Tuesday, July 15, 2014

വെറുതെ വെറും വെറുതെ

എപ്പോഴൊക്കെയോ എവിടെയൊക്കെയോ ഇടറി വീണ ഞാന്‍ എല്ലാം മറന്നുകൊണ്ട് ഒരു പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ വൃഥാ ശ്രമിച്ചതില്‍ എനിക്ക് തന്നെ നിരാശയുണ്ട് . എന്റെ ജീവിക്കാനുള്ള ത്വര ആണ് എന്നെ അങ്ങനെയൊക്കെ ആക്കിയതെന്നു എനിക്കറിയാം. പക്ഷെ എന്റെ ജീവിത്തിന്റെ തിരശ്ശീലയില്‍ നരവീണ , ചിതലരിച്ച ഒരു പാട് നിറങ്ങള്‍ കാണുന്നു . അവയെന്റെ മനസ്സിന്റെ കോണുകളില്‍ വിറങ്ങലിച്ചു കിടക്കുന്ന ഒരുപാട് ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റുകള്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു . ഞാന്‍ ..... ഞാനെന്താണിനി ചെയ്യേണ്ടത് ?
ജന്മങ്ങള്‍ തമ്മിലുള്ള അന്തരമുണ്ട് വാചാലമായ നിമിഷങ്ങള്‍ക്ക് .
കാത്തിരുപ്പ് ഒരു വിരഹമാണ്  എന്ന് ,വേര്‍പാടിന്റെ വേദനയാണെന്ന് ആരോ പറഞ്ഞു കേട്ടതായൊരോര്‍മ്മ !.
കരളിന്റെ കളിച്ചെപ്പില്‍ ആരും കാണാതെ പെറുക്കി കൂട്ടിയിരുന്ന വളപ്പൊട്ടുകള്‍ !
അവയിലൊരായിരം നിറങ്ങള്‍ ഞാന്‍ ദര്‍ശിക്കുന്നു .
നിഴലും നിലാവും ഇണചേര്‍ന്നു നില്‍കുന്ന രാവുകളിലൂടെ ഒരേകാന്ത യാത്ര .
ലക്‌ഷ്യം പൂര്‍ത്തിയാകും വരെ വിശ്രമമില്ലാത്ത യാത്ര, അതാണ്‌ മനസ്സിന്റെ ലക്‌ഷ്യം . പക്ഷെ ....
പാതിവഴിയില്‍ കൊഴിഞ്ഞു വീഴുന്ന ഇതളുകളില്‍ നേരിയ കാറ്റിന്റെ തലോടലുണ്ട് .
വിശപ്പിന്റെ വിളി കേട്ട് മയങ്ങാന്‍ രാവുകളില്ലാത്തതായിരുന്നല്ലോ എന്റെ ദുഖവും .!
എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞോടുവില്‍ ഒന്നും അവശേഷിക്കാതെയുള്ള തിരിച്ചു പോക്ക് എന്നെ ഭ്രാന്തനാക്കുന്നു .
മനസ്സില്‍ പടുത്തുയര്‍ത്തുന്ന പട്ടിന്‍ നിറമാര്‍ന്ന കിനാവുകളുടെ കടയ്ക്കല്‍ തന്നെ മഴു വീഴുമ്പോള്‍ മയങ്ങി വീഴുന്ന ഓര്‍മ്മകളുടെ ശിരസ്സില്‍ എന്തോ ഭാരം കയറ്റി വച്ചപ്പോലെ ഒടിഞ്ഞു കിടക്കുന്ന നിശ്ചലചിത്രങ്ങള്‍  . ഒക്കെ എന്റെ കാണാപ്പുറങ്ങളിലൂടെ ഞാന്‍ നടന്നെത്തിയ വഴിത്താരകള്‍ .
കാമുകന്റെ ഹൃദയം ഉണ്ടായിരുന്നു പിന്നെയത് മറ്റെന്തോ ഒക്കെ ആയി മാറുകയായിരുന്നു. മോഹിച്ചത് കിട്ടാതെ വലയുമ്പോള്‍ ഒന്നും മോഹിക്കാതിരുന്നെങ്കില്‍ എന്ന് മനസ്സ് പറയാറില്ലേ അതുപോലെ ,വെറും അപക്വമായ ചിന്താഗതികളിലൂടെയാണ് ഞാന്‍ നീങ്ങുന്നത്‌ എന്നെനിക്കറിയാമെങ്കിലും ഞാന്‍ വെറുതേ പറയുകയാണ് . കാരണം എനിക്കിപ്പോള്‍ അതിനെ കഴിയൂ ....... വാപ്പി 13.08.2000

No comments:

Post a Comment