Saturday, November 30, 2013

ഭരണകൂടം


ഭരണകൂടം
ഹാ എത്ര ഭയാനകം !
ചെന്നായകൾ
കടിച്ചു കുടയുന്ന
അടിമവർഗ്ഗത്തിന്റെ
വേരറ്റ ആശ്രയം .

ഭരണകൂടം
ഹാ എത്ര മൃഗീയം !
അമ്മമാരുടെ
മുലകൾ കടിച്ചു പറിച്ചും
പെങ്ങമാരുടെ
യോനികൾക്ക് വിലയിട്ടും
അധികാരത്തിന്റെ
സോപാനങ്ങളിൽ
മൃഷ്ടാനമുണ്ട് പുളയ്ക്കും
കൃമികളുടെ ലോകം .

ഭരണകൂടം
ഹാ എത്ര മ്ലേച്ചമായ പദം !
സാമ്രാജ്യത്തത്തിനു
വദനസുരതം ചെയ്തും
മതേതരത്തിനെ
ഗുദഭോഗം ചെയ്തും
ദളിതന്റെ
പിച്ച ചട്ടിയിൽ
സ്ഖലിപ്പിക്കും മാതൃക .

ഭരണകൂടം
ഹാ എത്ര നീചം !
വേഗപ്പൂട്ടുകളിൽ
തളയ്ക്കാനകാത്ത വിശപ്പുമായി
വിശക്കുന്നവന്റെ
തലച്ചോറിൽ വിഷപ്പുക
നിറയ്ക്കുന്നോർക്ക്
പരവതാനി വിരിയ്ക്കുന്നവരുടെ
വിസ്തൃത ലോകം .

ഭരണകൂടമേ
നീ ഓർക്കുകയീ വാക്കുകൾ .
കുഴിമാടങ്ങളിൽ കിടന്നു
വിരിമാറിൽ
സ്വാതന്ത്ര്യം ഏറ്റുവാങ്ങിയവർ
പിടയ്ക്കുമ്പോൾ
ചിതറിയ ചോരകൾക്കും
അന്ധമായ നേത്രങ്ങൾക്കും
മറുവാക്ക് നല്കാൻ കഴിയാതെ
പകച്ചു നില്ക്കുന്നു
ഞരമ്പുകളിൽ
തീത്തൈലം ഒഴുകുന്ന
പുതിയ തലമുറ .

ഒരു സ്ഫോടനത്തിൽ
അവരുടെ ചിന്തകൾ ചിതറാതിരിക്കാൻ
പുനർചിന്തക്കു വേദിയൊരുക്കുക .
" മാറ്റുവിൻ ചട്ടങ്ങളെ
സ്വയമവയല്ലെങ്കിൽ
മാറ്റുമതെ നിങ്ങളെത്താൻ "
-------------------------ബി ജി എൻ

Thursday, November 28, 2013

കാത്തിരിപ്പിന്റെ കാലവര്‍ഷം


രക്ഷകൻ?


ഹേ പുരുഷാ
വെള്ളവും വളവും നല്കി
പൂത്തുലയുന്നൊരു മാമരമാക്കി
വില പറയുന്നവന് 
വിലകൊടുത്തു വിൽക്കും
നിന്റെ പേരോ
രക്ഷകൻ?


ഹേ പുരുഷാ
ഉരുവിനെ പോൽ
കഴുത്തിലിട്ട ചരടിൽ
വില വാങ്ങി വന്ന നീ
അടുക്കളത്തോട്ടത്തിൽ
കിടക്കപ്പായയിൽ
അടിമയായി
പ്രതിഫലമില്ലാതെ
പണിയെടുപ്പിച്ച്
നിന്റെ വിഴുപ്പലക്കി
ജന്മം നശിപ്പിക്കുമ്പോൾ
നിനക്ക് പേരോ
രക്ഷകൻ?

ഹേ പുരുഷാ
ഉദരത്തിൽ ഉദയം തന്നും
പൊന്നുപോലെ കാത്തു വച്ചും
ആണൊരുത്തനാക്കി
ലോകം കീഴടക്കാൻ
പ്രാപ്തനാക്കിയപ്പോൾ
സദനങ്ങളിലും
അമ്പലവളപ്പിലും
ചായ്പ്പിലെ  നായ്ക്കൂട്ടിലും
മഞ്ചമൊരുക്കും
നിന്റെ പേരോ
രക്ഷകൻ?

(കൗമാരത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും പെണ്ണിന് രക്ഷകൻ ?)

Wednesday, November 27, 2013

അക്ഷരം


അക്ഷരം
യോദ്ധാവിന്റെ ആയുധമായി
ശത്രുവിന്റെ മാറു പിളർക്കുന്നവൻ
ആഗ്നേയാസ്ത്രം പോലെ
ചടുലം മനോഹരം .

അക്ഷരം
പ്രണയിനിയുടെ മനസ്സ്
ഹൃദയത്തെ ദ്രവീകരിക്കുന്നവൻ
 അഗ്നിപോൽ
ചുട്ടുപോള്ളിക്കുന്നോൻ .

അക്ഷരം
രതിയുടെ തമോഗർത്തം
വികാരങ്ങളുടെ വിസ്ഫോടകൻ
മഞ്ഞുറയുംപോൽ
അഗാധശൈത്യം നീലിമം

അക്ഷരം
വർണ്ണശഭളം സുഗന്ധപൂരിതം
ഹൃദയത്തെ ആനന്ദിപ്പവൻ
 ഘോരാന്ധകാരം പോൽ
തമസ്കാരഭൂവുകൾ .

അക്ഷരം
അറിവിൻ നീലാകാശം
മിഴികൾ തുറക്കുവാൻ ജാഗരൂകൻ
പാതാളം പോൽ
ജുഗുൽസാവഹം കഠോരം .
----------------------ബി ജി എൻ വർക്കല

(ഉപയോഗിക്കുന്നവനും സമീപിക്കുന്നവനും മനോധർമ്മം അനുസരിച്ച് പെരുമാറുവാൻ ഉതകുന്ന ഇരുതല മൂർച്ചയുള്ള വാൾ . അതാണ്‌ അക്ഷരങ്ങൾ )

അപൂര്‍ണ്ണതയുടെ ആകാശം


ആകാശത്തിന് നക്ഷത്രങ്ങളും  
ഭൂമിയ്ക്ക്  പുഷ്പങ്ങളും അലങ്കാരമാണ്
മനസ്സ് പോലെ ദുരൂഹമാണ്
പ്രപഞ്ചത്തിലെ നിഗൂഡതയും .
താത്വിക ചിന്ത മാറ്റി വച്ച് ഞാന്‍ നിന്നെ
വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നത്‌
ഞാനിതുവരെ പൂരിപ്പിച്ചു തുടങ്ങാത്ത
ഒരു സമസ്യയാണ് നീ .
നിന്നെ വായിക്കാന്‍ ശ്രമിച്ച വഴികളിലൂടെ
ഞാന്‍ വെറുതെ ഒന്ന് നടന്നു നോക്കി .
നിന്റെ മുടിയിഴകളിലൂടെ
മിഴികളിലൂടെ
നാസികതുമ്പിലൂടെ
മധുരമൂറുന്ന അധരങ്ങളിലൂടെ
വീനസിന്റെ ഗോപുരങ്ങളിലൂടെ
നാഭിത്തടത്തില്‍ എത്തുമ്പോള്‍
ഹൃദയം തകര്‍ന്നു വീഴുന്നു
യാത്ര മുഴുമിക്കാതെ
വഴി അവസാനിക്കാതെ
യാത്രികന്‍ പകച്ചു നില്‍ക്കുന്നിടത്ത്
വാക്കുകള്‍ പല്ലിളിക്കുന്നു .
ശൂന്യതയിലേക്ക്
ഒരു നദി ഒഴുകി തുടങ്ങുന്നു
ജനിമ്രിതികള്‍ തേടി .
അനാദിയിലേക്ക് .
ഈ യാത്ര നിന്റേതു കൂടി ആകുന്നു
ഇനി യാത്രികന്റെ വഴികാട്ടിയും
നീ തന്നെ .
------------------ബി ജി എന്‍

Tuesday, November 26, 2013

നിരാലംബരുടെ ലോകം



ആറടി മണ്ണ് സ്വന്തമായില്ലാത്തവൻ
എങ്ങനെ മരിക്കാൻ ?
അടുക്കള കുഴിച്ചും
കക്കൂസ് പൊളിച്ചും
കുഴിച്ചിടപ്പെടാൻ വിധിക്കപ്പെട്ടവന്
മരിക്കുവാൻ ഭയമാണ്.

അടച്ചുറപ്പില്ലാത്ത കൂര സ്വന്തമായുള്ളവൾക്ക്
ഇരുട്ടിനെ ഭയമാണ് .
തഴച്ചു നിൽക്കുന്ന
മുലകളെ വെറുപ്പാണവൾക്ക് .

അടുക്കളയിലെ പുകയിൽ
നിറയാത്ത കണ്ണുകൾ
പക്ഷെ, പിഞ്ഞിയ 
പെറ്റിക്കോട്ടിൽ
മുറ്റത്ത്‌ പറക്കുന്ന ശലഭത്തെ
ഓർത്ത്‌ കലങ്ങിയൊഴുകാറുണ്ട് .

ഏകാന്തതയെ ഭയമില്ലവർക്ക്
പക്ഷെ
തൊഴുത്തിലെ ,
നായ്ക്കൂട്ടിലെ
ചെള്ളൂകളെ ഭയമാണ് .

ഇരുട്ടിൽ
ഉറക്കത്തെ ഭയന്ന് കിടക്കും
രാവുകളിൽ
അമ്മയാകാൻ കൊതിച്ച
പാലൂട്ടി വളര്ത്തിയ
നല്ല നാളുകളെ
ഓർമ്മയിൽ പുണരാൻ
ഇഷ്ടമാണ് .

വർണ്ണങ്ങളുടെ ലോകത്തെ ഭയമാണവർക്ക്
ചുവന്നു തുടുത്ത അച്ഛൻ കണ്ണുകളെ ,
കൗശലം നിറഞ്ഞ അമ്മ മിഴികളെ ,
വഴിവക്കിൽ നാവു നുണയുന്ന
കഴുകൻ നേത്രങ്ങളെ ,
തഴുകാൻ കൈ നീട്ടും
ആന്റിമാരുടെ നീണ്ട വിരലുകളെ,
അറിവ് പകരുന്ന
കണ്ണാടി കണ്ണുകളെ ,
പ്രണയം തളിർക്കുന്ന
മധുവചനങ്ങളെ .

പകച്ചു നില്ക്കുന്ന
ശാപജന്മങ്ങൾക്ക് നടുവിൽ
പടുത്തുയർത്തുന്ന
സ്വപ്നസൗധങ്ങളുടെ
അടിവേരുകളിൽ
നിരാലംബരുടെ തേങ്ങലുകൾ
പശയിട്ടുറപ്പിച്ചു
വെറുംവാക്കിന്റെ
കോട്ടകൾ കെട്ടുന്നു നാം .
കണ്ടിട്ടും കാണാതെ
മിണ്ടാതെ
പറയാതെ
നപുംസകങ്ങളാകുന്നു നാം .

(ശവം മറവു ചെയ്യാൻ ഇടമില്ലാതെ വീടിനുള്ളിൽ കുഴിച്ചിടപ്പെട്ടവർക്കും , മക്കളാൽ പുറംതള്ളി നായ്ക്കൂട്ടിൽ കിടക്കേണ്ടി വരുന്ന മാതൃത്വങ്ങൾക്കും ,പ്രാപ്പിടിയൻ കരങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും  , അവരെ ഓർത്ത്  വേവുന്ന അമ്മമനസ്സുകളെ , കൗമാരപുഷ്പങ്ങളെ പാർത്തിരിക്കുന്ന  ലോകത്തെ ഒക്കെ  ഓർത്ത്‌ നോവുന്ന മനസ്സുകളുടെ ഗീതകം ആണ് ഇത് . പ്രതികരിക്കാൻ കഴിയാതെ നിസ്സഹായമാകുന്ന അവരോടു ചേർന്ന് നിൽക്കാൻ എനിക്ക് കഴിയാതെ പോകുന്ന വിങ്ങലിൽ നിന്നും ഞാൻ ഇങ്ങനെ എങ്കിലും പ്രതികരിക്കട്ടെ )

അപരിചിതരുടെ ലോകം


വിരഹിണിയുടെ പകലുകൾ പോലെ
മഴമേഘങ്ങൾ !
ചിലരങ്ങനെയാണ്‌
എഴുതിതീരാനാകാത്തയത്രയും
കഥകൾ വായിച്ചെടുക്കാം
മിഴികളിലേക്കു നോക്കിയാൽ !
പറയാനാകാത്ത
വ്യഥകൾ കണ്ടറിയാം
പുഞ്ചിരിയിൽ കണ്ണ് തറച്ചാൽ .
എങ്കിലും
ജീവിതം മുന്നോട്ടു പോകുന്നു
മുള്ളുകളെ മനസ്സിൽ
വെറുതെ തറയ്ക്കാൻ വിട്ടു
പുഷ്പത്തിന്റെ സുഗന്ധം നുകരുന്നു.
ഒന്ന് ചേർത്തു പിടിക്കാൻ
മനസ്സ് കൊതിക്കുന്ന സ്നേഹം പോൽ
നിന്റെ വാക്കുകൾ
ഉള്ളു പൊള്ളിക്കുമ്പോൾ
പറയാതിരിക്കാൻ ആകില്ലല്ലോ .
ഒന്നും എഴുതാതിരിക്കാനും
................ബി ജി എന്‍ വര്‍ക്കല

Monday, November 25, 2013

സഹചാരി

നയനങ്ങള്‍ അടച്ചു
നീ തമസ്സിനെ ശപിക്കായ്ക 
കര്‍ണ്ണങ്ങളില്‍
നീ കേള്‍ക്കുന്നതീഹൃദന്തത്തിന്‍
പിടക്കുംശ്രുതികള്‍ ..
വിടര്‍ന്നോരീ പൂവിന്‍ സുഗന്ധം മറഞ്ഞൂ
ഇനിയും
സ്വപ്നങ്ങള്‍ ബാക്കിയായോ?
വിടരും മലരുകള്‍ നിനക്കായി വീണ്ടും
നുകരുവാന്‍
നിന്നെയുമാവാഹിക്കാന്‍.
കണ്ടു ഞാന്‍ നില്‍ക്കാം
നിന്‍ ചാരെയായെന്നും
കവിതയായി നിന്‍ തീരത്ത്
കൂട്ടാമൊരു ചെറുകൂട് ഞാനും.
--------------------ബി ജി എൻ വർക്കല

Sunday, November 24, 2013

പുരുഷമേധം


മണ്ണ് പെണ്ണിനെ നോക്കി പറഞ്ഞു
നിനക്കും എനിക്കും അധികാരമില്ല
തുണി ഉടുക്കാനും കന്യകയാകാനും
രാവിൽ കതകടച്ചൊന്നുറങ്ങുവാനും.

ആകാശം കടലിനോട് പറഞ്ഞു
നമ്മുക്ക് മറയ്ക്കാനാകില്ല നഗ്നത
കീറിമുറിച്ചു വരുന്നോരീ കൗതുക
കണ്ണുകൾ തുരന്നു കളയും വരെ.

കാഴ്ചകളിലും കൌതുകങ്ങളിലും
കണ്ണുകൾ തുറന്നുവച്ചവൻ പറഞ്ഞു
എനിക്ക് പതിച്ചു തന്നതാണിത്
എന്നിൽ നിന്നും വന്നവളാണ് നീ.

അകത്തു ഭൂതക്കണ്ണാടി വച്ചരിക്കുന്നു
താടിനരച്ച കുശാഗ്രബുദ്ധികൾ
ഇനിയേതാകാശം ,കടൽ , മണ്ണ്
ഇനിയെന്താണെനിക്ക് ചവിട്ടി നില്ക്കാൻ ?
--------------ബി ജി എൻ വർക്കല

Saturday, November 23, 2013

വേഴാമ്പലുകൾ നമ്മൾ


നിന്റെ സ്നേഹത്തിരകളിൽ പെട്ടൊരു
കൊച്ചോടം പോൽ എന്റെ ചിന്തകൾ
നിന്റെ മിഴികളുടെ നിഗൂഡ ചുഴികളിൽ
വീണലിയുന്നൊരു നാവികൻ ഞാൻ

ശരീരങ്ങളെ തണുത്തുറഞ്ഞ ഇരുണ്ട
വന്കരകളിലേക്ക് പറഞ്ഞയച്ചു കൊണ്ട്
മനസ്സിനെ പരസ്പരം പ്രണയിക്കാൻ
വിട്ടവർ നാം, രണ്ടു വേഴാമ്പലുകൾ .

ഒരു ചുംബനത്തിന്റെ പശിമയിൽ വീണു
ഒട്ടിപ്പിടിച്ചൊരു രാവു മുഴുവൻ പിടയ്ക്കുംബോഴും
വിരലുകളാൽ നമ്മൾ തൊട്ടുകൊണ്ടേ ഇരുന്നു
ഇരുട്ടിലെ നിശബ്ദത സാക്ഷി നിർത്തി .

ചൂളമിട്ടു പുടവയിൽ നൂണ്ടുകയറും തണുപ്പിൻ
കുഞ്ഞു വിരല്പൂവുകൾ കുളിരേകിടുമ്പോൾ
സുനാമിത്തിരകൾ പോൽ നെടുവീർപ്പുകൾ
മരിച്ചു വീഴുന്നു ഇരുട്ടിൽ ശബ്ദമില്ലാതെ .

പ്രണയത്തിന്റെ തിരകൾ വന്നു മൂടുന്ന
നിന്റെ നീൾമിഴികൾ നോക്കിയിരിക്കവെ
കാലവും വേഗവും നശിക്കുന്നു ചുറ്റിലും
മഴപ്പൂവിന്റെ കുടപിടിച്ച സംഗീതം മാത്രം .
----------------------ബി ജി എൻ വർക്കല

അഭിലാഷങ്ങള്‍



പ്രണയം കനവിൻ മണിത്തൂവൽ കെട്ടും
നിലാവിൻ മരണം മണക്കുന്ന രാവിൽ
പ്രിയതെ നിന്നുടെ ചാരത്തോരിത്തിരി
നേരമിരുൾ കാഞ്ഞിരിക്കട്ടയോ ഞാൻ .

    കനവായ് പെയ്തു തോരുന്ന മഴയിലെ
    കുളിരായ് നീയെന്നെ തഴുകിയെങ്കിൽ
    സ്നേഹവീണയിൽ ജീവിതരാഗത്തിന്‍
    മഞ്ഞുതുള്ളിയായ് ഞാന്‍ നിന്നിലലിയാം.

അകലങ്ങൾ നമ്മെയടുപ്പിക്കും നൂലിന്റെ
ഇഴകൾ കൊണ്ടൊരു കളിയൂഞ്ഞലിൽ
സുഖദം ആലസ്യമാർന്നു നാമെങ്കിലോ
ജന്മം സഫലമെന്നോർത്തു കേഴാം .

    ഇനി നാം ശയിക്കണം മുള്‍നിറയുന്നോരീ
    പ്രണയത്തിന്‍ പുഷ്പദലങ്ങള്‍ തീര്‍ക്കും
    ജീവിതമെന്നോരീ തല്പത്തിലൊന്നിച്ച്
    നോവിന്‍ പുതപ്പിനാല്‍ മൂടിയെന്നും .
-------------------ബി ജി എന്‍ വര്‍ക്കല

Friday, November 22, 2013

കിരാതം

അപസ്വരങ്ങള്‍


അമ്മേ ,
വഴിവക്കിലെന്നെ
കുറെ പട്ടികള്‍
കടിച്ചു കീറി .
മോളെ
കുളിപ്പുരയില്‍
ഡെറ്റോളിരുപ്പുണ്ട്
നന്നായി
തേച്ചു കുളിച്ചു വാ
ചായ തണുക്കും .
--------ബി ജി എന്‍

Thursday, November 21, 2013

വേനൽ മേഘങ്ങൾ


ജാലകവാതിലിൽ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു നിൽക്കുമ്പോൾ നിമിഷയുടെ കണ്ണുകളിൽ മൂടൽ മഞ്ഞു മൂടികിടന്നിരുന്നു . നീണ്ട മുടിയിഴകൾ വിരല്ത്തുംബിനാൽ യാന്ത്രികമെന്നൊണം  ചീകിവിടർത്തുമ്പോഴും മനസ്സ് അനന്തമായ ആകാശ കാഴ്ച്ചകളിലെങ്ങോ  കുടുങ്ങി കിടക്കുകയായിരുന്നു. വിചിത്രമായ ഒരു ലോകത്തിൽ  ആണ് താൻ എന്നവൾക്ക് തോന്നി . ജീവിതം തന്നെ വലിച്ചു കൊണ്ട് പോകുന്ന സമസ്യകളിൽ നൊമ്പരത്തിന്റെ ചീളുകൾ വിരിയുന്ന ഓർമ്മപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്നത് അവൾക്ക് കാണാമായിരുന്നു . അവളുടെ ജീവിതമായിരുന്നു അത് .
പൊട്ടിച്ചിരിക്കുന്ന പാദസരത്തിൻ സംഗീതം കേട്ട് പുളകിതമായിരുന്ന നാലുകെട്ടിന്റെ ഇടനാഴികളിൽ നിന്നും അടക്കിപ്പിടിച്ച യൗവ്വനത്തിന്റെ മധുരം ആകാശിന്റെ കരം പിടിച്ചു നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ നിമിഷക്ക് നഷ്ടമായത് തന്റെ സ്വപ്‌നങ്ങൾ കൂടിയാണ് . പച്ച പിടിച്ച ഓര്മ്മകളെ പെട്ടെന്ന് കോണ്ക്രീറ്റ് ചതുരങ്ങളിലേക്ക് പറിച്ചു വച്ച് എന്നത് അവളെ സംബന്തിച്ചു മനസ്സിനെ ശ്വാസം മുട്ടിക്കുന്ന ഒരു  അവസ്ഥ ആയിരുന്നു എന്ന് പറയാം .
പുലരി മുതൽ സന്ധ്യ വരെ നീളുന്ന ഏകാന്തതയുടെ മുഷിവുകളെ ദീർഘശ്വാസങ്ങളുടെ അകമ്പടിയോടെ ഭക്ഷിച്ചു കടന്നു പോയ ദിനങ്ങളിൽ ആശ്വാസത്തിന്റെ ഹരിതകം  പോലെ ആണ് ഉദരത്തിൽ ഒരു കുഞ്ഞു ജീവകണം ഉരുവായത് . കാത്തിരിപ്പിന്റെയും പ്രതീക്ഷകളുടെയും ഒരു വസന്തകാലം . വീർത്തുവരുന്ന ഉദരതിനോട് കിന്നാരം പറഞ്ഞും  ദിവസങ്ങള് പറന്നകന്നു .
അരികിലായി കുഞ്ഞു കാലുകലുയർത്തി പായാരം പറഞ്ഞു കൊഞ്ചി ദിവസങ്ങളെ നിറക്കൂട്ടുകളുടെ  തീർത്ത  പൊന്നുമോൻ . പകലുകളിൽ അവന്റെ ശബ്ദം കൊണ്ട് അവളുടെ ലോകം നിറഞ്ഞു . മാറിൽ അടുക്കി പിടിച്ചു ഒരു നിധി പോലെ ആ കുണ്ട് വളര്ന്നു . ആകാശിന്റെ ലോകത്തിലേക്ക് അവൾ ഒരിക്കലും കടന്നു ചെന്നതേ ഇല്ല . തണുപ്പ് നിറഞ്ഞ രാവുകളിപ്പോഴെങ്കിലും എന്നെങ്കിലും നീണ്ടു വരുന്ന കൈകൾ മാത്രമാണ് ആകാശ് തന്നെ സ്നേഹിക്കുന്നു എന്നവളെ ഓർമ്മിപ്പിച്ചിരുന്നത് .
കാലം കടന്നു പോയി . മകൻ വലുതായി സ്കൂളിലേക്ക് പോയി തുടങ്ങിയപ്പോൾ വീണ്ടും വിഷാദത്തിന്റെ കൂടിലേക്ക് ഒരു സ്വയം വലിയൽ. തന്റെ മനസ്സിന്റെ വിങ്ങൽ കണ്ടോ അറിയില്ല വീണ്ടും ഒരിക്കൽ കൂടി ഗർഭപാത്രം കരുണ കാട്ടി . വരണ്ട നിലങ്ങളിൽ നീലക്കുറിഞ്ഞികൾ പൂക്കുന്ന ഏതോ ഒരു നിമിഷം അവളോട്‌ കരുണ കാട്ടിയതാകം .
വീണ്ടും പഴയ ലോകത്തേക്ക് അവൾ തിരികെ പോയി . മറ്റൊരു പോന്നു മോൻ . സ്വപ്നങ്ങളെ കടന്നു , മോഹങ്ങളേ കടന്നു ജീവിതത്തെ തളിർ ക്കാനും പൂക്കാനും പഠിപ്പിച്ച നാളുകൾ .
 കാലം  പക്ഷെ അവളെ സാഹചര്യങ്ങളോട് ഒതുങ്ങികൂടാൻ പഠിപ്പിച്ചു . ഇന്ന് മക്കൾ വളര്ന്നു പഠനത്തിലും മറ്റുമായി അവർ തങ്ങളുടെ ലോകത്തേക്ക് കൂടോഴിയുമ്പോൾ നിമിഷ പക്ഷെ കരയാറില്ല . വേദനതൊന്നാറുമില്ല . തട്നെ സ്വയം തീര്ത്ത കവചത്തിൽ അവൾ സ്വസ്ഥയായിരുന്നു . ജീവിതം അവളെ ഒരു തരം നിസ്സംഗതയിൽ എത്തിച്ചു എന്ന് കരുതാം .
കാലം  പെയ്യുംബോലെ ഒരു മഴ അവളെ ഇന്ന് പിടിച്ചു കുലുക്കിയിരിക്കുന്നു .
 നിനയാത്ത നേരത്ത് ആസകലം ഉടച്ചു വാര്ത്തുകൊണ്ട് ഒരാൾ . ഏകാന്തതയിൽ ഒരു ശല്യം പോലെ അവളെ പിടിച്ചു കുടയുന്നു . ഒഴുകി മാറുമ്പോഴും വിടാതെ പിന്തുടരുന്നു . തന്റെ ഉറങ്ങികിടന്ന മനസ്സിലെ മൃദുല വികാരങ്ങളിൽ ഈ  വൈകിയ വേളയിൽ തൊട്ടുണർത്തുന്നു . അവൾക്കിപ്പോൾ ഒന്ന് പൊട്ടിക്കരയാൻ ആണ് തോന്നുന്നത് . അടക്കി വച്ച വർഷങ്ങളുടെ കണ്ണുനീർ .
ജനലഴികളിൽ മുറുകെ പിടിച്ചു നെറ്റി ചേർത്ത് അവൾ ഒന്നുറക്കെ കരയാൻ മോഹിച്ചു . പുറമേ പെയ്തു നിറയുന്ന മഴ ഒരു സാന്ത്വനം എന്നാ പോലെ അവളുടെ മുടിയിഴകളിൽ തഴുകി . മിഴികളെ തഴുകി മനസ്സിലേക്ക് കടന്നു കയറി .
അവൾ ഒരു തണുത്ത ശിലാപാളി പോലെ നിശ്ചലം നിന്ന് . അപ്പോഴും മേശമേൽ ഇരുന്നു മൊബൈലിൽ അവന്റെ വിളിയോച്ച്ച മുഴങ്ങുന്നുട്നായിരുന്നു . അവന്റെ സന്ദേശങ്ങൾ വന്നു നിറയുന്നുണ്ടായിരുന്നു . ഇരുട്ടില നിന്നും അവളെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു ഉയർത്തുവാൻ ഒരു കൈ നീണ്ടു വരുന്നുണ്ടായിരുന്നു . പക്ഷെ തന്നെ പൊതിഞ്ഞ ചിതല്പുറ്റുടുകളെ കുടഞ്ഞെറിയാൻ കഴിയാതെ നെഞ്ചുമുറിഞ്ഞു അവൾ കരയാൻ തുടങ്ങി . മഴയ്ക്കൊപ്പം ഉച്ചത്തിൽ .......
----------------------------------------------------------ബി ജി എൻ വർക്കല

മഴനീർപ്പൂക്കൾ


മിനാരങ്ങളെ നിങ്ങൾ അറിയുമോ
മിഴികളിൽ മൌനം ഒളിപ്പിച്ചൊരീ
കുഞ്ഞു കിളിയെ , ദുഖത്തിന്റെ
മരുഭൂമിയെ കടഞ്ഞെടുത്തോരീ
വർഷ നിലാവിന്റെ നനുത്ത പുഞ്ചിരിയെ

പ്രഭാതങ്ങളെ നിങ്ങളറിയുന്നോ
ആശ്വാസത്തിന്റെ നിറചിരിയുമായി
ഒരു ദിനംകൂടി പ്രിയന്റെ സ്നേഹത്തിൽ
അമരുവാൻ കഴിയുമീ കിളിയുടെ മനം .

ഇരുണ്ട സായന്തനങ്ങളെ നിങ്ങളെ
കരയാനാകാത്ത മിഴികളുമായി
യാചനയുടെ കരങ്ങളുയർത്തി നോക്കുന്ന
നിഴലിന്റെ പ്രിയയെ അറിയുന്നില്ലയോ ?

മനസ്സിൽ പ്രിയനോടുള്ള പ്രണയവും
എകാന്തതയോടുള്ള ഭയവും നിറയുന്ന
കിളിയുടെ വേദനയിൽ ഉള്ളു പൊള്ളുമ്പോൾ
മനസ്സേ നീയെന്തേ കൊതിക്കുന്നു
വാരിപുണർന്നാ മൂർദ്ധാവിൽ ചുംബിക്കാൻ.
------------------------ബി ജി എൻ വർക്കല

Monday, November 18, 2013

ഒരു പുഞ്ചിരി കടമെടുക്കുമ്പോൾ


നിലാവ് കടമെടുത്തതുപോൽ
ഹൃദ്യമീ വദനം
അത്രമേൽ സുഗന്ധം പൊഴിക്കും
നിന്റെ സാമീപ്യം തരുമ്പോൾ
പ്രിയതേ നിന്റെ ചാരത്തോരിത്തിരി
നേരമെൻ ജീവനുപേക്ഷിച്ചു പോകണം

നക്ഷത്രപ്പൂക്കൾ വിരിയുമീ നയനങ്ങളിൽ
വെളിച്ചം തേടണം രാവുകളിൽ
അലിഞ്ഞു ചേരണമീ പുഞ്ചിരികടലിൽ
ഒരു മധുരമാമോർമ്മപോൽ .

അമ്മമനസ്സിൽ , തുടിക്കുംമാറിൽ
ഒരിളംപൈതലായ് ചൂട് തേടുന്നു ഞാൻ
ചോരിവാ തേടുന്നൊരു സ്മൃതിമധുരമിന്നു-
നിൻ കരവല്ലരിയിൽ ഒതുങ്ങിടുമ്പോൾ

മിഴികളടയുന്നുവോ നിർവൃതി തൻ
മധുരമോലും ദിവാസ്വപ്നമൊന്നിലായ് .
പകരുമോ നിൻസ്നേഹമാം പാനപാത്രം
നുകരുവാൻ ഒരു മാത്ര എങ്കിലും .
പകരുമോ നിൻ ഹൃദയകമലത്തിലെ
നറുമണമെനിക്കായി ഒരു നിമിഷമെങ്കിലും.
--------------------ബി ജി എൻ വർക്കല

Saturday, November 16, 2013

ഒരു സ്വപ്നം.



സമയം വൈകുന്നേരം . ഇളം വെയിലിന്റെ മഞ്ഞ നിറം ചുറ്റാകെ പുളകം കൊള്ളിക്കുന്ന സായം സന്ധ്യയുടെ  വരവിനെ അറിയിക്കുന്ന സുന്ദരമായ ഒരു സായാഹ്നം , ഒരു ചെറിയ മഴയിൽ കുളിച്ചു നില്ക്കുന്നു .
മുറിയിലേക്ക് കടന്നു വന്ന എന്നെ എതിരേറ്റത്  ജാലകത്തിലൂടെ പുറത്തെ മഴ ആസ്വദിക്കുന്ന അവൾ ആയിരുന്നു . കുളിച്ചു ഈറൻ മുടിയിഴകൾ വിടർത്തിയിട്ടു എന്തോ ഒരു ഗാനത്തിന്റെ ശീലുകൾ മെല്ലെ മൂളി അവൾ പരിസരം മറന്നു  മഴയെ നോക്കി നില്ക്കുന്നു . മുടിയിൽ നിന്നും തറയിൽ ഇറ്റു വീഴുന്ന ജലകണങ്ങൾ . നനഞ്ഞ ചുരിദാർ പുറം ഭാഗം ഒട്ടിക്കിടക്കുന്നു.
മെല്ലെ നടന്നടുത്തു പിന്നിലെത്തി . തോളിൽ കരമമർത്തി മൂർദ്ധാവിൽ ചുംബിച്ചു പിന്നെ പുറത്തെ മഴയിലേക്ക്‌ നോക്കി അവളോട്‌ ചേർന്ന് നിന്ന് . തോളിൽ നിന്നും എന്റെ കയ്യുകൾ അവൾ എടുത്തു വയറിൽ ചുറ്റിപ്പിടിപിച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാരിക്കൊണ്ടു എന്റെ കൈകൾക്ക് മേലെ അമർത്തി പിടിച്ചു .
നമ്മൾ  ഒന്നും സംസാരിച്ചില്ല . നമുക്കിടയിൽ മൌനത്തിന്റെ ചിതൽപുറ്റു വളർന്നു പന്തലിച്ചു .
നിശബ്ദമായി നമ്മൾ അങ്ങനെ നിന്ന് .  മഴയുടെ ധൂളികൾ മുഖത്തും ശരീരത്തും പതിക്കുമ്പോൾ ശരീരം കൂമ്പി വിറച്ചു അവൾ എന്നിലേക്ക്‌ കൂടുതൽ ചേർന്ന് നിന്ന് .
നമ്മളുടെ ഹൃദയങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു . പ്രണയത്തിന്റെ നാലുമണിപ്പൂക്കൾ വിരിയും പോലെ സൌന്ദര്യം , സൌരഭ്യം നിറഞ്ഞ  അവരുടെ സംഭാഷണത്തിന് തടസ്സം നേരിടാതിരിക്കാൻ നമ്മൾ നിശബ്ദത കൂട്ട് പിടിച്ചു . ഒന്നനങ്ങതെ അങ്ങനെ നിന്ന് .
എത്രയോ നേരം അറിയില്ല . പുറത്തു മഴ തോർന്നതും ഇരുൾ കൂട് വച്ചതും ഒന്നും നമ്മൾ അറിഞ്ഞതെ ഇല്ല .
കാലവും സമയവും നിശബ്ദത കൊണ്ട് നമ്മെ തഴുകി തലോടിക്കൊണ്ടിരുന്നു . ഒടുവിലെപ്പോഴോ ഉറക്കത്തിന്റെ അഗാധതകളിൽ നമ്മൾ പരസ്പരം വേറിട്ട്‌ മാറി . പുലരിയിൽ എന്റെ മനസ്സ് വല്ലാതെ ദേഷ്യത്തിൽ ആയിരുന്നു . കാരണം മഞ്ഞിന്റെ തണുപ്പോ മഴയുടെ സംഗീതമോ ഇല്ലായിരുന്നു , നീയും . ഉഷ്ണ വാതങ്ങളുടെ മരുപ്പച്ചകളിലേക്ക് സമയത്തിന്റെ തേര് തെളിയിച്ചു ഇറങ്ങുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അപ്പോഴും നിന്റെ മുടിയുടെ നനവും നിന്റെ മണവും നിറഞ്ഞു നിന്നിരുന്നു .
------------------------------  ബി ജി എൻ വർക്കല 

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർ

വിരലറുത്തത് കൊണ്ട് മാത്രം പരാജയം
ശിരസ്സിലേറ്റാതെ പോയവന്‍
ഒളിയമ്പുകളെ ഭയക്കാതെ നേരിന്റെ
കണ്ണുകളിലേക്കു ഉറ്റു നോക്കിയോന്‍

വിലപേശി വാങ്ങുന്ന വിദ്യക്ക് മുന്നിലായ്
പരിഹാസമായി ചില ജന്മങ്ങള്‍
വിലയില്ലാതെ പോലും വിദ്യതേടാന്‍
വിലങ്ങുകള്‍ ഉള്ളവന്‍ മണ്ണിന്റെ മക്കള്‍ .

അറിവ് നേടാന്‍ അവകാശമറ്റവന്‍
അറിവ് മുറിവെന്നറിയുന്നു മക്കള്‍ .
കനിവ് തേടി പാഠശാലതന്‍ വരാന്തയില്‍
കരുണയോലും കടാക്ഷം കൊതിപ്പവന്‍.

വറുതിയോലും കുടിലിന്റെ കോണിലെ
വെളിച്ചമില്ലാത്ത തീരത്തിരുന്നും
വിശപ്പ്‌ തിന്നും വയറിന്റെ കാളലില്‍
അറിവ് ഭക്ഷിക്കുന്നു നാളെ തന്‍ നാളങ്ങള്‍ .

അറിവ് തേടും കുഞ്ഞു കുരുന്നുകള്‍ തന്‍
ചിന്തയില്‍ പോലും കുരുക്കും വിവേചനം
ജാതി , വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ കൊണ്ടവര്‍
കോട്ടകള്‍ തീര്‍ക്കുന്നിരിപ്പിടങ്ങള്‍ പോലുമേ.

വിദ്യയേകാന്‍ ബിരുദമെടുത്തവര്‍ തൊട്ടു
തീണ്ടാത്ത സംസ്കാര ശൂന്യരായി
അതിരുകള്‍ വച്ചും അപഹസിച്ചും എന്നും
തിരികിടുന്നുള്ളില്‍ അടിമത്വവിത്തുകള്‍ .

അവര്‍ വളരുന്നു അപകര്‍ഷത തന്നുള്ളില്‍
അടിമയായും വിഷാദജ്വരം പിടിച്ച
നിഷേധിയായും സ്വതം ഇല്ലാതെ പോകും
കീഴാളനായി തലമുറ കൈമാറി തലകുനിക്കുന്നു
--------------------ബി ജി എൻ വർക്കല ----


Friday, November 15, 2013

രാവിന്റെ ഗീതകം



നിശബ്ദത കൂട് വച്ച  ഇരുള്‍ രാവില്‍ 
നക്ഷത്രങ്ങള്‍ പരിഭവിച്ചു നിന്ന യാമങ്ങളില്‍
വിടര്‍ന്ന അധരങ്ങളെ നോക്കി
പകച്ചു നിന്ന രാപ്പാടിയാണ് ഞാന്‍

ഒരു ചുംബനത്തിന്റെ ഇരുള്‍ക്കയത്തില്‍
തകര്‍ന്നു വീണ നിശ്വാസങ്ങള്‍
തേങ്ങിയലച്ചു വീഴുന്നുണ്ട്‌  ഓരോ നിമിഷവും
മൌനത്തിനു നീറുന്ന സംഗീതമായി .

ഇനി വേലിയിറക്കമാണ് തിരമാലകളില്‍
പിടിച്ചു നില്‍പ്പിന്റെ അവസാന ശ്വാസവും
കരയില്‍ തകര്‍ന്നു വീഴവെ മുറിവാര്‍ന്ന
മണലില്‍ നഖക്ഷതങ്ങള്‍ ചിത്രം വരയ്ക്കുന്നു.

നിനക്കുറങ്ങാന്‍ നിലാവിന്റെ കമ്പളം
കാറ്റിന്റെ കയ്യില്‍ നിന്നിരന്നു വാങ്ങി ,നിന്നെ
പുതപ്പിച്ചു കൊണ്ടീ രാവില്‍ ഞാനിറങ്ങട്ടെ
മറുവാക്ക് കൊണ്ട് നോവിക്കാത്ത പുലരിയിലേക്ക് .

അരുതുകള്‍ പറയാത്ത പുതുദിനങ്ങളേകാന്‍
ഇനി ഞാന്‍ മൌനം കുടിച്ചു വറ്റിക്കാം
പകലുകളില്‍ വേദനപക്ഷികളെ വേട്ടയാടി
രാവുകള്‍ക്ക്‌ ഇരയായി മരവിച്ചുറങ്ങാം .
------------------ബി ജി എന്‍ വര്‍ക്കല

Thursday, November 14, 2013

കുഞ്ഞുറുമ്പുകൾ

കാറ്റ് വീശുന്ന കടൽ
ഇരുട്ടിനെ സ്നേഹിക്കുന്ന കര
കണ്ണീരു മോഹിക്കുന്ന മനസ്സ്
ഇവിടെവിടെയോ
എനിക്ക് കൈമോശം വന്നത്
 നിന്റെയോർമ്മകൾ ആണ് .

ചുരമിറങ്ങി വരുന്ന
ഒറ്റയാനെപ്പോലെ
കാടിറങ്ങുന്ന ചെന്നയയെപ്പോലെ
രാത്രികൾ നിലാവിനെ
ഒറ്റുകൊടുക്കുന്ന
നിമിഷങ്ങളെ സ്നേഹിക്കുന്നവർ !

"ഒളിച്ചു വച്ച ക്യാമറക്കണ്ണുകൾക്ക്
മുന്നിൽ കൌമാരം മുഖമൊളിപ്പിച്ചു
തേരട്ടയെ പോൽ അനാട്ടമി പഠിക്കുമ്പോൾ
ജീവിതം ട്യൂബ്കളിൽ ലോകം ദർശിക്കുന്നു .".
.........................ബി ജി എന്‍ വർക്കല


Wednesday, November 13, 2013

മനസാക്ഷിയുടെ താക്കോൽ


അക്ഷരങ്ങൾ സംവേദനത്തിന്റെ
അപാരഭൂമി
നിന്നെ എനിക്ക് ഭയമാണിന്നു
എന്റെ വിരൽത്തുമ്പാൽ
ഞാൻ എന്നെ കോറിയിടുമ്പോൾ
നിനക്ക് മുന്നിൽ
എനിക്കൊന്നും ഒളിക്കാൻ ആകുന്നില്ല .

നഗ്നനായി
ഒരു തുറന്ന പുസ്തകമായി
എന്നെ നീ കാണുന്നു
എനിക്കെന്നോടു കപടത
അതൊരിക്കലുമാകില്ല
എന്റെ അക്ഷരങ്ങളിൽ 
എനിക്ക് വെള്ളംചേർക്കാനുമാകില്ല.

നീ എന്നെ അറിഞ്ഞു കൊണ്ടേ ഇരിക്കുന്നു .
ഞാൻ ഇല്ലാതാകുന്നു
എനിക്ക് ഭയമാണ്
എന്റെ പ്രണയം നീ വായിച്ചെടുക്കുമോ
എന്നുള്ള ഭയം .

എനിക്കറിയാം
അതുവരെ മാത്രമേ ഉണ്ടാകൂ
ഈ വായനയുടെ ആയുസ്സ്
പക്ഷെ,എന്നാലും
എനിക്കെഴുതാതെ വയ്യ .
..................ബി ജി എൻ വർക്കല

സമസ്യകള്‍


വിശുദ്ധിയുടെ മാലാഖക്ക് കൂട്ടായി
അരൂപികളുടെ നഗരത്തില്‍
ഇരതേടി ഇറങ്ങുന്ന
കാളസര്‍പ്പങ്ങള്‍ !

നൂല്‍പ്പാലത്തില്‍ സഞ്ചരിക്കുന്ന
നേരിന്‍റെ കണ്ണുകളില്‍
ഭയത്തിന്റെ തേരട്ടകള്‍ ...
ഇരുട്ടും വെളിച്ചവും തമ്മില്‍
ഒരു യുദ്ധത്തിലാണിപ്പോള്‍ .

കടിച്ചു കുടയാന്‍ നാവു നീട്ടുന്ന
ചെന്നായകളെ തേടി
പേടമാനുകള്‍
വരവാകും ഉഷ്ണകാലം .

പിടിച്ചടക്കാന്‍
കഴിയില്ലൊരിക്കലുമെന്നറിയുമ്പോഴും
ഇരയെ ഓടിച്ചു രസിക്കുന്ന
വേട്ടനായ്ക്കള്‍ ...
ഇതൊരു ചതുരംഗകളം .
--------------ബി ജി എന്‍

Tuesday, November 12, 2013

മുന്നറിയിപ്പ്

കരയുവാനാകാത്ത കണ്ണുകളെ
നോക്കിയിനി, നീ കഥനത്തിൻ
കഥ പറഞ്ഞീടല്ലേ കൂട്ടുകാരാ .
വെറും മിഴികളല്ലിത്  , നേരിൽ
വരണ്ടൊരു ഹൃദയമെരിക്കും
തീപ്പന്തമാണെന്നോർക്കുക നീ!

ഇരുമെയ്യ് പുണരുകിൽ ഒന്നെന്നു
ചൊല്ലുന്ന കവിതയല്ലോമലേ  ജീവിതം !
വരുതിയിൽ പൊരിയുന്ന വയറിനു സ്നേഹം,
കാല്പനിക വൃന്ദാവനവുമവിടെ
ഊയലാടും രാധയും കണ്ണനുമല്ല.!
----------------ബി ജി എൻ വർക്കല


നൂല്‍പ്പാവകള്‍


ഓരോ രാവുകളും
പ്രണയത്തിന്റെ മഞ്ഞു തുള്ളികളില്‍
വീണു മരിക്കുമ്പോള്‍
പ്രിയതെ
നിന്‍ ഗന്ധത്തിലലിഞ്ഞ്
ഊഷ്മാവിന്‍ ചിറകിലേറി
ജീവിതം ഒരു
ഫീനിക്സ് പക്ഷിയാകുന്നു .

രാമഴകള്‍ പെയ്തിറങ്ങുന്ന
കുന്നിന്‍ചരുവുകളില്‍
മിന്നാമിനുങ്ങുകള്‍പോലെ
നമുക്കിനി
ഒളിച്ചു കളിക്കാം  .

സ്വപ്നങ്ങളെ
ഹിമശൈലങ്ങളില്‍
ഉറഞ്ഞു കൂടും
മൌനം പോലെ
കണ്ണുകളില്‍ ഒളിപ്പിച്ചു വയ്ക്കാം .

അകലങ്ങളില്‍
നമ്മുടെ ശബ്ദങ്ങള്‍
കൂട്ടിമുട്ടുന്ന നിശബ്ദതകള്‍
സൃഷ്ടിക്കാം.
പിന്നെ ,
മോഹിപ്പിക്കുന്ന പകലിലേക്ക്
ശലഭങ്ങളായി
തണല്‍ തേടിയലയാം .

ഇത് പ്രണയകാലം !
സിരകളില്‍ പടരുന്ന
അനുരാഗത്തിന്റെ
തീമഴക്കാലം .
ഇടനെഞ്ചില്‍ പ്രാവുകള്‍
കുറുകുന്ന
തരളരാവുകള്‍
നമുക്കേകും വസന്തകാലം .
------------------ബി ജി എന്‍ വര്‍ക്കല

Monday, November 11, 2013

തൽസ്സമയം

സമ്മേളന നഗരിയിൽനിന്നും
പ്രശസ്തമായ തുമ്പിതുള്ളൽ
ഉത്ഘാടന മഹാമഹ
തത്സമയ വിവരങ്ങളുമായ് .

പ്രേക്ഷകരുടെ
ഞരമ്പിലെ പിടപ്പായ
കുമാരി കുഞ്ഞമ്മ
ഇതാ സമ്മേളന നഗരിയിലേക്ക്

ചുവന്ന കയ്യില്ലാ ഉടുപ്പും
ചുവപ്പ് പൊട്ടും കമ്മലും ക്യൂട്ടക്സും
ചുവന്ന സാരിയുമുടുത്തു
ഇതാ മന്ദംമന്ദം
അടിവച്ചടിവച്ചു
കാറിൽ നിന്നും പുറത്തേക്ക് .

ജനനിര്മ്മിതി കേന്ദ്രത്തിൽ നിന്നും അരഇഞ്ചു മേലുടുത്ത സാരിയിൽ നിന്നും കാണികളുടെ കണ്ണുകളെ ഞാൻ വലിച്ചെടുക്കുന്നു

നമ്മുടെ പ്രിയങ്കരനായ
ജനനേതാവ് ഇതാ
പൂച്ചെണ്ടുമായി സ്വീകരിച്ചാനയിക്കുന്നു
സ്നേഹപൂർവ്വം കയ്യിൽ പിടിച്ചുകൊണ്ടു
'മകളെ'യെന്ന പോലെ
മുന്നോട്ടു .

പിറകിൽ ഉരയുന്ന കയ്യുകൾ
എവിടെയാണ് തൊട്ടതെന്ന് ക്യാമറമാൻ സൂം ചെയ്യുന്നു
പടിക്കെട്ട് കയറി വേദിയിലേക്ക് പോകാൻ
നടിയുടെ നിതംബത്തിന്
ജനനേതാവിന്റെ കൈ താങ്ങ് .
ഒടുവിൽ പിടിച്ചു മൈക്കിനു അടുത്ത്
എല്ലാം കഴിഞ്ഞു മടങ്ങുന്ന നടിയുടെ കാതിൽ
ജനനേതാവിന്റെ രഹസ്യം .

കാറിൽ കയറിയ നടിയിലേക്ക് ക്യാമറ
'ഛീ നക്കാപ്പിച്ച ഇടപാടിനു വന്നേക്കുന്നു തെണ്ടി'എന്ന് മുറിയുന്നിടത് വാര്ത്ത സ്ഥിരം വക്താക്കളിലേക്ക് തിരിയുന്നു .
---------------ബി ജി എൻ വർക്കല

Saturday, November 9, 2013

നാടകാന്തം ശുഭം


പാതിരാത്രി
കൂരിരുട്ടു
അമ്പലമുറ്റത്തേക്ക്
കൂലുതക്ബീര്‍ വിളിച്ചു
വലിച്ചെറിഞ്ഞു ചീഞ്ഞ മാംസം
പിന്നെ
തിരിച്ചു നടന്ന
മീശയില്ലാ താടിവച്ച
തൊപ്പിക്കാരനെ നോക്കി
ചാവാലി പട്ടി ചീറി വന്നു .
എന്റമ്മേ
ഇരുട്ടിലൂടെ നിലവിളി
പാഞ്ഞു പോകുന്നു .
പിറ്റേന്ന്
കാവിയും പച്ചയും
നാട് കത്തിക്കുമ്പോള്‍
പനിപിടിച്ചോരാള്‍
ദേവീസ്തോത്രം ചൊല്ലന്നു
ദൂരെയാശുപത്രി കട്ടിലില്‍
-------ബി ജി എന്‍ വര്‍ക്കല

അടയുന്ന വഴിമരങ്ങൾ


നിഴൽ വിരിച്ച താഴ്വരകൾക്കപ്പുറം 
നിണം വഴിയുന്ന ചിന്തകൾകൊണ്ട്
ഭൂമിയില സ്വർഗ്ഗം വിരിയിക്കാൻ വന്നവർ
അധികാരത്തിന്റെ മഹിമ കണ്ടു
കഴുകുകളെ പോലെ പറന്നിറങ്ങുമ്പോൾ
ഇവിടെയില്ലെന്നൊരു പ്രസ്ഥാനവും
പച്ചമനുജന്റെ വിയർപ്പൊപ്പുവാൻ
അവനിലെ കായും പശിയുടെ
അടിവേരറുക്കുവാൻ .

ഉണ്ടായിരുന്നൊരു കാലം
പ്രതീക്ഷകൾ
പൊന്ചായം നിറച്ചൊരു മിഴികളുമായി .
ഇരുണ്ട വനമൌനതയിൽ
ബയണട്ടു കൊണ്ട് കുത്തിതുരന്നിട്ട
പ്രതീക്ഷകളുടെ ചാവേറുകൾ .

ഉണ്ടായിരുന്നൊരു കാലം
ഭയത്തിന്റെ
തീന്മേശകളിൽ നിണം തളിച്ച്
പടിപ്പുരകളിൽ കണ്ണ് മിഴിചിരുന്നൊരു
ശിരസ്സ്‌ കഥ പറഞ്ഞ
പ്രഭാതങ്ങൾ !

ഉണ്ടായിരുന്നൊരു കാലം
നടവഴിയിൽ
ജമ്പറിന്റെ പുള്ളിക്കുത്തുകൾ കണ്ടു
വഴിമാറി നടക്കാൻ കൊതിച്ച
തമ്പ്രാന്റെ പല്ലക്കുകൾ
കിതച്ചു നിന്ന പകലുകൾ .

ഉണ്ടായിരുന്നൊരു കാലം
അറിവാലയങ്ങളിൽ
ചെറുമകിടാവിന്റെ അക്ഷരപാരായണം
കാതിന്നലോസരമായി
ഗുരുക്കന്മാർ
വീട്ടിലിരുന്ന മഴക്കാലത്തിന്റെ
അത്താഴ പട്ടിണികൾ .

മുലയറുത്തവളും 
വഴി നടന്നവനും
കാവ് തീണ്ടിയവനും
പഴം കഥയാകുമ്പോൾ
പുതിയ സമവാക്യങ്ങൾക്ക്
നവ വിപ്ലവങ്ങൾക്ക്
വിഷയമില്ലാതെ ഉഴലുന്നു
അഭിനവ വിപ്ലവജ്വാലകൾ .

മൂത്ത് നരച്ചവർ
മുരടനക്കി പറയുന്ന
അടിപ്പാവടകഥകളിൽ
ജീവിതം ഹോമിക്കുന്നോർ
അധികാരം എന്നതിനപ്പുറം 
ജനമെന്ന വികാരം മറന്ന
കോമരങ്ങൾ

ഇവിടെ
വിശക്കുന്നവന്റെ വിശപ്പ്‌
ഇന്നുമൊരു വിഷാദമാകവെ
ധനികന്റെ ധനം
കുന്നോളം പെരുകവേ
കാലഹരണപ്പെട്ട തത്വസംഹിതകളിൽ
കാലം നല്കിയ ചിതൽ തിന്നുന്നതു
അറിയാതെ ജീവിക്കുന്നു
പ്രതീക്ഷകൾ നശിച്ച
കടൽക്കിഴവന്മാർ .

ഉണരുവാൻ
ഒന്നുറക്കെ അലറുവാൻ
അടിമത്വത്തിന്റെ കാല്ച്ചങ്ങല 
മുറുകി തഴമ്പിച്ച
നവമുകുളങ്ങൾ മടിച്ചു നില്ക്കുന്നു .
കാലം
നോക്ക് കുത്തി ആയി
പകച്ചു നില്ക്കുന്നു .
എവിടെ ?
എവിടെയാണ് പ്രതീക്ഷകൾ പൂവിടുക ?
ആര് നയിക്കുമീ കനവുകൾ ?
ആരെയാണ് ഞാൻ കാക്കേണ്ടത്‌ ?
------------------ബി ജി എൻ വർക്കല

Friday, November 8, 2013

എനിക്കറിയാം


എനിക്കറിയാം
ഒരു വിരല്‍ത്തുമ്പിന്‍
സ്പര്‍ശത്തിനപ്പുറം നിന്റെ നിശ്വാസമുണ്ടെന്നു .
എനിക്കറിയാം
ഒരു സന്ദേശത്തിനപ്പുറം
നിന്‍റെ ശ്വാസഗതി ഉയരുമെന്ന്
എനിക്കറിയാം
ഒരു വാക്കിനുമപ്പുറം 
ഹൃദയമിടിപ്പിന്റെ ചലനങ്ങളില്‍
എന്റെ ജീവിതം കുരുങ്ങി കിടക്കുന്നുവെന്നു .
എനിക്കറിയാം
ഞാന്‍ ജീവിതത്തെ
കാല്‍പ്പന്തു പോലെ തട്ടി കളിക്കുകയാണെന്ന്
എനിക്കറിയാം
മരണത്തിനപ്പുറവും
ഞാനെന്ന ജന്മം ആരുമറിയാതെ പോകുമെന്ന് .
എനിക്കറിയാം
ഇത് വായിച്ചു
നീ ഒന്ന് പൊട്ടിച്ചിരിക്കുമെന്നു
എങ്കിലും
എനിക്കെഴുതാതെ വയ്യല്ലോ സഖീ
----------------ബി ജി എന്‍ വര്‍ക്കല

Thursday, November 7, 2013

തിരക്കഥയിൽ ഇല്ലാത്തത്


നഗരത്തിലെ തിരക്കിലൊഴിഞ്ഞു
തലയെടുത്ത് നില്ക്കുന്നു
ഗോമതി അപ്പാർട്ട്മെന്റ്
അഞ്ചാം നിലയിലെ മൂന്നാം മുറിയിൽ
ക്യാമറ സൂം ചെയ്യുന്നു .

പരപരാ വെളുപ്പിന്റെ
മഞ്ഞ വെളിച്ചം
ജാലകത്തിന്റെ തിരശ്ശീല മാറ്റുമ്പോൾ
കുഴിഞ്ഞ
നരവീണ കണ്ണുകൾക്ക് മേൽ
മഞ്ഞിച്ച ശുഷ്ക്കമായ ഒരു കൈ ഉയരുന്നു

നനഞ്ഞ ഷീറ്റിൽ നിന്നും
മൂത്രഗന്ധത്തോടെ
ഒരു വിറയാർന്ന രൂപം
മെല്ലെ ക്യാമറക്ക്‌ മുന്നിലൂടെ
കുളിമുറിയിലേക്ക് തെറിച്ചു തെറിച്ചു ...

സമയം പത്തു
വെളിച്ചത്തിന്റെ വെള്ളിരേഖകളിൽ
കൂനിക്കൂടി ഇരിക്കുന്ന
അവശരൂപത്തിന്റെ മുന്നിലൂടെ
പ്രാകലിന്റെ അകമ്പടിയോടെ
വേലക്കാരിയുടെ ചവിട്ടുനാടകം
കുളിമുറിയിൽ കലമ്പൽ കൂടുന്നു .

നാഴികമണി വല്ലാതെ പായുന്ന
പിടയലിനിടയിലൂടെ
സൂര്യൻ പടിഞ്ഞാറ് മറഞ്ഞ ഭൂമി
ക്യാമറയിൽ ഇരുണ്ട നിറത്തിന്റെ
നിഴലുകൾ ആകുന്നു കാഴ്ചകൾ

പതിവുപോലെ
അകലെനിന്നും ഒഴുകി വരുന്ന
സുഖവിവരങ്ങളിൽ
ലോകത്തിന്റെ സൌന്ദര്യം നിറച്ചു
ഉറക്കറയുടെ വാതിൽ കടന്നു പോകുന്നു
വെളുത്ത നരയുടെ ഒരു പഞ്ഞിക്കൂട് .

കിടക്കയിൽ
ഗതകാലം കണ്ണീരുകളിൽ
ചലച്ചിത്രമായൊഴുകുമ്പോൾ
പതിവുപോലെ
ജോലിക്കാരിയുടെ കിടക്ക
യന്ത്രം പോലെ അരയുന്ന സംഗീതത്തിൽ
ഉറക്കം പീളകെട്ടുന്നു

ക്യാമറ ഇരുട്ടിലേക്ക്
സൂം ഔട്ട് ചെയ്യുമ്പോൾ
നിശബ്ദത കട്ടപിടിക്കുന്നു
കഫം നിറഞ്ഞ ചുമയുടെ നിലവിളിയിൽ .!
-----------------ബി ജി എൻ വർക്കല ----

Wednesday, November 6, 2013

നിന്നോട് പറയാന്‍ മടിക്കുന്നത്

സുദീര്‍ഘമായ മൌനമാണ് എനിക്ക് മുന്നില്‍ തുറന്നു കിടക്കുന്നത് .
മൌനം എന്നത് ഒരിക്കലും ഭേദിക്കാന്‍ ആകാത്തത് എന്നല്ല ,
പക്ഷെ മൌനത്തിനു ഭേദിക്കാന്‍ കഴിയാത്ത ചിലത് ഉണ്ട് .
എന്റെ മുന്നിലെ പാത വിജനമാണ്
ഇല കൊഴിഞ്ഞ ഉണക്ക മരങ്ങള്‍
വിണ്ടു കീറിയ മണ്ണ്
പിന്നെ കൊടുംതപം .
യാദ്രിശ്ചികത ഇല്ലാതെ
നിന്റെ യാത്രകളില്‍ ഞാന്‍ എന്നുമുണ്ടായിരുന്നു
വിങ്ങിപ്പൊട്ടലുകളുടെ ,
സ്വപ്നദര്‍ശനങ്ങളുടെ ,
ഏകാന്തയാത്രയുടെ ഒക്കെ മേച്ചില്‍പുറങ്ങളില്‍ .
അഗാധമായ ഒരു കിടങ്ങിനു മേല്‍
ഒറ്റക്കിരിക്കുന്ന നിന്റെ മനസ്സിനെ
ഒരിക്കല്‍ കാണുമ്പോഴാണ്
നമ്മള്‍ ആദ്യമായി
മനസ്സ് തുറന്നതെന്ന് ഞാന്‍ കരുതുന്നു .
പക്ഷെ തുറന്നു എന്നത് കപടതമാത്രം .
ഞാന്‍ ഒരു കള്ളനെ പോലെയാണ്
നിന്റെ മനസ്സറിയാന്‍ കഴിയാതെ പോയവന്‍
എന്ന് നീ കരുതി പിണങ്ങി മാറുമ്പോഴും
നിന്റെ പടിവാതലില്‍
ഒരു പുഞ്ചിരിക്കു കാക്കുന്നവന്‍ .
നീ അറിയാതെ
നിന്നോടൊത്തു യാത്ര ചെയ്യുമ്പോള്‍
ഞാനറിയുന്നു
മധുരം ഈ ഏകാന്തത .
നിന്നെ കാര്‍ന്നു തിന്നുന്ന
ഈ വിഷാദത്തിന്റെ അര്‍ബുദം
എന്നെ വല്ലാതെ ഉലയ്ക്കുന്നു
ഞാനും
ഒരു യാത്രയിലാകുന്നു
നിന്നിലേക്ക്‌ നടക്കാന്‍
നടപ്പാതകള്‍ ഒരുക്കുന്ന
മഞ്ഞിന്റെ കണങ്ങള്‍ തേടി
ഞാനും
ഒരു യാത്രയിലാകുന്നു .
വേദനകള്‍ക്കിടയിലും
അവിസ്വനീയത കലര്‍ന്ന്
എന്റെ നേരെ നോക്കുന്ന നിന്റെ നയനങ്ങള്‍
അത് ഞാന്‍ കാണാതിരിക്കുന്നില്ല
പക്ഷെ
എനിക്ക് യാത്ര തുടര്‍ന്നേ മതിയാകൂ.
----------------------ബി ജി എന്‍

Tuesday, November 5, 2013

മൗനം മൊഴിയുമ്പോള്‍


ഒരു മൗനത്തിന്റെ
രണ്ടു കരകളിലിരുന്നു
അവര്‍ പറയുന്നുണ്ട്
ഒരുപാട് കഥകള്‍ ...!

അടഞ്ഞു തീരാത്ത
ബാങ്കിലെ കണക്കു പുസ്തകവും 
പണയത്തിലിരുന്നു പെരുകുന്ന
പണ്ടങ്ങളും
വയസ്സറിയിക്കാന്‍ പോണ
പൊന്നുമോളുമൊക്കെ
രണ്ടു ഹൃദയങ്ങളില്‍
കിടന്നു നെടുവീര്‍പ്പിടുന്നുണ്ട് .

കെട്ടിതീര്‍ന്ന പുരയുടെ
പെയിന്റെമണം നിറയുമോര്‍മ്മയില്‍
നനയുന്ന കണ്ണുകളെ
ആകാശത്തേക്കുയര്‍ത്തി
ഉള്ളില്‍തന്നെയുരുക്കുമ്പോള്‍
ആവശ്യങ്ങളുടെ പെരുമഴ
കാതില്‍ പെയ്തു തോരുന്നുണ്ട് .

ഒന്നിച്ചുറങ്ങിയ
ഓര്‍മ്മകളുടെ രാവുകള്‍
സുഖാലസ്യത്തോടെ
പെരുവിരലിലൂടരിച്ചു കയറുമ്പോള്‍
ദുഖങ്ങളെല്ലാം മറന്നു
അപ്പൂപ്പന്‍ താടിപോലാകും
നിമിഷനേരങ്ങളില്‍

പുതിയ കാറിന്റെ
തവണയടപ്പിന്റെ കണക്കില്‍
നിലത്തേക്കു വീഴുന്ന
കറിവേപ്പില 
പക്ഷെ അപ്പോള്‍
കണ്ണീര്‍ തുടയ്ക്കാറില്ല.

എങ്കിലും
വാരാന്ത്യങ്ങളില്‍
ഒരു മൌനത്തിന്റെ
രണ്ടു കരകളിലിരുന്നു
അവര്‍ പറയുന്നുണ്ട്
ഒരുപാട് കഥകള്‍ .
-------------ബി ജി എന്‍ വര്‍ക്കല ---

Sunday, November 3, 2013

കനൽപ്പാടം താണ്ടുവോർ


ജീവിക്കുന്നിതസ്ഥി പൂത്ത
താഴ്വാരങ്ങളിൽ
നാണക്കേടിന്റെ മാനുഷഭാവമായ്
തുണിയഴിച്ചിട്ടു നില്ക്കുന്നു
കേവലമാത്രപോലും
പ്രതികരിക്കാത്ത കപടലോകം ചുറ്റുമേ !

മോഹിപ്പിക്കുന്ന മദഗന്ധത്താലും
ലഹരിയേറുന്ന
നിറപാനീയങ്ങളാലും, നുരയുന്ന
ചുവപ്പിന്റെ സന്ധ്യ
പടികടന്നകലവേ
കോണകത്തിന്റെ വാല് പുറത്തിട്ടു
കാരണവർ കോലായിലുലാത്തുന്നു .

ഭോഗാസക്തിയുടെ
തീവ്രാലിംഗനത്താൽ പ്രശോഭിതമായ്
നരമൂടിയ യൌവ്വനം
പുളച്ചുമറിയുന്ന ജനാരവങ്ങളിൽ
കരയാനൊരിടം തിരയുന്നു ഗർദ്ദഭം പോൽ .!.

സ്ഖലനവേഗത്താൽ വിസ്മൃതമാകുന്ന
ത്വരിതമുഖങ്ങളിൽ
തേടുന്നു വിപ്ലവത്തിൻ
തേരട്ടകൾ
പിതൃക്കൾ ബാക്കി വച്ചൊരാ
ബലിക്കല്ലിൻ തിരുശേഷിപ്പുകൾ വീണ്ടും .

കരയാനറിയാത്ത
മനുഷ്യനിവിടെയീ കടലാഴത്തിൽ
ചുള്ളിക്കമ്പുകൾ തിരയുന്നു
അന്തിക്കൊരല്പ്പമത്താഴമുണ്ണുവാൻ .
----------------ബി ജി എൻ വർക്കല -----

Saturday, November 2, 2013

ഓര്‍മ്മകുടീരങ്ങള്‍ ചിരിക്കുന്നേയില്ലൊരിക്കലും


പരസ്പരം ആകര്‍ഷിക്കപ്പെടാത്ത
രണ്ടു ധൃവങ്ങള്‍ക്കിടയില്‍
പെട്ടെന്നാണ്
കാന്തികവലയം രൂപം കൊണ്ടത്‌ .

മരിച്ച മനുഷ്യന്റെ കണ്ണുകള്‍ പോലെ
നിര്‍ജ്ജീവവും
നിശ്ചേതനവും ആയിരുന്ന
ഏതോ വസ്തു പോലെ .

സമദൂരത്തിനുമപ്പുറം
രണ്ടു വിദൂര ബിന്ദുക്കള്‍ നാം .
രൂപക്കൂടിനുള്ളില്‍ സ്മിതം ചൊരിയും
മെഴുകുപ്രതിമ പോല്‍
നൈര്‍മ്മല്യം നിന്റെ മിഴികള്‍
എന്നാല്‍
പകല്‍ ചൂടിന്റെ
കറുത്ത പരുക്കന്‍ ഞാന്‍
നമ്മളുടെ ഇടയിലെവിടെയോ
മഴയുടെ കനത്ത ശബ്ദം മാത്രം .

നമ്മള്‍ പുരാതനമായ
രണ്ടു നഗരങ്ങള്‍ പോലെ
പരസ്പരം പറയാനാകാതെ
നൂറ്റാണ്ടുകളുടെ കഥകള്‍
ചുമലേറ്റി നില്‍ക്കും
ചരിത്രസ്മാരകം മാത്രം .

സഞ്ചാരികളുടെ കുതൂഹലം
ഓര്‍മ്മകള്‍ ,
ചിത്രസഞ്ചയം
തുകലെഴുത്തുകള്‍
ഇവയ്ക്കപ്പുറം നാമവര്‍ക്ക്‌
ഓര്‍മ്മിക്കുവാനൊന്നുമല്ലാതാകുമ്പോള്‍
നിന്റെ മിഴികളില്‍ ,
ചൊടികളില്‍ ,
വേദനയുടെ പൂമ്പൊടി
കണ്ടുനേരറിയുന്നു ഞാന്‍ .

നാം പുരാതനമായ
ചരിത്രത്തിന്റെ
ഏതോ ഇടനാഴിയില്‍
ഒന്നിക്കാന്‍ മറന്നവര്‍
ചരിത്രം എഴുതാന്‍ മടിക്കുന്ന
രണ്ടു സ്മാരകങ്ങള്‍ .
-------ബി ജി എന്‍ വര്‍ക്കല ----