Wednesday, December 19, 2012

അന്ത്യ പ്രവാചകന്‍

ദിവസവും ഒരു നേരമെന്കിലും ഞാന്‍ ആ ഒഴിഞ്ഞ കാലിപ്പുരയില്‍ പോയിഇരിക്കുമായിരുന്നു എന്നും. കാരണം മറ്റെവിടെ ഇരുന്നാലും എനിക്ക് കൊതുകിന്റെ കടിയോ ഈച്ചയുടെ ശല്യമോ കിട്ടില്ലായിരുന്നു . ചിലപ്പോഴൊക്കെ പട്ടിചെള്ള് എന്നെ കടിച്ചു രക്തം വലിചൂറ്റി കടന്നു പോയി കഴിഞ്ഞ ശേഷം ആ തിണര്‍ത്തശരീരം ചൊറിഞ്ഞു ഇരിക്കാന്‍ എനിക്ക് വലിയ സന്തോഷം ആയിരുന്നു , എന്റെ വിഷാദം അവയൊന്നും എന്നെ കടിക്കാത്ത ദിവസങ്ങളില്‍ ആയിരുന്നു .
ഞാന്‍ വിദ്യാഭ്യാസം നന്നായി ചെയ്തു , ലോക വിവരം കമ്മി ആണെങ്കിലും ഇന്റര്‍നെറ്റും പത്രങ്ങളും ,ടെലിവിഷനും എനിക്കൊരുപാട് അറിവുകള്‍ തന്നിരുന്നു . ഞാന്‍ അവയില്‍ സംതൃപ്തന്‍ അല്ലാതിരുന്നതിനാല്‍ ആണ് ഇവിടെ വന്നിരുന്നു ഇങ്ങനെ സ്വയം ചിന്തിച്ചു കൂട്ടുന്നത്‌ .
ഇവയൊക്കെ പിന്നീട് എഴുതി മറ്റുള്ളവരുടെ കയ്യടി വാങ്ങി ഞാന്‍ ജീവിച്ചു പോകുന്നു . എന്റെ ഭാര്യയും കുട്ടികളും എനിക്കൊരു ചിന്തയെ അല്ല കാരണം അവര്‍ക്ക് മൂന്നു നേരം തിന്നാന്‍ ഉള്ളത് ഞാന്‍ കൊടുക്കുന്നുണ്ട്. അവര്‍ സന്തുഷ്ടരാണ് .
ഇരുട്ട് കട്ട പിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ഇനി പോയി വല്ലോം എഴുതി സമയം കളയാം . അപ്പോഴാണ്‌ യാദ്രിശ്ചികമായി ഒരു ശബ്ദം കേട്ടത്  .
"വല്സ്സാ "
"ഇതാരടാ വല്സ്സന്‍ ? "ഞാന്‍ അമ്പരന്നു ഇരുട്ടിലേക്ക് നോക്കി . ആ ആരെയും കാണുന്നില്ല ഇനി കന്നാലികളുടെ ആത്മാവ് വല്ലതും ഇവിടെ വന്നു കാടി വെള്ളം ചോദിച്ച്താകുമോ ?
മൂട്ടിലെ പൊടിയും തട്ടി ഞാന്‍ പുറത്തോട്ടു ഇറങ്ങി . അപ്പൊ അകത്ത് നിന്നും വീണ്ടും കേട്ട് വിളി
"വല്സ്സാ ഒന്ന് നില്‍ക്കൂ "
എന്റെ രോമം എല്ലാം എഴുന്നേറ്റു നിന്ന് . തണുപ്പടിച്ചിട്ടെന്നപോലെ ഞാന്‍ ചൂളിപ്പോയ്‌ .
അകത്തേക്ക് വീണ്ടും കയറി , ഇരുട്ടുമായ്‌ കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ ഞാന്‍ നന്നായി നോക്കി . ഇല്ല ആരും ഇല്ല . കാറ്റൊന്നും വീശുന്നില്ലല്ലോ . അല്ലെങ്കില്‍ അതെന്തിലെന്കിലും കൊണ്ട് കേള്‍ക്കുന്നത് ആണെന്ന് പറയാമായിരുന്നു .
ചുമ്മാ പോയാല്‍ ഒരു വാക്ക് എന്ന് കരുതി ചോദിച്ചു .
"ആരാ അവിടെ ? "
എന്റെ ധൈര്യം സമ്മതിക്കണം . ഞാന്‍ സ്വയം അഭിമാനിച്ചു . പക്ഷെ ഇളിഭ്യനും  ആയി കാരണം ഒരു മറുപടി കിട്ടിയില്ലല്ലോ . അല്പം ചെവിയോര്‍ത്തു നിന്ന് അപ്പൊ ദാ കേള്‍ക്കുന്നു മറുപടി .
"ഞാന്‍ ഇവിടെ ഉണ്ട് മകനെ . നിന്റെ മുന്നില്‍ "
മകനെ എന്നൊക്കെ വിളിക്കുന്നു ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ അച്ഛനാണോ ? അച്ഛന്‍ എന്തിനാ ഈ ഇരുട്ടില്‍ വന്നു നിന്ന് വിളിക്കുന്നെ ? അതോ ഇനി പ്രേതങ്ങള്‍ ഇങ്ങനെ ആണോ ?
" ആരാണ് . എനിക്ക് കാണാന്‍ വയ്യല്ലോ ? പുറത്തോട്ടു വരൂ "
"നിനക്കെന്നെ കാണാന്‍ കഴിയില്ല മകനെ . ഞാന്‍ ഈ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു ."
"അപ്പൊ  വായു ആണോ ? "
"എല്ലാം ഞാന്‍ ആണ് "
"ഓ ഇത് കുറെ കാലം ആയി കേള്‍ക്കുന്നതാ അതിരിക്കട്ടെ ചേട്ടന്റെ പേരെന്താണ് ?"
ഞാന്‍  സര്‍വ്വ ശക്തന്‍ , സര്‍വ്വ വ്യാപി , പ്രപഞ്ച നാഥന്‍ ."
അത്  കൊള്ളാം . അതിരിക്കട്ടെ ചേട്ടനെ ഞാന്‍ എന്തെന്ന് വിളിക്കണം ? ഭഗവാന്‍ എന്നോ ,കര്‍ത്താവ് എന്നോ അതോ അള്ളാഹു എന്നോ ?"
" നീ എന്നെ പരിഹസിക്കുക ആണോ ?"
"അല്ല എന്തെ അങ്ങനെ ചോദിച്ചത് ?"
" നീ പറയുന്നതിലെ ധ്വനി എനിക്ക് മനസ്സിലാകും . എന്ത് ചെയ്യാം അതൊക്കെ എനിക്ക് പറ്റിയ ചില അബദ്ധങ്ങള്‍ ആണ് കുഞ്ഞേ ..!"
"താങ്കള്‍ക്കും അബദ്ധമോ ? വെറുതെ തമാശ പറയാതെ . ഞാന്‍ കേട്ടിരിക്കുന്നത് ചേട്ടന് പറ്റാത്തത്‌ ഒന്നും ഇല്ല എന്നാണല്ലോ ?"
"അതൊക്കെ ഒരു തമാശ "
"അതിരിക്കട്ടെ  ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?"
" എന്താണ് മകനെ ചോദിക്കൂ ."
"അല്ല ചേട്ടന് തന്തേം തള്ളേം ഒന്നുമില്ലേ ?"
"ഞാന്‍ കോപിച്ചാല്‍ നീ ഭസ്മം ആകും എന്ന് നിനക്കറിയില്ലേ ?"
"അതല്ലല്ലോ എന്റെ ചോദ്യത്തിന് ഉത്തരം "
"നോക്കൂ കുഞ്ഞേ ഞാന്‍ തര്‍ക്കിക്കാന്‍ വന്നതല്ല . ഇത് പോലെ ഞാന്‍ മുന്‍പും പലര്‍ക്കും അരുളപ്പാട് കൊടുത്തിട്ടുണ്ട് . അവരൊക്കെ പേടിച്ചു എന്റെ നേരെ നിന്നിട്ട് കൂടി ഇല്ല . അറിയോ നിനക്ക് ?"
"ശരി എന്നാല്‍ ഞാനും പേടിച്ച് കളയാം . മാമൂലുകള്‍ കളയണ്ട "
ഞാന്‍  മുട്ട് കുത്തി മുഖം മറച്ചു ഭൂമിയെ നോക്കി ഇരുന്നു . അപ്പോള്‍ ആ ശബ്ദം എന്നോട് പറഞ്ഞു .
"ഒരു പാട് കാലം ഞാന്‍ ഒരുപാട് പേര്‍ക്ക് ബോധനം കൊടുത്ത് . അവരോടൊക്കെ ഓരോന്ന് പറഞ്ഞും കൊടുത്തു. വിവരദോഷികള്‍ അത് അവന്മാരുടെ സ്വന്തം കാര്യം നടത്താന്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല . ഇപ്പൊ അവരെ തട്ടിയിട്ടു എനിക്ക് നടക്കാന്‍ വയ്യാത്ത അവസ്ഥ ആണ് . നീ വേണം ഇനി ഇതൊക്കെ ഒന്ന് മാറ്റി തരാന്‍ . "
" എങ്ങനെ ? ഞാന്‍ എങ്ങനെ മാറ്റാനാ ? "
" ഇനി "കലിയെയും , അന്തി ക്രിസ്തുവിനെയും , മഹാതിയെയും "ഒന്നും കാക്കണ്ട എന്ന് ജനത്തിനോട് പറയണം . അതൊക്കെ അവന്മാരെ ഒതുക്കാന്‍ ഞാന്‍ ഇട്ട നമ്പരുകള്‍ ആയിരുന്നു. .പക്ഷെ എന്ത് കാര്യം ഒരുത്തനും നന്നായില്ല . നീ അവരോടു പറയുക . നീ ആണ് എന്റെ അവസാന പ്രവാചകന്‍ എന്ന് . ഇനി ആരും ചോദിച്ചു പറഞ്ഞും വരണ്ട ഞാന്‍ ഇനി ഇല്ല എന്ന് പറയുക . എല്ലാരേയും പരസ്പരം വിദ്വേഷം ഒക്കെ കളഞ്ഞു എന്റെ അനുചരന്മാര്‍ എന്ന പേരില്‍ പേരുണ്ടാക്കിയ എല്ലാരേം അറബി കടലില്‍ തള്ളിയിട്ടു മനുഷ്യന്മാരെ പരസ്പരം സ്നേഹിച്ചു ജീവിക്കാന്‍ പറയുക . ദേശങ്ങള്‍ അല്ല ഒറ്റ ദേശം മാത്രമേ ഉള്ളു എന്ന് പറയുക . നിറം മാറിയാല്‍ , രൂപം മാറിയാല്‍ മനുഷ്യന്‍ അല്ലതാകുന്നില്ല എന്ന് പറയുക , സ്നേഹം ആയിരിക്കണം മതം എന്ന് പറയുക . മാതാപിതാക്കളെ സ്നേഹിച്ചു മക്കളെ നന്നായി വളര്‍ത്തി അന്യനു ദോഷം വരാത്ത വണ്ണം എല്ലാരും ആയി സഹകരിച്ചു സന്തോഷം ആയി ജീവിച്ചു  മരിക്കാന്‍ പറയുക . ഇവിടെ ഉള്ള ഈ ജന്മമേ ഉള്ളു ഇനി വേറെ സ്വര്‍ഗ്ഗം ഒന്നും തിരക്കി വരണ്ട എന്ന് പറയുക . ഇനി കുറച്ചു കോടി വര്ഷം കൂടി കത്താന്‍ ഉള്ള ഇന്ധനം എന്തായാലും സൂര്യനില്‍ ഉണ്ട് അത് തീരും വരെ പരമ്പര ഉണ്ടാക്കി ആനന്ദിച്ചു ജീവിക്കാന്‍ പറയുക . "
"ഇതൊക്കെ പറയാന്‍ ചെന്നാല്‍ അവരെന്നെ പിടിച്ചു കഷണം ആക്കും . ഉള്ളത് പറയാമല്ലോ ഇനി ഒരാളും വരില്ല എന്നും പറഞ്ഞു ഒരാള് പോയിട്ട് അധികം നാള്‍ ആയില്ല . "
"അതൊക്കെ അവര്‍ക്ക് മനസ്സിലാകും . നീ പ്രവാചകന്‍ ആണെന്ന് അറിയിക്കാന്‍ ഒരു എളുപ്പ വഴി ഉണ്ട് ."
" അതെയോ , എന്നാല്‍ അത് ആദ്യം പറയണ്ടേ ഞാന്‍ ബാക്കി ഏറ്റു പറയൂ "
" അതായത് നീ ഇന്ന് മുതല്‍ കഥകള്‍ , കവിതകള്‍ ഒക്കെ എഴുതുക . അത് വായിച്ചു ജനം നിന്നെ അറിയും . അവര്‍ മനസ്സിലാക്കും നിനക്ക് മുന്‍പേ ഉണ്ടായിരുന്ന കള്ളന്മാര്‍ എല്ലാം ചുമ്മാതെ നുണ പറഞ്ഞു ആണ് വാണിരുന്നത് എന്ന്
"ചുരുക്കത്തില്‍ ആയുസ്സറാതെ ചാവാന്‍ കഴിയും എന്ന് അല്ലെ ?"
"അതൊക്കെ നീ അങ്ങ് ചെയ്യുക , കര്‍മ്മം ചെയ്യുക നിന്നുടെ ലക്‌ഷ്യം എന്ന് ഞാന്‍ പറഞ്ഞതായി ഒരാള്‍ പറഞ്ഞത്‌ നീ കേട്ടിട്ടില്ലേ ?"
"അല്ല  അപ്പൊ ഞാന്‍ പുതിയ പുസ്തകം ഒന്നും കൊടുക്കണ്ടേ ജനങ്ങള്‍ക്ക്‌ , താന്കള്‍ പറഞ്ഞെന്നും പറഞ്ഞു ?"
" അയ്യോ എന്നെ നീ നാണം കെടുത്തല്ലേ . അല്ലാതെ തന്നെ ഞാന്‍ ആകെ നാണിച്ചു , വെറും ക്രിമിയെക്കള്‍ നികൃഷ്ടമായ ഒരു രീതിയില്‍ നില്‍ക്കുക ആണ് നേരത്തെ വന്ന സാധനങ്ങള്‍ മൂലം . ഇപ്പൊ അതും പിടിച്ചാണ് ആള്‍ക്കാര്‍ പരസ്പരം ഒരു കാര്യവും ഇല്ലാതെ അടി കൂടുന്നത് . ഞാന്‍ ഉണ്ടോ എന്നും ചോദിച്ചു ഒരു കൂട്ടരും തള്ളയെ വിശ്വാസം ഉണ്ടോ എന്ന് മറ്റൊരു കൂട്ടരും . തെങ്ങയാണോ തെങ്ങാണോ ആദ്യമെന്നു പിന്നൊരു കൂട്ടര്‍ , ഇല്ലാത്ത കഥകള്‍ പറഞ്ഞു എന്റെ വില കളഞ്ഞു ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കുക ആണ് . വടി കൊടുത്തു അടി വാങ്ങിയ അവസ്ഥ ആണ് എനിക്ക് . "
"ഞാനും നിങ്ങളെ തിരക്കി ഇരിക്കുവായിരുന്നു ഒന്ന് കാണാന്‍ "
"എന്തിനു ?"
"അല്ല കുറെ കാലം ആയി കേള്‍ക്കുന്ന ഒരു പ്രസ്ഥാനം അല്ലെ ഒന്ന് കണ്ടിരിക്കാം എന്ന് കരുതി ."
"അല്ല  നീ എന്നെ കാണണ്ട . നീവിചാരിച്ചാലും കാണില്ല . നീ പോയി ഞാന്‍ പറഞ്ഞത് ചെയ്യുക "
" അല്ല ഞാന്‍ ഇങ്ങനെ ജീവിച്ചു പോകുന്നത് ഇഷ്ടം ആകുന്നില്ലേ സര്‍വ്വ വ്യാപിക്കു ? എന്നാല്‍ അതങ്ങു പറഞ്ഞാ പോരെ ?"
"ഇതുവരെ ഉള്ളവര്‍ എല്ലാം ഞാന്‍ പറഞ്ഞത് കേട്ട് അനുസരണയോടെ നിന്ന് . നീ എന്താണ് ഇങ്ങനെ ? ദയവായി എന്റെ ഈ അന്ത്യാഭിലാക്ഷം സാധിച്ചു തരണം ."
ഇത്  പറഞ്ഞത് "ഡിം " എന്നൊരു ശബ്ദം കേട്ട് . ഓ സിനിമയില്‍ ഒക്കെ സംഭവിക്കുന്നത് അപ്പൊ ശരിയാണല്ലേ അവസാന വാക്കും ഒറ്റ വീഴലും . അരൂപി ആയതിനാല്‍ ഇനി ഇവിടെ കിടന്നു നാറിയാല്‍ പോലും ആരും കാണില്ല  . ഞാന്‍ മെല്ലെ പുറത്തിറങ്ങി . എന്നിട്ട് അടുക്കളയില്‍ പോയി തീപ്പെട്ടി എടുത്തു കൊണ്ട് വന്നു കാലിപ്പുര അങ്ങ് കത്തിച്ചു . പിന്നല്ല . എന്നെ ചുമ്മാതാണോ പ്രവാചകന്‍ ആക്കിയത് ? ഇതൊക്കെ ചെയ്യാന്‍ ഇമ്മിണി ബുദ്ധി ഒന്നും പോരല്ലോ .
അതിനാല്‍ ഞാന്‍ തുടങ്ങട്ടെ എഴുതാന്‍ . ഇനി കൊതുക് കടി ഒന്നും കൊള്ളണ്ട അല്ലാതെ തന്നെ ലഹരി കിട്ടും നല്ല പണി ആണ് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി . ലോകത്തെ ഒന്ന് നന്നാക്കട്ടെ . ഇനി ഞാന്‍ ചെയ്യഞ്ഞിട്ടാണ് ലോകം അത് അറിയാതെ പോയത് എന്ന് നാളെ ആരും പറയണ്ട . പാവം ദൈവം ആണേല്‍ കത്തിയും പോയി. എന്റെ എഴുത്തുകള്‍ ഇനി ലോകം കാണട്ടെ . ദൈവം ഇനി ഇല്ലഎന്നറിഞ്ഞാല്‍ അവര്‍ ആദ്യം കരയുമായിരിക്കും , ചിലര്‍ പകച്ചു നിന്നേക്കാം , ചിലപ്പോ മന്ദബുദ്ധികള്‍ എന്നെ തല്ലി കൊല്ലുമായിരിക്കും . എന്നാലും വേണ്ടില്ല ഞാന്‍ ചെയ്യേണ്ടത് ചെയ്തില്ല എന്ന് വേണ്ട . ചിലപ്പോ നാളെ എന്നെ തിരിച്ചറിയുന്നവര്‍ എന്നേം പിടിച്ചു പ്രവാചകന്റെ അവകാശങ്ങളും സമ്മാനങ്ങളും തരുമായിരിക്കും . സമയം കളയുന്നില്ല എന്റെ പേനയും പേപ്പറും എവിടെ ?
............................................................................ബി ജി എന്‍ വര്‍ക്കല ..................



No comments:

Post a Comment