Thursday, July 31, 2014

പ്രണയതാളം

മലയിറങ്ങി വരും കാറ്റേ
മനമിളകി വരും പെണ്ണേ
മദമിളകിയ കൊമ്പനൊന്നിതാ
കാടിളക്കി വരുന്നതുണ്ടേ.... (മല ....)

ഇരുളു വന്നു കണ്ണിളക്കും
ഇതളു വന്നു തിരയിളക്കും
ഇടറിടാതെന്നുമെന്നും
പടനിലത്തിൽ നിലയുറയ്ക്കൂ . ( മല....)

മുടി പറന്നു വലകളാകാം
മുലയിളകി തിരയുയരാം
അഴിയും ചേലയിൽ വിര-
ലമർത്തി ചകിതയായ്  മറഞ്ഞുനില്പ്പൂ  .( മല ...)

മഞ്ഞുരുക്കി കരഞ്ഞീടാം
മണ്ണൂരുക്കി മെനഞ്ഞീടാം
കന്മദമതൂറും വരയേ
കണ്ണിൽ പ്രണയരസം വിരിവൂ  ..(മല....)

Saturday, July 26, 2014

അവിഹിതം

കിടക്കയില്‍ പതറിയാല്‍
കിതച്ചിലും വലച്ചിലും .
അകത്തമ്മ പിണങ്ങിയാല്‍
ഇഷ്ടക്കാരന്‍ കൂടുകെട്ടും .
കിതപ്പുകള്‍ ഒഴിയുമ്പോള്‍
തടസ്സങ്ങള്‍ വഴിമുട്ടും
ഒടുക്കലും കൊടുക്കലും
ഒടുക്കമങ്ങകത്താക്കും.
പിന്നെ കിതപ്പും പതര്‍ച്ചയും
കരക്കാര്‍ക്ക്  പാട്ടാകും .
.................ബി ജി എന്‍

മരണ ദേവത

മഴ തോര്‍ന്നു നില്‍ക്കുമീ ഇടവഴിയിലൂടെ
നനവൊപ്പിയെന്നുടെ പാദം ചലിക്കവേ
കുളിരാര്‍ന്ന മനസ്സുമായി മിഴി ഞാനുയര്‍ -
ത്തുന്നു മഴവില്ലേ നിന്നെയറിഞ്ഞിടുവാന്‍.

ഒരു സ്വപ്നമായി നീ മറയുന്നു ജീവിത
മലര്‍വാടി തന്നില്‍ മധുരവുമായി
ഇടവേളകള്‍ തന്‍ ജനിമൃതികള്‍ക്കിടയില്‍
മൃതിദേവതേ നീ മയങ്ങീടുക

ഒരു പാഴ്കിനാവിന്റെ നിറമേഴുമായ്
പകലുകള്‍ പാറിപറക്കുന്ന താഴ്വരകള്‍
ഋതു ഭേദമില്ലാത്ത മനസ്സുമായിന്നു ഞാന്‍
കഥനങ്ങള്‍ തന്നുടെ ചരടഴിക്കുന്നിതാ.

ഇതു നമ്മള്‍ കൈമാറും പ്രണയത്തിന്‍ നോവ്‌
ഇത് നമ്മള്‍ നെഞ്ചേറ്റും  കടമ തന്‍ ചൂര്
ഇതു നമ്മള്‍ നമ്മിലേക്കുറയുന്ന രാവു
ഇതു നമ്മള്‍ നമ്മില്‍നിന്നകലുന്ന വേവ് .

കണ്ണുനീര്‍ത്തുള്ളികള്‍ കഥപറഞ്ഞകലുന്ന
ഇടവമാസത്തിന്റെ കനലുകള്‍ പൊഴിയവേ
കന്മദമുരുകുന്ന കരിമ്പാറ  ഭേദിച്ച്
നിന്മനമെന്നിലേക്കെന്നിനി വരും പ്രിയേ ?
................................ബി ജി എന്‍

Friday, July 25, 2014

പ്രണയത്തിന്റെ അളവ് പാത്രം

ഭൂതകാലത്തില്‍ നാം അപരിചിതരായിരുന്നിരിക്കാം . വര്‍ത്തമാനകാലത്തില്‍ പക്ഷെ നമ്മില്‍ തരിപോലും ആ ചിന്ത ഉണ്ടാകുന്നുമില്ല . വേരുകള്‍ തേടി പോകാന്‍ മടിക്കുന്ന മനസ്സില്‍ കാന്തിക വലയം പോലെ അടയാളങ്ങള്‍ മാത്രം ബാക്കി വയ്ക്കുന്ന ജീവിതം ഇന്നിന്റെ മാത്രം പ്രത്യേകത ആകുന്നു . നമുക്കൊരിക്കലും വര്തമാനകാലത്തിനപ്പുറം ചിന്തിക്കാന്‍ കഴിയുന്നുമില്ല. തീക്ഷ്ണമായ പകലുകള്‍ക്കോ , അതി ശൈത്യം തരുന്ന രാവുകള്‍ക്കോ മായ്ച്ചു കളയാന്‍ കഴിയാത്ത വണ്ണം നമ്മള്‍ ഒരുമിച്ചു ചേരുന്നു. ആകാശവും കടലാഴങ്ങളും ഭ്രമിപ്പിക്കുന്ന ചിന്തകള്‍ ആകുന്നു . നമുക്ക് ഭാവികാലം ആസുരതയുടെതല്ല . ഇണചേരുന്ന സര്‍പ്പങ്ങളെ പോല്‍ സീല്‍ക്കാരമുയരുന്ന അവ്യക്തമധുരവുമല്ല , മുളംകാടുകള്‍ നല്‍കുന്ന സംഗീതം പോല്‍ ശ്രവണസുഖം അതിനില്ല എന്നത് വാസ്തവവും.

ജീവിതത്തിന്റെ വസന്തങ്ങള്‍ നമ്മള്‍ ആസ്വദിച്ചു കഴിഞ്ഞു . ഇന്ന് നാം കാണുന്നത് ചാപല്യങ്ങളുടെ ചുടു വിശപ്പല്ല , ആസക്തിയുടെ തീക്കാറ്റും . നമുക്ക് ചുറ്റും കോരി ചൊരിയുന്ന മഴയും , വീശിയടിക്കുന്ന പിശറന്‍ കാറ്റും ആണ് കാവല്‍ . നിന്റെ മുടിയിഴകളില്‍ തൊട്ടുരുമ്മി അതെന്നില്‍ എത്തുന്ന കാലം മാത്രമാണ് നമ്മുടെ ഇടയിലെ അകലം . ഒരു നോക്കിനും , ഒരു വാക്കിനും വേണ്ടി ഗുല്‍മോഹറുകള്‍ പൂക്കുന്ന നടവഴികളില്‍ നാം കാത്തു നിന്നിട്ടില്ല . കോഫീ ഷോപ്പുകളുടെ തുണിക്കുട കീഴില്‍ കണ്ണുകളില്‍ നോക്കിയിരുന്നു ഒരേ ഗ്ലാസ്സില്‍ നിന്നും നാം കഴിച്ചിട്ടില്ല . വേലികള്‍ക്കപ്പുറമിപ്പുറം നിന്നു നോട്ടങ്ങളുടെ ശീതക്കാറ്റില്‍ നാം നനഞ്ഞിട്ടുമില്ല . സിനിമാതീയേറ്ററുകള്‍ക്കും നാടകശാലകള്‍ക്കും ഉള്ളിലെ ഇരുണ്ട വെളിച്ചം നമ്മുടെ പ്രണയ ലീലകള്‍ കണ്ടു കോരിത്തരിച്ചിട്ടുമില്ല . കുന്നിന്‍ ചരിവുകളും കടല്‍ത്തീരങ്ങളും നമ്മുടെ കാലടികള്‍ പതിഞ്ഞു തേങ്ങിയിട്ടുമില്ല . എന്നിട്ടും എന്തോ നമുക്കിടയിലെ മൗനം മാത്രം ചുട്ടു പഴുത്ത മണല്‍ക്കാട് പോലെ നിശ്ചലം ഉറങ്ങിക്കിടന്നുപോയത് ?
ചുള്ളിക്കാടും അയ്യപ്പനും പവിത്രനും മുരുകനും ഒക്കെ നമ്മുടെ ഇടയില്‍ പൊള്ളിച്ചു കടന്നു പോകുന്ന ഒരുപാട് നിമിഷങ്ങള്‍ ഉണ്ട് . പലപ്പോഴും നിശബ്ദമായി മിഴികളില്‍ മിഴി നട്ടു നാമിരുന്ന സമയങ്ങള്‍ എന്തൊക്കെ നാം പരസ്പരം കൈമാറിയിരുന്നു . ചിലപ്പോഴോക്കെ എന്റെ മിഴികളില്‍ നോക്കാന്‍ നീ ഭയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . ഒളിച്ചു വയ്ക്കാന്‍ ആകാത്ത എന്റെ സ്നേഹത്തിന്റെ മിന്നലേറ്റു കരിയാതിരിക്കാന്‍ എന്ന വണ്ണം നീ ഓടി ഒളിച്ചിട്ടുണ്ട് . പലപ്പോഴും എന്റെ നോട്ടം കാണാന്‍ മാത്രം നമ്മള്‍ കണ്ടു മുട്ടിയിരുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട് .
എനിക്കേറ്റവും ഇഷ്ടം കടല്‍ തന്നെ ആണ് . അത് വെളുത്ത മണല്‍ വിരിച്ച കടല്‍ സുന്ദരി ഉറങ്ങുന്നിടം ആയാലും കറുത്ത മണല്‍ വിരിച്ച ആശാന്റെ ഓര്‍മ്മ വിരിയുന്ന തീരം ആയാലും .
കടല്‍ത്തീരം ചുട്ടു പഴുത്തു കിടക്കുന്ന ഉച്ചനേരം കടലിനെ നോക്കി ഇരിക്കുന്ന സുഖം അതാണ്‌ പലപ്പോഴും ഇഷ്ടങ്ങളില്‍ ഉറങ്ങിക്കിടക്കുന്നതെന്ന് പറയാം . നിശബ്ദത , കാറ്റ് പോലും നിശ്ചലം , ഉറങ്ങി കിടക്കുന്ന കടലില്‍ ഒരു തിരപോലും ഇല്ലാതെ . തെളിഞ്ഞ ജലത്തിലേക്ക് നോക്കി അതില്‍ ഇറങ്ങി നില്ക്കാന്‍ കൊതിക്കുന്ന മനസ്സ് . ഒരു പക്ഷെ തിരയെ പുണരാന്‍ വരുന്ന തിരയോട് കൊഞ്ചി , നനഞ്ഞുല്ലസിക്കുന്ന നിനക്ക് അത് മനസ്സിലാകില്ലന്നറിയാം . ഒരിക്കല്‍ നീ ചോദിച്ചിരുന്നു കടലില്‍ നിന്നെ മോഹിപ്പിക്കുന്നതെന്തെന്നു . ഇത് തന്നെ ആണ് എന്റെ ഉത്തരം. ഒരു പക്ഷെ നിന്നില്‍ അതൊരു നല്ല ചിന്ത ആകില്ല എന്റെ വട്ടുകള്‍ എന്ന് കരുതിയേക്കാം . നിനക്കറിയുമോ ഈ കടലില്‍ ഇങ്ങനെ നോക്കി ഇരിക്കുമ്പോള്‍ എനിക്ക് തോന്നുന്നതെന്താണ് എന്ന് ?
ഒരു കളി വഞ്ചിയിലേറി ഒറ്റയ്ക്ക് ഈ കടലിന്റെ നിശബ്ദമായ ഏകാന്തതയിലെക്ക് ഒരു യാത്ര എന്റെ സ്വപ്നം ആണത് . ഒരിക്കലും തിരികെ വരാതെ അങ്ങനെ പോകണം എനിക്ക് . തുഴഞ്ഞു തളര്‍ന്നു , ദാഹിച്ചു വലഞ്ഞു ഒടുവില്‍ ബോധത്തിന്റെ അവസാന തരിയും എന്നില്‍ നിന്നകലുന്നതിനവസാന നിമിഷം മുന്നേ എനിക്കാ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടണം . കണ്ണുകള്‍ തുറന്നു പിടിച്ചു ആഴങ്ങളിലേക്ക് ഒരു യാത്ര . ശ്വാസത്തിന്റെ അവസാന കുമിള പൊട്ടിയമരുന്ന നിമിഷത്തിലും എന്റെ ചിന്തകളിലും കണ്ണുകളിലും നിന്റെ രൂപമാകും എന്നത് മാത്രമാണ് , പ്രണയത്തിന്റെ അളവ് ചോദിച്ച നിനക്കുള്ള എന്റെ അവസാന മറുപടി .
*****************ബി ജി എന്‍

Wednesday, July 23, 2014

സ്വപ്നാടനം

ചിറകടിച്ചു  നാം പറന്നുയരണം
നീലക്കടലാമീ ഗഗനത്തില്‍ .
പുണര്‍ന്നൊന്നായി ശയിച്ചിടാമീ 
വെണ്‍മേഘപ്പുതപ്പിലായ് .

കാറ്റിന്‍ തന്ത്രി മുറുക്കി നീയിന്നു 
തംബുരുവില്‍ ശ്രുതി പാടവേ
പേലവാംഗി നിന്‍ ചാരെ മിഴികളിലനു-
രാഗമോടെ ഞാനിരുന്നിടാം . 

ഒഴുകിവീഴുമാ ചികുരഭാരമെന്‍ മാറില്‍
ചൂടി നീ മിഴി കൊരുക്കവേ
യാത്രയാകുന്നലസമെന്‍ വിരലരുമ-
യോടെനിന്‍ മേലെയായ്.

അരുമയായി നീയരുളും മുലപ്പാല്‍
നിറുകയില്‍ തേക്കമാകവേ
കവിളിലേകുന്നു മധുരമൂറുമോരു
നനുത്ത ചുംബനപ്പൊട്ടു നീ .

രാവിന്‍ നോവകറ്റി നിദ്രതന്‍
യാമങ്ങള്‍  പിറക്കുമ്പോള്‍
കാറ്റിന്‍ കടലില്‍  യാത്രയാകുന്നു
തിങ്കള്‍ തോണിയിലിരുവര്‍ നാം .
.............................ബി ജി എന്‍
https://soundcloud.com/bgnath0/fxtuy49sa06r

Monday, July 21, 2014

മൗനം വാചാലമാകുന്നു

ഒരു നനുത്ത ചിരിയുമായെന്റെ
പകലുകളില്‍ വിരുന്നുവരുന്നു നീ
തണുവിരല്‍സ്പര്‍ശത്തിനാലെന്‍
ഇരവുകളില്‍ താരാട്ടിന്നോര്‍മ്മയായ് .

മഴനൂലുകള്‍ കൊണ്ട് നീ കെട്ടും
കുളിരിനെ അറിയുവതെന്തു സുഖമാണ്.
കവചം കളവു പോകുമ്പോഴും നിന്‍
ചിരിയില്‍ പരാജയ ഭീതിയില്ല .

വേര്‍തിരിവിന്‍ ശതമാനവീഥിയില്‍ അകലെയാണെങ്കിലും കരുതലുണ്ട്
അനുവദിച്ചീടുന്നവന്നു ഭേദിക്കുവാന്‍
മതിലുകള്‍ നിന്നുള്ളിലറിയാതെന്നും

ലളിതമധുരം ഓര്‍മ്മതന്‍ വീഥിയില്‍
കരഗതമീ വഴിയാത്രനാമെങ്കിലു.
തുടരുമീ പാതയോരത്ത്, ഞാനെന്നു-
മൊരു പിഞ്ചു കുഞ്ഞിന്‍ മനവുമായ്‌ .


യാത്രകള്‍ ഏകാന്ത സന്ധ്യകള്‍
കാര്‍ കൊണ്ടോരാകാശ കാഴ്ചകള്‍ !
പെയ്തിടട്ടെ ഇനിയൊരുത്സവരാവി-
ന്നാരവമാര്‍ന്നൊരു പൂത്തിരിയായി .

പൊട്ടിത്തരിക്കും മനസ്സിന്റെയാഴങ്ങള്‍
തൊട്ടെടുത്തുമ്മവച്ചിന്നു ഞാനാര്‍ക്കുന്നു.
ഒട്ടും മറക്കാതെ നിന്നെ സ്മരിക്കുവാന്‍
ഓര്‍മ്മയില്‍ കരുതുന്നു നിന്‍ പുഞ്ചിരി .

പറയാതെ പോകുന്നിനി ഞാനെന്‍
മാനസമണിവീണ മൗനമായീടട്ടെ. 
പതിരുകള്‍ കൊത്തിപറക്കും കിളിയുടെ
പരിഭവം പോല്‍ വിസ്മൃതിയിലാഴ്ത്തുകെന്നെ.
--------------------------ബി ജി എന്‍

Friday, July 18, 2014

ഇരുള്‍ മരിക്കുന്നു


തോല്‍ക്കുന്നവനു  മാത്രമേ
നഷ്ടത്തിന്റെ വിലയറിയൂ
അകലത്തിന്റെ ആഴമറിയൂ
വേദനയുടെ മരവിപ്പറിയൂ....!

എങ്കിലും കാലമേ നീയെന്നില്‍
എന്തിനു ചാര്‍ത്തുന്നു വീണ്ടും
മിന്നാമിന്നിയെപോലിരുളില്‍
തെന്നിമാറും വസന്തങ്ങളെ..?

പെയ്തു തോരുന്ന മഴയിലും
എരിഞ്ഞു തീരുന്ന നാളത്തിലും
ഉറവ വറ്റിയ മിഴികളിലും
പ്രണയം മരിച്ചു വീഴുന്നതറിയുന്നു.

അസ്തമയങ്ങള്‍ ഇരുളുമ്പോഴും
പുലരികള്‍ തിളയ്ക്കുമ്പോഴും
ദാഹമറ്റ മനസ്സുകള്‍ തെരുവില്‍
ഇടറിപിടഞ്ഞകലുന്നു മൂകം.

നമുക്കിടയില്‍ പാതകള്‍ മായുന്നു
നിഴലുകള്‍ നീണ്ടകലുന്നു
അക്ഷരങ്ങള്‍ മരിക്കുന്ന രാവുകള്‍
അഗ്നിയില്‍ എരിഞ്ഞടങ്ങുന്നു .

മടക്കം കൊതിച്ചു ജീവിതവും
മറക്കാന്‍ കൊതിച്ചു നീയും
ഉറയൊഴിഞ്ഞ സര്‍പ്പങ്ങള്‍
പോലിരുള്‍ കടന്നകലുന്നു .
-------------------ബി ജി എന്‍

Wednesday, July 16, 2014

സങ്കട കടലില്‍ ഒരമ്മയും മൂന്നു കുട്ടികളും .


നാവില്‍ ഒരു കാരയ്ക്കയും ഒരു കവിള്‍ വെള്ളവും
കാലമേ നിന്മുന്നില്‍ ഞാന്‍ മുറിയ്ക്കുന്നു നൊയമ്പ് .
മാറില്‍ വറ്റിയ മുലചൂണ്ടി ചുണ്ട് പിളര്‍ത്തുന്നു
വൃതമറിയാതെ വൃതം കൊള്ളും പൂംപൈതല്‍ !

മഴപെയ്തു തോരും വരെ കണ്ണീര്‍ മറയ്ക്കേണ്ട
ഇരുള്‍ പോയിവരുവോളം വാതിലുമടയ്ക്കേണ്ട
കുരുന്നുകുഞ്ഞുങ്ങള്‍ അമ്മമടിയില്‍ ചുരുളുന്നു
തണുപ്പിന്‍കൂടാരം അരിച്ചിറങ്ങും വെറുംതറയില്‍ .

വാടകവീടിന്നിറയത്തു കാത്തിരിക്കും മുടന്തും
കാലിന്‍ വേദന മറന്നോരമ്മ അകലേക്ക്‌
വരുമൊരു കാലമെന്‍ നോവിന്‍ വിഷക്കൂണു
പിഴുതുമാറ്റുവാന്‍ മനസാക്ഷി മരിക്കാത്തോര്‍

ഒടിഞ്ഞ കുഞ്ഞിന്‍ കയ്യൊന്നു  മരുന്ന് വയ്ക്കാന്‍
ഒഴിഞ്ഞ മണ്ണെണ്ണസ്റ്റോവ് വിലപേശി വിറ്റോള്‍
നിറഞ്ഞ പ്രാര്‍ത്ഥനയാല്‍ ഉറക്കമറ്റിരിക്കുന്നു
ഒടിയാതിനിയൊരു, വകയുമില്ലാ വിലപറയുവാന്‍

ഒരുമുറി മതി കുഞ്ഞിന്‍ മിഴിയൊന്നു പൂട്ടുവാന്‍
കരുണയില്ലാ ദൈവത്തെ കരഞ്ഞോന്നുണര്‍ത്തി 
ഇടറി വീഴാതെ മുട്ടിലിഴയുന്ന പൈതലിന്‍
മോണ കാട്ടും ചിരി കണ്ടു നിര്‍വൃതിയണയാന്‍ .
--------------------------------ബി ജി എന്‍ വര്‍ക്കല

Tuesday, July 15, 2014

വെറുതെ വെറും വെറുതെ

എപ്പോഴൊക്കെയോ എവിടെയൊക്കെയോ ഇടറി വീണ ഞാന്‍ എല്ലാം മറന്നുകൊണ്ട് ഒരു പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ വൃഥാ ശ്രമിച്ചതില്‍ എനിക്ക് തന്നെ നിരാശയുണ്ട് . എന്റെ ജീവിക്കാനുള്ള ത്വര ആണ് എന്നെ അങ്ങനെയൊക്കെ ആക്കിയതെന്നു എനിക്കറിയാം. പക്ഷെ എന്റെ ജീവിത്തിന്റെ തിരശ്ശീലയില്‍ നരവീണ , ചിതലരിച്ച ഒരു പാട് നിറങ്ങള്‍ കാണുന്നു . അവയെന്റെ മനസ്സിന്റെ കോണുകളില്‍ വിറങ്ങലിച്ചു കിടക്കുന്ന ഒരുപാട് ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റുകള്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു . ഞാന്‍ ..... ഞാനെന്താണിനി ചെയ്യേണ്ടത് ?
ജന്മങ്ങള്‍ തമ്മിലുള്ള അന്തരമുണ്ട് വാചാലമായ നിമിഷങ്ങള്‍ക്ക് .
കാത്തിരുപ്പ് ഒരു വിരഹമാണ്  എന്ന് ,വേര്‍പാടിന്റെ വേദനയാണെന്ന് ആരോ പറഞ്ഞു കേട്ടതായൊരോര്‍മ്മ !.
കരളിന്റെ കളിച്ചെപ്പില്‍ ആരും കാണാതെ പെറുക്കി കൂട്ടിയിരുന്ന വളപ്പൊട്ടുകള്‍ !
അവയിലൊരായിരം നിറങ്ങള്‍ ഞാന്‍ ദര്‍ശിക്കുന്നു .
നിഴലും നിലാവും ഇണചേര്‍ന്നു നില്‍കുന്ന രാവുകളിലൂടെ ഒരേകാന്ത യാത്ര .
ലക്‌ഷ്യം പൂര്‍ത്തിയാകും വരെ വിശ്രമമില്ലാത്ത യാത്ര, അതാണ്‌ മനസ്സിന്റെ ലക്‌ഷ്യം . പക്ഷെ ....
പാതിവഴിയില്‍ കൊഴിഞ്ഞു വീഴുന്ന ഇതളുകളില്‍ നേരിയ കാറ്റിന്റെ തലോടലുണ്ട് .
വിശപ്പിന്റെ വിളി കേട്ട് മയങ്ങാന്‍ രാവുകളില്ലാത്തതായിരുന്നല്ലോ എന്റെ ദുഖവും .!
എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞോടുവില്‍ ഒന്നും അവശേഷിക്കാതെയുള്ള തിരിച്ചു പോക്ക് എന്നെ ഭ്രാന്തനാക്കുന്നു .
മനസ്സില്‍ പടുത്തുയര്‍ത്തുന്ന പട്ടിന്‍ നിറമാര്‍ന്ന കിനാവുകളുടെ കടയ്ക്കല്‍ തന്നെ മഴു വീഴുമ്പോള്‍ മയങ്ങി വീഴുന്ന ഓര്‍മ്മകളുടെ ശിരസ്സില്‍ എന്തോ ഭാരം കയറ്റി വച്ചപ്പോലെ ഒടിഞ്ഞു കിടക്കുന്ന നിശ്ചലചിത്രങ്ങള്‍  . ഒക്കെ എന്റെ കാണാപ്പുറങ്ങളിലൂടെ ഞാന്‍ നടന്നെത്തിയ വഴിത്താരകള്‍ .
കാമുകന്റെ ഹൃദയം ഉണ്ടായിരുന്നു പിന്നെയത് മറ്റെന്തോ ഒക്കെ ആയി മാറുകയായിരുന്നു. മോഹിച്ചത് കിട്ടാതെ വലയുമ്പോള്‍ ഒന്നും മോഹിക്കാതിരുന്നെങ്കില്‍ എന്ന് മനസ്സ് പറയാറില്ലേ അതുപോലെ ,വെറും അപക്വമായ ചിന്താഗതികളിലൂടെയാണ് ഞാന്‍ നീങ്ങുന്നത്‌ എന്നെനിക്കറിയാമെങ്കിലും ഞാന്‍ വെറുതേ പറയുകയാണ് . കാരണം എനിക്കിപ്പോള്‍ അതിനെ കഴിയൂ ....... വാപ്പി 13.08.2000

Saturday, July 12, 2014

ആധുനിക ഭാരതം

ഭാരതം വീർപ്പുമുട്ടുന്നൊരു ഭാരം
മനസ്സിനെ കാർന്നുതിന്നും വേദന.
ജീവന്റെ തുടിപ്പുകൾ ജനിക്കാൻ
വിസമ്മതിക്കും മാതൃദേശമിന്നു .

സനാതന ധർമ്മം തല്ലിപ്പഴുപ്പിച്ച
ജനാധിപത്യത്തിൻ ശവക്കല്ലറ.
പൗരോഹിത്യത്തിൻ തീക്കാറ്റി-
ലുരയുന്ന സീഫീലിസിൻ നോവ്‌ .

ദളിതന്റെ  കുടിലിൽ റൊട്ടിനുണഞ്ഞിട്ട്
വിശപ്പെന്നൊരവസ്ഥയെ കാണുവോർ.
ദളിതന്റെ പെണ്ണിൽ വിശപ്പടക്കീട്ടു
കഴുത്തിൽ കുരുക്കിടും ജാതീയർ.

മരണത്തിൽ പോലും വർഗ്ഗം മണക്കുന്ന
ഉച്ചനീചത്വത്തിൻ പുഴുക്കുത്തുകൾ.
തൊപ്പിവച്ചോരൊക്കെ ശത്രുവാകുന്ന
മതേതരരാക്ഷ്ട്രത്തിൻ പുത്രന്മാർ .

വിദ്യനല്കാനായി വിലപേശിയെത്തിക്കും
ദാരിദ്ര്യത്തിന്റെ ചേരിസന്താനങ്ങൾ.
ജീവകാരുണ്യത്തിൻ മറവിൽ പുളയ്ക്കുന്ന
മാര്‍ജ്ജാരതന്ത്രത്തിന്‍ കൗശലജന്മങ്ങൾ.

അടിവസ്ത്രത്തിൽ പുരണ്ട രേതസ്സളന്നു
അധികാരമുറപ്പിക്കും ഹിജഡകൾ.
മുലകളറുത്തിട്ടു  മാതൃഭൂമിതൻ
അടിവാരം തോണ്ടും കിരാതന്മാർ.

ഇവിടെയില്ലൊരു മനുഷ്യനും നേരിന്റെ
പകിട കളിയിൽ ജയം നേടിയോർ.
ഇവിടെയില്ലൊരു മനുഷ്യനും പെണ്ണിന്റെ
മേനിയെ കാമത്തിനിരയായി കാണാത്തോർ.

ഇത് ഭാവി ജനതയ്ക്ക് ഭാരതം നല്കുന്ന
നാനാത്വത്തിൽ ഏകത്വമന്ത്രം.
ഇത് ഭാവി ജനതയ്ക്ക് ഭാരതം നല്കുന്ന
പുതുമയുണർത്തും രാഷ്ട്രമന്ത്രം..
------------------ബി ജി എന്‍

Monday, July 7, 2014

ആത്മസഖി

ഓര്‍മ്മകളില്‍ നിലാവ് പെയ്തുലഞ്ഞ
ഹേമന്ദരാവുകള്‍ മുതല്‍
മമ ഹൃദയത്തെ പുളകിതയാക്കിയ
പ്രിയസഖീ , നീയിനിയില്ല.

അവനിയില്‍ എന്നെ ഞാനാക്കിമാറ്റിയ 
എന്നുയിര്‍ വെളിച്ചം നീ .
തലയുയര്‍ത്തിയീ ഭൂമിയില്‍ നടക്കാന്‍
കരുത്തേകിയവളും നീ മാത്രം.

ജീവിച്ചിരുന്നതിനടയാളം പോല്‍
ലോകത്തിനു നല്‍കുവാന്‍
താരകങ്ങളെയെനിക്ക് നല്‍കിയത്
നീ മാത്രമായിരുന്നു പ്രിയേ .

സാന്നിധ്യം കൊണ്ടെന്നുമെന്നില്‍ വിടര്‍ന്നു 
വിശ്വാസങ്ങളില്‍ കൈപിടിച്ചും
തനുവിനെ ലാസ്യമാക്കിയും ചാരെ 
നീയുണ്ടായിരുന്നെന്നുമെന്‍ തോഴി.

നീരാളിയെപ്പോലെന്‍ നാഡികള്‍ കൊത്തി
വലിച്ചിരുണ്ട രാവുകള്‍ തന്നൊടുവില്‍
ഇന്നു നീയേനെ പിരിഞ്ഞു പോകുമ്പോള്‍
വേദന മറന്നു ഞാന്‍ കരയുന്നു സഖീ

കിളിയോഴിഞ്ഞ കൂടു പോലേകാന്തം 
ആത്മാവില്ലാത്ത ശരീരവുമായി
പകലുകളെ നോക്കാന്‍ കഴിയാതിന്നുരുട്ടിന്‍ 
കൂട്ടില്‍ ഞാനേകയാകുന്നു .

പങ്കുവയ്ക്കാനാവാത്ത വേദനപോല്‍ നിഷ്ടുരം
നമ്മള്‍ പരസ്പരമിന്നകലുമ്പോള്‍
പുഞ്ചിരിക്കാന്‍ കഴിയാതെ കേവലം
ചുണ്ടുകള്‍ കോടുന്നു നോവിനാലിന്നു .
------------------ബി ജി എന്‍

Friday, July 4, 2014

വിശ്വാസം


തുടകള്‍ തമ്മിലകലും വരെ മാത്രം
നിലനില്‍ക്കുന്ന വെറും സ്വപ്നം ...!
                           ........ ബി ജി എന്‍

Thursday, July 3, 2014

ഇര


വേട്ടക്കാരുടെ പല്ലുകള്‍ക്കിടയില്‍
രക്തം വാര്‍ന്നു കിടക്കുന്നൊരു
വെറുമിരയാണ് ഞാന്‍
ജീവിതം ബാക്കിയാകുന്നോരിര .

കോമ്പല്ലില്‍ കോര്‍ത്തെടുത്തു
തലങ്ങും വിലങ്ങും കുടയുന്ന
ചെകുത്താനെ പോലെ ചിലര്‍ .

പല്‍മുനമുറിവുകളില്‍ പൊടിയും
ചോരനുണഞ്ഞു ദാഹം തീര്‍ക്കുന്ന
മരയോന്തുകള്‍ പോല്‍ ചിലര്‍.

ശൂലത്തില്‍ കൊരുത്താകാശം കാട്ടി
പ്രളയത്തിന്റെ കുത്തൊഴുക്കില്‍
തള്ളിരസിക്കും തേവാങ്കുകള്‍ ചിലര്‍.

ദാഹജലത്തിലുപ്പ് കലക്കി
അന്നനാളത്തിനകക്കാമ്പു കീറുന്നു
ഉഷ്ണരോഗികള്‍ നരാധമന്മാര്‍ ചിലര്‍.

മരിക്കാനൊരു നൂറുവട്ടമൊരായിരം
ചിന്തകള്‍ നുരഞ്ഞു കയറുമ്പോഴും
നിന്റെയോര്‍മ്മയില്‍ മാത്രം
മരണം മറക്കുന്ന വെറുമിര ഞാന്‍ .
----------------ബി ജി എന്‍

Tuesday, July 1, 2014

പ്രതീക്ഷകള്‍ പൂവിടുന്ന കാലം

 വെറും നനവിന്റെ ചാലുകളല്ല,നിന്‍
ഓര്‍മ്മകളുടെയടയാളമല്ലോ
ഇന്നെന്റെ കവിള്‍ത്തടങ്ങള്‍
പൊള്ളിച്ചൊഴുകുന്നത് മറന്നിടായ്ക .

ഉച്ചസൂര്യന്‍ നിറുകയില്‍ തളിച്ചൊരു
ചത്ത പകലിന്റെ മുള്‍മുനയില്‍
ഓര്‍മ്മപ്പുസ്തകമേകിയ കുടയുമായി 
ദീനമിരിക്കുന്നു കേവലധ്യാനമായ്‌ .

ചുട്ടുപഴുത്ത മണല്‍ക്കാട്, രാവില്‍
താറഴിച്ചു മലര്‍ന്നു കിടക്കുന്നു ശാന്തം.
പൊള്ളലടര്‍ന്ന ചിന്തകള്‍ക്കുള്ളിലെ
ബാഷ്പമെല്ലാം മരവിച്ചു പോകുന്നു .

ഇന്ന് നീയെന്റെ ചിത കണ്ടു കരയും
കണ്ണുനീരിന്നാകില്ല പൊള്ളിക്കുവാന്‍
ചാരമായൊടുങ്ങുംബോഴുമുള്ളില്‍ കാക്കും
മോക്ഷമായി തഴുകിയൊഴുകും ഭാഗീരഥിയെ.
--------------------------ബി ജി എന്‍