Wednesday, May 21, 2014

ചൊവ്വാദോഷം ജലദോഷം പോലെ ആണോ ?


കേരളത്തില്‍ മാത്രം പരക്കെ കാണപ്പെടുന്ന ഈ ദോഷവും ഇതിനെ ചുറ്റിപറ്റി പടന്നു പന്തലിച്ചു കിടക്കുന്ന തട്ടിപ്പ് വീരന്മാരുടെ സംഘവും ആയി വളരേ വലിയ ഒരു ബന്ധം ഉള്ളതായി കണ്ടെത്താന്‍ കഴിയും .
നമ്മുടെ നാട്ടില്‍ ഒഴിച്ച് മറ്റുള്ള ദേശങ്ങളില്‍ ഒന്നും ഇല്ലാത്ത ഈ ദോഷം എന്ത് കൊണ്ട് ആണ് നമ്മുടെ തലമുറകളില്‍ വിടാതെ പടരുന്നത് എന്ന് ചോദിക്കുമ്പോള്‍ ആണ് ജ്യോത്സ്യം എന്നൊരു വിവാദപരമായ വസ്തുതയെ നമുക്ക് കണ്ടു മുട്ടേണ്ടി വരുന്നത് .
എന്ത് കൊണ്ടാണ് നാം ജ്യോത്സ്യത്തെ ഇത്ര കണ്ടു വിശ്വസിക്കുന്നത് ? നമ്മുടെ ജീവിതത്തിന്റെ ഗതി വിഗതികളെ നിയന്ത്രിക്കാന്‍ കുറച്ചു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചേര്‍ന്നാല്‍ സാധിക്കും എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത് ?
മുന്‍പൊരിക്കല്‍ ഞാന്‍ ഇട്ടൊരു പോസ്റ്റ്‌ തന്നെ വീണ്ടും ഓര്‍മ്മിപ്പിക്കാനാണ് ശ്രമിക്കുന്നത് ഇവിടെ .
ഒരേ ദിവസം ഒരേ ഇടത്തു ഒരേ നേരം പിറന്ന മൂന്നു വിശ്വാസരീതിയില്‍ ഉള്ള പെണ്‍കുട്ടികളില്‍ ഹിന്ദു വിശ്വാസം (അത് പറയാന്‍ പറ്റില്ല തെറ്റാണ് ആ പ്രയോഗം എന്നതിനാല്‍ സനാതനവിശ്വാസം - ഹാവൂ എന്തൊരു മനോഹരമായ പദം ) പ്രകാരം ജനിച്ച പെണ്‍കുട്ടി ചൊവ്വാ ദോഷം മൂലം കെട്ടാച്ചരക്കായി വീട്ടില്‍ ഇരിക്കുമ്പോള്‍ മറ്റു മത വിശ്വാസികളില്‍ പെട്ട രണ്ടു പെണ്‍കുട്ടികളും കുട്ടികളുമായി സകുടുംബം വാഴുന്നതെങ്ങനെ എന്ന് ചിന്തിക്കാന്‍ സനാതനക്കാര്‍ വിമ്മിഷ്ടപ്പെടുന്നു .
സ്വന്തം മകള്‍ ഒളിച്ചോടിയത്‌ കണ്ടു പിടിക്കാന്‍ പോലീസ് സ്റേഷന്‍ കേറിയിറങ്ങുന്ന പ്രശസ്ത ജ്യോല്‍സ്സ്യന്മാരുടെ വീടിനു മുന്നില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും കേട്ട് കോള്‍മയിര്‍ കൊണ്ട് രക്ഷ എഴുതി കെട്ടി ജനം സംതൃപ്തരാകുന്നു .
ഇവിടെ പൂച്ചയ്ക്കാരു ആണ് മണി കെട്ടേണ്ടത് ?
ഇന്ന് വലിയൊരു തമാശ എന്താണ് എന്ന് ചോദിച്ചാല്‍ കേരളത്തിലെ എല്ലാ മത വിശ്വാസികളും ഇജ്ജാതി ജന്തുക്കളുടെ അടുത്ത് രഹസ്യമായും പരസ്യമായും ഫലം നോക്കാനും ജാതകം നോക്കാനും ക്യൂ നില്‍ക്കുന്നു എന്നതാണ് .
അറബ് നാടുകളില്‍ , യൂറോപ്പ്യന്‍ നാടുകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എല്ലാം തന്നെ വിവാഹം , ജനനം , വീട് വയ്പ്പ് , മംഗളകര്‍മ്മങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട് . ഇവിടെയൊന്നും കിട്ടാത്ത വെള്ളവും വളവും നമ്മുടെ നാട്ടില്‍ ഇവര്‍ക്ക് കിട്ടുന്നത് നമ്മുടെ കഴിവ് കേടു സമ്മതിക്കല്‍ ആണ് .
ഈയിടെ ഒരാള്‍ വീട് വയ്ക്കാന്‍ തീരുമാനിച്ചു . അതിനു വേണ്ട സാധന സാമഗ്രികള്‍ കുറച്ചൊക്കെ ഇറക്കുകയും ചെയ്തു . ഇറക്കി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പാവം വണ്ടിയില്‍ നിന്നൊന്നു വീണു . ആശുപത്രിയില്‍ കുറച്ചു ദിവസം കഴിയേണ്ടിയും വന്നു. സ്വാഭാവികമായി നാട്ടുകാരും വീട്ടുകാരും പുള്ളിയെ ഒരു ജ്യോത്സ്യന്റെ അരികിലെത്തിച്ചു . എല്ലാം ഗണിച്ചു പുള്ളിക്കാരന്‍ പറഞ്ഞു . ഇപ്പോള്‍ വീട് വയ്ക്കാന്‍ പറ്റിയ സമയം അല്ല ഒരു അന്‍പത്തി രണ്ടു വയസ്സ് കഴിഞ്ഞു ശ്രമിക്കുന്നതാണ് നല്ലത് . ഇപ്പോള്‍ വയ്ക്കാന്‍ പോയതിനാല്‍ ആണ് ഈ അപകടങ്ങള്‍ എല്ലാം സംഭവിച്ചത് . ഇനി പ്രതിവിധിയുടെ ഘട്ടം . ഒരു അയ്യായിരം രൂപ ചിലവാക്കാം എങ്കില്‍ ഞാന്‍ ഈ ദോഷം കുറയ്ക്കാന്‍ വേണ്ടി ഒരു രക്ഷ എഴുതി തരാം . അത് ധരിച്ചാല്‍ മതിയാകും . അപ്പോള്‍ അതാണ്‌ കാര്യം . ഇവിടെ അയ്യായിരം രൂപ കൊടുത്താല്‍ നക്ഷത്രങ്ങള്‍ വിധിച്ച ദോഷം അയാള്‍ മാറ്റികൊടുക്കും . ഇവയൊക്കെ നമുക്ക് പറഞ്ഞു തരുന്നൊരു വസ്തുത ഉണ്ട് . കണ്ണ് തുറന്നു നോക്കുകയും പഠിക്കുകയും ചെയ്യുന്നവന്‍ കന്നംപൊളക്കെ ഇവനൊക്കെ കൊടുക്കാന്‍ കൂടി പഠിച്ചിരുന്നു എങ്കില്‍ ഈ തട്ടിപ്പ് വേഷ ധാരികള്‍ സമൂഹത്തില്‍ മാന്യമായ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തു ജീവിച്ചു പോയെനെ .
നിങ്ങള്‍ ചിന്തിക്കാന്‍ കഴിവുള്ള വ്യെക്തി ആണെങ്കില്‍ ഇതിനെതിരെ ശബ്ദിക്കാന്‍ മുന്നോട്ടിറങ്ങണം എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ .

---------BGN

1 comment:

  1. രൂഫാ ആയിരം കൊടുത്താല്‍ ഒരുവിധദോഷങ്ങളൊക്കെ അകറ്റാന്‍ കുറുക്കുവഴിയും പറഞ്ഞുതരും!!

    ReplyDelete