Wednesday, May 28, 2014

അധരവ്യായാമം

സഖീ നിന്നെ  ഞാന്‍
സ്നേഹിക്കുന്നു
അന്യോന്യം ആയിരമാവര്‍ത്തി
നാം
ഉരുവിട്ടുറപ്പിക്കുമ്പോഴും 
ഞാനറിയുന്നു
നമ്മളൊരിക്കലും
സ്നേഹിക്കുന്നില്ല പരസ്പരം .
.................ബി ജി എന്‍ 

പാഴ്മരങ്ങള്‍


ഇഷ്ടനടിയുടെ
അധരങ്ങളെയോര്‍ത്തു
സഹപ്രവര്‍ത്തകതന്‍
ആലിലവയറോര്‍ത്തു
സഹയാത്രിക തന്‍
മാറിടമോര്‍ത്തു
നിന്നില്‍ ഞാന്‍
സംതൃപ്തനാകുമ്പോഴും
ഒരേ ശയ്യയില്‍
ഒന്നിച്ചുറങ്ങുമ്പോഴും
ഞാന്‍ വൃഥാ നിന്നോടുരുവിടുന്നു
നിന്നെ ഞാന്‍ സ്നേഹിക്കുന്നു .
--------------ബി ജി എന്‍


Tuesday, May 27, 2014

എന്റെ ജാലകം


തുറന്നിടാന്‍ മടിച്ചൊരു
ജാലകമെനിക്കുണ്ട് .
കാറ്റ് കയറാതെ
വെളിച്ചമറിയാതെ
ഞാനടച്ചിട്ടൊരു കിളിവാതില്‍ .

എന്റെ ജാലകത്തിനപ്പുറം
മഴവില്ലുകള്‍ നിറഞ്ഞതാണ്‌ .
നീലാകാശവും
മഴമേഘങ്ങളും
കിളികളും
പച്ചപ്പും നിറഞ്ഞത്‌ .

എന്റെ ജാലകത്തിനപ്പുറം
ജീവിതങ്ങളുണ്ട്‌
സ്നേഹവും
പ്രണയവും
രതിയും
എല്ലാം വിളഞ്ഞു നില്‍ക്കുന്നുണ്ട് .

എന്റെ ജാലകത്തിനപ്പുറം
ബന്ധങ്ങളുണ്ട് .
മാതൃത്വവും
നല്ലപാതിയും
കുഞ്ഞുമക്കളും
ചിരിതൂകി നില്‍ക്കുന്നുണ്ട് .

എന്റെ ജാലകത്തിനപ്പുറം
എല്ലാമുണ്ട്
എനിക്കന്യമായ
എനിക്കപ്രാപ്യമായ
എന്റെതന്നെ എല്ലാം .

പക്ഷെ
എന്റെ ജാലകത്തിനിപ്പുറം
ഒന്നുമില്ല .
നിറഞ്ഞ നിശബ്ദതയും
ഒടുങ്ങാത്ത ഇരുളും
കടുത്ത തണുപ്പും
എന്റെ പ്രണയവും മാത്രം .

ഇനി നിങ്ങള്‍ ചോദിക്കരുത്
എന്റെ ജാലകങ്ങള്‍
അടഞ്ഞു കിടക്കുന്നതെന്തിനെന്നു?
ഞാനെന്തുകൊണ്ട്
ജീവിക്കുന്നില്ലെന്നു .
-------ബി ജി എന്‍

Monday, May 26, 2014

മരണം


സ്വപനങ്ങള്‍ കണ്ടു
മയങ്ങിയിരുന്നൊരു ശലഭത്തെ
ഗൗളി നാവുനീട്ടി പിടിച്ചു.
വെളിച്ചത്തെ സാക്ഷി നിര്‍ത്തി.
...................... ബി ജി എന്‍

Wednesday, May 21, 2014

ചൊവ്വാദോഷം ജലദോഷം പോലെ ആണോ ?


കേരളത്തില്‍ മാത്രം പരക്കെ കാണപ്പെടുന്ന ഈ ദോഷവും ഇതിനെ ചുറ്റിപറ്റി പടന്നു പന്തലിച്ചു കിടക്കുന്ന തട്ടിപ്പ് വീരന്മാരുടെ സംഘവും ആയി വളരേ വലിയ ഒരു ബന്ധം ഉള്ളതായി കണ്ടെത്താന്‍ കഴിയും .
നമ്മുടെ നാട്ടില്‍ ഒഴിച്ച് മറ്റുള്ള ദേശങ്ങളില്‍ ഒന്നും ഇല്ലാത്ത ഈ ദോഷം എന്ത് കൊണ്ട് ആണ് നമ്മുടെ തലമുറകളില്‍ വിടാതെ പടരുന്നത് എന്ന് ചോദിക്കുമ്പോള്‍ ആണ് ജ്യോത്സ്യം എന്നൊരു വിവാദപരമായ വസ്തുതയെ നമുക്ക് കണ്ടു മുട്ടേണ്ടി വരുന്നത് .
എന്ത് കൊണ്ടാണ് നാം ജ്യോത്സ്യത്തെ ഇത്ര കണ്ടു വിശ്വസിക്കുന്നത് ? നമ്മുടെ ജീവിതത്തിന്റെ ഗതി വിഗതികളെ നിയന്ത്രിക്കാന്‍ കുറച്ചു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചേര്‍ന്നാല്‍ സാധിക്കും എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത് ?
മുന്‍പൊരിക്കല്‍ ഞാന്‍ ഇട്ടൊരു പോസ്റ്റ്‌ തന്നെ വീണ്ടും ഓര്‍മ്മിപ്പിക്കാനാണ് ശ്രമിക്കുന്നത് ഇവിടെ .
ഒരേ ദിവസം ഒരേ ഇടത്തു ഒരേ നേരം പിറന്ന മൂന്നു വിശ്വാസരീതിയില്‍ ഉള്ള പെണ്‍കുട്ടികളില്‍ ഹിന്ദു വിശ്വാസം (അത് പറയാന്‍ പറ്റില്ല തെറ്റാണ് ആ പ്രയോഗം എന്നതിനാല്‍ സനാതനവിശ്വാസം - ഹാവൂ എന്തൊരു മനോഹരമായ പദം ) പ്രകാരം ജനിച്ച പെണ്‍കുട്ടി ചൊവ്വാ ദോഷം മൂലം കെട്ടാച്ചരക്കായി വീട്ടില്‍ ഇരിക്കുമ്പോള്‍ മറ്റു മത വിശ്വാസികളില്‍ പെട്ട രണ്ടു പെണ്‍കുട്ടികളും കുട്ടികളുമായി സകുടുംബം വാഴുന്നതെങ്ങനെ എന്ന് ചിന്തിക്കാന്‍ സനാതനക്കാര്‍ വിമ്മിഷ്ടപ്പെടുന്നു .
സ്വന്തം മകള്‍ ഒളിച്ചോടിയത്‌ കണ്ടു പിടിക്കാന്‍ പോലീസ് സ്റേഷന്‍ കേറിയിറങ്ങുന്ന പ്രശസ്ത ജ്യോല്‍സ്സ്യന്മാരുടെ വീടിനു മുന്നില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും കേട്ട് കോള്‍മയിര്‍ കൊണ്ട് രക്ഷ എഴുതി കെട്ടി ജനം സംതൃപ്തരാകുന്നു .
ഇവിടെ പൂച്ചയ്ക്കാരു ആണ് മണി കെട്ടേണ്ടത് ?
ഇന്ന് വലിയൊരു തമാശ എന്താണ് എന്ന് ചോദിച്ചാല്‍ കേരളത്തിലെ എല്ലാ മത വിശ്വാസികളും ഇജ്ജാതി ജന്തുക്കളുടെ അടുത്ത് രഹസ്യമായും പരസ്യമായും ഫലം നോക്കാനും ജാതകം നോക്കാനും ക്യൂ നില്‍ക്കുന്നു എന്നതാണ് .
അറബ് നാടുകളില്‍ , യൂറോപ്പ്യന്‍ നാടുകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എല്ലാം തന്നെ വിവാഹം , ജനനം , വീട് വയ്പ്പ് , മംഗളകര്‍മ്മങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട് . ഇവിടെയൊന്നും കിട്ടാത്ത വെള്ളവും വളവും നമ്മുടെ നാട്ടില്‍ ഇവര്‍ക്ക് കിട്ടുന്നത് നമ്മുടെ കഴിവ് കേടു സമ്മതിക്കല്‍ ആണ് .
ഈയിടെ ഒരാള്‍ വീട് വയ്ക്കാന്‍ തീരുമാനിച്ചു . അതിനു വേണ്ട സാധന സാമഗ്രികള്‍ കുറച്ചൊക്കെ ഇറക്കുകയും ചെയ്തു . ഇറക്കി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പാവം വണ്ടിയില്‍ നിന്നൊന്നു വീണു . ആശുപത്രിയില്‍ കുറച്ചു ദിവസം കഴിയേണ്ടിയും വന്നു. സ്വാഭാവികമായി നാട്ടുകാരും വീട്ടുകാരും പുള്ളിയെ ഒരു ജ്യോത്സ്യന്റെ അരികിലെത്തിച്ചു . എല്ലാം ഗണിച്ചു പുള്ളിക്കാരന്‍ പറഞ്ഞു . ഇപ്പോള്‍ വീട് വയ്ക്കാന്‍ പറ്റിയ സമയം അല്ല ഒരു അന്‍പത്തി രണ്ടു വയസ്സ് കഴിഞ്ഞു ശ്രമിക്കുന്നതാണ് നല്ലത് . ഇപ്പോള്‍ വയ്ക്കാന്‍ പോയതിനാല്‍ ആണ് ഈ അപകടങ്ങള്‍ എല്ലാം സംഭവിച്ചത് . ഇനി പ്രതിവിധിയുടെ ഘട്ടം . ഒരു അയ്യായിരം രൂപ ചിലവാക്കാം എങ്കില്‍ ഞാന്‍ ഈ ദോഷം കുറയ്ക്കാന്‍ വേണ്ടി ഒരു രക്ഷ എഴുതി തരാം . അത് ധരിച്ചാല്‍ മതിയാകും . അപ്പോള്‍ അതാണ്‌ കാര്യം . ഇവിടെ അയ്യായിരം രൂപ കൊടുത്താല്‍ നക്ഷത്രങ്ങള്‍ വിധിച്ച ദോഷം അയാള്‍ മാറ്റികൊടുക്കും . ഇവയൊക്കെ നമുക്ക് പറഞ്ഞു തരുന്നൊരു വസ്തുത ഉണ്ട് . കണ്ണ് തുറന്നു നോക്കുകയും പഠിക്കുകയും ചെയ്യുന്നവന്‍ കന്നംപൊളക്കെ ഇവനൊക്കെ കൊടുക്കാന്‍ കൂടി പഠിച്ചിരുന്നു എങ്കില്‍ ഈ തട്ടിപ്പ് വേഷ ധാരികള്‍ സമൂഹത്തില്‍ മാന്യമായ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തു ജീവിച്ചു പോയെനെ .
നിങ്ങള്‍ ചിന്തിക്കാന്‍ കഴിവുള്ള വ്യെക്തി ആണെങ്കില്‍ ഇതിനെതിരെ ശബ്ദിക്കാന്‍ മുന്നോട്ടിറങ്ങണം എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ .

---------BGN

പരസ്യങ്ങളിൽ വഞ്ചിതരാകുന്ന മലയാളി


ഏറ്റവും രസകരമായ  വസ്തുത എന്താണ് എന്ന് മലയാളികളെ കുറിച്ചു ചോദിച്ചാൽ പറയാൻ കഴിയുക സാംസ്കാരിക, വിദ്യാഭ്യാസ , സാമൂഹിക രംഗങ്ങളിൽ ഏറ്റവും കൂടുതൽ കരുതലും പ്രതികരണത്തിൽ പ്രഥമസ്ഥാനത്തും ആണെന്നതാണ് .
ഇത് എത്രകണ്ട് ശരിയാണ് എന്ന് ചിന്തിക്കുന്നിടത്തു നമ്മൾ പകച്ചു നില്ക്കുന്നു . സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന ഒരു പ്രധാന രോഗമാണ് അന്ധവിശ്വാസം . മതവിശ്വാസം മാറ്റി നിർത്തിയാൽ പോലും ഈ അന്ധവിശ്വാസം എന്നത് ഒഴിവുകഴിവാകുന്നില്ല . ജ്യോതിഷം , മന്ത്രവാദം, ആരോഗ്യ ചികിത്സ തുടങ്ങി പല മേഖലകളിലും  ഇത് വ്യാപിച്ചു കിടക്കുന്നു.
ജ്യോതിഷത്തെ ക്കുറിച്ചു പറഞ്ഞപ്പോൾ അതിൽ പ്രതികരിച്ച , അത് കണ്ട ആളുകളുടെ എണ്ണത്തിലെ ദുർബ്ബലത ബോധ്യമാക്കിത്തരുന്നത് ഇത് പറയുന്നത് പോലും പാപം ആണെന്ന വസ്തുതയാണ്.
അതുപോലെ മറ്റൊരു വിശ്വാസവും ആയി ആണ് ഞാൻ  ഇന്ന് നിങ്ങളുടെ മുന്നിൽ .
പത്രങ്ങളിൽ സ്ഥിരമായി  കാണുന്ന ഒരു പരസ്യമാണ് ആകർഷണ  വശീകരണ യന്ത്രം .
ഇഷ്ടപെട്ട കാമുകി മുതൽ അയല്പക്കത്തെ സുന്ദരിയായ ചേച്ചിയെ വരെ വളചെടുക്കാൻ ആളുകൾ ഭാഗ്യം പരീക്ഷിക്കുന്ന ഒരു മേഖലയാണിത്‌. രതിനിർവ്വേദത്തിൽ പപ്പു ഇതുപോലൊരു പ്രവര്ത്തി കാണിക്കുന്നുണ്ട് .
ഒന്നാലോചിക്കുക ഈ വാദം ശരിയാണ് എങ്കിൽ സോമാലിയക്കാരൻ ആയ ഒരാള് ഇത് പുരട്ടി ഐശ്വര്യാറായിയുടെ മുന്നിൽ ചെന്നാൽ എന്താ സംഭവിക്കുക ? വളരെ കൗതുകകരമായ വസ്തുത ഇത് പരീക്ഷിക്കുന്നവർ ഒരിക്കൽ പോലും പുറത്തു പറയില്ല , പരാതിപ്പെടില്ല എന്നതാണ് . ഇത് തന്നെയാണ് ഈ രക്ഷകൾ കച്ചകപടം നടത്തുന്നവരുടെ പ്രോത്സാഹനവും.
സത്യത്തിന്റെ ഒരു ചെറു കണികപോലും ഇല്ലാത്ത ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കണമോ എന്നാണു നമ്മൾ ചിന്തിക്കേണ്ടത് . മറ്റൊരു വിധത്തിലെ പറ്റിപ്പാണ്  ഭാഗ്യരത്നങ്ങൾ .  ഒരാളുടെ ഭാവി നിർണ്ണയിക്കുന്നത് ഗ്രഹങ്ങൾ ആണെന്ന ജ്യോതിഷപ്രമുഖരുടെ കാപട്യത്തിന് കുടപിടിക്കുന്നവരാണ് ഭാഗ്യരത്നങ്ങളുടെ മൊത്തക്കച്ചവടക്കാർ . ഇല്ലാത്ത വാഗ്ദാനങ്ങളിലൂടെ ഭാഗ്യാന്വേഷി ആയ മലയാളിയെ മൊത്തത്തിൽ വിലയ്ക്കെടുക്കുന്ന ഈ വ്യാജ ഡോക്ടർ ബിരുദധാരികൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന രത്നക്കല്ലുകളെ തങ്ങളുടെ വില്പനച്ഛരക്കാക്കുന്നു.
അറിവ് ഒരലങ്കാരം ആകരുത് . ചിന്തിക്കുക പ്രവർത്തിക്കുക . പ്രകൃതിയിൽ നിന്നും ലഭ്യമായ ഒരു വസ്തുവും നിങ്ങളെ ഒരു മായാരക്ഷാകവചവും സൃക്ഷ്ടിച്ചു സഹായിക്കില്ല  അത് ധനമായാലും , ആയുസ്സായാലും ,പ്രണയമായാലും കാമാവേശം ആയാലും .
വായിക്കാൻ നൂറുവട്ടം പറയുന്നവർ  മനപ്പൂർവ്വം വായിക്കാതെ പോകുന്നത് ഇങ്ങനെ പലതാണ് എന്ന് മാത്രം ഓര്‍മ്മിപ്പിക്കട്ടെ .
------------------------ബി ജി എന്‍

Monday, May 19, 2014

ക്ഷമാപണം


അറിയുന്നു മനമെങ്കിലും
ശങ്കയകലാ പകലുകള്‍
മുന്നില്‍ നില്‍ക്കെ
അറിയാതെ മനമത് കൊതിപ്പൂ
പകല്‍ കനവല്ലിതെന്നോര്‍ത്തു.

കാണും തോറും പ്രിയമേറും
കാഴ്ചകള്‍ പലതുണ്ട് മണ്ണിലെന്നാല്‍
നിഷാദനല്ല ഞാന്‍
വേണ്ടെനിക്കൊന്നുമിന്നു .

അകലേയൊരു കൊമ്പിലിരുന്നറിയാതെ
കാണുമൊരു കിളിയാണ് ഞാനീ
കാതരഭാവമൊരു കനവായി
കരുതിടുകിന്നു  നീ.

പൊട്ടിച്ചെറിയാം വഴിവക്കിലീ
പാരതന്ത്ര്യത്തിന്‍ ചങ്ങലെയെങ്കിലും
പൊട്ടില്ലുള്ളില്‍ കൊരുത്തിട്ടൊരു ഭാവം
സ്നേഹ മുദ്രയാല്‍
അംഗങ്ങള്‍ ബന്ധിച്ചിതെന്നുമേ.
-------------------ബി ജി എന്‍

Saturday, May 17, 2014

പൊയ്മുഖങ്ങള്‍


നിലാവുദിക്കും വരെ മാത്രം
നമുക്കീ പൊയ്മുഖമണിഞ്ഞുല്ലസിക്കാം
പിന്നെ ,
മിഴികളുടെ നീലിമയില്‍ നിന്നും
രാത്രിയെ പിഴുതെടുക്കാം .
പകലുകള്‍ തന്ന
താപത്തിന്റെ ക്രൌര്യം
മെഴുകുപോലുരിക്കിയൊഴിക്കാം.
നിനക്കിഷ്ടമുള്ള
ഗസലുകളിലൂടെ
സ്നേഹത്തിന്റെ താഴ്വര തേടാം.
ഒടുവില്‍ ,
വിയര്‍പ്പിന്റെ ഉപ്പു പരലുകളില്‍
വിശപ്പിന്റെ ഗന്ധം പരതാം .
യാത്രികരാണ് നമ്മള്‍ .
പാഥേയമില്ലാത്ത
വെറും യാത്രികര്‍ !
.................ബി ജി എന്‍

Thursday, May 15, 2014

ഓര്‍മ്മകളിലൊരു ദിനം

ഇന്ന്, ജീവിതത്തിന്റെ വസന്തം തിരികെ കിട്ടിയ ദിവസം .എങ്ങനെ ആഘോഷിക്കും ആരും കൂടെയില്ലാതെ എന്താഘോഷം ? പക്ഷെ ഈ മധുരത്തിനൊരു കയ്പ്പുണ്ടല്ലോ അല്ലെ ! അല്ലെങ്കിലും അതങ്ങനെയാ നല്ല വിചാരങ്ങളുടെ നടുക്കെപ്പോഴും ദുഷ്ചിന്തയും കയറി വരും . വിട്ടുകള പോകട്ടെ .
ആയിരം പൂക്കള്‍ കൊണ്ട് ഞാന്‍കൊരു -
ത്തൊരീ വസന്തഹാരം 
ആരുടെ ഗളത്തിലണിയിക്കേണ്ടു ഞാന്‍ 
ഓര്‍മ്മയില്‍ പാടുകള്‍ വീണ -
നേര്‍ത്ത സ്പന്ദനങ്ങളോടെ
ആരെയോര്‍ത്തിനിയും കാത്തു നില്പ്പൂ ഞാന്‍ !
ഇതെന്റെ വേദന, മധുരമൂറും നൊമ്പരം ,
ആത്മാവില്‍ കുളിരായ് എന്നെ തഴുകിടുമ്പോള്‍ 
ആരെയോര്‍ത്തിനിയും കാത്തുനില്‍പൂ ഞാന്‍ !
വേനലില്‍ പെയ്തു തോര്‍ന്ന മഴ . 
പുതുമണ്ണിന്റെ ഗന്ധം സിരകളില്‍ നവ്യമായ ഒരനുഭൂതി . വിണ്ടു കീറിയ മണ്ണിനെ കരയിക്കാന്‍ വേണ്ടി മാത്രം ഒന്ന് വന്നുപോയ മഴപോലെ എന്‍റെമനസ്സിനെ നോവിക്കാനാകുമോ ഇങ്ങനെ ഒരു തമാശ !
ഇല്ല ... ഒരിക്കലുമാകില്ല എന്നെനിക്കറിയാം. ഒരു പക്ഷെ ആരെക്കാളുമേറെ എനിക്കതുറപ്പിച്ചുപറയാനുമാകും. വിധിയുടെ തടവറയില്‍ കാലം തന്ന നോവുമായ് ഏകാന്തനായ് ഞാനുണ്ടാകും . ഇനിയുള്ള നാളുകള്‍ എന്റേതാണ്. എന്റെ വനവാസത്തിന്റെ പൂര്‍ത്തീകരണം എന്താകും .?
നിന്റെ വിജയങ്ങള്‍ എന്റേതാണ്
നിന്റെ ചിന്തകള്‍ ഞാനാണ്‌ 
നീയാണെന്നുടെ സര്‍വ്വസ്വവും , പ്രിയേ -
നീയാണെന്നുടെ ജീവരക്തം .
ഉതിര്‍ന്നു വീഴുന്ന ഹിമകണികകള്‍ മനസ്സില്‍ കുളിര് ചൊരിയുന്നു. ആത്മാവില്‍ സംഗീതമായി , മയില്‍‌പ്പീലി തുണ്ടായി, ഒരോര്‍മ്മത്തെറ്റു പോലെ നീയാണ് . ഉണ്ണുമ്പോഴും , ഉറങ്ങുമ്പോഴും അരികിലിരിക്കാന്‍ , വേദനിക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ , പിണങ്ങുമ്പോള്‍ കളിയാക്കി ചിരിക്കാന്‍ , പരിഭവങ്ങള്‍ പറയാനും , കേള്‍ക്കാനും എനിക്ക് നീ വേണമെന്നത് പോലെ നിനക്ക് ഞാനും വേണ്ടതല്ലേ ?
ഓര്‍ക്കവേ ഒരു കുഞ്ഞു ശലഭമായ് എന്റെ ഹൃദയത്തില്‍ നീ വന്നിരിക്കുന്നതും മധു നുകരുന്നതും സന്തോഷത്തോടെ നിന്റെ കുഞ്ഞു ചിറകുകള്‍ വിറപ്പിക്കുന്നതും അറിയുന്നു ഞാന്‍ .
"വിറയ്ക്കുന്ന ശലഭത്തിന്റെ ചിറകുപോല്‍
തുടിക്കുന്ന വികാരമാണ് സ്നേഹം "
-............................................ബി ജി എന്‍ ...................................

തീവണ്ടി

ഗ്രാമത്തിന്‍ മാറിലൂടെ
ഒച്ചിന്റെ വേഗത്തില്‍
ഒരു തീവണ്ടി ഓടുന്നു .
പുകക്കുഴല്‍ തുപ്പുന്ന
കറുത്ത ജീവവായു
കണ്ണ്തുറിച്ചു വലിച്ചെടുക്കുന്നു
തൊലിപ്പുറത്തെല്ല്
പച്ചകുത്തിയ കുഞ്ഞുങ്ങള്‍ .

വൃദ്ധയുടെ മാറിടം പോല്‍
ശുഷ്കിച്ച കുളങ്ങളില്‍
ഊര്‍ദ്ധന്‍ വലിക്കുന്നു
മാനത്തുകണ്ണികള്‍ .
പ്രത്യാശയറ്റ പാടങ്ങള്‍
വിണ്ടുകീറിയ നെഞ്ചില്‍
വിരല്‍കൊണ്ട് താളം പിടിച്ചു
മഴയോടുള്ളപ്രണയം
പാടി മരിക്കുന്നു .

ഓരോ ബോഗികളും
ഗ്രാമം കടന്നു പോകുമ്പോള്‍
ഓരോ മരണം
സംഭവിക്കുന്നു .

പച്ചിലകള്‍
നെല്‍ക്കതിരുകള്‍
പിച്ചിമന്താരങ്ങള്‍
കാട്ടു നെല്ലികള്‍
നാട്ടുമാവുകള്‍
കാളവണ്ടികള്‍
ശരറാന്തലുകള്‍
അവ മരിച്ചു കൊണ്ടേ ഇരിക്കുന്നു .

ഗാര്‍ഡിനെ വഹിച്ചു
അവസാന ബോഗി
ഗ്രാമം വിടുമ്പോള്‍
വെളുത്ത കൊറ്റികള്‍
ഗ്രാമം തേടി വരുന്നു .
ആകാശവും മണ്ണും
പരസ്പരം ഗൂഡമായ്
മിഴികള്‍ കൊരുക്കുന്നു .

സൂര്യന്‍
വറ്റി വരണ്ട കടല്‍ തേടി
കിഴക്കോട്ടു
സഞ്ചരിച്ചു തുടങ്ങുന്നു .
-------------ബി ജി എന്‍

Sunday, May 11, 2014

വാക്ക്ചക്കിലിട്ടാട്ടി പതംവരുത്തി 
കല്ലിലിട്ടലക്കി വെളുപ്പിച്ചു
 തീയിലിട്ടുരുക്കി പഴുപ്പിച്ചു
ചെത്തിയൊരുക്കി മിനുക്കി
ഉച്ചസൂര്യന്റെ മാറിൽചവിട്ടി
സ്വേദബിന്ദുവിൽ കുളിച്ചു
വച്ചുനീട്ടി മനോഹരമായൊരു
ചങ്ക് ചുവപ്പിച്ച വാക്കവൻ.

കഞ്ചുകത്തിനുള്ളിലൊളിപ്പിച്ചു
കൊണ്ടുപോയവൾ തന്വി
മന്ദഹാസം കടമെടുത്തുള്ളോര-
ല്ലികൾ വിടർത്തി മെല്ലവേ .

സായംകാലം ചുവന്നു തുടുക്കവേ
വീടിനുള്ളിലെ മൂകമാം
ശയ്യയരുകിൽ ഒട്ടുനേരം
ചിന്തയിൽ മുഴുകിയലിഞ്ഞവൾ .

ഒട്ടുനേരം കഴിയവേ തന്നുടെ
സ്നാനഗൃഹത്തിലെ ഓവു
ചാലു വഹിച്ചുപോം വാക്ക്
കണ്ടു നിന്നാലവൾ തെല്ലും
ശങ്കയേതും മിഴികളിളില്ലാതെ
---------------ബി ജി എൻ

Thursday, May 8, 2014

അവൾ അനാമിക


എകാന്തതയുടെ മരുക്കാറ്റിൽ
പ്രണയമുറിവുകളുടെ പനിച്ചൂടിൽ
പൊതിഞ്ഞു പിടിച്ച ലവണരസങ്ങൾ
മുന്നിലിട്ട് തന്നോരപ്പക്കഷണം നീ.

ആശ്വാസങ്ങളുടെ ചാറ്റൽമഴയായ്
സാന്ത്വനത്തിൻ മഞ്ഞുപ്പുതപ്പായി
കൈവിട്ടുപോയ ജീവിതത്തിൽ നിന്നും
പ്രണയത്തെ തിരിച്ചുപിടിച്ചവൾ.

മൂടിക്കെട്ടുന്ന ആകാശത്തിൽ നിന്നും
പെയ്തൊഴിയുന്ന കാർമേഘങ്ങളെ
ഒരുദീർഘ നിശ്വാസത്തിനകമ്പടിയാൽ
ഹൃദയത്തിൽ സംസ്കരിക്കുന്നവൾ  

തുഴയാൻ മറന്നു കയങ്ങൾ തേടുമ്പോൾ
കരയിലേക്ക് നൂൽകെട്ടി വലിച്ചവൾ
ജീവിതത്തിൻ നൂലറ്റ പട്ടത്തെ, കാറ്റിൻ
കൈകളിൽ നിന്നും രക്ഷിച്ചെടുത്തവൾ

ഇന്നെന്റെ പകലുകൾ തുടങ്ങുന്നതും
രാവുകളൊടുങ്ങുന്നതും നീയാം സമുദ്രത്തിൽ
ഇന്നെന്റെ കാമനകൾ ചിറകു വിരിക്കുന്നത്
നിന്റെ ചിറകേറി നിന്റെ ആകാശത്തിൽ .
-----------------------ബി ജി എൻ വർക്കല

Sunday, May 4, 2014

എന്തിനായ് ..!

എന്റെ ഉള്ളിലേക്ക് ചൊരിയുന്ന
കനല്‍ത്തുണ്ടുകള്‍ മാത്രമാണ്
നിന്റെ നിശ്വാസങ്ങളെന്നറിയുമ്പോഴും
എന്നിലെക്കാഴ്ന്നിറങ്ങുന്നൊരു കത്തി
നീയൊളിപ്പിക്കുന്നതറിയുന്നു ഞാന്‍ .

പരല്‍മീനുകള്‍ പോല്‍ പിടയുന്നൊരു
കരള്‍ കണ്ടില്ലെന്നു നടിച്ചുനില്‍ക്കാന്‍
നിനക്ക് കഴിയുന്നതും അതൊന്നിനാലാകാം
എങ്കിലും പ്രിയേ നമ്മള്‍ രണ്ടല്ലെന്നറിയുക.

നമ്മളില്‍ നമ്മെ തിരയുകസാദ്ധ്യമെന്നിരിക്കെ
ഒടുവിലൊരുനാള്‍ നിനക്ക് ഞാനാരെന്ന
വെറുമൊരു ചോദ്യത്തിലൊതുങ്ങുമ്പോള്‍
കണ്ണീര്‍ മറയ്ക്കാനൊരു കമഠമാകട്ടെ ഞാന്‍ .
-----------------------------------ബി ജി എന്‍