പരസ്പരം ആകര്‍ഷിക്കപ്പെടാത്ത
രണ്ടു ധൃവങ്ങള്‍ക്കിടയില്‍
പെട്ടെന്നാണ്
കാന്തികവലയം രൂപം കൊണ്ടത് .
മരിച്ച മനുഷ്യന്റെ കണ്ണുകള്‍ പോലെ
നിര്‍ജ്ജീവവും
നിശ്ചേതനവും ആയിരുന്ന
ഏതോ വസ്തു പോലെ .
സമദൂരത്തിനുമപ്പുറം
രണ്ടു വിദൂര ബിന്ദുക്കള്‍ നാം .
രൂപക്കൂടിനുള്ളില്‍ സ്മിതം ചൊരിയും
മെഴുകുപ്രതിമ പോല്‍
നൈര്‍മ്മല്യം നിന്റെ മിഴികള്‍
എന്നാല്‍
പകല്‍ ചൂടിന്റെ
കറുത്ത പരുക്കന്‍ ഞാന്‍
നമ്മളുടെ ഇടയിലെവിടെയോ
മഴയുടെ കനത്ത ശബ്ദം മാത്രം .
നമ്മള്‍ പുരാതനമായ
രണ്ടു നഗരങ്ങള്‍ പോലെ
പരസ്പരം പറയാനാകാതെ
നൂറ്റാണ്ടുകളുടെ കഥകള്‍
ചുമലേറ്റി നില്‍ക്കും
ചരിത്രസ്മാരകം മാത്രം .
സഞ്ചാരികളുടെ കുതൂഹലം
ഓര്‍മ്മകള്‍ ,
ചിത്രസഞ്ചയം
തുകലെഴുത്തുകള്‍
ഇവയ്ക്കപ്പുറം നാമവര്‍ക്ക്
ഓര്‍മ്മിക്കുവാനൊന്നുമല്ലാതാകുമ്പോള്‍
നിന്റെ മിഴികളില്‍ ,
ചൊടികളില്‍ ,
വേദനയുടെ പൂമ്പൊടി
കണ്ടുനേരറിയുന്നു ഞാന്‍ .
നാം പുരാതനമായ
ചരിത്രത്തിന്റെ
ഏതോ ഇടനാഴിയില്‍
ഒന്നിക്കാന്‍ മറന്നവര്‍
ചരിത്രം എഴുതാന്‍ മടിക്കുന്ന
രണ്ടു സ്മാരകങ്ങള്‍ .
-------ബി ജി എന്‍ വര്‍ക്കല ----
സ്മാരകശിലകള്‍
ReplyDelete