Wednesday, January 30, 2019

അച്ചാദിൻ

അച്ചാദിൻ
.................
ഒരിക്കലൂടെയവർ
വെടിയുതിർത്തു നോക്കുകയാണ്.
ഉതിരുന്ന ചോരയിലെവിടെയാണ്
ഹേ രാം എന്ന ശബ്ദമെന്ന്
ചെവിയോർക്കുകയാണ്.
ദേശീയതയെന്നാൽ
മാറ്റിയെഴുതേണ്ട സമവാക്യമാണിന്ന്.
ഗോഡ്സേയെന്നത് സംസ്കാരമാണ്.
ഉന്തിയ നെഞ്ചിൻ കൂടുകളിലേക്ക് നിറയൊഴിക്കാനും
ഒഴുകുന്ന ചോരയിൽ കൈ കഴുകാനും
കഴിയുന്നതാണ് ദേശീയത.
വംശഹത്യകൾ
ആത്മഹത്യകളിലേക്ക് നയിക്കുന്ന പ്രതിരോധങ്ങൾ
കൽ ദൈവങ്ങൾക്ക് മുന്നിൽ
പിടയുന്ന പൂമ്പാറ്റകൾ
വിശ്വാസ സംരക്ഷരുടെ
വിശ്വാസ പ്രഘോഷങ്ങൾ
തൊലിയുരിക്കുന്ന ചമാറുകൾക്ക്
ഉയിർ നഷ്ടമാക്കുന്ന ഒളിയിടങ്ങൾ .
ജയ് ശ്രീറാം എന്ന ഒറ്റ മന്ത്രം മാത്രം മതി.
മിനാരങ്ങൾ തകർക്കാനും
പുതിയത് കെട്ടിയുയർത്താനും എളുപ്പമാണ്.
ഫാസിസം എന്നതിനെ വിളിക്കരുത്.
ഫാസിസ്റ്റുകൾ സോഷ്യലിസ്റ്റുകളാണ്.
ദേശഭക്തിയുടെ അളവുകോലുകളിൽ
ഫാസിസം കടന്നു വരില്ല.
ഹിന്ദു ഉണരുന്നതിലേക്ക് മാത്രം കാണുന്ന
കണ്ണുകൾ വേണം.
വർഗ്ഗീയത പറഞ്ഞു നിരത്തിലിറക്കണം.
ഗുജറാത്ത് ഒരു പാഠമാണ്.
ദേശസ്നേഹത്തിന്റെ ഈറ്റില്ലം.
മോഹൻ ദാസ് കരംചന്ദ് ഗാന്ധി മാത്രമല്ല ഇന്ത്യ
നരേന്ദ്ര മോദിയും ഇന്ത്യ തന്നെയാണ്.
പുതിയ ദേശീയതയുടെ  സമവാക്യങ്ങളിൽ
ഗാന്ധിയല്ല അമർ രഹേയാകേണ്ടത്
ഗോഡ്സെയാണ്.
പുതിയ സമവാക്യങ്ങളിൽ
മനുഷ്യരില്ല
ഹിന്ദുവും
മുസ്ലീമും
ക്രിസ്ത്യനും
നിറഞ്ഞൊരിന്ത്യയെ കാത്തിരിക്കുന്നില്ലെങ്ങും അച്ചാദിൻ.
നിങ്ങൾ മനുഷ്യനാണെങ്കിൽ
ആത്മഹത്യക്കൊരു കൊമ്പു തേടുക.
അടിയറവു പറഞ്ഞ് മതങ്ങൾ നേടുക.
മാപ്പു പറഞ്ഞ് ജയ് ശ്രീറാം വിളിക്കുക.
ഇന്ത്യയെന്ന പേര് ഇനി വിദൂരമാണ്.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment