Sunday, November 3, 2013

കനൽപ്പാടം താണ്ടുവോർ


ജീവിക്കുന്നിതസ്ഥി പൂത്ത
താഴ്വാരങ്ങളിൽ
നാണക്കേടിന്റെ മാനുഷഭാവമായ്
തുണിയഴിച്ചിട്ടു നില്ക്കുന്നു
കേവലമാത്രപോലും
പ്രതികരിക്കാത്ത കപടലോകം ചുറ്റുമേ !

മോഹിപ്പിക്കുന്ന മദഗന്ധത്താലും
ലഹരിയേറുന്ന
നിറപാനീയങ്ങളാലും, നുരയുന്ന
ചുവപ്പിന്റെ സന്ധ്യ
പടികടന്നകലവേ
കോണകത്തിന്റെ വാല് പുറത്തിട്ടു
കാരണവർ കോലായിലുലാത്തുന്നു .

ഭോഗാസക്തിയുടെ
തീവ്രാലിംഗനത്താൽ പ്രശോഭിതമായ്
നരമൂടിയ യൌവ്വനം
പുളച്ചുമറിയുന്ന ജനാരവങ്ങളിൽ
കരയാനൊരിടം തിരയുന്നു ഗർദ്ദഭം പോൽ .!.

സ്ഖലനവേഗത്താൽ വിസ്മൃതമാകുന്ന
ത്വരിതമുഖങ്ങളിൽ
തേടുന്നു വിപ്ലവത്തിൻ
തേരട്ടകൾ
പിതൃക്കൾ ബാക്കി വച്ചൊരാ
ബലിക്കല്ലിൻ തിരുശേഷിപ്പുകൾ വീണ്ടും .

കരയാനറിയാത്ത
മനുഷ്യനിവിടെയീ കടലാഴത്തിൽ
ചുള്ളിക്കമ്പുകൾ തിരയുന്നു
അന്തിക്കൊരല്പ്പമത്താഴമുണ്ണുവാൻ .
----------------ബി ജി എൻ വർക്കല -----

2 comments:

  1. കരയാനറിയാത്ത
    മനുഷ്യനിവിടെയീ കടലാഴത്തിൽ
    ചുള്ളിക്കമ്പുകൾ തിരയുന്നു
    അന്തിക്കൊരല്പ്പമത്താഴമുണ്ണുവാൻ.

    അത് ഗൌനിക്കുവാന്‍ അവര്‍ക്കാര്‍ക്കും നേരവുമില്ല

    ReplyDelete
  2. നാടോടുമ്പോള്‍ നടുവേ ഓടണം അല്ലെങ്കില്‍...?

    ReplyDelete