നീലത്തീവണ്ടി (നോവെല്ലകള്‍)
ഷാഹിന ഇ കെ
മാതൃഭൂമി ബുക്സ്
വില :135 രൂപ
പെണ്ണിന്റെ ജീവിതം എന്നാല്‍ അറവുമാടിന്റെ ജീവിതമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുകൊണ്ടാണ് ഷാഹിനയുടെ കഥകള്‍ വായിക്കപ്പെടേണ്ടത് എന്ന് കരുതുന്നു. ജീവിതത്തിന്റെ പരമപ്രധാനമായ ഘട്ടങ്ങളില്‍ ഒക്കെയും തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന അവസരങ്ങളില്‍ അവളിലെ നിസ്സഹായവസ്ഥയ്ക്ക് കാരണമാകുന്നത് സമൂഹം അവള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന പലവിധമായ അരുതുകളും പ്രതിരോധങ്ങളും കൊണ്ടാണ്. അതിനാല്‍ തന്നെ ചിലപ്പോള്‍ അവള്‍ എല്ലാ മുന്‍വിധികളും തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു വന്യതയുടെ മാനുഷ രൂപം പൂണ്ടുപോകാറുണ്ട് . അതില്‍ അവളെ ഒരിക്കലും കുറ്റം പറയാന്‍ കഴിയുകയുമില്ല.
ഷാഹിന ഈ കെ എന്ന അധ്യാപികയ്ക്ക് ചിലത് പറയാനുണ്ട് ഈ സമൂഹത്തോട് . എന്റെ മനസ്സിന്റെ ചിന്തകളെ ഞാന്‍ പങ്കു വയ്ക്കുന്നത് സമൂഹത്തിനു ഒരു ചർച്ചക്കോ, ചിന്തയ്ക്കോ വഴിമരുന്നിടുമെങ്കില്‍ അതുകൊണ്ട് തന്റെ എഴുത്ത് ധന്യമാകുന്നു എന്ന് കരുതുന്ന ഷാഹിനയുടെ കഥകള്‍ എല്ലാം തന്നെ സ്ത്രീയുടെ ആത്മസംഘര്‍ഷങ്ങളുടെയും അതിജീവനങ്ങളുടെയും അശാന്തിയുടെയും നേര്‍ ചിന്തകളാണ്. "നീലത്തീവണ്ടി" എന്ന പുസ്തകത്തില്‍ മൂന്നു നോവെല്ലകള്‍ പങ്കുവയ്ക്കുന്നു ഒപ്പം എഴുത്തുകാരിയുടെ ഒരു അഭിമുഖവും അവതാരികയും . സരളമായ ഭാഷയും ഗ്രാമ്യമായ പ്രയോഗങ്ങളും പരിസരങ്ങളും കൊണ്ട് സമ്പന്നമായ മൂന്നു നോവെല്ലകള്‍, മൂന്നു സ്ത്രീകളുടെ ജീവിതം പറയുന്നു. സൈര എന്നൊരു യുവതിയുടെ ജീവിതത്തെ ആണ് ആദ്യം അവതരിപ്പിക്കുന്നത്. ഒരാളിന്റെ ജീവിതത്തില്‍ കൂടി, ഒരു സമൂഹത്തിന്റെ ജീവിതം അവതരിപ്പിക്കുക എന്നൊരു അതിഭാരിച്ച ജോലിയാണ് എഴുത്തുകാരിക്ക് ചെയ്യേണ്ടി വരുന്നതെങ്കിലും അതിനെ വളരെ മനോഹരമായി ചെറിയ വരികളില്‍ കൂടി വലുതായി പറയുന്നതിനാല്‍ ആര്‍ക്കും തന്നെ അതിനെ ഖണ്ഡിച്ചുകൊണ്ടൊരു ചോദ്യം ചോദിക്കേണ്ട ആവശ്യം ഉയരുന്നില്ല. പറയാനുള്ളത് നന്നായി പറയുന്നു എന്നത് ഈ കഥാകാരിയുടെ പ്രത്യേകതയായി മനസ്സിലാക്കാന്‍ കഴിഞ്ഞു . ഒരു യാഥാസ്ഥികമുസ്ലീം കുടുംബ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് , ജീവിച്ചുകൊണ്ട് സൈര തന്റെ ജീവിതവും തനിക്കു ചുറ്റുമുള്ളവരുടെ ജീവിതവും അനുഭവിക്കുന്ന ചില കാര്യങ്ങള്‍ പറയുകയാണ്. ബഹുഭാര്യത്വം , രോഗിണിയാകുന്ന ഭാര്യ , വിവാഹമാര്‍ക്കറ്റില്‍ നിറം കൊണ്ട് പിന്തള്ളപ്പെടുന്ന പെണ്ണ്, മൈസൂര്‍ കല്യാണങ്ങളില്‍ കൂടി കടന്നു പോകുന്ന പെണ്‍ജീവിതങ്ങള്‍ , വായനയും വിദ്യാഭ്യാസവും നല്‍കുന്ന മാറിയ ചിന്തകള്‍ , വസ്ത്രധാരണത്തിലെ സ്വൈര്യക്കേടുകൾ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാന്‍ ധൈര്യം കാട്ടുന്ന തലമുറ. തുടങ്ങി സൈര എന്ന ഒറ്റ ആളില്‍ കൂടി ഒരു വലിയ ക്യാന്‍വാസില്‍ ചിത്രം വരച്ചു എന്ന സന്തോഷം ആദ്യ നോവെല്ലയായ സൈര നല്‍കുന്നു .
- തുടക്കം നന്നായാല്‍ എല്ലാം ശരിയായി എന്ന ചിന്ത മിക്കവാറും എല്ലാ വായനകളിലും ശരിയാകുന്നത് കാണാറില്ല. എന്നാല്‍ തുടര്‍ന്ന് വന്ന കഥ മുത്തുലക്ഷ്മിയുടേതായിരുന്നു. ലയങ്ങള്‍ എന്ന് പറയാവുന്ന അല്ലെങ്കില്‍ കോളനി എന്ന് പറയാവുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സാധാരണ മനുഷ്യരുടെ കഥ പറഞ്ഞു എന്നതാണ് ഇതില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുറമ്പോക്ക് ജീവിതമായി എഴുതിത്തള്ളുന്ന മനുഷ്യര്‍ക്കും ഒരു ജീവിതം ഉണ്ട് എന്നും അവരിലും ആത്മാഭിമാനവും സ്വതന്ത്ര നിലപാടുകളും ഉള്ള വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നുമുള്ള കാഴ്ചപ്പാടിനെ എഴുത്തുകാരി തുറന്നു കാട്ടുന്നു. രോഗിയായ ഭര്‍ത്താവിനെ കൂടി നോക്കേണ്ടി വരുന്ന മുത്തുലക്ഷ്മിയിലൂടെ മദ്യപാനികളായ ഭര്‍ത്താക്കന്മാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊരു പാഠം കൂടി ഷാഹിന നല്‍കുന്നുണ്ട് . മാനസിക വളർച്ചയില്ലാത്ത കുട്ടികളോട് സമൂഹം കാണിക്കുന്ന ക്രൂരതകളും , പെണ്‍കുട്ടികളെ മാത്രം പതിയിരുന്നു ആക്രമിച്ചു കൊല്ലുന്ന മൃഗങ്ങളെ എങ്ങനെ വകവരുത്തണം എന്ന ഗ്രാമീണചിന്തയും, സ്വന്തം കാലില്‍ നില്ക്കാനും കുടുംബം നോക്കാനും സ്ത്രീകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും അവരെ എങ്ങനെ സംഘടിപ്പിക്കാം എന്നും മുത്തുലക്ഷ്മി പറഞ്ഞു തരുന്നു. വോട്ടുബാങ്കുകള്‍ മാത്രമാകുന്ന തങ്ങള്‍ക്ക് രാഷ്ട്രീയക്കാരില്‍ നിന്നും എങ്ങനെ അവസരങ്ങളെ ഉപയോഗപ്പെടുത്താം എന്നൊരു കാഴ്ചകൂടി ഇതില്‍ നല്‍കുന്നുണ്ട് .
സാമൂഹ്യ ചിന്തയില്‍ നിന്നും , സാമൂഹ്യ പരിഷ്കരണങ്ങളില്‍ നിന്നും നേരെ ഷാഹിന കടന്നു വരുന്നത് കുടുംബത്തിനുള്ളിലേക്കാണ്. വെറുതെ വച്ച് വിളമ്പി കുടുംബം പോറ്റാന്‍ ജോലി നോക്കി തന്റെ മാത്രം സ്വകാര്യ മുതലായി കഴിയുന്ന ഭാര്യ എന്ന ജീവിക്കും വികാരങ്ങളും , ആഗ്രഹങ്ങളും , ചിന്തകളും ഉണ്ട് എന്നൊരു അറിവ് ശ്യാമള എന്ന ഉദ്യോഗസ്ഥയായ വീട്ടമ്മയിലൂടെ പകരുകയാണ് അടുത്ത നോവെല്ലയില്‍. ഇതിലൂടെ സ്ത്രീകളുടെ ജീവിതത്തില്‍ , ഒരു പക്ഷെ അവര്‍ തൊഴില്‍ ഉള്ളവരും കുടുംബം നോക്കുന്നവര്‍ ആണെങ്കില്‍ കൂടി ചവിട്ടടിയില്‍ കിടക്കുന്ന ഒരു മൃഗത്തിന്റെ ജീവിതമാണ് അവര്‍ക്ക് നല്‍കേണ്ടത് എന്ന പുരുഷ ചിന്തയുടെ മുഖത്തുള്ള ചവിട്ടല്‍ കൂടിയാകണം ഈ നോവെല്ലയില്‍ കാണാന്‍ കഴിയുന്നത്. ഏ ടി എം കാര്‍ഡു പോലും കൈയ്യില്‍ വച്ചുകൊണ്ട് അവളുടെ വരുമാനത്തില്‍ നിന്നും അവള്‍ക്ക് വേണ്ട മിനിമം ആവശ്യത്തിനു പോലും അയാളുടെ മുന്നില്‍ അയാളുടെ ആക്ഷേപങ്ങള്‍ക്ക് ചെവി കൊടുത്തു കൈ നീട്ടി നില്‍ക്കേണ്ടി വരുന്ന ഒരു ഭാര്യ. അവള്‍ക്കു ചിത്രം വരയ്ക്കാന്‍ അറിയുമെന്നും, അവള്‍ക്കും യാത്ര ചെയ്യാന്‍ അറിയുമെന്നും , അവള്‍ക്കും ഫാഷന്‍ വസ്ത്രങ്ങള ഉപയോഗിക്കാന്‍ ആഗ്രഹങ്ങള്‍ ഉണ്ടാകും എന്നും അയാള്‍ക്ക് മനസ്സിലാക്കുവാന്‍ അവള്‍ കുറച്ചു ദിവസം വീട് വിട്ടു നില്‍ക്കേണ്ടി വരുന്നു എന്നതാണ് കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന ചിന്തയ്ക്ക് അടിവരയിടുന്ന വാസ്തവികത. അതിനാല്‍ തന്നെയാണ് തിരികെ വരുന്ന അവളോട് അയാള്‍ കരഞ്ഞു കാലു പിടിച്ചു പറയുന്നത് നീ ചിത്രം വര പഠിക്കാന്‍ പൊയ്ക്കോളൂ , ടീഷര്‍ട്ട് ബ്രാ ഉപയോഗിച്ചുകൊള്ളൂ എന്നൊക്കെ .
സ്വന്തം നിലപാടുകളെ ശക്തമായി പ്രകടിപ്പിക്കാനും അതിനെ പറയാനും കഴിയുന്ന ഉറച്ചശബ്ദങ്ങള്‍ ആണ് ഷാഹിനയുടെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ. ഇതൊരു ശുഭസൂചകമായ സംഗതിയാണ് .ഇത്തരം എഴുത്തുകള്‍ ആണ് നാളെയുടെ കിരണങ്ങള്‍ ആയി കാലം കാത്തു വയ്ക്കുന്നത്. വായനയ്ക്ക് നല്ല സുഗന്ധം നല്‍കിയ ഈ കഥകളിലെ സ്ത്രീകള്‍ക്ക് സൗന്ദര്യമോ കുലമഹിമയോ സാമ്പത്തികമോ അല്ല അവരുടെ ഓര്‍മ്മ വായനക്ക് ശേഷവും വായനക്കാരനെ പിന്തുടരാന്‍ പ്രേരകമാകുന്നത്. അവരുടെ ശബ്ദവും നിലപാടും ആണ് . അത് എഴുത്തിന്റെ സൗന്ദര്യം കൂടിയാകുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment