Monday, December 31, 2012

നൂലിഴകള്‍

ചിതലരിക്കുന്ന വെറും സ്വപ്നങ്ങള്‍ക്ക് മേലാണ്
നിന്റെ ചിതക്ക് ഞാന്‍ കൂടോരുക്കിയത് .
കനവ് കണ്ടു കനല് വറ്റിയ നിന്റെ മിഴികളില്‍
ചാരമൂതി തെളിയിക്കാന്‍ എനിക്ക് കഴിയാതെ പോയ്‌ .!

നിറങ്ങള്‍ മങ്ങിയവര്‍ണ്ണകടലാസ്സില്‍
അലങ്കാര ദീപങ്ങള്‍ ചാര്‍ത്തുന്ന നരച്ച സന്ധ്യ ..!
നമുക്കിടയില്‍ വെളിച്ചത്തിന്റെ കീറിലൂടെ
നഗ്നതയുടെ തണുപ്പ് അരിച്ചിറങ്ങുന്നതെങ്ങോട്ടാകും ?

പുഞ്ചിരിയുടെ മ്രിദുലതകള്‍ക്കിടയിലെങ്ങോ വച്ചാണ്
മധുരത്തിന്റെ  രസപ്പൊട്ടുകള്‍ നക്ഷ്ടമായത് .
സ്നിഗ്ദ്ധതയുടെ  പുറം കാഴ്ചകളില്‍ മയങ്ങുന്ന
കാളിന്ദിയില്‍ മയങ്ങുന്നുണ്ടൊരു കൃഷ്ണസര്‍പ്പം .!

വിരല് കൊണ്ടൊന്നു തൊട്ടാല്‍ പുതയുന്നതാണ്
നിന്റെ മനസ്സെന്കിലും ഭയമാണെനിക്ക് .
നിന്റെ  കൂര്‍ത്ത നഖമുനകളെന്റെ ഹൃത്തില്‍
ഇരുണ്ടു ചുവന്ന ചിത്രങ്ങളെഴുതുമ്പോള്‍ .

രാസവാക്ക്യങ്ങളില്‍ പ്രണയം മരിക്കുമ്പോള്‍ ,
മേനിയുടെ  മികവില്‍ കാമം പൂക്കുമ്പോള്‍ ,
സ്വപ്നങ്ങളുടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ വിടരുമ്പോള്‍ ,
പുതിയ പുലരിയില്‍ ഞാനുണരുമ്പോള്‍ ,

കൂദാശകള്‍ക്ക് അല്‍ത്താരകള്‍ പരവതാനി വിരിക്കുന്നു.
നമുക്കിടയില്‍  പുതിയതൊന്നും ഇല്ലാതെ ആകുന്നു .
------------------ബിജി എന്‍ വര്‍ക്കല -------
 

Saturday, December 22, 2012

നഗര സന്താനങ്ങള്‍

നിരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് 
ചതുരകട്ടകളില്‍ പാതിമൂടും  ജാലകങ്ങള്‍ .
ഹൃദയംനുറുങ്ങുന്ന തേങ്ങല്‍ ചീളുകള്‍
ചിതറി വീഴുന്നോരീ തെരുവിന്‍ വഴിത്താരകള്‍ .

ചതുപ്പ് നിലങ്ങളില്‍ പുതഞ്ഞു താഴുന്നു
കരിവളകള്‍ തന്‍ മോഹന രാഗങ്ങള്‍
എരിയും  ശ്വാസത്തെ മിഴിയും കണ്കളാല്‍
അലകടല്‍ ഹൃത്തില്‍ നിറയ്ക്കുന്നു ജീവിതം .

മതിമോഹനം ചില മേടകള്‍ തന്നിലായ്‌
പതിതമാം  നടനത്തിന്‍ നൂപുരമുലയുന്നു
വിലപേശിയകലുന്ന മിഴികളില്‍ കൌടില്യം
വിറപൂണ്ടോരുടലിന്റെ നിറമേഴും കവരുന്നു .

ഇരുളില്ല പകലില്ല സന്ധ്യയും പുലരിയും
ഇവിടില്ല  മഴവില്ലും മയില്‍പീലിയും.
കരളുകള്‍ പൊടിയുന്ന കാമമാം മിഴികളില്‍
വഴുതികിടക്കുന്ന തെരുവുകള്‍ മാത്രം .!

രാവോന്നിരുളുംബോളിരതേടിയിറങ്ങുന്ന
കാട്ടുപൂച്ചകള്‍ തന്‍ കണ്ണുകള്‍ തിളങ്ങുന്നു.
നാവില്‍നിന്നിറ്റുന്ന ലഹരിതന്‍ദ്രാവകം, മുരളും
വിശപ്പിന്നാസക്തിയില്‍ കുഴയുന്ന തെരുവുകള്‍ .

ചതുരക്കളം തീര്‍ക്കുമാകാശ തിരശ്ശില പതിയെ
വിരല്‍ത്തുംബാല്‍ മാറ്റി നോക്കുന്നോരമ്പിളി തന്‍
മിഴിക്കോണിലുണ്ടൊരു ഭയം വിരിയുന്ന നോട്ടം
താഴെ പിടയുമാ പേടമാനിനെ കാണുന്ന മാത്രയില്‍ .

വിശപ്പാറി കഴിയുമ്പോളിരതന്‍ ഗര്‍ഭപാത്രത്തിന്നു-
ള്ളു ഭേദിക്കുന്ന ലോഹദണ്ടുകളില്‍ കരിംചോര,
മഞ്ഞിന്‍കൂടാരത്തിലെക്കാഞ്ഞു പതിക്കുമീ നഗ്നമാ-
പൂവുടല്‍ വിറയ്ക്കുന്നു കാഴ്ചകള്‍ തറയുമ്പോള്‍ .

മുകുളങ്ങള്‍ തന്നിതളുകള്‍ വിടര്‍ത്തി ജരാനരകള്‍
മധുപാനം ചെയ്യുന്നിരുള് കരയുന്ന  നേരം .!
പിടയുമീ ശിഖരത്തെ നിര്‍ലജ്ജം ചീന്തുന്നു
കൊഴിയുന്നു ചോരപൊടിയും ദളങ്ങള്‍ മണ്ണില്‍ .

കോണ്ക്രീറ്റ് ചതുരങ്ങള്‍ പേറുന്നുണ്ടാത്മാക്കള്‍
ലഹരിയില്‍  പുളയുന്ന മാദകമേദസ്സ്കള്‍
അധികാരം,പദവിയും ,ചതിയും, വികാരമറ്റ രതിയും
നിറയുന്ന വരണ്ട മനസ്സുകള്‍ തന്‍ മാനുഷാകാരങ്ങളെ .
--------------------ബി ജി എന്‍ വര്‍ക്കല ------------




Wednesday, December 19, 2012

അന്ത്യ പ്രവാചകന്‍

ദിവസവും ഒരു നേരമെന്കിലും ഞാന്‍ ആ ഒഴിഞ്ഞ കാലിപ്പുരയില്‍ പോയിഇരിക്കുമായിരുന്നു എന്നും. കാരണം മറ്റെവിടെ ഇരുന്നാലും എനിക്ക് കൊതുകിന്റെ കടിയോ ഈച്ചയുടെ ശല്യമോ കിട്ടില്ലായിരുന്നു . ചിലപ്പോഴൊക്കെ പട്ടിചെള്ള് എന്നെ കടിച്ചു രക്തം വലിചൂറ്റി കടന്നു പോയി കഴിഞ്ഞ ശേഷം ആ തിണര്‍ത്തശരീരം ചൊറിഞ്ഞു ഇരിക്കാന്‍ എനിക്ക് വലിയ സന്തോഷം ആയിരുന്നു , എന്റെ വിഷാദം അവയൊന്നും എന്നെ കടിക്കാത്ത ദിവസങ്ങളില്‍ ആയിരുന്നു .
ഞാന്‍ വിദ്യാഭ്യാസം നന്നായി ചെയ്തു , ലോക വിവരം കമ്മി ആണെങ്കിലും ഇന്റര്‍നെറ്റും പത്രങ്ങളും ,ടെലിവിഷനും എനിക്കൊരുപാട് അറിവുകള്‍ തന്നിരുന്നു . ഞാന്‍ അവയില്‍ സംതൃപ്തന്‍ അല്ലാതിരുന്നതിനാല്‍ ആണ് ഇവിടെ വന്നിരുന്നു ഇങ്ങനെ സ്വയം ചിന്തിച്ചു കൂട്ടുന്നത്‌ .
ഇവയൊക്കെ പിന്നീട് എഴുതി മറ്റുള്ളവരുടെ കയ്യടി വാങ്ങി ഞാന്‍ ജീവിച്ചു പോകുന്നു . എന്റെ ഭാര്യയും കുട്ടികളും എനിക്കൊരു ചിന്തയെ അല്ല കാരണം അവര്‍ക്ക് മൂന്നു നേരം തിന്നാന്‍ ഉള്ളത് ഞാന്‍ കൊടുക്കുന്നുണ്ട്. അവര്‍ സന്തുഷ്ടരാണ് .
ഇരുട്ട് കട്ട പിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ഇനി പോയി വല്ലോം എഴുതി സമയം കളയാം . അപ്പോഴാണ്‌ യാദ്രിശ്ചികമായി ഒരു ശബ്ദം കേട്ടത്  .
"വല്സ്സാ "
"ഇതാരടാ വല്സ്സന്‍ ? "ഞാന്‍ അമ്പരന്നു ഇരുട്ടിലേക്ക് നോക്കി . ആ ആരെയും കാണുന്നില്ല ഇനി കന്നാലികളുടെ ആത്മാവ് വല്ലതും ഇവിടെ വന്നു കാടി വെള്ളം ചോദിച്ച്താകുമോ ?
മൂട്ടിലെ പൊടിയും തട്ടി ഞാന്‍ പുറത്തോട്ടു ഇറങ്ങി . അപ്പൊ അകത്ത് നിന്നും വീണ്ടും കേട്ട് വിളി
"വല്സ്സാ ഒന്ന് നില്‍ക്കൂ "
എന്റെ രോമം എല്ലാം എഴുന്നേറ്റു നിന്ന് . തണുപ്പടിച്ചിട്ടെന്നപോലെ ഞാന്‍ ചൂളിപ്പോയ്‌ .
അകത്തേക്ക് വീണ്ടും കയറി , ഇരുട്ടുമായ്‌ കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ ഞാന്‍ നന്നായി നോക്കി . ഇല്ല ആരും ഇല്ല . കാറ്റൊന്നും വീശുന്നില്ലല്ലോ . അല്ലെങ്കില്‍ അതെന്തിലെന്കിലും കൊണ്ട് കേള്‍ക്കുന്നത് ആണെന്ന് പറയാമായിരുന്നു .
ചുമ്മാ പോയാല്‍ ഒരു വാക്ക് എന്ന് കരുതി ചോദിച്ചു .
"ആരാ അവിടെ ? "
എന്റെ ധൈര്യം സമ്മതിക്കണം . ഞാന്‍ സ്വയം അഭിമാനിച്ചു . പക്ഷെ ഇളിഭ്യനും  ആയി കാരണം ഒരു മറുപടി കിട്ടിയില്ലല്ലോ . അല്പം ചെവിയോര്‍ത്തു നിന്ന് അപ്പൊ ദാ കേള്‍ക്കുന്നു മറുപടി .
"ഞാന്‍ ഇവിടെ ഉണ്ട് മകനെ . നിന്റെ മുന്നില്‍ "
മകനെ എന്നൊക്കെ വിളിക്കുന്നു ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ അച്ഛനാണോ ? അച്ഛന്‍ എന്തിനാ ഈ ഇരുട്ടില്‍ വന്നു നിന്ന് വിളിക്കുന്നെ ? അതോ ഇനി പ്രേതങ്ങള്‍ ഇങ്ങനെ ആണോ ?
" ആരാണ് . എനിക്ക് കാണാന്‍ വയ്യല്ലോ ? പുറത്തോട്ടു വരൂ "
"നിനക്കെന്നെ കാണാന്‍ കഴിയില്ല മകനെ . ഞാന്‍ ഈ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു ."
"അപ്പൊ  വായു ആണോ ? "
"എല്ലാം ഞാന്‍ ആണ് "
"ഓ ഇത് കുറെ കാലം ആയി കേള്‍ക്കുന്നതാ അതിരിക്കട്ടെ ചേട്ടന്റെ പേരെന്താണ് ?"
ഞാന്‍  സര്‍വ്വ ശക്തന്‍ , സര്‍വ്വ വ്യാപി , പ്രപഞ്ച നാഥന്‍ ."
അത്  കൊള്ളാം . അതിരിക്കട്ടെ ചേട്ടനെ ഞാന്‍ എന്തെന്ന് വിളിക്കണം ? ഭഗവാന്‍ എന്നോ ,കര്‍ത്താവ് എന്നോ അതോ അള്ളാഹു എന്നോ ?"
" നീ എന്നെ പരിഹസിക്കുക ആണോ ?"
"അല്ല എന്തെ അങ്ങനെ ചോദിച്ചത് ?"
" നീ പറയുന്നതിലെ ധ്വനി എനിക്ക് മനസ്സിലാകും . എന്ത് ചെയ്യാം അതൊക്കെ എനിക്ക് പറ്റിയ ചില അബദ്ധങ്ങള്‍ ആണ് കുഞ്ഞേ ..!"
"താങ്കള്‍ക്കും അബദ്ധമോ ? വെറുതെ തമാശ പറയാതെ . ഞാന്‍ കേട്ടിരിക്കുന്നത് ചേട്ടന് പറ്റാത്തത്‌ ഒന്നും ഇല്ല എന്നാണല്ലോ ?"
"അതൊക്കെ ഒരു തമാശ "
"അതിരിക്കട്ടെ  ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?"
" എന്താണ് മകനെ ചോദിക്കൂ ."
"അല്ല ചേട്ടന് തന്തേം തള്ളേം ഒന്നുമില്ലേ ?"
"ഞാന്‍ കോപിച്ചാല്‍ നീ ഭസ്മം ആകും എന്ന് നിനക്കറിയില്ലേ ?"
"അതല്ലല്ലോ എന്റെ ചോദ്യത്തിന് ഉത്തരം "
"നോക്കൂ കുഞ്ഞേ ഞാന്‍ തര്‍ക്കിക്കാന്‍ വന്നതല്ല . ഇത് പോലെ ഞാന്‍ മുന്‍പും പലര്‍ക്കും അരുളപ്പാട് കൊടുത്തിട്ടുണ്ട് . അവരൊക്കെ പേടിച്ചു എന്റെ നേരെ നിന്നിട്ട് കൂടി ഇല്ല . അറിയോ നിനക്ക് ?"
"ശരി എന്നാല്‍ ഞാനും പേടിച്ച് കളയാം . മാമൂലുകള്‍ കളയണ്ട "
ഞാന്‍  മുട്ട് കുത്തി മുഖം മറച്ചു ഭൂമിയെ നോക്കി ഇരുന്നു . അപ്പോള്‍ ആ ശബ്ദം എന്നോട് പറഞ്ഞു .
"ഒരു പാട് കാലം ഞാന്‍ ഒരുപാട് പേര്‍ക്ക് ബോധനം കൊടുത്ത് . അവരോടൊക്കെ ഓരോന്ന് പറഞ്ഞും കൊടുത്തു. വിവരദോഷികള്‍ അത് അവന്മാരുടെ സ്വന്തം കാര്യം നടത്താന്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല . ഇപ്പൊ അവരെ തട്ടിയിട്ടു എനിക്ക് നടക്കാന്‍ വയ്യാത്ത അവസ്ഥ ആണ് . നീ വേണം ഇനി ഇതൊക്കെ ഒന്ന് മാറ്റി തരാന്‍ . "
" എങ്ങനെ ? ഞാന്‍ എങ്ങനെ മാറ്റാനാ ? "
" ഇനി "കലിയെയും , അന്തി ക്രിസ്തുവിനെയും , മഹാതിയെയും "ഒന്നും കാക്കണ്ട എന്ന് ജനത്തിനോട് പറയണം . അതൊക്കെ അവന്മാരെ ഒതുക്കാന്‍ ഞാന്‍ ഇട്ട നമ്പരുകള്‍ ആയിരുന്നു. .പക്ഷെ എന്ത് കാര്യം ഒരുത്തനും നന്നായില്ല . നീ അവരോടു പറയുക . നീ ആണ് എന്റെ അവസാന പ്രവാചകന്‍ എന്ന് . ഇനി ആരും ചോദിച്ചു പറഞ്ഞും വരണ്ട ഞാന്‍ ഇനി ഇല്ല എന്ന് പറയുക . എല്ലാരേയും പരസ്പരം വിദ്വേഷം ഒക്കെ കളഞ്ഞു എന്റെ അനുചരന്മാര്‍ എന്ന പേരില്‍ പേരുണ്ടാക്കിയ എല്ലാരേം അറബി കടലില്‍ തള്ളിയിട്ടു മനുഷ്യന്മാരെ പരസ്പരം സ്നേഹിച്ചു ജീവിക്കാന്‍ പറയുക . ദേശങ്ങള്‍ അല്ല ഒറ്റ ദേശം മാത്രമേ ഉള്ളു എന്ന് പറയുക . നിറം മാറിയാല്‍ , രൂപം മാറിയാല്‍ മനുഷ്യന്‍ അല്ലതാകുന്നില്ല എന്ന് പറയുക , സ്നേഹം ആയിരിക്കണം മതം എന്ന് പറയുക . മാതാപിതാക്കളെ സ്നേഹിച്ചു മക്കളെ നന്നായി വളര്‍ത്തി അന്യനു ദോഷം വരാത്ത വണ്ണം എല്ലാരും ആയി സഹകരിച്ചു സന്തോഷം ആയി ജീവിച്ചു  മരിക്കാന്‍ പറയുക . ഇവിടെ ഉള്ള ഈ ജന്മമേ ഉള്ളു ഇനി വേറെ സ്വര്‍ഗ്ഗം ഒന്നും തിരക്കി വരണ്ട എന്ന് പറയുക . ഇനി കുറച്ചു കോടി വര്ഷം കൂടി കത്താന്‍ ഉള്ള ഇന്ധനം എന്തായാലും സൂര്യനില്‍ ഉണ്ട് അത് തീരും വരെ പരമ്പര ഉണ്ടാക്കി ആനന്ദിച്ചു ജീവിക്കാന്‍ പറയുക . "
"ഇതൊക്കെ പറയാന്‍ ചെന്നാല്‍ അവരെന്നെ പിടിച്ചു കഷണം ആക്കും . ഉള്ളത് പറയാമല്ലോ ഇനി ഒരാളും വരില്ല എന്നും പറഞ്ഞു ഒരാള് പോയിട്ട് അധികം നാള്‍ ആയില്ല . "
"അതൊക്കെ അവര്‍ക്ക് മനസ്സിലാകും . നീ പ്രവാചകന്‍ ആണെന്ന് അറിയിക്കാന്‍ ഒരു എളുപ്പ വഴി ഉണ്ട് ."
" അതെയോ , എന്നാല്‍ അത് ആദ്യം പറയണ്ടേ ഞാന്‍ ബാക്കി ഏറ്റു പറയൂ "
" അതായത് നീ ഇന്ന് മുതല്‍ കഥകള്‍ , കവിതകള്‍ ഒക്കെ എഴുതുക . അത് വായിച്ചു ജനം നിന്നെ അറിയും . അവര്‍ മനസ്സിലാക്കും നിനക്ക് മുന്‍പേ ഉണ്ടായിരുന്ന കള്ളന്മാര്‍ എല്ലാം ചുമ്മാതെ നുണ പറഞ്ഞു ആണ് വാണിരുന്നത് എന്ന്
"ചുരുക്കത്തില്‍ ആയുസ്സറാതെ ചാവാന്‍ കഴിയും എന്ന് അല്ലെ ?"
"അതൊക്കെ നീ അങ്ങ് ചെയ്യുക , കര്‍മ്മം ചെയ്യുക നിന്നുടെ ലക്‌ഷ്യം എന്ന് ഞാന്‍ പറഞ്ഞതായി ഒരാള്‍ പറഞ്ഞത്‌ നീ കേട്ടിട്ടില്ലേ ?"
"അല്ല  അപ്പൊ ഞാന്‍ പുതിയ പുസ്തകം ഒന്നും കൊടുക്കണ്ടേ ജനങ്ങള്‍ക്ക്‌ , താന്കള്‍ പറഞ്ഞെന്നും പറഞ്ഞു ?"
" അയ്യോ എന്നെ നീ നാണം കെടുത്തല്ലേ . അല്ലാതെ തന്നെ ഞാന്‍ ആകെ നാണിച്ചു , വെറും ക്രിമിയെക്കള്‍ നികൃഷ്ടമായ ഒരു രീതിയില്‍ നില്‍ക്കുക ആണ് നേരത്തെ വന്ന സാധനങ്ങള്‍ മൂലം . ഇപ്പൊ അതും പിടിച്ചാണ് ആള്‍ക്കാര്‍ പരസ്പരം ഒരു കാര്യവും ഇല്ലാതെ അടി കൂടുന്നത് . ഞാന്‍ ഉണ്ടോ എന്നും ചോദിച്ചു ഒരു കൂട്ടരും തള്ളയെ വിശ്വാസം ഉണ്ടോ എന്ന് മറ്റൊരു കൂട്ടരും . തെങ്ങയാണോ തെങ്ങാണോ ആദ്യമെന്നു പിന്നൊരു കൂട്ടര്‍ , ഇല്ലാത്ത കഥകള്‍ പറഞ്ഞു എന്റെ വില കളഞ്ഞു ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കുക ആണ് . വടി കൊടുത്തു അടി വാങ്ങിയ അവസ്ഥ ആണ് എനിക്ക് . "
"ഞാനും നിങ്ങളെ തിരക്കി ഇരിക്കുവായിരുന്നു ഒന്ന് കാണാന്‍ "
"എന്തിനു ?"
"അല്ല കുറെ കാലം ആയി കേള്‍ക്കുന്ന ഒരു പ്രസ്ഥാനം അല്ലെ ഒന്ന് കണ്ടിരിക്കാം എന്ന് കരുതി ."
"അല്ല  നീ എന്നെ കാണണ്ട . നീവിചാരിച്ചാലും കാണില്ല . നീ പോയി ഞാന്‍ പറഞ്ഞത് ചെയ്യുക "
" അല്ല ഞാന്‍ ഇങ്ങനെ ജീവിച്ചു പോകുന്നത് ഇഷ്ടം ആകുന്നില്ലേ സര്‍വ്വ വ്യാപിക്കു ? എന്നാല്‍ അതങ്ങു പറഞ്ഞാ പോരെ ?"
"ഇതുവരെ ഉള്ളവര്‍ എല്ലാം ഞാന്‍ പറഞ്ഞത് കേട്ട് അനുസരണയോടെ നിന്ന് . നീ എന്താണ് ഇങ്ങനെ ? ദയവായി എന്റെ ഈ അന്ത്യാഭിലാക്ഷം സാധിച്ചു തരണം ."
ഇത്  പറഞ്ഞത് "ഡിം " എന്നൊരു ശബ്ദം കേട്ട് . ഓ സിനിമയില്‍ ഒക്കെ സംഭവിക്കുന്നത് അപ്പൊ ശരിയാണല്ലേ അവസാന വാക്കും ഒറ്റ വീഴലും . അരൂപി ആയതിനാല്‍ ഇനി ഇവിടെ കിടന്നു നാറിയാല്‍ പോലും ആരും കാണില്ല  . ഞാന്‍ മെല്ലെ പുറത്തിറങ്ങി . എന്നിട്ട് അടുക്കളയില്‍ പോയി തീപ്പെട്ടി എടുത്തു കൊണ്ട് വന്നു കാലിപ്പുര അങ്ങ് കത്തിച്ചു . പിന്നല്ല . എന്നെ ചുമ്മാതാണോ പ്രവാചകന്‍ ആക്കിയത് ? ഇതൊക്കെ ചെയ്യാന്‍ ഇമ്മിണി ബുദ്ധി ഒന്നും പോരല്ലോ .
അതിനാല്‍ ഞാന്‍ തുടങ്ങട്ടെ എഴുതാന്‍ . ഇനി കൊതുക് കടി ഒന്നും കൊള്ളണ്ട അല്ലാതെ തന്നെ ലഹരി കിട്ടും നല്ല പണി ആണ് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി . ലോകത്തെ ഒന്ന് നന്നാക്കട്ടെ . ഇനി ഞാന്‍ ചെയ്യഞ്ഞിട്ടാണ് ലോകം അത് അറിയാതെ പോയത് എന്ന് നാളെ ആരും പറയണ്ട . പാവം ദൈവം ആണേല്‍ കത്തിയും പോയി. എന്റെ എഴുത്തുകള്‍ ഇനി ലോകം കാണട്ടെ . ദൈവം ഇനി ഇല്ലഎന്നറിഞ്ഞാല്‍ അവര്‍ ആദ്യം കരയുമായിരിക്കും , ചിലര്‍ പകച്ചു നിന്നേക്കാം , ചിലപ്പോ മന്ദബുദ്ധികള്‍ എന്നെ തല്ലി കൊല്ലുമായിരിക്കും . എന്നാലും വേണ്ടില്ല ഞാന്‍ ചെയ്യേണ്ടത് ചെയ്തില്ല എന്ന് വേണ്ട . ചിലപ്പോ നാളെ എന്നെ തിരിച്ചറിയുന്നവര്‍ എന്നേം പിടിച്ചു പ്രവാചകന്റെ അവകാശങ്ങളും സമ്മാനങ്ങളും തരുമായിരിക്കും . സമയം കളയുന്നില്ല എന്റെ പേനയും പേപ്പറും എവിടെ ?
............................................................................ബി ജി എന്‍ വര്‍ക്കല ..................



Monday, December 17, 2012

ദൈവം ഉണ്ടാകുന്നത്

ജനനത്തിനു മരണമെന്ന പോലെ സ്ത്രീക്ക് പുരുഷന്‍ ഇണയായി പ്രകൃതി നല്‍കി . ശരിക്കും അതൊരു പ്രതിഭാസം തന്നെ ആയിരുന്നു . സാഹചര്യങ്ങളെ അതിജീവിക്കാന്‍ കാലം നല്‍കിയ സമ്മാനം !
ഇടയിലാരോ നല്‍കിയ ഓമനപ്പേരും , മനുഷ്യന്‍ .!
മനുഷ്യന്‍ എന്ന് മനുഷ്യന് പേരിട്ടവന്‍ തന്നെ ദൈവങ്ങളെയും സ്രിക്ഷ്ടിച്ചു .
സ്രിക്ഷ്ടിയുടെ വേദന അന്ന് മുതല്‍ അവന്‍ അനുഭവിച്ചു തുടങ്ങുക ആയിരുന്നു .സ്രിക്ഷ്ടിപരമായ കര്‍മ്മം ഉണ്ടായത് തന്നെ വര്‍ദ്ധനവിന് വേണ്ടി ആയിരിക്കെ ദൈവ സ്രിക്ഷ്ടി മനുഷ്യനെ ആശ്വാസത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു . എങ്ങനെയെന്നാല്‍ മനുഷ്യന്‍ തന്റെ തലച്ചോറിന്റെ വികസനോന്മുഖമായ അന്തരീക്ഷത്തില്‍ കണ്ടെത്തിയ സത്യങ്ങള്‍ക്കൊന്നും ആദ്യമാദ്യം അവന്റെ യുക്തിക്ക് ഭദ്രമായ ഒരു മറുപടി നല്‍കാനായില്ല . അവന്റെ ചിന്താമണ്ടലത്തില്‍ തനിക്ക് മനസ്സിലാകാത്തതും  തനിക്കതീതമായതുമൊക്കെ അവന്‍ അല്ഫുതത്തോടെ നോക്കി നിന്ന്. അവന്റെ യുക്തിയില്‍ അവയ്ക്കൊന്നും , ആ സംശയങ്ങള്‍ക്കൊന്നും മറുപടിയില്ലതായപ്പോള്‍ അവയെ അവന്‍ ശക്തിയുടെ അവകാശങ്ങളായി കാണാന്‍ ഇഷ്ടപ്പെട്ടു . അവന്റെ വാക്കുകളില്‍ അത് വളര്‍ന്നു . ഒപ്പം അവന്റെ  വിജ്ഞാന മണ്ഡലവും . അവിടെ അവന്‍ തന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും സംജ്ഞകള്‍ നല്‍കി . ഒപ്പം മനുഷ്യനെന്ന പോലെ ശക്തമായ അതിലും വലുതായ ഒരു സ്ഥാനം നല്‍കി കൊണ്ട് അവനതിന്റെ പേര്‍ ദൈവം എന്ന് വിളിപ്പിച്ചു . അവന്റെ തലമുറയുടെ നാദമായി , ബ്രഹ്മമായി അവന്‍ ആ നാമം വളര്‍ത്തി എടുത്തു . അവന്റെ ആ പ്രകടനം അവനെ നന്മയും തിന്മയും ഒരുക്കി കൊടുത്തു .
സത്യത്തില്‍ ആ കാലഘട്ടത്തിന്റെ ആവശ്യകത ആയിരുന്നു ദൈവമെന്ന ശക്തിയും അവനിലുള്ള ഭയവും. മനുഷ്യനെ മുന്നോട്ടു പുരോഗതിയുടെ പാതയില്‍ നയിച്ച ആ ശക്തി ഒടുവില്‍ ഒരു പാട് അന്വേഷണങ്ങളുടെയും , വിമര്‍ശനങ്ങളുടെയും ചിറകിലേറി ഒടുവില്‍ ആ പൊള്ളത്തരം പൊളിച്ചെഴുതിയപ്പോള്‍ സമൂഹം അവനെ തന്നെ ഭ്രാന്തനെന്നും വിളിച്ചു . യുക്തിവാദിയെന്നും ദൈവത്തെ അവിശ്വസിക്കുന്ന്തു കൊണ്ട് അവനെ പുരോഗമാനവാദിയെന്നും വിളിപ്പേരിട്ടു
---------------------------------------ബി ജി എന്‍ വര്‍ക്കല -----------28.01.1997

ഓര്‍മ്മയില്‍ ഒരു മഞ്ഞു തുള്ളിയായ്‌ ....!

ദൂരെ പകലിന്റെ ചൂടിന്‍ കരുത്തില്‍ ആലസ്യം പൂണ്ടു കിടക്കുന്ന പുഴയുടെ തിളക്കം . കാത്തിരിക്കുന്നഅവളുടെ ചുണ്ടുകളില്‍ വെള്ളി വെളിച്ചം . അവള്‍ കാത്തിരിക്കുകയാണ് , വരുന്ന രാവിലെപ്പോഴോ അണയുന്ന സാന്ത്വനത്തിന്റെ കുളിര്‍കാറ്റിനെ കള്ളനെ പോലെ കടന്നു വരുന്ന പൌര്‍ണ്ണമിയെ..!
മൌനത്തിന്റെ തിരശ്ശീല നീക്കി ഇടക്കെപ്പോഴോ കടന്നുവരുന്ന ശബ്ദത്തിനു കൊടുംകാറ്റിന്റെ ശക്തിയുണ്ട് . നിമിഷങ്ങള്‍ വാചാലമാകുന്ന അവസ്ഥ .
അവിടെ സര്‍ഗ്ഗസ്രിക്ഷ്ടിയുടെ ഈറ്റ് നോവ്‌ മാത്രം .
സംഗീതമായ്‌  നേര്‍ത്ത കിരണമായ്‌ ,മനസ്സിനെ പിടിച്ചു തഴുകിയുറക്കിയ അമ്മയുടെ തലോടല്‍ പോലെ., സ്നിഗ്ദമായ ഒരോര്‍മ്മ .
നിന്നെകുറിച്ചോര്‍ക്കുകയാണെങ്കില്‍ എനിക്കെന്നെ മറക്കാന്‍ തോന്നും. അരവി ഒരനുഗ്രഹമാണ് . പക്ഷെ മറവി എപ്പോഴും ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്ന ഒരു അനുഭവമാണ് .
ഹൃദയം നിറയെ സ്നേഹവുമായ്‌ എന്നൊക്കെ പറഞ്ഞും വായിച്ചും കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന ഒരു വികാരമുണ്ടല്ലോ അനിര്‍വ്വചനീയമായ ഒരു അനുഭൂതി . അതാണെപ്പോഴും എന്നെ നടുക്കുന്നത് . കരഞ്ഞു തളര്‍ന്നുറങ്ങുന്ന  കുഞ്ഞിനെ തലോടി വിശന്ന വയറും ഒട്ടിയ മുലകാമ്പുമായി അമ്മയുടെ തേങ്ങലുകള്‍ എന്നെ നിദ്രാഭരിതനാക്കുന്നു . നാലണ കാശിനു വേണ്ടി അപരിചിതമായ ഒരു ശരീരവും താങ്ങി ഒരു യന്ത്രം പോലെ കിടക്കുന്ന സ്ത്രീയുടെ ദൈന്യത എന്റെ സങ്കടം ആകുന്നു . ഇരച്ചു പെയ്യുന്ന മഴയിലൂടെ ഒന്നുകൂടെ ഓടി തിമര്‍ക്കാന്‍ , അമ്മയുടെ മടിയില്‍ കുഞ്ഞായി എല്ലാം മറന്നോന്നുറങ്ങാന്‍ , അച്ഛന്റെ കയ്യും പിടിച്ചു ഒന്ന് കൂടി നാടുവഴികളിലൂടെ ചുറ്റി നടക്കാന്‍  ഒക്കെ മോഹങ്ങളുണ്ട് .പക്ഷെ ഞാന്‍ മുതിര്‍ന്നില്ലേ ? ആ പഴയ മോഹങ്ങള്‍ ഇനി ഒരിക്കലും വരാത്ത വണ്ണം അപ്രത്യേക്ഷമായില്ലേ ? ഒരിക്കലും കേള്‍ക്കാത്തൊരു താരാട്ടായി കുഞ്ഞു പെങ്ങള്‍ എന്നാ സ്വപ്നം പോലും വൃഥാവിലായില്ലേ .. ജീവിക്കാന്‍ വേണ്ടി ഉള്ള പ്രയാണത്തിനിടക്ക് എപ്പോഴോ മറക്കേണ്ടി വന്ന കിനാവുകള്‍ ഓര്‍ത്തുവയ്ക്കാന്‍ കാലം നല്‍കിയ മധുരങ്ങള്‍ . മനസ്സിന്റെ മണിച്ചെപ്പില്‍ എന്നും സൂക്ഷിക്കാന്‍ ഞാന്‍ ഒരുകി വച്ച നിമിഷങ്ങള്‍ ..!
ഇളവെയില്‍ കൊണ്ട് കിടക്കാനും കൊതി തീരെ അസ്തമയ സൂര്യന്റെ തലോടല്‍ ഏറ്റുവാങ്ങാനും നനഞ്ഞ കാല്‍പാദങ്ങള്‍ വലിച്ചു  വച്ച് പിന്നെയും  ആഴിപ്പരപ്പിലേക്ക് ഓടിചെല്ലാനും വെറുതെയെങ്കിലും മനസ്സ് കൊതിക്കുക ആണ് . സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാത്തവന്റെ അവസ്ഥ ..! ഒരു പാട് തവണ വിഷയമാക്കിയ ഒരു പ്രഹേളിക . സ്വയം കൊണ്ട് നടക്കാനായി കരുതിവച്ചിരിക്കുന്ന ഓര്‍മ്മപ്പിണ്ടങ്ങള്‍...!
എവിടെയോ ഒരുകൊച്ചു പാദസരം കിലുങ്ങുന്നു ... ചുവന്നു തുടുത്ത കാലടികള്‍ ...!
----------------------------ബി ജി എന്‍ വര്‍ക്കല ------------17.01.1997   

ഒടാമ്പലുകള്‍

അകത്തേക്കും പുറത്തേക്കും തുറക്കാന്‍
നമുക്കിടയില്‍ പഴുതുകള്‍ അനവധിയില്ല .!
ഒരു സാക്ഷയുടെ ബലത്തില്‍ മാത്രമാണ്
നമ്മുടെ വിശ്വാസങ്ങളെ പുതച്ചു മൂടുന്നത് .

അടച്ചുമൂടപ്പെട്ട വാതിലുകള്‍ക്കപ്പുറം
ശബ്ദങ്ങള്‍ നമ്മെ യാന്ത്രികരാക്കുന്നു .
അവസ്ഥാന്തരങ്ങളുടെ നിജസ്ഥിതിയറിയാന്‍
മനസ്സ് കുതികുത്തുന്നത് അതൊന്നിനാലാകാം .

മനസ്സിന്റെ പടിവാതിലില്‍ ഭിക്ഷാംദേഹിയായ
സമസ്യകള്‍ക്കൊടുവിലെത്രയോ ജന്മങ്ങള്‍
ജനിമ്രിതികള്‍ തന്‍ രഹസ്യങ്ങള്‍ക്ക് മുന്നിലായ്‌
കരകാണാത്ത കടലിലെ നാവികരെ പോല്‍ .

അധികാരത്തിനും  അവകാശത്തിനും നടുവിലായ്‌
അഹങ്കാരത്തിനും സഹനത്തിനും ഇടയിലായ്‌
ആത്മീയതയ്ക്കും നിരാകരണത്തിനും മദ്ധ്യേ
കടമ്പകള്‍ പോലെ ഓടാമ്പലുകള്‍ കടന്നുവരും .

പരിധി  നിര്‍ണ്ണയിക്കുന്ന അറിവുകള്‍ക്കും
അതിര് വയ്ക്കുന്ന ബന്ധങ്ങള്‍ക്കും
അരുതുകള്‍ വാതില്‍പ്പഴുതുകളാകുമ്പോള്‍
അറിയാതെ  പൊളിക്കപ്പെടുന്നതതിനാലാണ് .

മാറാല കെട്ടിയ മനസ്സിനെ അറിയാന്‍
മധുരവും എരിവും പരസ്പരം തിരിയാന്‍
രാവിനും പകലിനും മുഴുക്കാപ്പ് തീര്‍ക്കാന്‍
പരിമിതിയില്ലാത്ത തടസ്സങ്ങളാണവ.

ചിലപ്പോള്‍  വേണ്ടതും ,വേണ്ടാത്തതുമായ
തടസ്സങ്ങളെ നമ്മള്‍ വിളിച്ചു പോകുന്നത്
ഓടാമ്പലുകള്‍ എന്നല്ല പകരം
സദാചാരമെന്ന  ചിന്തേരിട്ട ചിന്തകളാലാണ് .

ഇനി നീ പറയുക , നമുക്കിടയില്‍ വേണ്ടത്
ഒടാമ്പലുകള്‍ ആണോ അതോ ......?
-------------------ബി ജി എന്‍ വര്‍ക്കല -----------


Friday, December 14, 2012

മനസ്സേ ശാന്തമാകൂ

സായന്തനം ദിനപത്രത്തിന് വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും സ്വീകരിച്ചു കൊണ്ട് ഞനീ സാനിട്ടോരിയത്തില്‍ എത്തുമ്പോള്‍ എന്റെ മനസ്സില്‍ ആവേശവും , ഉത്കണ്ഠയും തിരതല്ലുന്നുണ്ടായിരുന്നു . ഒരു വശത്തു ഏറ്റെടുത്ത ജോലി ഭംഗിയായ് തീര്‍ക്കണം എന്ന വാശി. മറുഭാഗത്ത്‌ അവിടെ ലഭിക്കാന്‍ പോകുന്ന സ്വീകരണത്തിന്റെ കാഠിന്യം .! ഒട്ടെങ്കിലും ആശ്വാസമേകുന്നത് നേരത്തെ അറിയിപ്പ് ഉള്ളത് കൊണ്ട് ആരെങ്കിലും സഹായിക്കുമെന്ന വിശ്വാസം മാത്രം .
"സ്നേഹാലയം മെന്റല്‍ സാനിറ്റോറിയം " പഴമയുടെ ഗാംഭീര്യം പേറി നില്‍ക്കുന്ന ഒരു പഴയ ബോര്‍ഡും അതിനു താഴെ ശക്തമായ കരിങ്കല്‍ ഭിത്തികളുടെ മറയും . ഗേറ്റില്‍ പാറാവുകാരന്‍ തടഞ്ഞു നിര്‍ത്തി . കാര്‍ഡ്‌ കാണിച്ചു വിവരം പറഞ്ഞപ്പോള്‍ അകത്താരോടോ ഫോണില്‍ സംസാരിച്ച ശേഷം അയാള്‍ കടത്തി വിട്ടു . ഡോക്ടറുടെ മുറി അന്വേഷിച്ചു ചെല്ലുമ്പോള്‍ ചുറ്റിനും ഭ്രാന്തന്മാരുടെ ബഹളം ഒരു ഭയമായ്‌ പൊതിഞ്ഞു പിടിച്ചു .
"മേ ഐ കമിന്‍ സാര്‍ "
അകത്തേക്ക്‌ നോക്കി ഉള്ള എന്റെ ചോദ്യം കേട്ട് ഉള്ളില്‍ നിന്നും മറുപടി വന്നു പെട്ടെന്ന് തന്നെ
"എസ് കം ഇന്‍ "
ഏകദേശം  ഒരു അമ്പതു വയസ്സ് തോന്നിക്കും ഡോക്ടര്‍ക്ക് . സുമുഖനായ ഒരു മനുഷ്യന്‍ , കഷണ്ടി ആക്രമിച്ചു തുടങ്ങിയ ശിരസ്സ്‌ എനിക്ക് നേരെ ഉയര്‍ന്നു . ഞാന്‍ എന്നെ പരിചയപ്പെടുത്തി .
"അയാം  ശരത് ചന്ദ്രന്‍ , കമിംഗ് ഫ്രം സായന്തനം ഡെയിലി "
"ഓ എസ് ഇരിക്കൂ , മേനോന്‍ വിളിച്ചിരുന്നു എന്നെ "
"താങ്ക്യൂ ഡോക്ടര്‍ "
ഒട്ടൊരു ആശ്വാസത്തോടെ ഞാന്‍ കസേരയിലേക്ക് അമര്‍ന്നു . കണ്ണുകളാല്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി മുറിയാകെ. പിന്നെ തിരിഞ്ഞുഎന്നെ തന്നെ നോക്കി ഇരിക്കുന്ന ഡോക്ടറെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ തിരക്കി .
" ഇവിടെ എത്ര സ്റ്റാഫ്‌ സേവനം അനുഷ്ടിക്കുന്നുണ്ട് ഡോക്ടര്‍ ?"
"ഞാനും മൂന്നു നഴ്സും പിന്നെ അഞ്ചു അറ്റന്റര്‍മാരും"
"ശരി  ഡോക്ടര്‍ എനിക്ക് ഒരു ആളിനെ സഹായി ആയി വേണം . ഇവിടെ ഒന്ന് ചുറ്റുന്നതിലും വിവരങ്ങളോ ചിത്രങ്ങളോ എടുക്കുന്നതിലും വിരോധമില്ലല്ലോ ? "
ആശങ്കയോടുള എന്റെ ചോദ്യത്തിന് ഒരു ചെറു ചിരിയോടെ ഡോക്ടര്‍ തലകുലുക്കി കൊണ്ട് പറഞ്ഞു .
" അതിനെന്താ വിടാമല്ലോ "
ഡോക്ടര്‍ മറപടി പറഞ്ഞു കൊണ്ട് ബെല്ലില്‍ വിരലമര്‍ത്തി .പെട്ടെന്ന് അതികായന്‍ ആയ ഒരു മനുഷ്യന്‍ ഓടിയെത്തി .
" രാമൂ , ഈ സാറിന്റെ കൂടെ ഒന്ന് ചെല്ലൂ , എല്ലായിടവും ഒന്ന് കാണിച്ചു കൊടുക്കുക .അദ്ദേഹത്തിനു എല്ലാരേയും പരിചയപ്പെടണം എന്നുണ്ട് ."
"ശരി ഡോക്ടര്‍ "
രാമു എന്ന് വിളിക്കുന്ന ആ മനുഷ്യന്‍ എന്നെ നോക്കി കൊണ്ട് പറഞ്ഞു .
ഞങ്ങള്‍ പുറത്തിറങ്ങി .
" സാര്‍ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല സാര്‍ , ഞാന്‍ ഭ്രാന്തനല്ല സാര്‍ "
ഒരു നിലവിളി ശബ്ദം . ഞാന്‍ ആ ഭാഗത്തേക്ക് നോക്കി. മദ്ധ്യ വയസ്സ് പിന്നിട്ട ഒരു മനുഷ്യന്‍ . താടിയും മുടിയും ജട പിടിച്ചിരിക്കുന്നു . കണ്ണുകള്‍ കുഴിഞ്ഞു എല്ലുകള്‍ ഉന്തിയ ഒരു ശരീരം . അയാള്‍ എന്നെ നോക്കി കയ്യുകള്‍ കൂപ്പി കരയുകയാണ് . സഹതാപ പൂര്‍വ്വം ഞാന്‍ അയാളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി .
സ്ത്രീകളുടെ വാര്‍ഡും പുരുഷന്മാരുടെ വാര്‍ഡും രണ്ടു ഭാഗത്ത്‌ ആയിരുന്നു . ആദ്യം പോയത് സ്ത്രീകളുടെ വാര്‍ഡിലേക്ക് ആണ് . ജീവിതത്ത്ന്റെ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ അവിടെ കാണാന്‍ കഴിഞ്ഞു. ശാന്തമായ്‌ , നിര്‍ജ്ജീവമായ മിഴികളുമായ്‌ ലോകാത്തിനെ തന്നെ മറന്ന പോലുള്ള ചിലരും , പിറുപിറുത്തുകൊണ്ട് നടന്നു നീങ്ങുന്നവരും, പൊട്ടിച്ചിരിക്കുന്നവരും പുലഭ്യം പറയുന്നവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു .
ഒട്ടു  മനോ വേദനയോടെ അവിടെ നിന്നും പുരുഷന്മാരുടെ വാര്‍ഡിലേക് നീങ്ങി .
ഒട്ടും വിഭിന്നമല്ല ഇവിടെയും കാഴ്ചകള്‍ . മനോ നില തെറ്റിയവര്‍ക്ക് സ്ത്രീ എന്നും പുരുഷന്‍ എന്നുമുള്ള വകതിരിവ് ഇല്ലല്ലോ . രോഗികള്‍ എല്ലാം ഒരുപോലെ . അവര്‍ക്കിടയിലൂടെ ആവശ്യം ഉള്ള ചിത്രങ്ങള്‍ എടുത്തും കണ്ടാല്‍ നോര്‍മ്മല്‍ എന്ന് തോന്നുന്നവരോട് കുശലം പറഞ്ഞു മുന്നോട്ടു നീങ്ങി നമ്മള്‍ .
പെട്ടെന്ന് ഞാന്‍ നിന്ന് പോയി . കണ്ണുകളിലാകെ ഒരു ഇരുട്ട് നിറയും പോലെ തോന്നി .
എന്താണ് ഞാന്‍ കാണുന്നത് ? ഇരുളടഞ്ഞ ആ സെല്ലിന്റെ മൂലയില്‍ ഇരുണ്ട വെളിച്ചത്തില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ , എന്തോ വായിച്ചു കൊണ്ടിരിക്കുന്ന അയാള്‍ ...
പുറം ലോകവുമായ്‌ ഒരു ബന്ധവും ഇല്ലാത്തവനെ പോലെ ഇരിക്കുന്ന ഒരു മനുഷ്യന്‍ . സ്വപനാടകനെ പോലെ കാലുകള്‍ അയല്‍ക്കരികിലേക്ക് നീങ്ങി .ഞാനറിയാതെ എന്റെ ഉള്ളില്‍ നിന്നും ശബ്ദം ചിതറി വീണു .
"ബാബൂ , നീ ... നീ ഇവിടെ ?"
പെട്ടെന്നു അയാള്‍ ഞെട്ടി തല ഉയര്‍ത്തി നോക്കി . ഒരു നിമിഷം . വ്യെവഛെദിച്ച്റിയാന്‍ വയ്യാത്ത എന്തൊക്കെയോ വികാരങ്ങള്‍ കണ്ണുകളില്‍ കൂടി കടന്നു പോയി. പൊടുന്നനെ അയാള്‍ തല താഴ്ത്തി . വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് തന്നെ മിഴികള്‍ പായിച്ചു . പക്ഷെ വിരലുകള്‍ അതിദ്രുതം വിറയ്ക്കുന്നുണ്ടായിരുന്നു . എന്തോ ഒളിക്കുന്ന ഭാവം ആ ശരീരഭാഷ വിളിച്ചറിയിക്കുന്നു .
വിങ്ങിപ്പോട്ടുന്ന ഹൃദയത്തോടെ ഞാന്‍ തിരിഞ്ഞു .
"മുഴുവട്ടാ സാറേ , ആരോ കുറെപ്പേര്‍ ഇവിടെ കൊണ്ട് വന്നു തള്ളിയതാ ഈ അടുത്ത കാലത്ത് .ഇടയ്ക്കിടെ ആരുടെയോ പേര് എടുത്തു പറഞ്ഞു നിലവിളിക്കുന്നത് കേള്‍ക്കാം . നല്ല ബോധം വരുന്ന സമയത്ത് ഡോക്ടറെ സ്വാധീനിച്ചാണ് ഈ പുസ്തകങ്ങള്‍ ഒപ്പിക്കുന്നത് "
രാമുവിന്റെ വാക്കുകള്‍ അകലങ്ങളില്‍ നിന്നെന്ന വണ്ണം അലയടിച്ചെത്തി . കര്‍ണ്ണപുടങ്ങളില്‍ അവ ഹുങ്കാരവമായി ആര്‍ത്തലച്ചു വീണു . ഒരു മായാസ്വപ്നത്തിലെന്നവണ്ണം ആണ് പിന്നീട് ഞാന്‍ അവിടെ ചിലവഴിച്ചത് . എല്ലാം കഴിഞ്ഞു എപ്പോഴോ മുറിയില്‍ തിരിച്ചെത്തി എന്ന് പറയാം .
പതിവിനു വിപരീതമായി ഭാര്യയോട് പോലും ഒന്നും മിണ്ടാന്‍ നില്‍ക്കാതെ നേരെ ബെഡ്ഡില്‍ പോയി കിടന്നു .
ചായയുമായി പിറകെ വന്ന ശാരി ആശങ്കയോടെ ചോദിച്ചു .
"എന്താ ഏട്ടാ ? എന്ത് പറ്റി ? "
അവളുടെ വാക്കുകള്‍ അയാള്‍ കേട്ടുവോ എന്ന് സംശയം . അയാളുടെ മനസ്സ് വിദൂരതയില്‍ എങ്ങോ മേയുകയായിരുന്നു . അവിടെ സ്വപ്നങ്ങളുണ്ടായിരുന്നു . മോഹങ്ങളുണ്ടായിരുന്നു , സങ്കല്‍പ്പങ്ങളുടെ തേരിലേറി കുതിച്ചു പായുന്ന ഒരു കൌമാരക്കാരന്‍  ...! അതാരായിരുന്നു ?
ബാബുവല്ലേ അത് ? അവനോടൊപ്പം ഒരു കൂട്ടുകാരനും ഉണ്ടല്ലോ . അവര്‍ എന്തോ പറയുകയാണ് .
" അളിയാ എന്റെ ജീവിതം ഏകാന്തതയില്‍ ഉഴലുകയാണ്. ഒരു പിടി വള്ളിക്കു വേണ്ടിയാണ് ഞാന്‍ ഫൌസിയെ സ്നേഹിച്ചത് . പക്ഷെ...!"
ബാബുവിന്റെ  കണ്ണുകള്‍ ഈറനണിഞ്ഞു . അവന്‍റെ മിഴികള്‍ അനന്തമായ ആഴിപ്പരപ്പില്‍ എന്തോ തേടുകയാണ് .
"ബാബൂ ... നിന്റെ ദുഃഖം എനിക്ക് മനസ്സിലാകും . പക്ഷെ അവള്‍ക്കതരിയില്ലല്ലോ ? "
എന്റെ ആശ്വാസവാക്കുകള്‍ അവനില്‍ ചൊരിയാന്‍ നോക്കി ഞാന്‍ .

"ശരത് .. നിനക്കറിയുമോ ? യാതൊരു മോഹങ്ങളുമില്ലാതെയാണ് ഞാന്‍ ഇവിടെ വന്നത് .കോളെജിന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നെ മോഹിപ്പിച്ഛപ്പോഴും എന്നെ പിന്തിരിപ്പിച്ചത് ഈ കാരണങ്ങളാണ് . "
ഞങ്ങള്‍ കടലിനഭിമുഖമായി ആ തണുത്ത മണലില്‍ ഇരുന്നു .
"ഡിഗ്രി ജയിച്ചു എന്തേലും ജോലി നേടിയിട്ട് വേണം എന്റെ അച്ഛനും അമ്മയ്ക്കും ഒരു സുഖം കൊടുക്കാന്‍ എന്ന് ഞാന്‍ മോഹിച്ചു . പഠിത്തത്തില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു . കോളേജ്‌  തമാശകള്‍ ഞാന്‍ ഉപേക്ഷിച്ചു . പക്ഷെ എന്തോ ഒരു നിമിത്തം പോലെ എന്റെ ഉള്ളില്‍ ഫൌസി നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല .എന്നെ ഞാന്‍ അറിയുന്ന നാള്‍ മുതല്‍ ഞാനേകനായിരുന്നു . ദുഃഖങ്ങള്‍ മാത്രമായിരുന്നു എന്റെ കൂട്ടുകാര്‍ . സഹോദരീ സ്നേഹത്തിന്റെ സുഖമറിയാതിരുന്ന ഞാന്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ മരുപ്പച്ചകള്‍ തേടി അലയുകയായിരുന്നു . "
കടലിനോടോ  എന്നോടോ എന്നറിയാത്ത വണ്ണം അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു .
"അതെല്ലാം എനിക്കരിയാവുന്നതല്ലേ ? നീ ഇപ്പോള്‍ സങ്കടപ്പെടുന്നതെന്തിനാ..? ഫൌസിയെ നിനക്കിഷ്ടമാണ് എന്നെനിക്കറിയാം , പക്ഷെ അവള്‍ നിന്നെ വേറുത്തതെന്തിനാ ?"
 "ശരത് നീ കരുതുന്നുണ്ടോ ഞാന്‍ വെറുമൊരു മടയന്‍ ആണെന്ന് ? എന്റെ ജീവിതത്തിനു അര്‍ത്ഥവും വ്യാപ്തിയും കൈ വന്നതു ഞാന്‍ ഫൌസിയെ സ്നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ ആണ് . വീടിന്റെ ഉള്ളിലെ സംഘര്‍ഷങ്ങല്‍ക്കിടയിലും അവളുടെ ഓര്‍മ്മകള്‍ ആണ് എനിക്ക് ശാന്തിയും സമാധാനവും നേടിത്തന്നിരുന്നത് . അതുകൊണ്ടാണ് ദേവിയുടെ വാക്കുകള്‍ ഞാന്‍ ചെവി കൊള്ളാതിരുന്നത് . അവള്‍ അതില്‍ പരിഭവിച്ചിരുന്നെങ്കിലും ...എന്നില്‍ ഫൌസി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ . ഏകാന്ത രാവുകളില്‍ അവളുടെ ഫോട്ടോവില്‍ നോക്കി ആയിരം കഥകള്‍ ഞാന്‍ പറയുമായിരുന്നു . ഒടുവില്‍ ....."
അവന്‍ കൈകള്‍ കൊണ്ട് മുഖം പൊത്തി വിങ്ങി കരഞ്ഞു . എങ്ങലുകള്‍ക്കിടയില്‍ അവന്‍റെ വാക്കുകള്‍ ചിതറി വീഴുന്നുണ്ടായിരുന്നു .
"അവള്‍ എന്നെ വെറുക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ തകരാന്‍ തുടങ്ങി . അവസാന ആശ്രയവും അറ്റു പോകുമെന്ന് വന്നപ്പോള്‍ ഞാന്‍ ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നു . അങ്ങനെയാണ് ഞാന്‍ മീനുവുമായി അടുത്തത്‌ . "
ഒരു തുടര്‍ക്കഥ കേള്‍ക്കുന്ന ലാഘവത്തോടെ ഞാന്‍ അവനെ കേട്ട് കൊണ്ടിരുന്നു .
അത് കണ്ടെങ്കിലും അവള്‍ എന്നെ സ്നേഹിക്കുമെന്നും , എന്നോട് മിണ്ടുമെന്നും ഞാന്‍ കരുതി . എന്നാല്‍ ...."
കടല്‍ രൌദ്രത വെടിഞ്ഞു ശാന്തയായി കഴിഞ്ഞിരുന്നു . നനഞ്ഞ കയ്യുകള്‍ കൊണ്ട് അവള്‍ നമ്മുടെ പാദങ്ങളെ തടവി തലോടി തിരിച്ചു പോയി .
ഇരുളില്‍ കടല്‍ തീരത്ത്‌ നിന്നും അവനെ ആശ്വസിപ്പിച്ചു തിരികെ കൊണ്ട് പോകുമ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ഉള്ളില്‍ ഇപ്പോഴും ഉണ്ട് .
"ശരത് അവളെന്നെ സ്നേഹിചില്ലെങ്കില്‍ ഞാന്‍ ഹൃദയം പൊട്ടി മരിച്ചു പോകും . അല്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും "
അവന്‍റെ വാക്കുകള്‍ അന്ന് എന്നില്‍ ഉയര്‍ത്തിയത് വെറും സഹതാപം മാത്രം ആയിരുന്നു .
എനിക്ക് അറിയാമായിരുന്നു അവള്‍, ഫൌസി അവനെ സ്നേഹിക്കുന്നില്ല എന്ന് . കൂടെ പഠിച്ച മറ്റേതോരാളെയും പോലെ മാത്രമായിരുന്നു അവള്‍ക്കു അവനും . ഒരിക്കല്‍ കൂട്ടുകാരികള്‍ അവന്‍റെ ഇഷ്ടം അറിഞ്ഞു അവളെ കളിയാക്കിയപ്പോള്‍ അവള്‍ അവനെ ക്രൂദ്ധനായി നോക്കുകയും ഒരു പാട് ശകാരങ്ങള്‍ ചൊരിയുകയും ചെയ്തത് ഞാനും കേട്ട് നിന്നതാണ് . "നാണമില്ലല്ലോ പട്ടിയെ പോലെ ഇങ്ങനെ പിറകെ നടക്കാന്‍ " എന്ന അവളുടെ വാക്കുകള്‍ ഒരു ചെറിയ പുഞ്ചിരിയോടെ അവന്‍ കേട്ടിരുന്നത് ഞാന്‍ കണ്ടതുമാണ് . ഒരിക്കല്‍ അവളെ ഒന്ന് തൊടാന്‍ വേണ്ടി മാത്രം ബസ്സില്‍ അവള്‍ക്കു പിറകെ ചാടി കയറി കയ്യില്‍ ഉണ്ടായിരുന്ന വിലപിടിച്ച വാച്ചിന്റെ ഗ്ലാസ്സ് ഉടഞ്ഞു പോയതും , അതില്‍ ഒട്ടും പരിഭവം ഇല്ലാതെ , വിഷമം ഇല്ലാതെ അവളുടെ മുടിയില്‍ അവന്‍ മണപ്പിച്ചെന്ന സന്തോഷം പങ്കിട്ടതും മനസ്സില്‍ ഓടികയറി വരുന്നുണ്ട് .
കലാലയ ജീവിതം അവസാനിപ്പിച്ചു പോകുമ്പോള്‍ ആട്ടോഗ്രാഫ് പോലും അവള്‍ എഴുതി കൊടുത്തില്ല അവനു എന്നത് എനിക്ക് ഓര്‍മ്മ ഉണ്ട് . പിന്നീട് നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല . വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം . നഗരത്തിലേക്ക് കൂടുമാറിയ ഞാന്‍ പിന്നെ പഴയ സൌഹൃദങ്ങളില്‍ താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി .
ഇന്ന് ആ മനോരോഗ ആശുപത്രിയില്‍ ബാബുവിനെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വിടരുന്നത് സഹതാപം അല്ല , സങ്കടം ആണ് . അവള്‍ മനസ്സിലാക്കാതെ പോയ ആ സ്നേഹം . അതിന്റെ ബാക്കിയല്ലേ ഇന്ന് ഞാന്‍ ആ സെല്ലില്‍ കണ്ടത് .
"പ്രിയപ്പെട്ട ബാബൂ .... നിന്നോടെന്തു പറയാന്‍ ഞാന്‍ ... നിന്റെ ജീവിതം നീ ഒരു കളിപ്പന്ത് പോലെ തട്ടികളിച്ചു . ഒടുവില്‍ ഇന്ന് നീ ....."
കണ്ണുകള്‍ നിറഞ്ഞു ഒഴുകി . ഒരു തണുത്ത കൈവിരല്‍ പാട് അത് തുടക്കുമ്പോള്‍ ആണ് ഞെട്ടി ഉണരുന്നത് . അപ്പോഴും ശാരി അരികില്‍ ഇരിപ്പുണ്ടായിരുന്നു . സമയം എത്ര ആയി എന്നറിയില്ല . എത്ര നേരം ആയി അവള്‍ ഇവിടെ ഇങ്ങനെ ഇരിക്കുന്നുണ്ടാകും . ഞാന്‍ കണ്ണു തുറന്നത് കണ്ടു അവള്‍ നെറ്റിയില്‍ കൈ വച്ച് കൊണ്ട് ചോദിച്ചു .
"എന്താ ഏട്ടാ .. തല വേദനിക്കുന്നോ ? "
ഞാന്‍ ചിരിച്ചു ."
 അതെ വേദനിക്കുന്നു ... തല മാത്രം അല്ല മനസ്സും "
ഒരു നനുത്ത ചുംബനം ആയിരുന്നു അവളുടെ മറുപടി .പിന്നെ തന്റെ കവിളില്‍ കൈ വിരല്‍ പാടുകള്‍ പരതി നടന്നു . മെല്ലെ അവള്‍ എന്റെ നെഞ്ചിലേക്ക് മുഖം ചേര്‍ത്തു. അവളുടെ മുടിയിഴകളില്‍ വിരലോടിക്കുമ്പോള്‍ മനസ്സ് വിങ്ങുക ആയിരുന്നു . ജീവിതം പാഴാക്കി കളഞ്ഞ ആ സതീര്ത്യനെ ഓര്‍ത്ത്‌ .
---------------------------------ബി ജി എന്‍ വര്‍ക്കല .........1995



ദേവന്‍

ജീവിതത്തിന്റെ വസന്തങ്ങളിലെങ്ങും ഞാന്‍ കാണാതിരുന്ന സ്വപ്നം ഈ സായാഹ്നത്തില്‍ എങ്ങനെ ഉണ്ടായി ? അതോ ഞാന്‍ എന്റെ കൌമാരത്തില്‍ഒളിപ്പിച്ചു വച്ചിരുന്ന സ്വപ്നങ്ങളായിരുന്നോ ഇപ്പോഴേ ദിനാന്ത്യത്തില്‍ ഞാന്‍ കാണുന്നത് ...?
ഈ മധ്യവയസ്കനെ നമുക്ക് ദേവന്‍ എന്ന് വിളിക്കാം . അദ്ദേഹത്തിനു ഇപ്പോഴിങ്ങനെ തോന്നാന്‍ കാരണം എന്തെന്നറിയില്ലേ നിങ്ങള്ക്ക് ? ഹോ കഷ്ടം . നിങ്ങളുടെ അയല്‍ക്കാരനായ ദേവന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്കപരിചിതമെന്നോ ?
അപ്പോള്‍ നിങ്ങള്‍ നുണ പറയും . നോക്കൂ നിങ്ങള്‍ പൊളി പറയാതിരിക്കു .
കുട്ടി ആയിരുന്ന ദേവന്റെ വികൃതികള്‍ നിങ്ങള്‍ക്കറിയില്ലേ ?
പിന്നീട് മുതിര്‍ന്നു യുവത്വത്തിന്റെ പടിവാതിക്കലെത്തിയ ദേവന്റെ ഊഷ്മളത നിങ്ങള്‍ക്കറിയില്ലേ ? ങ്ങാ എന്താ മുഖത്തൊരു കള്ള നാണം ..!
ആ കവിളിണകള്‍  ശോഭിക്കുമ്പോള്‍ അതിന്റെ ദേവന്റെ മുഖമല്ലേ ഒളിഞ്ഞിരിക്കുന്നത് ?
ആഹാ ആ കണ്ണുകളില്‍ വിരിയുന്നത് ദേവന്റെ കിനാക്കളല്ലേ ?
പിന്നെയും നിങ്ങള്‍ കള്ളം പറയാന്‍ ശ്രമിക്കുന്നുവല്ലോ ?
ശരി അതിരിക്കട്ടെ അന്ന് നിങ്ങളറിഞ്ഞോ ? അന്ന് മറന്നു പോയ ഒരു കാര്യം ദേവന്‍ ഇന്ന് ചെയ്യാന്‍ പോകുകയാണ് . നിങ്ങള്‍ അറിയാത്തത് ഒരു അല്ഫുതം തന്നെ . ..!
എന്നാല്‍ നിങ്ങള്‍ ഞെട്ടരുത് .... കേട്ടോളൂ , ദേവന്‍ തന്റെ മഹത്തായ അന്‍പതാം വയസ്സില്‍ ഒരു വിവാഹം കഴിക്കാന്‍ പോകുന്നു .
എന്താ പഴയ സ്വപ്നം ഒരിക്കല്‍ കൂടി പൊന്തി വരുന്നുവോ ?
പേടിക്കണ്ട , ശങ്ക വേണ്ട .. ദേവന്റെ ലിസ്റ്റില്‍ നിങ്ങള്‍ക്കും പേര് ചേര്‍ക്കാം .
കാരണം ദേവന് പ്രായമോ , ജാതിയോ , വേഷമോ, ഭാഷയോ പ്രശ്നമല്ല .
പെണ്ണായിരിക്കണം എന്നത് മാത്രം നിര്‍ബന്ധം .
മാത്രവുമല്ല ദേവനെ സ്നേഹിക്കണം , സ്നേഹിച്ചു സ്നേഹിച്ചു കൊല്ലണം .
എന്താ തയ്യാറാണോ ? എങ്കില്‍ ഇതാ വിലാസം . തെറ്റരുത് , വൈകുകയുമരുത്.
ദേവന്‍ 
സ്വപ്നലോകം
വനാന്തരം പി ഓ
കേരളം

നിയോഗം

ശൂന്യമായ മനസ്സിലേക്ക് ഒരോര്‍മ്മത്തെറ്റ്‌ പോലെ ഒരു മയില്‍പ്പീലിത്തുണ്ട് കടന്നു വരുന്നു ...! കാരണമറിയാതൊരു തേങ്ങല്‍ ഉള്ളിലുയര്‍ന്നു.
പുള്ളുവന്റെ പാട്ടില്‍ അലയടിച്ചെത്തിയത് സാന്ദ്രമായൊരു തപസ്സിന്റെ ഇഴകളായിരുന്നു . മനു നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നും വീണ്ടും പറയുന്നു " പിതാ രക്ഷതി കൌമാരേ "
ഇല്ല , അത് ശരിയാകില്ല . അല്ലെങ്കിലുമെങ്ങനെയാ അത് ശരിയാകുക ?
ഓര്‍ക്കുമ്പോള്‍ ഒരു തമാശ പോലെ .
നിര്‍മ്മലമായ മനസ്സും ശുദ്ധമായ ശരീരവും ഒക്കെയും ഒരു നിയോഗം പോലെ .!
പുകഞ്ഞു കത്തുന്ന ചന്ദനത്തിരികളുടെ ഗന്ധം ഒരു നക്ഷ്ടസ്മ്രിതിയായി .....
ദേവുവിന്റെ ശരീരത്തിനും ഇതേ ഗന്ധമായിരുന്നു . അന്നവള്‍ എനിക്ക് തന്ന മയില്‍പീലിത്തുണ്ടും, പിന്നെ എന്നും അത് പെറ്റ്പെരുകിയോ എന്നറിയാനുള്ള വരവും ഒരു മോഹ സാക്ഷാത്കാരം ആയിരുന്നുവോ ?.
ഒടുവിലെന്നോ , കാലങ്ങള്‍ക്കുശേഷം നക്ഷ്ടപെട്ട മയില്‍പ്പീലി തുണ്ടിനായ്‌ വന്ന ദേവുവിനു നക്ഷ്ടങ്ങലേറെ സംഭവിച്ചു .
ഒടുവിലവളുടെ സ്വപ്നം ഫലിച്ചു . അവളുടെ മയില്‍പ്പീലി തുണ്ട് പ്രസവിച്ചു .
എന്നെ പോലെ സുന്ദരനായ ഒരു തെറ്റിനെ ...!
കാലം വിളക്കിച്ചെര്‍ക്കാന്‍ ശ്രമിച്ചു വിധി തട്ടിയെറിഞ്ഞു . അതാണ്‌ സത്യം . അല്ലെങ്കില്‍ എങ്ങനെയാണ് അവള്‍ മരിച്ചത് ? ഞാന്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ?
ഒന്നും ശരിയായിരുന്നില്ല . ഒന്നുമൊന്നും .
നേടുവാനുള്ള ശ്രമം വീണ്ടും ബാക്കിയായി. അപ്പോഴാണ്‌ തന്റെ (?) കുഞ്ഞു തന്നെ തള്ളിപ്പറയുന്നത് .
ഇപ്പോള്‍ മനസ്സില്‍ ചിരിയുണരുക ആണ് .
ഞാനൊന്ന് പൊട്ടി ചിരിക്കട്ടെ ഉറക്കെ ഉറക്കെ . പക്ഷെ ......?
--------------ബി ജി എന്‍ വര്‍ക്കല ...26.09.1994

ഓര്‍മ്മയില്‍ ഒരു സന്ധ്യ

"പപ്പാച്ചി പറയൂ പപ്പാച്ചീ ...മമ്മി എവിടെ" ?
ചിഞ്ചു മോളുടെ ശബ്ദം ദുഃഖസാന്ദ്രമായി . ദുഖഭാരത്തോടെ കുനിഞ്ഞ ശിരസ്സുമായ്‌ രവി നടന്നു തുടങ്ങി . ചിഞ്ചു മോള്‍ കരയുന്നുണ്ടായിരുന്നു . ആ പിഞ്ചു കരത്തില്‍ പിടിച്ചു കൊണ്ട് രവി വേഗത്തില്‍ നടന്നു .
സന്ധ്യയുടെ നിറം ചുവന്നു .പിന്നെ അതില്‍ തെരുവ് വിളക്കുകള്‍ പ്രകാശ പൂരിതമായി . പകല് മുഴുവന്‍  തെണ്ടി നടന്നവര്‍ കൂര അലയുന്നു . തട്ടുകടകള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. അയാള്‍ വേഗം നടന്നു . പരിഭവം കൊണ്ട് വീര്‍ത്ത കവിളുകളുമായി ചിഞ്ചു മോളും .
വീട്ടിലെത്തിയപ്പോള്‍ സമയം ഏഴര .
 "മോളുടെ നിര്‍ബന്ധം കൊണ്ടാണ് ബീച്ചില്‍ പോയത് . ഇല്ലെങ്കില്‍ ഞാന്‍ പോകില്ലായിരുന്നു ". രവി പിറുപിറുത്തു . തന്റെ ദുഖങ്ങളുടെ ശ്മാശാനമാണവിടം ...!
"ചിഞ്ചു മോളെ വരൂ .. അത്താഴം കഴിക്കാം "
രവിയുടെ വിളിക്ക് അവള്‍ മറുപടി കൊടുത്തില്ല . ഇനിയും തീരാത്ത വ്യെസനത്താല്‍ അവള്‍ തേങ്ങുന്നുണ്ടായിരുന്നു .
"ഇല്ല , ഞാന്‍ വരില്ല . മമ്മി വരുന്നവരെ ഞാന്‍ പപ്പായോടു പിണക്കമാ നോക്കിക്കോ .."
തല വെട്ടിച്ചു അവള്‍ പരിഭവിച്ചു . അവളുടെ കൊഞ്ചി കുഴഞ്ഞുള്ള ആ വാക്കുകള്‍ പക്ഷെ അയാളെ രസിപ്പിച്ചില്ല . അയാളുടെ യമുന പോയിട്ടിന്നു നാല് ദിവസം ആകുന്നു . അന്ന് തുടങ്ങിയതാണ് മോളുടെ ഈ കരച്ചിലും പറച്ചിലും .
"മോള്‍ക്ക്‌ രാവിലെ മമ്മിയെ കാണിച്ചു തരാം .... ഇപ്പൊ വാ മോളെ . പപ്പയുടെ പോന്നുമോളല്ലേ ?"
രവിയുടെ വാക്ക് കേട്ട് മോള്‍ അയാളുടെ മുഖത്ത് തന്നെ നോക്കി നിന്ന് . സംശയം വിടാത്ത മിഴികളും ആയി അവള്‍ ചോദിച്ചു പിന്നെയും
 " എന്നെ പറ്റിക്കാന്‍ അല്ലെ ?"
രാത്രിയില്‍ മകളെയും ചേര്‍ത്തു പിടിച്ചു ഉറങ്ങുമ്പോള്‍ രവിയുടെ മിഴികള്‍ നനഞ്ഞു .
ചെവിയില്‍ യമുനയുടെ വാക്കുകള്‍ മുഴങ്ങി കൊണ്ടിരുന്നു .
"ഭാര്യയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ഭര്‍ത്താവിനെ എനിക്ക് ആവശ്യമില്ല .നമുക്ക് പിരിയാം ."
അതെ ഭാര്യയുടെ ആവശ്യങ്ങള്‍ അറിയാത്ത ഞാന്‍ എന്തൊരു മണ്ടനാണ് . ഒരു തരം നിന്ദയോടെ അയാള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി. ഉറക്കം വരാത്ത രാവിന്റെ മൌനം അയാളെ തളര്ത്തുന്നുണ്ടായിരുന്നു
എന്ന്  മുതല്‍ ആണ് ഈ പിണക്കത്തിന്റെ ആരംഭം ?
രവി ഓര്‍ക്കാന്‍ ശ്രമിച്ചു . ശ്രമിക്കാന്‍ എന്തിരിക്കുന്നു ? എത്ര സ്പഷ്ടം .! ഇന്ന് ചിഞ്ചുമോള്‍ക്ക്  മൂന്നു വയസ്സാകുന്നു . അതെ മൂന്നു കൊല്ലത്തെ പഴക്കമുണ്ട് അതിനും ...!
അന്ന് ആ ശപിക്കപ്പെട്ട നിമിഷത്തെ രവി ഓര്‍ത്ത്‌ പോയ്‌ .
ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങിയത് തനിക്കും യമുനക്കും കുഞ്ഞിനും  കൂടി ഒന്ന് ഷോപ്പിംഗ്‌ ഒക്കെ നടത്തി ബീച്ചിലും ഒക്കെ പോയ്‌ വരാം എന്ന് കരുതി ആണ് . . അവളാണേല്‍ കുറെ നാളായി പരാതിയാണ് എങ്ങും കൊണ്ട് പോകുന്നില്ല എന്ന് . ഓഫിസിലെ തിരക്കുകള്‍ അവള്‍ക്കറിയണ്ടല്ലോ .
വേഗം വീട് പറ്റാന്‍ ഉള്ള തിരക്കിലായിരുന്നു താന്‍ . വാഹനത്തില്‍ ഇരിക്കുമ്പോഴും ഓര്‍മ്മകള്‍ വീടിലേക്ക് പറന്നു പൊയ്ക്കൊണ്ടിരുന്നു . പൊടുന്നനെ ആണ് തന്റെ സ്വപ്നങ്ങളെ ചവിട്ടി അരച്ചുകൊണ്ട് ആ ലോറി കടന്നു പോയത്  എതിരെ വന്ന വാഹനത്തിനു സൈഡ്‌ കൊടുത്തു വന്ന വാഹനം തന്നെ ഇടിച്ചു തെറുപ്പിക്കുക ആയിരുന്നു .
ബോധം വീഴുമ്പോള്‍ അരികില്‍ ഇരുന്നു വിങ്ങി പൊട്ടുന്ന യമുനയെ ആണ് ആദ്യം കാണുന്നത് . മൂന്നുമാസത്തില്‍ അധികം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു . ഒടുവില്‍ ഡിസ്ചാര്‍ജ് ആകുന്ന ദിവസം ഡോക്ടര്‍ മുറിയിലേക്ക് വിളിപ്പിച്ചു .
"രവി വിഷമിക്കരുത് . എല്ലാം വിധി ആണ് എന്ന് കരുതണം " 
ഡോക്ടര്‍ വാക്കുകള്‍ മെല്ലെ ആണ് പറഞ്ഞത് . പക്ഷെ തന്റെ ശ്വാസം വിലങ്ങി.
 " എന്താ ഡോക്ടര്‍ എന്ത് പറ്റി ?"
തന്റെ സ്വരം വല്ലാതെ ഉയര്‍ന്നിരുന്നു .
കുറച്ചു നേരം നിശബ്ദനായിരുന്നു അദ്ദേഹം പിന്നെ മേശക്ക് മുകളിലൂടെ തന്റെ കായ്കളില്‍ മെല്ലെ പിടിച്ചു കൊണ്ട് പറഞ്ഞു .
 "താങ്കള്‍ക്കു ഇനി പഴയത് പോലെ  തുടരാന്‍ ആകില്ല .നട്ടെല്ലിന്റെ പ്രധാന കശേരുക്കളില്‍ സാരമായ പരിക്ക് ഉണ്ട് . അധികം ഇരിക്കുക, നടക്കുക , ഭാരം ഉള്ള പണികള്‍ ചെയ്യുക, ലൈംഗിക ബന്ധം , ഇതൊക്കെ ഇനി അസാധ്യം ആണ് ."
ഒരു  തരം മരവിപ്പോടെ ഡോക്ടറുടെ മുഖത്ത് നോക്കി കുറച്ചു നേരം ഇരുന്നു . പിന്നെ പതിയെ വേച്ചുവേച്ച് പുറത്തേക്ക് നടന്നു .
"ഡോക്ടര്‍ എന്ത് പറഞ്ഞു ?"
യമുനയുടെ ചോദ്യം കേട്ടതായി ഭാവിച്ചില്ല . തലച്ചോറില്‍ കടന്നലുകള്‍ മൂളിപ്പറക്കുന്ന ശബ്ദം മാത്രം .
ആദ്യമൊന്നും യമുന അതെ പറ്റി ഗഗനമായി ചിന്തിച്ചില്ല . അപകടത്തിന്റെ ഷോക്കില്‍ നിന്നും പുറത്തു വരാന്‍ ഉള്ള താമസം ആയി മാത്രമേ അവള്‍ അതിനെ കണ്ടിരുന്നുള്ളൂ . താനും അത് മറച്ചു വച്ചു എന്നതാണ് ശരി . പക്ഷെ ഒടുവില്‍ കഴിഞ്ഞ ഒരു ദിവസം അയാള്‍ അത് തുറന്നു പറഞ്ഞു .
അയാളെ നോക്കി കുറെ നേരം ഇരുന്ന യമുന പതിയെ കിടക്കയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി . രാത്രി വളരെ വൈകി ആണ് അവള്‍ പിന്നെ തിരികെ വന്നത് . അപ്പോഴേക്കും അയാള്‍ ഉറങ്ങി കഴിഞ്ഞിരുന്നു .
ദിവസങ്ങള്‍ രണ്ടുപേര്‍ക്കും ഇടയില്‍ മൌനത്തിന്റെ വേലി തീര്‍ത്ത്‌ തുടങ്ങി . സംസാരം പോലും വളരെ വിരളമായി . മകളുടെ സംസാരവും കളി ചിരിയും മാത്രം ആയി പിന്നെ രവിയെ വൈകുന്നേരം ഓഫിസില്‍ നിന്നും വന്നാല്‍ സ്വീകരിക്കാനും സമയം പോകാനും ഉള്ളു എന്ന അവസ്ഥ .
കഴിഞ്ഞ ദിവസം വൈകുന്നേരം താന്‍ വരുമ്പോള്‍ അവള്‍ ഒരുങ്ങി ഇരിക്കുന്നുണ്ടായിരുന്നു . വന്നു കയറിയ ഉടനെ തന്നെ അവള്‍ എഴുന്നേറ്റു അടുത്തേക്ക് വന്നു . കടുത്ത എന്തോ തീരുമാനം എടുത്ത പോലെ അവളുടെ മുഖം മുറുകി നിന്നിരുന്നു . ഒരു പാട് നാളുകള്‍ക്ക്‌ ശേഷം രണ്ടു പേരും മുഖാമുഖം നില്‍ക്കുക ആയിരുന്നു .
"എനിക്ക് ഒരു ജീവിതമേ ഉള്ളു . അത് വെറുതെ കരഞ്ഞു തീര്‍ക്കാന്‍ ഉള്ളതല്ല . ഒരു പുരുഷന്റെ കൂടെ ജീവിക്കുന്നത് ആണ് എനിക്കിഷ്ടം ,അല്ലാതെ ഒരു സഹതാപ ജീവി ആയി ഹോമിക്കാന്‍ എന്നില്‍ യൌവ്വനം ഇനിയും മരിച്ചിട്ടില്ല . "
"ശരിയാണ് നീ പറയുന്നത് . പക്ഷെ എന്താണ് ഞാന്‍ ചെയ്യുക ? നീ തന്നെ പറയുക ഒരു പോംവഴി "
"പോംവഴി ഒന്നേ ഉള്ളു . ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു . അത് പറയാനും കൂടി ആണ് ഞാന്‍ ഇതുവരെ കാത്തത് . "
അവളുടെ മുഖത്ത് ഒരു തരാം നിര്‍വ്വികാരത നിറഞ്ഞു നിന്നിരുന്നു .
"ഞാന്‍ പോകുന്നു. എങ്ങോട്ട് , ആരുടെ കൂടെ ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തം . മകളെ നിങ്ങള്ക്ക് വിട്ടു തരുന്നു ."
അവള്‍ ഒരിക്കല്‍ കൂടി മുഖത്തേക്ക് നോക്കി പിന്നെ പതിയെ പുറത്തേക്ക് നടന്നു .
"മമ്മീ ..."
 മകളുടെ വിളിക്ക് കാതോര്‍ക്കാതെ അവള്‍ സന്ധ്യയിലേക്ക് ഇറങ്ങി . പതിയെ പുറത്തേക്ക് നടക്കുന്ന യമുനയെ ഒന്ന് വിളിക്കാന്‍ പോലുമാകാതെ രവി നിശ്ചലം നിന്നു . മതിലിനു പുറത്തു ഒരു വാഹനം പുറപ്പെടുന്ന ശബ്ദം കാതുകളില്‍ വന്നു വീണു .
കിടക്കയില്‍ മുഖം അമര്‍ത്തി പൊട്ടിക്കരയവേ രവിയുടെ കണ്ണുകള്‍ ഉണങ്ങി വരണ്ടിരുന്നു . കണ്ണീരു പോലും ഇരുളിനെ ഭയന്നത് പോലെ അതോ വറ്റി വരണ്ടതിനാലോ എന്നറിയില്ല .
പുറത്തു കാലന്‍ കോഴി നീട്ടി കൂകുന്ന ഒച്ച . പുലരി വരികയാണ് . മോളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടി അയാള്‍ തന്റെ നെഞ്ചില്‍ വെറുതെ വിരലുകള്‍ ഓടിച്ചു കൊണ്ടിരുന്നു . അങ്ങ് ദൂരെ ഒരു തീവണ്ടി, പാലം തകര്‍ത്തുകൊണ്ട് പാഞ്ഞു പോകുന്ന ശബ്ദം അയാളുടെ നെഞ്ചിലൂടെ ആണ് അത് പായുന്നത് എന്ന പോലെ രവി നെഞ്ച് അമര്‍ത്തി പിടിച്ചു . പിന്നെ അടുത്തു കിടന്നുറങ്ങുന്ന കുഞ്ഞിനെ തന്നോട് ചേര്‍ത്തു പിടിച്ചു കൊണ്ട് വരാത്ത ഉറക്കതിനെ കാത്തു ഇരുളിനെ നോക്കി കിടന്നു ..
(വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എഴുതിയ ഒരു കഥ ആണ് . ഇന്ന് ബ്ലോഗിന്റെ കാലത്തില്‍ അത് പുനര്‍ എഴുത്ത് മാറ്റങ്ങളില്ലാതെ പകര്‍ത്തുന്നു )
-------------------------------------ബി ജി എന്‍ വര്‍ക്കല

ശലഭ ജന്മം


റയില്‍ പ്പാലങ്ങള്‍

നിന്നെ സ്നേഹിക്കുന്നതിനു ഉപാധികള്‍ ഇല്ല 
ചുംബിക്കാന്‍ പരിധികളും ഇല്ല 
കാണുന്നതിനു വിലക്കുകളും ഇല്ല . 
പക്ഷെ നീ എന്തെ ഇത്ര അകലെ ആയിപ്പോയി ?

നിന്റെ മിഴികളില്‍ വിരിയുന്ന ശോശന്ന പൂവുകള്‍ 
നിന്നോട് ചോദിക്കുന്നുണ്ടാകും എന്തിനാണീ മൗനമെന്നു . 
നിന്റെ അധരങ്ങള്‍ ചിലപ്പോള്‍ വിതുമ്പുന്നത് ,
എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഒരു നഷ്ട ചുംബനത്തെ ആണ് . 

നമുക്കിടയില്‍ അതൊന്നുമാത്രം വ്യെഥയാകുന്നു . 
എന്റെ മനസ്സ് അറിഞ്ഞെന്ന പോലെ നീയെന്നെ നോക്കുന്നു .
 നമ്മള്‍ ഒരു പൂവ് പോലെ ഭാരം കുറ ഞ്ഞവരാകുന്നു . 
വാനിലേക്ക് ഉയരുന്നു അപ്പൂപ്പന്‍ താടി പോലെ 
ഇടയിലൂടെ കടന്നുവന്ന ഈ തെമ്മാടിക്കാടു 
നമ്മെ എന്തെ ഇങ്ങനെ അകലങ്ങളിലേക്ക് കൊണ്ട് പോകുന്നു ?
------------ബി ജി എന്‍ വര്‍ക്കല -----------


നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍


Wednesday, December 5, 2012

കബന്ധങ്ങള്‍ ഉണ്ടാകുന്നത്


ശരീരം മ്രിതമാണ്
ശിരസ്സ്‌ വെട്ടിമാറ്റിയും
വെട്ടിച്ചും ഒരാളെ കബന്ധമാക്കാം .
പക്ഷെ മ്രിതമാകുന്നത് ശരീരമാണ്
അതാണ്‌ മൃതിയുടെ പരാജയവും .

ഒന്നും ശാശ്വതമല്ല!
നിലവിലുള്ള നിയമങ്ങളില്‍
നിനക്ക് വെട്ടിമാറ്റാന്‍ കഴിയുന്നത്
ശിരസ്സുകള്‍ മാത്രമാണ്.

ശരീരം ഒന്നിച്ചു നില്‍ക്കുമ്പോള്‍
ശിരസ്സ്‌ ഒരു വിഷയമല്ലാതാകുന്നു
നിന്റെ പരാജയം നീ അറിയുക.
നിന്റെ കണ്നീര്‍പ്പൂവുകളില്‍ ,
ദൈന്യതിന്റെ നിശാസഞ്ചാരങ്ങളില്‍,
എന്റെ നിശ്വാസം നിഴല്‍ വിരിച്ചിരുന്നു .

നീ എന്നെ അറിയാതെ പോയതാണ് !
നാം ഒരുമിച്ചായിരുന്നു.
ഒരു കുടക്കീഴില്‍,
ഒരേ ശ്വാസവും,
ഒരേ വേഗവും,
ഒരേ മനസ്സും,
ഒരുമിച്ചു പങ്കിട്ടവര്‍.

ലക്ഷ്യങ്ങളെ ഓര്‍ത്ത്‌ നീ ഞെട്ടരുത്.
നിന്റെ എരിയുന്ന കരളില്‍
ഞാന്‍ ഇട്ടുതരുന്ന തേന്‍ കണമാണ്
നിന്റെ അക്ഷരങ്ങള്‍ .

നിനക്ക് ഉറങ്ങാന്‍
നിനക്ക് ഉണരാന്‍
ഇനി എന്റെ ഉണര്ത്തുപാട്ട് വേണ്ടി വരും
നീ പുലരികള്‍ക്കായ്‌ കാത്തുനില്‍ക്ക
രാവുകള്‍ നിനക്കന്ന്യമായിരിക്കുന്നു
----------------ബി ജി എന്‍ വര്‍ക്കല

Tuesday, December 4, 2012

മേല്‍വിലാസം

എനിക്കും നിനക്കും നമുക്കും തുറന്നു തരുന്ന
വിശാലതയുടെ ആകാശം നിന്നിലൂടെയാണ് .
മേല്‍വിലാസമെന്ന നെറ്റിപ്പട്ടം ഇല്ലാതെ
ഞാനും നീയും നമ്മളുമില്ലല്ലോ ...!

നീയെന്ന ബിന്ദുവിലേക്ക് നടന്നുകയറുവാന്‍
എന്റെ പാലമാകുന്നത് നിന്റെ വിലാസമാണ് .

പക്ഷെ അപ്പോഴും തെരുവുകളിലങ്ങോളമിങ്ങോളം
മേല്‍വിലാസമില്ലായ്മയില്‍ കുരുങ്ങി കിടക്കുന്ന
ജനതയെന്റെ പിന്നില്‍ നിറകണ്ണാര്‍ന്നുറക്കെ
നിലവിളിക്കുന്നത്  ഞാനറിയുന്നുമുണ്ട് .

ചിലര്‍ക്ക് വിലാസമൊരു  ഭാരമാകുന്നു
ചിലര്‍ക്കത് ജീവിതത്തിന്റെ ഭാഗവും .
വിലാസമുണ്ടാക്കാനുള്ള ഭഗീരഥപ്രയത്നത്തില്‍ 
ചിലര്‍ സ്വയം പരിഹാസ്യരാകുന്നതും കാണാം .

ഒരുതരത്തിലും വിലാസം ലഭിക്കാത്തവരുടെ ലോക -
ത്തിലാണ് വിലാസം ശരിക്കുമൊരു ദൈവമാകുന്നത് .

വര്‍ഷകാലങ്ങളില്‍ പ്രകൃതി മര്‍ദ്ധിക്കുമ്പോഴും
വരള്‍ച്ചയില്‍  ആമാശയം കരിഞ്ഞുണങ്ങുമ്പോഴും
ദുരന്തങ്ങളില്‍ ത്രിണവല്‍ക്കരിക്കുമ്പോഴും
വിലാസമില്ലായ്മ ഒരു അനുഗ്രഹം ആകുന്നു ചിലര്‍ക്ക് .

വിലാസത്തിന് വേണ്ടി വിലാസമുണ്ടാക്കുന്നവരും
വിലാസത്തില്‍ വിലാസമുണ്ടാക്കുന്നവരുമൊന്നിക്കവേ
വരുമാനപ്പട്ടികയില്‍  പേരില്ലാതെയും
ക്ഷേമനിധികളില്‍ ക്ഷേമം നിഷേധിച്ചും
തിരഞ്ഞെടുപ്പുകളില്‍ അണിയിച്ചൊരുക്കിയും
വിലാസമറ്റവര്‍ ആദരിക്കപ്പെടുന്ന ലോകം ...!

ഇവിടെ  വിലാസമെന്നത് വിലാപമാകുന്നു .!
കരുണയറ്റ മിഴികളിലും, നപുംസകജന്മ -
ഘോഷയാത്രകളിലും പെരുമ കാണിച്ചു
കീഴാളജന്മത്തിന്റെ കഫപ്പുരകളിലും
വേശ്യാലയങ്ങളുടെ  അടുക്കളപ്പുറത്തും
മേല്‍വിലാസമൊരുക്കുന്ന ഹീനജന്മങ്ങള്‍ .

വിലാസം നക്ഷ്ടപ്പെട്ടവരുടെ ദീനരോദനമുയരവേ
ഇരകളുടെ മേല്‍ അധിനിവേശം നടത്തും  വേട്ടക്കാര്‍ .
ഇവരുടെ സംസാരവിപിനത്തിലെവിടെയാണ് ,
എവിടെയാണ് ഞാനെന്റെ വിലാസം തേടേണ്ടത് ?
----------------------ബി ജി എന്‍ വര്‍ക്കല ----