Friday, July 18, 2014

ഇരുള്‍ മരിക്കുന്നു


തോല്‍ക്കുന്നവനു  മാത്രമേ
നഷ്ടത്തിന്റെ വിലയറിയൂ
അകലത്തിന്റെ ആഴമറിയൂ
വേദനയുടെ മരവിപ്പറിയൂ....!

എങ്കിലും കാലമേ നീയെന്നില്‍
എന്തിനു ചാര്‍ത്തുന്നു വീണ്ടും
മിന്നാമിന്നിയെപോലിരുളില്‍
തെന്നിമാറും വസന്തങ്ങളെ..?

പെയ്തു തോരുന്ന മഴയിലും
എരിഞ്ഞു തീരുന്ന നാളത്തിലും
ഉറവ വറ്റിയ മിഴികളിലും
പ്രണയം മരിച്ചു വീഴുന്നതറിയുന്നു.

അസ്തമയങ്ങള്‍ ഇരുളുമ്പോഴും
പുലരികള്‍ തിളയ്ക്കുമ്പോഴും
ദാഹമറ്റ മനസ്സുകള്‍ തെരുവില്‍
ഇടറിപിടഞ്ഞകലുന്നു മൂകം.

നമുക്കിടയില്‍ പാതകള്‍ മായുന്നു
നിഴലുകള്‍ നീണ്ടകലുന്നു
അക്ഷരങ്ങള്‍ മരിക്കുന്ന രാവുകള്‍
അഗ്നിയില്‍ എരിഞ്ഞടങ്ങുന്നു .

മടക്കം കൊതിച്ചു ജീവിതവും
മറക്കാന്‍ കൊതിച്ചു നീയും
ഉറയൊഴിഞ്ഞ സര്‍പ്പങ്ങള്‍
പോലിരുള്‍ കടന്നകലുന്നു .
-------------------ബി ജി എന്‍

No comments:

Post a Comment