Tuesday, January 22, 2019

വിശുദ്ധനരകം ....................... ഗയില്‍ ട്രെഡ് വെല്‍


വിശുദ്ധനരകം (ഓര്‍മ്മക്കുറിപ്പ്‌)
ഗയില്‍ ട്രെഡ് വെല്‍
മൈത്രി ബുക്സ്
വില: 300  രൂപ


ആത്മീയതയുടെ മൊത്തവ്യാപാരികള്‍ ആണ് ഇന്ത്യക്കാര്‍. ജീവിതത്തെ ഇത്രകണ്ട് ഭയപ്പെടുന്നവരും അവര്‍  തന്നെ. ഒരു പക്ഷെ ഏറ്റവും അധികം കപടതകളും ദുഷ്ടതകളും മറയ്ക്കുവാനും അവയില്‍ നിന്നുള്ള പാപഭാരങ്ങള്‍ ഒഴിവാക്കി എന്നാശ്വസിക്കാനും ഉള്ള ഒരു മാർഗ്ഗമായാകണം ഏറ്റവും അധികം ദൈവങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് അനുദിനം വികാസം പ്രാപിക്കുകയും പരസ്പരം കൊടുക്കല്‍ വാങ്ങലുകളിലൂടെ അവയെ പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്തിക്കൊണ്ട് ഉദരപൂരണം നടത്തുന്ന ചിലരുടെ കേന്ദ്രങ്ങള്‍ ആയി ഇന്ത്യ മാറിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ കേരളത്തിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ അടുത്ത സീറ്റില്‍ ഇരുന്ന വിദേശിയായ ഒരു ചെറുപ്പക്കാരനുമായി സംസാരിക്കുകയുണ്ടായി. അയാള്‍ വരുന്നത് റഷ്യയില്‍ നിന്നാണ് എന്നായിരുന്നു പരിചയപ്പെട്ടപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കവേ റഷ്യയോട് ഉണ്ടായിരുന്ന ധാരണ പാടെ മാറ്റിമറിക്കുന്നത് ആയിരുന്നു. ജീവിതത്തില്‍ നിരാശകള്‍ മാത്രം ലഭിച്ച ആ ചെറുപ്പക്കാരന്‍ ആത്മശാന്തിക്കു ഒരു ഗുരുവിനെ തിരഞ്ഞു ഇറങ്ങിയതാണ് എന്നാണു പറഞ്ഞത്. കമ്യൂണിസ്റ്റ് രാജ്യമായി അന്നൊക്കെ മനസ്സിലാക്കി വച്ചിരുന്ന റഷ്യയില്‍ മതം ഇല്ല എന്നും കരുതിയിരുന്നു. അവയെ നിരാകരിച്ചുകൊണ്ട്‌ കമ്യൂണിസം നല്‍കിയ  അതൃപ്തിയിൽ നിന്നും ആത്മീയതയിലേക്കുള്ള സഞ്ചാരത്തില്‍ ആണ് അയാള്‍ എന്നും ഉത്തരേന്ത്യ മുഴുവന്‍ തിരഞ്ഞെങ്കിലും മനസ്സിന് പിടിച്ചവര്‍ ആരെയും കിട്ടിയില്ല എന്നും ഇപ്പോള്‍ കേരളത്തിലേക്ക് പോകുകയാണ്  കൊല്ലത്ത് ഒരു സ്ത്രീയുണ്ട് ആത്മീയതയുടെ പരിവേഷമുള്ള ഒരാള്‍. ആ ആളിനെ കാണണം. ഒരുപക്ഷെ ഞാന്‍ തിരയുന്ന ഗുരു അവരാകാം എന്ന് പറഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ എന്റെ വശത്ത്‌ ഇരുന്നു അയാള്‍ പുറം കാഴ്ചകള്‍ കാണുകയും ഇടക്ക് എന്തോ ഒരു പുസ്തകം വായിക്കുകയും ചെയ്യുന്നത് ഓര്‍മ്മയില്‍ വന്നു ഗെയില്‍ ട്രെഡ് വെൽ എഴുതിയ "ഹോളി ഹെല്‍ " എന്ന പുസ്തകത്തിന്റെ വായനയില്‍.

പത്തൊന്‍പതു വയസ്സുള്ള ഒരു ആസ്ത്രേലിയന്‍ പെണ്‍കുട്ടി കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചിരുന്ന , കൗമാരത്തിന്റെ എല്ലാ കുസൃതികളും ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി. ശിഥിലമായ കുടുംബത്തില്‍ നിന്നും രക്ഷപ്പെടും പോലെ ഇന്ത്യയില്‍ എത്തുകയും ഇവിടെ ആത്മീയതയിലേക്കുള്ള അന്വേഷണം , ഒരു ഗുരുവിനെ കണ്ടെത്താന്‍ ഉള്ള പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യയില്‍ ഉള്ള അന്വേഷണങ്ങള്‍ പതിവുപോലെ അവസാനിക്കുന്നത് ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടിലെ രമണാശ്രമത്തില്‍ വച്ച് കണ്ടുമുട്ടുന്ന ചന്ദ്രു എന്ന മനുഷ്യനിലൂടെയാണ്. അയാളിലൂടെ കേട്ട, കൊല്ലത്ത് വള്ളിക്കാവ് എന്ന പ്രദേശത്തുള്ള യുവതിയായ ഒരു സ്ത്രീയുടെ ദൈവീക പരിവേഷങ്ങളുടെ വര്‍ണ്ണനകള്‍ ഇതാകും തന്റെ ഗുരു എന്ന നിഗമനത്തില്‍ അവളെ എത്തിക്കുന്നു. അങ്ങനെയാണ് അവള്‍ വള്ളിക്കാവ് എന്ന പ്രദേശത്ത് എത്തുന്നത് . കയര്‍ത്തൊഴിലാളികൾ നിറയെ ഉള്ള ആ ചതുപ്പ് പ്രദേശത്തു, ഒരു കൊച്ചുവീട്ടില്‍ അവള്‍ അവളുടെ അമ്മയെ കണ്ടെത്തുന്നു. സുധാമണി എന്ന് പേരുള്ള ആ അമ്മയുടെ ശിക്ഷ്യ ആയിരിക്കാന്‍ ഉള്ള അവളുടെ ആഗ്രഹം അവര്‍ സ്വീകരിക്കുന്നതോടെ അവള്‍ ആ വീട്ടിന്റെയും സുധാമണിയുടെയും കൂട്ടത്തില്‍ ഒരാള്‍ ആയി മാറുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഉണ്ടാകുന്ന കൃഷ്ണ ഭാവവും ദേവീഭാവവും കണ്ടു അവള്‍ ആശ്ചര്യപ്പെടുന്നു. കൃഷ്ണ ഭാവത്തില്‍ ആകുമ്പോള്‍ സുധാമണി എല്ലാവരുടെയും കണ്ണിലുണ്ണി ആകുകയും ആടിയും പാടിയും അവര്‍ക്കൊപ്പം ഉല്ലസിക്കുകയും ദേവീ ഭാവം പകര്‍ന്നു കഴിയുമ്പോള്‍ സ്ത്രീകള്‍ എല്ലാവരെയും വളപ്പിനു പുറത്തു നിര്‍ത്തി പുരുഷന്മാരെ മാത്രം അകത്തു നിര്‍ത്തി ഓരോരുത്തരെയും ഉടവാള്‍ ചുമലില്‍ തൊട്ടു അനുഗ്രഹവും നല്‍കുന്നത് ഗായത്രി ആയി മാറിയ ഗെയിലില്‍ അത്ഭുതം വളര്‍ത്തുന്നു. ക്രമേണ ഗായത്രിയും ബാലുവും മറ്റു വിദേശികള്‍ ആയ ചില അനുയായികളും ചേര്‍ന്ന് ആശ്രമം നിര്‍മ്മിക്കുന്നതും രാത്രി വളരും വരെ അമ്മയെ ഉറങ്ങാന്‍ സമ്മതിക്കാതെ സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാരെ ഒടുവില്‍ ദേഷ്യപ്പെട്ടു പറഞ്ഞയച്ച് അമ്മയുടെ കാര്യസ്ഥ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്ന ഗായത്രി വളരെ പെട്ടെന്നാണ് ആത്മീയതയുടെ കപടതകള്‍ മനാസ്സിലാക്കിത്തുടങ്ങുന്നത്.
മക്കള്‍ എന്നാണു എല്ലാ അനുചരരേയും വിളിക്കുന്നതെങ്കിലും അമ്മയ്ക്ക് ആണ്‍മക്കളോട് മാത്രമാണ് സ്നേഹം ഉണ്ടായിരുന്നത് എന്ന് ഗായത്രി മനസ്സിലാക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചു പ്രാര്‍ത്ഥന നടത്തുന്നതോ ഇടപഴകുന്നതോ ശരിയാകില്ല എന്ന അമ്മയുടെ നിയമം ഗായത്രി ഒട്ടൊരു കൗതുകത്തോടെ ആണ് കണ്ടത്. മറ്റു വിദേശികള്‍ ആയ അനുയായികള്‍ക്ക് അത് അസ്വസ്ഥത പടർത്തുകയും ചെയ്തു. ക്രമേണ ഗായത്രിക്ക് മനസ്സിലാകുന്നു പ്രധാന അനുയായി ആയ ബാലുവും ,മറ്റൊരു അനുയായിയായ റാവുവും തമ്മില്‍ സുധാമണിക്ക് ലൈംഗിക ബന്ധം ഉണ്ട് എന്നും അത്തരം ചില സന്ദര്‍ഭങ്ങള്‍ക്ക്‌ അവള്‍ സാക്ഷിയാകുകയും ചെയ്യുന്നു. ആദ്യമൊക്കെ അവള്‍ അത് അവിശ്വസിക്കാന്‍ ആണ് ശ്രമിച്ചത് എങ്കിലും അതൊരു യാഥാര്‍ത്ഥ്യമായി കണ്‍ മുന്നില്‍ കാണുക കൂടി ആയപ്പോള്‍ അവള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായി എന്നതാണ് വാസ്തവം. ഒരിക്കലും ആര്‍ത്തവം ഉണ്ടാകാത്ത ഒരാള്‍ എന്ന് പുറം ലോകത്തെ വിശ്വസിപ്പിക്കുന്ന സുധാമണിക്ക് എല്ലാ സ്ത്രീകളെയും പോലെ മാസത്തില്‍ ആ ഒരു സംഭവം ഉണ്ട് എന്ന് അവള്‍ കണ്ടെത്തുന്നു . മാത്രമല്ല വിദേശത്തു വച്ച് മറ്റൊരു ശിക്ഷ്യയും ഇത് തിരിച്ചറിയുന്നു ആശുപത്രിയില്‍ വച്ച്. പക്ഷെ ഇവിടെ ഗായത്രിയിലൂടെ വരികളിലൂടെ മനസ്സിലാകുന്ന ഒരു വസ്തുത തന്റെ ആര്‍ത്തവം എപ്പോഴാണ് എന്ന് സുധാമണിക്ക് അറിയില്ല എന്നാണു . കാരണം ഒരിക്കല്‍ ഒരു സ്ത്രീ ഗായത്രിയോടു അമ്മ ഇരുന്ന സ്ഥലത്ത് രക്തം കണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ ഗായത്രിക്ക് അത് അമ്മയ്ക്ക് അര്‍ശസ് ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞു രക്ഷപ്പെടേണ്ടി വരുന്നതും ചിലപ്പോള്‍ ഒക്കെ അമ്മ, ഗായത്രിയോടു പിറകില്‍ ശ്രദ്ധിക്കണം രക്തക്കറ കണ്ടാല്‍ അത് കവര്‍ ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ ആത്മീയതയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്ക് തന്റെ സ്വന്തം ശരീരത്തോട് ഒരു ശ്രദ്ധയും ഇല്ല എന്നാണു മനസ്സിലാക്കേണ്ടത്.
ശിക്ഷ്യമാരോട് വളരെ ക്രൂരമായി പെരുമാറുന്ന സുധാമണി പലപ്പോഴും ഗായത്രിയെയും മറ്റും ക്രൂരമായി മര്‍ദ്ദിക്കുകയും , മുറിവേല്‍പ്പിക്കുകയും മുറിയില്‍ നിന്നും പുറത്താക്കി ദിവസങ്ങളോളം ബുദ്ധിമുട്ടിക്കുകയും പതിവായിരുന്നു. ആശ്രമത്തിന്റെ ആദ്യ കാലങ്ങളില്‍ ആര്‍ത്തവ നാളുകളില്‍ ഗായത്രിക്ക് വീടിനു പുറത്ത് ആദിവാസികള്‍ക്ക് പതിവുള്ള വാലായ്മപ്പുര പോലുള്ള കൂരയില്‍ കഴിയേണ്ടി വരികയും അടുത്തുള്ള വീടുകളില്‍ മാറി മാറി കഴിയേണ്ടി വരികയും ചെയ്തിരുന്നത് ഗെയില്‍ വിവരിക്കുന്നുണ്ട്. അരുമ ശിക്ഷ്യന്മാരുടെ വിക്രിയകള്‍ പല സ്ത്രീകളുടെയും കത്തുകളില്‍ കൂടിയും മറ്റും ഗായത്രി മനസ്സിലാക്കുന്നുണ്ടായിരുന്നു എങ്കിലും പ്രധാനിയായ താന്‍ സഹോദരനായി കരുതിയിരുന്ന ബാലുവിന്റെ ലൈംഗിക ആക്രമണം ഗായത്രിയെ മാനസികമായി ഒരുപാട് വേദനിപ്പിച്ചതായി അവര്‍ രേഖപ്പെടുത്തുന്നു.
നിത്യ ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയുടെ ഭീമമായ ഒരു കലവറയിലേക്ക് ആശ്രമത്തിലൂടെ സുധാമണിയും കുടുംബവും വികസിക്കുമ്പോള്‍ , എല്ലാത്തിന്റെ കണക്കുകള്‍ സൂക്ഷിച്ചിരുന്ന സുധാമണിയുടെ നിഴല്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ഗായത്രിക്ക് ഒരിക്കലും ഒരു പ്രധാന ശിക്ഷ്യ എന്ന നിലയിലോ ഒരു സ്ത്രീ എന്ന നിലയ്ക്കോ  അവള്‍ ആത്മാര്‍ഥമായി വിശ്വസിക്കുകയും  ചവിട്ടും അടിയും കൊണ്ടും ഒരു നായയെ പോലെ കാല്ക്കീഴില്‍ കിടന്നിട്ടും അമ്മയിൽ നിന്നും ലഭിച്ചിരുന്നില്ല. ഒടുവില്‍ ഇരുപത് കൊല്ലത്തിന് ശേഷം, താൻ തേടി നടന്ന ഗുരുവിനെയോ, ദൈവത്തെയോ തനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു എന്ന ചിന്തയോടെ ആശ്രമത്തില്‍ നിന്നും അവള്‍ രക്ഷപ്പെടുന്നതാണ് ഈ പുസ്തകത്തില്‍ പങ്കു വയ്ക്കുന്നത്. അതിന്റെ അവസാനം ഗെയില്‍ ഇങ്ങനെ പറയുന്നു . ഞാന്‍ എല്ലാം വിശദമായി എഴുതുകയാണെങ്കില്‍ ഇതിന്റെ ഇരട്ടി പേജുകള്‍ വരും അവ. പക്ഷെ അവ പല മുഖം മൂടികളും അഴിയാന്‍ കാരണവും ആകും. ഇത് തന്റെ നേരിട്ടുള്ള അനുഭവങ്ങളും തനിക്കുണ്ടായ വേദനകളും മാത്രം പങ്കു വയ്ക്കുകയാണ്. ചിലരെയെങ്കിലും പേര് പറയാതെ ഇതില്‍ പരാമര്‍ശിക്കേണ്ടി വരികയും ചെയ്തു എന്ന് ഗെയില്‍ രേഖപ്പെടുത്തുന്നു .
ആത്മീയതയുടെ മറവില്‍ ഇന്ത്യയിലും വിദേശത്തും സുധാമണിയും സംഘവും നടത്തുന്ന പണപ്പിരിവുകള്‍ എന്തിനു വേണ്ടി ആണെന്ന് ഗായത്രിക്ക് പോലും മനസ്സിലാകുന്നില്ല. നാട്ടില്‍ ദേവീ ഭാവം വാളും ചിലമ്പും വീശി വിശ്വാസികളെ ആനന്ദകരം ആക്കുന്നതാണ് എങ്കില്‍ വിദേശത്തു അമ്മയുടെ ദേവീ വിലാസം ലൈറ്റ് മ്യൂസിക്കും പുഞ്ചിരിയോടുള്ള ആലിംഗനവും ആണെന്നത് തന്നെയാണ് ഈ കച്ചവടത്തിന്റെ  തന്ത്രം എത്ര ആസൂത്രിതം എന്നതിന്റെ പ്രഥമതെളിവ്. നിയമം മൂലം ഇത്തരം ആധ്യാത്മിക കാപട്യങ്ങളെ വെളിച്ചത്തു കൊണ്ട് വരികയും ധനവിനിമയങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു നികുതി ഏര്‍പ്പെടുത്തുകയും ചെയ്യാന്‍ കഴിവുള്ള ഒരു ഭരണകൂടം ഇല്ലാതെ പോയതാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ ഏറ്റവും വലിയ ബലഹീനത എന്ന ചിന്ത മനസ്സില്‍ നിറച്ചുകൊണ്ട് ഈ വായന കടന്നു പോകുന്നു .
കൂടുതല്‍ വായനകള്‍ ഉണ്ടാകേണ്ടത് ഈ അനീതികള്‍ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ കഴിയും എന്ന് കരുതുന്നു . ആമസോണില്‍ ഇതിന്റെ ഇംഗ്ലീഷ് പത്തു ഡോളറിനു ലഭിക്കും.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.
(Translation of Holy Hell my Gale Tredwell, published by wattle tree press. available in Amazon @ 10 $)


No comments:

Post a Comment