Sunday, February 26, 2017

കാഴ്ചക്കുഴപ്പം


നഗ്നമാം മുത്തശ്ശിമുലകൾ
എന്നീ സമൂഹത്തിലാകെ
നഗ്നതയായ് മിഴികളി,ലന്നു
ഉരുവായ് പീഢന കാലവും.

വസ്ത്രം മനുഷ്യനേകീയുലകിൽ
വസ്തുതകളനവധിയെന്നാൽ
വസ്ത്രത്തിലൊളിച്ചത് കാണാൻ
വാഞ്ജയുമേറിയോ പാരിൽ?

ഉടുക്കാതിരുന്നാൽ കുഴപ്പം.
ഉടുത്തതിലുമുണ്ട് കുഴപ്പം.
ഉണ്ടായ് വരുന്നൊരീ കുഴപ്പം
ഉള്ളിലെ ചിന്തതൻ കുഴപ്പം.!
        ബിജു ജി നാഥ് വർക്കല

ഉറവ ....... രമ പൂങ്കുന്നത്ത്

ഉറവ ( ഓർമക്കുറിപ്പ് )
രമ പൂങ്കുന്നത്ത്
കൈരളി ബുക്സ്
വില : 120 രൂപ

"മോളേ ... ഞാനാണ് നിന്നെ ആദ്യം പ്രസവിച്ചത്. നിന്റെ ആദ്യത്തെ അമ്മ അച്ഛനാണ്. അച്ഛൻ അമ്മയിലേക്ക് നിന്നെ പ്രസവിച്ചു. അമ്മ പത്തു മാസം വയറ്റിലിട്ടു വളർത്തി; സമയമായപ്പോൾ ആശുപത്രിയിൽ നിന്നും ഡോക്ടർ നിന്നെ പുറത്തെടുത്തു ."

ജീവിതത്തിന്റെ വസന്തങ്ങൾ നടന്നു മറഞ്ഞവർ തങ്ങളുടെ ഇലകൊഴിയും കാലത്ത് പഴയ ഓർമ്മകളെ ഓർത്തും ,കുറിച്ചു വച്ചും വരും തലമുറകൾക്ക് തങ്ങൾ കടന്നു വന്ന കാലത്തിന്റെ ചിത്രം കാട്ടിക്കൊടുക്കും. പലപ്പോഴും അതിലൂടെ വായനക്കാർക്ക്  ഒരു ചരിത്ര പഠനം തരമാകും എന്ന സന്തോഷം ഇത്തരം ഓർമ്മക്കുറിപ്പുകൾ നല്കുന്നു എന്നതാണ് വസ്തുത. ഇങ്ങനെ ചരിത്രത്തെ മനസ്സിലാക്കാനും സ്മരിക്കാനും ഓർത്ത് വേദനിക്കാനും ഒട്ടേറെ ഓർമ്മക്കുറിപ്പുകൾ നമുക്ക് ലഭ്യമാണ്. ഗാന്ധി , ഒ. എൻ.വി., പൊറ്റക്കാട് , ആശാൻ, അച്യുതമേനോൻ, അങ്ങനെ അതു നീളുന്നു. മലയാളത്തിനു പുറത്താകുമ്പോൾ മലാലെ , ആൻഫ്രാങ്ക് ... അതേ  ലിസ്റ്റിനു നീളം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. എന്തിനാണിവർ ഈ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ടാവുക എന്നു പരിശോധിക്കുമ്പോഴാണ് അവയിലെ ചരിത്രവും , മതവും , രാഷ്ട്രീയവും , സാഹിത്യവും,സാമൂഹികവുമായ പല വിഷയങ്ങളും നമ്മെ ഓർമ്മകളിലേക്ക് എങ്ങനെ കൈ പിടിച്ചു നടത്തുന്നു എന്ന കാഴ്ച നാം ആസ്വദിക്കുന്നത്.
അടുത്തിടെ ഓർമ്മക്കുറിപ്പുകൾ ഒരു പ്രസരമാകുന്നത് കാണാൻ കഴിയുന്നു മലയാളത്തിൽ . വില്പനയിൽ അതിരുകൾ ഭേദിക്കാൻ കുതിക്കുന്ന ദീപാ നിശാന്താകും സമകാലിനതയിൽ ഓർമ പുസ്തകങ്ങളിൽ മുന്നിൽ എന്നു കാണാം. ഷൈന കുഞ്ചൻ, രമ പൂങ്കുന്നത്ത് ,തുടങ്ങി പലരും അതിന്റെ പിറകിൽ മന്ദം മന്ദം തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കുന്നതും നാം കാണുന്നു.
"ഉറവ " എന്ന ഓർമക്കുറിപ്പിൽ രമ പൂങ്കുന്നത്ത് എന്ന കലാകാരി എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് പരിശോധിക്കാം. രമ എന്ന പെൺകുട്ടിയുടെ രണ്ടോ മൂന്നോ ക്ലാസ് വരെയുള്ള കാലഘട്ടത്തിലെ ഓർമകളെയാണ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ മാനസിക വ്യാപാരങ്ങളെ അവരുടെ തലത്തിൽ നിന്നു വിവരിക്കാനുള്ള എഴുത്തുകാരിയുടെ ശ്രമം ആണ് ഇതിൽ. അമ്മയും അച്ഛനും തമ്മിൽ ഉള്ള അകൽച്ചയും അതു നല്കുന്ന മാനസിക സംഘർഷങ്ങളും ആ ബാലിക അനുഭവിച്ചതും , അച്ഛച്ഛൻ ,അച്ഛമ്മ എന്നിവരുടെ സ്നേഹവാത്സല്യങ്ങളിൽ നനഞ്ഞു കുതിർന്നതും ' വളർത്തു മൃഗങ്ങൾ ,പക്ഷികൾ  എന്നിവയുടെ ഓർമ്മകളും ചുറ്റുവട്ടത്തെ മനുഷ്യരും പ്രകൃതവും , സ്കൂൾ പരിസരം അധ്യാപകർ കൂട്ടുകാർ എന്നിവരുടെ ഓർമ്മകൾ തുടങ്ങിയവയാണ് ഈ പുസ്തകത്തിലൂടെ പങ്കു വയ്ക്കുന്നത്. അച്ഛനെന്ന തണലും അറിവും ആശ്വാസവും ആ കുട്ടിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു വളരെ നന്നായി പറയുന്നുണ്ട്. എങ്കിലും പലതും അപൂർണ്ണങ്ങളായി അനുഭവപ്പെടുന്നുണ്ട്.  ഈ പുസ്തകത്തിലെ രണ്ടു വസ്തുതകൾ ആണ് പ്രകൃതിയോടുള്ള പ്രതിബദ്ധതയായി എടുത്തു പറയാൻ കഴിയുന്നത്. ഒന്നു വീട്ടിലെ മരം മുറിക്കുന്ന അനുഭവം മറ്റൊന്നു ചാത്തന്റെ വാസസ്ഥലമായ പാറക്കുന്നു പൊട്ടിച്ചു കുഴിയാക്കപ്പെടുന്നത്. പ്രകൃതിയെ മനുഷ്യൻ കേവലമായ സുഖ സൗകര്യങ്ങൾക്കു വേണ്ടി അറുത്തുമാറ്റുമ്പോൾ കുഞ്ഞുമനസ്സുകളിൽ അതു നല്കുന്ന ആഘാതങ്ങളും മാനസിക വിഷമതകളും കഥാകാരി ഓർമ്മിച്ചെടുക്കുമ്പോൾ മനുഷ്യത്വവും നന്മയും നിറഞ്ഞ ഗ്രാമ മനസ്സുകളുടെ നൈർമല്യത്തെ തൊട്ടറിയാൻ കഴിയും.
ഒരു കുട്ടിയായി നിന്നു കാര്യങ്ങളെ കാണുമ്പോഴും കുട്ടിയല്ല ഇവ പറയുന്നത് എന്ന തോന്നൽ ഉളവാക്കി എഴുത്ത് എന്നതും , അച്ഛച്ഛനും അച്ഛമ്മയും പകർന്നു നല്കിയ കഥകൾ ജീവിതത്തെ നോക്കിക്കാണാൻ , നേരിടാൻ സഹായിച്ചു എന്നു പറയുമ്പോൾ അവയിലൊന്നു പോലും വായനക്കാരനു വേണ്ടി പകർന്നു നല്കുവാൻ കഴിഞ്ഞില്ല / ശ്രമിച്ചില്ല എന്നതും പോരായ്മയായി തോന്നി. ബാല്യകാലത്തിന്റെ ഓർമകളുടെ അടുക്കും ചിട്ടയുമില്ലായ്മ അതു പോലെ തന്നെ വായനയിലും പ്രകടമായിരുന്നു.
ആശംസകളോടെ ബി.ജി.എൻ വർക്കല.

Monday, February 20, 2017

അഭിനവ കവിത്വങ്ങൾ .


കവിത പൂത്ത തലച്ചോറുകൾക്കിന്നു
കവലതോറും പട്ടിണിച്ചൂടുകൾ...
മുഷിഞ്ഞൊരുടുതുണി മാറ്റുവാൻ,
വിശന്ന വയറൊന്നു നനയ്ക്കുവാൻ
കവിതയേകില്ലന്നമെന്നാർക്കുന്നു
കവിത മാത്രം കൈമുതലായുള്ളോർ.

ഉണ്ടായിരുന്നിങ്ങനൊരു കാലം
ഉണ്ടു ചുറ്റിലുമിന്നുമാ കോലങ്ങൾ
മറന്ന ജീവിതപ്പാതകൾക്കിരുപുറം
മലിനമാക്കിയ ബന്ധങ്ങൾ തൻ ചൂരും.

ലഹരി തിന്നുമാ ചിന്തകളിലെങ്ങുമേ
നുര നുരയുവാൻ കവിതയില്ലാതായി.
അലയടിക്കും വികാരങ്ങൾ ചുറ്റിലും
മതിമറക്കുന്ന ലോകത്തെ കാട്ടുന്നു.

അനുചരരാം ആരാധകർ തന്നുള്ളം
അനുതാപത്തിൻ അലക്കുകല്ലാകുമ്പോൾ
അറിവില്ലാത്തവർക്കസഹ്യമാം നോവിൻ
അപമാനം നല്കി ശുദ്ധനായ് മാറുന്നു.

അനുകരണമായ് കൂട്ടരിന്നോതുന്നു
അയ്യപ്പനാണിവൻ പുതുകാലകവി.
പുല്ലുവളർന്നൊരനാഥമാം ശവക്കല്ലറ-
ക്കുള്ളിൽ നിന്നയ്യപ്പൻ ചിരിക്കുന്നു.
......... ബിജു. ജി. നാഥ് വർക്കല
(അയ്യപ്പൻ പച്ച മനുഷ്യനായിരുന്നു. കവിയും. അനുകരിച്ചാലോ , വിശേഷിപ്പിച്ചാലോ ആകില്ലാർക്കുമങ്ങനെയാകാൻ . നാട്യമല്ലായിരുന്നു അയ്യപ്പൻ )

പലായനം

പലായനത്തിന്റെ മുൾവഴികളിലൂടെ
ജാഫ്ന മുനമ്പു കടന്നോടിയവൻ:
അധിനിവേശത്തിന്റെ
അപ്പോസ്തലന്റെ  നാട്ടിലാണിന്നു.
അക്ഷരങ്ങളിലൂടെ അഗ്നിശരം തൊടുത്തു
കാവ്യശിലാപാളികളിൽ
കൊത്തിവച്ച ജീവിതത്തെയും
ഉത്തരമില്ലാ ചോദ്യങ്ങളെയും നോക്കി
പകച്ചു നിൽക്കുന്ന ലോകത്തെ നടുവിരൽ കാട്ടിയോൻ .
മലയാള മഹിമതൻ മഞ്ജീരധ്വനിയിൽ
അമ്പത്തൊന്നക്ഷരങ്ങളെ ക്ഷീരപഥത്തിൽ
അലങ്കാര വിളക്കാക്കിയോന്റെ
ഓർമ്മ വിളക്ക് കത്തിച്ചു നല്കുമ്പോൾ
നിറയാതെ കണ്ണുകൾ ചിമ്മിപ്പോയോ?
ഒടുവിൽ ഒരു ചോദ്യത്തിനു മുന്നിൽ
ഉത്തരം ശ്വാസം മുട്ടിപ്പിച്ചു നീ ചിരിക്കുമ്പോൾ
ഇടനെഞ്ചു തകർന്നതെന്റെയാണല്ലോ ...
                      ബിജു ജി നാഥ് വർക്കല
(ചേരൻ രുദ്രമൂർത്തി എന്ന ശ്രീലങ്കൻ കവിയോടു ഒരു ചോദ്യം ചോദിച്ചു ഞാൻ . താങ്കളുടെ കുടുംബം ? ഈ ലോകത്തെല്ലായിടത്തും ... ഒരു കടൽ സങ്കടം നിറച്ച ഉത്തരം ചിരിയിൽ  ചാലിച്ചു തരുമ്പോൾ എന്റെ ഹൃദയത്തിൽ ഒരു കൊളുത്തിപ്പിടയൽ ... ജാഫ്നയിൽ നിന്നും ഉയിരു വാരിപ്പിടിച്ചു തമിഴ്നാടു വഴി ക്യാനഡയിൽ എത്തി നില്കുന്ന ഒരാൾ അതും ഒരു കവി മറ്റെന്തുത്തരം തരാൻ .)

Sunday, February 19, 2017

പിരിയാൻ വയ്യാതെ

പുലപ്പേടി

പുലപ്പേടി
..................
പണ്ടൊക്കെ
തമ്പ്രാനാരുന്നു  എല്ലാം...
ഉടുക്കാനും
ഉണ്ണാനും
പായ വിരിക്കാനും
തമ്പ്രാൻ പറയും.
പിന്നാണ് സോഷ്യലിസം വന്നത്.
നമ്മള് കൊയ്യും വയലെല്ലാം
നമ്മട താടീന്നു
ചെറുമൻ പാടീത്.
നമ്പൂരിയൊക്കെ തലപ്പത്ത് നിന്നിട്ട്
സിന്ദാബാദ് വിളിപ്പിച്ചത്.
അടിയാനില്ല
ഉടയോനില്ല
എന്നൊക്കെ കേട്ടു രോമം എണീറ്റത്.
പിന്നെപ്പിന്നെ
നമ്മൾ അധികാരത്തിൽ വന്നു.
നോക്യപ്പം തമ്പ്രാൻ തന്നാ തലപ്പത്ത് .
ചോവത്തിയെ തഴഞ്ഞപ്പം
നമ്മളു മിണ്ടീല
പൊലയക്കുടിലിൽ പനമ്പായയിൽ
ഒളിച്ചു കിടന്നോർ കടന്നു പോയി .
അധികാരം ല്ലാർക്കും കിട്ടി.
പ്രസിഡന്റ് വരെയായി.
ന്നിട്ടും നമ്മടെ നാട്ടിൽ വന്നില്ലടി
പുലയൻ ഭരിച്ചു നമ്മൾ മരിക്കില്ലടി.
ഇപ്പഴും തമ്പ്രാക്കൻമാർക്ക് നമ്മൾ പൊലയാണ്.
ഗോസായി മാർ പുറമേയിട്ട പൂണൂൽ
തമ്പ്രാന്മാരകത്തിട്ടേക്കുവാടി....
.......... ബിജു.ജി.നാഥ് വർക്കല

ചിത്രാംഗദ


മണ്ണിനെ പ്രണയിച്ചവൾ
മനസ്സിൽ കാടിനെ കാമിച്ചവൾ.
ഹൃദയത്തിൽ കടലിനെ സ്നേഹിച്ചവൾ
ജീവിതത്തിൽ നിശബ്ദതയെ പ്രാപിച്ചവൾ
അവൾ ചിത്രാംഗദ.

ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നെന്നു പറഞ്ഞവൾ.
മണ്ണിന്നരഞ്ഞാണം പോലെൻ പുഴകൾ
അവയെ തിരികെ തരാൻ കേഴുന്നു.

വിഷഫല ഭോജ്യത്താൽ
കെട്ടുപോം മുകുളങ്ങളിൽ വേദനിപ്പോൾ.
കാടുവളർത്തി,
കായ് കറി വളർത്തിയും
മണ്ണിൽ കമിഴ്ന്നു വീണു
കവിതയിൽ പ്യൂപ്പയായി പുനർജനി തേടുന്നു.

ഒരു കാടിൻ തണുപ്പിലേക്ക് ,
ഒരു കടലിൻ ഇരമ്പലിലേക്ക്
ഒരു വയലേലതൻ പച്ചപ്പിലേക്ക്
നഗ്നയായി പരിലസിക്കാൻ കൊതിപ്പവൾ.

എനിക്കറിയാം
അവൾ നിങ്ങളിലുണ്ട്.
അവളെ നിങ്ങളറിയും
എങ്കിലും നാം മൂകമായി
മാമൂലുകൾക്ക് വശംവദരാകുന്നുവല്ലോ.
                              ബിജു ജി നാഥ് വർക്കല

Tuesday, February 14, 2017

മിഴിനീര്‍ ...............ഷിജു എസ് വിസ്മയ

മിഴിനീര്‍ (കവിതകള്‍)
ഷിജു എസ് വിസ്മയ
സിയെല്ലെസ് ബുക്സ്
വില: 60 രൂപ

ഹാ... കഷ്ടമെന്നോര്‍ക്കുക
തളിര്‍ത്തതൊന്നുമാത്രം
വാടിയതോ കൊഴിഞ്ഞതോ
എണ്ണുവാന്‍ കഴിയാത്തതും .....(ദുഃഖത്തിന്റെ തണല്‍ മരം .. ഷിജു എസ് വിസ്മയ )

കവിതകള്‍ ജീവിതഗന്ധിയാകണം എന്ന് വാശിപിടിക്കാന്‍ ഈ കാലഘട്ടത്തിനു കഴിയും എന്ന് തോന്നുന്നില്ല .. കാരണം കവിത അരമനയില്‍ നിന്നും ഇറങ്ങിയിട്ട് അധികകാലമായില്ല എന്നത് കൊണ്ട് തന്നെ . താളവും ലയവും മേളങ്ങളും കൊണ്ട് നിറഞ്ഞ കവിതാ ലോകത്തെ സാമാന്യ ലോകത്തിന്റെ പോതുധാരയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നത് കാല്പനികതയുടെ കവിതാ സങ്കല്‍പ്പങ്ങള്‍ തന്നെയാണ് . കാല്പനികത ചിറകു വിടര്‍ത്തി നിന്ന കാലത്തെ പ്രണയത്തിന്റെ നനുത്ത ഗന്ധം ചൂഴ്ന്നു നിന്നിരുന്നു . പ്രണയമില്ലാതെ കവിതയില്ല എന്നൊരു കാലം നമ്മെ ഭയത്തോടെ നോക്കി നില്‍ക്കുമ്പോള്‍ ആണ് ജീവിതം പ്രണയം മാത്രമല്ല എന്നും ചുറ്റുമുള്ള സാമൂഹ്യഘടനകള്‍ പ്രണയത്തിനപ്പുറം ലോക ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ തീക്ഷ്ണമായ ജീവിതയാഥാര്‍ത്യങ്ങളില്‍ കവിത ഇറങ്ങി വന്നത് . നിലവിലുള്ള ചട്ടങ്ങളെ ഒക്കെത്തന്നെ അത് പാടെ മാറ്റിമറിച്ചുകൊണ്ട് കവിതയുടെ ചടുലമായ പടനീക്കം ആരംഭിച്ചുവെന്നു കാണാം. കവിതയിലെ നവയുഗപ്പിറവിക്കു ക്ഷുഭിത യൗവ്വനങ്ങള്‍ നല്‍കിയ ഉണര്‍വ്വും ഊര്‍ജ്ജവും പിന്നീടങ്ങോട്ട് കവിതയുടെ ലോകത്ത് വളരെ വലിയൊരു വിപ്ലവം തന്നെ കൊണ്ട് വന്നു . സോഷ്യല്‍ മീഡിയയുടെ പ്രഭാവം ആണ് ഒരു തരത്തില്‍ പറഞ്ഞാല്‍ കവിതയിലെ വിപ്ലവത്തിന്റെ മാറ്റത്തെ പുറം ലോകത്തിനു പരിചയപ്പെടുത്തിയത് എന്ന് പറയാം . ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ എരിപൊരി സഞ്ചാരം കൊണ്ട പരമ്പരാഗത കവികളും കാവ്യാസ്വാദകരും ആദ്യമാദ്യം കവിതകളെയും എഴുത്തുകാരെയും പുശ്ചത്തോടെ കാണുകയും വേദികളില്‍ അഭിപ്രായം പറഞ്ഞും അസഭ്യം പറഞ്ഞും കളിയാക്കിയും തങ്ങളുടെ മാനസിക വിഷമം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും അവരുടെ മാത്രം വെടിവട്ടങ്ങളില്‍ അത് ഒതുങ്ങിപ്പോകുന്നു എന്ന തിരിച്ചറിയലില്‍ അവരും സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്ത കാഴ്ചയും ഈ കാലഘട്ടത്തിന്റെ സ്വന്തം . മാത്രമല്ല ആ മാധ്യമത്തിലും അവര്‍ ആദ്യമാദ്യം ശ്രമിച്ചത് വൃത്തവും ഭാഷാ പ്രാവീണ്യവും പ്രകടിപ്പിക്കാനും പഠിപ്പിക്കാനും ഉള്ള തീവ്ര ശ്രമങ്ങള്‍ ആണ് . എന്നാല്‍ ഒരിക്കല്‍പ്പോലും അവര്‍ക്ക് അവര്‍ തന്നെ കളിയാക്കിപ്പോന്ന നവമാധ്യമ കവിതാരചനകളെ വിമര്‍ശിച്ചു അതിലെ കവിതയില്ലായ്മയെ പൊളിച്ചു കാണിക്കാനോ കഴിയാതെ പോയതാണ് അവരുടെ തോല്‍വി എന്നവര്‍ തിരിച്ചറിഞ്ഞതെയില്ല . അറിഞ്ഞവര്‍ ഇവിടെ തങ്ങളുടെ ഇടം കൂടി സാധ്യമാക്കാന്‍ ശ്രമിക്കുകയും അതിനായി അവര്‍ പരിശ്രമിക്കുകയും ചെയ്യുന്നു എന്ന് മാത്രം . ഇക്കാലങ്ങളിലെ കവിതകളുടെ ഈ പറഞ്ഞ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാതെ കവിത എഴുതിയാല്‍ ലൈക് കിട്ടും , കൂടുതല്‍ പ്രശസ്തി ലഭിക്കും , ഒരുപാടു സുഹൃത്തുക്കളെ ലഭിക്കും , മറ്റു പല ലക്ഷ്യങ്ങളും സാധിക്കും എന്ന ധാരണയില്‍ കവിത എന്ന പേരില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ മുന്‍ നിര്‍ത്തി എഴുതുന്നവരും മറ്റു ഭാഷകളിലെ വരികളെ മലയാളവത്കരിച്ചു സ്വന്തം ആണെന്ന് വരുത്തി തീര്‍ക്കുന്നവരും മറ്റുള്ളവരുടെ രചനകളെ അടിച്ചു മാറ്റി സ്വന്തമാക്കുന്നവരും ധാരാളം ഇവിടെ ഉണ്ടായി. അച്ചടി മഷി അല്ല ഡിജിറ്റല്‍ അക്ഷരങ്ങള്‍ ആണ് ഇന്നിന്റെ വായനയില്‍ മുന്നില്‍ എന്ന് തിരിച്ചറിഞ്ഞ നല്ല എഴുത്തുകാര്‍ ഒത്തിരി പുതിയതായി പിറന്നു എന്നതും കവിതയുടെ നവമുഖത്തിനു മാറ്റ് കൂട്ടി .
ഷിജു എസ് വിസ്മയ പുതിയകാല എഴുത്തുകാരുടെ പ്രതിനിധി ആണെന്ന് പറയാന്‍ കഴിയില്ല . പക്ഷെ കാലം ഷിജുവിനെയും അവരുടെ കൂട്ടത്തില്‍ കൂട്ടുക തന്നെ ചെയ്യും എന്നത് ഉറപ്പു . കവിതയില്‍ പിച്ച വയ്ക്കുന്ന ഒരു എഴുത്തുകാരന്‍ ആണ് ഷിജു എങ്കിലും തന്റേതായ ഒരു ശൈലി വളര്‍ത്തി എടുക്കാന്‍ ഈ നവ എഴുത്തുകാരന്‍ ശ്രമിക്കുന്ന കാഴ്ച മിഴിനീര്‍ എന്ന ഈ കവിതാസമാഹാരത്തില്‍ കാണാന്‍ കഴിയും . പ്രണയവും ജീവിതവും വേര്‍പാടുകളും എഴുതാന്‍ വേണ്ടി മാത്രമാണ് ഷിജു ശ്രമിക്കുന്നത് എന്നതിനാല്‍ ആണ്  കൂടുക തന്നെ ചെയ്യും എന്ന വാക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചത് . കവി എന്നാല്‍ സമൂഹത്തിനെ നേര്‍ വഴിക്ക് നയിക്കാന്‍ , തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ , അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒക്കെ ചരിത്രം നിയോഗിക്കപ്പെടുന്ന പ്രവാചകന്‍ ആണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പുതിയ കാല എഴുത്തുകാര്‍ ശ്രമിക്കണം എന്നതാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന ചിന്ത. അത്തരം പുതിയ വായനകള്‍ ഉണ്ടാകാന്‍ കാലികമായ ജീവിതത്തെ കൂടി തൊട്ടു പോകുന്ന രചനകളുമായി ഇനിയും ഈ പരിസരങ്ങളില്‍ ഇത്തരം യുവ എഴുത്തുകാര്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .
ഇഞ്ചക്കാട് ബാലചന്ദ്രന്‍ അവതാരിക എഴുതിയ 38കവിതകളുടെ ഈ സമാഹാരം ഗൗരവപരമായ ഒരു വായന തരുന്നില്ല എങ്കിലും ഒറ്റ വായനയുടെ ചതുരക്കാഴ്ച്ചകള്‍ക്ക് ഉപയുക്തമായ ഒരു പുസ്തകം ആണെന്ന് പറയാം .
സ്നേഹപൂര്‍വ്വം ബി. ജി എന്‍ വര്‍ക്കല


നോട്ടം

ഒരുത്തിയെ നോക്കിത്തുടങ്ങുമ്പോൾ
അവളുടെ മിഴികളിൽ തുടങ്ങണം.
കദനത്തിന്റെ കരിന്തിരിപ്പാടുകൾ
കണ്ണീരിന്റെ ഉപ്പളങ്ങൾ
സ്വപ്നത്തിന്റെ നിലാവും
ഇഴചേർന്നലയുന്നത് കാണാം.

പിന്നെ , അതേ പിന്നെ മാത്രമേ
മാറിണകളിൽ മിഴിയെത്താവൂ.
നോട്ടത്തിന്റെ അവരോഹണത്തിൽ
ഒരു മാത്രയെങ്കിലും
അവൾ തൻ പാദങ്ങൾ നോക്കുക.

നടന്നു തീർത്ത മുൾപ്പാതകൾ
മുറിഞ്ഞുപോയ സ്വപ്നാടനങ്ങൾ
മരിച്ചു പോയ ലയതാളങ്ങൾ
ഉറഞ്ഞു പോയ നിശ്ശബ്ദത
ഒക്കെയും വായിച്ചെടുക്കാം.

പിന്തിരിഞ്ഞു പോകുമ്പോൾ
മനസ്സിലെങ്കിലും അവളെ സ്നേഹിക്കുക.
ഒരു നേർത്ത പുഞ്ചിരി കരുതി വയ്ക്കുക.
... ബി.ജി.എൻ വർക്കല
(കൃപയുടെ കവിത വായിച്ചപ്പോൾ തോന്നിയത് )

ക്യാമ്പ് ക്രോപ്പറിന്‍റെ ഇടനാഴികള്‍ ................ അസിം

ക്യാമ്പ് ക്രോപ്പറിന്‍റെ ഇടനാഴികള്‍ (നോവല്‍ )

അസിം

കൈരളി ബുക്സ്

വില 150 രൂപ


സത്യത്തില്‍ ചില വായനകള്‍ നമ്മെ ആനന്ദിപ്പിക്കുന്നത് അതിന്റെ പിന്നിലെ ശ്രമങ്ങളുടെ പേരില്‍ ആണ് . ഓരോ വായനയും നമുക്ക് തരുന്നത് ഒരുപാട് ശ്രമങ്ങളുടെ ബാക്കിയാണ് എന്നത് വിസ്മരിക്കുന്നില്ല എങ്കിലും ജീവിതത്തെ അടയാളപ്പെടുത്തും പോലെ ശ്രമരഹിതമല്ല ചരിത്രത്തെ അടയാളപ്പെടുത്തുക എന്നുള്ളതുകൊണ്ട് ആ ശ്രമങ്ങളെ ശ്ലാഘിക്കാതെ വയ്യ തന്നെ.
ഓര്‍മ്മകളുടെ മറവിയെ നാം പലപ്പോഴും വേദനയോടെ പങ്കു വയ്ക്കാറുണ്ട് . എന്നാല്‍ ചില ചരിത്രസംഭവങ്ങളെ നാം ആദ്യം പകയും വിദ്വേഷവും കൊണ്ട് അളക്കും എന്നാല്‍ പിന്നീടവ നമുക്ക് ശരിയെന്നു തോന്നുകയും ചെയ്യും . അത്തരത്തില്‍ ഒരു വസ്തുതയാണ് സദ്ദാം ഹുസൈന്‍ എന്ന ഏകാധിപതിയും അദ്ദേഹത്തിന്റെ ജീവിതവും . ഒരു കാലത്ത് ഇറാക്കിനെ കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്തി ലോകത്തിനു മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന ഒരു മനുഷ്യന്‍ ആയിരുന്നു സദ്ദാം . എന്നാല്‍ അമേരിക്കയും സഖ്യ കക്ഷികളും ചേര്‍ന്ന് തങ്ങളുടെ തത്പരലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇറാക്കിനെ കൈവശപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ എഴുതിയ തിരക്കഥയില്‍ സദ്ദാം വെറുക്കപ്പെട്ടവന്‍ ആയി മാറിയിരുന്നു . മൊസപ്പട്ടാമിയയില്‍ സംഭവിക്കുന്ന ഷിയാ സുന്നി വര്‍ഗ്ഗ വിദ്വേഷത്തെ വളരെ നന്നായി ഉപയോഗിച്ച അമേരിക്കയും കൂട്ടരും സദ്ദാമിനു നേരെ ഉപയോഗിച്ച ആരോപണങ്ങള്‍ എല്ലാം തന്നെ ചരിത്രം തെറ്റായിരുന്നു എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇന്ന് മൊസപ്പട്ടാമിയന്‍ ഭാഗം അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയും അരക്ഷിതാവസ്തതയും സദ്ദാമിന്റെ അഭാവത്തെ നന്നായി ലോകത്തെ കാട്ടിക്കൊടുക്കുകയും ചെയ്യുന്നു . ഈ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് നാം "ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍" വായിക്കപ്പെടേണ്ടത് . എട്ടു കൊല്ലം നിരന്തരം പഠനം നടത്തി വസ്തുതകള്‍ ശേഖരിച്ചു ആണ് ഈ നോവല്‍ എഴുതിയത് എന്ന കഥാകാരന്റെ വാക്കുകളെ ശരി വയ്ക്കും വിധത്തില്‍ ചരിത്രത്തെ അടയാളപ്പെടുത്താന്‍ "അസി" എന്ന എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു .

സലിം , ദാസപ്പന്‍ , ബിജു എന്നീ മൂന്നു ചെറുപ്പക്കാര്‍ (മതസൗഹാര്‍ദ്ദം എന്ന മലയാളിയുടെ നൂതന ചിന്ത എഴുത്തുകാരനില്‍ ചെലുത്തിയ സ്വാധീനം ആകണം ഈ മൂന്നു പേര്‍ എന്ന് കരുതണം ) ഇറാക്കിലേക്ക് പോകുന്നത് ക്യാമ്പ് ക്രോപ്പര്‍ എന്ന കുപ്രസിദ്ധ തടവറയിലേക്ക് ആണ് . അവിടെ നിന്നും അവര്‍ക്ക് കടത്തേണ്ടത് ഇറാക്കിന്റെ ചരിത്രസ്മാരകങ്ങള്‍ ആയ ചില അമൂല്യ വസ്തുക്കള്‍ ആണ് . സ്ക്രാപ്പ് ശേഖരണം എന്ന ലേബലില്‍ ഇത് കടത്തുന്നതിന് ലഭിക്കുന്ന കോടികള്‍ ആണ് അവരെ ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത് . അമേരിക്കന്‍ സേനയുടെ പ്രധാനികളില്‍ നിന്നുള്ള സഹായം കൂടെ ഉള്ളതിനാല്‍ അവര്‍ക്ക് ഇറാക്കില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല . ക്യാമ്പ് ക്രോപ്പറില്‍ അവര്‍ എത്തും വരെ ഇറാക്കില്‍ പ്രശ്നങ്ങള്‍ വളരെ രൂക്ഷമായിരുന്നു എങ്കിലും സദ്ദാം പിടിക്കപ്പെട്ടിരുന്നില്ല . എന്നാല്‍ അവര്‍ ലക്‌ഷ്യം വച്ച ദിവസം തന്നെ സദ്ദാം പിടിക്കപ്പെടുകയും ഈ ക്യാമ്പിലേക്ക് കൊണ്ട് വരികയും ചെയ്യുന്നു . രണ്ടു കൊല്ലം ഇവിടെ തന്നെ സദ്ദാമിനെ പുറം ലോകം അറിയാതെ സൂക്ഷിക്കപ്പെടുന്നതിനാല്‍ ഇവര്‍ മൂന്നുപേര്‍ക്കും ഇവിടെത്തന്നെ കഴിയേണ്ടി വരുന്നു . അതിനാല്‍ തന്നെ ഇവരിലൂടെ ആ ക്യാമ്പിന്റെ ക്രൂരതയും ദയനീയതയും സദ്ദാമിന്റെ അവസാനനാളുകളും വായനക്കാരനോട് പങ്കുവയ്ക്കാന്‍ കഴിയുന്നു . തൂക്കിലേറ്റപ്പെടുന്ന സദ്ദാമിന്റെ അവസാന നിമിഷങ്ങള്‍ വരെ പരോക്ഷമായി സാക്ഷികള്‍ ആകുന്ന അവര്‍ ഒടുവില്‍ തങ്ങളുടെ ലക്‌ഷ്യം നിറവേറ്റി സമ്പന്നരാകുന്ന കാഴ്ചയില്‍ നോവല്‍ അവസാനിക്കുന്നു .

ഈ നോവല്‍ അത് പങ്കു വയ്ക്കുന്ന ലക്‌ഷ്യം സദ്ദാമിന്റെ അവസാനനാളുകളുടെയും ഇറാക്കിന്റെയും രാഷ്ട്രീയത്തിന്റെ കറുത്ത ഏടുകളെ പുറം ലോകത്തിനു പരിചയപ്പെടുത്തുക എന്നതാണ് . അതിനു വേണ്ടി മാത്രമാണ് ഈ മൂന്നു കഥാപാത്രങ്ങളെ ആ ക്യാമ്പിലേക്ക് കൊണ്ട് വരുന്നത് . പാത്രസൃഷ്ടിയില്‍ അസി ശ്രമിച്ച ബിംബങ്ങളെ വളരെ ശ്രദ്ധയോടെ ആണ് തിരഞ്ഞെടുത്തത് എന്ന് തോന്നും . സാമ്രാജ്യത്വത്തിന്റെ പ്രതീകമായ അമേരിക്കയുടെ എജന്റ് ആയ ബിജു എന്ന ക്രൈസ്തവന്‍ , മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ നിസ്സഹായതയാല്‍ വീര്‍പ്പുമുട്ടുന്ന , സ്വത്വം വെളിപ്പെടുത്താന്‍ ആകാത്ത സലിം, ഇടതുപക്ഷ ചിന്താഗതിക്കാരനായ , പുരോഗമന ചിന്താഗതിക്കാരന്‍ ആണെങ്കിലും വിപ്ലവചിന്തകള്‍ ഉണ്ടെങ്കിലും സൗഹൃദത്തില്‍ കോംമ്പ്രമൈസുകള്‍ക്ക് തയ്യാറാകുന്ന ദാസപ്പന്‍ . ഇവരിലൂടെ ക്യാമ്പിനേയും ക്യാമ്പിലെ ജീവിതങ്ങളെയും സദ്ദാമിന്റെ വരവും ചരിത്രവും രഹസ്യങ്ങളും അവസാന നാളുകളും , കോടതി രംഗങ്ങളും ഒക്കെ തന്നെ അസി വളരെ നന്നായി വിശദമായി അതിന്റെ തീക്ഷ്ണത തകരാതെ പറഞ്ഞു വച്ച് . ഇറാക്കിന്റെ സാമൂഹ്യ ജീവിതത്തെയും , കാഴ്ചകളുടെ ഭീകരതെയും വരച്ചു കാണിക്കാന്‍ അസിയിലെ മനുഷ്യന്‍ വല്ലാതെ ബുദ്ധിമുട്ടിയത്‌ ആ ഭീകര ദൃശ്യങ്ങളുടെ ദൃശ്യവത്കരണം എഴുത്തുകാരനില്‍ പോലും ഒരുപക്ഷെ അസഹ്യതയും മാനസിക വിഷമതകളും സമ്മാനിച്ചിരിക്കാം എന്ന് വായനയില്‍ തോന്നിപ്പിച്ചു .
കഴിവുള്ള ഒരു എഴുത്തുകാരന്‍ ആണ് അസി എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു . കൂടുതല്‍ സംഭാവനകള്‍ മലയാള സാഹിത്യത്തിനു ലഭിക്കട്ടെ എന്ന ആശംസകളോടെ സ്നേഹപൂര്‍വ്വം ബി.ജി. എന്‍ വര്‍ക്കല

എഴുതാൻ പഠിപ്പവൻ

നീ നടന്ന വഴികളിൽ കവേ
ഞാൻ വരുന്നുണ്ടിതാ മന്ദം ...
നീ കൊരുത്ത മാല്യങ്ങളിൽ
നിന്നു നീയറിയാതെവീണ
മുകുളങ്ങൾ പെറുക്കുവാൻ.

കൊരുക്കുവാൻ വൃഥായിന്നും
ശ്രമിക്കുന്നു വാക്കിൻ ഗീതങ്ങൾ
നീളെ പരത്തും സുഗന്ധവും
മലയാണ്മതൻ ഭംഗിയും നിറയും
അക്ഷരമാല്യങ്ങൾ ഞാനും.

പറയുവാൻ ഭയമാണിന്നും
കവിയെന്നോ എഴുത്തുകാരനെന്നോ.
ചൂളും മിഴികളിൽ ഉണ്ടെന്നും
മുന്നേ നടന്നവർ തന്ന ഹാരങ്ങൾ !
എങ്കിലും പതറാതിരിക്കാൻ
കൂടെയുണ്ട് അമ്മയാമക്ഷരം ചിരം.
............ ബിജു. ജി. നാഥ് വർക്കല
പ്രണാമം പ്രിയ കവി ഒ.എൻ.വി.

സ്വപ്നത്തിൽ കവിത വിരിയുമ്പോൾ !


വിശന്നു തളർന്നിരുന്ന
കവിയുടെ മുന്നിലേക്കാണ്
വിയർപ്പണിഞ്ഞ കവിത ഓടിക്കയറിയത്.
സ്ത്രീത്വത്തെ വാനോളം വാഴ്ത്തുന്ന,
മാനിക്കുന്ന ,
അയാളുടെയക്ഷരങ്ങളായിരുന്നവളുടെ ധൈര്യം .
കവി പെട്ടെന്നണിഞ്ഞ നിർവ്വികാരതയോടെ
അനുഭാവത്തോടെ
അവളെ തന്റെ എഴുത്തുമേശയിൽ കിടത്തി.
രക്ഷകന്റെ തണലിലെന്നോണം
അവൾ നീണ്ട നിദ്രയിലേക്ക് ഒഴുകി നീങ്ങി.
ഉറക്കത്തിന്റെ ആഴങ്ങളിൽ
അവളൊരു സ്വപ്നം കണ്ടു തുടങ്ങി.
ആർത്തി പിടിച്ചൊരു നായുടെ നീളൻ നാവ്
കവിളുകൾ നക്കിത്തുടയ്ക്കുന്നതവൾ കണ്ടു.
ജീവശ്വാസം കിട്ടാതെ പിടയുമ്പോൾ
ചുണ്ടുകൾ തുന്നിക്കെട്ടിയതാരെന്നവളോർത്തു.
ദാഹിച്ചു കരഞ്ഞ കുട്ടിയുടെ ചുണ്ടുകൾ
മുലയൂറ്റിക്കുടിക്കുമ്പോഴാണ്
നെഞ്ചിടം നഗ്നമെന്നവൾ അതിശയപ്പെട്ടത്.
ചൂടുകാറ്റിന്റെ ആരോഹണവ രോഹണത്തിൽ
നാഭിച്ചുഴി വിറച്ചു തുടങ്ങുന്നതും
ഇരുണ്ട ഇടനാഴികളിൽ
നനവാർന്ന പുഴകൾ രൂപം കൊള്ളുന്നതുമറിഞ്ഞവൾ
പൂത്തുലഞ്ഞ മുളങ്കാടായി.
സ്വപ്നത്തിന്റെ ആഴങ്ങളിലെവിടെയോ
മുറിഞ്ഞുപോയ ജീവശ്വാസത്തിൽ
പിടഞ്ഞുണരുമ്പോൾ
കവി ദീർഘമായ കവിതാ രചനയിലായിരുന്നു.
ആശ്വാസത്തിന്റെ ഇളങ്കാറ്റിൻതഴുകലിൽ
അവൾ പിന്നെയും ഉറങ്ങി.
പുതിയ കനവിന്റെ മധുരം തേടി!
.... ബിജു. ജി. നാഥ് വർക്കല

Thursday, February 9, 2017

ഹെര്‍ബേറിയം...............സോണിയ റഫീക്ക്

ഹെര്‍ബേറിയം(നോവല്‍)
സോണിയ റഫീക്ക് 
ഡി സി ബുക്സ് 
വില 210 രൂപ
ഒരാള്‍ എഴുതുമ്പോള്‍ ഒരു ലോകം വിടരുന്നു . ആ ലോകം പ്രണയത്തിന്റെയാകാം , രതിയുടെതാകാം , ജീവിതത്തിന്റെയാകാം , നടന്നുപോയ ചരിത്രത്തിന്റെയാകാം  വരുംകാലസത്യങ്ങളുടെയാകാം  ചിലപ്പോഴെങ്കിലും, അല്ല പലപ്പോഴും മിഥ്യകളുമാകാം . എഴുതിക്കഴിയുമ്പോള്‍ പലപ്പോഴും എഴുത്തുകാരന്‍ അത്ഭുതപ്പെട്ടേക്കാം താന്‍ എന്താണ് പകര്‍ന്നതെന്നു . ലോക ചരിത്രങ്ങളില്‍ എല്ലാം തന്നെ നാം വായിക്കപ്പെടുന്ന കൃതികള്‍ മേല്‍പ്പറഞ്ഞ ജീവിത സങ്കേതങ്ങളുമായി ഇഴപിരിഞ്ഞ വായനാനുഭവങ്ങളുടെ സമ്മിശ്ര ഗന്ധം നുകരുന്നവയാണ് . 
സോണിയ റഫീക്ക് തന്റെ ഹെര്‍ബേറിയം എന്ന നോവലില്‍ പകരുന്ന വിഷയം ഒരു പക്ഷെ ആധുനിക ലോകത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉളവാക്കുന്ന ഒരു വിഷയം തന്നെയാണ് . നാമൊക്കെ ഇന്ന് ജീവിക്കുന്ന കാലഘട്ടം എന്നത് ആഗോള താപനത്തിന്റെയും അണുവികിരണങ്ങള്‍ കൊണ്ട് മലീമസമാകുകയും ചെയ്യുന്ന ഒരു ലോകത്തിന്റെ ഉമ്മറത്താണ് . വരും കാലം നമുക്ക് കാത്തുവച്ചിരിക്കുന്നവ ഉഷ്ണത്തിന്റെ , ശൈത്യത്തിന്റെ അതി കഠിനമായ അനുഭവങ്ങളെ ആണ് . ജീവിതം നമ്മെ പഠിപ്പിച്ചു തരാന്‍ പോകുന്നത് നാം നഷ്ടപ്പെടുത്തിയവയുടെ വില എത്ര വലുതാണ്‌ എന്നതിനെയാണ് . വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നടുവില്‍ നാം പലപ്പോഴും നഷ്ടപ്പെടുത്തിയ നന്മകള്‍ ഉണ്ട് . അവ നമ്മുടെ കാലത്തിനെ എങ്ങനെ ആണ് ബന്ധപ്പെടുത്തുന്നത് എന്നും അവയുടെ അവശിഷ്ടങ്ങള്‍ നമ്മില്‍ എന്ത് അനുരണനങ്ങള്‍ ആണ് വരുത്തുന്നത് എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു .
എന്താണ് ഈ നോവല്‍ പങ്കു വയ്ക്കുന്നത് എന്ന് പറയുന്നത്ആമുഖത്തിനെ കാട്കയറല്‍ തരുന്ന അസഹ്യതയെ പ്രതിരോധിക്കും എന്ന് കരുതി അതിലേക്ക് കടക്കാം . നാം സാധാരണ വായിച്ചു പോകുന്ന നോവലുകളില്‍ കാണുക ജീവിതങ്ങള്‍ നടത്തുന്ന സമരങ്ങള്‍ തന്നെയാണ് . പക്ഷെ അവ തൊഴില്‍ ബന്ധിതമോ , ബന്ധങ്ങള്‍ , വികാരങ്ങള്‍ തുടങ്ങിയവ തമ്മിലോ ഉള്ള സമരസങ്ങളില്‍ കൂടി കടന്നു പോകുന്ന പ്രഹേളികകള്‍ വെളിപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങളോ , അടയാളപ്പെടുത്തലുകളോ ആണ് മിക്കപ്പോഴും.
എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി സോണിയ റഫീക്ക് തന്റെ നോവലിലൂടെ പരിചയപ്പെടുത്തുന്നത് നാം ജീവിക്കുന്ന സാമൂഹിക , പാരിസ്ഥിതിക ലോകവും അവയിലെ സസ്യ ജന്തു ജാലങ്ങള്‍ മനുഷ്യനുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നും അവയുടെ ജീവിതത്തില്‍ എന്തൊക്കെ കടന്നുകയറ്റങ്ങള്‍ ആണ് മനുഷ്യന്‍ നടത്തുന്നത് എന്നുമുള്ള വിഷയമാണ് . ടിപ്പു എന്ന ഒന്‍പതു വയസ്സുകാരനിലൂടെ ഇതള്‍ വിരിയുന്ന നോവല്‍ തുടങ്ങുന്നത് ഗള്‍ഫ് നാടിന്റെ മരുഭൂമിയുടെ സൗന്ദര്യം വര്‍ണ്ണിച്ചുകൊണ്ടാണ് . ഒരു പക്ഷെ അതാകും ഈ നോവലിനെ ഇത്രയധികം ആര്ദ്രമാക്കുന്നതും . ചുട്ടുപൊള്ളുന്ന മണല്‍ക്കാടില്‍ നിന്നും ഇരുളിലെ തണുപ്പും ഗൂഡമായ നിശബ്ദതയും കവര്ന്നുകൊണ്ട് പോയ ഫാത്തിമ  കോറിയിട്ടു കടന്നുപോയ അക്ഷര സൂചികകളില്‍ കൂടി സഞ്ചരിക്കുന്ന ആസിഫിലൂടെയാണ് ടിപ്പു എന്ന ബാലന്റെ വേരുകള്‍ വായനക്കാരന്‍ ഒപ്പിയെടുക്കുന്നത്‌ . ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഗള്‍ഫ് നഗരിയില്‍ പരിമിതമായ ബാല്‍ക്കണി പോലുള്ള ഇടങ്ങളില്‍ തന്റെ ഗ്രാമത്തിന്റെ പച്ചപ്പിനെ തിരികെ പിടിക്കാന്‍ ശ്രമിച്ച ഫാത്തിമയെ അറിയാതെ പോകുന്ന ആസിഫ് ഗ്രാമത്തിന്റെയും നഗരത്തിന്റെയും രണ്ടു മുഖങ്ങള്‍ പോലെ നിലനില്‍ക്കുന്ന ദാമ്പത്യം സൂക്ഷ്മമായി അവതരിപ്പിക്കുന്നു . ഇവര്‍ക്കിടയില്‍ ഗെയിമുകളില്‍ കൂടിയും പുതുപുത്തന്‍ ജീവിത ശൈലികളോടും ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ടിപ്പു ഫാത്തിമയുടെ മരണത്തിലേക്കുള്ള തിരോധാനത്തിലൂടെ നാട്ടിലേക്ക് പറിച്ചു നടപ്പെടുകയാണ് . നാട്ടിലെത്തുന്ന ടിപ്പു ഫാത്തിമയുടെ അഭാവത്തില്‍ അവളുടെ അമ്മ(നബീസ)യുടെ കീഴില്‍ തികച്ചും നാട്ടിന്‍പുറത്തുകാരനായി ജീവിച്ചു തുടങ്ങുന്നു. ടിപ്പുവിന് കൂട്ടായി സമപ്രായക്കാരിയായ അമ്മാളു കൂടി എത്തുന്നതോടെ നോവല്‍ അതിന്റെ കാതലായ ഭാഗത്തേക്ക് അടുക്കുന്നു . അമ്മാളുവും ടിപ്പുവും പതിവ് കുട്ടികളുടെ തലത്തില്‍ നിന്നും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത് . പ്രകൃതിയെ അടയാളപ്പെടുത്തുന്ന പച്ചപ്പിന്റെ മാസ്മരികതയിലേക്ക് നടന്നടുക്കുന്ന ആ കുട്ടികള്‍ തങ്ങളുടെ പരിസരങ്ങളിലെ കാവിലേക്കു ആകര്‍ഷിക്കപ്പെടുകയാണ് . ആ കാവില്‍ നിറഞ്ഞു നില്‍കുന്ന ജൈവസമ്പത്തില്‍ അവരുടെ കല്മഷമില്ലാത്ത മിഴികള്‍ പതിക്കുമ്പോള്‍ അന്നുവരെ അജ്ഞാതമായിരുന്ന പലതും അവര്‍ കണ്ടെത്തുകയാണ് . അമ്മാളുവിന്റെ പിതാവും കാര്‍ഷികവിദഗ്ധനുമായ വിനീതിന്റെ സസ്യ ആല്‍ബത്തിലെ ഓരോ ഇലകളെയും തേടി അവര്‍ അലയുകയാണ് . അവര്‍ കണ്ടെത്താതെ പോകുന്ന പത്തു സസ്യങ്ങളിലൂടെ നമ്മള്‍ നഷ്ടപ്പെടുത്തുന്ന തിരികെ ലഭിക്കാത്ത ചില അമൂല്യതകളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് . ആ യാത്രയിലൂടെ ആ കുട്ടികള്‍ കണ്ടെത്തുന്ന ജൈവ വൈവിധ്യങ്ങള്‍ ഓരോ വായനക്കാരനെയും തന്റെ കുട്ടിക്കാലത്തെയും പരിസരങ്ങളെയും ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും. ടിപ്പുവിന് ലഭിക്കുന്ന കളിക്കൂട്ട് ആണ് അങ്കുവാമ . അപൂര്‍വ്വമായ ആ ആമയും ടിപ്പുവും തമ്മില്‍ ഉടലെടുക്കുന്ന അഭൂതപൂര്‍വ്വമായ ആത്മബന്ധവും ഈ നോവലിലെ മറ്റൊരു വിസ്മയക്കാഴ്ചയാണ് . ഓരോ കുട്ടികളും മണ്ണിനോട് ചേര്‍ന്ന് ജീവിക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ അവരെ അതിനു അനുവദിച്ചിരുന്നു എങ്കില്‍ അവരിലെ പല അസുഖങ്ങളും, മാനസിക അവസ്ഥകളും മാറി വരികയും ആരോഗ്യകരമായ ഒരു ജീവിതം അവര്‍ക്ക് ലഭിക്കുകയും ചെയ്തേനെ എന്ന് ഈ നോവല്‍ വായനക്കാരനോട് പറയുന്നു . പൂക്കളും ശലഭങ്ങളും ,പക്ഷികളും ഉരഗങ്ങളും ഒക്കെ ഇതിലെ ഭാഗങ്ങള്‍ ആണ് അല്ലെങ്കില്‍ ഇതില്‍ കടന്നു വരുന്ന കഥാപാത്രങ്ങള്‍ ആണ് . എല്ലാം തന്നെ തികഞ്ഞ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുകയും ഒരു ജൈവ പഠനതലം തുറന്നുകൊടുക്കുകയും ചെയ്യുന്നു ഈ നോവല്‍ . വരും കാലത്തിനു വേണ്ടി നഷ്ടമാകുന്ന ഓരോ സസ്യ സമ്പത്തിനെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള വിത്ത്‌ ശേഖരണം, ഇന്നത്തെ കാലത്തെ കാഴ്ചപ്പാടുകള്‍ മൂലം നഷ്ടമായ സ്ഥലപരിമിതികളെ മറികടക്കാന്‍ റോഡുകളില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന അമ്മാളു , സ്കൂളില്‍ തന്റെ ഹെര്‍ബേറിയം പരിചയപ്പെടുത്തുക വഴി കുട്ടികളില്‍ മുഴുവന്‍ ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ കഴിയുന്ന ടിപ്പുവിന്റെ പരിസ്ഥിതി സ്നേഹം, കാട്ടില്‍നിന്നും കിട്ടിയ ആമയെ അതേ കാട്ടില്‍ തന്നെ തിരികെവിട്ടു ആശ്വാസം കൊള്ളുന്ന അമ്മാളുവും ടിപ്പുവും ,കാവു വിലയ്ക്ക് വാങ്ങി അത് വെട്ടിനശിപ്പിക്കാന്‍ ശ്രമിക്കുന്ന റഷീദ് ,അതിനെ ചെറുക്കാന്‍ കഴിയാതെ തങ്ങളുടെ പരിമിതികള്‍ അറിഞ്ഞു നിസ്സഹായരാകുകയും , തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ അതില്‍ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്ന അമ്മാളുവും ടിപ്പുവും . തങ്ങളുടെ പച്ചപ്പിനെ നഷ്ടപ്പെടുന്ന വിധത്തില്‍ ആശങ്കകള്‍ പങ്കു വയ്ക്കുന്ന അവരുടെ ദുസ്വപ്നങ്ങള്‍, തങ്ങളുടെ പരിസ്ഥിതിയെ തിരികെ പിടിക്കുവാന്‍ വേണ്ടിയുള്ള അവരുടെ ചിന്തകള്‍ ...തുടങ്ങി എല്ലാ കാഴ്ചകളും വായനക്കാരില്‍ സ്വമേധയാ തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ചിന്തിക്കുവാനും അവയെ പരിരക്ഷിക്കുവാനും ഉള്ള ഒരു ത്വര വളര്‍ത്തും എന്നത് ആണ് ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന സന്ദേശവും ആശയവും .
മരിച്ചു പോയ അമ്മയെ മറക്കാന്‍ കഴിയും വിധം ആസിഫ് വിചാരിച്ചത്തിലും പ്രായോഗികമായി ടിപ്പുവിന് കഴിയുന്നത്‌ നാട്ടിലെ പച്ചപ്പും അതിന്റെ മാസ്മരികതയും തന്നെയാണ് . നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെ നാം സ്നേഹിച്ചു തുടങ്ങുമ്പോള്‍ നമ്മുടെ ദുഃഖം ഒന്നുമല്ലാതായി തീരും എന്നൊരു ചൂണ്ടു പലക കൂടിയാണ് ഈ നോവല്‍ തരുന്നത് . 
പ്രകൃതിയെയും മനുഷ്യനെയും തമ്മില്‍ ഇഴയടുപ്പത്തോടെ നിര്‍ത്തുന്ന ബന്ധങ്ങളുടെ രസതന്ത്രത്തെ വളരെ മനോഹരമായി എഴുത്തുകാരി അവതരിപ്പിച്ചിരിക്കുന്നു . വീട് നഷ്ടപ്പെട്ട മൂങ്ങ വൈദ്യുതി കമ്പിയില്‍ വന്നിരുന്നു വിലപിക്കുമ്പോള്‍ , വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ട അന്യ ദേശക്കാര്‍ നമ്മുടെ പടിപ്പുരയില്‍ വന്നു നിന്ന് വിലപിക്കുന്ന ഓര്‍മ്മ ആണ് ടിപ്പുവില്‍ ഉണ്ടാകുന്നത് . ആ കാഴ്ച വായനക്കാരിലും ഒരു പുതിയ അവബോധം വളര്‍ത്തും എന്ന് തന്നെ പ്രതീക്ഷിക്കാം . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ പൊക്കിള്‍ക്കൊടി ബന്ധത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന ഈ നോവല്‍ ഒരു പരിസ്ഥിതിപഠനസഹായിയായോ , സ്കൂള്‍ തലങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ അവബോധനത്തിനു വേണ്ടിയുള്ള ഒരു ചാലകമായോ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും . ഇത് വായിക്കുന്ന ഓരോ ആളിന്റെ മനസ്സിലൂടെയും പതിഞ്ഞു പോകുന്ന ചിത്രങ്ങളെ ഒരു ചലച്ചിത്രത്തിനെയോ ഡോക്യുമെന്ററിയുടെയോ ഫ്രെയിമില്‍ അടയാളപ്പെടുത്തി വയ്ക്കുന്നത് കാലത്തിന്റെ ആവശ്യകതയാണ് എന്ന് മനസ്സിലാക്കി അതിനുള്ള ശ്രമം സര്‍ക്കാരിന്റെയോ വിദ്യാഭ്യാസവകുപ്പിന്റെയോ സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് വായന തോന്നിപ്പിച്ചു . തികച്ചും വ്യത്യസ്തമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ഇങ്ങനെ ഒരു അടയാളപ്പെടുത്തല്‍ തികച്ചും അവസരോചിതമായി എന്ന് പറയാതെ വയ്യ . എല്ലാരും ആവശ്യം വായിച്ചിരിക്കേണ്ടതും , സ്കൂള്‍ ലൈബ്രറികളില്‍ അത്യാവശ്യം സൂക്ഷിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെടുത്തെണ്ടതും ആയ ഒരു പുസ്തകം ആണ് ഇതെന്ന് നിസ്സംശയം പറയാം . ആശംസകളോടെ ബി. ജി എന്‍ വര്‍ക്കല

Tuesday, February 7, 2017

പ്രണയകാവ്യം -

മഴനൂലുകൾ
മയിൽപ്പീലിത്തുണ്ട്
നഖക്ഷതങ്ങൾ
മഴവിൽ
കടലാഴങ്ങൾ
വളപ്പൊട്ടുകൾ
ചുബനം
നിലാവു
ഇത്രയൊക്കെ മതി
പെണ്ണേ നിന്നെക്കുറിച്ചൊരു
പ്രണയകവിതയെഴുതാനെന്നു
ഇളം കാറ്റ് മന്ത്രിക്കുന്നു.
.. ബി.ജി.എൻ വർക്കല

വെർതെ ഉറക്കം കളയാൻ .


മടിയിൽ കിടന്നാകാശ
നക്ഷത്രങ്ങളെണ്ണി
കൊള്ളിമീനുകളെ കണ്ട്
ഹർഷപുളകിതമാകുന്നത്.
നാഭിയിലെ ഇളം ചൂടിൽ
കവിൾ ചേർത്തു കിടപ്പത് .
മുഖമോരം സല്ലപിക്കുംമുയൽ -
ക്കുഞ്ഞുങ്ങളെയറിവത്.
ഒരു സ്വപ്നമായ് താണു വരും
അധരങ്ങളെ മുദ്രവയ്ക്കുന്നത് .
പക്ഷേ ഉറങ്ങുവാനാകുന്നില്ലൊരു
സ്വപ്നമായെങ്കിലുമതു വിരിയുവാൻ...
...... ബി.ജി.എൻ വർക്കല

Friday, February 3, 2017

കറുത്ത മഴ


ഒരു മഴയാകണം !
നിന്റെ ഉടലാകെ നനയ്ക്കുന്ന
പെരുമഴയല്ല .
ഒഴിഞ്ഞു പോകാത്ത സങ്കടങ്ങളുടെ
ചൂടുമാറാത്ത കണ്ണീരിനെ
മറച്ചു കൊണ്ടൊഴുകുന്ന കുളിർമഴ!
നീ നിർത്തിയേടത്തു നിന്നും
എനിക്കു തുടങ്ങണം .
നിന്റെ സ്വരമായല്ല.
നീ പകർന്ന വാക്കുകളുടെ ചരൽ കല്ലിലൂടെ
കാൽ വലിച്ചു നടക്കുവാൻ .
തുടച്ചു മാറ്റാനാവാത്ത
കരിയഴുക്കുകളിലൂടെ പെയ്തിറങ്ങണം.
തണുത്ത നൂലുകൾ കൊണ്ടു
വരിഞ്ഞു ശ്വാസം മുട്ടിക്കണം
നിലയ്ക്കാത്ത പ്രവാഹമായി
അലിഞ്ഞു പോകണം  താപം .
നിനക്കു മാത്രം അനുഭവിക്കാൻ കഴിയുന്ന
രാമഴയിലൂടെ.
നിനക്ക് മാത്രമാകുന്ന കരിമഴയിലൂടെ.
നിന്റെ സ്പർശനത്താൽ ഞാനിനി
പുനർജ്ജനി തേടട്ടെ.
... ബിജു. ജി. നാഥ് വർക്കല