Tuesday, November 5, 2013

മൗനം മൊഴിയുമ്പോള്‍


ഒരു മൗനത്തിന്റെ
രണ്ടു കരകളിലിരുന്നു
അവര്‍ പറയുന്നുണ്ട്
ഒരുപാട് കഥകള്‍ ...!

അടഞ്ഞു തീരാത്ത
ബാങ്കിലെ കണക്കു പുസ്തകവും 
പണയത്തിലിരുന്നു പെരുകുന്ന
പണ്ടങ്ങളും
വയസ്സറിയിക്കാന്‍ പോണ
പൊന്നുമോളുമൊക്കെ
രണ്ടു ഹൃദയങ്ങളില്‍
കിടന്നു നെടുവീര്‍പ്പിടുന്നുണ്ട് .

കെട്ടിതീര്‍ന്ന പുരയുടെ
പെയിന്റെമണം നിറയുമോര്‍മ്മയില്‍
നനയുന്ന കണ്ണുകളെ
ആകാശത്തേക്കുയര്‍ത്തി
ഉള്ളില്‍തന്നെയുരുക്കുമ്പോള്‍
ആവശ്യങ്ങളുടെ പെരുമഴ
കാതില്‍ പെയ്തു തോരുന്നുണ്ട് .

ഒന്നിച്ചുറങ്ങിയ
ഓര്‍മ്മകളുടെ രാവുകള്‍
സുഖാലസ്യത്തോടെ
പെരുവിരലിലൂടരിച്ചു കയറുമ്പോള്‍
ദുഖങ്ങളെല്ലാം മറന്നു
അപ്പൂപ്പന്‍ താടിപോലാകും
നിമിഷനേരങ്ങളില്‍

പുതിയ കാറിന്റെ
തവണയടപ്പിന്റെ കണക്കില്‍
നിലത്തേക്കു വീഴുന്ന
കറിവേപ്പില 
പക്ഷെ അപ്പോള്‍
കണ്ണീര്‍ തുടയ്ക്കാറില്ല.

എങ്കിലും
വാരാന്ത്യങ്ങളില്‍
ഒരു മൌനത്തിന്റെ
രണ്ടു കരകളിലിരുന്നു
അവര്‍ പറയുന്നുണ്ട്
ഒരുപാട് കഥകള്‍ .
-------------ബി ജി എന്‍ വര്‍ക്കല ---

No comments:

Post a Comment