Friday, November 15, 2013

രാവിന്റെ ഗീതകം



നിശബ്ദത കൂട് വച്ച  ഇരുള്‍ രാവില്‍ 
നക്ഷത്രങ്ങള്‍ പരിഭവിച്ചു നിന്ന യാമങ്ങളില്‍
വിടര്‍ന്ന അധരങ്ങളെ നോക്കി
പകച്ചു നിന്ന രാപ്പാടിയാണ് ഞാന്‍

ഒരു ചുംബനത്തിന്റെ ഇരുള്‍ക്കയത്തില്‍
തകര്‍ന്നു വീണ നിശ്വാസങ്ങള്‍
തേങ്ങിയലച്ചു വീഴുന്നുണ്ട്‌  ഓരോ നിമിഷവും
മൌനത്തിനു നീറുന്ന സംഗീതമായി .

ഇനി വേലിയിറക്കമാണ് തിരമാലകളില്‍
പിടിച്ചു നില്‍പ്പിന്റെ അവസാന ശ്വാസവും
കരയില്‍ തകര്‍ന്നു വീഴവെ മുറിവാര്‍ന്ന
മണലില്‍ നഖക്ഷതങ്ങള്‍ ചിത്രം വരയ്ക്കുന്നു.

നിനക്കുറങ്ങാന്‍ നിലാവിന്റെ കമ്പളം
കാറ്റിന്റെ കയ്യില്‍ നിന്നിരന്നു വാങ്ങി ,നിന്നെ
പുതപ്പിച്ചു കൊണ്ടീ രാവില്‍ ഞാനിറങ്ങട്ടെ
മറുവാക്ക് കൊണ്ട് നോവിക്കാത്ത പുലരിയിലേക്ക് .

അരുതുകള്‍ പറയാത്ത പുതുദിനങ്ങളേകാന്‍
ഇനി ഞാന്‍ മൌനം കുടിച്ചു വറ്റിക്കാം
പകലുകളില്‍ വേദനപക്ഷികളെ വേട്ടയാടി
രാവുകള്‍ക്ക്‌ ഇരയായി മരവിച്ചുറങ്ങാം .
------------------ബി ജി എന്‍ വര്‍ക്കല

1 comment: