Wednesday, January 30, 2019

कोई है २ोखना वाला ?

कोई है २ोखना वाला ?
- - - - - ---------------
लोक आसादी के लिए लडाई किया
कुछ लोक आ२ाम से बैडक२ तमाश देखा
अन्त में आसादी मिल गया I
तभी वो लोक बाहर निकला
ग२व से बोला देश प्रेम
फिर चला गोली सीने पे
मरा तो सहि
उस वकत
लेकिन पकड गया
दबाके २खा कूघ साल
अब सत्तर साल के बाद
फिर उदा हिम्मत
वापस शुरु तो किया
कोई हैं २ोखने वाला ?
ओ लोक भी वही देख२हा हैै
कोई है २ोखना वाला ?
---बि जी एन वरकला

അച്ചാദിൻ

അച്ചാദിൻ
.................
ഒരിക്കലൂടെയവർ
വെടിയുതിർത്തു നോക്കുകയാണ്.
ഉതിരുന്ന ചോരയിലെവിടെയാണ്
ഹേ രാം എന്ന ശബ്ദമെന്ന്
ചെവിയോർക്കുകയാണ്.
ദേശീയതയെന്നാൽ
മാറ്റിയെഴുതേണ്ട സമവാക്യമാണിന്ന്.
ഗോഡ്സേയെന്നത് സംസ്കാരമാണ്.
ഉന്തിയ നെഞ്ചിൻ കൂടുകളിലേക്ക് നിറയൊഴിക്കാനും
ഒഴുകുന്ന ചോരയിൽ കൈ കഴുകാനും
കഴിയുന്നതാണ് ദേശീയത.
വംശഹത്യകൾ
ആത്മഹത്യകളിലേക്ക് നയിക്കുന്ന പ്രതിരോധങ്ങൾ
കൽ ദൈവങ്ങൾക്ക് മുന്നിൽ
പിടയുന്ന പൂമ്പാറ്റകൾ
വിശ്വാസ സംരക്ഷരുടെ
വിശ്വാസ പ്രഘോഷങ്ങൾ
തൊലിയുരിക്കുന്ന ചമാറുകൾക്ക്
ഉയിർ നഷ്ടമാക്കുന്ന ഒളിയിടങ്ങൾ .
ജയ് ശ്രീറാം എന്ന ഒറ്റ മന്ത്രം മാത്രം മതി.
മിനാരങ്ങൾ തകർക്കാനും
പുതിയത് കെട്ടിയുയർത്താനും എളുപ്പമാണ്.
ഫാസിസം എന്നതിനെ വിളിക്കരുത്.
ഫാസിസ്റ്റുകൾ സോഷ്യലിസ്റ്റുകളാണ്.
ദേശഭക്തിയുടെ അളവുകോലുകളിൽ
ഫാസിസം കടന്നു വരില്ല.
ഹിന്ദു ഉണരുന്നതിലേക്ക് മാത്രം കാണുന്ന
കണ്ണുകൾ വേണം.
വർഗ്ഗീയത പറഞ്ഞു നിരത്തിലിറക്കണം.
ഗുജറാത്ത് ഒരു പാഠമാണ്.
ദേശസ്നേഹത്തിന്റെ ഈറ്റില്ലം.
മോഹൻ ദാസ് കരംചന്ദ് ഗാന്ധി മാത്രമല്ല ഇന്ത്യ
നരേന്ദ്ര മോദിയും ഇന്ത്യ തന്നെയാണ്.
പുതിയ ദേശീയതയുടെ  സമവാക്യങ്ങളിൽ
ഗാന്ധിയല്ല അമർ രഹേയാകേണ്ടത്
ഗോഡ്സെയാണ്.
പുതിയ സമവാക്യങ്ങളിൽ
മനുഷ്യരില്ല
ഹിന്ദുവും
മുസ്ലീമും
ക്രിസ്ത്യനും
നിറഞ്ഞൊരിന്ത്യയെ കാത്തിരിക്കുന്നില്ലെങ്ങും അച്ചാദിൻ.
നിങ്ങൾ മനുഷ്യനാണെങ്കിൽ
ആത്മഹത്യക്കൊരു കൊമ്പു തേടുക.
അടിയറവു പറഞ്ഞ് മതങ്ങൾ നേടുക.
മാപ്പു പറഞ്ഞ് ജയ് ശ്രീറാം വിളിക്കുക.
ഇന്ത്യയെന്ന പേര് ഇനി വിദൂരമാണ്.
...... ബിജു.ജി.നാഥ് വർക്കല

Sunday, January 27, 2019

അറിയാതെ, പറയാതെ ...

പറയാതെയറിയുന്നു പിരിയുവാന്‍ വെമ്പുമീ
പകലിന്റെ നൊമ്പരം അകതാരിലിന്നു ഞാന്‍.
പിരിയുമ്പോള്‍ ചുവക്കുന്ന മിഴികളിലെങ്ങും
തരി മിഴിനീരു പൊടിയാതെ മംഗളമേകട്ടെ

-----------ബി.ജി.എന്‍ വര്‍ക്കല 

Thursday, January 24, 2019

വേരിന് രണ്ടറ്റമുണ്ട് ................... കെ ആര്‍ രഘു


വേരിന് രണ്ടറ്റമുണ്ട് (കവിതകള്‍ )
കെ ആര്‍ രഘു
അടയാളം പബ്ലിക്കേഷന്‍സ്
വില : 380 രൂപ


            കവിതകള്‍ സംവദിക്കേണ്ടത് കാലത്തോടാണ്. കാലം ഓര്‍ത്ത്‌ വച്ച് കൈമാറേണ്ട ഒന്നാണ് കവിത. അതിനു വേണ്ടത് ഉള്‍ക്കാഴ്ചയും കവിതകള്‍ എന്താണ് പറയേണ്ടത് എന്ന ബോധവും ആകണം. നമുക്ക് പറയാനുള്ളത് ഒരു സമൂഹത്തോടാണ്. ആ സമൂഹം അതെങ്ങനെ ഉള്‍ക്കൊള്ളണം അത് എന്നത് അതിന്റെ ആശയത്തോട് ചേര്‍ന്ന് മാത്രമേ നിര്‍വചിക്കാന്‍ കഴിയൂ . അതിനു ഏറ്റവും വലിയൊരു സമകാല ഉദാഹരണം ആണ് ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രന്റെ പ്രസിദ്ധമായ "ഇനിവരുന്നൊരു തലമുറയ്ക്ക്" എന്ന് തുടങ്ങുന്ന കവിത. അതൊരു കാലത്തിന്റെയാണ് എന്നല്ല പറയേണ്ടത് വരും കാലത്തിന്റെയാണ് . അതുപോലെയാണ് സമകാലിക സംഭവങ്ങളെ അടയാളപ്പെടുത്തുന്ന നിശബ്ദനായ കവി സുധീര്‍ രാജിന്റെ വരികളും . അതിനെ ഇന്ന് പാർശ്വവത്ക്കരിക്കാൻ വേണ്ടി മാത്രം ദളിത് കവിത എന്നൊരു ഫോര്‍മാറ്റില്‍ ഒതുക്കാന്‍ നടക്കുന്ന സംഘടിത ശ്രമം ചിലതൊക്കെ വ്യക്തമാക്കുന്നുണ്ട്. "ബേന്‍ചോദ് കീ കാലീ ഫൂല്‍ " എന്ന് കവി എഴുതുമ്പോള്‍  അതുകൊണ്ട് തന്നെ ആ കറുപ്പ് , ദളിത്‌ എന്നൊരു സത്വത്തില്‍ നിര്‍ത്തി വായിക്കണമെന്ന ശാഠ്യം അതുകൊണ്ടാണ് . കറുപ്പ് എന്നാല്‍ ദളിത് എന്നൊരു ബോധം സമൂഹം ഉറപ്പിച്ചു പിടിപ്പിക്കുന്നത്  കൊണ്ടാണത്.  കവിതകള്‍ പലപ്പോഴും കൊണ്ടു വരുന്നൊരു പൊതുബോധം ഉണ്ട് . അത് ജനമനസ്സിനെ ചിന്തിക്കാന്‍ മാത്രമല്ല ചിലപ്പോഴൊക്കെ പ്രതിഷേധിക്കാന്‍ കൂടി പ്രാപ്തമാക്കുന്നുണ്ട്. ഈ ട്രെന്‍ഡ് മനസ്സിലാക്കിയ ചില ഓണ്‍ലൈന്‍ കവികള്‍ എല്ലാ പ്രധാന സാമൂഹ്യ വിഷയങ്ങളിലും അവതരണ ഗാനങ്ങള്‍  എഴുതി അവയെ വീഡിയോ ആക്കി ചൊല്ലി അവതരിപ്പിച്ചു എങ്ങനെയും പ്രശസ്തി നേടണം എന്നൊരു ആഗ്രഹത്തില്‍ കവിയാകാന്‍ ശ്രമിക്കുന്നതും ഇന്നിന്റെ കാഴ്ചയാണ് . കുരീപ്പുഴയും , സച്ചിദാനന്ദന്‍ മാഷുമൊക്കെ കവിതകള്‍ എഴുതിയിരുന്നത് കാലത്തിനോടുള്ള ചോദ്യങ്ങള്‍ എന്ന രീതിയില്‍ ആയിരുന്നു. അവ അതിനാല്‍ തന്നെ ആധുനിക കാവ്യ ശാഖയില്‍ മുന്നില്‍ നിര്‍ത്തി സംസാരിക്കാന്‍ പര്യാപ്തമാക്കുന്ന ഒന്നായി നില്‍ക്കുന്നു. 
“ഒരു കവിയുടെ ആത്മഹത്യ 
അയാളുടെ അവസാനത്തെ കവിതയാണ്.”(അന്ത്യ സന്ദേശം) 
എന്ന് സച്ചിദാനന്ദന്‍ മാഷ്‌ പറയുമ്പോള്‍ അതില്‍ വാസ്തവികതകള്‍ ഏറെ ഉണ്ടാകുന്നുണ്ട്.  
            ഇത്തരം കവിതകളുടെ വസന്തവും വരള്‍ച്ചയും സംഭവിക്കുന്ന മലയാള ഭാഷയുടെ ഇടത്താണ് കെ ആര്‍ രഘു എന്ന കവിയുടെ കവിതകള്‍ കവിതാസ്വദകരുടെ മനസ്സിലേക്ക് കടന്നു വരുന്നത്.  ചെറിയ ചെറിയ വരികള്‍ കൊണ്ട് വലിയ ചിന്തകള്‍ ഉന്നയിപ്പിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു കവിയാണ്‌ കെ ആര്‍ രഘു എന്ന് “വേരിന് രണ്ടറ്റമുണ്ട്” എന്ന കവിതയിലൂടെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന , അതിമനോഹരങ്ങള്‍ ആയി അനുഭവപ്പെടുന്ന കവിതകളുടെ ഒരു ശേഖരണം ആണ് ഈ സമാഹാരം. എടുത്തു പറയേണ്ടത് ഈ പുസ്തകത്തിന്റെ പ്രിന്റിംഗ് , ഡിസൈന്‍ എന്നിവയാണ്. കവിതകളെ പെറുക്കി വച്ച രീതിയും , അവതരണവും വളരെ പ്രശംസനീയം ആണ്. അതുപോലെ നല്ലൊരു എഡിറ്റര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന വസ്തുതയായി മനസ്സിലാക്കാന്‍ കഴിയുന്നു.
            സമൂഹത്തിലെ എല്ലാ വിഷയങ്ങളെയും കവി ഇതില്‍ പരിഗണിക്കുന്നുണ്ട്. അവയൊക്കെയും പക്ഷെ ഒരു നേര്‍രേഖപോലെ തുറന്നു പറച്ചിലുകള്‍ ആയല്ല എന്നതാണ് അതിന്റെ പ്രത്യേകതയും . സൂചകങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍ നല്‍കുന്ന വായനാ സുഖം മനസ്സില്‍ കുത്തിക്കയറുന്ന ചിന്തകള്‍ ഇവയൊക്കെ കവിയുടെ കാവ്യരീതിയുടെ പ്രത്യേകതകള്‍ തന്നെയാണ് . അവതാരികയില്‍ കെ ഇ എന്നും കുരീപ്പുഴയും എടുത്തു പറയുന്നതും ഇവയൊക്കെ തന്നെയാണ് . വിശദമായ ഒരു പഠനവും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഒട്ടുമിക്ക കവികളുടെയും ആശംസകളും ആസ്വാദനങ്ങളും കൂടി ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . സര്‍വ്വസമ്മതനായ ഒരു കവിയായി കെ ആര്‍ രഘു നില്‍ക്കുമ്പോള്‍ കവിതകള്‍ അഹങ്കരിക്കുകയാണെങ്കില്‍ അത് അനുവദിച്ചുകൊടുക്കുക തന്നെ വേണം. രണ്ടു വരി എഴുതി നൂറു പേര്‍ ലൈക് ചെയ്താലുടന്‍ പ്രൊഫൈലില്‍ കവി എന്നും എഴുത്തുകാരന്‍ എന്നും എഴുതി ഒട്ടിച്ചു ഇനി എനിക്ക് ശേഷം പ്രളയം എന്ന് കരുതി ഇരിക്കുന്ന കവികള്‍ക്കല്ല കെ ആര്‍ രഘുവിനെപ്പോലുള്ള ഇരുത്തം വന്ന കവികള്‍ക്കാണ് ആ ലേബല്‍ നെറ്റിയില്‍ ഒട്ടിക്കാന്‍ അര്‍ഹത എന്ന് കരുതിപ്പോകുന്നത് സ്വാഭാവികം.
            സമൂഹത്തില്‍ പക്ഷെ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ ആകുലതകള്‍ കവിയും അനുഭവിക്കുന്നുണ്ട് . അതിനാലാകണം
“മുറിവെല്ലാം പിന്നില്‍ നിന്നാണ്
മുന്നില്‍ വന്നയക്കണേ
അവസാനത്തെ
അമ്പെങ്കിലും...” 
എന്ന് നെഞ്ചു നീറി പറയേണ്ടി വരുന്നത് കവിക്ക്‌ . ജീവിതത്തെ നോക്കി കാണുന്ന അതേ മനസ്സ് തന്നെയാണ് സമൂഹത്തെ നോക്കിക്കാണുമ്പോള്‍ കൂടി കവിയില്‍ നിഴലിക്കുന്നത്. സാര്‍വ്വജനികമായ  ഒരു ലോകത്തില്‍ മാത്രമേ ശാശ്വതമായ ശാന്തി ലഭിക്കൂ എന്ന് കവി മനസ്സിലാക്കുന്നു .
“ആശുപത്രി വരാന്തയില്‍ ഓടിക്കളിക്കുന്ന കുട്ടികളെ
ഒരു ഗര്‍ഭിണി വാത്സല്യത്തോടെ
വായിക്കുന്നു...
അവളുടെ പേര് ഗുജറാത്ത്” 
എന്ന വരികളില്‍ നിറഞ്ഞു കിടക്കുന്നൊരു മൗനം ഉണ്ട്. അത് വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാലം ഉണ്ട് . ക്രൂരമായ നരഹത്യകളുടെ ഇരുണ്ട രാപ്പകലുകളെ ഇന്നും ഭയത്തോടെ ഓര്‍ക്കുന്ന ഒരു സമൂഹവും. എന്തുകൊണ്ടും ആ കാഴ്ചയെ ഇങ്ങനെയല്ലാതെ എങ്ങനെ ആണ് ഒരു കവിക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിയുക. പരത്തിപ്പറഞ്ഞു  കണ്ണീര്‍ സീരിയലുകള്‍ സൃഷ്ടിക്കല്‍ അല്ല കവിത എന്ന് കവി സ്നേഹപൂര്‍വ്വം നമ്മെ ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ വരികള്‍ കൊണ്ട് . മറ്റൊരിടത്തു കവി വളരെ വ്യക്തമായി സമൂഹത്തില്‍ പ്രത്യേകിച്ച് ഗ്രാമീണ ജീവിതത്തില്‍ കണ്ടു വരുന്ന ഒരു മാനസിക രോഗത്തെ വിലയിരുത്തുന്നത് എങ്ങനെ എന്ന് കാണാം.
“ അഴയില്‍ കണ്ടാല്‍
പക്ഷിയിരിക്കും
തറയില്‍ വിരിച്ചാല്‍
പട്ടി കടിക്കും
ഇരുളും മുമ്പിതെടുത്തിട്ടില്ലെങ്കില്‍
വഴിയോരയാത്രക്കാര്‍ പൊക്കിയെടുക്കും
നാളെ വെളുപ്പിന്
ചേറു പുരട്ടി
വീമ്പു പറഞ്ഞു രസിക്കും
പെണ്ണെ ...
വാര്‍ത്തയടിച്ചു പതയ്ക്കും
ചായക്കടയില്‍ ...” 
     തീര്‍ച്ചയായും അടിവസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കാകുമ്പോള്‍ അതിനു സ്വകാര്യത എങ്ങും ലഭിക്കുന്നില്ല. അത് പകല്‍ മാത്രമല്ല രാത്രിയും ഗുപ്തമാക്കി വയ്ക്കേണ്ട ഒരു അവസ്ഥയാണ് ചില മനുഷ്യര്‍ മൂലം സംഭവിക്കുനത്. ഉറക്കെ പറയാന്‍ കഴിയാത്ത കാര്യങ്ങളെ ഒരിക്കലും ഒളിച്ചു വയ്ക്കാതിരിക്കാന്‍ കവി വളരെ ശ്രദ്ധിക്കുന്നുണ്ട്. പറയേണ്ടത് പറഞ്ഞു തന്നെ തീരണം. പകരം ശോക കവിതകളും പ്രണയകവിതകളും എഴുതി അനുവാചകരെ പാട്ടിലാക്കി 'കഷ്ടം' പറയുക അല്ല കവിതയുടെ ലക്‌ഷ്യം എന്ന് കവി ഓര്‍മ്മപ്പെടുത്തുന്നു . പ്രാദേശികവും ദേശീയതയും കടന്നു കവി സഞ്ചരിക്കുന്നത് ഒരിക്കലും ഒരു സാമൂഹിക ജീവി പൊതുവായ ഒരു ഇടത്തില്‍ ഒറ്റപ്പെട്ടു കിടക്കരുതെന്നൊരു പാഠം നല്‍കുന്നുണ്ട് .
“മകനെ....
വിദൂരദേശങ്ങളിലായിരുന്ന
നിന്റെയും എന്റെയും ഭാഷയില്‍
സമാനതകളുള്ള
ചില അക്ഷരങ്ങള്‍ ഉണ്ടല്ലോ , ഐലന്‍ ....” 
എന്ന് കവി പറയുമ്പോള്‍ വായനക്കാരന്‍ അതിനാല്‍ തന്നെ ആ ഒരു ലോകമേ തറവാട് എന്ന ചിന്തയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് അറിയാതെ തന്നെ . സഹജീവികളുടെ ദുഃഖം അത് കാലമോ ദേശമോ അതിരാകുന്നില്ല എന്ന് കവിയുടെ നീതി വളരെ വ്യക്തമാകുന്ന നിമിഷങ്ങള്‍ ആണത്. താന്‍ ജീവിക്കുന്ന അതിരുകളെ കവി വളരെ വ്യക്തമായി അടയാളപ്പെടുത്തുനത് എങ്ങനെ എന്ന് കാണുക
“മെലിഞ്ഞൊട്ടിയ മനുഷ്യരെയും
തൊലിപോളിച്ച പോത്തിനെയും
വിദേശത്തേക്ക്
കയറ്റിയയക്കുന്ന
ഒരു ദേശീയ കമ്പനിയുടെ
പുതിയ ഏജന്‍സിഎടുക്കുവാന്‍
താല്പര്യമുള്ളവര്‍
അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ്
അപേക്ഷിക്കേണ്ടതാണ് .
മുന്‍പരിചയമുള്ള
കൊലയാളികള്‍ക്ക്
മുന്ഗണന” 
എന്ന കവിതയിലൂടെ സമകാലീനരാഷ്ട്രീയ പരിസരങ്ങളെ കവി വ്യക്തമായി പറയുന്നു. മറുത്തൊന്നു പറയാന്‍ കഴിയാതെ നിശബ്ദമായി പോകുന്ന ഇത്തരം പരിസരങ്ങളെ പരിചയപ്പെടുത്തുന്ന കവിയിലെ മനുഷ്യന്‍ എത്രയോ അധികം വേദനിച്ചിരിക്കാം എന്ന്  വരികളിലെ ഉറഞ്ഞു കിടക്കുന്ന മൗനം വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നു . സരളമായി ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ഗുരുവിനെ കവിയില്‍ കാണാന്‍ കഴിയും . വലിഞ്ഞു മുറുകി നില്‍ക്കുന്ന മനസിനെ അയച്ചു വിടാനും ഒരു ചെറു ചിരിയോടെ കാര്യങ്ങള്‍ മനസ്സിലാക്കാനും സഹായിക്കുന്ന വഴികാട്ടിയാകുന്നു കവി ചിലപ്പോള്‍ .
“കോലുമിഠായി
കടിച്ചു പൊട്ടിച്ചു തിന്ന
അവനോടു അവള്‍ പറഞ്ഞു...
അങ്ങനെയല്ല
പയ്യെ ,
നുണഞ്ഞു
നുണഞ്ഞു ...” 
അതെ , ശരിയാണ് അത് മനസ്സിലാക്കാതെ പോകുന്നവര്‍ ആണ് ഭൂരിഭാഗവും . അവളെ മനസിലാക്കാന്‍ അവനു കഴിയാത്തിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത് എന്നത് എത്ര  ലളിതമായി പറയുന്നു . ഒടുവില്‍ കവി മനസ്സിലാക്കുനത് അതോ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോ എന്താണ് എന്നത് മനസ്സിലാക്കുമ്പോള്‍ വായനക്കാരും ചിന്തിക്കുക ഇത് ശരിയാണല്ലോ എന്നുതന്നെയാണ് . സമകാലീന ലോകത്തിന്റെ ഫാസിസചിന്തയില്‍ എഴുത്തോ കഴുത്തോ എന്ന ഭയ ചിന്തയില്‍ നിന്നുകൊണ്ട് എഴുതാന്‍ വിധിക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന് കവി പറയുന്നു
“ദേശീയത
എന്ന് എഴുതിയിട്ടുള്ളത്
വംശീയത
എന്ന് തിരുത്തി വായിക്കേണ്ടതാണ് .” 
മറു വാക്കുകള്‍ ഉണ്ടാകുക അസാധ്യമാകുന്ന ഇത്തരം തിരിച്ചറിവുകളെ നോക്കി പകച്ചു നില്‍ക്കുന്ന വായനക്കാര്‍ ഒരു പക്ഷെ ചിന്തിച്ചു തുടങ്ങിയേക്കാം. ഇതിനെ എങ്ങനെ ദേശീയത എന്ന ചട്ടക്കൂട്ടില്‍ തിരികെ എത്തിക്കാന്‍ കഴിയും എന്ന് .
            കവിതകള്‍ വായിക്കേണ്ടത് മനസ്സുകൊണ്ടാണ് . ചിന്തയില്‍ അതുകൊണ്ട് എന്തെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം . അപ്പോള്‍ മാത്രമേ കവിത എന്തെന്നും എന്തിനെന്നും ഉള്ള ലക്‌ഷ്യം അത് കൈവരിക്കുകയുള്ളൂ. . ഇവിടെ കെ ആര്‍ രഘു എന്നൊരു കവി ജീവിച്ചിരുന്നു എന്നത് കാലം എന്നും ഓര്‍മ്മിപ്പിക്കുക ഈ കവിതകളില്‍ കൂടിയാകും .  ഒച്ചപ്പാടുകള്‍ ഇല്ലാതെ കവിതകള്‍ കൊണ്ട് നിശബ്ദം കുത്തി നോവിച്ചും തല്ലിയും തലോടിയും ഇത്തരം സാമൂഹിക ബോധം ഉള്ള കവികള്‍ ഉണ്ടായിരിക്കേണ്ടത് കാലത്തിന്റെ ആവശ്യകത കൂടിയാണ് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
           









Wednesday, January 23, 2019

ജനിതകം................... എം സുകുമാരൻ


ജനിതകം (നോവൽ)
എം സുകുമാരൻ
എച്ച് & സി ബുക്സ്
വില: 50 രൂപ


ചിലപ്പോഴൊക്കെ വായന, പ്രതീക്ഷകളെ അപ്പാടെ മാറ്റിമറിച്ചു കൊണ്ട് നിരാശ നല്കും. കാതലായ വായനകൾ ചിലരുടെ എഴുത്തുകളിൽ നിന്നും വായനക്കാർ പ്രതീഷിക്കുന്നത് തീർച്ചയായും അവരുടെ മറ്റു സംഭാവനകളെ വിലയിരുത്തിക്കൊണ്ടാകും. എം സുകുമാരൻ എഴുതിയ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച “ജനിതകം” എന്ന ചെറു നോവൽ വായനക്കെടുക്കുമ്പോൾ ഒരു പാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. എഴുത്തിന്റെ വേറിട്ട രീതികൾ കൊണ്ട് പുതുമയുള്ള എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷ. സ്ഥിരം എഴുത്തുകാരുടെ പ്രധാന രചനകൾ എല്ലാം പങ്കുവയ്ക്കുന്ന ആശയപരമായ പ്രണയത്തിന്റെ അച്ചുകൂടത്തിൽ തന്നെയാണ് എന്നാൽ ഈ നോവലും നിലകൊള്ളുന്നത്. 
        കമ്യൂണിസ്റ്റ്‌ ആദർശത്തെ വള്ളി പുള്ളി തെറ്റിക്കാതെ ജീവിക്കുന്ന ഭാസ്കരൻ നായരും ഭർത്താവിനൊപ്പം ജീവിച്ചു തുടങ്ങിയതോടെ കമ്യൂണിസ്റ്റു പ്രവർത്തകയായി മാറിയ ഒളിച്ചു മാത്രം ദൈവഭക്തി കാട്ടുന്ന ഭവാനിയമ്മയും തികഞ്ഞ ഭക്തയും എന്നാൽ അച്ഛന്റെ രാഷ്ട്രീയാദർശങ്ങളെ ഇഷ്ടപ്പെടുകയും കാമുകന്റെ രാഷ്ട്രീയ ചിന്തകളെ വിമർശിക്കുകയും ചെയ്യുന്ന സുചിത്രയും കാലഹരണപ്പെട്ട നക്സൽചിന്തകളെ ഇപ്പഴും രക്തത്തിൽ അലിയിച്ചു ചേർത്ത് അവയെ കവിതകളിലൂടെ പ്രവഹിപ്പിക്കുന്ന കവിയായ ഗോകുലനെന്ന ഗോകുലകുമാരൻ നായരും ചേർന്നു ഈ നോവലിനെ മുന്നോട്ട് നടത്തുന്നു. 
         ആദർശവിവാഹത്തിലൂടെ കുടുംബ ജീവിതത്തിലേക്കു കടന്നുവന്ന ഭാസ്കരൻനായർ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും ചില ഇടപാടുകളിൽ ചിലപ്പോഴൊക്കെ ഖിന്ന ചിത്തനാകുന്നുണ്ട്. എങ്കിലും കുടുംബവും ആദര്‍ശവും തമ്മില്‍ ചേരായ്മ വരാതെയിരിക്കാന്‍ വേണ്ടിയുള്ള ജാഗ്രത ഇപ്പോഴും അദ്ദേഹം കാണിക്കുന്നു.  ഭർത്താവിന്റെ കൂടെ കൂടിയതോടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുകയും പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന അമ്മയും, മുഴുവൻ സമയ പ്രവർത്തകനായ അച്ഛനും സുചിത്ര എന്ന മകൾക്ക് വേണ്ടത്ര വാത്സല്യം പകർന്നു നല്കാൻ കഴിയാതെ പോയപ്പോൾ വീട്ടുവേലക്കാരിയും മുത്തച്ഛനും ആണ് സുചിത്രയെന്ന കുട്ടിയെ മോൾഡ് ചെയ്തെടുക്കുന്നത്. അവളുടെ ജീവിതത്തിലേക്ക് നിയമ കോളേജിൽ വച്ചാണ് ഗോകുലൻ എന്ന വിപ്ലവകവി ചേക്കേറുന്നത്. ഒരു നക്സൽ ആയിരുന്ന പിതാവും, കുഞ്ഞായിരിക്കുമ്പോൾ തന്നെ ആത്മഹത്യ ചെയ്ത അമ്മയും കൂടി അനാഥനാക്കിയ ഗോകുൽ ഒരു റിബലായി വളർന്നു വന്നതാണ് എന്ന് കാണാം. തന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ മാത്രം , മിടുക്കനായിട്ടും എല്ലായിടങ്ങളിലും തിരഞ്ഞെടുക്കപ്പെടുമ്പോഴും അധികനാൾ ഒരിടത്തും തങ്ങാൻ കഴിയാതെ ഇറങ്ങിപ്പോകുന്ന ഒരു മനുഷ്യൻ. സ്വതന്ത്രമായി എഴുതിയും അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനവും , ആവശ്യപ്പെടുമ്പോഴൊക്കെ സുചിത്ര നല്കുന്ന സാമ്പത്തിക വായ്പകളും കൊണ്ട് അയാൾ ജീവിതം മുന്നോട്ടു നയിക്കുന്നു.
      ഒരിക്കൽപ്പോലും അയാൾക്ക് അവളോട് പ്രണയമോ ,വിവാഹചിന്തയോ ഉദിക്കുന്നില്ലെങ്കിലും അവൾ അത് സ്വപ്നം കാണുന്നു. അയാളുടെ കവിതകളെയെല്ലാം തന്നെ  അതിനിശിതമായി വിമർശിക്കുന്ന ഒരാൾ എങ്കിലും അവളെ അയാൾക്ക് ഇഷ്ടമാണ് പക്ഷേ. ഒടുവിൽ, വീട്ടുകാരുടെ മുന്നിൽ അയാളെത്തന്നെ വിവാഹം കഴിക്കണം എന്ന വാശിയെടുത്ത് സമ്മതം വാങ്ങി അയാളുടെ അടുത്ത് ചെന്ന് അവൾ പറയുന്ന വാക്കുകൾക്ക് മുന്നിൽ പൊട്ടിച്ചിരിച്ചു കൊണ്ട് നീയെന്റെ സൗഹൃദങ്ങളിൽ ഒരാൾ മാത്രമാണെന്ന് പറഞ്ഞു കൊണ്ട് അയാൾ ആ നഗരം വിടുന്ന വാർത്ത അറിയിക്കുന്നു. മനസ്സു തകർന്ന സുചിത്ര വീട്ടിലെത്തി അയാൾ പോയ വിവരം പറയുമ്പോൾ അച്ഛനുമമ്മയും സന്തോഷിക്കുന്നു. അവൾ തന്റെ കൃഷ്ണ വിഗ്രഹത്തിനു  മുന്നിൽ കണ്ണുകൾ പൂട്ടി ധ്യാനത്തിലിരിക്കുമ്പോൾ ആരോ പൊട്ടിച്ചിരിക്കുന്ന ഒച്ച അവളെ ഞെട്ടിക്കുന്നു. പിന്നൊരിക്കലും കണ്ണുപൂട്ടി പ്രാർത്ഥിക്കാൻ അവൾക്കാകുന്നില്ല. 
       ഈ നോവലിൽ പറഞ്ഞു പതം വന്ന കമ്യൂണിസ്റ്റ് ചിന്തകളും അവയുടെ വാഴ്ത്തലുകളും അവയിലെ അപചയങ്ങൾ തൊട്ടു നോക്കാതെ , കമ്യൂണിസം ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ വസ്തുതകളെ തൊട്ടു പോകുകയും ചെയ്യുന്ന കാഴ്ചകൾ ആണ് വായനയിൽ തടയുന്നത്. ഒരു കഥാപാത്രത്തെക്കൊണ്ട് മറ്റു കഥാപാത്രത്തെ അവതരിപ്പിക്കാനും മനസ്സിലാക്കിക്കാനുമുള്ള രീതിയാണ് ആഖ്യായനശൈലി. ഇതിൽക്കൂടി കഥ പറയാനുള്ള കഥാപാത്രങ്ങളുടെ വ്യഗ്രത പ്രകടമാക്കുന്ന സന്ദർഭങ്ങൾ പലപ്പോഴും കൃത്രിമമായി അനുഭവപ്പെട്ടു. ഭാഷയുടെ ലാളിത്യം സാധാരണ താത്വിക ചിന്താപരമായ ഭാഷാപ്രയോഗങ്ങൾ ഇല്ലാതെ വായിക്കാൻ സാധിപ്പിച്ചു എന്നത് മറച്ചുവയ്ക്കാൻ കഴിയില്ല. പുതുമയൊന്നും ഇല്ലാതെ ഒരു ചെറുകഥയായി വായിക്കാവുന്ന ഒരു കഥയെ പറഞ്ഞു പരത്തി നോവലാക്കി എന്നതാണ് ഈ വായന തന്ന കാഴ്ച.
ആശംസകളോടെ ബി.ജി.എൻ വർക്കല


Tuesday, January 22, 2019

വിശുദ്ധനരകം ....................... ഗയില്‍ ട്രെഡ് വെല്‍


വിശുദ്ധനരകം (ഓര്‍മ്മക്കുറിപ്പ്‌)
ഗയില്‍ ട്രെഡ് വെല്‍
മൈത്രി ബുക്സ്
വില: 300  രൂപ


ആത്മീയതയുടെ മൊത്തവ്യാപാരികള്‍ ആണ് ഇന്ത്യക്കാര്‍. ജീവിതത്തെ ഇത്രകണ്ട് ഭയപ്പെടുന്നവരും അവര്‍  തന്നെ. ഒരു പക്ഷെ ഏറ്റവും അധികം കപടതകളും ദുഷ്ടതകളും മറയ്ക്കുവാനും അവയില്‍ നിന്നുള്ള പാപഭാരങ്ങള്‍ ഒഴിവാക്കി എന്നാശ്വസിക്കാനും ഉള്ള ഒരു മാർഗ്ഗമായാകണം ഏറ്റവും അധികം ദൈവങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് അനുദിനം വികാസം പ്രാപിക്കുകയും പരസ്പരം കൊടുക്കല്‍ വാങ്ങലുകളിലൂടെ അവയെ പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്തിക്കൊണ്ട് ഉദരപൂരണം നടത്തുന്ന ചിലരുടെ കേന്ദ്രങ്ങള്‍ ആയി ഇന്ത്യ മാറിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ കേരളത്തിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ അടുത്ത സീറ്റില്‍ ഇരുന്ന വിദേശിയായ ഒരു ചെറുപ്പക്കാരനുമായി സംസാരിക്കുകയുണ്ടായി. അയാള്‍ വരുന്നത് റഷ്യയില്‍ നിന്നാണ് എന്നായിരുന്നു പരിചയപ്പെട്ടപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കവേ റഷ്യയോട് ഉണ്ടായിരുന്ന ധാരണ പാടെ മാറ്റിമറിക്കുന്നത് ആയിരുന്നു. ജീവിതത്തില്‍ നിരാശകള്‍ മാത്രം ലഭിച്ച ആ ചെറുപ്പക്കാരന്‍ ആത്മശാന്തിക്കു ഒരു ഗുരുവിനെ തിരഞ്ഞു ഇറങ്ങിയതാണ് എന്നാണു പറഞ്ഞത്. കമ്യൂണിസ്റ്റ് രാജ്യമായി അന്നൊക്കെ മനസ്സിലാക്കി വച്ചിരുന്ന റഷ്യയില്‍ മതം ഇല്ല എന്നും കരുതിയിരുന്നു. അവയെ നിരാകരിച്ചുകൊണ്ട്‌ കമ്യൂണിസം നല്‍കിയ  അതൃപ്തിയിൽ നിന്നും ആത്മീയതയിലേക്കുള്ള സഞ്ചാരത്തില്‍ ആണ് അയാള്‍ എന്നും ഉത്തരേന്ത്യ മുഴുവന്‍ തിരഞ്ഞെങ്കിലും മനസ്സിന് പിടിച്ചവര്‍ ആരെയും കിട്ടിയില്ല എന്നും ഇപ്പോള്‍ കേരളത്തിലേക്ക് പോകുകയാണ്  കൊല്ലത്ത് ഒരു സ്ത്രീയുണ്ട് ആത്മീയതയുടെ പരിവേഷമുള്ള ഒരാള്‍. ആ ആളിനെ കാണണം. ഒരുപക്ഷെ ഞാന്‍ തിരയുന്ന ഗുരു അവരാകാം എന്ന് പറഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ എന്റെ വശത്ത്‌ ഇരുന്നു അയാള്‍ പുറം കാഴ്ചകള്‍ കാണുകയും ഇടക്ക് എന്തോ ഒരു പുസ്തകം വായിക്കുകയും ചെയ്യുന്നത് ഓര്‍മ്മയില്‍ വന്നു ഗെയില്‍ ട്രെഡ് വെൽ എഴുതിയ "ഹോളി ഹെല്‍ " എന്ന പുസ്തകത്തിന്റെ വായനയില്‍.

പത്തൊന്‍പതു വയസ്സുള്ള ഒരു ആസ്ത്രേലിയന്‍ പെണ്‍കുട്ടി കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചിരുന്ന , കൗമാരത്തിന്റെ എല്ലാ കുസൃതികളും ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി. ശിഥിലമായ കുടുംബത്തില്‍ നിന്നും രക്ഷപ്പെടും പോലെ ഇന്ത്യയില്‍ എത്തുകയും ഇവിടെ ആത്മീയതയിലേക്കുള്ള അന്വേഷണം , ഒരു ഗുരുവിനെ കണ്ടെത്താന്‍ ഉള്ള പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യയില്‍ ഉള്ള അന്വേഷണങ്ങള്‍ പതിവുപോലെ അവസാനിക്കുന്നത് ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടിലെ രമണാശ്രമത്തില്‍ വച്ച് കണ്ടുമുട്ടുന്ന ചന്ദ്രു എന്ന മനുഷ്യനിലൂടെയാണ്. അയാളിലൂടെ കേട്ട, കൊല്ലത്ത് വള്ളിക്കാവ് എന്ന പ്രദേശത്തുള്ള യുവതിയായ ഒരു സ്ത്രീയുടെ ദൈവീക പരിവേഷങ്ങളുടെ വര്‍ണ്ണനകള്‍ ഇതാകും തന്റെ ഗുരു എന്ന നിഗമനത്തില്‍ അവളെ എത്തിക്കുന്നു. അങ്ങനെയാണ് അവള്‍ വള്ളിക്കാവ് എന്ന പ്രദേശത്ത് എത്തുന്നത് . കയര്‍ത്തൊഴിലാളികൾ നിറയെ ഉള്ള ആ ചതുപ്പ് പ്രദേശത്തു, ഒരു കൊച്ചുവീട്ടില്‍ അവള്‍ അവളുടെ അമ്മയെ കണ്ടെത്തുന്നു. സുധാമണി എന്ന് പേരുള്ള ആ അമ്മയുടെ ശിക്ഷ്യ ആയിരിക്കാന്‍ ഉള്ള അവളുടെ ആഗ്രഹം അവര്‍ സ്വീകരിക്കുന്നതോടെ അവള്‍ ആ വീട്ടിന്റെയും സുധാമണിയുടെയും കൂട്ടത്തില്‍ ഒരാള്‍ ആയി മാറുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഉണ്ടാകുന്ന കൃഷ്ണ ഭാവവും ദേവീഭാവവും കണ്ടു അവള്‍ ആശ്ചര്യപ്പെടുന്നു. കൃഷ്ണ ഭാവത്തില്‍ ആകുമ്പോള്‍ സുധാമണി എല്ലാവരുടെയും കണ്ണിലുണ്ണി ആകുകയും ആടിയും പാടിയും അവര്‍ക്കൊപ്പം ഉല്ലസിക്കുകയും ദേവീ ഭാവം പകര്‍ന്നു കഴിയുമ്പോള്‍ സ്ത്രീകള്‍ എല്ലാവരെയും വളപ്പിനു പുറത്തു നിര്‍ത്തി പുരുഷന്മാരെ മാത്രം അകത്തു നിര്‍ത്തി ഓരോരുത്തരെയും ഉടവാള്‍ ചുമലില്‍ തൊട്ടു അനുഗ്രഹവും നല്‍കുന്നത് ഗായത്രി ആയി മാറിയ ഗെയിലില്‍ അത്ഭുതം വളര്‍ത്തുന്നു. ക്രമേണ ഗായത്രിയും ബാലുവും മറ്റു വിദേശികള്‍ ആയ ചില അനുയായികളും ചേര്‍ന്ന് ആശ്രമം നിര്‍മ്മിക്കുന്നതും രാത്രി വളരും വരെ അമ്മയെ ഉറങ്ങാന്‍ സമ്മതിക്കാതെ സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാരെ ഒടുവില്‍ ദേഷ്യപ്പെട്ടു പറഞ്ഞയച്ച് അമ്മയുടെ കാര്യസ്ഥ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്ന ഗായത്രി വളരെ പെട്ടെന്നാണ് ആത്മീയതയുടെ കപടതകള്‍ മനാസ്സിലാക്കിത്തുടങ്ങുന്നത്.
മക്കള്‍ എന്നാണു എല്ലാ അനുചരരേയും വിളിക്കുന്നതെങ്കിലും അമ്മയ്ക്ക് ആണ്‍മക്കളോട് മാത്രമാണ് സ്നേഹം ഉണ്ടായിരുന്നത് എന്ന് ഗായത്രി മനസ്സിലാക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചു പ്രാര്‍ത്ഥന നടത്തുന്നതോ ഇടപഴകുന്നതോ ശരിയാകില്ല എന്ന അമ്മയുടെ നിയമം ഗായത്രി ഒട്ടൊരു കൗതുകത്തോടെ ആണ് കണ്ടത്. മറ്റു വിദേശികള്‍ ആയ അനുയായികള്‍ക്ക് അത് അസ്വസ്ഥത പടർത്തുകയും ചെയ്തു. ക്രമേണ ഗായത്രിക്ക് മനസ്സിലാകുന്നു പ്രധാന അനുയായി ആയ ബാലുവും ,മറ്റൊരു അനുയായിയായ റാവുവും തമ്മില്‍ സുധാമണിക്ക് ലൈംഗിക ബന്ധം ഉണ്ട് എന്നും അത്തരം ചില സന്ദര്‍ഭങ്ങള്‍ക്ക്‌ അവള്‍ സാക്ഷിയാകുകയും ചെയ്യുന്നു. ആദ്യമൊക്കെ അവള്‍ അത് അവിശ്വസിക്കാന്‍ ആണ് ശ്രമിച്ചത് എങ്കിലും അതൊരു യാഥാര്‍ത്ഥ്യമായി കണ്‍ മുന്നില്‍ കാണുക കൂടി ആയപ്പോള്‍ അവള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായി എന്നതാണ് വാസ്തവം. ഒരിക്കലും ആര്‍ത്തവം ഉണ്ടാകാത്ത ഒരാള്‍ എന്ന് പുറം ലോകത്തെ വിശ്വസിപ്പിക്കുന്ന സുധാമണിക്ക് എല്ലാ സ്ത്രീകളെയും പോലെ മാസത്തില്‍ ആ ഒരു സംഭവം ഉണ്ട് എന്ന് അവള്‍ കണ്ടെത്തുന്നു . മാത്രമല്ല വിദേശത്തു വച്ച് മറ്റൊരു ശിക്ഷ്യയും ഇത് തിരിച്ചറിയുന്നു ആശുപത്രിയില്‍ വച്ച്. പക്ഷെ ഇവിടെ ഗായത്രിയിലൂടെ വരികളിലൂടെ മനസ്സിലാകുന്ന ഒരു വസ്തുത തന്റെ ആര്‍ത്തവം എപ്പോഴാണ് എന്ന് സുധാമണിക്ക് അറിയില്ല എന്നാണു . കാരണം ഒരിക്കല്‍ ഒരു സ്ത്രീ ഗായത്രിയോടു അമ്മ ഇരുന്ന സ്ഥലത്ത് രക്തം കണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ ഗായത്രിക്ക് അത് അമ്മയ്ക്ക് അര്‍ശസ് ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞു രക്ഷപ്പെടേണ്ടി വരുന്നതും ചിലപ്പോള്‍ ഒക്കെ അമ്മ, ഗായത്രിയോടു പിറകില്‍ ശ്രദ്ധിക്കണം രക്തക്കറ കണ്ടാല്‍ അത് കവര്‍ ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ ആത്മീയതയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്ക് തന്റെ സ്വന്തം ശരീരത്തോട് ഒരു ശ്രദ്ധയും ഇല്ല എന്നാണു മനസ്സിലാക്കേണ്ടത്.
ശിക്ഷ്യമാരോട് വളരെ ക്രൂരമായി പെരുമാറുന്ന സുധാമണി പലപ്പോഴും ഗായത്രിയെയും മറ്റും ക്രൂരമായി മര്‍ദ്ദിക്കുകയും , മുറിവേല്‍പ്പിക്കുകയും മുറിയില്‍ നിന്നും പുറത്താക്കി ദിവസങ്ങളോളം ബുദ്ധിമുട്ടിക്കുകയും പതിവായിരുന്നു. ആശ്രമത്തിന്റെ ആദ്യ കാലങ്ങളില്‍ ആര്‍ത്തവ നാളുകളില്‍ ഗായത്രിക്ക് വീടിനു പുറത്ത് ആദിവാസികള്‍ക്ക് പതിവുള്ള വാലായ്മപ്പുര പോലുള്ള കൂരയില്‍ കഴിയേണ്ടി വരികയും അടുത്തുള്ള വീടുകളില്‍ മാറി മാറി കഴിയേണ്ടി വരികയും ചെയ്തിരുന്നത് ഗെയില്‍ വിവരിക്കുന്നുണ്ട്. അരുമ ശിക്ഷ്യന്മാരുടെ വിക്രിയകള്‍ പല സ്ത്രീകളുടെയും കത്തുകളില്‍ കൂടിയും മറ്റും ഗായത്രി മനസ്സിലാക്കുന്നുണ്ടായിരുന്നു എങ്കിലും പ്രധാനിയായ താന്‍ സഹോദരനായി കരുതിയിരുന്ന ബാലുവിന്റെ ലൈംഗിക ആക്രമണം ഗായത്രിയെ മാനസികമായി ഒരുപാട് വേദനിപ്പിച്ചതായി അവര്‍ രേഖപ്പെടുത്തുന്നു.
നിത്യ ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയുടെ ഭീമമായ ഒരു കലവറയിലേക്ക് ആശ്രമത്തിലൂടെ സുധാമണിയും കുടുംബവും വികസിക്കുമ്പോള്‍ , എല്ലാത്തിന്റെ കണക്കുകള്‍ സൂക്ഷിച്ചിരുന്ന സുധാമണിയുടെ നിഴല്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ഗായത്രിക്ക് ഒരിക്കലും ഒരു പ്രധാന ശിക്ഷ്യ എന്ന നിലയിലോ ഒരു സ്ത്രീ എന്ന നിലയ്ക്കോ  അവള്‍ ആത്മാര്‍ഥമായി വിശ്വസിക്കുകയും  ചവിട്ടും അടിയും കൊണ്ടും ഒരു നായയെ പോലെ കാല്ക്കീഴില്‍ കിടന്നിട്ടും അമ്മയിൽ നിന്നും ലഭിച്ചിരുന്നില്ല. ഒടുവില്‍ ഇരുപത് കൊല്ലത്തിന് ശേഷം, താൻ തേടി നടന്ന ഗുരുവിനെയോ, ദൈവത്തെയോ തനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു എന്ന ചിന്തയോടെ ആശ്രമത്തില്‍ നിന്നും അവള്‍ രക്ഷപ്പെടുന്നതാണ് ഈ പുസ്തകത്തില്‍ പങ്കു വയ്ക്കുന്നത്. അതിന്റെ അവസാനം ഗെയില്‍ ഇങ്ങനെ പറയുന്നു . ഞാന്‍ എല്ലാം വിശദമായി എഴുതുകയാണെങ്കില്‍ ഇതിന്റെ ഇരട്ടി പേജുകള്‍ വരും അവ. പക്ഷെ അവ പല മുഖം മൂടികളും അഴിയാന്‍ കാരണവും ആകും. ഇത് തന്റെ നേരിട്ടുള്ള അനുഭവങ്ങളും തനിക്കുണ്ടായ വേദനകളും മാത്രം പങ്കു വയ്ക്കുകയാണ്. ചിലരെയെങ്കിലും പേര് പറയാതെ ഇതില്‍ പരാമര്‍ശിക്കേണ്ടി വരികയും ചെയ്തു എന്ന് ഗെയില്‍ രേഖപ്പെടുത്തുന്നു .
ആത്മീയതയുടെ മറവില്‍ ഇന്ത്യയിലും വിദേശത്തും സുധാമണിയും സംഘവും നടത്തുന്ന പണപ്പിരിവുകള്‍ എന്തിനു വേണ്ടി ആണെന്ന് ഗായത്രിക്ക് പോലും മനസ്സിലാകുന്നില്ല. നാട്ടില്‍ ദേവീ ഭാവം വാളും ചിലമ്പും വീശി വിശ്വാസികളെ ആനന്ദകരം ആക്കുന്നതാണ് എങ്കില്‍ വിദേശത്തു അമ്മയുടെ ദേവീ വിലാസം ലൈറ്റ് മ്യൂസിക്കും പുഞ്ചിരിയോടുള്ള ആലിംഗനവും ആണെന്നത് തന്നെയാണ് ഈ കച്ചവടത്തിന്റെ  തന്ത്രം എത്ര ആസൂത്രിതം എന്നതിന്റെ പ്രഥമതെളിവ്. നിയമം മൂലം ഇത്തരം ആധ്യാത്മിക കാപട്യങ്ങളെ വെളിച്ചത്തു കൊണ്ട് വരികയും ധനവിനിമയങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു നികുതി ഏര്‍പ്പെടുത്തുകയും ചെയ്യാന്‍ കഴിവുള്ള ഒരു ഭരണകൂടം ഇല്ലാതെ പോയതാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ ഏറ്റവും വലിയ ബലഹീനത എന്ന ചിന്ത മനസ്സില്‍ നിറച്ചുകൊണ്ട് ഈ വായന കടന്നു പോകുന്നു .
കൂടുതല്‍ വായനകള്‍ ഉണ്ടാകേണ്ടത് ഈ അനീതികള്‍ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ കഴിയും എന്ന് കരുതുന്നു . ആമസോണില്‍ ഇതിന്റെ ഇംഗ്ലീഷ് പത്തു ഡോളറിനു ലഭിക്കും.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.
(Translation of Holy Hell my Gale Tredwell, published by wattle tree press. available in Amazon @ 10 $)


Sunday, January 20, 2019

നീലത്തീവണ്ടി..................ഷാഹിന ഇ കെ

നീലത്തീവണ്ടി (നോവെല്ലകള്‍)
ഷാഹിന ഇ കെ
മാതൃഭൂമി ബുക്സ്
വില :135 രൂപ

           പെണ്ണിന്റെ ജീവിതം എന്നാല്‍ അറവുമാടിന്റെ ജീവിതമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുകൊണ്ടാണ് ഷാഹിനയുടെ കഥകള്‍ വായിക്കപ്പെടേണ്ടത് എന്ന് കരുതുന്നു. ജീവിതത്തിന്റെ പരമപ്രധാനമായ ഘട്ടങ്ങളില്‍ ഒക്കെയും തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന അവസരങ്ങളില്‍ അവളിലെ നിസ്സഹായവസ്ഥയ്ക്ക് കാരണമാകുന്നത് സമൂഹം അവള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന പലവിധമായ അരുതുകളും പ്രതിരോധങ്ങളും കൊണ്ടാണ്. അതിനാല്‍ തന്നെ ചിലപ്പോള്‍ അവള്‍ എല്ലാ മുന്‍വിധികളും തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു വന്യതയുടെ മാനുഷ രൂപം പൂണ്ടുപോകാറുണ്ട് . അതില്‍ അവളെ ഒരിക്കലും കുറ്റം പറയാന്‍ കഴിയുകയുമില്ല.

             ഷാഹിന ഈ കെ എന്ന അധ്യാപികയ്ക്ക് ചിലത് പറയാനുണ്ട് ഈ സമൂഹത്തോട് . എന്റെ മനസ്സിന്റെ ചിന്തകളെ ഞാന്‍ പങ്കു വയ്ക്കുന്നത് സമൂഹത്തിനു ഒരു ചർച്ചക്കോ, ചിന്തയ്ക്കോ വഴിമരുന്നിടുമെങ്കില്‍ അതുകൊണ്ട് തന്റെ എഴുത്ത്  ധന്യമാകുന്നു എന്ന് കരുതുന്ന ഷാഹിനയുടെ  കഥകള്‍ എല്ലാം തന്നെ സ്ത്രീയുടെ ആത്മസംഘര്‍ഷങ്ങളുടെയും അതിജീവനങ്ങളുടെയും അശാന്തിയുടെയും  നേര്‍ ചിന്തകളാണ്. "നീലത്തീവണ്ടി" എന്ന പുസ്തകത്തില്‍ മൂന്നു നോവെല്ലകള്‍ പങ്കുവയ്ക്കുന്നു ഒപ്പം എഴുത്തുകാരിയുടെ ഒരു അഭിമുഖവും അവതാരികയും . സരളമായ ഭാഷയും ഗ്രാമ്യമായ പ്രയോഗങ്ങളും പരിസരങ്ങളും കൊണ്ട് സമ്പന്നമായ മൂന്നു നോവെല്ലകള്‍, മൂന്നു സ്ത്രീകളുടെ ജീവിതം പറയുന്നു. സൈര എന്നൊരു യുവതിയുടെ ജീവിതത്തെ ആണ് ആദ്യം അവതരിപ്പിക്കുന്നത്‌. ഒരാളിന്റെ ജീവിതത്തില്‍ കൂടി, ഒരു സമൂഹത്തിന്റെ ജീവിതം അവതരിപ്പിക്കുക എന്നൊരു  അതിഭാരിച്ച ജോലിയാണ് എഴുത്തുകാരിക്ക് ചെയ്യേണ്ടി വരുന്നതെങ്കിലും അതിനെ വളരെ മനോഹരമായി ചെറിയ വരികളില്‍ കൂടി വലുതായി പറയുന്നതിനാല്‍ ആര്‍ക്കും തന്നെ അതിനെ ഖണ്ഡിച്ചുകൊണ്ടൊരു ചോദ്യം ചോദിക്കേണ്ട ആവശ്യം ഉയരുന്നില്ല. പറയാനുള്ളത് നന്നായി പറയുന്നു എന്നത് ഈ കഥാകാരിയുടെ പ്രത്യേകതയായി മനസ്സിലാക്കാന്‍ കഴിഞ്ഞു . ഒരു യാഥാസ്ഥികമുസ്ലീം കുടുംബ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് , ജീവിച്ചുകൊണ്ട് സൈര തന്റെ ജീവിതവും തനിക്കു ചുറ്റുമുള്ളവരുടെ ജീവിതവും അനുഭവിക്കുന്ന ചില കാര്യങ്ങള്‍ പറയുകയാണ്‌. ബഹുഭാര്യത്വം , രോഗിണിയാകുന്ന ഭാര്യ , വിവാഹമാര്‍ക്കറ്റില്‍ നിറം കൊണ്ട് പിന്തള്ളപ്പെടുന്ന പെണ്ണ്, മൈസൂര്‍ കല്യാണങ്ങളില്‍ കൂടി കടന്നു പോകുന്ന പെണ്‍ജീവിതങ്ങള്‍ , വായനയും വിദ്യാഭ്യാസവും നല്‍കുന്ന മാറിയ ചിന്തകള്‍ , വസ്ത്രധാരണത്തിലെ സ്വൈര്യക്കേടുകൾ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാന്‍ ധൈര്യം കാട്ടുന്ന തലമുറ. തുടങ്ങി സൈര എന്ന ഒറ്റ ആളില്‍ കൂടി ഒരു വലിയ ക്യാന്‍വാസില്‍ ചിത്രം വരച്ചു എന്ന സന്തോഷം ആദ്യ നോവെല്ലയായ സൈര നല്‍കുന്നു .

          -   തുടക്കം നന്നായാല്‍ എല്ലാം ശരിയായി എന്ന ചിന്ത മിക്കവാറും എല്ലാ വായനകളിലും  ശരിയാകുന്നത് കാണാറില്ല. എന്നാല്‍ തുടര്‍ന്ന് വന്ന കഥ മുത്തുലക്ഷ്മിയുടേതായിരുന്നു. ലയങ്ങള്‍ എന്ന് പറയാവുന്ന അല്ലെങ്കില്‍ കോളനി എന്ന് പറയാവുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സാധാരണ മനുഷ്യരുടെ കഥ പറഞ്ഞു എന്നതാണ് ഇതില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുറമ്പോക്ക് ജീവിതമായി എഴുതിത്തള്ളുന്ന മനുഷ്യര്‍ക്കും ഒരു ജീവിതം ഉണ്ട് എന്നും അവരിലും ആത്മാഭിമാനവും സ്വതന്ത്ര നിലപാടുകളും ഉള്ള വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നുമുള്ള കാഴ്ചപ്പാടിനെ എഴുത്തുകാരി തുറന്നു കാട്ടുന്നു. രോഗിയായ ഭര്‍ത്താവിനെ കൂടി നോക്കേണ്ടി വരുന്ന മുത്തുലക്ഷ്മിയിലൂടെ മദ്യപാനികളായ ഭര്‍ത്താക്കന്മാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊരു പാഠം കൂടി ഷാഹിന നല്‍കുന്നുണ്ട് . മാനസിക വളർച്ചയില്ലാത്ത കുട്ടികളോട് സമൂഹം കാണിക്കുന്ന ക്രൂരതകളും , പെണ്‍കുട്ടികളെ മാത്രം പതിയിരുന്നു ആക്രമിച്ചു കൊല്ലുന്ന മൃഗങ്ങളെ എങ്ങനെ വകവരുത്തണം എന്ന ഗ്രാമീണചിന്തയും, സ്വന്തം കാലില്‍ നില്ക്കാനും കുടുംബം നോക്കാനും സ്ത്രീകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും അവരെ എങ്ങനെ സംഘടിപ്പിക്കാം എന്നും മുത്തുലക്ഷ്മി പറഞ്ഞു തരുന്നു. വോട്ടുബാങ്കുകള്‍ മാത്രമാകുന്ന തങ്ങള്‍ക്ക് രാഷ്ട്രീയക്കാരില്‍ നിന്നും എങ്ങനെ അവസരങ്ങളെ ഉപയോഗപ്പെടുത്താം എന്നൊരു കാഴ്ചകൂടി ഇതില്‍ നല്‍കുന്നുണ്ട് .

          സാമൂഹ്യ ചിന്തയില്‍ നിന്നും , സാമൂഹ്യ പരിഷ്കരണങ്ങളില്‍ നിന്നും നേരെ ഷാഹിന കടന്നു വരുന്നത് കുടുംബത്തിനുള്ളിലേക്കാണ്. വെറുതെ വച്ച് വിളമ്പി കുടുംബം പോറ്റാന്‍ ജോലി നോക്കി തന്റെ മാത്രം സ്വകാര്യ മുതലായി കഴിയുന്ന ഭാര്യ എന്ന ജീവിക്കും വികാരങ്ങളും , ആഗ്രഹങ്ങളും , ചിന്തകളും ഉണ്ട് എന്നൊരു അറിവ് ശ്യാമള എന്ന ഉദ്യോഗസ്ഥയായ വീട്ടമ്മയിലൂടെ പകരുകയാണ് അടുത്ത നോവെല്ലയില്‍. ഇതിലൂടെ സ്ത്രീകളുടെ ജീവിതത്തില്‍ , ഒരു പക്ഷെ അവര്‍ തൊഴില്‍ ഉള്ളവരും കുടുംബം നോക്കുന്നവര്‍ ആണെങ്കില്‍ കൂടി ചവിട്ടടിയില്‍ കിടക്കുന്ന ഒരു മൃഗത്തിന്റെ ജീവിതമാണ് അവര്‍ക്ക് നല്‍കേണ്ടത് എന്ന പുരുഷ ചിന്തയുടെ മുഖത്തുള്ള ചവിട്ടല്‍ കൂടിയാകണം ഈ നോവെല്ലയില്‍ കാണാന്‍ കഴിയുന്നത്. ഏ ടി എം കാര്‍ഡു പോലും കൈയ്യില്‍ വച്ചുകൊണ്ട് അവളുടെ വരുമാനത്തില്‍ നിന്നും അവള്‍ക്ക് വേണ്ട മിനിമം ആവശ്യത്തിനു പോലും അയാളുടെ മുന്നില്‍ അയാളുടെ ആക്ഷേപങ്ങള്‍ക്ക് ചെവി കൊടുത്തു കൈ നീട്ടി നില്‍ക്കേണ്ടി വരുന്ന ഒരു ഭാര്യ. അവള്‍ക്കു ചിത്രം വരയ്ക്കാന്‍ അറിയുമെന്നും, അവള്‍ക്കും യാത്ര ചെയ്യാന്‍ അറിയുമെന്നും , അവള്‍ക്കും ഫാഷന്‍ വസ്ത്രങ്ങള ഉപയോഗിക്കാന്‍ ആഗ്രഹങ്ങള്‍ ഉണ്ടാകും എന്നും അയാള്‍ക്ക് മനസ്സിലാക്കുവാന്‍ അവള്‍ കുറച്ചു ദിവസം വീട് വിട്ടു നില്‍ക്കേണ്ടി വരുന്നു എന്നതാണ് കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന ചിന്തയ്ക്ക് അടിവരയിടുന്ന വാസ്തവികത. അതിനാല്‍ തന്നെയാണ് തിരികെ വരുന്ന അവളോട്‌ അയാള്‍ കരഞ്ഞു കാലു പിടിച്ചു പറയുന്നത് നീ ചിത്രം വര പഠിക്കാന്‍ പൊയ്ക്കോളൂ , ടീഷര്‍ട്ട് ബ്രാ ഉപയോഗിച്ചുകൊള്ളൂ എന്നൊക്കെ .

            സ്വന്തം നിലപാടുകളെ ശക്തമായി പ്രകടിപ്പിക്കാനും അതിനെ പറയാനും കഴിയുന്ന ഉറച്ചശബ്ദങ്ങള്‍ ആണ് ഷാഹിനയുടെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ. ഇതൊരു ശുഭസൂചകമായ സംഗതിയാണ് .ഇത്തരം എഴുത്തുകള്‍ ആണ് നാളെയുടെ കിരണങ്ങള്‍ ആയി കാലം കാത്തു വയ്ക്കുന്നത്. വായനയ്ക്ക് നല്ല സുഗന്ധം നല്‍കിയ ഈ കഥകളിലെ സ്ത്രീകള്‍ക്ക് സൗന്ദര്യമോ കുലമഹിമയോ സാമ്പത്തികമോ അല്ല അവരുടെ ഓര്‍മ്മ വായനക്ക് ശേഷവും വായനക്കാരനെ പിന്തുടരാന്‍ പ്രേരകമാകുന്നത്. അവരുടെ ശബ്ദവും നിലപാടും ആണ് . അത് എഴുത്തിന്റെ സൗന്ദര്യം കൂടിയാകുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Friday, January 18, 2019

ഹൃദയം പറയാതെ പോയത്.

ഹൃദയം പറയാതെ പോയത്.
..............................................
എല്ലാം നല്കി നീ മറഞ്ഞുവെന്നാകിലും
എല്ലാം മറന്നു നീ പോകുന്നതറിയാതെ
ഇന്നീ പകലിന്റെ പൊരിവെയിലിലൊറ്റക്ക്
നിന്നെ പ്രതീക്ഷിച്ചു ഞാൻ നില്പതെന്തിത്?

സ്വപ്നങ്ങളായിരുന്നെന്നു നീ പറയവേ
സ്വപ്നമല്ലാതൊന്നുമില്ലന്ന് കരുതാമോ?
അന്നാദിനം ,നമ്മളാദ്യമായ് കണ്ടപ്പോൾ
ചുണ്ടിണ ചുവന്നതും നീ ഭയന്നൊളിച്ചതും.

പിന്നെയും വന്നു നീയെൻ മുന്നിലില്ലയോ
ഉമ്മകൾ നല്കി ഞാനാപാദചൂഡവും.
കൊണ്ടു പോയാവഴികളെല്ലായിടവും നീ
ചൊന്നതില്ലൊന്നും എനിക്കുള്ളതല്ലെന്ന് .

എത്രയെളുപ്പം മറക്കാൻ കഴിയുന്നു നാം
എത്ര വേഗത്തിൽ അപരിചിതരാകുന്നു.
നല്കിയ വാഗ്ദാനം ഒക്കെയും മറന്നൊരു
കുറ്റബോധം പോലും ഇല്ലാതെയിന്നു നീ.

ഇല്ലെനിക്കൊന്നുമേയെന്നു പറഞ്ഞന്ന്
പോയതാണിരുവരും രണ്ടു വഴികളിൽ.
തിരികെ,നീ നല്കിയ വാക്കിൻ ബലത്തി -
ലേറി ഞാൻ വന്നതാണോർമ്മയില്ലെങ്കിലും.

വേണ്ടായിരുന്നെന്നെ തിരികെ വിളിച്ചതും
പ്രണയമാണെന്നന്നു വിങ്ങിപ്പറഞ്ഞതും.
ഓർത്തു ഞാൻ നീറുന്നിപ്പോഴെൻ ശൂന്യമാം
രാവുകളിൽ നിത്യവും നീയറിയില്ലെങ്കിലും.
........ ബിജു. ജി. നാഥ്. വർക്കല

Thursday, January 17, 2019

അവളുടെ മിഴികളില്‍ ആകാശം കാണുകയായിരുന്നു ഞാന്‍


അവളുടെ മിഴികളില്‍ ആകാശം കാണുകയായിരുന്നു ഞാന്‍
---------------------------------------------------------------------------
മലര്‍ന്നു കിടന്ന് മേലേക്ക് നോക്കി മാത്രമല്ല
മാറില്‍ കിടക്കുന്നവളുടെ കണ്ണിലൂടെയും
ആകാശം കാണാം എന്നവളാണ്  പഠിപ്പിച്ചത് .
നക്ഷത്രങ്ങളെയും,
അനന്തകോടി ഗ്യാലക്സികളെയും,
മില്‍ക്കിവേകളും,
ബ്ലാക്ക് ഹോള്‍സും കാണാനും
കൊള്ളിയാന്‍ പാച്ചിലുകളും,
അന്യഗ്രഹവാഹനങ്ങളും കാണാന്‍ കഴിഞ്ഞു .
ചിലപ്പോഴൊക്കെ മേഘങ്ങള്‍ വന്നു മൂടിയിരുന്നു .
ചിലപ്പോള്‍ തെളിഞ്ഞ നീലവാനം
മറ്റു ചിലപ്പോള്‍ ഉച്ചസൂര്യന്റെ തീവെളിച്ചമേറ്റ്
മിഴികള്‍ തനിയെ അടച്ചു പോയിട്ടുണ്ട്.
മഴ പെയ്യുന്നതു പലപ്പോഴും രസാവഹമായിരുന്നു,
ചിലപ്പോള്‍ വേദനാജനകവും.
പ്രഭാതത്തില്‍ വിരിയുന്ന തുഷാരബിന്ദുക്കളും
കര്‍ക്കിടകപ്പെരുമഴയും
ഇളവെയില്‍ നിറഞ്ഞചാറ്റല്‍ മഴയും
മഴവില്ല് നിറഞ്ഞ ആകാശച്ചെരിവും
അവളുടെ മിഴികളിലൂടെ ഞാന്‍ കാണുകയായിരുന്നു .
പഞ്ഞിക്കെട്ടുകള്‍ പോലെ വെളുത്ത മേഘങ്ങള്‍,
കറുത്തിരുണ്ട മേഘക്കൂട്ടങ്ങള്‍,
നീണ്ടവാല്‍ ഉപേക്ഷിച്ചു കടന്നുപോകുന്ന വിമാനങ്ങള്‍.
ചിലപ്പോള്‍ താഴേക്ക് കുതിച്ചു വരുന്ന
കൃഷ്ണപ്പരുന്തിനെ കണ്ടു ഞെട്ടി മുഖംതിരിച്ചിട്ടുണ്ട് .
എനിക്കാകാശക്കാഴ്ചകള്‍ ഒരുക്കുന്നതില്‍
അവള്‍ക്കെന്തൊരു ആഹ്ളാദമായിരുന്നു .
മോണിട്ടറില്‍, എന്നെ നോക്കിയിരിക്കുന്ന മിഴികള്‍
സ്ക്രീന്‍ സേവര്‍ ആയി വച്ചാണ്
ഇന്ന് ഞാനാ ആകാശം കാണുന്നത്.
അവള്‍ ഇന്നും ആകാശം കാട്ടുന്നുണ്ടാകാം.
മറ്റൊരാള്‍ അതിനെക്കുറിച്ചെഴുതും വരെ
ആ ആകാശം എന്റേത് മാത്രമായി ഞാന്‍ സൂക്ഷിക്കട്ടെ .
----------ബിജു. ജി.നാഥ് വര്‍ക്കല



Tuesday, January 15, 2019

ഒരു വണ്ടിയും കുറച്ചു യാത്രക്കാരും

ഒരു വണ്ടിയും കുറച്ചു യാത്രക്കാരും
........................................................
യാത്രക്കാർ കയറാനില്ലാത്തൊരു സ്റ്റാൻഡിൽ
വെറുതെ കാത്തു കിടക്കുന്ന വാഹനം.
ലക്ഷ്യങ്ങളിലെത്താൻ
ധൃതിയും പരവേശവുമെടുത്തു
കുറച്ചു പേരകത്തുണ്ടെങ്കിലും
വാഹനത്തിനോ
സാരഥിക്കോ
യാത്ര തുടങ്ങാനാകുന്നതേയില്ല.
എത്തിച്ചേരാനുള്ള യാത്രികനെയും കാത്ത്
വാഹനം തണുത്തുറഞ്ഞു കിടക്കുന്നു.
സാരഥിക്ക് വായനക്കാരുടെ മനോധർമ്മം പോലെ
പാട്ടുകേൾക്കാനോ
പുകവലിക്കാനോ
തമ്പാക്ക് തിന്നാനോ
മൊബൈൽ നോക്കാനോ വിടുന്നു.
എത്തിച്ചേരുമെന്നുറപ്പുള്ളത് വാഹനത്തിന് മാത്രമാണ്,
ചോദ്യങ്ങൾ
ശാപവാക്കുകൾ
തെറി വാക്കുകൾ
അപേക്ഷകൾ
കണ്ണീര്
ഇല്ല
വാഹനത്തിന്റെ അനുമതിയില്ലാതെ
സാരഥിക്ക് പോകാനാവില്ല.
ഇറങ്ങി നിന്നും
കീഴ്ശ്വാസം വിട്ടും
കാറിത്തുപ്പിയും
കണ്ണെറിഞ്ഞും
യാത്രക്കാർ അസ്വസ്ഥതയെ കാർന്നുതിന്നുന്നു.
ഇരുട്ട് വന്നെത്തുന്ന ഭയത്താൽ
യാത്രക്കാർ ഓടി രക്ഷപ്പെടുന്നു
കൈ കാട്ടി കിട്ടിയ വാഹനങ്ങളിൽ.
ഒറ്റയ്ക്കാകുന്ന വാഹനത്തിൽ
പിറകിലേ സീറ്റിലേക്ക് നടക്കുന്നു സാരഥി.
നീണ്ടു നിവർന്ന് കിടക്കുമ്പോൾ
വാഹനത്തിൽ നിന്നും ഒരു പാവക്കുട്ടിയുടെ കരച്ചിൽ
ഇരുട്ടിന്റെ വിജനപാത കേട്ടു കിടക്കുന്നു.
ഇനിയും വരാത്ത യാത്രികനെ നോക്കി
വാഹനം അപ്പോഴും
തണുത്തുറഞ്ഞു കിടക്കുന്നു.
....... ബി.ജി.എൻ വർക്കല

ഭാവനാലോകം

ഇരുണ്ട ഭൂഖണ്ഡങ്ങള്‍ കടന്നു 
നാമൊരു ചുവന്നലോകത്തെത്തും.. 
പട്ടുപരവതാനികളിൽ, 
സുഗന്ധപൂരിതമാം മാരുതനില്‍, 
മനം മയക്കുന്ന സംഗീതത്തില്‍, 
നാം നമ്മെ മറക്കാന്‍ ശ്രമിക്കും . 

നീ നിന്റെയും ഞാന്‍ എന്റെയും
മിഴികളെ, അന്ധതയിലേയ്ക്കയക്കും .
നമുക്കിടയില്‍ ഇരുളിനെ തളംകെട്ടിക്കും .
അനന്തരം നാം ജീവിതത്തിന്റെ സാരം പഠിക്കും . 

നഷ്ടപ്പെട്ട ഭൂമിക ഓര്‍ത്തും 
വിട്ടുപോയ ശ്രുതികള്‍ ചേര്‍ത്തും 
മറന്നുപോയ ചുവടുകള്‍ വച്ചും 
നാം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമവയെ .
ഓര്‍മ്മകളുടെ ഇരുട്ടില്‍ നിന്നോ,
മറവിയുടെ കടന്നൽക്കൂട്ടിൽ നിന്നോ 
നാമവയെ തിരയാന്‍ തുടങ്ങും. 

പറയാന്‍ മടിച്ച പ്രണയം ,
എഴുതാന്‍ മടിച്ച കാവ്യം ,
വരയാന്‍ ശ്രമിച്ച ചിത്രം ....
നാം പകപ്പോടെ തിരയാന്‍ തുടങ്ങും . 

വെളിച്ചം വീഴുമ്പോള്‍ 
നമ്മുടെ ലോകം ചുരുങ്ങുകയും 
നാം ഉണരുകയും ചെയ്യും . 
പഴകിയ, എണ്ണ മെഴുക്കു പുരണ്ട 
അതേ തല്പത്തില്‍ 
ഉറക്കത്തിന്റെ മറ്റൊരു രാവു വരുംവരെ 
പിന്നെ നാം മറക്കും. 
സ്വപ്‌നങ്ങള്‍ വെയിലില്‍ ഉണങ്ങാന്‍ വിട്ടു 
ജീവിത നാടകം നടിക്കാന്‍ തുടങ്ങും 
ചമയങ്ങളും ഭാഷ്യങ്ങളും നിറച്ചു 
രാത്രി വരുവോളം .........
..... ബിജു.ജി.നാഥ് വർക്കല

The Gospel of Yudas............... K.R.Meera.


The Gospel of Yudas (Novel)
K.R.Meera.
Translated from Malayalam By Rajesh Rajamohan
Penguin Books India
Price : 399 Rs


       പ്രണയം അനന്തമായ ഒരു സങ്കേതമാണ് . അനാദിമുതല്‍ നിലനില്‍ക്കുന്ന മാസ്മരികത. എത്രയെത്ര സാമ്രാജ്യങ്ങള്‍ അതിന്റെ കുളമ്പടിയില്‍ തകര്‍ന്നു വീണിരിക്കുന്നു. എത്രയോ ജീവിതങ്ങള്‍ നശിച്ചു പോയിരിക്കുന്നു . നന്മയായും തിന്മയായും മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും അറിഞ്ഞും അറിയാതെയും കടന്നു വരുന്ന ഒന്നേയുള്ളൂ, അത് പ്രണയം മാത്രമാണ് . പ്രണയത്തിനു കാലമോ ദേശമോ ഭാഷയോ വേഷമോ ലിംഗമോ പ്രായമോ ഒന്നും തന്നെ ഒരു വിഷയമേയാകുന്നില്ല. എഴുതാന്‍ പഠിക്കുന്നവര്‍ തൊട്ടു എഴുതി തഴമ്പിച്ചവര്‍ വരെ കോടാനുകോടി  പ്രണയഗീതങ്ങള്‍ എഴുതിക്കഴിഞ്ഞിരിക്കുന്നു ഭാഷയിലും വാമൊഴിയിലും ചിത്രങ്ങളിലും ഒക്കെയായി. ഏറ്റവും അധികം വായനക്കാര്‍ ഉള്ളതും പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌ തന്നെ പ്രണയത്തില്‍ ആണെന്ന് വിശ്വസിക്കുന്നവരുമായ ഒരു ജീവിവര്‍ഗ്ഗം ആണ് മനുഷ്യന്‍ .
കെ ആര്‍ മീഎരയുടെ "യൂദാസിന്റെ സുവിശേഷം " ഇത്തരം ഒരു പ്രണയത്തിന്റെ കഥയാണ് പറയുന്നത് . പ്രണയം പറയുമ്പോള്‍ അതിനു പ്രണയത്തിന്റെതായ ഒരു ഭാഷ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട് . ആ ഭാഷയാണ്‌ വായനക്കാരെ പ്രണയത്തിന്റെ അനുഭൂതികളെ അതേ ഊഷ്മളതയോടെ ആസ്വദിച്ചുകൊണ്ട് അതില്‍ മുഴുകുവാന്‍ പ്രാപ്തനാക്കുന്ന ഘടകം .  ഇവിടെ അതില്‍ മീര വിജയിച്ചിരിക്കുന്നു എന്നതിനാല്‍തന്നെയാണ് രാജേഷ് രാജമോഹന്‍ അതിനെ ആംഗലേയത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഭാഷയുടെ മൊഴിമാറ്റം പലപ്പോഴും കൃതികളെ അരസികമാക്കാറുണ്ട് എന്നാല്‍ ഇവിടെ ആ ഒരു ഭാവാന്തരം ഭാഷയില്‍ നിന്നും അനുഭവിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം ഒപ്പം ഇത് വായിക്കുമ്പോള്‍ ഇതിന്റെ മൂലകൃതി തേടിപ്പിടിച്ചു വായിക്കണം എന്നൊരു ത്വര സംജാതമാക്കാന്‍ എഴുത്തുകൊണ്ട് കഴിഞ്ഞിരിക്കുന്നു .
          എന്താണ് ഈ പ്രണയത്തിനെ ഇത്ര പറയാന്‍ എന്ന് ചിന്തിക്കുന്ന വായനക്കാര്‍ക്ക് വേണ്ടി ആ കഥയുടെ പ്രണയത്തിരകളെ ഒന്ന് ചെറുതായി പരിചയപ്പെടുത്തുന്നത് നല്ലതാകും എന്ന് കരുതുന്നു . ഇത് ഒരു പ്രണയ കഥയാണ് . ഇതിൽ ദാസ് എന്നും പ്രേമ എന്നും പേരായ ഒരു മധ്യവയസ്കനും കൗമാരക്കാരിയും തമ്മിലാണ് പ്രണയിക്കുന്നത്. അതിലെന്താണ് ഇത്ര വലിയ കാര്യമെന്നാകും വീണ്ടും ചിന്ത. കാരണം അത്തരം പ്രണയം മലയാളത്തിനു പുതുമയല്ലല്ലോ. പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി നാല്പത് കഴിഞ്ഞ ഒരു പുരുഷനോട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്നും എന്നെ പ്രണയത്തോടെ ഒന്ന് ഉമ്മ വയ്ക്കൂ എന്നും എങ്ങനെയാണു പെണ്‍കുട്ടികളെ പ്രണയിക്കേണ്ടത് എന്നെന്നെ പരിചയപ്പെടുത്തി തരൂ എന്നും പറയുന്നത് ഇന്നത്തെ സദാചാര സംഹിതകള്‍ക്ക് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ച് ഒരു നാലുകെട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടി ,                         അതും അപരിചിതനും, തടാകത്തില്‍ വീണു മരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍ മുങ്ങി എടുത്തുകൊടുക്കുകയും, ആണ്‍കുട്ടികളെ രതിപാഠം പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പരുക്കന്‍ മനുഷ്യനോടു ആകുമ്പോള്‍ .  ഈ പ്രണയത്തിനു ഒരു പശ്ചാത്തലം ഉണ്ട് അതാണ്‌ ഈ പ്രണയത്തിന്റെ മുഴുവന്‍ രസവും വഹിക്കുന്നത്. കക്കയം ക്യാമ്പിൽ ചങ്ക് തകര്‍ന്നു ജീവന്‍ വെടിഞ്ഞു ചരിത്രമായ നക്സല്‍പ്രവര്‍ത്തകരായ ചെറുപ്പക്കാരുടെ കഥ കൂടിയാണ് ഇത്. അവിടെ നരഹത്യക്കും കൊടിയ പീഡനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചവരും അതില്‍ പ്രവര്‍ത്തിച്ചവരും ആയ മനുഷ്യരുടെ ഭാവികാലം കൂടിയാണ് ഈ കഥ. ആ ക്യാമ്പിലെ ഭീകരതയുടെ അവസാനത്തില്‍ ജോലി വിട്ടു കുടുംബത്തില്‍ ഒതുങ്ങിക്കൂടിയ ഒരു പോലീസുകാരന്‍ തന്റെ ഭാര്യയോടും മക്കളോടും തുടരുന്ന ഭീകരതയുടെ ഇരയാണ് പ്രേമ. അവള്‍ അതിനാല്‍ തന്നെ സ്വയമറിയാതെ ഒരു നക്സലായി മനസ്സാ മാറുകയാണ്. അതുകൊണ്ട് തന്നെ അജ്ഞാതനായ ആ മനുഷ്യന്‍ യൂദാസ് എന്ന പേരില്‍ അറിയപ്പെടുന്ന ജെ യൂ ദാസ് എന്നാ മനുഷ്യനെ സ്നേഹിക്കുന്നത്. ക്രമേണ അറിയുവാന്‍ കഴിയുന്നത് ഈ മനുഷ്യന്‍,ദാസ് എന്ന പേരില്‍ തന്റെ അച്ഛന്‍ അടക്കമുള്ളവര്‍ ചവിട്ടി മെതിച്ച ഒരു യുവാവായിരുന്നു എന്നതാണ് .
        അയാള്‍ ഒരിക്കല്‍ പോലും അവളെ സ്നേഹിക്കുന്നതായി പറഞ്ഞിട്ടേയില്ല അയാളുടെ മനസ്സില്‍ സുനന്ദ എന്ന അയാളുടെ കാമുകി, ക്യാമ്പിലെ ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ നദിയുടെ ആഴങ്ങളില്‍ അയാളാല്‍ എറിയപ്പെട്ടവൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ അവളില്‍ നിന്നും ഓടി മറഞ്ഞുകൊണ്ടേയിരുന്നു..
               പതിനഞ്ചാം വയസ്സില്‍ അയാളോട് പ്രണയം പറഞ്ഞ നാളില്‍, അയാള്‍ അവിടം വിട്ടു പോയെങ്കിലും അവള്‍ അയാളെ മറന്നതേയില്ല. പതിനഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷവും അയാളെ അവള്‍ തിരഞ്ഞു കണ്ടു പിടിച്ചു അയാളുടെ മടിയില്‍ കിടന്നുകൊണ്ട് അവള്‍ പറയുന്നുണ്ട് . എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ ഞാന്‍ നിങ്ങളോട് എന്റെ പ്രണയം പറഞ്ഞു . ഇന്നെനിക്ക് മുപ്പത്താറു വയസ്സായി . എന്റെ യൗവനം , ആരോഗ്യം എല്ലാം നശിച്ചു പക്ഷെ ഇന്നും ഞാന്‍ നിങ്ങളെ പ്രണയിക്കുന്നു . നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നു .നിങ്ങള്‍ എവിടെപ്പോയാലും തിരഞ്ഞു വന്നുകൊണ്ടേയിരിക്കും . അതിനയാള്‍ മറുപടി പറയുന്നതും അത് തന്നെയാണ് എനിക്കറിയാം ഞാന്‍ എവിടെയെന്നു മണത്തറിഞ്ഞു നീ അവിടെ എത്തുമെന്ന് എനിക്കറിയാം. അയാള്‍ ഒരിക്കലും അവളോട്‌ പ്രണയമാണെന്ന് തുറന്നു പറഞ്ഞിട്ടില്ല ഒരു ഭീരുവിനെ പോലെ അവളില്‍ നിന്നയാള്‍ ഓടി ഒളിച്ചുകൊണ്ടേയിരുന്നു. . അവര്‍ക്കിടയില്‍ പ്രണയത്തിനു, ശരീരത്തിന് ഒരു പ്രാധാന്യവും ഉണ്ടായിരുന്നുമില്ല അവള്‍ അതാഗ്രഹിച്ചിരുന്നു എങ്കിലും ഒടുക്കം അവള്‍ പറയുന്നത് പോലെ രോഗികള്‍ ആയ രണ്ടു മനുഷ്യരാണ് നാം . ഒടുവില്‍ ഏതെങ്കിലും ഒരു പുഴയിലോ തടാകത്തിലോ നിന്നും നീയെന്നെ വാരിയെടുക്കും . അവള്‍ മനസ്സില്‍ കാണുന്നുണ്ട് ഏതെങ്കിലും ഒരു നദിയില്‍ മീനുകള്‍ തിന്ന ഒരു ശവമായി അയാളെയും .
         തികച്ചും പ്രണയം ,മരണം, വിപ്ലവം ഇവയെ ഒരേ താളത്തില്‍ കൊണ്ട് പോകാന്‍ കഴിയുന്നുണ്ട് നോവലില്‍. വേദനിക്കുന്ന മനസ്സുകള്‍ക്ക് മാത്രം സ്ഥാനം ഉള്ള ഒരു കഥയാണിത്. ശവഗന്ധം നിറഞ്ഞ ഒരു പ്രണയ കഥ . രക്തത്തിന്റെ നിറവും ചൂരും നിറഞ്ഞു നില്‍ക്കുന്ന കഥ. എങ്കിലും ആ പ്രണയത്തിന്റെ ആഴത്തില്‍ അതിന്റെ നേരില്‍ ആ ഭാവതീക്ഷ്ണണതയിൽ വായനക്കാര്‍ ഒരിക്കലും മനസ്സ് മടുക്കുകയോ വിട്ടുപോവുകയോ ഇല്ല എന്നതാണു ഈ നോവല്‍ നല്‍കുന്ന വായനാസുഖം .
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


Monday, January 14, 2019

നാടകമേ ഉലകം

പ്രണയമൊരനന്ത സാഗരമെങ്കിലതിന്‍
തീരത്തടിയും രണ്ടു മണൽത്തരികൾ  നാം .
ഒഴുകിയുമമര്‍ന്നും കാലത്തിന്നോളങ്ങളിൽ
മാഞ്ഞു പോകുന്ന വെറും ജീവിതങ്ങള്‍ .

തേഞ്ഞുതേഞ്ഞൊരു യുഗംകൊണ്ട് നാമിന്നു
രൂപമിയലുന്നു പഞ്ചാരമുത്തുകള്‍.
മാഞ്ഞുമറയും നമ്മുടെ കാലമീ ഘോരമാം
പ്രളയത്തിരകളില്‍ വീണലിഞ്ഞീടും ന്യൂനം.

ഓര്‍ത്ത്‌ വയ്ക്കുവാനില്ല കാലത്തിന്‍ കൈകളില്‍
നേര്‍ത്ത നൊമ്പരത്തിന്‍ ചെറു കണിക പോലുമേ.
കാണുവാനശക്തമാണിന്നു നാമിരുവരും
സൂക്ഷിക്കുമാരുമറിയാത്ത കനകസ്വപ്നങ്ങളെ .

ഇന്നലെയും ,നാളെയും നമ്മിലൂടെ കടന്നുപോം
ചിത്രങ്ങള്‍ മാത്രമീ നാം  കേവലം നടീനടന്മാര്‍.
പഴുത് നോക്കുന്നഴിച്ചീടുവാന്‍ ചില വേഷങ്ങള്‍
തന്‍ ഭാരം ശിരസ്സില്‍ നിന്നെങ്കിലും നാം വൃഥാ.
...............................ബിജു ജി നാഥ് വർക്കല

Sunday, January 13, 2019

ഒരു സങ്കീര്‍ത്തനം പോലെ...............പെരുമ്പടവം ശ്രീധരന്‍


ഒരു സങ്കീര്‍ത്തനം പോലെ (നോവല്‍)
പെരുമ്പടവം ശ്രീധരന്‍
സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്
വില :200 രൂപ


"നിനക്കറിയില്ല കുട്ടീ എത്ര ദൂരം താണ്ടിയാണ് ഞാനിവിടെയെത്തിയതെന്നു ..എന്തെല്ലാം അനുഭവിച്ചാണ് ഞാനിവിടെ എത്തിയതെന്ന് . എത്ര കുരിശുമരണങ്ങള്‍ ....ഞാനുഭവിച്ച ദുരന്തങ്ങളെ ക്കുറിച്ച് പറയുമ്പോള്‍ ആ വാക്കാണ്‌ യോജിക്കുന്നത്."

               ലോക സാഹിത്യങ്ങളില്‍ നമ്മെ ആകര്‍ഷിക്കുന്ന എല്ലാ കൃതികളും ആ ആകര്‍ഷണം നിലനിര്‍ത്തുന്നത് അതിന്റെ അവതരണ ശൈലി കൊണ്ടും അതിലൂടെ വായനക്കാരെ കൈയ്യിലെടുക്കാനുള്ള കഴിവും കൊണ്ട് മാത്രമാണ് . എത്ര കഥയില്ലായ്മയിലും ഈ കഴിവുകള്‍ വശത്തായ ഒരെഴുത്തുകാരന് വളരെ എളുപ്പം തന്റെ കൃതി ജനമനസുകളില്‍ പതിപ്പിക്കാന്‍ അനായാസം കഴിയും. കഥയില്ലായ്മ അങ്ങനെയെങ്കില്‍ കഥ കൂടി ഉണ്ടെങ്കില്‍ എന്താകും അവസ്ഥ . ആ കഥയ്ക്ക് വായനക്കാരനിലേക്ക് ഇറങ്ങി ചെല്ലാനും അവനാണോ അതെന്നു തോന്നിപ്പിക്കാനും കഴിയുക കൂടി ചെയ്താലോ? എഴുത്തുകാരന്‍ പലപ്പോഴും തന്നില്‍ നിന്നും ഇറങ്ങിപ്പോവുകയും അവിടേക്ക് കഥാപാത്രം കടന്നു വരികയും ചെയ്യുന്നത് വായനക്കാര്‍ ഒരുപാട് വട്ടം അനുഭവിച്ചതാണ്‌ . അത്തരം സ്വകീയതയില്‍ നിന്നുകൊണ്ടുള്ള കഥാ വികാസം വളരെ മനോഹരമായ വായനകള്‍ നല്‍കുന്നതുമാണ് . രണ്ടാമൂഴത്തില്‍ നാമത് കണ്ടതായിരുന്നു . പാണ്ഡവപുരത്തിലും ഈ ഒരു പരകായപ്രവേശത്തെ കണ്ടു . ആരാച്ചാരിലും ഇത് പ്രകടമായിരുന്നു . വായനയുടെ രസചരട് പൊട്ടാതെ ഇങ്ങനെ നിര്‍ത്താന്‍ കഴിയുക എന്നത് എഴുത്തിന്റെ മര്‍മ്മം അറിയാവുന്നവര്‍ക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുകയുള്ളൂ .
                  'ശ്രീ പെരുമ്പടവം ശ്രീധരന്‍' എഴുതിയ "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവല്‍ വായിക്കുമ്പോള്‍ പലപ്പോഴും കഥാപാത്രത്തെ നോക്കി നില്‍ക്കേണ്ടി വന്നുപോയി . ഒരെഴുത്തുകാരന് മാത്രമേ മറ്റൊരു എഴുത്തുകാരനെ മനസ്സിലാകുകയുള്ളൂ. അവന്റെ ആത്മാവ് കാണാന്‍ കഴിയുകയുള്ളൂ . അവനെ സത്യസന്ധമായി  അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ നോവല്‍ വിഖ്യാത എഴുത്തുകാരനായ ദസ്തയോവിസ്കിയുടെ ജീവിതം ആണ് . നോവലെഴുത്തുകാരന്റെ നോവുന്ന ജീവിതം പച്ചയായ് ആവിഷ്കരിക്കുന്ന നോവല്‍. ദസ്തയോവസ്കി എന്ന വിഖ്യാതനായ എഴുത്തുുകാരൻ ഒരു ചൂതാട്ടക്കാരനും മദ്യപാനിയും ആയ ദരിദ്രന്‍ ആണ് . ഒരുപാട് കടമകളും കടപ്പാടുകളും നിറഞ്ഞ ജീവിതം . മറ്റുള്ളവര്‍ക്ക് വേണ്ടി , തന്റെ ജീവിതത്തെ ദാരിദ്ര്യമാക്കിയവന്‍ എന്നു പറയാമോ എന്നറിയില്ല കാരണം അദ്ദേഹം മറ്റുള്ളവരെ സഹായിച്ചതിലും അധികം നഷ്ടപ്പെടുത്തിയത് മദ്യപാനത്തിനും ചൂതാട്ടതിനും ആയിരുന്നു എന്ന് കാണാം . അങ്ങനെ കടത്തിലും മാനസിക സംഘര്‍ഷത്തിലും നില്‍ക്കുന്ന ദസ്തയോവസ്കിയെ ഒരു പബ്ലീഷര്‍ കുരുക്കിലാക്കുന്നു . നവംബര്‍ ഒന്നിന് മുന്നേ ഒരു നോവല്‍ എഴുതി കൊടുത്തില്ല എങ്കില്‍ ഇന്നുവരെ എഴുതിയതും ഇനി എഴുതാന്‍ പോകുന്നതും എല്ലാം തന്റെ സ്വന്തമാകും എന്നൊരു കരാറില്‍ ഒപ്പിടുവിച്ചു മൂവായിരം റൂബിള്‍ നല്‍കി. പതിവുപോലെ പണം ചൂതാട്ട കേന്ദ്രത്തില്‍ തീര്‍ത്ത ദസ്തയോവസ്കി ഇനി എന്ത് എന്ന ചിന്താക്കുഴപ്പത്തില്‍ ആയി . സമയം അടുത്തു വരികയും തന്റെ നോവല്‍ തുടങ്ങുക പോലും ചെയ്യുകയും ചെയ്യാന്‍ കഴിയാതെ നിരാശനായി അലയുന്ന അദ്ദേഹം ഒടുവില്‍ ഒരു സ്റ്റെനോയുടെ സഹായം തേടാനും നോവല്‍ എഴുതി പൂര്‍ത്തിയാക്കാനും തീരുമാനിക്കുന്നു .
                     ഈ ആവശ്യത്തിലേക്കായാണ് അന്ന എന്ന ഇരുപതുകാരി , ദസ്തയോവസ്കിയുടെ വീട്ടിലേക്ക് കടന്നുവരുന്നത്. തന്റെ ജീവിതം കടന്നു പോകാന്‍ പോകുന്ന അവസ്ഥകളെക്കുറിച്ച് ഒന്നും അറിയാതെ അവള്‍ നോവല്‍ എഴുത്തിന്റെ സഹായം വാഗ്ദാനം ചെയ്യുന്നു . ഒരു തുക നിശ്ചയിക്കപ്പെട്ട അവളുടെ ദിനങ്ങള്‍ നോവല്‍ എഴുതുന്നതിലേക്ക് കടക്കുമ്പോള്‍ തന്നെ കല്ലുകടി അനുഭവപ്പെടുന്നു. ചുഴലി ദീനക്കാരനും , ദേഷ്യക്കാരനുമായ നോവലിസ്റ്റിന്റെ അയാളറിയാത്ത ആരാധികയായ അന്ന, പതിയെ പതിയെ അയാളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യക്കാരിയുടെ തലത്തിലേക്ക് നീങ്ങാന്‍ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട് . എങ്കിലും ചില അവസരങ്ങളില്‍ ഒക്കെ അവളുടെ വാശിക്കു മുന്നില്‍ അയാള്‍ വഴങ്ങിക്കൊടുക്കുന്നുണ്ട്. അവളുടെ നിര്‍ബന്ധവും , വാശിയോടുള്ള രണ്ടുപേരുടെയും ശ്രമവും നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നു . ഒപ്പം നോവലിസ്റ്റിലെ യഥാര്‍ത്ഥ മനുഷ്യനെ അന്ന  അറിയുകയും ചെയ്യുകയാണ്. ജീവിതത്തില്‍ പ്രണയവും , ദുരന്തങ്ങളും ദാരിദ്ര്യവും കടവും രോഗവും ചൂതാട്ടവും കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരാള്‍ . തന്റെ അക്ഷരങ്ങളില്‍ ഒരിക്കലും തന്നെയോ തന്റെ ജീവിതത്തെയോ അല്ലാതെ ഒന്നും പറയാന്‍ ഇല്ലാതെ പോയ മനുഷ്യന്‍ . അയാള്‍ എഴുതിയതൊക്കെയും തന്നെത്തന്നെയായിരുന്നു എന്ന അന്നയുടെ കണ്ടെത്തല്‍ ആണ് അദേഹത്തിന് അന്നയോടു  കൗതുകവും ഇഷ്ടവും വിശ്വാസവും ഉണ്ടാക്കിയ വിഷയം. പതിയെ പതിയെ എഴുത്തുകാരന്‍ തന്റെ മനസ്സിലെ പ്രണയം അന്നയോടു പറയുന്നു. തുടര്‍ന്ന് വളരെ മനോഹരമായി നോവലിസ്റ്റിന്റെ പ്രണയവും ജീവിതവും കടമകളും എങ്ങനെ രണ്ടുപേരും ചേര്‍ന്ന് പൂര്‍ത്തിയാക്കുന്നു എന്നും നോവലിസ്റ്റിന്റെ മനസ്സ് എങ്ങനെ അന്ന മനസ്സിലാക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്നു എന്നതും പെരുമ്പടവം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കുറിച്ചിടുന്നു.
ഒറ്റയിരുപ്പില്‍ വായിച്ചു പോകാവുന്ന ഒരു നോവല്‍ എന്നതിനപ്പുറം വായിച്ചു കഴിയുമ്പോള്‍ കഥാപാത്രങ്ങള്‍ ഉള്ളില്‍ കൂട് കൂട്ടുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. വായനയില്‍ റിക്കോർഡിട്ട  ഒരു പുസ്തകം എന്ന നിലയില്‍ ഈ പുസ്തകത്തിനെ കുറിച്ച് അധികം പറയുന്നത് പൊന്‍ നൂലില്‍ വാഴനാര് കൂട്ടിക്കെട്ടുന്നതു പോലുള്ള  ഒരു പ്രക്രിയയായിടും എന്നതിനാൽ അധികം വിസ്താരം നല്‍കാന്‍ കഴിയുന്നില്ല . വായനയുടെ ഏതൊക്കെയോ തലങ്ങളില്‍ നോവലും കഥാപാത്രങ്ങളും വായനയാണെന്നു മറന്നു നോവലിസ്റ്റ്, എന്നെ എങ്ങനെ അറിയുന്നു എന്ന അവസ്ഥയിലേക്ക് നയിച്ച്‌ എന്നതാണ് ഈ വായന എനിക്ക് നല്‍കുന്ന അനുഭവം എന്ന് മാത്രം പറഞ്ഞുകൊണ്ട് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

Saturday, January 12, 2019

നീരുറവകൾ പോലെ...!

നീരുറവകൾ പോലെ...!
......................................
യാത്രകൾക്കു വേണ്ടിയല്ലാതെ
യാത്ര ചെയ്യുന്നവരുണ്ട്.
നടന്നു നടന്നു കാൽ തേയുമ്പോഴും
നടപ്പിനെക്കുറിച്ചു ചിന്തിക്കാത്തവർ.
ഇരുട്ടും,
മഴയും
മഞ്ഞും
വെയിലും
മനസ്സിൽ പോലും ഭയക്കാത്തവർ.
അവർ യാത്ര ചെയ്യുന്നത്
ഒരിക്കൽപ്പോലും അവർക്കു വേണ്ടിയല്ല.
ലോകം അവരെ കളിയാക്കുമ്പോഴും,
യാത്രകൾ മുടക്കുമ്പോഴും,
ഇരുളുവാക്കിൽ തുണി പറിക്കാനായുമ്പോഴും,
വഴിവക്കിൽ നിന്ന്
മുണ്ടുമാറ്റിക്കാട്ടുമ്പോഴും
അവർ നിലത്തേക്കൊന്നാഞ്ഞു തുപ്പും.
ചെകിട് പറിഞ്ഞ പോലെ.....
ഇരുട്ടിലേക്ക് ഓടുന്നവരെ
അവർ ഒരിക്കലും പിന്തുടരാറില്ല.
അവരുടെ നടപ്പവസാനിക്കുമ്പോഴാണ്
അവർ തങ്ങൾക്കു വേണ്ടി മാത്രമാണ്
നടന്നതെന്ന് ചിലരറിയുക.
അതിനാൽ മാത്രമായിരുന്നു
നടപ്പിനിടയിൽ
സ്വന്തം ഉൾവേവുകൾ അവർ മറച്ചു വച്ചതെന്നും.
നോക്കൂ,
ഇപ്പോൾ അവർ നടക്കുന്നില്ല.
പക്ഷേ അവരെയോർത്ത്
ആരൊക്കെയോ വേദനിക്കുന്നു.
ആദ്യമായാണതെങ്കിലും
അതു കാണാനവർക്ക് കഴിയുന്നില്ല.
കാരണം
ഇനിയവർക്ക് നടക്കാനാവില്ലല്ലോ .
.... ബി.ജി.എൻ വർക്കല

Thursday, January 10, 2019

മനുഷ്യരറിയാന്‍ ...................... മൈത്രേയന്‍


മനുഷ്യരറിയാന്‍ (ഫിലോസഫി)
മൈത്രേയന്‍
ഡി സി ബുക്സ്
വില : 195 രൂപ


                   മനുഷ്യരറിയാന്‍ എന്തൊക്കെയുണ്ട് എന്നതാണ് മനുഷ്യരെ എന്നും ചിന്തിപ്പിച്ചതും അലയിപ്പിച്ചതും ആയ കാര്യങ്ങള്‍ . പോയ കാലത്തെ അറിവുകളും ഭാവനകളും ഉപയോഗിച്ച് മനുഷ്യന്‍ , മനുഷ്യരെ അറിയിച്ചത് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക്‌ മറികടക്കാന്‍ കഴിയാതെ പോയത് അജ്ഞത ഒന്നുകൊണ്ടു മാത്രമാണ് . അതുകൊണ്ടാണ് മനുഷ്യന്‍ എന്ന സാമൂഹിക ജീവിയുടെ ജീവിത നിലവാരങ്ങളെ നിയന്ത്രിക്കാനും അവയ്ക്ക് പരിധികളും പരിമിതികളും നിര്‍മ്മിക്കാനും അവ ആവശ്യമായിരുന്ന കാലഘട്ടത്തില്‍ ഉപയോഗിച്ച മാനദണ്ഡങ്ങൾ  കാലങ്ങള്‍ക്കിപ്പുറവും ഭൂരിഭാഗവും തുടര്‍ന്ന് വരുന്നതും . അവയോടു വിയോജിപ്പ് തോന്നുന്നവര്‍ പുതിയ പുതിയ നിയമങ്ങള്‍ അവന്റെ സാഹചര്യങ്ങളും കാലങ്ങളും അനുസരിച്ച് പരിഷ്കരിച്ചു പുതിയ ഒരു സമൂഹം സൃഷ്ടിക്കാന്‍ വ്യഗ്രത കാട്ടി നില്‍ക്കുന്നതും . ഈ പുതിയ നിയമങ്ങളും സമൂഹവും ഓരോ മതങ്ങള്‍ ആയി കണക്കാക്കുമ്പോള്‍ ഈ വിഷയത്തോടുള്ള മനസ്സിലാകായ്മ മാറിക്കിട്ടും എന്ന് കരുതുന്നു.

                      മനുഷ്യന്‍ എങ്ങനെ ജീവിക്കണം എന്ന സമ്പൂര്‍ണ്ണ പുസ്തകം നിര്‍മ്മിച്ച്‌ മനുഷ്യനെ നിയന്ത്രിക്കാന്‍  ശ്രമിക്കുന്നിടം വരെയായി ഈ അറിവുകള്‍ പകരല്‍. ഇവയ്ക്ക് ബലം നല്‍കാന്‍ മതം എന്നൊരു സംവിധാനം നിലവില്‍ വരികയും ഈ മതത്തിന് പൊതുവായി ഒരു ദൈവമോ പല ദൈവമോ ഉണ്ടാകുകയും ചെയ്തപ്പോള്‍ പൊതുവേ ഭയം നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിച്ചു വന്ന മനുഷ്യന്‍ അതിനു കീഴടങ്ങുകയും ബലമുള്ളവനെ വണങ്ങുന്ന സഹജസ്വഭാവം കൊണ്ട് മതത്തിന്റെ വിധേേയത്വം, ദൈവം എന്ന ഭയം കൊണ്ട് വളര്‍ത്തിയെടുക്കാനും അതില്‍ അടിമയാക്കാനും പഠിപ്പിച്ചു. അത് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ജനിതക സ്വഭാവം ആയി മാറുകയും അതിനെ വാസ്തവികതയുമായി ചേര്‍ത്തു കാണാനും മനസ്സിലാക്കാനും തുടങ്ങി . ഇതോടെ മനുഷ്യര്‍ക്ക് ഒരുമ എന്നത് മതത്തിന്റെ കീഴിലെ ശാസനകൾക്ക് അനുസരിച്ചുള്ള ഒന്നായി മാറുകയും സാമൂഹ്യ ജീവിയായ മനുഷ്യന്‍ മത സാമൂഹ്യ ജീവിയായി പരിണമിക്കുകയും ചെയ്തു.
 
               'മൈത്രേയന്‍ എഴുതിയ മനുഷ്യരറിയാന്‍ എന്ന പുസ്തകം പങ്കുവയ്ക്കുന്ന ചിന്തകള്‍ ഇന്നത്തെ മനുഷ്യ സമൂഹത്തിനു ചിന്തകള്‍ എങ്ങനെ വിപുലമാക്കം എന്നതും കാര്യങ്ങള്‍ എങ്ങനെ വസ്തുതയോടെ മനസ്സിലാക്കാനും അറിയാനും ശ്രമിക്കാം എന്നതിനും വഴിമരുന്നിടുന്ന ഒരു ഉത്തമ പുസ്തകം ആയി കണക്കാക്കാം. സമൂഹനിര്‍മ്മിതി എങ്ങനെയുണ്ടായി എന്നത് മുതല്‍ മനുഷ്യനിലെ വിശ്വാസ സംഹിതകളുടെ നൂലാമാലകള്‍ അവയുടെ സങ്കീര്‍ണ്ണതകള്‍ക്ക് ഒരുക്കിയ സാഹചര്യങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ തുറന്ന ചിന്തയ്ക്ക് വഴിമരുന്നിടുന്നുണ്ട് . ചിന്തിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കുള്ള പുസ്തകം എന്ന് പറയാം ഈ പുസ്തകം. മനുഷ്യന്‍ ആരാണ് , അവന്റെ സംസ്കാരം എങ്ങനെ രൂപം കൊണ്ടത് , അവനിലെ രതി , സ്നേഹം , സാമൂഹ്യ ബന്ധം , സ്നേഹം , കുടുംബം , സ്വഭാവം , ഭക്ഷണം , പ്രണയം തുടങ്ങി ഓരോ മനുഷ്യനും കടന്നു പോകുന്ന ഓരോ ഘട്ടങ്ങളെയും കാര്യകാരണ സൂചികകളോടെ മൈത്രെയന്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട് . കമ്യൂണിസത്തിന്റെ കാഴ്ചപ്പാടുകളെയും ചിന്തകളെയും ,വൈരുദ്ധ്യാത്മക തത്വങ്ങളെയും ഒക്കെ വളരെ മനോഹരമായി , നിശിതമായി തുറന്നു കാട്ടുന്ന ഒരു വായന കൂടിയാണ് ഇതെന്നതിനാല്‍ തികച്ചും കാലികമായ ഒരു കാഴ്ചപ്പാടില്‍ വായിക്കപ്പെടേണ്ട പുസ്തകം ആണ് ഇത് . ഇതിന്റെ അവസാനം മൈത്രേയന്‍ തന്റെ ഭയം കൂടി പങ്കു വയ്ക്കുന്നുണ്ട്‌ . ഇത് മൂലം തനിക്കു നേരിടാവുന്ന ഭീക്ഷണികള്‍ , നഷ്ടമാകാവുന്ന സൗഹൃദങ്ങള്‍ , സാമൂഹ്യ ഇടങ്ങളില്‍ സംഭവിക്കാവുന്ന ഒഴിവാക്കലുകള്‍ എന്നിവ മുന്‍കൂട്ടി കാണുന്നുണ്ട് എന്നും അതിനാല്‍ തന്നെയാണ് സ്വന്തം പേര് ഉപയോഗിക്കാതിരിക്കാന്‍ ശ്രമിച്ചതും പക്ഷെ പ്രസാധകരുടെ ആവശ്യപ്രകാരം അത് വേണ്ടി വന്നതും .
                       മനുഷ്യര്‍ എന്തെന്നും അവന്‍ അറിയാന്‍ ശ്രമിക്കുന്നതെന്തെന്നും വ്യക്തമായി മനസ്സിലാക്കാനും അതിനെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു തുറന്ന ചര്‍ച്ച , പഠനം ചെയ്യുവാന്‍ ഉള്ള അവസരങ്ങള്‍ നല്‍കിക്കൊണ്ട് താനൊരു അവസാന വാക്കല്ല എന്ന അടിക്കുറിപ്പോടെ അവതരിപ്പിക്കുന്ന ഈ പുസ്തകം മനുഷ്യര്‍ എല്ലാം തീർച്ചയായുംവായിച്ചിരിക്കേണ്ടതാണ് എന്ന അഭിപ്രായത്തോടെ ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല