Thursday, October 31, 2013

ഉണർത്തുപാട്ട്


ഒരു കവിതയായി
പിറക്കണമെനിക്കിന്നു
നിന്റെ ചൊടിയിൽ വിരിയും
മൃദുഹാസമേൽക്കുവാൻ

അക്ഷരങ്ങൾ
ക്ലാവുപിടിച്ച വാക്കുകൾ
ക്ഷോഭത്തിന്റെ തീനാളങ്ങൾ
പ്രണയത്തിന്റെ മിഴിനീരുകൾ
രതിയുടെ മണൽകൂടാരം
നിന്റെ ഓർമ്മകളുടെ പവിഴചെപ്പുകൾ .

ഒരു പേമഴയായി
പെയ്തിറങ്ങണം
നിന്റെ ചിതൽപുറ്റു നിറയും
പനിച്ചൂടിലേക്ക് .
കാലം
നിന്നിൽ അടിച്ചമർത്തിയ
നിർബന്ധിതമാമീ അരുതുകളെ
ഒരഗ്നിപർവ്വതമായി
എനിക്ക് തിരിച്ചു പിടിക്കണം .

പ്രകാശത്തിന്റെ നേർക്ക്‌
അടച്ചു പിടിക്കുന്ന നിന്റെ മിഴികളെ,
സ്വതന്ത്രമാക്കാൻ വിടാതെ
നീ അടച്ചു പിടിക്കുന്ന
നിന്റെ വികാരങ്ങളെ ,
കെട്ടഴിച്ചു വിടാതെ
അടിഞ്ഞുകൂടുന്ന
നിന്റെ വിചാരങ്ങളെ
എനിക്ക് തിരികെ വേണം .

വിവസ്ത്രതയുടെ
ലജ്ജയില്ലാതെ ,
വിഭ്രമത്തിന്റെ വിവശതയില്ലാതെ ,
നിന്റെ മറുകുകൾ
സൂര്യവെളിച്ചത്തിൽ
തുഷാരംപോലെ തിളങ്ങണം.

നമ്മൾ
കിനാവിന്റെ വേരറ്റ ഒറ്റമരചുവട്ടിൽ
ഇലയില്ലാക്കൊമ്പിന്റെ തണൽ
തേടുവോർ
തണലിനു വേണ്ടി
തണലാകുവോർ .
-------------ബി ജി എൻ വർക്കല ---

2 comments:

  1. അവസാനവരികൾ പ്രത്യേകം മനോഹരം

    ReplyDelete
  2. കവിതയായിപ്പിറന്ന സുന്ദരകവിത

    ReplyDelete