Wednesday, July 16, 2014

സങ്കട കടലില്‍ ഒരമ്മയും മൂന്നു കുട്ടികളും .


നാവില്‍ ഒരു കാരയ്ക്കയും ഒരു കവിള്‍ വെള്ളവും
കാലമേ നിന്മുന്നില്‍ ഞാന്‍ മുറിയ്ക്കുന്നു നൊയമ്പ് .
മാറില്‍ വറ്റിയ മുലചൂണ്ടി ചുണ്ട് പിളര്‍ത്തുന്നു
വൃതമറിയാതെ വൃതം കൊള്ളും പൂംപൈതല്‍ !

മഴപെയ്തു തോരും വരെ കണ്ണീര്‍ മറയ്ക്കേണ്ട
ഇരുള്‍ പോയിവരുവോളം വാതിലുമടയ്ക്കേണ്ട
കുരുന്നുകുഞ്ഞുങ്ങള്‍ അമ്മമടിയില്‍ ചുരുളുന്നു
തണുപ്പിന്‍കൂടാരം അരിച്ചിറങ്ങും വെറുംതറയില്‍ .

വാടകവീടിന്നിറയത്തു കാത്തിരിക്കും മുടന്തും
കാലിന്‍ വേദന മറന്നോരമ്മ അകലേക്ക്‌
വരുമൊരു കാലമെന്‍ നോവിന്‍ വിഷക്കൂണു
പിഴുതുമാറ്റുവാന്‍ മനസാക്ഷി മരിക്കാത്തോര്‍

ഒടിഞ്ഞ കുഞ്ഞിന്‍ കയ്യൊന്നു  മരുന്ന് വയ്ക്കാന്‍
ഒഴിഞ്ഞ മണ്ണെണ്ണസ്റ്റോവ് വിലപേശി വിറ്റോള്‍
നിറഞ്ഞ പ്രാര്‍ത്ഥനയാല്‍ ഉറക്കമറ്റിരിക്കുന്നു
ഒടിയാതിനിയൊരു, വകയുമില്ലാ വിലപറയുവാന്‍

ഒരുമുറി മതി കുഞ്ഞിന്‍ മിഴിയൊന്നു പൂട്ടുവാന്‍
കരുണയില്ലാ ദൈവത്തെ കരഞ്ഞോന്നുണര്‍ത്തി 
ഇടറി വീഴാതെ മുട്ടിലിഴയുന്ന പൈതലിന്‍
മോണ കാട്ടും ചിരി കണ്ടു നിര്‍വൃതിയണയാന്‍ .
--------------------------------ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment