല എന്നുള്ളത് വ്യക്തമാണ് അത്തരം കവിതകളില്‍ . പ്രണയവും രതിയും ഇഴകലര്‍ന്ന മനോഹരമായ സൌന്ദര്യലഹരിയാണ് പ്രണയത്തെ അടയാളപ്പെടുത്താന്‍ കവി ഉപയോഗിച്ച് കണ്ടത് . ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള കവിതകള്‍ ആണ് ഇനിയുള്ളത് . ഈ കവിതകള്‍ പെരുംബാവൂരിലെ ജിഷ , കാശ്മീരിലെ ക്വത്വയിലെ പെണ്കുട്ടി , ആദിവാസിയായ മധു , കരിമണല്‍ ഖനനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള കടന്നുപോക്കാണ് ഇത്തരം കവിതകളില്‍ പ്രധാനമായും കാണാന്‍ കഴിഞ്ഞിട്ടുള്ളത് . ഒരു സ്ത്രീയുടെ ഭാഗത്ത് നിന്നുകൊണ്ടുള്ള വികാരവിക്ഷോഭങ്ങള്‍ , ഒരു മനുഷ്യനായി നിന്നുള്ള സഹജീവികളോടുള്ള സ്നേഹവും പ്രകൃതിയോടുള്ള കരുതലും ഒക്കെ ഇത്തരം കവിതകളില്‍ ദര്‍ശിക്കാന്‍ കഴിയും . പൊടുന്നനെയുണ്ടാകുന്ന രോക്ഷം കവിതകള്‍ കുറിക്കുവാന്‍ പ്രചോദനമാകുന്ന ഒരു അവസ്ഥയാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ കവിതകളില്‍ കാണാന്‍ കഴിയുക . ഇതിന് ചിത്രാ മാധവനും ഒഴിവല്ല. അതൊരു കുറ്റമോ കുറവോ ആയിട്ടല്ല പറയുന്നതു പക്ഷേ അവിടെ സംഭവിക്കുന്ന ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കണം എന്നു തോന്നുന്നു . വികാരം വരികളില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ വാക്കുകള്‍ കൈവശം വന്നുകിടന്നങ്ങു തിളച്ചു മറിയും അപ്പോള്‍ എഴുതുന്നതില്‍ കവിത നഷ്ടപ്പെടുകയും വികാരവിക്ഷോഭങ്ങളുടെ കുറച്ചു വരികള്‍ താളത്തിലോ അല്ലാതെയോ നിറയുകയും ചെയ്യും . പറയാനുള്ളത് പറഞ്ഞു എന്നല്ലാതെ അതില്‍ ഒരു കവിതയുടെ സാംഗത്യം ഉണ്ടാകുകയില്ല . ഈ ഒരു പ്രശ്നം കവിയില്‍ പ്രകടമായി കാണാന്‍ കഴിയുന്നുണ്ട്, പ്രത്യേകിച്ചും ആനുകാലിക വിഷയങ്ങളില്‍ കടന്നു കയറുമ്പോള്‍ . ഇതിനെ മാറ്റി നിര്‍ത്തിയാല്‍ ആ കവിതകള്‍ക്ക് കൂടുതല്‍ ഭംഗിയും തിളക്കവും സംഭവിച്ചേക്കാം . പൊതു വിഷയങ്ങളെ സംബന്ധിച്ചുള്ള കവിതകളില്‍ പൊതുവായി സംഭവിച്ചത് കുറച്ചു ഗൃഹാതുര കാഴ്ചകളെ വരച്ചിടാന്‍ കഴിഞ്ഞു എന്നുള്ളതാണ് . അച്ഛനോര്‍മ്മകളും ബാല്യ കൌമാര ചിന്തകളും ആദ്യമായി ഋതുവായ പെൺമനസ്സും തുടങ്ങി പല വിഷയങ്ങള്‍  അവിടെ വരുന്നുണ്ട് . ചിലയിടങ്ങളില്‍ ഉപമകളും ബിംബങ്ങളും കൊണ്ട് വരുമ്പോള്‍ കവി ഉദ്ദേശിച്ചത് വായനക്കാരന് അറിയാന്‍ കഴിയാതെ പോവുകയും അവയെ വ്യക്തത വരുത്തി അറിയുവാന്‍ കവിയെ തിരഞ്ഞു പോകേണ്ടിയും വരുന്ന ഒരു അവസ്ഥ  ഒരു പുസ്തകത്തിനും ഉണ്ടാകേണ്ടുന്ന ഒരു ഗുണമായി തോന്നുന്നില്ല . ഈ വിഷയം കവികള്‍ എല്ലാവരും  ശ്രദ്ധിയ്ക്കുക തന്നെ വേണം.

ഉണ്ടാക്കുന്ന കവിതകള്‍ എന്ന വിഷയം, ഈ കവിതകള്‍ വായിക്കുമ്പോള്‍ തോന്നാന്‍ കാരണം മേല്‍പ്പറഞ്ഞ സീസണ്‍ കവിതകള്‍ എഴുതുബോൾ ഉണ്ടാകുന്നതാണ് അതെന്നതിനാലാണ് . മുഖപുസ്തക കവികളില്‍ മിക്കവരും ഇത്തരം നിമിഷ വികാരങ്ങളെ കവിതകള്‍ ആക്കി അതിനു മുകളില്‍ അടയിരിക്കുന്നവര്‍ ആണ് . ഒരു ദുരന്തമോ ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമോ സംഭവിച്ചാല്‍ അതിനെക്കുറിച്ചുള്ള നൂറു കവിതകള്‍ സോഷ്യല്‍ മീഡിയയില്‍ വരുക സാധാരണ സംഭവമാണ് . ഒരു വാരം ആഘോഷിച്ചു വിടുന്ന കവിതകള്‍ ആണവ എന്നു പറയേണ്ടി വരും . കാരണം ഇക്കാലത്ത് വരുന്ന വാർത്തകള്‍ ഒന്നും തന്നെ ആദ്യം കേള്‍ക്കുന്നതാകില്ല കുറച്ചു കഴിയുമ്പോള്‍ കേള്‍ക്കുക . പക്ഷേ കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കാന്‍ ഓടുന്ന കവികള്‍ അപ്പോഴേക്കും കവിതകള്‍ എഴുതിക്കഴിഞ്ഞിരിക്കും . മാക്സിമം ലൈക്കും ഷെയറും കമന്റുകളും ലഭിക്കുക പറ്റിയാല്‍ ഒന്നു വൈറലായി കിട്ടുക ഇതാണല്ലോ ഇന്നത്തെ സോഷ്യല്‍ മീഡിയ കവിതകളുടെ മിക്കവയുടെയും ലക്ഷ്യം .
 
            ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ കെട്ടിലും മട്ടിലും വളരെ നല്ല നിലവാരം പുലര്‍ത്തുന്ന ഒന്നായിരുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ് . ചിത്രാ മാധവന്‍ ഭാഷയെ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന ഒരാളായി അനുഭവപ്പെട്ടു . തന്‍മയത്തോടെ ഭാഷയുടെ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട് കവിതകളില്‍ . ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്ക്കർ പുരസ്കാരമടക്കം കുറച്ച് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ചിത്രാ മാധവന് ഇനിയും മലയാള ഭാഷയില്‍ കൂടുതല്‍ കവിതകള്‍ കയ്യടക്കത്തോടെയും കാവ്യഭംഗിയോടെയും സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു . എഴുത്തിന്റെ ലോകത്ത് വികാരത്തെ വാക്കുകള്‍ ആയി വിവേകപൂര്‍വ്വം പ്രയോഗിക്കുന്നവര്‍ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ എന്ന ലോകതത്ത്വം അറിയുന്നവരാകട്ടെ എല്ലാ കവികളും എന്ന ശുഭപ്രതീക്ഷയോടെ ബിജു.ജി നാഥ് 


Wednesday, January 5, 2022

എഡിറ്റർ കം പബ്ലീഷർ

എഡിറ്റർ കം പബ്ലീഷർ 
.............................................
മാഗസിനൊന്നു തുടങ്ങേണം 
കഥകൾ തേടിയിറങ്ങണം
കവിതകൾ ചോദിച്ചു പോകണം
അറിയപ്പെടുന്നവരാകണം ആദ്യം
രചനകളിൽ വന്നു നിറയുവാൻ.
ഒരു വിധം പിടിച്ചങ്ങു നിന്നീടാനായാൽ
കൃതികൾ തരുന്നവരെ നോക്കണം.
മുലകൾ വലുതെങ്കിൽ കൊള്ളാം
മുഖമത് നന്നെങ്കിൽ കൊള്ളാം.
കളിവാക്ക് പറയുന്നോൾ നന്ന്
കിടക്കയിൽ വഴങ്ങുന്നോൾ ബെസ്റ്റ്.
എതിർവാക്കു പറയുന്നോൾ വേണ്ട
ആണുങ്ങളാണേൽ വേണ്ട വേണ്ട.
എഡിറ്ററായി വിലസിയാലും മതിയേത്-
കൊടി കെട്ടിയ മാഗസിനിലായാലും.
കലയെ ഉദ്ധരിക്കാനായ് ഞാനും
ഈ കളരിയിൽ പദമുറപ്പീച്ചിടിലോ !
പനിപിടിച്ചാലും വിശ്രമിക്കില്ല, ഞാനെൻ്റെ
'പേന'കൾ രണ്ടുമേ തളരുകില്ലൊരു നാളും.
@ബിജു.ജി.നാഥ്

Monday, January 3, 2022

കവിത പറയുന്നവർ

കവിത പറയുന്നവർ
............................................

കവിത പറയാമെന്നവർ വാതുവയ്ക്കുന്നു.
ഏത് കവിതയെന്ന തർക്കത്തിന്
വിപ്ലവം എന്ന് മേൽക്കോയ്മ.
രക്തരൂക്ഷിതമായ തെരുവുകൾ സൃഷ്ടിക്കാൻ
പട്ടിണി മരണങ്ങൾക്കും 
പീഡനങ്ങൾക്കും സ്കോപ്പില്ലെന്നു തീർപ്പാകുന്നു.
അടിവസ്ത്രത്തിൽ രേതസ്സ് മണം തിരയുന്ന 
രാഷ്ട്രീയമോ
അതിരുകാക്കുന്ന ദേശീയതയോ
പശുത്തോലിൽ പുഴുവരിക്കുന്ന വർഗ്ഗീയതയോ 
ഏതാണ് വേണ്ടതെന്ന ചർച്ച മുഴുക്കുന്നു.
പുകയുന്നു...
സുവർണ്ണ ലായനികൾ ഒഴിയുന്നു...
വദനസുരതങ്ങൾ പൊടിപൊടിക്കുന്നു.
തളർന്ന ഉടലുകൾ വസ്ത്രം മറക്കുന്നു.
ചർച്ചയിൽ ഒടുവിൽ തീരുമാനമാകുന്നു.
അഗ്രം മുറിച്ചൊരു കവിതയിലേക്ക് 
തെരുവു സ്തംഭിക്കുന്നു.
ദൈവവിളിയെന്നോ
ദൈവ സ്തുതിയെന്നോ തിരിച്ചറിയാത്തിടത്ത്
ആണെന്നും പെണ്ണെന്നും എഴുതാത്തിടത്ത്
പുതിയ കവിത പിറക്കുന്നു.
കവിതയുടെ അഗ്രചർമ്മത്തിനെ ചൊല്ലി
തെരുവ് കത്തുന്നു.
കവിതയിലെ ദൈവനാമത്തെ ചൊല്ലി 
തെരുവു ചുവക്കുന്നു.
കവിതയിലെ മനുഷ്യരെത്തേടി
തെരുവു വിലപിക്കുന്നു.
അനന്തരം കവിതയിലെ വിതയും
കവന സൗന്ദര്യവും ചർച്ചയാകുന്നു.
മുഖം മൂടിയുള്ള മനുഷ്യർ 
കവിതയെ കണ്ടെത്തുന്നു.
കവിതയിലൂടെ അവർ കവിയെ തിരയുന്നു.
പിന്നെ,ചരിത്രം കവിയെ ഓർക്കുന്നു.
@ബിജു.ജി.നാഥ്

Saturday, January 1, 2022

അവസാനമൊഴി

 


അവസാനമൊഴി

..................................

 

വേദനിക്കുന്നു ഞാന്‍ നിന്നെയോര്‍ത്തിന്നഹോ !

വേദനയല്ലാതെ എന്തുണ്ട് നീ തന്നു ?

പൊട്ടിയടരുമെന്‍ ഹൃത്തിന്റെ ഭിത്തിയില്‍

ഒട്ടിച്ചു ചേര്‍ത്തതാണെന്നേ നിന്നെ ഞാൻ;


എത്ര വസന്തങ്ങള്‍, പുഷ്പിച്ചിടാതെന്റെ

ഓര്‍മ്മതന്‍ വാടിയില്‍ മരവിച്ചുറങ്ങി...

എത്ര മഴക്കാലം എന്റെ ഹൃദന്തത്തെ  

തെല്ലും നനക്കാതെ പെയ്തൊഴിഞ്ഞങ്ങനെ.


എന്നും പ്രതീക്ഷതന്‍ വെള്ളി വെളിച്ചത്തെ

സ്വപ്നം കണ്ടു ഞാന്‍ നിദ്രയെ പൂകി.

എന്നും പുലരിയില്‍ കണികണ്ടുണരുവാന്‍

നിന്നെ മോഹിച്ചു കണ്‍ തുറന്നു. 


ഹേ എന്റെ സൂര്യ!  ഹേ എന്റെ ആകാശമേ!

പോകുക എന്നെയീ ഇരുളില്‍ ഉപേക്ഷിച്ച്.

വിട്ടുപോയീടുക കാറ്റും വെളിച്ചവും

വിട്ടകന്നീടുക സ്നേഹബന്ധങ്ങളും .


ഒറ്റയ്ക്ക് ഞാന്‍ തീര്‍ത്ത മണ്‍പുറ്റിലെന്നെ

വിട്ടേച്ചു പോകുക, തിരികെ വന്നീടായ്ക നീ.

കത്തിച്ചു വച്ചോരു മണ്‍വിളക്കിന്‍ നാളം

ഊതിക്കെടുത്തുക കാറ്റേ മടിവേണ്ടിനി.

 

പൂര്‍ണമാകാത്തൊരു കാവ്യം പോലെ,

മുഴുമിക്കാനാകാത്തൊരു ചിത്രം പോലെ,

പറയാന്‍ മറന്നോരു പ്രണയം പോലെ

അകലാന്‍ കൊതിക്കുമീ ജീവന്‍ പിടയുമ്പോള്‍...


അരുതിനി പറയരുതു നീ പടുവാക്കുകള്‍.

അറിയാതെ പോലും നല്‍കരുത് സ്വപ്നങ്ങള്‍.

ചിതയില്‍ എരിയുമെന്‍ ഹൃദയത്തിനോട്  

അരുതു നീയിനി മിടിക്കാന്‍ പറയരുതേ .

 @ബിജു ജി നാഥ്