Wednesday, January 9, 2019

ഇത്തിരി തൈരും ഒരു കുബ്ബൂസും .......... മുരളി മംഗലത്ത്

ഇത്തിരി തൈരും ഒരു കുബ്ബൂസും (കവിതകൾ)
മുരളി മംഗലത്ത്
ലിപി പബ്ലിക്കേഷൻസ്
വില: 100 രൂപ

       വായിക്കാനും,പാരായണം ചെയ്യാനും, ഓർത്തു വയ്ക്കാനും ഒരു കവിത വേണം. വെറുതെ നടക്കുമ്പോഴും യാത്രയിലും ഏകാന്തതയിലും മൂളി നടക്കുവാൻ ഒരു കവിത വേണം. എക്കാലവും കവിതാസ്വദകർ ആഗ്രഹിക്കുന്ന ഒരു സംഗതിയാണിത്. അങ്ങനെയൊന്നിന്റെ  കുറവു വരുമ്പോഴാണ് ഓരോ തലമുറയും അവർ പഠിച്ച കാലത്തിലെ കാണാതെ പഠിച്ച കവിതകളെ ഓർത്ത് ചൊല്ലി തങ്ങളുടെ ആഗ്രഹത്തെ നിവർത്തിക്കുന്നത്. അതിനാലാണ്  കനകചിലങ്ക കിലുങ്ങിക്കിലുങ്ങി'യും രാത്രിമഴ പിന്നെയും കേഴുന്നതും , അങ്കണത്തൈ മാവിൽ നിന്നാദ്യ മാമ്പഴം ഇന്നും വീഴുന്നതും എന്നു പറഞ്ഞാൽ അത് ആധുനിക കവികൾ സമ്മതിച്ചു തരികയില്ല. അവരെ ആദ്യകാലത്ത് തൃപ്തിപ്പെടുത്തിയ പന്ത്രണ്ടു മക്കളെ പെറ്റൊരമ്മയും അധികനേരമിരുന്ന സന്ദർശക മുറിയും, വിഷം കുടിച്ചു വന്നതിന് മാപ്പു നൽകാൻ കേഴുന്നതും , ജസ്സിക്കെന്തു തോന്നിയതും ഒക്കെ കടന്നവർ ഭ്രമമാണ് പ്രണയവും, നമ്മളിങ്ങനെ രണ്ടറ്റത്തിലെന്നും, വലയിൽ വീണ കിളികളായതും ഒടുവിലിങ്ങേയറ്റത്ത് ഇനി വരുന്ന തലമുറയിൽ എത്തി കണ്ണി മുറിയുന്നതും. ഇത്തരം കവിതകളുടെ രൂപപരിണാമങ്ങൾ ധൃതഗതിയിൽ സംഭവിച്ചവയല്ല. എല്ലാ കവിതകൾക്കും അതിന്റേതായ മധുരം ഉണ്ട് എങ്കിലും അവയിലെ മധുരം കവിക്ക് വേണ്ട വിധം വിളമ്പിക്കൊടുക്കാൻ കഴിയാതെ പോയതാണ് കാരണം. നമുക്ക് ആവശ്യം പോലെ കവികൾ ഉണ്ട്. നമുക്കില്ലാത്തത് ഓർത്തു വയ്ക്കാൻ ഉതകുന്ന കവിതകൾ മാത്രമാണ്. ഇന്നും സ്കൂൾ, കോളേജ് തലങ്ങളിൽ കവിതാപാരായണത്തിന് തിരഞ്ഞെടുക്കുന്ന കവിതകൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും ഈ വസ്തുത മനസ്സിലാക്കുന്നതിന്.
         ഈ ചുറ്റുപാടുകളിൽ നിന്നു കൊണ്ടാണ്  ഓരോ പുതിയ കവിതാ പുസ്തകങ്ങളും വായനക്കാരൻ തുറക്കുന്നത്. അവനിലെ ആർത്തിക്കാരനായ വായനക്കാരനെ സംതൃപ്തിപ്പെടുത്താനാകാത്ത വായനകൾ അവനിലുണർത്തുക അഗാധമായ നിരാശയാണ്. ഇവിടെ കവി ഒരു ഭാഷാധ്യാപകൻ കൂടിയാണെങ്കിൽ കാവ്യാസ്വാദകൻ വലിയ ഉത്സാഹത്തോടു കൂടിയാകും വായന തുടങ്ങുക. അങ്ങനെ വായിച്ചു തുടങ്ങുമ്പോൾ തന്നെ വായനക്കാരന് മനസ്സിലാകുന്നത് കവിതകൾ എന്ന പേരിൽ അനുഭവങ്ങളുടെ സ്വകീയമായ ചില പറച്ചിലുകൾക്കപ്പുറം സാഹിത്യത്തിനെ ഒട്ടും തൊട്ടു പോകാത്ത വരികളാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നായാലോ. ഇവിടെ കവിയും മലയാള ഭാഷാധ്യാപകനുമായ ശ്രീ മുരളി മംഗലത്ത് തന്റെ ഇത്തിരി തൈരും ഒരു കുബ്ബൂസും എന്ന കവിതാ സമാഹാരത്തിലൂടെ 40 കവിതകൾ സമ്മാനിക്കുന്നു. ഒറ്റ വായന കൊണ്ട് അടച്ചു വയ്ക്കുവാനും , പുതുതായി ഒന്നും പങ്കുവയ്ക്കാനില്ലeല്ലാ ഈ കവിക്കും എന്നു തോന്നിപ്പിക്കാനും കഴിയുന്ന കവിതകൾ ആണ് ഇവ ഓരോന്നും എന്നു പറയുന്നതിൽ തെറ്റുണ്ട് എന്നു തോന്നുന്നില്ല.
       താൻ സ്കൂളിലേക്കു വരുമ്പോൾ നനഞ്ഞ മഴയും, ക്ലാസ്സുമുറിയിലെ ചില നിമിഷങ്ങളും, ലേബർ ക്യാമ്പിൽ കുട്ടികളെ കൊണ്ടു പോയപ്പോൾ മനസിൽ തട്ടിയ സംഭവവും , ദുബായ് ഓർമ്മയും ഒരല്പം പ്രണയവും കുറച്ചു പ്രവാസ ചിന്തകളും പിന്നെ ഭാഷാധ്യാപകൻ എന്ന നിലയിൽ വാക്കുകൾ കൊണ്ടുള്ള ചില കൈവിരുതുകളും കൊണ്ടു നിറച്ച പേജുകൾ. ചെറു കുറിപ്പുകൾ ആക്കാവുന്നതോ , ഡയറിക്കുറിപ്പുകൾ ആക്കാവുന്നതോ ആയ എഴുത്തുകൾ നവകവിതയുടെ ഫോർമാറ്റിലേക്ക് പരാവർത്തനം ചെയ്തു കൊണ്ടു പുതുമയുടെ കാലത്തെ അടയാളപ്പെടുത്തുന്ന  ഒരാൾ എന്ന തലത്തിൽ നിന്ന് കവിതകൾ രചിക്കുന്നു ഈ കവി.
       മെയിൻ സ്ട്രീമിൽ എഴുതുന്ന ഇന്നത്തെ കവികൾക്ക് പറയാൻ ഒന്നുമില്ലയെങ്കിലും എഴുതാൻ ഒരുപാടുണ്ട് എന്ന അനുഭവം ഈ കവിയിലും തെളിഞ്ഞു കാണുന്നു. നവീകരണം എന്ന എഴുത്തുകാരനിലെ പരിണാമ ചക്രത്തെ കവിയെന്ന നിലയിൽ ശ്രീ മുരളി മംഗലത്ത് നന്നായി കൈവശപ്പെടുത്തി.  പക്ഷേ ഒരധ്യാപകൻ എന്ന നിലയിൽ ഭാഷയ്ക്കു പുതിയതായി ഒന്നും നല്കാനോ , കവിതയുടെ സാരമെന്നു പറഞ്ഞു പിഴിഞ്ഞെടുക്കാൻ ഒന്നും കിട്ടാനില്ലാത്ത അവസ്ഥ സംജാതമാക്കുകയും ചെയ്തു എന്ന നിരാശ മാറ്റി വയ്ക്കുകയാണെങ്കിൽ ഈ കവിതാ സമാഹാരം 40 കവിതകൾ ഉളള ഒരു പ്രവാസി എഴുത്തുകാരന്റെ അടയാളപ്പെടുത്തലായി വിലയിരുത്താം.
        നാമെന്തിന് എഴുതുന്നു എന്നല്ല നാമെന്തിനാണ് നമ്മുടെ എഴുത്ത് സമൂഹത്തിന് നല്കുന്നത് എന്നൊരു ധാരണ ഓരോ എഴുത്തുകാരനും ഉണ്ടാകുന്ന ഒരു കാലം വരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ആശംസകൾ നേരുന്നു ബി.ജി.എൻ വർക്കല

No comments:

Post a Comment