Friday, January 4, 2019

പകൽക്കിനാവുകൾ


പകൽക്കിനാവുകൾ.
.................................
ആലസ്യമാർന്ന പകലിൽ
അത്രമേൽ മടിയോടെയാണ്
അവളുടെ കണ്ണുകളിലെ
നക്ഷത്രങ്ങളെ തേടിപ്പോയത്.
മുട്ടിവിളിയുടെ മൂന്നാംയാമത്തിൽ
പുഞ്ചിരിയുടെ നിയോൺ വെളിച്ചം കത്തി.
എവിടെയാണെന്ന ഗസലിന്
ഭൂമിയിലാണെന്ന ബാംസുരി.
ആകാശയാത്രക്ക് കൂട്ടുപോരുന്നോയെന്ന ചോദ്യത്തിൽ
അമേയമായൊരാനന്ദ ശ്രുതി പകരവേ
ലജ്ജയുടെ  കവചത്തിനുള്ളിൽ നിന്നും
സന്തൂറിന്റെ വീചികൾ ഒഴുകി വന്നു.
കൈപിടിക്കാതെ കൂടെക്കൂട്ടുമെങ്കിൽ
സ്പർശനത്താലശുദ്ധയാക്കില്ലെങ്കിൽ
ഏതു സ്വർഗ്ഗയാത്രയിലും കൂടെവരാനാകുമെന്ന് .
വിരൽ തൊടാതെ
മിഴി തൊടാതെ
വാക്കിന്റെ സ്വപ്നം പണിത്
അപ്പൂപ്പൻതാടി പോലുയർത്തി
ഗഗന സഞ്ചാരത്തിലേക്ക് കൊണ്ടുപോകാൻ
കൂടെയുണ്ടാകേണ്ടത്
പൂർണ്ണമായൊരു മനസ്സെന്നവൻ.
അനന്തരം ഇരുവരും മിഴികൾ പൂട്ടുകയും
തൊടാതെ
മിണ്ടാതെ
കാണാതെ
മേഘങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്യുന്നു.
ഗുലാം അലിയുടെ മധുരഗാനം മാത്രം
പശ്ചാത്തലത്തിൽ ഒഴുകി നിറയുന്നു.
എങ്ങും നിലാവു മാത്രമാകുന്നു.
അവർ
അവരിൽ നിന്നും കൂടുപൊളിക്കുകയും
കാറ്റിൽ ലയിച്ചില്ലാതാകുകയും ചെയ്യുന്നു.
.... ബി.ജി.എൻ വർക്കല

No comments:

Post a Comment